വേട്ടക്കാർക്കുള്ള ടീച്ചറുടെ സിലബസ്

ഒരു പ്രത്യേക ഘട്ടത്തിൽ ദേവിക (അമല പോൾ) എന്ന കായികാധ്യാപികയ്ക്ക് നേരിടേണ്ടിവരുന്ന ഒരനുഭവവും പരിമിതികളെ അതിജീവിക്കാനുള്ള അവരുടെ ശ്രമവുമാണ് സിനിമ പറയുന്നത്.

വെളിച്ചത്തിലേക്കുണരുന്ന ദേവികയുടെ സംഘർഷനിർഭരമായ മുഖത്തിന്റെ അതീവ ക്ലോസപ്പ് ആയ ദൃശ്യത്തോടെയാണ് ടീച്ചർ എന്ന സിനിമയുടെ തുടക്കം. നീതിനിഷേധത്തിന്റെ സംഘർഷസന്ദർഭത്തിൽ ഒരു സ്ത്രീയുടെ മനസ്സ് യാത്ര ചെയ്‌തെത്തുന്ന പാരമ്യത്തിലെത്തി നിൽക്കുന്ന ദേവികയിലാണ് സിനിമ ഒടുവിൽ എത്തി നിൽക്കുന്നത്. വേട്ടയാടപ്പെട്ട ഒരു അധ്യാപികയുടെ ജീവിതം കടന്നുപോകുന്ന തീവ്രപ്രതിസന്ധികളെപ്പറ്റി പറയുന്ന സിനിമ, ചില വർത്തമാനകാല യാഥാർഥ്യങ്ങൾ അഭിസംബോധന ചെയ്തിട്ടുണ്ട്.

വികാരവിക്ഷോഭങ്ങളിലൂടെ കടന്നുപോകുന്ന അവൾ പ്രതിസന്ധികളെ നേരിടുന്നതും പരിഹരിക്കുന്നതും അപ്രതീക്ഷിതമായ വഴികളിലൂടെയാണ്. നിഗൂഢത നിലനിർത്തുന്ന ആദ്യപകുതിക്കുശേഷം അതു സിനിമയ്ക്ക് കൊടുക്കുന്ന ട്വിസ്റ്റ് ആകാംക്ഷ നിറഞ്ഞ റിവഞ്ച് ത്രില്ലർ സ്വഭാവത്തിലേയ്ക്ക് ചിത്രത്തെ കൊണ്ടുപോകുന്നു. ലൈംഗികാതിക്രമം നേരിടുന്ന പെൺകുട്ടികളെ സമൂഹം എങ്ങനെ നോക്കിക്കാണുന്നുവെന്നും അവർക്ക് എങ്ങനെയാണു നീതി നിഷേധിക്കപ്പെടുന്നതെന്നും ചിത്രം പറയുന്നു. സ്ത്രീക്കൊരു പ്രശ്‌നം വരുമ്പോൾ സമൂഹം ഉദാസീനമാകുന്നതിനേയും അവളിൽ കുറ്റം ചാർത്താനുമുള്ള സമുദായത്തിന്റെ പ്രവണതയെയും ചിത്രം ചോദ്യം ചെയ്യുന്നുണ്ട്.

സമീപനങ്ങളിലും നോട്ടപ്പാടുകളിലും നിലപാടുകളിലും കഥാപാത്രങ്ങൾക്ക്‌
പരിണാമം സംഭവിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ പരിചരണരീതി. മധ്യവയസ്‌കനായ ഒരാൾ ബാലികയെ പീഡിപ്പിച്ചതിനെ തുടർന്ന് പൊലീസിന്റെ ഭീഷണിയും കേസും കോടതി വ്യവഹാരങ്ങളും സമൂഹത്തിന്റെ കാഴ്ചപ്പാടും ഭയന്ന് അവളുടെ നിസ്സഹായരായ മാതാപിതാക്കൾ നഷ്ടപരിഹാരം സ്വീകരിച്ച് എല്ലാറ്റിൽ നിന്നും വിടുതിനേടാൻ തീരുമാനിക്കുന്നതായ ഒരു കാഴ്ച സിനിമയുടെ ആദ്യഭാഗത്തുണ്ട്. എന്നാൽ സിനിമ അവസാനിക്കുമ്പോഴേക്കും കാഴ്ചപ്പാടുകൾക്ക് ഒട്ടേറെ പരിണതികൾ സംഭവിക്കുന്നു.പീഡകർ ആരായാലും കടുത്ത നിലപാടെടുത്ത് മുമ്പോട്ട് പോകാൻ പ്രേരിപ്പിക്കുകയാണ് സിനിമ അവസാനദൃശ്യങ്ങളിൽ. അന്ത്യഭാഗങ്ങളിൽ ഇരകളോട് ചേർന്നു നിൽക്കുന്ന ചിത്രം വേട്ടക്കാരുടെ നേർക്ക് ദയാരഹിതമാവുന്നു. നമുക്ക് പരിചിതമായ ഒരിടത്തുനിന്ന് തുടങ്ങി അസാധാരണ സംഭവങ്ങളിലൂടെ നീങ്ങി സമൂഹത്തിനൊരു സന്ദേശം നൽകാൻ സിനിമ ശ്രമിക്കുന്നു. ഒരു പ്രത്യേക ഘട്ടത്തിൽ ദേവിക (അമല പോൾ) എന്ന കായികാധ്യാപികയ്ക്ക് നേരിടേണ്ടിവരുന്ന ഒരനുഭവവും പരിമിതികളെ അതിജീവിക്കാനുള്ള അവരുടെ ശ്രമവുമാണ് സിനിമ പറയുന്നത്.

 ദ ടീച്ചർ സിനിമയിൽ നിന്ന്‌
ദ ടീച്ചർ സിനിമയിൽ നിന്ന്‌

റേപ്പും അതിന്റെ റിവഞ്ചും ഹിച്ച്‌കോക്കിന്റെ കാലത്തും അതിനുമുമ്പും സിനമയിലുണ്ട്. ഇരയാക്കപ്പെട്ട പെണ്ണിനുവേണ്ടി ധീരസാഹസികരായ ആണുങ്ങൾ റിവഞ്ച് നടത്തുന്നതായിരുന്നു അടുത്ത കാലം വരെ അത്തരം സിനിമകളിൽ പതിവ്. ടീച്ചർ എന്ന സിനിമയെ അവയിൽനിന്നു വ്യത്യസ്തമാക്കുന്ന ചില ഘടകങ്ങളുണ്ട്. ഇവിടെ പെണ്ണിന്റെ തന്നെ തീരുമാനമാണ് റിവഞ്ച്. സിനിമയിലെ ദേവിക എന്ന ടീച്ചർ അതിനെ തന്റേതായ നിലയിൽ മുമ്പോട്ടു കൊണ്ടുപോകാനും നടപ്പിലാക്കാനും തന്നെ തീരുമാനിച്ചിറങ്ങുകയാണ്. കാലഘട്ടം ആവശ്യപ്പെടുന്നത് അതാണ് എന്ന് തിരിച്ചറിയുകയാണ്. ആ തിരിച്ചറിവ് പ്രേക്ഷകനിലേക്ക് പകരുന്നുമുണ്ട്. അക്രമകാരികളെ കണ്ടെത്തുക മാത്രമല്ല, അവരെ ശിക്ഷിക്കാനും അവൾ തയ്യാറാകുന്നു.

അക്കാര്യത്തിൽ അവൾക്ക് കൂട്ടായുള്ളത് ഭർത്താവിന്റെ അമ്മയും ഉജ്വല പോരാളിയുമായ ബാറ്റൺ കല്യാണിയാണ്. മഞ്ജുപിള്ള അവിസ്മരണീയമാക്കിയ കല്യാണി പോരാട്ടത്തിന് ഇപ്പോഴും അവധി കൊടുക്കാത്ത ജനനായികയാണ്. മൺറോ തുരുത്തിലെ മനുഷ്യരുടെ അതിജീവനസമരത്തിന്റെ മുന്നണി പോരാളിയായാണ് കല്യാണിയെ നാം കാണുന്നത്. പോരാട്ടത്തിന്റേയും ത്യാഗത്തിന്റേയും സഹനത്തിന്റേയും സമ്പന്നമായ ഭൂതകാലത്തിന്റെ ഉടമയായ സ്ത്രീയാണവർ.

ദേവികയും കല്യാണിയും ദേവികയുടെ അമ്മയുമുൾപ്പെടെ ഇതിലെ സ്ത്രീകഥാപാത്രങ്ങളൊക്കെ നിലപാടുള്ളവരും ചുണയുള്ളവരുമാണ്. (കല്യാണിയെ അവതരിപ്പിച്ചതിൽ അമാനുഷ ആൺ കഥാപാത്രങ്ങളെ സിനിമയിൽ കാണിക്കുന്ന രീതിയാണ് അവലംബിച്ചത്. അത് ഒരു പുരുഷ നോട്ടത്തിന്റെ ബാക്കിപത്രമായി അനുഭവപ്പെടുകയാണ് ചെയ്യുന്നത്). മഞ്ജുപിള്ളയുടെ അഭിനയ ജീവിതത്തിലെ അതിശക്തമായ കഥാപാത്രങ്ങളിലൊന്നായിരിക്കും വിപ്ലവകാരിയായ ബാറ്റൺ കല്ല്യാണി. ലാത്തിക്ക് കുട്ടികളെയുണ്ടാക്കാൻ കഴിയുമായിരുന്നെങ്കിൽ കല്ല്യാണിക്ക് കുറേ കുട്ടികളുണ്ടാകുമായിരുന്നു എന്ന അവരുടെ ഡയലോഗ് കെ.ആർ. ഗൗരിയമ്മയെ ലിങ്ക് ചെയ്യുന്നു. അറിയപ്പെടാത്ത സ്ത്രീ പോരാളികളുടെ പ്രതിനിധിയായി കല്യാണിയെ കാണാം. ലോകം എന്തു പറയുമെന്ന് ആലോചിച്ച് നിന്നാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് ദേവികയ്ക്ക് ധൈര്യം പകരുന്നത് ഭർതൃ മാതാവ് കല്യാണിയായിരുന്നു.

ദേവികയുടെ പങ്കാളി സുജിത്ത് (ഹക്കിം ഷാജഹാൻ) ഹോസ്പിറ്റൽ ജീവനക്കാരനാണ്. ആൺ പൊതുബോധത്തിന്റെ ഉടമ. നാല് വർഷത്തെ കാത്തിരിപ്പിനു ശേഷം ഭാര്യ ഗർഭിണിയായ വിവരം അറിയുന്ന സുജിത്ത് തന്റെ പങ്കാളി റേപ്പിന് വിധേയമായ കാര്യം അറിയുന്നു. അക്കാര്യം പോലിസിൽ പരാതിപ്പെടാൻ ധൈര്യമില്ലാത്ത സുജിത്തിന് നിലപാടുകളില്ല. സ്ത്രീയവസ്ഥയെ ഉൾക്കൊള്ളാനുള്ള ബോധമില്ല.ലജ്ജാകരമായ രീതിയിൽ എന്തിനോടും സമരസപ്പെടാനാണ് അയാൾക്ക് താത്പര്യം. ഒരു ബാലപീഡന കേസ് പൊലിസിനാൽ ഭീഷണിപ്പെടുത്തപ്പെട്ട് ഒതുക്കിത്തീർക്കുന്നതിന് കുട്ടിയുടെ മാതാപിതാക്കൾ നിർബന്ധിതമാവുന്ന സംഭവത്തിന് ദൃക്‌സാക്ഷിയാവുന്ന സുജിത്തിനെ നാം സിനിമയുടെ തുടക്കത്തിൽ കാണുന്നുണ്ട്. അതയാളെ ഭീരുവാക്കുന്നതായും സമരസപ്പെടലിന്റെ പാതയിലേക്ക് നയിക്കുന്നതായും മനസ്സിലാക്കാം. ഒടുവിൽ അയാൾ തന്റെ തെറ്റ് മനസ്സിലാക്കുകയും തിരുത്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

പക്ഷേ അപ്പോഴേക്കും അതു ദേവികയിലെ സ്ത്രീയ്ക്ക്, മനുഷ്യന് എല്ലാ പരിക്കുകളും ഏൽപ്പിച്ചിരുന്നു.അതിനാൽ അതിനെ വിശ്വാസത്തിലെടുക്കാൻ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയായിക്കഴിഞ്ഞ ദേവികയ്ക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ടു തന്നെ രണ്ടാമതൊരവസരം അയാൾക്ക് അവളിൽ നിന്നും ലഭിക്കുന്നില്ല. അബോർഷൻ എന്ന നിബന്ധനയ്ക്ക് വിധേയമായി അത്തരമൊരു ഒത്തുതീർപ്പിലെക്കെത്താൻ വിസമ്മതിച്ചുകൊണ്ട് സ്വന്തം ശക്തിയെ തിരിച്ചറിഞ്ഞ അവൾ അബോർട് ചെയ്യുന്നില്ല എന്ന തീരുമാനമാണ് പറയുന്നത്. ആ ഒരു ദൃശ്യത്തിലാണ് സിനിമ അവസാനിക്കുന്നത്.

പങ്കാളിയായ സ്ത്രീയെ മനസ്സിലാക്കാതെയുള്ള പതിവ് പുരുഷ കാഴ്ചപ്പാടിലൂടെയാണ് ആശുപത്രിയിൽ അറ്റന്ററായ സുജിത്ത് കാര്യങ്ങളെ കണ്ടത്. ഭാര്യയെ അയാൾ അതിയായി സ്‌നേഹിക്കുന്നെങ്കിലും അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങളെ അയാൾക്ക് അനുതാപത്തോടെ ഉൾക്കൊള്ളാനോ പങ്കാളിയുടെ കൂടെ നിൽക്കാനോ കഴിയുന്നില്ല. എല്ലാം കഴിഞ്ഞ ശേഷം അയാൾ ഭാര്യയെ ചേർത്തുവെക്കാൻ ശ്രമം നടത്തുമ്പോൾ കൂടെ നിൽക്കേണ്ട നേരത്ത് അതുണ്ടായില്ലല്ലോ എന്ന ചോദ്യമാണ് അയാൾക്ക് നേരിടേണ്ടിവരുന്നത്.

 ദ ടീച്ചർ സിനിമ ട്രൈലർ
ദ ടീച്ചർ സിനിമ ട്രൈലർ

ലൈംഗിക അതിക്രമത്തെക്കുറിച്ചുള്ള പതിവ് ആഖ്യാനങ്ങളിൽ നിന്ന് ചില വേറിടൽ ഈ ചിത്രത്തിനുണ്ട്. അമലാ പോൾ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ടീച്ചറിൽ പുതിയ കാലത്തിന്റെ പാഠങ്ങൾക്കാണ് ഊന്നൽ. ഇര ഒരു അധ്യാപികയും വേട്ടക്കാർ വിദ്യാർത്ഥികളുമാണ്. മുതിർന്നവരെപ്പോലെ സമൂഹം ആക്കിത്തീർത്ത യുവാക്കളാണവർ. ഇന്റർസ്‌കൂൾ സ്‌പോട്‌സ് മീറ്റിൽ വച്ച് കണ്ടുമുട്ടിയവരാണവർ. വിദ്യാർത്ഥികൾ സംഭവത്തിൽ കുറ്റബോധമില്ലാത്തവരും സംഭവം വീഡിയോയിൽ പകർത്തിയവരുമാണ്. ലഹരി നൽകി ബലാൽസംഗത്തിന് വിധേയമാക്കപ്പെടുകയാണ് ഒരു കായികാധ്യാപിക.( സ്ത്രീകൾ ഏറെ കടന്നുവരാത്ത വിഭാഗമാണ് കായികാധ്യപനത്തിന്റേത്. അതിൽ പുരുഷാധികര സമൂഹത്തിന്റെ മുൻവിധികളുണ്ട്).പക്ഷേ സംഭവം വിട്ടെറിഞ്ഞുപോവാൻ ഭർത്താവ് സുജിത്ത് തയ്യാറാകുന്നതുപോലെ അവൾ തയ്യാറാകുന്നില്ല എന്നിടത്താണ് സിനിമയിലെ ട്വിസ്റ്റും പ്രമേയത്തിന്റെ പ്രസക്തിയും.

യൗവനത്തിലേക്ക് പറക്കുന്ന കൗമാരക്കാരെ വിദ്യാർത്ഥികളായി മാത്രം കണ്ട ദേവിക ടീച്ചർക്കും അതു പാഠമായിത്തീരുകയും ടീച്ചർ തിരിച്ചറിവുകളിലൂടെ സ്വയം പുതുക്കലിനു വിധേയമാവുകയും ചെയ്യുന്നു.ചിത്രത്തിൽ ദേവിക എന്ന കേന്ദ്ര കഥാപാത്രത്തിനു ചുറ്റുമാണ് മറ്റു കഥാപാത്രങ്ങൾ രൂപപ്പെടുന്നത്. സ്ത്രീ കഥാപാത്രങ്ങൾക്ക് ശക്തി കൂടുതലുണ്ട് ടീച്ചറിൽ. ദേവികയായാലും കല്ല്യാണിയമ്മയായാലും ദേവികയുടെ അമ്മയായാലും വനിതകളെല്ലാം ശക്തരാണ്. അവർക്കാണ് നിലപാടുകളുള്ളത്. ഭർത്താവല്ല, ഭർത്താവിന്റെ അമ്മയാണ് നിർണായക ഘട്ടത്തിൽ ഏറ്റവും മികച്ച പിന്തുണയുമായി ദേവികയോടൊപ്പം നില്ക്കുന്നത്.

ചിത്രം സമൂഹത്തിനുള്ള പലസന്ദേശങ്ങളും ഉള്ളടങ്ങിയതാണ്. മയക്കുമരുന്ന് കേരളത്തിലെ സ്‌കൂളുകൾക്കകത്തളങ്ങളിലേക്ക് പോലും എത്തിച്ചേരുകയും അതിനെതിരെ സർക്കാർ വലിയ ബോധവൽക്കരണപ്രവർത്തനങ്ങളും നടത്തുന്ന കാലത്താണ് ടീച്ചർ പോലൊരു സിനിമ ശക്തമായ പ്രമേയവുമായി വരുന്നത്. ജില്ലാ സ്‌കൂൾ സ്‌പോർട്‌സ് മീറ്റിന്റെ അവസാന ദിവസം നടന്ന ഉള്ളുലച്ച ആ സംഭവം ഓർത്തെടുക്കാൻ പോലും സാധിക്കാത്ത അവസ്ഥയിൽ നിന്നാണ് ദേവിക തന്റെ വഴിയിലേക്ക് ഇറങ്ങുന്നതും ഉള്ളുറപ്പ് മാത്രം കൈമുതലാക്കി തന്റെ എതിരാളികളെ നേരിടുന്നതും.

തന്റെ ജീവിതം മാറ്റിയവരെ തേടി ടീച്ചറെത്തുന്നത് കൊച്ചിയിലാണ്. പരിചിതനാടുകളായ ചവറയിലേയും മൺറോതുരുത്തിലേയും ശാന്തമായ ജീവിതത്തിൽ നിന്നും തന്റെ എതിരാളികളേയും തേടി കൊച്ചിയിലെത്തുമ്പോൾ അതു വേറൊരു ലോകമായി ടീച്ചർ തിരിച്ചറിയുന്നുണ്ട്. പക്ഷേ, കാര്യങ്ങളുടെ ഗൗരവം തിരിച്ചറിഞ്ഞു തന്നെയാണ് ദേവിക കൊച്ചിയിലേക്ക് വരുന്നത്. ദേവികയെ കൊച്ചിയിൽ സഹായിക്കാൻ ഭർതൃമാതാവ് കല്ല്യാണി, മണി എന്ന സഹായിയെ ഏർപ്പാടാക്കുന്നുണ്ട്.

ദ ടീച്ചർ സിനിമ ട്രൈലർ
ദ ടീച്ചർ സിനിമ ട്രൈലർ

അഞ്ച് വർഷങ്ങൾക്കു ശേഷം മലയാളത്തിലേക്കു തിരിച്ചുവരുന്ന അമല പോൾ അഭിനയത്തിൽ കൂടുതൽ പക്വതയാർജിക്കുന്നതായി ദേവിക തെളിയിക്കുന്നുണ്ട്. കഥാപാത്രത്തെ അതിന്റെ ഉള്ളറിഞ്ഞ് ചെയ്യാൻ അമല പോളിനായി. സംത്രാസവും ഭീതിയും ആകുലതകളും തീവ്രമായി ആവിഷ്‌കരിക്കുന്ന ഊർജസ്വലയായ പെർഫോർമറെയാണ് അമല ചിത്രത്തിൽ കാഴ്ചവെക്കുന്നത്. ഹക്കിം ഷാജഹാനും തന്റെ റോൾ ഭംഗിയാക്കി. ഹക്കീം ഷാജഹാന് നായക വേഷം നല്കിയതിലൂടെ ഉചിതമായ കാസ്റ്റിംഗ് ആണ് സംവിധായകൻ വിവേക് നടത്തിയിരിക്കുന്നത്. പതിവ് നായകന്മാരുടെ ഭൂതകാലഭാരമില്ലാതെ പ്രേക്ഷകർക്ക്‌ ഹക്കീമിന്റെ സുജിത്തിനെ ഉൾക്കൊള്ളാനാവും.

സാധാരണ ഒരു ജീവിതകഥ പറയുന്നിടത്ത് അസാധാരണ നായകന്മാരാരും ഇല്ലാതിരുന്നത് കഥാപാത്രത്തെ ഉൾക്കൊള്ളാനും സഹായിക്കുന്നുണ്ട്. സാധാരണ മലയാളിയുടെ എല്ലാ സ്വഭാവ വിശേഷങ്ങളുമുള്ള സഹപ്രവർത്തകനും സുഹൃത്തുമായ കെവിൻ പ്രശാന്ത് മുരളിയിൽ ഭദ്രമായി. മണി എന്ന ചെമ്പൻ വിനോദ് അവതരിപ്പിച്ച കഥാപാത്രം ഒരു ആൺ പ്രാതിനിധ്യത്തിന്റെ അനിവാര്യത റിവഞ്ചിൽ ഉറപ്പുവരുത്താൻ വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന തോന്നലാണുണ്ടാക്കുന്നത്. ബാറ്റൺ കല്യാണി എന്ന കഥാപാത്രമായി മഞ്ജു പിള്ളയും ആളുകളുടെ കയ്യടി നേടും. അനുമോൾ, വിനീത കോശി, സെന്തിൽ കൃഷ്ണ, നന്ദ, ദിനേശ് പ്രഭാകർ, ഐ.എം. വിജയൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ.

പുതുമ നിലനിർത്തുന്ന ഫ്രെയിമുകളാണ് സംവിധായകൻ വിവേക് ഒരുക്കിയിരിക്കുന്നത്.അതിരനു ശേഷം വിവേക് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ടീച്ചർ. പി.വി. ഷാജി കുമാറാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. നല്ല ഒഴുക്കുണ്ട് തിരക്കഥയ്ക്ക്. ഡോൺ വിൻസന്റിന്റേതാണ് സംഗീതം. മികച്ചതായി പാട്ടുകൾ. വിനായക് ശശികുമാർ, അൻവർ അലി, യുഗഭാരതി എന്നിവരുടേതാണ് വരികൾ. ജാസി ഗിഫ്റ്റ് ഉൾപ്പെടെയുള്ളവരാണ് ഗായകർ. ദേവിക എന്ന കഥാപാത്രത്തിന്റെ ജീവിത സന്ദർഭങ്ങളെ ഒപ്പിയെടുത്തത് അനു മൂത്തേടത്തിന്റെ ഛായാഗ്രഹണം. മനോജാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.


Summary: ഒരു പ്രത്യേക ഘട്ടത്തിൽ ദേവിക (അമല പോൾ) എന്ന കായികാധ്യാപികയ്ക്ക് നേരിടേണ്ടിവരുന്ന ഒരനുഭവവും പരിമിതികളെ അതിജീവിക്കാനുള്ള അവരുടെ ശ്രമവുമാണ് സിനിമ പറയുന്നത്.


വി.കെ. ബാബു

എഴുത്തുകാരൻ.

Comments