ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ബാലുമഹേന്ദ്ര 2013 ൽ, തന്റെ മരണത്തിന് ഏകദേശം ഒരു വർഷം മുൻപ്, ‘തലൈമുറഗൾ' എന്ന പേരിൽ ഒരു ചിത്രം പ്രദർശനത്തിനെത്തിച്ചിരുന്നു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിൽ, സിനിമ എന്നത് സാധാരണക്കാർക്കിടയിൽ നിന്ന്പണക്കൊഴുപ്പിന്റെ ഗരിമയിലേയ്ക്ക് നടന്നകലുന്നതിന്റെ വേദന അദ്ദേഹം പങ്കുവച്ചു. തന്റെ സിനിമാജീവിതത്തിലുടനീളം കൃത്രിമമായ വെളിച്ചവിന്യാസങ്ങളോ, പ്രത്യേകം തയാറാക്കിയ വച്ചുകെട്ടലുകളോ കൂടാതെ, ജീവിതങ്ങളെ അതുപോലെ ക്യാമറയിലേക്ക് പകർത്തിയ
അദ്ദേഹം, സിനിമയെന്നാൽ സാധാരണക്കാരന്റെ ജീവിതത്തിലേക്ക് തിരിച്ചു വച്ചിരിക്കുന്ന ഒരു കണ്ണാടിയാകണമെന്നും അന്ന് അഭിപ്രായപ്പെട്ടു.
ശരിയാണ്, ആത്യന്തികമായി സിനിമ എന്നത് ഒരു വ്യവസായമാണ്. മുതൽമുടക്കുന്നവർക്കുമുൻപിൽ ലാഭം എന്നത് വലിയ ഒരു ആകർഷണീയത യായി നിലനിൽക്കുമ്പോൾ, കൃത്രിമമായ ശബ്ദവിന്യാസങ്ങളും, ക്വിന്റൽ തൂക്കമുള്ള ഇടികളും, പവർ പാക്ക്ഡ് സംഭാഷണങ്ങളും, മഴ നനഞ്ഞ ഐറ്റം സോങ്ങുകളും തുടങ്ങി കണ്ണുകൾക്ക് കുളിർമയേകുന്ന ഘടകങ്ങൾ ഉൾക്കൊള്ളിച്ച് ഒരു സ്ഥിരം പാറ്റേണിൽ സിനിമ പിടിച്ച് അധികം കൈപൊള്ളാതെ കഴിച്ചിലാക്കാൻ അവർ ശ്രമിക്കുന്നത് സ്വാഭാവികം.
മലയാളവും ഇതിൽ നിന്ന് ഭിന്നമല്ല.
മലയാളം ഫിലിം ഇൻഡസ്ട്രിയിൽ റിയലിസ്റ്റിക് സിനിമകൾക്ക് ഒരു ഉണർത്തുപാട്ടായി ‘മഹേഷിന്റെ പ്രതികാരം' മാറിയതിനുപിന്നാലെ, യഥാതഥ ആവിഷ്‌കാരമെന്ന പേരോടുകൂടിയ നിരവധി പടപ്പുകളുടെ കുത്തൊഴുക്കിന് മലയാളി പ്രേക്ഷകർ വിധേയരാകേണ്ടി വന്നു. പോകെപ്പോകെ റിയലിസ്റ്റിക് സിനിമ എന്ന ടാഗ് ലൈൻ കാണുമ്പോൾ തന്നെ മലയാളിയ്ക്ക് ഒരുതരം മടുപ്പും ഒക്കാനവും തോന്നിത്തുടങ്ങി.
‘പച്ചയായ ജീവിതയാഥാർത്ഥ്യങ്ങൾ വരച്ചിടുന്നു' എന്നവകാശപ്പെടുന്ന ഇത്തരം സിനിമകൾ സമ്മാനിച്ച വിരസത സഹിക്കാനാവാതെ മാസ് മസാല ചിത്രങ്ങളിലേക്ക് ഊളിയിട്ട മലയാളി പ്രേക്ഷകരെ ഒരു വീടിന്റെ ചുറ്റുവട്ടങ്ങളിലേയ്ക്ക് തിരിച്ചുപറിച്ചു നടുന്ന സിനിമയാണ് സെന്ന ഹെഗ്ഡെയുടെ ‘തിങ്കളാഴ്ച നിശ്ചയം'.
പേര് സൂചിപ്പിക്കുന്നതുപോലെ, ഒരു തിങ്കളാഴ്ച നടക്കുന്ന കല്യാണനിശ്ചയം ആണ് കഥയുടെ പ്ലോട്ട്. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ടുള്ള കുവൈറ്റ് വിജയന്റെ വീട്ടിൽ നടക്കുന്ന ഒരു കല്യാണ നിശ്ചയം!
എന്നാൽ എൻഡ്‌ക്രെഡിറ്റ്‌സ്‌ക്‌ളിലേക്കെത്തുമ്പോഴാണ് ഇതൊരു സിനിമ ആയിരുന്നുവെന്ന തോന്നൽ പ്രേക്ഷകർക്കുണ്ടാകുന്നത്. അതോടെ ഇത്രയും നേരം കുവൈത്ത് വിജയന്റെ വീട്ടിലേയ്ക്ക് ഒളിഞ്ഞുനോക്കുകയായിരുന്നല്ലോ താൻ എന്ന ജാള്യത പ്രേക്ഷകരെ മൂടുന്നു. അതവരെ തെല്ലൊന്ന് അസ്വസ്ഥരാക്കുന്നു.
തട്ടലും തടയലുമില്ലാതെ ഒരു പുഴപോലെ ഒഴുകുന്ന തെളിമയുള്ള സ്‌ക്രിപ്റ്റ്, ഒന്നും അധികമാക്കാതെ കയ്യടക്കമുള്ള ക്യാമറ, കഥപറച്ചിലിന്റെ പരപ്പിൽ നിന്ന്മുഴച്ചു നിൽക്കാത്ത മുജീബ് മജീദിന്റെ സംഗീതം... ഇതൊക്കെ ചിത്രത്തെ മികച്ചതാക്കുന്നു.
താരപ്പകിട്ടോ, പ്രശസ്തിയോ ഇല്ലാത്ത ഒരുപറ്റം അഭിനേതാക്കൾ തങ്ങൾക്ക് ലഭിച്ച അവസരം പരമാവധി വൃത്തിയായി മുതലാക്കിയപ്പോൾ സ്വാഭാവിക അഭിനയം എന്നാൽ എന്ത്? എന്ന ചോദ്യത്തിന് ഫിലിം സ്‌കൂൾ വിദ്യാർഥികൾക്ക് സോദ്ദോഹരണം വിശദീകരിക്കാവുന്ന ഒന്നായും ‘തിങ്കളാഴ്ച നിശ്ചയം' മാറുന്നു.
ഇരിങ്ങാലക്കുടയിലെ നസ്രാണിഭാഷയും, മലബാറിലെ മാപ്പിള മലയാളവും, ഒറ്റപ്പാലത്തെ പാലക്കാടൻ തമിഴും തുടങ്ങി പലഭാഷ സംസാരിക്കുന്ന ‘അന്തിക്കാടൻ നാട്ടുകാരെ' കാണിക്കാതെ, മലയാളിക്ക് അധികം പരിചയമില്ലാത്ത കാഞ്ഞങ്ങാടൻ മലയാളത്തെ സ്‌ക്രീനിലെത്തിക്കാൻ അണിയറ പ്രവർത്തകർ കാണിച്ച ധൈര്യം പ്രത്യേക കയ്യടി അർഹിക്കുന്നു. ചില കാഞ്ഞങ്ങാടൻ പ്രയോഗങ്ങൾ ആദ്യം മനസിലാവണം എന്നില്ല. എന്നാലും അതിനൊരു അഴകുണ്ട്.
വർഷങ്ങൾ നീണ്ട പ്രവാസ ജീവിതത്തിനുശേഷം നാട്ടിലെത്തുന്ന കുവൈറ്റ് വിജയന്റെ ഇനിയുള്ള ആഗ്രഹം തന്റെ ഇളയ മകളെ ‘താൻ ആഗ്രഹിക്കുന്ന വിധത്തിൽ, നാട്ടുകാരുടെ വായടപ്പിച്ച് അവരുടെ കണ്ണ് തള്ളിച്ച് കെട്ടിച്ചു വിടണം' എന്നതുമാത്രമാണ്
ഇതിനുള്ള തത്രപ്പാടിൽ, അഭിപ്രായസ്വാതന്ത്ര്യം, ജനാധിപത്യബോധം, തിരഞ്ഞെടുപ്പിനുള്ള അവകാശം, സഹജീവി സ്‌നേഹം തുടങ്ങിയ വികാരങ്ങൾക്കോ മൂല്യങ്ങൾക്കോ അയാൾ തന്റെ ജീവിതത്തിൽ സ്ഥാനം നൽകുന്നതേയില്ല! . ‘ഇത് എന്റെ വീട്, ഇവിടെ ഞാൻ പറയുന്നതേ നടക്കൂ ' എന്നതാണ് അയാളുടെ മതം. ആണധികാരത്തിന്റെ മത്തുപിടിച്ച അസംഖ്യം ഗൃഹനാഥന്മാരുടെ പ്രതിനിധിയാണ് വിജയൻ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് ഊറ്റം കൊള്ളുന്ന ഭാരതീയരുടെ കുടുംബങ്ങൾക്കുള്ളിലെ ജനാധിപത്യം പലപ്പോഴും ഒരു തമാശയായി തോന്നാറുണ്ട്. പാട്രിയാർക്കിയൽ പ്രിവിലേജസ് ജന്മാവകാശമായി ലഭിക്കുന്നവർക്കുമുൻപിൽ തങ്ങളുടെ സ്വാതന്ത്ര്യം അടിയറവ്
വയ്‌ക്കേണ്ടി വരുന്ന മറ്റൊരു വിഭാഗം ജനങ്ങൾ!
സിനിമയുടെ അവസാനം ഒരു വോട്ടെടുപ്പ് നടക്കുന്നുണ്ട്.
മസിൽ പവറും മണി പവറും ജനാധിപത്യത്തിന് എങ്ങനെ തുരങ്കം വയ്ക്കുന്നു എന്നതിന് ഇതിലും മനോഹരമായി എങ്ങനെയാണ് ഒരു ആഖ്യാനം ചമയ്ക്കാൻ കഴിയുക.
‘പെറ്റു പോറ്റിവളർത്തി' എന്നതിന്റെ പേരിൽ മക്കളുടെ അടിസ്ഥാന സ്വാതന്ത്ര്യത്തെ ഹനിക്കാൻ, അവരുടെ തിരഞ്ഞെടുപ്പുകളെ തകിടം മറിക്കാൻ മാതാപിതാക്കളും സമൂഹവും നടത്തുന്ന ശ്രമങ്ങളോടു കലഹിക്കുന്ന യുവതയുടെ പ്രതിനിധിയാണ് സിനിമയിലെ സുജ. വിജയൻ തന്റെ ഈഗോ സാറ്റിസ്ഫൈ ചെയ്യാൻ നടത്തുന്ന ശ്രമങ്ങൾക്ക് ‘അയാളെന്റെ അച്ഛനായിപ്പോയി’ എന്നതിന്റെ പേരിൽ, ജയ് വിളിക്കാനോ അതിനായി തന്റെ ജീവിതം തന്നെയും വിട്ടുകൊടുക്കാനോ ആ കുടുംബത്തിലെ
രണ്ട് പെണ്മക്കളും തയ്യാറല്ല തന്നെ!
സുജയാകട്ടെ, 16 വർഷം നീണ്ട പ്രണയം ബലികൊടുക്കാൻ താൻ തയ്യാറല്ല എന്നുറക്കെ പ്രഖ്യാപിച്ചാണ് ആ കത്ത് എഴുതുന്നതുതന്നെ. അറേൻജ്ഡ് മാരേജ് എന്ന പേരിൽ തലമുറകളായി നമുക്കുചുറ്റും നടക്കുന്ന കെട്ടുകാഴ്ചകളെയും ചിത്രം നല്ല രീതിയിൽ പരിഹസിക്കുന്നുണ്ട്.
ഒരു ഷർട്ട് എടുക്കാൻ കടയിൽ പോയാൽ കുറഞ്ഞത് രണ്ടോ മൂന്നോ മണിക്കൂർ ചെലവഴിക്കുന്ന മലയാളിയ്ക്ക് പത്തോ മുപ്പതോ കൊല്ലം കൂടെ കഴിയേണ്ട തന്റെ പങ്കാളിയെ തിരഞ്ഞെടുക്കാൻ ലഭിക്കുന്നത് ഒരു കപ്പ് ചായ ആറാനെടുക്കുന്ന സമയം മാത്രമാണ് എന്നത് എത്ര വലിയ വിരോധാഭാസമാണ്. ചിത്രത്തിൽ വിജയന്റെ ഇളയ മകളായ സുജയെ പെണ്ണുകാണാൻ ലക്ഷ്മികാന്തൻ എത്തുന്നത് ഒരു ശനിയാഴ്ചയാണ്. പിറ്റേന്ന് ഞായറാഴ്ച പൊതുഅവധി. ചൊവ്വാഴ്ച സുജയ്ക്ക് ചൊവ്വദോഷം. ബുധനാഴ്ച ലക്ഷ്മികാന്തന് ഗൾഫിലേക്ക് തിരിച്ചുപോവുകയും വേണം. അതുകൊണ്ട് തിങ്കളാഴ്ച തന്നെ, അതായത് പെണ്ണ് കണ്ട് 48 മണിക്കൂറുകൾക്കുള്ളിൽ അവർ തമ്മിലുള്ള വിവാഹത്തിന് കരാറാവുകയാണ്. ഒരു കോഴിക്കുഞ്ഞിനെ വാങ്ങുന്ന ലാഘവത്തോടെ മറ്റൊരു കല്യാണകരാറിനു കൂടി കാരണവന്മാർ തുല്യം ചാർത്തുന്നു.
ലക്ഷ്മീകാന്തനും സുജയും തമ്മിൽ സംസാരിക്കുന്നതുതന്നെ അഞ്ചോ പത്തോ മിനിറ്റുകളാണ്. തന്റെ വീട്ടിലെ പെണ്ണുങ്ങളെ നൈറ്റി ഇടുന്നതിൽ നിന്നും വിലക്കാനായി എന്നതിൽ ഊറ്റംകൊള്ളുന്നവനാണ് കാന്തൻ. എന്നാൽ സുജയോ, ഇന്നത്തെ മാറുന്ന പെണ്ണുങ്ങളുടെ പ്രതിനിധിയാണ്.
‘ഭക്ത ആണോ' എന്ന് ലക്ഷ്മികാന്തന്റെ ചോദ്യത്തെ അവൾ നേരിടുന്നത്, ‘എല്ലാ ദിവസവും അമ്പലത്തിൽ പോകും. പറ്റുമെങ്കിൽ അടുത്തവർഷം ശബരിമലയ്ക്ക് കൂടി പോണം' എന്ന മറുപടിയിലൂടെയാണ്.
ഇങ്ങനെ ഒട്ടും താല്പര്യമില്ലാത്ത ഒരു വിവാഹത്തിന് നിർബന്ധിക്കപ്പെടുന്ന സുജ അതിന് തയ്യാറാകുമോ ഇല്ലയോ എന്നതാണ് ചിത്രത്തിന്റെ മറുപകുതി.
സ്ത്രീപുരുഷ സമത്വം, ജനാധിപത്യം, തിരഞ്ഞെടുപ്പിനുള്ള അവകാശം, അഭിപ്രായ സ്വാതന്ത്ര്യം എന്നതിനെ ഒക്കെ ഒരു ഇടത്തരം കുടുംബത്തിന്റെ പരിമിതികൾ അതിർത്തി തീർക്കുന്ന കാൻവാസിൽ നിന്നുകൊണ്ട്
വളരെ ലളിതവും എന്നാൽ ശക്തവുമായി പറഞ്ഞുവയ്ക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അതാണ് ഈ സിനിമയുടെ വിജയവും.
കണ്ടുനോക്കാം.
കാണേണ്ട ഒന്നാണ്, തിങ്കളാഴ്ച നിശ്ചയം.
‘നിശ്ചയം.’