തീരുമാനിച്ചിട്ടും മോഹൻലാലിന് കിട്ടാതെ പോയ
ദേശീയ അവാർഡിന്റെ കഥ

‘പരദേശി’ എന്ന സിനിമയിൽ മികച്ച നടനുള്ള ദേശീയ അവാർഡിന് നിശ്ചയിച്ചത് മോഹൻ ലാലിനെയായിരുന്നു, സുജാതയ്ക്ക് മികച്ച ഗായികക്കുള്ള അവാർഡും നിശ്ചയിച്ചു. അതെല്ലാം മാറ്റിമറിച്ചത് ഒരു ഉദ്യോഗസ്​ഥനായിരുന്നു; ജൂറി അംഗമായിരുന്ന സിബി മലയിലാണ് ഈയിടെ ഈ വെളിപ്പെടുത്തൽ നടത്തിയത്. മോഹൻലാലുമായുള്ള തന്റെ അനുഭവമെഴുതുന്നു, സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ്.

നിയമസഭാ സാമാജികനായിരിക്കുമ്പോഴാണ്, ഞാൻ ഗർഷോം സംവിധാനം ചെയ്യുന്നത്. നിയമസഭാ ചരിത്രത്തിലാദ്യമായാണ് ഒരു സാമാജികൻ സിനിമ സംവിധാനം ചെയ്യുന്നത്. കേരള നിയമസഭയിലെത്തുന്ന ആദ്യത്തെ സിനിമാസംവിധായകനും ഞാനാണെന്നാണ് തോന്നുന്നത്. രാമു കാര്യാട്ട് 1965-ൽ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും നിയമസഭാംഗമാകാൻ കഴിഞ്ഞില്ല.

ഗർഷോം, ആവശ്യത്തിൽ കൂടുതൽ വിവാദങ്ങൾ സൃഷ്​ടിച്ച സിനിമയായിരുന്നു. ഒപ്പം നിരവധി അംഗീകാരങ്ങളും വാരിക്കൂട്ടി. അടൂർ ഗോപാലകൃഷ്ണൻ ജൂറി ചെയർമാനായ കമ്മിറ്റി ഐ.എഫ്.എഫ്.കെയിൽ മികച്ച തിരക്കഥക്കുള്ള അവാർഡ് ഗർഷോമിന് നൽകി. കെ.ജി. ജോർജ്ജ് ചെയർമാനായ ജൂറി മികച്ച സിനിമക്കും തിരക്കഥക്കുമുള്ള ‘പത്മരാജൻ പുരസ്​കാരം’ നൽകി. ലെനിൻ രാജേന്ദ്രൻ ചെയർമാനായ ജൂറി, മികച്ച സിനിമയ്ക്കുള്ള ജോൺ എബ്രഹാം പുരസ്കാരവും നൽകി. ഇതിനുപുറമേ, ഞാൻ നിരസിച്ച രണ്ടെണ്ണമടക്കം നാല് സംസ്​ഥാന അവാർഡുകളും ഗർഷോം നേടി. എന്നാൽ സഭാ ചരിത്രത്തിലോ, സഭാ ടെലിവിഷനിലോ ഒരക്ഷരം ആ സിനിമയെപ്പറ്റി രേഖപ്പെടുത്തിയിട്ടില്ല. തിരുവനന്തപുരത്ത് നടക്കുന്ന രീതിയനുസരിച്ച്, അവർക്ക് വേണ്ടപ്പെട്ട സംവിധായകരെയും അവരുടെ സൃഷ്​ടികളെയും കുറിച്ച് ധാരാളം പരിപാടികൾ വരികയും ചെയ്തു. പരാതിയായി പറഞ്ഞതല്ല. ചിലതെല്ലാം എപ്പോഴെങ്കിലും തുറന്നുപറയേണ്ടേ എന്നുമാത്രം.

പി.ടി. കുഞ്ഞുമുഹമ്മദ് എം.എൽ.എ ആയിരിക്കെയാണ് ഗർഷോം സംവിധാനം ചെയ്യുന്നത്. നിയമസഭാ ചരിത്രത്തിലാദ്യമായാണ് ഒരു സാമാജികൻ സിനിമ സംവിധാനം ചെയ്യുന്നത്.

ഗർഷോമിനുശേഷമാണ് പരദേശിയെക്കുറിച്ച് ആലോചിക്കുന്നത്. ഗൾഫിലുള്ള കാലത്തുതന്നെ മനസ്സിൽ സ്​ഥാനം പിടിച്ച വിഷയമായിരുന്നു അത്. വിഭജനത്തെതുടർന്ന് ബിഹാർ, യു.പി, ഡൽഹി, ബോംബൈ മുതലായ പ്രദേശങ്ങളിൽ നിന്ന് പാക്കിസ്​ഥാനിലേക്ക് പോയവരുടെ മക്കളുമായി ജോലി ചെയ്യാൻ അവസരം കിട്ടിയിട്ടുണ്ട്. വളരെ ദുഃഖത്തോടെയാണ് അവരുടെ പിതാക്കന്മാർ നടത്തിയ പലായനത്തെപ്പറ്റി അവർ പറഞ്ഞത്. തങ്ങൾ ഇന്നും അഭയാർത്ഥികളാണെന്നും പാക്കിസ്​ഥാൻ പഞ്ചാബികളുടെ മാത്രം നാടാണെന്നുമാണ് അവർ പറഞ്ഞിരുന്നത്. നാടു നഷ്​ടപ്പെട്ട ധാരാളം പലസ്തീനികൾക്കൊപ്പം ജോലി ചെയ്യാനും അവസരമുണ്ടായി. പാക്കിസ്​ഥാൻ പൗരരായി ഗൾഫിൽ ജോലി ചെയ്തിരുന്ന ധാരാളം മലയാളികളെയും എനിക്കറിയാമായിരുന്നു.

മലബാറിനെ എങ്ങനെയാണ് ഇന്ത്യ വിഭജനം ബാധിച്ചത് എന്ന വിഷയം സിനിമയാക്കുന്നതിന് പാശ്ചാത്തലമായി പ്രവർത്തിച്ചത് ഈയൊരു അനുഭവമായിരുന്നു. അന്ന് മലബാറിലെ പാനൂർ, കണ്ണൂർ, തിരൂർ, പൂക്കോട്ടൂർ, മണ്ണാർക്കാട്, ചാവക്കാട് തുടങ്ങിയ സ്​ഥലങ്ങളിൽ പോയി നിരവധി രേഖകൾ സമ്പാദിച്ചു. മുൻ എം.എൽ.എ. കെ.പി. മമ്മു മാസ്റ്ററാണ് കണ്ണൂരിൽ സഹായം ചെയ്തുതന്നത്. മലപ്പുറം, പാലക്കാട് ജില്ലകളിൽ മധു ജനാർദ്ദനനും, ജി.പി. രാമചന്ദ്രനും കൂടെ സഞ്ചരിച്ചു. അവരുടെ പല അനുഭവങ്ങളും കഥകളും ഞങ്ങൾക്ക് ഞെട്ടലുണ്ടാക്കുന്നതായിരുന്നു. നിരവധി കേസ് ഡയറികളും കിട്ടി. വലിയകത്ത് മൂസ എന്ന കഥാപാത്രത്തിന്റെ ചരിത്രം മഞ്ചേരിക്കടുത്ത് പൂക്കോട്ടൂരുള്ള ഒരാളുടെ യഥാർഥ കഥയാണ്. ഇതിന്റെ അടിസ്​ഥാനത്തിലാണ് തിരക്കഥ തയാറാക്കിയത്. തിരക്കഥ കഴിഞ്ഞപ്പോൾ ആരെ നായകനാക്കും എന്ന ചിന്തയുണ്ടായി.

അന്ന് ഞാൻ കൈരളി ടി.വി.യിൽ സജീവമാണ്, ന്യൂസ് കമ്മിറ്റിയുടേയും പ്രോഗ്രാം കമ്മിറ്റിയുടേയും ചെയർമാനായിരുന്നു. ​കൈരളിയുടെ ചെയർമാനായിരുന്ന മമ്മൂട്ടിയുമായി നല്ല അടുപ്പമുണ്ടായിരുന്നു. ഞാനദ്ദേഹത്തോട് സിനിമയെപ്പറ്റി സംസാരിച്ചു. തിരക്കഥ കൊടുത്തെങ്കിലും അത് വായിച്ചില്ല. കഥ കേട്ടു, അഭിനയിക്കാമെന്നും സമ്മതിച്ചു. രണ്ടു മൂന്ന് സിറ്റിംഗ് കഴിഞ്ഞു. സിനിമ നീണ്ടുപോകുന്നതുകൊണ്ടും എന്റെ സ്വഭാവഗുണം കൊണ്ടും ഞാൻ ആ പരിപാടി ഉപേക്ഷിച്ചു. പ്രൊഡ്യൂസറും ഈ സമയത്ത് പിൻവാങ്ങി. അങ്ങനെ മമ്മൂട്ടി അദ്ധ്യായം അവസാനിച്ചു.

മോഹൻ ലാലും മേക്കപ്പ് ആർട്ടിസ്റ്റ് പട്ടണം റഷീദും പരദേശിയുടെ സെറ്റിൽ

ഈ സമയത്താണ് പ്രിയ സുഹൃത്തും കൈരളി ടി.വി ഡയറക്ടറുമായ വി.കെ. അശറഫ് എന്നെ വിളിച്ചത്. ഞാൻ കാര്യങ്ങളെല്ലാം പറഞ്ഞു.
‘നിങ്ങൾക്ക് ഞാനൊരു നടനെ തരട്ടെ, മോഹൻലാൽ’- ഇതായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. എനിക്ക് അന്ന് ലാലിനെ നല്ല പരിചയമില്ല. അതെല്ലാം അശറഫ് ഏറ്റു. നിർമാണത്തെക്കുറിച്ച് ഞാൻ അറിയേണ്ട എന്നും പറഞ്ഞു.

രണ്ടു പ്രാവശ്യമാണ് ഞാൻ മോഹൻലാലിനെ കാണാൻ പോയത്. അദ്ദേഹം തിരക്കഥ വായിച്ചു, സമ്മതിച്ചു. ഷൂട്ടിംഗ് തിയ്യതി നിശ്ചയിച്ചു. ആദ്യം പറഞ്ഞത് മൂന്നോ നാലോ ഷെഡ്യൂളായി ചെയ്യാമെന്നാണ്. എന്നാൽ അദ്ദേഹം ആ സിനിമ ഏറ്റെടുത്തു എന്നതാണ് പിന്നീടുണ്ടായ സംഭവവികാസം.

നാലു ഘട്ടങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നത് എന്നത് ഏറ്റവും വലിയ പ്രശ്നമായിരുന്നു. അതുകൊണ്ട് എല്ലാ കഥാപാത്രങ്ങളും അതിനനുസരിച്ച് മേക്കപ്പ് മാറ്റണം. മോഹൻലാലിന്റേതായിരുന്നു ഏറ്റവും കഠിനം. 80 വയസ്സുള്ള കാലഘട്ടത്തിലെ മേക്കപ്പിന് 5 മണിക്കൂറായിരുന്നു സമയം. വയസ്സുകാലത്ത് കണ്ണിന്റെ തിളക്കം കുറയ്ക്കാൻ ലണ്ടനിൽനിന്ന് വരുത്തിയ പ്രത്യേകതരം ലെൻസ് ഉപയോഗിച്ചു. അത് ഇടക്കെല്ലാം ലാലിന് നല്ല വേദനയുണ്ടാക്കിയിരുന്നു.

ആ കാലഘട്ടത്തിലാണ് ലാലിന്റെ പിതാവ് അതീവഗുരുതരമായ രോഗാവസ്​ഥയിൽ കിടപ്പിലായത്. ഷൂട്ടിംഗ് ലോക്കേഷനിൽ അതിന്റെ ദുഃഖവും ഉണ്ടായിരുന്നു. ഒരു ഷോട്ട് പോലും ആ ലെൻസില്ലാതെ ചെയ്യാൻ കൂട്ടാക്കിയില്ല. അപ്പോഴെല്ലാമാണ് കഥാപാത്രത്തോടുള്ള ഒരു നടന്റെ പൂർണ സമർപ്പണം ബോദ്ധ്യമാകുക. വളരെ സൂക്ഷ്മതയോടെയാണ് അദ്ദേഹം കഥാപാത്രത്തെ അവതരിപ്പിക്കാൻ ശ്രമിച്ചത്. അടക്കിപ്പിടിച്ച ദുഃഖം പുറത്തുകാട്ടാതെ അത് പ്രേക്ഷകർക്ക് മനസ്സിലാവുന്ന രീതിയിലായിരുന്നു അദ്ദേഹത്തി​ന്റെ അഭിനയം.

ക്ലൈമാക്സ് ഷൂട്ടിംഗ് രാജസ്​ഥാനിലെ ഇന്ത്യ- പാക്ക് ബോർഡറിലെ ബാഡ്മീർ എന്ന സ്​ഥലത്തായിരുന്നു. മരുഭൂമിയാണ്.
അവസാന രംഗം.

ക്ലൈമാക്സ് ഷൂട്ടിംഗ് രാജസ്​ഥാനിലെ ഇന്ത്യ- പാക്ക് ബോർഡറിലെ ബാഡ്മീർ എന്ന സ്​ഥലത്തായിരുന്നു. മരുഭൂമിയാണ്.
അവസാന രംഗം.
ഇന്ത്യ ഗവൺമെൻ്റ് അറസ്റ്റു ചെയ്ത മതിയായ രേഖയില്ലാത്ത വൃദ്ധനെ പാക്ക് അതിർത്തിയിൽ ഉപേക്ഷിക്കുന്നതാണ് സീൻ.
ഷൂട്ട് ചെയ്യുമ്പോൾ മോഹൻലാൽ വന്ന് എന്റെ തോളിൽ കയ്യിട്ട് ചോദിച്ചു, പി.ടി. സാറേ, ഇയാൾ രക്ഷപ്പെടുമോ?
അതായത്, പാക്കിസ്​ഥാൻ പ്രദേശത്തേക്ക് നടക്കുന്ന ഈ മനുഷ്യൻ രക്ഷപ്പെടുമോ എന്നാണ് ലാൽ ചോദിക്കുന്നത്.
‘എനിക്കറിയില്ല ലാൽ’, ഞാൻ പറഞ്ഞു.
‘രക്ഷപ്പെടേണ്ടേ സാർ’, ലാൽ പറഞ്ഞു.
‘അതാണ് ഒരു കലാകാരൻ എന്ന നിലയിൽ എനിക്ക് മോഹം. പക്ഷെ എനിക്കുറപ്പില്ല’, ഞാൻ പറഞ്ഞു.
‘രക്ഷപ്പെടും സാർ’ എന്നു പറഞ്ഞ് എന്റെ തോളിലമർത്തി ആ മഹാനടൻ ഷോട്ടിലേക്ക് നടന്നു നീങ്ങി. ഉറച്ച അടിവെച്ചാണ് ആ ഷോട്ടിൽ ലാൽ നടന്നത്. തിരിച്ചുവരും എന്നുറപ്പുള്ള ഒരു മനുഷ്യനു മാത്രമേ അത്തരത്തിൽ നടക്കാൻ കഴിയൂ. അതാണ് മോഹൻലാൽ എന്ന നടനവിസ്​മയം.

പടം പൂർത്തിയായി. മോഹൻലാൽ, ടി.എ.ഷാഹിദ്, ആൻ്റണി പെരുമ്പാവൂർ, കെ.ജി. ജയൻ, ഏതാനും സഹപ്രവർത്തകർ, പിന്നെ ഞാൻ എന്നിവരാണ് ആദ്യം പടം കണ്ടത്. പടം കാണാൻ ക്ഷണിച്ചപ്പോൾ ആൻ്റണി പറഞ്ഞു, ‘ഞാൻ ഇത്തരം പടങ്ങൾ കാണാറില്ല, എനിക്ക് മനസ്സിലാകാറില്ല, അതുകൊണ്ട് ഞാനില്ല’.
ഞാനൊന്നും പറഞ്ഞില്ല. മോഹൻലാൽ നിർബന്ധിച്ചു, ആൻ്റണി കണ്ടു.
പടം കഴിഞ്ഞപ്പോൾ ആൻ്റണി എന്നെ കെട്ടിപ്പിടിച്ചു, ‘സോറി സാർ, ഞാനിതല്ല പ്രതീക്ഷിച്ച സിനിമ. ഞാൻ കരഞ്ഞു, ശരിക്കും’.
ഇതായിരുന്നു ആൻ്റണിയുടെ മറുപടി.

Photo: thecompleteactor.com

പരദേശി നിരവധി പുരസ്​കാരങ്ങൾ നേടി. സ്​പെയിനിലെ മാഡ്രിഡ്, കയ്റോ, കൽക്കത്ത, ബോംബൈ, ഐ.എഫ്.എഫ്.കെ തിരുവനന്തപുരം തുടങ്ങി നിരവധി അന്തർദേശീയ ഫിലിംഫെസ്റ്റുകളിൽ പ്രദർശിപ്പിച്ചു. ഇന്ത്യ- പാക് വിഭജനത്തിലെ കേരളീയ അനുഭവങ്ങളും പൗരത്വ പ്രശ്നവും വിഷയമാക്കിയ മലയാളത്തിലെ ഏക സിനിമയാണ് പരദേശി. മോഹൻലാലിന് മികച്ച നടൻ എന്ന സംസ്​ഥാന അവാർഡ് ലഭിച്ചു. മികച്ച മേക്കപ്പിനുള്ള ഇന്ത്യയിലെ ആദ്യത്തെ ദേശീയ അവാർഡ് പട്ടണം റഷീദിനു ലഭിച്ചു. തൃശൂരിൽ അടുത്തുനടന്ന ‘പി.ടി: കലയും കാലവും’ എന്ന പരിപാടിയിൽ പങ്കെടുത്ത് സിബി മലയിൽ പറഞ്ഞു: ‘‘പരദേശി ദേശീയ പുരസ്​കാരത്തിന് വന്ന ജൂറിയിൽ ഞാനും സണ്ണി ജോസഫും ഉണ്ടായിരുന്നു. സത്യത്തിൽ ഏറ്റവും നല്ല നടനുള്ള അവാർഡിന് നിശ്ചയിച്ചത് മോഹൻലാലിനെയായിരുന്നു, സുജാതയ്ക്ക് മികച്ച ഗായികക്കുള്ള അവാർഡും നിശ്ചയിച്ചു. അതെല്ലാം മാറ്റിമറിച്ചത് ഒരു ഉദ്യോഗസ്​ഥനായിരുന്നു’’.
ഇതൊക്കെയാണ് അവാർഡ് തമാശകൾ. മലയാളത്തിലെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ സിനിമയാണ് പരദേശി എന്ന് ഇന്ന് എല്ലാവരും പറയുന്നു. എന്നാൽ കേരളീയം പോലുള്ള പരിപാടികളിൽ 100 സിനിമ തെരഞ്ഞെടുക്കുമ്പോൾ പരദേശി ഉണ്ടായില്ല. സുഹൃത്തുക്കൾ അന്വേഷിച്ചപ്പോൾ, ഒരു കമ്മിറ്റിയാണ് തെരഞ്ഞെടുത്തത് എന്ന് പറഞ്ഞു. ഏതായാലും ഇത്തരം മഹൽപ്രതിഭകളടങ്ങുന്ന കമ്മിറ്റിക്ക് വിപ്ലവാഭിവാദ്യങ്ങൾ അർപ്പിക്കുകയല്ലാതെ നമുക്ക് എന്താണ് ചെയ്യാൻ കഴിയുക.

ഇന്ത്യ കണ്ട അപൂർവ്വം നടന്മാരിൽ ഒരാളായ മോഹൻലാൽ ജൈത്രയാത്ര തുടരട്ടെ.


പി.ടി. കുഞ്ഞുമുഹമ്മദ്

സിനിമാ സംവിധായകൻ, നിർമാതാവ്, രാഷ്ട്രീയപ്രവർത്തകൻ. മഗ്രിബ്, ഗർഷോം, പരദേശി, വീരപുത്രൻ, വിശ്വാസപൂർവം മൻസൂർ എന്നീ സിനിമകൾ സംവിധാനം ചെയ്തു. ഗുരുവായൂർ നിയമസഭാ മണ്ഡലത്തിൽ സി.പി.എം സ്വതന്ത്ര എം.എൽ.എയായിരുന്നു.

Comments