ചാപ്പ എറിഞ്ഞ് തന്നവരിൽ നിന്ന് തൊഴിൽ പിടിച്ചെടുത്ത കഥ; Thuramukham Review

പതിഞ്ഞ താളത്തിൽ പറഞ്ഞു തുടങ്ങി വളരെ പതുക്കെ തന്നെ വികസിപ്പിച്ചെടുക്കുന്ന പ്ലോട്ടാണ് തുറമുഖത്തിന്റേത്. പ്രധാന പ്ലോട്ടിന്റെ ഒരു ബാക്ക്സ്റ്റോറിയോടെയാണ് ചിത്രം തുടങ്ങുന്നത്. മട്ടാഞ്ചേരി തുറമുഖത്ത് ചരക്കിറക്കുന്ന തൊഴിലാളികളുടെ കുടുംബ ജീവിതവും തൊഴിലും പരിചയപ്പെടുത്തുന്ന ആദ്യഭാഗങ്ങളിൽ തന്നെ ചാപ്പയേറിന്റെ മനുഷ്യവിരുദ്ധതയും തൊഴിലാളി കുടുംബങ്ങളിലെ കൊടിയ പട്ടിണിയും വ്യക്തമാക്കുന്നുണ്ട്. പൂർണമായി ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച ഈ ബാക്ക്സ്റ്റോറി ഭാഗം ഒരു അതിഗംഭീര സിനിമറ്റോഗ്രഫി അനുഭവമാണ്.

1953 ലാണ് മട്ടാഞ്ചേരിയിൽ ചാപ്പ ഏറ് നിർത്തലാക്കണമെന്ന ആവശ്യവുമായി തൊഴിലാളികൾ സമരം ചെയ്യുന്നത്. തുറമുഖത്ത് ചരക്കുമായെത്തുന്ന കപ്പലുകളുടെ ഏജന്റുമാരായിരുന്നു മട്ടാഞ്ചേരിയിലെ പ്രധാന തൊഴിലുടമകൾ. തുറമുഖത്ത് ചരക്കിറക്കാനും തൊഴിലെടുക്കാനും ചാപ്പ എന്ന് വിളിക്കപ്പെട്ടിരുന്ന ടോക്കൺ കിട്ടേണ്ടതുണ്ട്. പണി കഴിഞ്ഞ് ഈ ടോക്കൺ തിരിച്ചേൽപ്പിക്കുമ്പോൾ ഭക്ഷണത്തിന്റെയും മറ്റ് ചിലവുകളും കിഴിച്ച് തുച്ഛമായ കൂലി തൊഴിലാളിക്ക് നൽകും. കപ്പൽ ഏജന്റുമാർ ചുമതലപ്പെടുത്തുന്ന കങ്കാണിമാരാണ് ചാപ്പ വിതരണം നടത്തുക. 1982 - ൽ പി.എ. ബക്കർ സംവിധാനം ചെയ്ത ചാപ്പ എന്ന ചിത്രത്തിൽ ഇത് കാണാം.

കങ്കാണിമാരുടെ വീട്ടുമുറ്റത്ത് തടിച്ച് കൂടുന്ന തൊഴിലാളികൾക്കിടയിലേക്ക് ചാപ്പ എറിഞ്ഞ് കൊടുക്കുന്നതായിരുന്നു രീതി. ആൾക്കൂട്ടത്തിനിടയിൽ നിന്ന് തൊഴിലാളികൾ തമ്മിൽ തല്ലി ചാപ്പ കൈക്കലാക്കണം. ചാപ്പ കൈക്കലാക്കാത്തവന് അന്ന് ജോലിയില്ല. കൂലിയുമില്ല.

പതിഞ്ഞ താളത്തിൽ പറഞ്ഞു തുടങ്ങി വളരെ പതുക്കെ തന്നെ വികസിപ്പിച്ചെടുക്കുന്ന പ്ലോട്ടാണ് തുറമുഖത്തിന്റേത്. പ്രധാന പ്ലോട്ടിന്റെ ഒരു ബാക്ക്സ്റ്റോറിയോടെയാണ് ചിത്രം തുടങ്ങുന്നത്. മട്ടാഞ്ചേരി തുറമുഖത്ത് ചരക്കിറക്കുന്ന തൊഴിലാളികളുടെ കുടുംബ ജീവിതവും തൊഴിലും പരിചയപ്പെടുത്തുന്ന ആദ്യഭാഗങ്ങളിൽ തന്നെ ചാപ്പയേറിന്റെ മനുഷ്യവിരുദ്ധതയും തൊഴിലാളി കുടുംബങ്ങളിലെ കൊടിയ പട്ടിണിയും വ്യക്തമാക്കുന്നുണ്ട്. പൂർണമായി ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച ഈ ബാക്ക്സ്റ്റോറി ഭാഗം ഒരു അതിഗംഭീര സിനിമറ്റോഗ്രഫി അനുഭവമാണ്. ജോജു ജോർജിന്റെയും മണികണ്ഠൻ ആചാരിയുടേയും അതിഗംഭീര പ്രകടനവും ഈ ഭാഗത്തെ മികവുറ്റതാക്കുന്നു. ഏറെക്കാലത്തിന് ശേഷം പൂർണിമ ഇന്ദ്രജിത്തിന്റെ തിരിച്ചുവരവും ഇവിടെ സംഭവിക്കുന്നു.

ജോജു ജോർജ് അവതരിപ്പിച്ച മൈമു എന്ന കഥാപാത്രത്തിന്റെ മക്കളാണ് മൊയ്തുവും ഹംസയും ഖദീജയും. മൈമുവിന്റെ മക്കൾ തൊഴിൽ ചെയ്യുന്ന കാലമായിട്ടും മട്ടാഞ്ചേരിയിലെ തൊഴിൽ രീതിക്കോ ചൂഷണത്തിനോ മാറ്റമൊന്നും വരുന്നില്ല. ഹംസ സാധാരണ തൊഴിലാളിയുടെ ജീവിതം തെരഞ്ഞെടുക്കുമ്പോൾ മൊയ്തു മറ്റൊരുവഴിയാണ് സ്വീകരിക്കുന്നത്. ഇവരുടെ ജീവിതത്തിലൂടെ, കൊച്ചിയുടെയും മട്ടാഞ്ചേരിയുടെയും രാഷ്ട്രീയ ചരിത്രം തിരുത്തിയെഴുതിയ ചാപ്പ സമരം എന്നപേരിൽ ചരിത്രത്തിന്റെ ഭാഗമായ കമ്യൂണിസ്റ്റ് പോരാട്ടത്തിലേക്കെത്തുന്നതാണ് തുറമുഖത്തിന്റെ കഥ.

മൂന്ന് മണിക്കൂറിനടുത്ത് ദൈർഘ്യമുണ്ട് സിനിമയ്ക്ക്. ഈ ചിത്രത്തെ സംബന്ധിച്ച് ഇതൊരു ബാധ്യതയാണ്. പ്രത്യേകിച്ച് ആദ്യപകുതിയിൽ ഒരു ഐഡിയയിലേക്കും ഫോക്കസ് ചെയ്യാതെ ഇത്ര ദൈർഘ്യത്തിൽ കഥ പറയുമ്പോൾ പ്രേക്ഷകർ ചിത്രത്തിൽ നിന്ന് അകന്ന് പോവുന്നുണ്ട്.

ഹംസയുടെയും മൊയ്തുവിന്റേയും കുടുംബ കഥ ചിത്രത്തിൽ ഒരു വൈകാരിക എലവേഷൻ ഉണ്ടാക്കേണ്ടതായിരുന്നെങ്കിലും അത് അതിന്റെ പൂർണതയിൽ വർക്ക് ചെയ്യുന്നില്ല. സിനിമയിലെ മറ്റു പ്ലോട്ടുകളെ ഈ കുടുംബ കഥ ഡിസ്ട്രാക്ട് ചെയ്യുക പോലും ചെയ്യുന്നുണ്ട്. എന്നിരുന്നാലും ആ കാലത്തെ ഒരു തൊഴിലാളി കുടുംബാന്തരീക്ഷത്തെ വളരെ വിശദമായി പരിചയപ്പെടുത്താനായി എന്നത് ഒരു മേന്മയാണ്.

സിനിമയുടെ പകുതിയിലേറെയും പ്രേക്ഷകരെ എൻഗേജ് ചെയ്യാതെയാണ് കടന്ന് പോവുന്നത്. ഏകതാനമായി പുരോഗമിക്കുന്ന സിനിമ, പക്ഷേ അതിനെ ന്യായീകരിക്കുന്ന വിധത്തിൽ വിവിധ സംഭവങ്ങളെയോ അവയുടെ ഡീറ്റെയിൽസോ ഉൾക്കൊള്ളിക്കുന്നില്ല. എന്നാൽ രണ്ടാം പകുതിയുടെ അവസാനത്തോടെ സിനിമ ഈ പ്രശ്നത്തെ മറികടന്ന് കൂടുതൽ വേഗത കൈവരിക്കുന്നുണ്ട്.

മട്ടാഞ്ചേരി സമരത്തിന്റെയും വെടിവെയ്പ്പിന്റെയും ചിത്രീകരണം സാങ്കേതികമായും വൈകാരികമായും ഏറെ മികച്ചു നിന്നു. രാജീവ് രവി സ്‌റ്റൈൽ "സിനിമാറ്റിക് റിയലിസം' ഈ രംഗങ്ങളിൽ മികവ് പകരുന്നു.

കഥാപാത്രങ്ങളുടെ പേര്, ചരിത്ര സംഭവങ്ങൾ, അക്കാലത്ത് ഉപയോഗിച്ചിരുന്ന അതേ മുദ്രാവാക്യങ്ങൾ തുടങ്ങിയവയുടെ ഉപയോഗം സിനിമയെ കൂടുതൽ രസകരമാക്കുന്നുണ്ട്. ഗോകുൽ ദാസിന്റെ ഗംഭീര ഛായാഗ്രാഹണത്തോടൊപ്പം ചിത്രത്തിന്റെ ആർട്ട് വർക്കും കൂടി ചേരുന്നതോടെ തുറമുഖം ഒരു കാഴ്ചാനുഭവം കൂടിയായി മാറുന്നുണ്ട്.

ചിത്രത്തിന്റെ അവസാനം കെ.ആർ. സുനിൽ പകർത്തിയ മട്ടാഞ്ചേരിയുടെ വർത്തമാന ചിത്രങ്ങൾ കൂടെ ഉൾപ്പെടുത്തിയത് ഒരു രാഷ്ട്രീയ മുദ്രാവാക്യം കാലങ്ങൾ കടന്ന് അലയടിക്കുന്നതു പോലെ ആ സമര ചരിത്രത്തെ വർത്തമാനകാലത്തിലേക്ക് കൂടി ബന്ധിപ്പിക്കുന്നു. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാര മേഖലകളിലൊന്ന് കൂടിയായ മട്ടാഞ്ചേരിയും ഫോർട്ട്‌കൊച്ചിയും അടങ്ങുന്ന പ്രദേശം നമ്മുടെ നാടിന്റെ തൊഴിലവകാശ സമരങ്ങളിൽ സവിശേഷമായ ഇടമുള്ളൊരു രാഷ്ട്രീയ ഭൂമികയാണെന്ന് തുറമുഖം പുതിയ തലമുറയോട് പറയുന്നു.

അർജുൻ അശോക്, സുദേവ് നായർ, നിമിഷ സജയൻ, നിവിൻ പോളി, ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ, ഗീതി സംഗീത തുടങ്ങിയ മറ്റ് അഭിനേതക്കളുടെ പ്രകടനവും മികച്ചതായി.

കെ.എം. ചിദംബരം എഴുതിയ നാടകത്തിൽ നിന്ന് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് അദ്ദേഹത്തിന്റെ മകൻ ഗോപൻ ചിദംബരമാണ്. ഷഹബാസ് അമനാണ് സംഗീതം. ലിസ്റ്റിൻ സ്റ്റീഫനും സുകുമാർ തെക്കേപ്പാട്ടുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്.


Summary: പതിഞ്ഞ താളത്തിൽ പറഞ്ഞു തുടങ്ങി വളരെ പതുക്കെ തന്നെ വികസിപ്പിച്ചെടുക്കുന്ന പ്ലോട്ടാണ് തുറമുഖത്തിന്റേത്. പ്രധാന പ്ലോട്ടിന്റെ ഒരു ബാക്ക്സ്റ്റോറിയോടെയാണ് ചിത്രം തുടങ്ങുന്നത്. മട്ടാഞ്ചേരി തുറമുഖത്ത് ചരക്കിറക്കുന്ന തൊഴിലാളികളുടെ കുടുംബ ജീവിതവും തൊഴിലും പരിചയപ്പെടുത്തുന്ന ആദ്യഭാഗങ്ങളിൽ തന്നെ ചാപ്പയേറിന്റെ മനുഷ്യവിരുദ്ധതയും തൊഴിലാളി കുടുംബങ്ങളിലെ കൊടിയ പട്ടിണിയും വ്യക്തമാക്കുന്നുണ്ട്. പൂർണമായി ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച ഈ ബാക്ക്സ്റ്റോറി ഭാഗം ഒരു അതിഗംഭീര സിനിമറ്റോഗ്രഫി അനുഭവമാണ്.


മുഹമ്മദ്​ ജദീർ

ഹെഡ്​, ഡിജിറ്റൽ ഓപ്പറേഷൻസ്​.

Comments