The Zone of Interest: ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയുടെ നിശ്ശബ്ദയിടങ്ങൾ

എത്രയോ രണ്ടാം ലോകയുദ്ധ സിനിമകൾ പിടിച്ചു കഴിഞ്ഞിട്ടും യൂറോപ്പിന്, പ്രത്യേകിച്ച് കിഴക്കൻ യൂറോപ്പിന് ഇന്നും ലോകയുദ്ധ സിനിമകൾ അവസാനിപ്പിക്കാനാവുന്നില്ല. ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയിൽ സംവിധായകൻ കേൾക്കുന്ന നിശ്ശബ്ദത നമ്മെ കേൾപ്പിക്കുന്നതാണ് 'The Zone of Interest' എന്ന സിനിമ - യു. അജിത് കുമാർ എഴുതിയ റിവ്യൂ

യുവാവായ റുഡോൽഫ് ഹോസ് (ക്രിസ്റ്റ്യൻ ഫ്രീഡെൽ), ഭാര്യ ഹെഡ്വിഗ് ഹോസ് (സാൻഡ്ര ഹുല്ലർ), അഞ്ചു മക്കൾ എന്നിവർ, നാലഞ്ച് വീട്ടുവേലക്കാരികളും പുറം ജോലിക്കാരുമായി മനോഹരമായ പൂന്തോട്ടത്തോടൊപ്പം നല്ല സൗകര്യങ്ങളുള്ള സർക്കാർ വീട്ടിൽ രസിച്ചു പാർക്കുന്നു. അടുത്ത് വലിയ ആഴമില്ലാതെ നിറഞ്ഞൊഴുകുന്ന തെളിഞ്ഞ പുഴ, സമൃദ്ധമായ പച്ചപ്പ്, അയൽക്കാരില്ല. പൊക്കമുള്ള മതിലിനപ്പുറം ഓഷ് വിറ്റ്സ് കോൺസൺട്രേഷൻ ക്യാമ്പാണ്. ക്യാമ്പിലെ കമാന്റന്റാണ് ഹോസ്. രാവിലെ കുട്ടികളോടും ഭാര്യയോടും റ്റാറ്റാ പറഞ്ഞ് ഹോസ് ഓമനക്കുതിരയുടെ പുറത്ത് പുതുവസ്ത്രമിട്ട് 'ജോലിയ്ക്ക്' പോകുന്നു. ജൂതർ, പോളണ്ടുകാർ, ക്വിയറുകൾ, ഭിന്നശേഷിക്കാർ എന്നിങ്ങനെ പതിമൂന്നു ലക്ഷത്തോളം മനുഷ്യരെ യുദ്ധത്തടവുകാരായി പിടിച്ച് 1939 മുതൽ 45 വരെ അഞ്ചു വർഷത്താഴെ സമയം കൊണ്ട് കൊന്നുതീർത്ത നാസി തടവറകളാണ് ഓഷ് വിറ്റ്സ് കാമ്പ്. പോളണ്ടിലാണത്. 1939ൽ നാസി ജർമ്മനി പോളണ്ട് കയ്യേറുന്നതോടെയാണ് രണ്ടാം ലോകയുദ്ധം തുടങ്ങുന്നത്. അഞ്ചു വർഷം കൊണ്ട് പിടിച്ചെടുത്ത നാടുകളിലെയും ജർമ്മനിയിലെയും അറുപതു ലക്ഷം പേരെയാണ് ഹിറ്റ്ലർ വധിച്ചത്. എത്രയോ രണ്ടാം ലോകയുദ്ധ സിനിമകൾ പിടിച്ചു കഴിഞ്ഞിട്ടും യൂറോപ്പിന്, പ്രത്യേകിച്ച് കിഴക്കൻ യൂറോപ്പിന് ഇന്നും ലോകയുദ്ധ സിനിമകൾ അവസാനിപ്പിക്കാനാവുന്നില്ല.

മരണത്തോടൊപ്പം ഒരു നിശ്ശബ്ദത കേൾക്കാനാവും. ഒറ്റയിടത്തു നടന്ന ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയിൽ സംവിധായകൻ കേൾക്കുന്ന നിശ്ശബ്ദത നമ്മെ കേൾപ്പിക്കുന്നതാണ് 'ദ സോൺ ഓഫ് ഇന്ററസ്റ്റ്' (The Zone of Interest) എന്ന സിനിമ. മനുഷ്യർക്കിടയിലെ നിശ്ശബ്ദയിടങ്ങളെ ചലനചിത്രങ്ങളാക്കിയ സിനിമയുമാണിത്. ഇതിനു കിട്ടിയ ഓസ്കാറുകളിലൊന്ന് ശബ്ദത്തിനാണ് (ജോണി ബേണിനും താൻ വില്ലേഴ്സിനും). 2024- ലെ മികച്ച അന്തർദേശീയ ചിത്രത്തിനുള്ള ഓസ്കാറും The Zone of Interest-നാണ്. 2023- ൽ കാനിലെ ഗ്രാന്റ് പ്രീയും ജോനാതൻ ഗ്ലേസർ എഴുതി സംവിധാനം ചെയ്ത സോൺ നേടി. മാർട്ടിൻ അമിസിന്റെ 'ദ് സോൺ ഓഫ് ഇന്ററസ്ററ്' എന്ന നോവലിൽ നിന്നാണ് ഗ്ലേസർ തിരക്കഥയിലേക്ക് പോയത്.

യുവാവായ റുഡോൽഫ് ഹോസും കുടുംബവും നാലഞ്ച് വീട്ടുവേലക്കാരികളും പുറം ജോലിക്കാരുമായി മനോഹരമായ പൂന്തോട്ടത്തോടൊപ്പം സർക്കാർ വീട്ടിൽ രസിച്ചു പാർക്കുന്നു. പൊക്കമുള്ള മതിലിനപ്പുറം ഓഷ് വിറ്റ്സ് കോൺസൺട്രേഷൻ ക്യാമ്പാണ്.
യുവാവായ റുഡോൽഫ് ഹോസും കുടുംബവും നാലഞ്ച് വീട്ടുവേലക്കാരികളും പുറം ജോലിക്കാരുമായി മനോഹരമായ പൂന്തോട്ടത്തോടൊപ്പം സർക്കാർ വീട്ടിൽ രസിച്ചു പാർക്കുന്നു. പൊക്കമുള്ള മതിലിനപ്പുറം ഓഷ് വിറ്റ്സ് കോൺസൺട്രേഷൻ ക്യാമ്പാണ്.

നമ്മൾ പൊതുവെ മനുഷ്യർ എന്നു പറയുമ്പോഴും ഓരോ മനുഷ്യനും ചെറുതും വലുതുമായ ഓരോ മനുഷ്യക്കൂട്ടവും അവരവർ സ്വയം സങ്കല്പിച്ചെടുത്ത ഇടങ്ങളിലാണ് കഴിയുക. അവരവരുടെ ചരിത്രത്തിന്റെ തുടർച്ചയിലാണ് ഓരോരുത്തരും നിലനിൽക്കുക, പ്രവർത്തിക്കുക. തൊട്ടു നിൽക്കുന്നയാളുമായി ഒരു സംവേദനവുമില്ലാതിരിക്കാൻ മനുഷ്യനു കഴിയും. അയാൾ എത്ര വലിയ നിലവിളിയോടെ മരിച്ചാലും അതറിയാതെ തുടരാൻ മനുഷ്യർക്കറിയാം. അയാൾ എന്നത് ദശലക്ഷം മനുഷ്യരായാലും. അയാളുടെ/ അവരുടെ വംശം വേറെയാണെന്ന ധാരണയുണ്ടെങ്കിൽ എളുപ്പമായി. റുഡോൽഫ് ഹോസും ഹെഡ്വിഗ് ഹോസുമായി നമുക്കു യാതൊരു ഛായയുമില്ലെന്ന് ഉറപ്പാണോ? അയാളുടെ മധ്യവർഗ കുടുംബജീവിതം നമ്മുടേതു പോലെയാണെന്ന് വെറുതെ തോന്നുന്നതാണോ?

ഇന്നു ചെയ്യുന്ന 'ജോലികൾ' ഏറിയ കാര്യക്ഷമതയോടെ ചെയ്തുതീർക്കാനുള്ള പ്രൊപ്പോസൽ ഹോസിനു മുന്നിൽ വിദഗ്ധർ അവതരിപ്പിക്കുന്നുണ്ട്. വിഷവാതക ചേംബറിൽ നിന്ന് ചൂളയിലേക്ക് ലഭിക്കുന്ന മൃതമാക്കിയ ശരീരങ്ങൾ നാനൂറ് മുതൽ അഞ്ഞൂറെണ്ണം വരെ ഒരുമിച്ച് ആയിരം ഡിഗ്രി സെന്റീഗ്രേഡിൽ കരിച്ച് അതിവേഗം നാല്പത് ഡിഗ്രിയിലേക്ക് തണുപ്പിച്ചെടുക്കാൻ കാമ്പിൽ സ്ഥാപിക്കാൻ പോകുന്ന സംവിധാനത്തിന് കഴിയുമത്രേ! ഒരു സിമന്റ് നിർമ്മാണ യൂണിറ്റിലെ ചർച്ചയുടെ സാങ്കേതിക മുഖങ്ങളോടെയാണ് ഹോസും അവരും ചർച്ച ചെയ്യുന്നതും അതംഗീകരിക്കുന്നതും.

ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊല ചിത്രത്തിന്റെ പിൻപുറത്ത് ഒഴിവില്ലാതെ തുടരുകയാണ്. അവസാനിപ്പിക്കാനായി കാമ്പിലേക്ക് ആളുകളെ കൊണ്ടുവരുന്നത് കാമ്പിൽ അവസാനിക്കുന്ന തീവണ്ടിപ്പാതയിലാണ്. ആ 'തീ'വണ്ടികളുടെ അകലെ നിന്നുള്ള നേരിയ ശബ്ദം ഇടയ്ക്കിടെ ഹോസിന്റെ വീട്ടിലും മുറ്റത്തും കേൾക്കാം. എങ്ങോ വരെ നീളുന്ന മൗനത്തിനുള്ളിൽ നിന്നു വരുന്ന വെടിയൊച്ചകൾ, കരച്ചിലുകൾ, കൂട്ടഞരക്കങ്ങൾ, തുടങ്ങിയവയാണ് പിന്നെയുള്ളത്. ചീവീടുകളെയും നായകളെയും ചിലപ്പോൾ കേൾക്കാം. മതിൽക്കെട്ടിനുള്ളിൽ ഓഷ്വിറ്റ്സിന്റെ 'കാര്യങ്ങൾ' നടക്കുന്നത് കുറെ ഉള്ളിലായതുകൊണ്ടാണോ കാമ്പിലെ എല്ലാം നേർത്ത വിധത്തിൽ കേൾക്കുന്നത്? അതോ സിനിമയുടെ ശബ്ദഗ്രാഹി ആ ശബ്ദങ്ങളെ ഭയക്കുന്നതുകൊണ്ടാണോ? അതോ നമ്മുടെ ഇന്ദ്രിയത്തിന് നാനാ ശബ്ദമാത്രകളെ ഉയർത്തിയും താഴ്ത്തിയും സൗകര്യം പോലെ കേൾക്കാൻ കഴിയുന്നതു കൊണ്ടാണോ? അതോ മുഴുവനും കേട്ടുകൊണ്ടിരിക്കുകയാണോ? ഭയം മൂലമാണോ കാമറ തീരെ ആ ചുവരുകൾക്കുള്ളിലേക്ക് കടക്കാതിരിക്കുന്നത്? പുറത്തു നിന്ന് കിട്ടുന്ന അല്പദൃശ്യങ്ങളിലാണ് നമ്മൾ ക്യാമ്പിന്റെ കുമ്മായം തേയ്ക്കാത്ത ചൂളകൾ പോലെയുള്ള നിരനിരയായ കെട്ടിടങ്ങൾ കാണുക. ഒരു തവണ മാത്രം രണ്ടു മൂന്ന് നിമിഷങ്ങൾ ക്യാമ്പിനുള്ളിലെ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും വേദനാവിലാപങ്ങൾക്കിടയിൽ ക്യാമറ എത്തിപ്പെടുന്നുണ്ട്. പക്ഷേ, പുകയാണ്. ലെൻസ് അവരെ കാണുന്നില്ല. പുകയ്ക്കുള്ളിൽ ഹോസിന്റെ കടുത്ത മുഖം. തിരശ്ശീല പുകയുന്ന വെള്ളനിറമായി ആ സെക്കന്റുകൾ സിനിമയെ കടന്നു പോകുന്നു.

ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊല ചിത്രത്തിന്റെ പിൻപുറത്ത് ഒഴിവില്ലാതെ തുടരുകയാണ്.
ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊല ചിത്രത്തിന്റെ പിൻപുറത്ത് ഒഴിവില്ലാതെ തുടരുകയാണ്.

റുഡോൽഫ് ഹോസും ഹെഡ്വിഗ് ഹോസും കുട്ടികളും അതേ പേരുകളിൽ ചരിത്രത്തിലുള്ളവരാണ്. നാസി അർദ്ധസൈന്യമായ എസ്എസ് (ഷുറ്റ്സ്റ്റാഫേൽ- Schutzstuffel- Protection Squadrons- സംരക്ഷണ സൈന്യവ്യൂഹം) ആയിരുന്നു ഓഷ്വിറ്റ്സിലും നാസി ജർമ്മനി അധിനിവേശിച്ച ദേശങ്ങളിലും വംശോന്മൂലന സിദ്ധാന്തം നടപ്പിൽ വരുത്തിയത്. ആര്യവംശം ഒഴികെയുള്ളവരെ ഭൂമിയിൽ നിന്ന്, കുറഞ്ഞ പക്ഷം യൂറോപ്പിൽ നിന്ന് ഒഴിവാക്കിയെടുക്കണം.

ഹെഡ്വിഗ് ഹോസിന്റെ അമ്മ വലിയ നിലയിൽ കഴിയുന്ന മകളുടെ കുടുംബത്തോടൊപ്പം കഴിയാനായി വീട്ടിലെത്തുന്നുണ്ട്. അമ്മയും മകളും പൂന്തോട്ടത്തിൽ വിശേഷം വർണ്ണിച്ചിരിക്കുകയാണ്. പൂന്തോട്ടത്തിലെ പൂർണ്ണതയുള്ള ഡാലിയകളുടെയും റോസുകളുടെയും മറ്റു പൂക്കളുടെയും ക്ലോസപ്പിനൊപ്പം ശബ്ദധാരയിൽ അകലെ നിന്നുള്ള വെടിയൊച്ചകളാണ്, ജീവവേദനയുടെ ആർത്തനാദങ്ങളാണ്. സംവിധായകനോ നമുക്കോ താങ്ങാനാവാതെ ചെമന്ന പൂവിൽ നിന്നു പടർന്ന കടും ചെമപ്പ് മാത്രമായി തിരശ്ശീല മാറിയ അൽപനേരം. തനിക്കായി സുന്ദരമായി ഒരുക്കിയ മുറിയിലെ രാത്രിയിൽ കാമ്പിലെ തീ കണ്ടുപോകുന്ന അമ്മ. തീയുടെ മുരളലും ചുവപ്പും മുറിയിൽ പടരുന്നു. അടച്ച ജനലോ ജനൽ വിരികളോ കൊണ്ട് അതു തടയാനാവാതെ അമ്മ കത്തെഴുതി വച്ച് പാതിരായ്ക്കു തന്നെ ഇറങ്ങിപ്പോകുന്നു. ആ അമ്മയെ പോലെ ഒരാൾ കൂടിയുണ്ട് ഹോസിന്റെ വീട്ടിൽ. മാസങ്ങൾ പ്രായമുള്ള കൈക്കുഞ്ഞായ അന്നഗ്രെറ്റ് ഹോസ്. ഭാഷയ്ക്കും മുമ്പുള്ള അവൾ കരഞ്ഞു കൊണ്ട് മാത്രമാണ് സ്ക്രീനിൽ വരിക. പൂക്കളോട് ചേരാനും തലോടാനുമനുവദിക്കുന്ന അൽപ വേളയിൽ മാത്രമാണ് കുഞ്ഞ് കരച്ചിലടക്കുന്നത്.

ഗൺഷോട്ടുകളുടെ കേൾവിയില്ലാതെ മൂന്ന് മിനിറ്റു പോലും പിന്നിടാത്ത സിനിമ. ഓരോ വെടിയും ഓരോ മരണമാവണം. എന്നാൽ ഒരു തുള്ളി ചോരയോ കബന്ധമോ ചൂണ്ടിയ തോക്കോ വെടിയേറ്റയാളോ മരിച്ച ദേഹമോ വിഷവാതകയറകളോ തിരശ്ശീലയിൽ വരുന്നില്ല.
ഗൺഷോട്ടുകളുടെ കേൾവിയില്ലാതെ മൂന്ന് മിനിറ്റു പോലും പിന്നിടാത്ത സിനിമ. ഓരോ വെടിയും ഓരോ മരണമാവണം. എന്നാൽ ഒരു തുള്ളി ചോരയോ കബന്ധമോ ചൂണ്ടിയ തോക്കോ വെടിയേറ്റയാളോ മരിച്ച ദേഹമോ വിഷവാതകയറകളോ തിരശ്ശീലയിൽ വരുന്നില്ല.

വീട്ടിലെ പരിചാരികമാരെ സിനിമ പരിചരിക്കുന്നതിൽ അടക്കിവെച്ച എന്തോ ഉണ്ടെന്ന് നമുക്കു തോന്നിക്കൊണ്ടിരിക്കും. എപ്പോഴും ജോലികൾ ചെയ്യുന്നതായി കാണപ്പെടുന്ന പോളണ്ടിലെ ആ പെൺകുട്ടികൾ മിണ്ടാറില്ല. പുരുഷ ജോലിക്കാർക്കും മിണ്ടാട്ടമില്ല. നാട്ടിലെ കൗമാരക്കാരിയായ ഒരു പെൺകുട്ടി രാത്രിയുടെ ഒളിവിൽ ആപ്പിളുകൾ ശേഖരിച്ച് സൈക്കിൾ ചവിട്ടി കാമ്പിൽ എത്തിക്കുന്നത് ബ്ലാക്ക് ആന്റ് വൈറ്റ് നെഗറ്റീവിൽ ചിത്രം കാണുന്നുണ്ട്. അതീവ രഹസ്യമായും ജാഗ്രതയോടെയുമാണ് അവളത് ചെയ്യുന്നതെങ്കിലും നിർഭയയാണ്.

റുഡോൽഫിന്റെ 'ജോലിയിലുള്ള' പ്രാഗൽഭ്യം മേലാവിൽ (ഹിറ്റ്ലർക്ക്) അറിയാം. നാലു വർഷത്തെ ഉഗ്രൻ ഓഷ്വിറ്റ്സ് സേവനത്തിന് അയാൾക്ക് എസ് എസിന്റെ ഡപ്യൂട്ടി ഇൻസ്പെക്റ്ററായി സ്ഥാനോന്നതി നൽകുന്നു. പക്ഷേ അപ്പോൾ സ്ഥലം മാറിപ്പോകണം. ഓഷ്വിറ്റ്സിൽ താൻ നിർമ്മിച്ചെടുക്കുന്ന ജീവിതസൗന്ദര്യത്തിൽ സ്വയം മുഗ്ദ്ധയായ ഹെഡ്വിഗിനോട് സ്ഥലംമാറ്റം പറയാൻ കഴിയാതെ റുഡോൽഫ് കുറെ ദിവസം വിഷമിക്കുന്നുണ്ട്. കേൾക്കുമ്പോൾ ഹെഡ്വിഗ് വല്ലാതെ കുപിതയാകുന്നു. പറിച്ചുമാറ്റലിൽ കുടുംബജീവിയായ അയാളും മൗനിയും ഖിന്നനുമാണ്. ഫ്യുററോട് (ആരാധകർ ഹിറ്റ്ലറെ വിളിക്കുന്നതങ്ങനെ) നേരിട്ടു പറഞ്ഞ് സ്ഥലംമാറ്റം ഒഴിവാക്കാനാണ് ഹെഡ്വിഗ് ആവശ്യപ്പെടുന്നത്. നമുക്കു വേണ്ടതെല്ലാം ഇവിടെ വാതിൽപ്പടിയിലുണ്ട്. നമ്മുടെ കുട്ടികൾക്ക് ഇവിടെ സന്തോഷവും ബലവും ആരോഗ്യവുമുണ്ട്. വേണ്ടതെന്തെന്ന് ഫ്യൂറർ പറഞ്ഞതെല്ലാം ഇവിടുണ്ട്. നിവൃത്തിയില്ലെങ്കിൽ റുഡി പൊയ്ക്കോളൂ. കുട്ടികളെ വളർത്താൻ എനിക്ക് ഈ മനോഹര തീരം തന്നെ വേണം. ട്രാൻസ്ഫറായാൽ അവൾക്ക് അയാളെ മിസ്സ് ചെയ്തേക്കും. യുദ്ധം അവസാനിക്കുമ്പോൾ നേരത്തെ പറഞ്ഞതുപോലെ നമ്മൾ കൃഷി ചെയ്യും എന്ന് ഹെഡ്വിഗ്. സുന്ദരമെന്നല്ലാതെ അസാധാരണമായൊന്നുമില്ല അവരുടെ ജീവിതത്തിൽ എന്നേ തോന്നൂ. മനുഷ്യൻ എന്ന അദ്ഭുതത്തെ സംഗമില്ലാതെ സിനിമ കാണുന്നു.

നാട്ടിലെ കൗമാരക്കാരിയായ ഒരു പെൺകുട്ടി രാത്രിയുടെ ഒളിവിൽ ആപ്പിളുകൾ ശേഖരിച്ച് സൈക്കിൾ ചവിട്ടി കാമ്പിൽ എത്തിക്കുന്നത് ബ്ലാക്ക് ആന്റ് വൈറ്റ് നെഗറ്റീവിൽ ചിത്രം കാണുന്നുണ്ട്.
നാട്ടിലെ കൗമാരക്കാരിയായ ഒരു പെൺകുട്ടി രാത്രിയുടെ ഒളിവിൽ ആപ്പിളുകൾ ശേഖരിച്ച് സൈക്കിൾ ചവിട്ടി കാമ്പിൽ എത്തിക്കുന്നത് ബ്ലാക്ക് ആന്റ് വൈറ്റ് നെഗറ്റീവിൽ ചിത്രം കാണുന്നുണ്ട്.

നഗരത്തിൽ ഒരു പട്ടിയെ കാണുമ്പോൾ റുഡോൾഫ് ലാളിക്കുന്നുണ്ട്. കുറെ നേരം അതിനോട് സംസാരിക്കുന്നുണ്ട്. കുതിരയോട് വിട പറയുമ്പോൾ അയാൾ വികാരം കൊള്ളുന്നുണ്ട്. കുട്ടികളോടൊപ്പം വാത്സല്യത്തോടെ അയാൾ കളിക്കുന്നുണ്ട്. ഭാര്യയുമായി പ്രണയമൃദുകുസൃതി വർത്തമാനമുണ്ട്. ഇങ്ങനെയൊരു റുഡോൾഫിനെ നമുക്ക് നേരെ ചൂണ്ടുകയാണോ സംവിധായകൻ? മറ്റേ റുഡോൽഫിനെ പോലെ ഒരാൾ നമ്മുടെ ഉള്ളിൽ ഒളിച്ചിരിപ്പുണ്ടാവാം എന്നാണോ?

ഗൺഷോട്ടുകളുടെ കേൾവിയില്ലാതെ മൂന്ന് മിനിറ്റു പോലും പിന്നിടാത്ത സിനിമ. ഓരോ വെടിയും ഓരോ മരണമാവണം. എന്നാൽ ഒരു തുള്ളി ചോരയോ കബന്ധമോ ചൂണ്ടിയ തോക്കോ വെടിയേറ്റയാളോ മരിച്ച ദേഹമോ വിഷവാതകയറകളോ തിരശ്ശീലയിൽ വരുന്നില്ല. റുഡോൽഫ് ഹോസിന്റെയും ഭാര്യയുടെയും കുട്ടികളുടെയും സാധാരണ കുടുംബകഥയാണ് ജോനാതൻ ഗ്ലേസർ കാട്ടുക. പക്ഷേ ദശലക്ഷം മനുഷ്യർ വന്ന് നമ്മുടെ ശ്വാസം മുട്ടിക്കുന്നു.

രണ്ട് സ്ത്രീ ജീവനക്കാർ ഇന്നത്തെ ഓഷ്വിറ്റ്സ് മ്യൂസിയത്തിന്റെ വാതിൽ തുറന്നകത്തു കയറുന്നു. അവർ തറ തൂക്കുകയും തുടയ്ക്കുകയുമാണ്. അതിന്റെ നേരിയ ശബ്ദം മാത്രമേയുള്ളൂ. ആരും ഒന്നും മിണ്ടുന്നില്ല.
രണ്ട് സ്ത്രീ ജീവനക്കാർ ഇന്നത്തെ ഓഷ്വിറ്റ്സ് മ്യൂസിയത്തിന്റെ വാതിൽ തുറന്നകത്തു കയറുന്നു. അവർ തറ തൂക്കുകയും തുടയ്ക്കുകയുമാണ്. അതിന്റെ നേരിയ ശബ്ദം മാത്രമേയുള്ളൂ. ആരും ഒന്നും മിണ്ടുന്നില്ല.

ആര്യവംശജരാണ് തങ്ങളെന്നും തങ്ങളാണ് ഭൂമിയിലെ അധിപരാകേണ്ടത് എന്നും ഇതര ജനങ്ങളെ മുഴുവൻ കീഴടക്കുകയും ഇല്ലാതാക്കുകയും ചെയ്യുകയാണ് ദൗത്യമെന്നും കരുതിയവരാണ് നാസികൾ. റുഡോൽഫിന്റെ ഓഫീസ് മുറിയിലേക്ക് ലൈംഗികാവശ്യത്തിനാവണം, ഒരു ജൂത പെൺകുട്ടിയെ എത്തിക്കുന്നുണ്ട്. തുടർ രംഗത്തിൽ അയാൾ വാഷ്ബേസിന് മുന്നിൽ തന്റെ സ്വകാര്യഭാഗങ്ങൾ 'വംശവൃത്തി' വരുത്തുന്നത് നമ്മൾ പുറകിൽ നിന്ന് കാണുന്നു. ഭഗവത്ഗീതയിലെ കഥാപാത്രമായ അർജുനനും ആര്യ വംശത്തിൽപ്പെടുന്നയാളാണ് താനെന്ന് കരുതുന്നു. അർജുനൻ പറയുന്നു,
"വർണ്ണസങ്കരം കുലനാശകർക്കും കുലത്തിനും നരകത്തിന് കാരണമായിത്തീരുന്നു. പിണ്ഡദാനവും ഉദകക്രിയയും ലഭിക്കാതെ ഇവരുടെ പിതൃക്കൾ നിപതിച്ചു പോകുന്നു.
കുലഘാതകരുടെ വർണ്ണസങ്കരം ഉളവാക്കുന്ന
ഈ ദോഷങ്ങളാൽ
ശാശ്വതങ്ങളായ ജാതിധർമ്മങ്ങളും കുലധർമ്മങ്ങളും നശിച്ചുപോകുന്നു" (അർജുനവിഷാദയോഗം ശ്ലോകം 42, 43).

ഹംഗേറിയൻ സർക്കാരുമായി എസ്.എസ് ജൂത വംശച്ഛേദത്തിനുള്ള പുതിയ കരാറിൽ ഒപ്പുവയ്ക്കുന്നുണ്ട്. നദീജലം പങ്കുവയ്ക്കുന്ന കരാർ പോലെയൊക്കെയാണ് അത് എസ്.എസ് കൗൺസിൽ ചർച്ച ചെയ്യുന്നത്. മൂവായിരം ജൂതരെ വീതം നാല് ട്രെയിനുകളിലായി ആകെ പന്തീരായിരം പേരെ ദിനംപ്രതി ഓഷ്വിറ്റ്സിൽ എത്തിക്കും. അങ്ങനെ എഴുപതിനായിരം പേരെ അടിയന്തിരമായി തീർത്തെടുക്കുക എന്നതാണ് പുതിയ കരാർ. ഇത് കൃത്യതയോടെ നടപ്പിലാക്കുവാൻ റുഡോൽഫ് തന്നെ ഉണ്ടാവണം. കൗൺസിലിലെ കമാൻഡന്റുമാരെല്ലാം ഡെസ്കിൽ അടിച്ചാണ് ഈ തീരുമാനം പാസാക്കുന്നത്. റുഡോൽഫ് ഹെഡ് ക്വാർട്ടേഴ്സിലെ ഗോവണി ഇറങ്ങി വരികയാണ്. അയാൾ കാലത്തിലെ ഏതോ ദൂരത്തേക്ക് നോക്കുകയാണ്. രണ്ട് സ്ത്രീ ജീവനക്കാർ ഇന്നത്തെ ഓഷ്വിറ്റ്സ് മ്യൂസിയത്തിന്റെ വാതിൽ തുറന്നകത്തു കയറുന്നു. അവർ തറ തൂക്കുകയും തുടയ്ക്കുകയുമാണ്. അതിന്റെ നേരിയ ശബ്ദം മാത്രമേയുള്ളൂ. ആരും ഒന്നും മിണ്ടുന്നില്ല. ഇരുവശങ്ങളിലേയും ചില്ലിനുള്ളിൽ നിറയെ പഴയ തടവുകാരുടെ പേരെഴുതിയ വസ്തുക്കൾ, അവരുടെ ചിത്രങ്ങൾ. ഷൂസുകളാവട്ടെ പതിനായിരങ്ങൾ, ഒരുപക്ഷേ ലക്ഷങ്ങൾ. നിശ്ശബ്ദതയെ ആത്മാവിലടച്ച ഒച്ചകളോ അതോ ഒച്ചകളെ ആത്മാവിലടച്ച നിശ്ശബ്ദതയോ ആണ് ദ സോൺ ഓഫ് ഇന്ററസ്റ്റ്. സിനിമയിറങ്ങുന്ന വർത്തമാന കാലത്തിനു മേലേയ്ക്ക് കൂടി ഇറക്കിവയ്ക്കുന്ന അതിഭാരമുള്ള നിശബ്ദത.

ഉറക്കത്തിന് തടസ്സം ഒന്നുമില്ലെന്ന് റുഡോൽഫ് ഡോക്ടറോട് പറയുന്നുണ്ട്. ശോധനയും ദിവസം രണ്ടു നേരമുണ്ട്. പക്ഷേ പടിക്കെട്ടുകളിറങ്ങി വരുമ്പോൾ റുഡോൽഫിന് ഛർദ്ദിക്കാൻ തോന്നുന്നു. അയാൾ ഓക്കാനിക്കാൻ ശ്രമിക്കുന്നത് ചരിത്രത്തെയാണോ? പലതവണ ശ്രമിച്ചിട്ടും കഴിയുന്നില്ല. അയാൾ തുപ്പുക മാത്രമാണ് ചെയ്യുന്നത്. പടികൾ ഇറങ്ങും തോറും ഇരുട്ട് കനപ്പെട്ടു വരുന്നു. ആ ഇരുട്ട് കറുത്ത നിറമായി സ്ക്രീനിൽ പരന്ന് ഗാഢസങ്കട സംഗീതത്തിൽ ചിത്രം അവസാനിക്കുമ്പോൾ ആ ചരിത്രവും അവസാനിക്കുന്നു എന്ന് നമ്മൾ പ്രതീക്ഷപ്പെടുന്നു.

"Look at how a single candle can both defy and define the darkness " - Anne Frank

Comments