തിരുവനന്തപുരത്ത് ഈയിടെ നടന്നത് പതിനെട്ടാമത് രാജ്യാന്തര ഡോക്യുമെൻ്ററി, ഹ്രസ്വചലച്ചിത്ര മേളയാണ്. ഐഡിഎസ്എഫ്എഫ്കെയിൽ കാണികൾ ഏറിവരുന്നുണ്ട്. ആരെങ്കിലും പറഞ്ഞിട്ടില്ലാത്ത മനുഷ്യാനുഭവങ്ങളിലേക്ക്, പെരുപ്പിക്കാതെ കാട്ടിത്തരുന്ന ലെൻസുമായി പോകാനുള്ള ചലച്ചിത്രകാരരുടെ താല്പര്യത്തോടുള്ള പ്രതികരണമാവാം കാരണം. ഡോക്യുമെൻ്ററിയും ചെറുചിത്രവും ചെറുപ്പക്കാരായ സിനിമ കലാകാരരുടെ മണ്ഡലമാണ്, പ്രധാനമായും. ദേശാന്തരങ്ങളിലെപ്പോലെ മലയാളി യുവാക്കളിൽ ചിലരുടെ ചിത്രങ്ങളും പുതിയ അന്വേഷണങ്ങൾക്ക് മുൻകൈയ്യെടുക്കുന്നു. ദൈവക്കോലങ്ങൾ, ബ്ലൂബേഡ്, ആവാസം എന്നീ മലയാളം ഷോർട്ട് ഡോക്യുമെൻ്ററികൾ അത് ചെയ്യുന്നുണ്ട്.
ദൈവക്കോലങ്ങൾ
തെയ്യം കലാകാരനെപ്പറ്റി, കലാകാരരെപ്പറ്റി സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത ചെറു ഡോക്കുമെൻ്ററിയാണ് ദൈവക്കോലങ്ങൾ. മത്സരവിഭാഗത്തിലാണ് ദൈവക്കോലങ്ങൾ പ്രദർശിപ്പിച്ചത്. ദലിത്, പിന്നാക്ക സമുദായങ്ങളിൽ പെടുന്നവരാണ് തെയ്യം കലാകാരർ. ചില തെയ്യങ്ങൾ ചില സമുദായാംഗങ്ങൾക്കായി വീതംവച്ചിരിക്കുന്നു. നാടോടി പാരമ്പര്യത്തിൻ്റെ തുടർച്ചയാണത്. ബ്രാഹ്മണർ കേരളത്തിലെത്തി മുകളിലും താഴെയുമായി ഇവിടുത്തെ ഗോത്രങ്ങളെ ജാതിത്തട്ടുകളാക്കിയപ്പോഴും ഇതു തുടരേണ്ടിവന്നു. ബ്രാഹ്മണർ അധീശത്വം സ്ഥാപിച്ചപ്പോൾ തെയ്യങ്ങളെ പുരാണദൈവങ്ങളുമായി സമീകരിക്കാനോ സമന്വയിക്കാനോ തുടങ്ങി. അപ്പോഴും ഒത്തുതീർപ്പുപോലെ തെയ്യം കെട്ടാനുള്ള അവകാശങ്ങൾ നിലനിർത്തേണ്ടി വന്നതാവാം. തെയ്യമായി നിലകൊള്ളുമ്പോൾ ബ്രാഹ്മണരും നാടുവാഴികളുമടക്കം ഭക്തരായി തലകുനിക്കും. എന്നാൽ തെയ്യം കെട്ടിയതഴിച്ചുവച്ചാൽ തെയ്യംകാരൻ തിരികെ വിധേയജാതിക്കാരനുമാകും. തെയ്യം കെട്ടാൻ കഴിയുന്ന പ്രായം കഴിഞ്ഞാൽ ആ കലാകാരരെങ്ങനെയെന്ന് "ദൈവക്കോലങ്ങളു"ടെ കാമറ തിരയുന്നു.
ഗോപി, മുഖ്യതെയ്യങ്ങൾ കെട്ടുന്ന കലാകാരനാണ്. തെയ്യമില്ലാത്ത കാലത്ത് അദ്ദേഹം തെങ്ങും കവുങ്ങും കയറിയും മറ്റു പണികൾ ചെയ്തുമാണ് ജീവിക്കുക. കുറച്ചു മണിക്കൂർ മാത്രം ഏവർക്കും ആരാധ്യനും അതൊഴികെ ഉടനീളം ദലിത് തൊഴിലാളിയുമായി പകർന്നു ജീവിക്കുന്ന ഗോപി/ഗോപിമാർ. പ്രായമാവുന്തോറും ആശങ്കകളാണ്. പഴയ കലാകാരരുടെ അവസാനകാലം അദ്ദേഹം കാണുകയും നമുക്ക് കാട്ടുകയും ചെയ്യുന്നു. ഗോപി പറയുന്നതിനേക്കാൾ അദ്ദേഹത്തെ ഫോക്കസിലെടുക്കുന്ന കാമറ കാണുകയാണ്.
തെയ്യം കെട്ടുന്ന കാലത്ത് പാവം ശരീരം ഒരുപാട് പീഡകൾ ഏറ്റുവാങ്ങുന്നു.സന്ധ്യയ്ക്ക് ആറു മുതൽ രാവിലെ ഒമ്പത് വരെ മൂത്രമൊഴിക്കാതെ ആടേണ്ടി വരാറുണ്ട്. നീണ്ട പകലുകളുമുണ്ട് ചിലതങ്ങനെ. തീയിലൂടെ നടപ്പും സമ്പർക്കങ്ങളും പല തെയ്യദേഹങ്ങൾക്കുമുണ്ടാകുന്നു. എന്നാൽ ശേഷകാലത്ത് ആ പീഡകൾ പിൻതുടരും. അപ്പോൾ തനിയെയുമായിരിക്കും. തെയ്യം കലാകാരരുടെ സുരക്ഷയ്ക്കായി കാര്യമായ പദ്ധതികളില്ല. നാട്ടുകാർക്ക് ദൈവവും കേരളസംസ്കാരത്തിൻ്റെ എടുപ്പുകളുമായിരിക്കെത്തന്നെയാണിത്. അതത് തെയ്യത്തിൻ്റെ കാവരങ്ങിന് പുറത്ത് കേരളത്തിലും ലോകത്തും തെയ്യം കെട്ടാനുള്ള ക്ഷണങ്ങൾ ഈ കലാകാരർക്ക് ജീവനവഴികൾ നൽകും. പക്ഷേ ആ അവസരങ്ങളെ തടയുന്ന ഫ്യൂഡൽ യുക്തികൾ ശക്തമാണ്.
'ദൈവക്കോലങ്ങളു'ടെ ഫ്രെയിമുകൾ തെയ്യപ്രഭാവത്തിന്റെ പ്രലോഭനങ്ങളിലേക്ക് അധികം പോകുന്നില്ല. എങ്കിലും തെയ്യത്തിലെ ചിത്രകല, ശില്പകല, താളം, സംഗീതം, കവിത, ഉടയാടകൾ തുടങ്ങിയ കലാശ്രദ്ധകളിലേക്ക് സംവിധായകൻ തിരിയുന്നുണ്ട്. തെയ്യമേഖലയിൽ വിശ്വാസം, കലാസമൃദ്ധിയിലേക്ക് ഭാവാന്തരപ്പെടുന്നു. ദൈവമായി അരുളുന്ന തെയ്യങ്ങൾ പോലും വേഷമഴിച്ചാൽ അവർണ്ണ ശരീരങ്ങൾ മാത്രമാവുമ്പോൾ സഹകലാകാരരുടെ ചിത്രം എങ്ങനെയാവും? ഈ ചെറുസിനിമയുടെ വൃത്തത്തിലേക്ക് അവരെക്കൂടി ആനയിക്കുന്നില്ല.

ബ്ലൂബേഡ്
റാഷിദ നസ്രിയ സംവിധാനം ചെയ്ത ബ്ലൂബേഡ് (Bluebird) എന്ന ചെറു ഡോക്കുമെൻ്ററിയും മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ചു. വിഷാദമാണ് വിഷയം. 36 മിനിറ്റിൽ ഡോക്കുമെൻ്ററിയായും കലാചിത്രമായും കവിതയായും അതിന് പകർച്ചയുണ്ട്. സമാന്തരമായ മൂന്നു നാല് ആഖ്യാനങ്ങളാണ് വിഷാദരോഗത്തിൻ്റെ ഘനമായി മാറുന്നത്. വിഷാദം രോഗാനുഭവമായ ചിലർ അഭിമുഖം വരുന്നുണ്ട്. ചിലന്തിയും തുമ്പിയും ഓന്തുമൊക്കെ ചിത്രഭാഷയിൽ നമുക്കും അവർക്കുമിടയിൽ സംവദിക്കാനെത്തുന്നു. ചിലന്തി വല നെയ്യുന്ന അതിസമീപദൃശ്യങ്ങളിൽ കാമറ ഏറെയും സൗന്ദര്യോപകരണമാണ്. വലയുടെ പുറം നൂലിലും ഇടനൂലിലും കേന്ദ്രത്തിലും എട്ടുകാലിയെ കാണാം. സുദേവൻ പെരിങ്ങോടിന്റെ സ്റ്റില്ലുകളും കുഞ്ഞുവീഡിയോകളും ബ്ലൂബേഡ് സീക്വൻസുകളിൽ ഇഴചേരുന്നു. സിനിമകളിൽ സംഗീതമെന്നപോലെ ബ്ലൂബേഡിൽ റാഷിദ നസ്രിയ ചിത്രങ്ങളെ വിന്യസിച്ചിരിക്കുന്നു. വിഷാദിയായ മനസ്സിന്റെ അരികുകൾ കാൻവാസിലും സ്ക്രീനിലും വരച്ചത് ഈ സിനിമയുടെ ഒരു മുഖമാണ്. ക്യാമറയുടെ മുമ്പിൽ വരാൻ താൽപര്യമില്ലാത്ത ശാലിനി രഘുനാഥന്റെ ശബ്ദത്തോടൊപ്പം ഗ്രാഫിക് രേഖാചിത്രങ്ങളാണ് സ്ക്രീനിൽ. ശാലിനിയുടെ നേർത്ത വാക്യങ്ങൾ മൗനത്തോടു മുട്ടിനിൽക്കുന്നു. റാഷിദയുടെയും സ്മിത ശൈലേഷിന്റെയും കവിതകൾ മലയാളത്തിലും ഇംഗ്ലീഷിലും ദൃശ്യങ്ങൾക്കൊപ്പം ബ്ലൂബേഡിന്റെ വേറൊരു പ്രതലമാവുന്നു. ഒരു കട്ടൻചായ ഉണ്ടാക്കി കുടിച്ച് നടന്നിറങ്ങുന്ന സംവിധായികയുടെ സീക്വൻസാണ് തുടക്കം. അവസാനം കൈവരിയിൽ പിടിച്ച് ഇരുട്ട് വീഴുന്ന ജലാശയത്തിന്റെ ശൂന്യതയിലേക്ക് മുഖം നൽകി നിൽക്കുന്ന സംവിധായിക.
വിഷാദത്തോടൊപ്പം ബൈപോളാർ രോഗാവസ്ഥയുമുള്ള റാഷിദ, തന്നെത്തന്നെ ഇന്റർവ്യൂ ചെയ്യുന്നുണ്ട്. അരികുകളിലേക്ക് നീക്കപ്പെട്ട മറ്റു പലരെയും പോലെ വിഷാദികളും ഒന്നുകിൽ വിഗണിക്കപ്പെടുന്നു; അല്ലെങ്കിൽ അവരെക്കുറിച്ചുള്ള അവിഷാദികളുടെ നരേറ്റീവുകളും ഉപദേശങ്ങളും കേൾക്കുന്നു. അവർക്കെന്താണ് പറയാനുള്ളത്? ബ്ലൂബേഡിൽ അഭിമുഖം ചെയ്യപ്പെടുന്ന ഏജൻസി ലഭിക്കാത്ത വിഷാദരോഗികളോട് സംവിധായിക അഭിന്നയാകുന്നു. പെൺനോട്ടത്തിന്റെ (female gaze) ഒരു വാതിലും ഇവിടെ തുറക്കുന്നുണ്ട്.
എഴുത്തുകാരനായ കൃഷ്ണ ഒഴികെ വിഷാദാനുഭവങ്ങൾ പറയുന്ന ഇതരർ സ്ത്രീകളാണ്. ബാല്യത്തിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഏതാണ്ട് ഒരുപോലെയായ വിഷാദരോഗം മുതിർന്നവർക്കിടയിൽ സ്ത്രീകൾക്ക് ഒന്നരയോ രണ്ടോ ഇരട്ടിയാവുന്നതായി ലോകാരോഗ്യ സംഘടനയുടെ പഠനങ്ങൾ പറയുന്നുണ്ട്. സിനിമ ഇത്തരം കണക്കുകളിലേക്ക് തിരിയുന്നില്ല. അത് നേരനുഭവങ്ങളുടെ ആവിയിൽ മാത്രം പാകപ്പെടുകയാണ്. പെണ്ണിനെയും ആണിനെയും രോഗപാകപ്പെടുത്തുന്നതിൽ സമൂഹാധികാരം പുലർത്തുന്ന ശ്രദ്ധയാണ് ബ്ലൂബേഡ് സിനിമ.

മാധ്യമപ്രവർത്തകയായ റിനി വിഷാദരോഗപീഡയിലിരിക്കെ, വേണ്ടപ്പെട്ട ചിലർ റിനി മരുന്ന് കഴിക്കരുതെന്ന് ഉപദേശിക്കുന്നുണ്ട്. മരുന്ന് കഴിച്ചാൽ അവൾക്ക് ഉണ്ടായേക്കാവുന്ന കുട്ടിയെ ബാധിക്കാമത്രെ. കുട്ടിക്കാലാനുഭവങ്ങളാണ് ഈ രോഗം നൽകിയതെന്ന് റിനി കരുതുന്നു. തന്നിലെ ആ കുട്ടി ഇന്നും വിഷാദിയായി തുടരുന്നു. അതിന് ആശ്വാസം തൽക്കാലം മരുന്ന് മാത്രം. ബന്ധുക്കൾക്കും ചില കൂട്ടുകാർക്കു പോലും എന്നോ ജനിക്കാൻ പോകുന്ന കുട്ടിയുടെ ആരോഗ്യത്തിലാണ് അതിലേറെ താൽപര്യം. രാവിലെ ബ്രഷ് ചെയ്യാൻ കഴിയുന്നില്ല, ജോലി ചെയ്യുന്നതിനിടയിൽ സങ്കടത്തിൽ മുങ്ങിയിരുന്നു പോകുന്നു. ശരീരം വേദനിക്കുന്നു. റോഡ് മുറിച്ചു കടക്കാൻ കഴിയാതെ അഞ്ചു മിനിറ്റ് നടക്കാവുന്ന ദൂരത്തേക്ക് ഓട്ടോ റിക്ഷ പിടിക്കുന്നു. ശമ്പളമില്ലെങ്കിൽ അടുത്ത മാസം ജീവിക്കാൻ പറ്റാത്ത അവസ്ഥ അറിയുന്നവരാണ് മരുന്ന് വിലക്കുന്നത്. ഇത് റിനിയുടെ മാത്രം നിലയല്ല. പെൺകുട്ടി ആയാലും ആൺകുട്ടി ആയാലും ക്വിയർ കുട്ടി ആയാലും ബാല്യം മുതൽ ചുറ്റുമുള്ള മനുഷ്യരാണ് രോഗത്തിലേക്ക് വീഴ്ത്തുക. റാഷിദ വിഷാദരോഗികളെ ഇന്റർവ്യൂ ചെയ്യുമ്പോൾ നമ്മെയും ഇന്റർവ്യൂ ചെയ്യുന്നു. നൂറിൽ ആറുപേർ വിഷാദരോഗികളെങ്കിൽ ബാക്കി തൊണ്ണൂറു പേരോളവും മറ്റുള്ളവർക്ക് രോഗമുണ്ടാക്കാനുള്ള രോഗമുള്ളവരെന്ന് പറയേണ്ടി വരും. നൂറിൽ നാലുപേരെ ഒരുപക്ഷേ ഒഴിച്ചുനിർത്താം. റിനി, ശാലിനി, മേഗ, കൃഷ്ണയൊക്കെ തനിക്ക് സംഭവിക്കുന്നത് രോഗമാണെന്ന് ആദ്യമറിയുന്നില്ല. ചുറ്റുമുള്ളവർക്കുമറിയില്ല. നടക്കാനോ എഴുന്നേറ്റ് നിൽക്കാനോ പറ്റുന്നില്ല. കിടക്കയിൽ മൂത്രം ഒഴിക്കുക പോലുമുണ്ടാകുന്നു. അപ്പോൾ യാത്ര ചെയ്യൂ, സിനിമ കാണൂ, പാട്ടു കേൾക്കൂ, വായിക്കൂ, വ്യായാമം ചെയ്യൂ, കൂട്ടുകാരുമായി അല്പം മദ്യപിക്കൂ എന്നൊക്കെ പരിഹാരങ്ങൾ കേൾക്കണം.
മിക്കയാളുകളെയും പോലെ സംവിധായിക വിഷാദത്തിലേക്കും തുടർന്ന് ബൈപോളാർ ഡിസോഡറിലേക്കുമെത്തുക കൗമാരത്തിലാണ്. വീട്ടിലേക്ക് വിരുന്നു വന്ന സഹവിദ്യാർത്ഥികളെ സദാചാര പോലീസ് അടിച്ചതോടെ അവളുടെ മനസ്സിനും അടികൊണ്ടു. മേഗ പറയുന്നു, ഡിപ്രഷൻ ആണെങ്കിലും ഉത്കണ്ഠ ആണെങ്കിലും ഏതു പ്രായത്തിലും ലിംഗത്തിലുമുള്ളവരുടെ പ്രധാന ആവശ്യം തന്നെ കേട്ടിരിക്കാനൊരാളാണ്. അത് പങ്കാളിയാവാം, സുഹൃത്താവാം, അമ്മയാവാം, താൻതന്നെയാവാം. വിധിക്കാതെ, നിർദ്ദേശങ്ങൾ നൽകാതെ, പരിഹാരങ്ങൾ പറയാതെ ഒരു കേൾവി.
There's a bluebird in my heart
You'd never know
That he's in there
But he's in there
-Charles Bukowski (Blurbird)

ആവാസം (Habitus)
കെ.ആർ. നാരായണൻ ദൃശ്യശാസ്ത്ര കലാപഠന കേന്ദ്രത്തിലെ വിദ്യാർത്ഥിയായ കിരൺ കെ ആർ സംവിധാനം ചെയ്ത ആവാസം (Habitus) മലയാളം ചെറു ഡോക്യുമെൻ്ററി വിഭാഗത്തിലാണ് പ്രദർശിപ്പിക്കപ്പെട്ടത്. ഹിന്ദുത്വയുടെ കാലത്ത് പള്ളികൾക്കു മാത്രമല്ല, ദേശദൈവങ്ങൾക്കും രക്ഷയില്ല. ന്യൂനപക്ഷ ആരാധനാലയങ്ങൾക്കുമേൽ തർക്കമുണ്ടാക്കുകയോ പറ്റുമെങ്കിൽ പൊളിക്കുകയോ ചെയ്യുന്നത് സെക്കുലർ രാഷ്ട്രം കാണേണ്ടിവരുന്നു. കരിങ്കുട്ടി, മാടൻ, കറുപ്പുസ്വാമി എന്നിങ്ങനെയുള്ള ദ്രാവിഡ ദൈവങ്ങളെ ബ്രാഹ്മണ്യം പുരാണപുസ്തക ദൈവങ്ങളുടെ നിറം പൂശുന്നു. ആകാരവും ഭൂഷകളും അനുഷ്ഠാനങ്ങളും സവർണ്ണമായി മാറ്റിയെടുക്കുന്നു. അവരുടെ ആരാധകർക്കുതന്നെ അവരെ വിഷ്ണുവിന്റെയോ ശിവന്റെയോ അവതാരമോ പരിവാരമോ സേവകനോ ആക്കുന്നത് വിധേയരായി കണ്ടുനിൽക്കേണ്ടിവരുന്നു. ഏറെപ്പേർ അതിൽ അഭിമാനികളാവുന്നുമുണ്ട്. അങ്ങനെയൊരു പരിസരമാണ് സമകാല കേരളം.
പതിനഞ്ച് വർഷത്തിനപ്പുറം കുട്ടിക്കാലത്ത് സംവിധായകൻ അച്ഛനൊപ്പം പോയി കണ്ട പാലച്ചുവട്ടിലെ കരിങ്കുട്ടിയുടെ തറയിലേക്ക് ഇന്ന് വീണ്ടും പോകുന്നു. ഇപ്പോഴവിടെയൊരമ്പലം. സംസ്കൃതമന്ത്രങ്ങൾ. കരിങ്കുട്ടി ഒരു കോണിലായി. കരിങ്കുട്ടിയ്ക്ക് അർപ്പിച്ചിരുന്ന മാംസവും മറ്റും അമ്പലത്തിന്റെ പടിയ്ക്കു പുറത്തായി. പെട്ടെന്നൊരു ദിവസം സ്ത്രീകൾ ഇതിനുള്ളിൽ കയറരുതെന്ന് തിരുമേനിമാരുടെ കല്പന വരുന്നു. അതങ്ങനെയാവുന്നു. കരിങ്കുട്ടിയെ ആരാധിച്ചിരുന്ന അമ്മ ഇരുട്ടിൽ ഇരിക്കുന്നതു കാണാം. ദൈവഹിതമാണ് (പുരോഹിതഹിതം) ഭക്തയായ അമ്മയ്ക്കും ഹിതമെന്ന് ആണുങ്ങൾ പറയുന്നു.

പാലക്കാട് ജില്ലയിൽതന്നെ കൊല്ലങ്കോട് ഭാഗത്തെ പഴയ കറുപ്പുസ്വാമി നട ഇന്ന് ചിങ്ങൻചിറ കറുപ്പുസ്വാമി ക്ഷേത്രമായിരിക്കുന്നു. അയ്യനാർ എന്ന ദ്രാവിഡ കാവൽദൈവത്തിന്റെ ഉപദൈവ സങ്കല്പമായിരുന്നു കറുപ്പുസ്വാമി. അയ്യനാർക്ക് ബുദ്ധമത ബന്ധമുണ്ടെങ്കിലും കറുപ്പുസ്വാമി മാംസനേദ്യപ്രിയനായിരുന്നു. അന്നിവിടെ ഊഞ്ഞാൽ കെട്ടി കൂട്ടമായി ആടി ആടിനെ അറുത്ത് ഒരുമിച്ച് പാചകം ചെയ്ത് ദൈവത്തിന് കൊടുത്തും കഴിച്ചുമുള്ള അരങ്ങായിരുന്നു. ഇന്നിപ്പോൾ മാംസം ക്ഷേത്രപരിസരത്ത് കൊണ്ടുവന്നാൽ ശിക്ഷയാണ് എന്ന് ബോർഡെഴുതി വച്ചിട്ടുണ്ട്. കറുപ്പുസ്വാമിയെത്തന്നെ ശിവനായി മാറ്റിയെടുത്തു. കരിങ്കുട്ടിയുടെയും കറുപ്പുസ്വാമിയുടെയും ആവാസങ്ങൾ സവർണ്ണ ക്ഷേത്രശൈലിയിലേക്ക് പരിണമിപ്പിക്കുന്നു. ഉർവരമായ രണ്ടു ഗ്രാമങ്ങളിലെ മരവും തണുപ്പും മഴത്തുള്ളിയും കുളവും കൽവിളക്കും കരിമേഘം വിഴുങ്ങുന്ന സൂര്യചന്ദ്രന്മാരും തേരട്ടയും നായയും നാട്ടാരും നാട്ടാഹാരവും മലയും കാടും താഴ് വരയും കിരണിൻ്റെയും അദുൽ കമാലിന്റെയും (ഛായാഗ്രഹണം) കാമറയ്ക്കു മുന്നിൽ അടുത്തും അകലെയുമായി ബിംബഭംഗികളോടെ ആവാസസാക്ഷികളാകുന്നു.
