തിങ്കളാഴ്​ച നിശ്​ചയം: കുവൈത്ത്​ വിജയന്മാർ വാഴുന്ന കുടുംബങ്ങൾ

ഞ്ചാറ് വർഷങ്ങൾക്ക് മുമ്പുള്ള സംഭവമാണ്. തൃശ്ശൂരിലെ ഒരു റെസ്റ്റോറന്റിലിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ തൊട്ടടുത്ത ടേബിളിൽ ഒരു ഫാമിലി ഇരിയ്ക്കുന്നുണ്ടായിരുന്നു. അച്ഛനും അമ്മയും രണ്ട് പെൺകുട്ടികളും. വെയിറ്റർ വന്ന പാടെ അയാൾ ഓർഡർ ചെയ്തത് ശ്രദ്ധിച്ചു "എല്ലാവർക്കും മസാല ദോശ'. ഇളയ പെൺകുട്ടി അമ്മയോട് പതിഞ്ഞ ശബ്ദത്തിൽ എന്തോ പറഞ്ഞു. ആ സ്ത്രീ ഭർത്താവിനോട് "അവൾക്ക് പൂരി വേണംന്ന്' പറഞ്ഞതേയുള്ളൂ. അയാൾ അവരെ രൂക്ഷമായി നോക്കിയിട്ട് "മസാല ദോശ കഴിച്ചാ മതി' എന്ന് ശബ്ദമുയർത്തി അലറി. ഭക്ഷണം വന്നതും എല്ലാവരും യാന്ത്രികമായി കഴിച്ചു തുടങ്ങി. ഇടയ്‌ക്കെപ്പോഴോ പെൺകുട്ടികൾ തമ്മിൽ സംസാരിച്ചപ്പോൾ "കഴിയ്ക്കുമ്പോൾ എന്ത് വർത്തമാനം പറച്ചിൽ?' എന്ന് ഉച്ചത്തിൽ കയർക്കുന്നതും കണ്ടു. വർഷങ്ങളിത്ര കഴിഞ്ഞിട്ടും അയാളുടെ ആ നോട്ടവും ശബ്ദവും ഒക്കെ ഇപ്പോഴും മായാതെ മനസ്സിൽ കിടപ്പുണ്ട്. "തിങ്കളാഴ്ച നിശ്ചയം' എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രമായ കുവൈറ്റ് വിജയന്റെ ഭാവാഹാദികൾ കണ്ടപ്പോൾ മേൽപ്പറഞ്ഞ സംഭവവും ആ മനുഷ്യനുമാണ് ഓർമ്മയിൽ വന്നത്.

പുരുഷാധിപത്യം നൽകുന്ന അധികാരം ഉപയോഗിച്ച് തങ്ങളുടെ ഇച്ഛയും ശക്തിയും കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് മേൽ പ്രയോഗിക്കുന്ന ഇത്തരം വ്യക്തികൾ നമുക്ക് ചുറ്റും നിരവധിയുണ്ട്. അതിലൊരാളാണ് തിങ്കളാഴ്ച നിശ്ചയത്തിലെ കുവൈറ്റ് വിജയനും. രാപകലില്ലാതെ കുടുംബത്തിന് വേണ്ടി അധ്വാനിക്കുന്നു എന്നത് ഈ അധികാരത്തിനും അധീശത്വത്തിനുമുള്ള ന്യായീകരണമായി എടുത്ത് കാട്ടുന്ന സ്വാർത്ഥരായ മനുഷ്യരുടെ ഒരു പ്രതിനിധിയാണ് അയാൾ. നാട്ടിലെ പ്രശ്‌നങ്ങൾക്കെല്ലാം പ്രതിവിധി രാജഭരണവും സർവ്വാധികാരവുമാണെന്ന് കരുതുന്ന അയാൾ അതിന്റെ ചെറിയൊരു യൂണിറ്റെന്ന പോലെയാണ് സ്വന്തം കുടുംബ ഭരണം കൈയാളുന്നതും.

കുടുംബങ്ങൾക്കുള്ളിൽ നിലനിൽക്കുന്ന ഈ അധികാര വ്യവസ്ഥിതിയെ സാമൂഹ്യ വിമർശനപരമായും ഹാസ്യാത്മകമായും ചിത്രീകരിച്ച രീതിയിലാണ് "തിങ്കളാഴ്ച നിശ്ചയം' എന്ന സിനിമ ശ്രദ്ധേയമാവുന്നത്. കാഞ്ഞങ്ങാട്ടിലെ ഒരു മധ്യവർത്തി കുടുംബത്തിനകത്ത് രണ്ട് ദിവസങ്ങളിലായി നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. കുവൈറ്റ് വിജയന്റെ ഇളയ മകൾ സുജയുടെ പെണ്ണുകാണൽ ചടങ്ങും തുടർന്ന് നിശ്ചയത്തിനുള്ള ഒരുക്കങ്ങളും പശ്ചാത്തലമാക്കി തെളിഞ്ഞ നർമ്മത്തിലൂന്നിയുള്ള ആഖ്യാനശൈലിയാണ് സിനിമയിലുടനീളം സ്വീകരിച്ചിരിക്കുന്നത്. സന്ദർഭങ്ങളിൽ നിന്ന് സ്വാഭാവികമായി ഉരുത്തിരിയുന്ന ഹാസ്യവും കാസർഗോഡൻ പ്രാദേശിക ഭാഷയുടെ ഇമ്പവും സിനിമയെ രസാവഹമാക്കുന്ന പ്രധാന ഘടകങ്ങളാണ്. അതോടൊപ്പം കൃത്യമായ വ്യക്തിത്വമുള്ള കഥാപാത്രങ്ങളുടെ രൂപീകരണം കൂടിച്ചേരുമ്പോൾ അടുത്തിടെ മലയാളത്തിൽ പുറത്തിറങ്ങിയ മികച്ച എന്റർടൈനർ ആയി മാറുന്നു "തിങ്കളാഴ്ച നിശ്ചയം'.

ചിരിയോടൊപ്പം ചിന്തയ്ക്കും ഇടം നൽകുന്നുണ്ട് ഈ ചിത്രം. സമകാലിക രാഷ്ട്രീയത്തെ സമർത്ഥമായി കഥാഗതിയിൽ വിളക്കിച്ചേർത്തിരിക്കുന്നതിന്റെ ഉദാഹരണങ്ങളാണ് രാജഭരണവും ജനാധിപത്യവും തമ്മിലുള്ള താരതമ്യവും ശബരിമല വിഷയവുമൊക്കെ. ജാതിയുടെയും മതത്തിന്റെയും പേരിൽ വേലികൾ തീർക്കാൻ മത്സരിക്കുന്ന ഈ കാലത്ത് തന്നെ അത്തരം വേർതിരിവുകളില്ലാതെ അന്യോന്യം ഇടപഴകുന്ന മനുഷ്യരുള്ള പ്രദേശങ്ങളും നമ്മുടെയിടയിലുണ്ട് എന്ന് ഹൃദ്യമായി പറഞ്ഞു വച്ചിട്ടുണ്ട് സിനിമയിൽ. വൈകുന്നേരം അമ്പലത്തിലെ ഗാനമേളയ്ക്ക് പോകാമെന്ന് പറയുന്ന ക്രിസ്ത്യാനിയായ അയൽക്കാരിയും വിജയന്റെ വീട്ടിലെ ഒരംഗത്തെ പോലെ തന്നെ പെരുമാറുന്ന അവുക്കറുമൊക്കെ (വിജയന്റെ കുട്ടികൾ 'അവുക്കറച്ഛാ' എന്നാണ് അയാളെ അഭിസംബോധന ചെയ്യുന്നത്) അത്തരം തുരുത്തുകളുടെ പ്രതിനിധികളായി സിനിമയിൽ വരുന്നുണ്ട്. പക്ഷേ ഒരു സന്ദർഭത്തിൽ പോലും ആ കഥാപാത്രങ്ങളുടെ ഐഡന്റിറ്റി പ്രകടനപരമായോ, മുഴച്ചു നിൽക്കുന്നതായോ അനുഭവപ്പെടുന്നുമില്ല.

പുതുമുഖ അഭിനേതാക്കളുടെ മിന്നുന്ന പ്രകടനമാണ് എടുത്ത് പറയേണ്ട മറ്റൊരു ഘടകം. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മനോജ് കെ.യു മലയാള സിനിമയ്ക്ക് മുതൽക്കൂട്ടാവും എന്ന കാര്യത്തിൽ സംശയമില്ല. തുടക്കം മുതൽ അവസാനം വരെ ആ കഥാപാത്രാവതരണത്തിൽ പുലർത്തിയിട്ടുള്ള സ്ഥിരത അസൂയാവഹമാണ്. അജിഷ പ്രഭാകരൻ, ഉണ്ണിമായ നാലപ്പാടം, അനഘ നാരായണൻ, സുനിൽ സൂര്യ, സജിൻ ചെറുകയിൽ, അനുരൂപ്, രഞ്ജി, നാരായണൻ.സി തുടങ്ങി അഭിനേതാക്കളെല്ലാവരും തന്നെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളാണ് കാഴ്ച വച്ചിട്ടുള്ളത്.

ആദ്യരംഗം ഒഴികെ സിനിമ പൂർണ്ണമായും ചിത്രീകരിച്ചിരിക്കുന്നത് ഒരൊറ്റ വീടിനുള്ളിലും പരിസരങ്ങളിലുമായിട്ടാണ്. മികച്ച ക്യാമറ പ്ലേസ്‌മെന്റുകളിലൂടെ ആ വെല്ലുവിളി മറികടക്കാൻ ഛായാഗ്രാഹകൻ ശ്രീരാജ് രവീന്ദ്രന് കഴിഞ്ഞിട്ടുണ്ട്. പല ഷോട്ടുകളിലും ക്യാമറ ചലനങ്ങളിലെ ചെറിയ ഇളകിയാട്ടം ഒരു സാക്ഷിയുടെ വ്യക്തിത്വം ക്യാമറയ്ക്ക് നൽകുന്നുണ്ട്. കഥാഗതിയ്ക്ക് അനുയോജ്യമായ രീതിയിലുള്ള പശ്ചാത്തല സംഗീതവും പാട്ടുകളും ഒരുക്കിയിരിക്കുന്ന മുജീബ് മജീദിന്റെ പങ്കും പ്രശംസനീയമാണ്. കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ സംഭവങ്ങളുടെ സൂചനകൾ സംഭാഷണ ശകലങ്ങളിലൂടെ വെളിപ്പെടുത്തുന്ന രീതിയിൽ സെന്ന ഹെഗ്‌ഡേ, ശ്രീരാജ് രവീന്ദ്രൻ, ഫഹദ് നന്ദു എന്നിവർ ചേർന്ന് ഒരുക്കിയിരിക്കുന്ന മുറുക്കമുള്ള തിരക്കഥയുടെ രസച്ചരട് ഒരിടത്തു പോലും മുറിഞ്ഞു പോകുന്നില്ല.അവസാന രംഗത്ത് വരുന്ന കഥാപാത്രം കുറച്ച് over the top' ആയി തോന്നാമെങ്കിലും ഇത്തരം ഷോക്ക് ട്രീറ്റ്‌മെന്റുകളിലൂടെയേ വിജയൻമാർ വരച്ച വരകൾ മായ്ക്കാൻ കഴിയുകയുള്ളൂ എന്നത് ആ പ്രകടനത്തെ സാധൂകരിക്കുന്നു.ശബ്ദലേഖനവും ശബ്ദമിശ്രണവും കൂടി പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. അമ്പലത്തിലെ അനൗൺസ്‌മെന്റുകളും പശ്ചാത്തലത്തിൽ കേൾക്കുന്ന സംഭാഷണങ്ങളുമൊക്കെ ഒരു സബ്‌ടെക്സ്റ്റ് ആയിത്തന്നെ വായിച്ചെടുക്കാവുന്ന തരത്തിലാണ് അവതരിപ്പിച്ചിട്ടുള്ളത്.

പുതുമയുള്ളതെന്ന് പറയാനാവാത്ത ഒരു കഥാതന്തു തെരഞ്ഞെടുത്ത് മേക്കിങിലൂടെയും കഥാപാത്ര സൃഷ്ടികളിലൂടെയും അതിന് പുതിയൊരു മാനം നൽകിയിരിക്കുന്ന സംവിധായകൻ സെന്ന ഹെഗ്‌ഡെ മലയാള സിനിമയ്ക്ക് ലഭിച്ച ഒരു വാഗ്ദാനമാണെന്ന് നിസ്സംശയം പറയാം. നരേറ്റീവിലും ക്രാഫ്റ്റിലും പ്രകടിപ്പിച്ചിട്ടുള്ള കയ്യടക്കം ഇനിയും മികച്ച സൃഷ്ടികൾ ഈ സംവിധായകനിൽ നിന്നുണ്ടാകുമെന്ന പ്രതീക്ഷ നൽകുന്നുണ്ട്.

ഒരു കാലിന് ഇളക്കമുള്ള തീൻമേശയെ ഒരു സീനിൽ വളരെ പ്രാധാന്യത്തോടെ കാണിച്ചിട്ടുണ്ട്. ഒരർത്ഥത്തിൽ പുരുഷാധിപത്യത്തിലും യാഥാസ്ഥിതികത്വത്തിലും ഊറ്റം കൊള്ളുന്ന വിജയൻമാരെ കുറിക്കുന്ന ഒരു ബിംബം കൂടിയാണ് ആ തീൻമേശ. തങ്ങൾക്ക് ചുറ്റുമുള്ള ലോകം മാറുന്നതറിയാതെ തങ്ങളുടേതായ അധികാരകേന്ദ്രത്തിൽ വിരാജിക്കുന്ന മനുഷ്യർക്കെല്ലാം ആത്യന്തികമായി സംഭവിക്കുന്നത് തന്നെ ഇവിടെ വിജയനും സംഭവിക്കുന്നു. ഒരവസരം കിട്ടിയാൽ സ്വാതന്ത്ര്യത്തിന്റെ തുറസ്സ് തേടിപ്പൊകാൻ വെമ്പൽ കൊള്ളുന്നവരാണ് തനിക്ക് ചുറ്റുമെന്ന് രസകരമായ ഒരു പരിസമാപ്തിയിലൂടെ വിജയൻ മനസ്സിലാക്കുന്നിടത്ത് സിനിമ പൂർണ്ണമാകുന്നു.

പൊട്ടിച്ചിരിപ്പിക്കുന്ന ഒരു പോസ്റ്റ് ക്ലൈമാക്‌സ് സീൻ കൂടിയുണ്ട് സിനിമയിൽ. വിഭവസമൃദ്ധമായ സദ്യക്ക് ശേഷം ഒരുഗ്രൻ ഡെസ്സേർട്ട് കഴിച്ച പ്രതീതി അത് നൽകുന്നുണ്ട്. "മെയ്ഡ് ഇൻ കാഞ്ഞങ്ങാട്' എന്നാണ് ലേബലെങ്കിലും എവിടെയും പ്രസക്തമാവുന്ന, ചിരിയും ചിന്തയും ചേർത്തൊരുക്കിയ ഗംഭീര സിനിമയാണ് "തിങ്കളാഴ്ച നിശ്ചയം'.

Comments