സിനിമയോടുള്ള അടങ്ങാത്ത കൊതി
ഒരു മനുഷ്യനെ ‘ക്യാപ്റ്റൻ’ ആക്കിയ കഥ

‘‘സിനിമയോടുള്ള അടങ്ങാത്ത ആവേശം മൂലം പത്താം ക്ലാസിൽ പഠിത്തം അവസാനിപ്പിച്ച് എല്ലാ സിനിമാ മോഹികളെയും പോലെ അന്നത്തെ മദ്രാസിന്റെ തെരുവുകളിൽ കനമുള്ള സ്വപ്നങ്ങളും കാലിയായ കീശയുമായി ആണ് അയാളെത്തുന്നത്. അച്ഛനൊപ്പം അരി മില്ലിൽ പണിയെടുത്തതിൽ നിന്ന് സമ്പാദിച്ച തുച്ഛമായ പണവും സിനിമയോടുള്ള അടങ്ങാത്ത കൊതിയും മാത്രമായിരുന്നു അയാളുടെ കൈമുതൽ’’- ഇന്ന് അന്തരിച്ച തമിഴ് നടൻ വിജയ്കാന്തിനെ ഓർക്കുന്നു.

ക്ഷിണേന്ത്യയിലെ മുൻനിര സിനിമാ നിർമാണ കമ്പനികളിൽ ഒന്നായ എ വി എം പ്രൊഡക്ഷൻസിന്റെ പാർട്ണറും ക്രിയേറ്റീവ് ഡയറക്ടറുമായ അരുണാ ഗുഹൻ (AVM സ്റ്റുഡിയോസ് ഉടമ ശരവണന്റെ ചെറുമകൾ) പത്തു ദിവസങ്ങൾക്കു മുൻപ് ഇൻസ്റ്റഗ്രാമിൽ  #AVMTrivia ക്കു കീഴിൽ  നടൻ വിജയകാന്തിന്റെ  അഭിമുഖത്തിന്റെ ഒരു ഭാഗം പങ്കുവെച്ചിരുന്നു. അതിന് ക്യാപ്ഷനായി നൽകിയ കുറിപ്പിൽ അവർ വിജയകാന്തിനെ വിശേഷിപ്പിച്ചത് ‘സംഘട്ടന രംഗങ്ങളിൽ കാലുകൾ 360 ഡിഗ്രിയിലേക്കും ചുഴറ്റാൻ കഴിവുള്ള ആക്ഷൻ ഹീറോ’ എന്നായിരുന്നു. വിജയകാന്തിന്റെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ സേതുപതി ഐ പി എസിന്റെ ഒരു സംഘട്ടനരംഗവും അതോടൊപ്പം അവർ നൽകിയിരുന്നു. തിരക്കേറിയ റോഡിൽ ഏതാണ്ട് 70 കാറുകൾ ഉൾപ്പെടുത്തിയായിരുന്നു ആ അപകടകരമായ സംഘട്ടനരംഗം ഷൂട്ട് ചെയ്തിരുന്നത്.

കഠിനാധ്വാനത്തിലൂടെ, ആവേശം കൊള്ളിക്കുന്ന സംഘട്ടന രംഗങ്ങളിലൂടെ തമിഴ് സിനിമയിൽ തന്റേതായ പാത വെട്ടിയാണ് എണ്ണക്കറുപ്പും തിളങ്ങുന്ന കണ്ണുകളും മനോഹരമായ പുഞ്ചിരിയുമുള്ള വിജയകാന്ത് എന്ന ക്യാപ്റ്റൻ ഉയരങ്ങൾ കീഴടക്കിയത്. ഇംഗ്ലീഷ് ഭാഷയിലുള്ള സിനിമാ പേരുകളോടുപോലും എന്നും ഒരകലം പാലിക്കുന്ന തമിഴ് മക്കൾ പക്ഷേ അയാളെ സ്നേഹത്തോടെ ക്യാപ്റ്റൻ എന്ന് വിളിച്ചു.

വിജയകാന്ത്

1952 ഓഗസ്റ്റ് 25ന് മധുര ജില്ലയിലെ തിരുമംഗലത്ത് സാധാരണ കുടുംബത്തിൽ ജനിച്ച വിജയരാജ് സിനിമയിലെത്തിയ ശേഷമാണ് തന്റെ പേരിന് അവസാനമുള്ള രാജ് എന്ന പദം മാറ്റി കാന്ത് എന്ന് ചേർക്കുന്നത്. സിനിമയോടുള്ള അടങ്ങാത്ത ആവേശം മൂലം പത്താം ക്ലാസിൽ തന്നെ പഠിത്തം അവസാനിപ്പിച്ച് എല്ലാ സിനിമാ മോഹികളെയും പോലെ അന്നത്തെ മദ്രാസിന്റെ തെരുവുകളിൽ കനമുള്ള സ്വപ്നങ്ങളും കാലിയായ കീശയുമായി ആണ് അയാളെത്തുന്നത്. അച്ഛനൊപ്പം അരി മില്ലിൽ പണിയെടുത്തതിൽ നിന്ന് സമ്പാദിച്ച തുച്ഛമായ പണവും സിനിമയോടുള്ള അടങ്ങാത്ത കൊതിയും മാത്രമായിരുന്നു അയാളുടെ കൈമുതൽ.

1970-കളുടെ രണ്ടാം പകുതി തമിഴ് സിനിമാ ചരിത്രത്തിൽ കാതലായ മാറ്റങ്ങൾക്ക് വഴി തുറന്ന കാലമാണ്. അതുവരേയ്ക്കും നായകന്റെ പേരിൽ അറിയപ്പെട്ടിരുന്ന സിനിമ, സംവിധായകരുടെ പേരിലേയ്ക്ക് മാമ്മോദിസ മുങ്ങിയ കാലം. നിറം മങ്ങിയ സെറ്റുകളിൽ കുടുങ്ങിക്കിടന്ന തമിഴ് സിനിമയെ പുതുമുഖ സംവിധായകരായ ബാലചന്ദർ, ഭാരതിരാജ തുടങ്ങിയവർ ഉൾനാടൻ ഗ്രാമങ്ങളിലേക്ക് പറിച്ചുനട്ടു.

ചലച്ചിത്ര നിരൂപകർ ‘നേറ്റിവിറ്റി ഫിലിംസ്’ എന്ന പട്ടികയിൽ പെടുത്തുന്ന 16 വയതിനിലയ് പോലുള്ള ഇത്തരം സിനിമകൾ, ഗ്രാമങ്ങളിലെ പച്ചയായ മനുഷ്യരുടെ കഥ പറയാനാണ് ശ്രമിച്ചത്. വില കൂടിയ വിദേശമദ്യത്തിനും സിഗരറ്റിനും പകരം ചാരായവും ബീഡിയും ആഹരിക്കുന്ന, അല്പവസ്ത്ര ധാരികളായ ഗ്രാമീണത്തനിമയുള്ള കഥാപാത്രങ്ങൾ സ്വാഭാവികമായും തിരക്കഥകളിൽ കടന്നുവന്നു. അതോടെ ഏറെക്കാലത്തിനു ശേഷം പുതുമുഖങ്ങൾക്കായി തമിഴ് സിനിമയുടെ വാതിലുകൾ തുറക്കപ്പെട്ടു.

ഇനിയ്ക്കും ഇളമൈ - പോസ്റ്റര്‍

1979-ല്‍ എം.എ. കാജയുടെ 'ഇനിയ്ക്കും ഇളമൈ' എന്ന ചിത്രത്തിലൂടെയാണ് ക്യാപ്റ്റൻ തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. രണ്ടു വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങിയ 'സട്ടം ഒരു ഇരുട്ടറൈ' എന്ന ചിത്രമാണ് വിജയകാന്തിനെ പ്രശസ്തിയിലേക്ക് ഉയർത്തിയത്. 80- കളുടെ തുടക്കത്തിൽ പ്രതിനായക വേഷങ്ങളിലൂടെ സ്ക്രീനിലെത്തിയ വിജയകാന്ത് കഠിനാധ്വാനത്തിലൂടെ കമൽഹാസനും രജനീകാന്തിനുമൊപ്പം എന്ന നിലയിലേക്കുവരെ ഉയർന്നുവന്നു. 1984 എന്ന ഒരു വർഷം മാത്രം 18 വിജയകാന്ത് ചിത്രങ്ങളാണ് തിയേറ്ററിൽ എത്തിയത്. അതാകട്ടെ അന്നത്തെ ഒരു റെക്കോർഡും ആയിരുന്നു.

തന്റെ സിനിമകളിൽ കൂടുതലും രാജ്യസ്നേഹം തുളുമ്പുന്ന കഥാപാത്രങ്ങളായി എത്തിയ വിജയകാന്തിന് തമിഴ് മക്കൾ വിപ്ലവ നേതാവ് എന്നർത്ഥമുള്ള പുരട്ച്ചി കലൈയ്ഞ്ചർ എന്ന വിശേഷണവും സമ്മാനിച്ചു. 20 ഓളം സിനിമകളിലാണ് അയാൾ കാക്കി അണിഞ്ഞത്.

1984- ൽ പുറത്തിറങ്ങിയ 'വൈദേഹി കാത്തിറുന്താൽ' എന്ന സിനിമയിലെ ഗാനങ്ങൾ, സിനിമ പോലെ തന്നെ ഹിറ്റായിരുന്നു. ഇളയരാജ ചിട്ടപ്പെടുത്തി, മലയാളത്തിന്റെ ജയചന്ദ്രൻ പാടിയ 'റാസാത്തി ഉണ്ണേ...’ എന്ന ഗാനം കാട്ടാനകളെ പോലും ആകർഷിച്ചിരുന്നതായി ഇളയരാജ പറഞ്ഞിട്ടുണ്ട്.

നളിനിക്കൊപ്പം അഭിനയിച്ച 'അണ്ണായി ഭൂമി' എന്ന വിജയകാന്ത് ചിത്രമാണ് തമിഴിലെ ആദ്യ ത്രീഡി സിനിമ. അടുത്തവർഷം പുറത്തിറങ്ങിയ ഊമൈ വിഴികൾ, കൾട്ട് ക്ലാസിക് പദവി നേടുകയും ചെയ്തു.

1991- ൽ പുറത്തിറങ്ങിയ ക്യാപ്റ്റൻ പ്രഭാകരൻ എന്ന വിജയകാന്തിന്റെ നൂറാം ചിത്രം മികച്ച വിജയമാണ് സ്വന്തമാക്കിയത്. അതിനു മുൻപ് എം ജി ആറിനും ജയലളിതയ്ക്കും മാത്രമാണ് തങ്ങളുടെ നൂറാം ചിത്രം ഹിറ്റാക്കാൻ സാധിച്ചത്. എന്നാൽ ചിത്രത്തിന്റെ സംഘട്ടനരംഗങ്ങൾക്കിടെ തോളിനേറ്റ പരിക്ക് പിന്നീട് കൈകൾ ഉപയോഗിച്ചുള്ള ആക്ഷൻ രംഗങ്ങൾ വിജയകാന്തിന് ബുദ്ധിമുട്ടുള്ളതാക്കി മാറ്റി. ഇതേ തുടർന്നാണ് താൻ കാലുകൾ ഉപയോഗിച്ചുള്ള ഫൈറ്റ് സീൻസുകൾക്ക് പ്രാധാന്യം നൽകിയത് എന്ന് ഒരു അഭിമുഖത്തിൽ ക്യാപ്റ്റൻ ഓർത്തെടുക്കുന്നുണ്ട്.

1992-ൽ ഉദയകുമാർ അണിയിച്ചൊരുക്കിയ 'ചിന്ന ഗൗണ്ടർ' അതുവരെയുള്ള കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചു. ആൽത്തറയിൽ ഒത്തുചേരുന്ന നാട്ടുപഞ്ചായത്തിൽ വച്ച് ''പാലിൽ കലർന്ന പഞ്ചസാരയും മോരിലെ ഉപ്പും വരെയും കൃത്യമായി വേർതിരിച്ചെടുക്കാൻ കഴിയുന്ന'' ചിന്ന ഗൗണ്ടറിന്റെ ഇൻട്രോ, വിജയകാന്ത് ചിത്രങ്ങളിൽ അതുവരേക്കും കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു. 150- ലേറെ ചിത്രങ്ങളിൽ അഭിനയിച്ച ക്യാപ്റ്റന്റെ നായകനായുള്ള അവസാന ചിത്രം 2010-ൽ പുറത്തിറങ്ങിയ വിരുദാഗിരി ആയിരുന്നു. ടേക്കണിന്റെ റീമെയ്ക്ക് ആയ ഈ സിനിമ സംവിധാനം ചെയ്തതും വിജയകാന്ത് തന്നെ ആയിരുന്നു.

ചിന്ന ഗൗണ്ടറില്‍ വിജയ്കാന്ത്

സേലത്തുനിന്ന് ഊട്ടിയിലേക്കും അവിടെനിന്ന് സത്യമംഗലം കാടുകളിലേക്കും ഇരുചക്ര വാഹനത്തിൽ ഒരു തമിഴ് സൂപ്പർതാരം യാത്ര ചെയ്യുന്നത് സങ്കൽപ്പിക്കാൻ സാധിക്കുന്നുണ്ടോ? നിശ്ചയിച്ച സമയത്ത് ചിത്രീകരണം പൂർത്തിയാക്കുന്നതിനായി രാവും പകലും സിനിമ ഷൂട്ടിങ്ങിനായി തന്നെ വിട്ടുനൽകിയ ചരിത്രമാണ് വിജയകാന്തിനുള്ളത്.

വിജയകാന്ത് എന്ന നേതാവ്

സിനിമാ താരങ്ങൾ രാഷ്ട്രീയത്തിൽ ഭാഗ്യം നോക്കുന്നത് തമിഴ്നാടിന് അപരിചിതമായ ഒന്നല്ല. എം ജി ആറും കരുണാനിധിയും സിനിമകളിലൂടെ തങ്ങളുടെ രാഷ്ട്രീയം പ്രേക്ഷകരിലെത്തിക്കാനും ആ അടിത്തറയിൽ തങ്ങളുടെ സാമ്രാജ്യം കെട്ടിപ്പിടിക്കാനും ശ്രമിച്ച് വിജയിച്ചവരാണ്. 2005 സെപ്റ്റംബറിലാണ് ക്യാപ്റ്റൻ ദേശീയ മുർപോക്ക് ദ്രാവിഡ കഴഗം (DMDK) എന്ന പാർട്ടി പ്രഖ്യാപിക്കുന്നത്. അണികളിൽ നിന്ന് സംഭാവന ആവശ്യപ്പെടാത്ത, അനീതിക്കെതിരെ ശക്തമായി പ്രതികരിക്കുന്ന ക്യാപ്റ്റന്റെ പാർട്ടി തുടക്കകാലത്ത് തമിഴ് രാഷ്ട്രീയത്തിൽ വലിയ ചലനമുണ്ടാക്കി. എന്നാൽ അതിനും പതിറ്റാണ്ടുകൾക്ക് മുമ്പേ തന്റെ ആരാധകവൃന്ദത്തിന്റെ സഹായത്താൽ ഒരു രാഷ്ട്രീയ പാർട്ടിക്ക് സമാനമായ നിരവധി മുന്നേറ്റങ്ങൾ വിജയകാന്ത് നടത്തിയിരുന്നു. ശ്രീലങ്കയിൽ പീഡനം അനുഭവിക്കുന്ന തമിഴ് വംശജരോടുള്ള ഐക്യദാർഢ്യത്തിന്റെ സൂചകമായി 1980- കളിൽ തന്നെ നിരവധി ഉപവാസ സമരങ്ങളിൽ ക്യാപ്റ്റനും ക്യാപ്റ്റന്റെ ആരാധകരും പങ്കെടുത്തിരുന്നു. എൽ.ടി.ടി.ഇ നേതാവ് വേലുപിള്ള പ്രഭാകരനോടുള്ള തന്റെ താൽപര്യം നിരവധി തവണ ക്യാപ്റ്റൻ പ്രകടിപ്പിച്ചിട്ടുണ്ട്. കാവേരി നദീജല തർക്കങ്ങളും തന്റെ ഒപ്പമുള്ള അഭിനേതാക്കളെ നിരത്തി ശക്തമായ പ്രതിരോധം സൃഷ്ടിക്കാൻ വിജയകാന്ത് ശ്രദ്ധിച്ചിരുന്നു.

വിജയകാന്ത്, എം.കെ. സ്റ്റാലിന്‍

2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിച്ച ക്യാപ്റ്റന്റെ ഡി.എം. ഡി.കെ 10 ശതമാനത്തിനടുത്ത് വോട്ട് വിഹിതം സ്വന്തമാക്കിയത് അന്നത്തെ മുൻനിര പാർട്ടികളെ അമ്പരപ്പിച്ചു. 2011- ൽ ജയലളിതയുടെ എ ഐ എ ഡി എം കെ യുമായി കൈകോർത്ത ഡി.എം.ഡി.കെ മുൻധാരണ പ്രകാരം ലഭിച്ച 41 സീറ്റുകളിൽ 29 ഇടത്ത് വിജയം കണ്ടു. അക്കുറി കരുണാനിധിയുടെ ഡി എം കെയെക്കാൾ കൂടുതൽ സീറ്റുകൾ പാർട്ടി നേടി. അന്ന് പ്രതിപക്ഷനേതാവ് എന്ന നിലയിൽ തമിഴ്നാട് നിയമസഭയിൽ ക്യാപ്റ്റൻ നടത്തിയ പല തീപ്പൊരി പ്രസംഗങ്ങളും ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ബി ജെ പി അടക്കമുള്ള പാർട്ടികളുമായി സഖ്യം ചേരാൻ ശ്രമിച്ചെങ്കിലും പിന്നീടുള്ള വർഷങ്ങളിൽ പാർട്ടിയുടെ കരുത്ത് ചോരുന്നതിനാണ് തമിഴ് തട്ടകം സാക്ഷ്യം വഹിച്ചത്.

ഗുജറാത്ത് ഭൂചലനം, കാർഗിൽ യുദ്ധം, ഒഡീഷ വെള്ളപ്പൊക്കം, കുംഭകോണം സ്കൂൾ തീപിടുത്തം, സുനാമി തുടങ്ങിയ നിരവധി പ്രതിസന്ധി ഘട്ടങ്ങളിൽ കയ്യയച്ച് സഹായിക്കുന്ന ക്യാപ്റ്റൻ, തമിഴ് മക്കളുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ്. എന്നാൽ മാധ്യമപ്രവർത്തകരോടുള്ള മോശം പെരുമാറ്റം, സ്വന്തം പാർട്ടിയിലെ നേതാക്കന്മാരെയും അണികളെയും പിണക്കുന്ന തരത്തിലുള്ള നിലപാടുകൾ എന്നിവ വിജയകാന്തിന്റെ രാഷ്ട്രീയ യാത്രയിൽ പ്രതിസന്ധികൾ സൃഷ്ടിച്ചു.

തന്റെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ വെച്ച് ഒഴിവാക്കപ്പെടേണ്ടിവന്നത് മുതൽ രാഷ്ട്രീയ ഗോദയിലേറ്റ പരാജയങ്ങൾ വരെ തിരിച്ചടികൾ നിരവധിയാണ് അയാളുടെ യാത്രയിൽ. പക്ഷേ ആലയിൽ അടിച്ച് പതം വരുത്തിയ ഇരുമ്പുപോലെ ഓരോ തിരിച്ചടിയും അയാൾക്ക് തിളക്കവും മൂർച്ചയും കൂട്ടിക്കൊണ്ടേയിരുന്നു.

ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഷെൽഫിൽ, കിരീടങ്ങൾ ഒന്നിനുപിറകെ ഒന്നായി കൊണ്ടുവരുമ്പോഴും എം.എസ്. ധോണി തമിഴ് മക്കൾക്ക് തലയാണ്. കാരണം ക്യാപ്റ്റൻ എന്ന പദം അതിനും പതിറ്റാണ്ടുകൾക്ക് മുൻപ് അവർ അൻപോടെ സ്നേഹവായിപ്പോടെ ഒരാൾക്ക് പതിച്ചു നൽകിയതാണ്; വിജയകാന്തിന്.

ക്യാപ്റ്റൻ എന്ന പട്ടവും, തമിഴ് മണ്ണിൽ  ദ്രാവിഡ പാർട്ടികൾക്ക് ഒത്തഎതിരാളി എന്ന സ്വപ്നവും വരും തലമുറകൾക്കായി ബാക്കിവെച്ചാണ് ഇന്ന്, തന്റെ 71ാം വയസ്സിൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ക്യാപ്റ്റൻ കളമൊഴിയുന്നത്.

Comments