1895 ഡിസംബർ 28-ന് ലൂമിയർ സഹോദരന്മാർ പാരീസിലെ ഗ്രാൻഡ് കഫേയിൽ നടത്തിയ ഏതാനും നിമിഷങ്ങൾ മാത്രം ദൈർഘ്യമുള്ള ചലച്ചിത്രപ്രദർശനത്തിൽനിന്ന് തുടങ്ങി, ഐമാക്സ് (IMAX) ക്യാമറകളിൽ ചിത്രീകരിച്ച ദൃശ്യവിസ്മയങ്ങളുടെ കാലത്താണ് നമ്മൾ ഇന്നെത്തിനിൽക്കുന്നത്. സിനിമയുടെ ചരിത്രം സാങ്കേതികവിദ്യയുടെ നിരന്തരമായ പരിണാമത്തിന്റെ ചരിത്രം കൂടിയാണ്. ഓരോ പുതിയ സാങ്കേതികവിദ്യയും സിനിമയെ കൂടുതൽ യാഥാർഥ്യബോധമുള്ളതും വേഗമേറിയതും ദൃശ്യസമ്പന്നവുമാക്കാൻ ശ്രമിച്ചു. എന്നാൽ സാങ്കേതികവിദ്യ അതിവേഗം വളർന്നിട്ടും ക്ഷമയും കരകൗശലവും സൂക്ഷ്മതയും ആവശ്യപ്പെടുന്ന ചില കലാരൂപങ്ങൾ ഇന്നും അതിന്റെ സവിശേഷത നഷ്ടപ്പെടുത്താതെ നിലനിൽക്കുന്നു. അവയിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് സ്റ്റോപ്പ് മോഷൻ ആനിമേഷൻ.
നിർജീവമായ വസ്തുക്കൾക്കും പാവകൾക്കും ഓരോ ഫ്രെയിമിലും നേരിയ ചലനങ്ങൾ നൽകി ജീവൻ പകരുന്ന ഈ സാങ്കേതികവിദ്യ, ആനിമേഷൻ ചരിത്രത്തിലെ ഏറ്റവും അധ്വാനമേറിയതും കലാപരമായ മൂല്യമുള്ളതുമായ രീതികളിലൊന്നാണ്. കഥാപാത്രങ്ങളുടെ രൂപകൽപന, വസ്ത്രനിർമാണം, സെറ്റ് ഡിസൈൻ, ലൈറ്റിങ്, ഓരോ ചലനത്തിന്റെയും സൂക്ഷ്മമായ ക്രമീകരണം തുടങ്ങി എല്ലാം കലാകാരന്മാരുടെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് സാക്ഷാത്കരിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ സ്റ്റോപ്പ് മോഷൻ സൃഷ്ടിക്കുന്ന ദൃശ്യങ്ങൾക്ക് ഡിജിറ്റൽ ആനിമേഷനിൽ നിന്ന് വ്യത്യസ്തമായ ഒരു സ്പർശനീയതയും വൈകാരിക അടുപ്പവും കൈവരുന്നു.
കമ്പ്യൂട്ടർ ജനറേറ്റഡ് ഇമേജറി (CGI) ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ ആനിമേഷൻ ലോകത്ത് വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ടെങ്കിലും, സ്റ്റോപ്പ് മോഷൻ അതിന്റെ കലാപരമായ സ്വത്വം നിലനിർത്തിക്കൊണ്ടാണ് മുന്നേറിയത്. ഇന്ന് നിരവധി സിനിമകളിൽ സ്റ്റോപ്പ് മോഷനും ഡിജിറ്റൽ സാങ്കേതികവിദ്യകളും സമന്വയിപ്പിച്ച് പുതിയ ദൃശ്യഭാഷകൾ സൃഷ്ടിക്കപ്പെടുന്നു. ഒരു നൂറ്റാണ്ടിലേറെയായി സിനിമയുടെ വളർച്ചയോടൊപ്പം സഞ്ചരിച്ച ഈ സവിശേഷ കലാരൂപത്തിന്റെ ചരിത്രവും സാങ്കേതിക വികാസവും പ്രധാന സ്രഷ്ടാക്കളും സിനിമകളും കലാപരമായ പ്രാധാന്യവും പരിശോധിക്കുകയാണിവിടെ.
ചുരുക്കത്തിൽ ‘സ്റ്റോപ്പ് - മോഷൻ’ എന്നത് ചലനമില്ലാത്ത വസ്തുക്കളെ വിവിധ പ്രക്രിയകളിലൂടെ ചലിപ്പിക്കുന്ന ദൃശ്യസാങ്കേതികതയാണ് എന്നു പറയാം. ചലച്ചിത്രചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള ആനിമേഷൻ സാങ്കേതികവിദ്യ കൂടിയാണിത്.

പ്രധാനമായും എട്ടു തരത്തിലാണ്
സ്റ്റോപ്പ് -മോഷൻ അനിമേഷൻ നിർമ്മിക്കുന്നത്.
1) പാവകളെ ഉപയോഗിച്ച്
(Puppet Animation)
ഉദാഹരണം: കോറലിൻ (Coraline, 2009), കോർപ്സ് ബ്രൈഡ് (Corpse Bride, 2005) എന്നീ സിനിമകൾ.
2) ക്ലേ ആനിമേഷൻ
(Clay Animation )
ക്ലേ അല്ലെങ്കിൽ പ്ലാസ്റ്റിസിൻ ഉപയോഗിച്ച് കഥാപാത്രങ്ങളെ സന്ദർഭങ്ങൾക്കനുസരിച്ച് രൂപം മാറ്റി ചിത്രീകരിക്കുന്നു.
ഉദാഹരണം: മോർഫ് (Morph british series).
3) ഒബ്ജക്ട് ആനിമേഷൻ
Object animation)
നമ്മൾ ഉപയാഗിക്കുന്ന സാധാരണ വസ്തുക്കളെ ചലിപ്പിച്ച് ആനിമേഷൻ രൂപപ്പെടുത്തുന്നു.
4) കട്ട് ഔട്ട് ആനിമേഷൻ
(Cutout Animation)
കടലാസ്, തുണി, കാർഡ് ബോഡ് എന്നിവ മുറിച്ചുണ്ടാക്കിയ രൂപങ്ങൾ ഉപയോഗിച്ച് ആനിമേഷൻ നിർമ്മിക്കുന്നു.
ഉദാഹരണം: മോണ്ടി പൈത്തൺസ് ഫ്ലയിംഗ് സർക്കസ് (Monty Python’s Flying Circus, 1969) എന്ന കോമഡി സീരീസിൽ ഈ രീതി ഉപയോഗിച്ചിട്ടുണ്ട്.
5) പിക്സിലേഷൻ
(Pixilation)
മനുഷ്യരെ ഓരോ ഫ്രെയിമിലും ചലനങ്ങളോടെ ചിത്രീകരിച്ച് സ്റ്റോപ്പ് മോഷൻ പോലെ അവതരിപ്പിക്കുന്നു.
ഉദാഹരണം: കോൾഡ്പ്ലേയുടെ ‘സ്ട്രോബെറി സ്വിംഗ്’ എന്ന സംഗീത വീഡിയോ (Strawberry Swing music video by cold play, 2009).
6) സിൽഹൗറ്റ് ആനിമേഷൻ
(Silhouette Animation)
നിഴൽരൂപങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ആനിമേഷൻ.
ഉദാഹരണം: ദ അഡ്വെഞ്ചേഴ്സ് ഓഫ് പ്രിൻസ് അഹ്മദ്
(The Adventures of Prince Achmed, 1926).
7) മോഡൽ ആനിമേഷൻ
(Model Animation)
മിനിയേച്ചർ മോഡലുകൾ, ജീവികൾ, കെട്ടിടങ്ങൾ എന്നിവ ഉപയോഗിച്ചു കൊണ്ടുള്ള സ്റ്റോപ്പ് മോഷൻ.
8) റീപ്ലേസ്മെന്റ് ആനിമേഷൻ
(Replacement Animation)
ഫ്രെയിമിനനുസരിച്ച് കഥാപാത്രങ്ങളുടെ മുഖo, ശരീരഭാഗങ്ങൾ (3D പ്രിന്റ്) എന്നിവ മാറ്റിവച്ച് ഭാവങ്ങളും ചലനങ്ങളും സൃഷ്ടിക്കുന്ന രീതി. ഉദാഹരണം: കോറലിൻ (Coraline, 2009), പാരാനോർമൻ (ParaNorman, 2012), കുബോ ആൻഡ് ദി ടു സ്ട്രിങ്സ് (Kubo and the Two Strings, 2016), ഗില്ലെർമോ ഡെൽ ടോറോസിന്റെ പിനോക്കിയോ (Guillermo del Toro's Pinocchio, 2022).
1899-ൽ ബ്രിട്ടീഷുകാരനായ Arthur Melbourne cooper നിർമിച്ച ഒരു മിനിറ്റുള്ള Matches: An appeal എന്ന സ്റ്റോപ്പ് മോഷൻ ഫിലിം, യുദ്ധകാലത്ത് സൈനികർക്ക് തീപ്പെട്ടിക്കോലുകൾ സംഭാവന ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കുക ലക്ഷ്യമിട്ടാണ് ഇറക്കിയത്.
സ്റ്റോപ്പ് മോഷൻ ആനിമേഷൻ:
ചരിത്രവും വികാസവും
ജെ. സ്റ്റുവർട്ട് ബ്ലാക്ടണും ആൽബേർട്ട് ഇ.സ്മിത്തും (J. Stuart Blackton&Albert E. Smith) ചേർന്ന് നിർമ്മിച്ച ‘ദ ഹംപ്റ്റി ഡംപ്റ്റി സർക്കസ്’ (The Humpty Dumpty Circus, 1898) ആണ് ആദ്യ സ്റ്റോപ്പ് മോഷൻ ആനിമേഷനായി കരുതപ്പെടുന്നത്. ആൽബർട്ട് ഇ. സ്മിത്തിന്റെ മകളുടെ ചില കളിപ്പാട്ടങ്ങളായിരുന്നു ഇതിൽ ഉപയോഗിച്ചത്. ഒരു സർക്കസ് പശ്ചാത്തലമായിരുന്നു ഇതിനുണ്ടായിരുന്നത്. ബ്ലാക്ടണും സ്മിത്തും കൂടി തുടങ്ങിയ വിറ്റാഗ്രാഫ് സ്റ്റുഡിയോസിന്റെ (Vitagraph studios) കീഴിലായിരുന്നു ഈ ആനിമേഷന്റെ നിർമ്മാണം. ഫിലിം റീലുകൾ ലഭ്യമല്ലാത്തതിനാൽ സ്റ്റുഡിയോയുടെ വളർച്ചക്കുവേണ്ടി നിർമ്മാതാക്കൾ ഉണ്ടാക്കിയെടുത്ത കഥകളായി ഈ ആദ്യത്തെ സ്റ്റോപ്പ് മോഷൻ ആനിമേഷനെ ചില വിമർശകർ കരുതുന്നു. എങ്കിലും ‘അമേരിക്കൻ ആനിമേഷന്റെ പിതാവായി ജെ. സ്റ്റുവർട്ട് ബ്ലാക്ക്ടൺ അറിയപ്പെടുന്നു.
1899-ൽ ബ്രിട്ടീഷ്കാരനായ ആർതർ മെൽബൺ കൂപ്പർ (Arthur Melbourne cooper) പരസ്യചിത്രമെന്ന നിലയിൽ മാച്ചസ്: ആൻ അപ്പീൽ (Matches: An appeal) നിർമ്മിച്ചു. ഇതാണ് ലഭ്യമായതിൽ ഏറ്റവും പഴയ സ്റ്റോപ്പ് മോഷൻ ഫിലിം. ഒരു മിനിറ്റാണ് ഇതിന്റെ ദൈർഘ്യം. ഇതിലൂടെ സ്റ്റോപ്പ് മോഷൻ എന്ന രീതിയും പതിയെ ജനകീയമാകാൻ തുടങ്ങി. യുദ്ധകാലത്ത് സൈനികർക്ക് തീപ്പെട്ടിക്കോലുകൾ സംഭാവന ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കുക എന്നതായിരുന്നു ഈ ഫിലിമിന്റെ ലക്ഷ്യം. ചിത്രത്തിൽ സ്റ്റോപ്പ് മോഷനുവേണ്ടി തീപ്പെട്ടിക്കോലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഒബ്ജക്ട് ആനിമേഷൻ എന്നുള്ള രീതിയിലും ഇത് പിന്നീട് വന്ന സംവിധായകരെ വളരെയധികം സ്വാധീനിച്ചു.

പിന്നീടു വന്ന ദ എൻചാന്റഡ് ഡ്രോയിംഗ് (The Enchanted Drawing, 1900) എന്ന ഹ്രസ്വചിത്രം ജെ. സ്റ്റുവർട്ട് ബ്ലാക്ക്ടൺ തന്നെയാണ് സംവിധാനം ചെയ്തത്. ഇതിൽ ഒരു ചിത്രകാരൻ ക്യാൻവാസിൽ വരക്കുന്ന ചിത്രങ്ങൾ യഥാർത്ഥമായി പ്രത്യക്ഷപ്പെടുന്ന രീതിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. ലൈവ് ആക്ഷന്റെയൊപ്പം ഇത്തരത്തിലൊരു സ്റ്റോപ്പ് മോഷൻ രീതി ആദ്യമായിട്ടായിരുന്നു. ഈ ചിത്രം പ്രൊഡ്യൂസ് ചെയ്തത് തോമസ് ആൽവ എഡിസന്റെ നിർമ്മാണ കമ്പനിയായ എഡിസൺ മാനുഫാക്ചറിംഗ് കമ്പനി (Edison Manufacturing Company) ആയിരുന്നു. ജെ. സ്റ്റുവർട്ട് ബ്ലാക്ക്ടണിന്റെ തന്നെ പിന്നീടു വന്ന ചിത്രങ്ങൾക്ക് ഇതിലെ കണ്ടു പിടിത്തങ്ങൾ പ്രചോദനം നൽകിയിരുന്നു.
1902-ൽ പുറത്തിറങ്ങിയ ഫൺ ഇൻ എ ബേക്കറി ഷോപ്പ് (Fun in a Bakery Shop) എന്ന ഹ്രസ്വചിത്രത്തിൽ സ്റ്റോപ്പ് മോഷൻ സങ്കേതം ഉപയോഗിച്ചതായി കാണാം. വിഖ്യാത ചലച്ചിത്രകാരനായ എഡ്വിൻ എസ്. പോർട്ടറാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. എഡിറ്റിങ്ങിന്റെ പല നൂതന വശങ്ങളും കണ്ടുപിടിച്ച അദ്ദേഹം, സ്റ്റോപ്പ് മോഷൻ ടെക്നിക്കുകൾ ഉപയോഗിച്ച് മാവ് കൊണ്ട് നിർമ്മിച്ച മുഖത്തിന്റെ ചലനം സാധ്യമാക്കി. ഈ ഒരു ചിത്രം സ്റ്റോപ്പ് മോഷൻ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു.
ആദ്യ സയൻസ് -ഫിക്ഷൻ സിനിമയായി കരുതപ്പെടുന്ന എ ട്രിപ്പ് ടു ദി മൂൺ (A Trip to the Moon, 1902) എന്ന സിനിമയിലും സ്റ്റോപ്പ് മോഷൻ ഉപയോഗിച്ചിരിക്കുന്നു. ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന ബഹിരാകാശ സഞ്ചാരികൾ സഞ്ചരിക്കുന്ന ക്യാപ്സൂൾ ചന്ദ്രനിൽ ലാൻഡ് ചെയ്യുന്നത് ചന്ദ്രന്റെ കണ്ണിൽ തറക്കുന്ന രീതിയിൽ പാരഡി രീതിയിൽ അവതരിപ്പിച്ചിരിക്കുന്നതും എടുത്തുപറയേണ്ടതാണ്. ജോർജ് മെലിയസ് (Georges Méliès) ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
സർ ആർതർ കോനൻ ഡോയലിന്റെ നോവലായ ദ ലോസ്റ്റ് വേൾഡിനെ അടിസ്ഥാനമാക്കി ഹാരി ഒ. ഹോയ്റ്റ് സംവിധാനം ചെയ്ത ഇതേ പേരിലുള്ള ചിത്രം സ്റ്റോപ്പ് മോഷൻ ചരിത്രത്തിലെ വിപ്ലവമായിരുന്നു.
ആർതർ മെൽബൺകൂപ്പർ സംവിധാനം ചെയ്ത ബ്രിട്ടീഷ് ഹ്രസ്വ ചിത്രമായ എൻചാന്റഡ് ടോയ്‌മേക്കർ (Enchanted Toymaker, 1904) എന്ന 3 മിനിറ്റും 10 സെക്കന്റുമുള്ള ചിത്രത്തിൽ ലൈവ് ആക്ഷനും സ്റ്റോപ്പ് മോഷനും സംയോജിപ്പിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രവും നിലവിൽ ലഭ്യമല്ല.
1906-ൽ ജെ. സ്റ്റുവർട്ട് ബ്ലാക്ക്ടൺ സംവിധാനം ചെയ്ത ഹ്യൂമറസ് ഫേസസ് ഓഫ് ഫണ്ണി ഫേയ്സസ് (Humorous Phases of Funny Faces) എന്ന ചിത്രത്തിൽ ബ്ലാക്ക് ബോർഡിൽ ചിത്രങ്ങൾ വരയ്ക്കുന്ന രീതിയിലും, ആ ചിത്രങ്ങൾക്ക് ചലനമുണ്ടാകുന്ന രീതിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. സ്റ്റോപ്പ് മോഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ വലിയ ഒരു ശതമാനം വിജയിച്ച ഈ ചിത്രം, സ്റ്റാൻഡേർഡ് ക്യാമറയിൽ ഷൂട്ട് ചെയ്ത ആദ്യ ആനിമേഷൻ ചിത്രമാണ്.
എഡ്വിൻ എസ്.പോർട്ടറുടെ ഡ്രീം ഓഫ് എ റെയർബിറ്റ് ഫീൻഡ് ( Dream of a Rarebit Fiend, 1906), ദ ടെഡി ബിയേഴ്സ് (The Teddy Bears, 1907) എന്നീ ചിത്രങ്ങളും സ്റ്റോപ്പ് മോഷൻ ഉപയോഗിച്ച് നിർമ്മിച്ചതിൽ പ്രധാനപ്പെട്ടതാണ്.
റഷ്യൻകാരനായ ലാഡിസ്ലാസ് സ്റ്റാരെവിച്ച് (Ladislas Starevich) ഈ മേഖലയിൽ വലിയ രീതിയിലുള്ള പരീക്ഷണങ്ങൾ നടത്തി. ലൂക്കാനസ് സെർവസ് (Lucanus Cervus, 1910) എന്ന അദ്ദേഹം സംവിധാനം ചെയ്ത ചിത്രത്തിൽ ജീവനില്ലാത്ത വണ്ടുകളുടെ ശരീരഭാഗങ്ങളിൽ സന്ധികൾ ഘടിപ്പിച്ച് സോപ്പ് മോഷൻ രീതി ഉപയോഗിച്ചു. ഇത് ലോകത്തിലെ ആദ്യത്തെ പപ്പറ്റ് സ്റ്റോപ്പ് ആനിമേഷൻ ചിത്രമായി കരുതപ്പെടുന്നു. ഇദ്ദേഹത്തിന്റെ തന്നെ ദ ക്യാമറാമാൻസ് റിവഞ്ച് ( The Cameraman's Revenge, 1912) എന്ന ചിത്രവും ഇതേ രീതിയിൽ നിർമ്മിക്കപ്പെട്ടതായിരുന്നു. പപ്പറ്റ് സ്റ്റോപ്പ് ആനിമേഷന് വലിയ രീതിയിൽ അടിത്തറപാകാൻ അദ്ദേഹത്തിന് ഇതിലൂടെ കഴിഞ്ഞു.

പരാജയങ്ങളിൽനിന്ന് പഠിച്ച മൂല്യവത്തായ പാഠങ്ങളും, കാലങ്ങൾക്കനുസരിച്ച്, ക്യാമറ, സ്പെഷ്യൽ എഫക്ട്സ് എന്നിവക്കുണ്ടായ വികാസങ്ങളും സ്റ്റോപ്പ് മോഷന്റെ പിന്നീടുള്ള ഗതിയെ മാറ്റിമറിച്ചു. സർ ആർതർ കോനൻ ഡോയലിന്റെ നോവലായ ദ ലോസ്റ്റ് വേൾഡിനെ (The lost world) അടിസ്ഥാനമാക്കി ഹാരി ഒ. ഹോയ്റ്റ് (Harry O. Hoyt) സംവിധാനം ചെയ്ത ഇതേ പേരിലുള്ള ചിത്രം 1925 -ൽ പുറത്തിറങ്ങിയത് സ്റ്റോപ്പ് മോഷൻ ചരിത്രത്തിലെ വിപ്ലവമായിരുന്നു. ഈ ചിത്രത്തിലെ ദിനോസറുകളും മറ്റു ജീവികളും ലോഹം കൊണ്ടു നിർമ്മിച്ച മോഡലുകളായിരുന്നു. കൃത്യമായി സ്പെഷ്യൽ എഫക്ടും യോജിപ്പിച്ച് ഇതിനെ മികച്ചതാക്കിയത് ടെക്നിക്കൽ ഡയറക്ടറും ആനിമേറ്ററുമായ വില്ലിസ് എച്ച്. ഒ'ബ്രിയൻ (Willis H. O'Brien ) ആയിരുന്നു.
ഈ ചിത്രം വലിയ വിജയമായതിനെ തുടർന്ന് ഈ ഒരു രീതിയിൽ നിരവധി ചിത്രങ്ങളും ഉണ്ടാകാൻ തുടങ്ങി. അതിൽ പ്രധാനപ്പെട്ടതാണ് കിംഗ് കോങ് (King Kong, 1933) എന്ന ചിത്രം. മെറിയൻ സി. കൂപ്പർ, എർണസ്റ്റ് ബി. ഷോഡ്സാക് (Merian C. Cooper, Ernest B. Schoedsack) എന്നിവരാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഇതിലെ കിംഗ് കോങ്ങ്, ദിനോസറുകൾ എന്നിവയുടെ മിനിയേച്ചർ പപ്പറ്റ് മോഡലുകൾ വില്ലിസ് ഒ'ബ്രിയൻ തന്നെയായിരുന്നു നിർമ്മിച്ചത്. സ്പെഷ്യൽ എഫക്ട്സും അദ്ദേഹം മികച്ച രീതിയിൽ ചെയ്തു. സ്റ്റോപ്പ് മോഷനെ ദീർഘ നേരം അവതരിപ്പിച്ച ഈ സിനിമ അന്നത്തെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. പിന്നീടുണ്ടായ മോൺസ്റ്റർ, ഫാന്റസി, സയൻസ് ഫിക്ഷൻ സിനിമകളെ ഈ ചിത്രം വളരെയധികം സ്വാധീനിച്ചു.
കളർ ടി.വി വന്നതോടെ, ഇതുവരെ ചെയ്തതുപോലെയല്ല, ഇനി ചെയ്യുമ്പോൾ ആകർഷകമായ നിറങ്ങൾ ഉപയോഗിക്കേണ്ടതായി വരുമെന്ന് സ്റ്റോപ്പ് മോഷൻ - ആനിമേറ്റർമാർക്കും, ചലച്ചിത്ര സംവിധായകർക്കും മനസ്സിലായി.
ലാഡിസ്ലാസ് സ്റ്റാരെവിച്ച് (Ladislas Starevich) സംവിധാനം ചെയ്ത ദ ടെയിൽ ഓഫ് ദി ഫോക്സ് (The Tale of the Fox, 1937) എന്ന ചിത്രത്തിൽ മുഴുനീള പപ്പറ്റ് ഉപയോഗിച്ചു കൊണ്ടുള്ള സ്റ്റോപ്പ് മോഷൻ ആനിമേഷൻ രീതിയായിരുന്നു. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും സൂക്ഷ്മമായി നിർമ്മിച്ച പപ്പറ്റുകളായിരുന്നു. യൂറോപ്യൻ സ്റ്റോപ്പ് ആനിമേഷന്റെ വികസനത്തിൽ ഈ ചിത്രം നിർണായക പങ്ക് വഹിച്ചു. പപ്പറ്റ് ആനിമേഷന്റെ കലാപരമായ സാധ്യതകളും ഈ ചിത്രം തുറന്നിട്ടു.
ജോർജ് പാൽ (George Pal) നിർമ്മിച്ച ടുലിപ്സ് ഷാൽ ഗ്രോ ( Tulips shall grow, 1942) എന്ന ആനിമേഷൻ ചിത്രം ജോർജ് പാൽ തന്നെ വികസിപ്പിച്ചെടുത്ത പപ്പിറ്റൂൺസ് (Puppetoons) എന്ന റീപ്ലേസ്മെന്റ് ആനിമേഷൻ രീതി വിദഗ്ധമായി ഉപയോഗിച്ചിരിക്കുന്നു. യുദ്ധത്തിനെതിരെ സംസാരിച്ച ഈ ചിത്രം, ഗൗരവമേറിയ പ്രമേയങ്ങളും സ്റ്റോപ്പ് മോഷനിൽ കൂടി അവതരിപ്പിക്കാമെന്നത് തെളിയിച്ചു.

1950 -ന്റെ പകുതിയായപ്പോഴേക്കും ടെലിവിഷൻ വ്യാപകമായി. ഇതിനോടൊപ്പം, സ്റ്റോപ്പ് മോഷൻ ആനിമേഷന് കൂടുതൽ ജനപ്രീതി ലഭിച്ചു. വലിപ്പ ചെറുപ്പമില്ലാതെ ചതുരാകൃതിയിലുള്ള ദൃശ്യ സംവിധാനത്തിൽ ജനങ്ങൾ കണ്ണും നട്ടിരിക്കാൻ തുടങ്ങി. അമേരിക്കൻ ആനിമേറ്ററും, ഡയറക്ടറുമായ ആർട്ട് ക്ലോക്കി (Art Clokey) നിർമ്മിച്ച സ്റ്റോപ്പ് മോഷൻ സീരീസായ ദ ഗംബി ഷോ (The Gumby Show, 1955) മികച്ച വിജയം നേടി. ക്ലേയിൽ നിർമ്മിച്ചതായിരുന്നു ഇതിലെ കഥാപാത്രങ്ങളെല്ലാം. ഓരോ ഫ്രെയിമിലും ഈ ക്ലേ രൂപങ്ങൾക്ക് മാറ്റങ്ങൾ വരുത്തി (Claymation എന്നാണ് ഈ പ്രക്രിയയുടെ പേര്) അത് ചിത്രീകരിച്ചാണ് സ്റ്റോപ്പ് മോഷൻ സാധ്യമാക്കിയത്. ഈ സീരീസ് സ്റ്റോപ്പ് മോഷൻ ആനിമേഷനെ കുടുംബാന്തരീക്ഷങ്ങളിലും പ്രശസ്തമാക്കി.
ലാറി റോമർ ( Larry Roemer) സംവിധാനം ചെയ്ത റൂഡോൾഫ് ദ റെഡ്-നോസ്ഡ് റെയിൻഡിയർ (Rudolph the Red-Nosed Reindeer, 1964) എന്ന ക്രിസ്മസ് സ്പെഷ്യൽ ആയ സ്റ്റോപ്പ് ആനിമേഷൻ പാവകളെ ചലിപ്പിച്ചുകൊണ്ട് നിർമ്മിച്ചതായിരുന്നു. ഈ ആനിമേഷനും പ്രേക്ഷകർക്ക് മേൽ വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞു.
ഹോളിവുഡിലെ പല സുവർണ്ണതാരങ്ങളും വോയിസ് ആക്ടേഴ്സായി എത്തിയ ആൻഡേഴ്സന്റെ ഐൽ ഓഫ് ഡോഗ്സ് എന്ന ചിത്രം സ്റ്റോപ്പ് മോഷൻ ചരിത്രത്തിലെ തിളക്കമാർന്ന ഏടാണ്.
സ്റ്റോപ്പ് മോഷൻ കളർ ടി.വിയിലേക്ക്
1980 -ൽ ബ്ലാക്ക് ആൻഡ് വൈറ്റ് മാറി കളർ ടെലിവിഷനുകൾ വിപണികളിലെത്തി തുടങ്ങി. ടി.വി. എന്നത് അപ്പോഴേക്കും മനുഷ്യന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ വിനോദോപകരണമായി മാറിയിരുന്നു. വർണശബളമായ കാഴ്ചയിലേക്ക് എത്തി നോക്കാൻ ജനങ്ങൾക്കുള്ള ജിജ്ഞാസ അന്നത്തെ കളർ ടി.വി.യുടെ വിപണികളെയും സ്വാധീനിച്ചു. ഇതുവരെ ചെയ്തതുപോലെയല്ല, ഇനി ചെയ്യുമ്പോൾ ആകർഷകമായ നിറങ്ങൾ ഉപയോഗിക്കേണ്ടതായി വരുമെന്ന് സ്റ്റോപ്പ് മോഷൻ - ആനിമേറ്റർമാർക്കും, ചലച്ചിത്ര സംവിധായകർക്കും മനസ്സിലായി. ദ എംപയർ സ്ട്രൈക്സ് ബാക്ക് (The Empire Strikes Back, 1980) എന്ന ചിത്രത്തിൽ ഈ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നു. ഈ ചിത്രത്തിൽ സ്പെഷ്യൽ എഫക്ടിസ്ന്റെ കൂടെ സ്റ്റോപ്പ് മോഷനും, ഗോ മോഷനും ഉപയോഗിച്ചിരിക്കുന്നു. ഫിൽ ടിപ്പറ്റ്, ജോൺ ബെർഗ് (Phil Tippett, Jon Berg) എന്നിവരായിരുന്നു ഇത് വികസിപ്പിച്ചത്. ചിത്രത്തിലെ ഭീമാകാരമായ ടോണ്ടോൺസ് എ.ടി.-എ.ടി. ഇംപീരിയൽ വാക്കേഴ്സിനേയും (Tauntauns, AT-AT Imperial Walkers) - ഗോ മോഷൻ (ചിത്രീകരണത്തിനിടെ മോഡലുകൾക്ക് നിയന്ത്രിത ചലനം നൽകി സ്വാഭാവികമായ മോഷൻ ബ്ലർ സൃഷ്ടിക്കുന്ന സാങ്കേതികവിദ്യയാണ് ഗോ മോഷൻ Go Motion) എന്ന പുതിയ ടെക്നിക്കിലൂടെ യാഥാർത്ഥ്യമാണെന്ന തോന്നൽ ഉളവാക്കുന്ന തരത്തിൽ അവതരിപ്പിച്ചു.

ആലിസസ് അഡ്വെഞ്ചേഴ്സ് ഇൻ വണ്ടർലാൻഡ് (Alice's Adventures in Wonderland) എന്ന നോവലിനെ അടിസ്ഥാനമാക്കി സർറിയലിസ്റ്റ് സംവിധായകനായ യാൻ ഷ്വാങ്ക്മയർ (Jan Švankmajer) സംവിധാനം ചെയ്ത ചിത്രമാണ് ആലിസ് (Alice, 1988). ഇത് ഈ നോവലിന്റെ വ്യത്യസ്തമായ ഇരുണ്ട അനുകല്പനമാണ്. ലൈവ് ആക്ഷൻ ചലച്ചിത്രത്തിന്റെ കൂടെ പാവകളെ ഉപയോഗിച്ച് സ്റ്റോപ്പ് മോഷൻ സാങ്കേതികവിദ്യ കൃത്യമായി ഉപയോഗിച്ചിരിക്കുന്നു.
1990 - കൾക്കുശേഷം സ്റ്റോപ്പ് മോഷൻ ആനിമേഷനിൽ വിവിധ സാങ്കതികവിദ്യകളും ആവിഷ്കാരരീതികളും പരീക്ഷിക്കപ്പെട്ട കാലഘട്ടമായിരുന്നു. പ്രത്യേകിച്ച് സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടിയും മികച്ച ചിത്രങ്ങളുണ്ടായി. ഇതിലൂടെ സ്റ്റോപ്പ് മോഷൻ ആനിമേഷനുള്ള ജനപ്രീതി ഇരട്ടിയായി. മികച്ച സംവിധായകരുടെ കടന്നു വരവും ഈ വളർച്ചയ്ക്ക് നിർണായകമായ പിന്തുണ നൽകി.
സ്റ്റോപ്പ് മോഷൻ സിനിമകൾ ഹോളിവുഡിന്റെ മാത്രം കുത്തകയായിരുന്നില്ല. മികച്ചതെന്ന് പറയാവുന്ന അനവധി സ്റ്റോപ്പ് മോഷൻ ചിത്രങ്ങൾ ലോകത്തിന്റെ മറ്റു കോണുകളിൽ നിന്നും പുറത്തുവന്നിരുന്നു.
വളരുന്നു, ആധുനിക സ്റ്റോപ്പ് മോഷൻ
സ്റ്റോപ്പ് മോഷൻ ആനിമേഷൻ ചരിത്രം ചലച്ചിത്രങ്ങളിലും ഹ്രസ്വ ചിത്രങ്ങളിലും ഒതുക്കിനിർത്തി പറയുന്നത് ന്യായമാവില്ല. 1990- ആകുമ്പോഴേക്കും സ്റ്റോപ്പ് മോഷൻ മറ്റു മേഖലകളിലേക്കും വ്യാപിച്ചു. 1980- കളിൽ MTV സംപ്രേഷണത്തോടെ തരംഗമായി മാറിക്കൊണ്ടിരുന്ന മ്യൂസിക് വീഡിയോ എന്ന നൂതന കലാരൂപത്തിലും സ്റ്റോപ്പ് മോഷൻ കടന്നുകൂടി. പീറ്റർ ഗബ്രിയേൽ (Peter Gabriel) എന്ന റോക്ക്സ്റ്റാർ 1986-ൽ തന്റെ പുതിയ പാട്ടായ ‘സ്ലെഡ്ജ്ഹാമറിന്റെ' മ്യൂസിക് വീഡിയോയ്ക്ക് സ്റ്റോപ്പ് മോഷൻ രംഗത്തെ അതികായന്മാരായ ആർഡ്മൻ അനിമേഷനുമായി (Aardman Animations ) കൈകോർത്തപ്പോഴാണ് മ്യൂസിക് വീഡിയോകളിലെ സ്റ്റോപ്പ് മോഷൻ അനിമേഷൻ സാന്നിധ്യത്തിന് തുടക്കമായത്. ഇക്കാലയളവിൽ പുറത്തുവന്ന മ്യൂസിക് വീഡിയോകളിൽ തന്നെ ഏറ്റവും മികച്ചതിൽ ഒന്നായി ഇന്നും കണക്കാക്കപ്പെടുന്ന, ക്ലേമേഷൻ സങ്കേതം പ്രയോജനപ്പെടുത്തി നിർമ്മിച്ചിരിക്കുന്ന സ്ലെഡ്ജ്ഹാമർ എം.ടി.വിയുടെ ചരിത്രത്തിലെ ഏറ്റവും അധികം പ്ലേ ചെയ്യപ്പെട്ടിട്ടുള്ള മ്യൂസിക് വീഡിയോ കൂടിയാണ്.
പിൽക്കാലത്ത് സ്ലെഡ്ജ് ഹാമറിനെ മാതൃകയാക്കി ഒട്ടനവധി സ്റ്റോപ്പ് മോഷൻ മ്യൂസിക് വീഡിയോകൾ റിലീസ് ചെയ്യപ്പെട്ടു. സൺലക്സിന്റെ ‘ചെയ്ഞ്ച് ഈസ് എവരിതിംഗ്’ (Son Lux ‘Change Is Everything’), ഓറൻ ലേവിയുടെ ‘ഹെർ മോണിംഗ് എലെഗൻസ്’ (Oren Lavie's "Her Morning Elegance”), ദ വൈറ്റ് സ്ട്രൈപ്സിന്റെ ‘ഫെൽ ഇൻ ലവ് വിത്ത് എ ഗേൾ’ (The White Stripes’ ‘Fell in Love with a Girl’), ഗ്രിസ്‌ലി ബിയറിന്റെ ‘റെഡി, ഏബിൾ’ (Grizzly Bear’s ‘Ready, Able’), ഫ്ലീറ്റ് ഫോക്സിന്റെ ‘വൈറ്റ് വിന്റർ ഹിംനൽ’ (Fleet Foxes’ ‘White Winter Hymnal’) തുടങ്ങിയവ ആ നീണ്ടനിരയിലെ തിളക്കമാർന്ന ചില പേരുകൾ മാത്രം.

സ്റ്റോപ്പ് മോഷൻ അനിമേഷൻ ചിത്രങ്ങളുടെ കാര്യം പറയുമ്പോൾ ഭൂരിഭാഗം പ്രേക്ഷകരുടെയും മനസ്സിലേക്ക് ആദ്യം എത്തുന്ന പേരുകളിൽ ഒന്നാണ് ടിം ബർട്ടന്റേത് (Tim Burton). ബർട്ടന്റെ സ്റ്റോപ്പ് മോഷൻ യാത്ര ആരംഭിക്കുന്നത് 1993-ലെ ‘ദ നൈറ്റ്മെയർ ബിഫോർ ക്രിസ്മസ്’ (The Nightmare Before Christmas) എന്ന ചിത്രത്തിലൂടെയാണ്. പപ്പറ്റ് സ്റ്റോപ്പ് മോഷൻ സങ്കേതം ഉപയോഗിച്ച് നിർമ്മിക്കപ്പെട്ടിട്ടുള്ള ഈ മനോഹര ചിത്രത്തിന്റെ സംവിധായകൻ ഹെൻറി സെലിക് (Henry Selick) ആയിരുന്നു. ചിത്രത്തിന്റെ രചയിതാവ് എന്ന നിലയിലാണ്, ബർട്ടൺ ചിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നതെങ്കിലും അതുവരെയുള്ളതും അതുമുതൽ ഇങ്ങോട്ടുള്ളതുമായ ബർട്ടൺ ചിത്രങ്ങളിലെല്ലാം നാം കണ്ടു ശീലിച്ച, ഇഷ്ടപ്പെട്ട പല ബർട്ടൺ ട്രേഡ് മാർക്കുകളും ഈ ചിത്രത്തിലും നമുക്ക് കാണാം.
2005-ൽ പുറത്തിറങ്ങിയ കോർപ്സ് ബ്രൈഡ് (Corpse Bride) എന്ന ചിത്രത്തിലൂടെയാണ് ബർട്ടൺ ആദ്യമായി സ്റ്റോപ്പ് മോഷൻ സംവിധായകന്റെ കുപ്പായമണിയുന്നത്. ജോണി ഡെപ്പ്, ഹെലന ബോൻഹംകാർട്ടർ എന്നിവർ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ച ഈ മനോഹരചിത്രം പപ്പറ്റ് അനിമേഷൻ ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. സ്റ്റെയിൻലെസ് സ്റ്റീൽ ചട്ടക്കൂടുകളും സിലിക്കൺ ദേഹവും കൊണ്ട് ജീവൻ വച്ച ഈ പപ്പറ്റുകളെ വെള്ളിത്തിരയിൽ നിറഞ്ഞാടാൻ പ്രാപ്തരാക്കിയത് ടിം ബർടൺ പ്രൊഡക്ഷൻസും പ്രശസ്ത നിർമ്മാണ കമ്പനിയായ ലൈക്കാ പ്രൊഡക്ഷൻസും ( LAIKA Productions) ചേർന്നാണ്. പിൽക്കാലത്ത് ഏറെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ കോറലിൻ, പാരാ നോർമൻ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചത് ലൈക്കാ പ്രൊഡക്ഷൻസ് ആണെന്നത് ഈ അവസരത്തിൽ സ്മരണീയമാണ്.
ബർട്ടന്റെ അടുത്ത സ്റ്റോപ്പ് മോഷൻ അനിമേഷൻ ചിത്രം ഫ്രാങ്കൻവീനിയും (Frankenweenie, 2012) പപ്പറ്റ് മോഷൻ സങ്കേതം തന്നെയാണ് ഉപയോഗപ്പെടുത്തിയത്. ടിം ബർട്ടൻ പ്രൊഡക്ഷനൊപ്പം സാക്ഷാൽ വാൾട്ട് ഡിസ്നി പിക്ച്ചേഴ്സ് ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.
സ്റ്റോപ്പ് മോഷൻ ആനിമേഷനിൽ ടിം ബർട്ടനെ പോലെ തന്നെയോ അതിലധികമോ ആഘോഷിക്കപ്പെടുന്ന മറ്റൊരു വലിയ പേരാണ് വെസ് ആൻഡേഴ്സന്റേത് (Wes Anderson). മൂൺ റൈസ് കിങ്ഡം (Moonrise Kingdom), ദ ഗ്രാൻഡ് ബുഡപെസ്റ്റ് ഹോട്ടൽ (The Grand Budapest Hotel) തുടങ്ങിയ വിഖ്യാത ചിത്രങ്ങളുടെ സംവിധായകനായ ആൻഡേഴ്സന്റെ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ മുൻനിരയിലുള്ള ‘ഫന്റാസ്റ്റിക് മിസ്റ്റർ ഫോക്സ്’ (Fantastic Mr. Fox, 2009), ഐൽ ഓഫ് ഡോഗ്സ്, ( Isle of Dogs, 2018) എന്നീ ആനിമേഷൻ ചിത്രങ്ങൾ സ്റ്റോപ് മോഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്.

ആൻഡേഴ്സന്റെ സിനിമകളിൽ ഏറ്റവും മഹത്തരം എന്ന് വലിയൊരു വിഭാഗം അഭിപ്രായപ്പെടുന്ന ‘ഫന്റാസ്റ്റിക് മിസ്റ്റർ ഫോക്സ്' ഹോളിവുഡിൽ ചിരപ്രതിഷ്ഠ നേടിയ പലരുടെയും വോയ്സ് ആക്ടിങ് കൊണ്ട് ശ്രദ്ധേയമാണ്. ട്വന്റിയത്ത് സെഞ്ചുറി സ്റ്റുഡിയോസ്, സെർച്ച് ലൈറ്റ് സ്റ്റുഡിയോസ് തുടങ്ങിയ അതികായന്മാർ വിതരണം ചെയ്ത ഈ ചിത്രം അതിന്റെ ആയാസരഹിതമായ ആഖ്യാനം കൊണ്ടും സാങ്കേതിക തലത്തിലെ മേന്മ കൊണ്ടും ജനപ്രീതി പിടിച്ചുപറ്റി. എന്നിരുന്നാലും ജന്തുലോകത്തെ പല വിരുതന്മാരുടെയും പപ്പറ്റുകൾ കൊണ്ട് ആൻഡേഴ്സൺ ഒരുക്കിവെച്ച ദൃശ്യ വിസ്മയം തന്നെയായിരുന്നു ചിത്രത്തിന്റെ മുഖ്യ സവിശേഷത.
ആൻഡേഴ്സന്റെ സംവിധാനത്തിൽ 2018- ൽ പുറത്തിറങ്ങിയ ഐൽ ഓഫ് ഡോഗ്സ് എന്ന ചിത്രവും സ്റ്റോപ്പ് മോഷൻ ചരിത്രത്തിലെ തിളക്കമാർന്ന ഏടാണ്. ഹോളിവുഡിലെ പല സുവർണ്ണതാരങ്ങളും വോയിസ് ആക്ടേഴ്സായി എത്തിയ ഈ സിനിമയും സ്റ്റോപ്പ് മോഷൻ പ്രേമികൾക്ക് വലിയൊരു വിരുന്ന് തന്നെയാണ് ഒരുക്കിയത്. സെർച്ച്ലൈറ്റ് പിക്ചേഴ്സ് വിതരണം നടത്തിയ ഈ ചിത്രവും വർണ്ണാഭമായ പപ്പറ്റുകളെ ഉപയോഗിച്ചാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്.
20-ാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് ഇറങ്ങിയ സ്റ്റോപ്പ് മോഷൻ സിനിമകളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു 1995-ൽ പുറത്തിറങ്ങിയ ഗമ്പി ദ മൂവി ( Gumby The Movie). 1950- കളിലെ പ്രശസ്ത ക്ലേമേഷൻ ടി.വി സീരീസ് ആയിരുന്ന ഗമ്പിയുടെ തുടർച്ചയായി വന്ന ഈ ക്ലേമേഷൻ ചിത്രം പ്രേക്ഷകരെ തൃപ്തിപ്പെടുത്താനും, മതിയായ സാമ്പത്തിക വിജയം നേടാനും കഴിയാതെ പരാജയപ്പെട്ടു എന്നതും ശ്രദ്ധേയമാണ്.
സ്റ്റോപ്പ് മോഷൻ സിനിമകൾ ഹോളിവുഡിന്റെ മാത്രം കുത്തകയായിരുന്നില്ല. മികച്ചതെന്ന് പറയാവുന്ന അനവധി സ്റ്റോപ്പ് മോഷൻ ചിത്രങ്ങൾ ലോകത്തിന്റെ മറ്റു കോണുകളിൽ നിന്നും പുറത്തുവന്നിരുന്നു. 1996-ൽ ഡെന്മാർക്കിൽ ഇറങ്ങിയ ദ ബല്ലാർഡ് ഓഫ് ദ വൈക്കിങ് കിംഗ് (The Ballad of the Viking King) ഇത്തരത്തിൽ ശ്രദ്ധേയമായ ചിത്രമാണ്. മാജിക് പൈപ്പ് (Magic Pipe, റഷ്യ-1998), ദ മിറാക്കിൾ മേക്കർ (The Miracle Maker, യു.കെ /റഷ്യ-2000), ടൂട്ടിൽ ടബ്സ് ആൻഡ് ജൈറോ (Tootles, Tubbs and Gyro, ഫിൻലൻഡ്-2001), വിന്റർ ഡേയ്‌സ് (Winter Days, ജപ്പാൻ-2003) തുടങ്ങിയവ ഇത്തരത്തിലുള്ള മറ്റു ശ്രദ്ധേയ ചലച്ചിത്രങ്ങളാണ്.

ഡ്രീം വർക്ക് പിക്ച്ചേഴ്സ് വിതരണം ചെയ്ത ചിക്കൻ റൺ (Chicken Run) എന്ന അതിഗംഭീരമായ ചിത്രത്തോടെയാണ് 21-ാം നൂറ്റാണ്ടിലെ സ്റ്റോപ്പ് മോഷൻ ചരിത്രം ആരംഭിക്കുന്നത്. പ്രശസ്ത ബ്രിട്ടീഷ് അനിമേഷൻ സ്റ്റുഡിയോ ആർഡ്മാൻ അനിമേഷൻസ് നിർമ്മിച്ച ഈ ക്ലേമേഷൻ ചിത്രം അതിന്റെ രസകരമായ കഥാതന്തു കൊണ്ടും വേറിട്ട് നിൽക്കുന്ന ദൃശ്യഭംഗി കൊണ്ടും പ്രേക്ഷകപ്രീതി പിടിച്ചുപറ്റി.
ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ചിക്കൻ റൺ:ഡോൺ ഓഫ് ദ നഗ്ഗെറ്റ് (Chicken Run: Dawn of the Nugget), 2023-ൽ നെറ്റ്ഫ്ലിക്സ് വഴിയാണ് പുറത്തിറങ്ങിയത്. ആർഡ്മാൻ അനിമേഷൻസ് തങ്ങളുടെ വിഖ്യാതമായ ക്ലേമേഷൻ ശൈലിയിലാണ് ഈ ചിത്രവും നിർമ്മിച്ചിട്ടുള്ളത്.
പ്രമുഖ ബ്രിട്ടീഷ് അനിമേഷൻ സീരീസ് ആയ ‘ബോബ് ദ ബിൽഡറു’ടെ ഒരു സ്പിൻ ഓഫ് ചിത്രം ‘ബോബ് ദ ബിൽഡർ: ദ നൈറ്റ്സ് ഓഫ് കാൻ-എ-ലോട്ട്’ (Bob the Builder: The Knights of Can-A-Lot- ഫിക്സ് -എ-ലോട്ട് എന്നും പറയപ്പെടുന്നു) സ്റ്റോപ്പ് മോഷൻ സങ്കേതങ്ങൾ ഉപയോഗിച്ച് തന്നെയാണ് നിർമ്മിക്കപ്പെട്ടത്. ക്ലേ, പ്ലാസ്റ്റിക്, തുണിത്തരങ്ങൾ എന്നിവ ഉപയോഗിച്ചുള്ള പപ്പറ്റുകൾ കൊണ്ട് ഈ ചിത്രം നിർമ്മിച്ചത് ബ്രിട്ടീഷ് ആനിമേഷൻ കമ്പനിയായ ഹോട്ട് അനിമേഷൻ ആണ്. ബോബ് ദ ബിൽഡർ: സ്നോവ്ഡ് അണ്ടർ (Bob the Builder: Snowed Under), വെൻ ബോബ് ബികെയിം എ ബിൽഡർ (When Bob Became a Builder), ബോബ്സ് ബിഗ് പ്ലാൻ (Bob’s Big Plan) തുടങ്ങി നിരവധി ചിത്രങ്ങൾ ബോബ് ദ ബിൽഡർ യൂണിവേഴ്സിൽ (Bob the Builder Universe) നിന്ന് തുടർന്നും സമാന രീതിയിൽ നിർമ്മിക്കപ്പെട്ടിട്ടുണ്ട്.
മേലോഡ്രാമ പിക്ച്ചേഴ്സ് നിർമിച്ച് 2009- ൽ പുറത്തിറങ്ങിയ മേരി ആൻഡ് മാക്സ് അതിന്റെ ശോകമൂകമായ അന്തരീക്ഷം കൊണ്ട് പ്രേക്ഷകഹൃദയങ്ങളെ ഏറെ പിടിച്ചുകുലുക്കിയ ചിത്രമായിരുന്നു.
2005-ലാണ് ഏറെ ആരാധകരുള്ള വാലസ് ആൻഡ് ഗ്രോമിറ്റ് (Wallace and Gromit) യൂണിവേഴ്സിൽ നിന്ന് മുഴുനീള അനിമേഷൻ ചിത്രം പുറത്തുവരുന്നത്. ‘വാലസ് ആൻഡ് ഗ്രോമിറ്റ്: ദ കഴ്സ് ഓഫ് വെയർ റാബിറ്റ്’ (Wallace and Gromit: The Curse of the Were-Rabbit) എന്ന് പേരിട്ട ഈ ചിത്രവും സ്റ്റോപ്പ് മോഷൻ രംഗത്തെ അതികായന്മാരായ ആർഡ്മൻ അനിമേഷൻസ് തങ്ങളുടെ സിഗ്നേച്ചർ സ്റ്റൈൽ ആയ ക്ലേമേഷൻ സങ്കേതം ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. ഹ്രസ്വ ചിത്രങ്ങൾ അനവധി പുറത്തുവന്നിട്ടുള്ള ഈ യൂണിവേഴ്സിൽ നിന്നും 2024-ൽ വാലസ് ആൻഡ് ഗ്രോമിറ്റ്: വെഞ്ചൻസ് മോസ്റ്റ് ഫൗൾ ( Wallace and Gromit: Vengeance Most Fowl) എന്ന മറ്റൊരു മുഴുനീള ചിത്രം കൂടി പുറത്തുവന്നു.
2009 സ്റ്റോപ്പ്മോഷനെ സംബന്ധിച്ച് സുവർണ വർഷമായിരുന്നു. വെസ് ആൻഡേഴ്സന്റെ ഫന്റാസ്റ്റിക് മിസ്റ്റർ ഫോക്സിന് പുറമേ പ്രേക്ഷകർക്കിടയിലും നിരൂപകർക്കിടയിലും ഏറെ ആരാധകരെ സൃഷ്ടിച്ച കോറലിൻ (Coraline), മേരി ആൻഡ് മാക്സ് (Mary and Max) എന്നീ ചിത്രങ്ങളും ഇതേ വർഷമാണ് പുറത്തിറങ്ങിയത്. നീൽ ഗൈമന്റെ രചനയിൽ ഹെൻറി സെലിക് സംവിധാനം ചെയ്ത ‘കോറലിൻ' നിർമ്മിച്ചത് ലൈക്കാ സ്റ്റുഡിയോസ് ആയിരുന്നു. പപ്പറ്റ് മോഷൻ വിദ്യയ്ക്കൊപ്പം സ്റ്റീരിയോസ്കോപ്പിക് 3-D വിദ്യ കൂടി കൂട്ടിച്ചേർക്കുന്ന ഈ ചിത്രം അന്നും ഇന്നും പ്രേക്ഷകരെ ഒരുപോലെ വിസ്മയിപ്പിക്കുന്നു.

മേലോഡ്രാമ പിക്ച്ചേഴ്സ് നിർമിച്ച് 2009- ൽ പുറത്തിറങ്ങിയ മേരി ആൻഡ് മാക്സ് അതിന്റെ ശോകമൂകമായ അന്തരീക്ഷം കൊണ്ട് പ്രേക്ഷകഹൃദയങ്ങളെ ഏറെ പിടിച്ചുകുലുക്കിയ ചിത്രമായിരുന്നു. ക്ലേ മേഷൻ അനിമേഷൻ ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള ഈ ചിത്രത്തിൽ പോളിമർ ക്ലേ പപ്പറ്റുകളാണ് ഉപയോഗിക്കപ്പെട്ടിട്ടുണ്ടായിരുന്നത്.
2012- ൽ പുറത്തുവന്ന പാരാനോർമൻ എന്ന ചിത്രം ‘ഡിസൈൻഡ് റിയലിസം' എന്ന അത്യപൂർവമായ സ്റ്റോപ്പ് മോഷൻ സങ്കേതം ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രം അതിന്റെ വ്യത്യസ്തമായ ആഖ്യാന ശൈലി കൊണ്ടും, ദൃശ്യചാരുത കൊണ്ടും ഏറെ ശ്രദ്ധ പിടിച്ചുപറ്റി.
ഏറെ ആരാധകരുള്ള ഷോൺ ദ ഷീപ്പ് (Shaun the Sheep) എന്ന കഥാപാത്രത്തെ കേന്ദ്രമാക്കി ഒരു ചിത്രം 2015-ൽ നിർമ്മിക്കപ്പെട്ടപ്പോൾ (ഷോൺ ദ ഷീപ്പ്: മൂവി) ആർഡ്മൻ അനിമേഷൻ തങ്ങളുടെ ക്ലേമേഷൻ രീതി തന്നെയാണ് അവിടെയും ഉപയോഗിച്ചത്. 2019-ൽ ഇതിന് എ ഷോൺ ദ ഷീപ്പ് മൂവി: ഫാർമഗെഡൺ (A Shaun the Sheep Movie: Farmageddon) എന്നൊരു രണ്ടാം ഭാഗവും വന്നു.
Shaun the Sheep: The Beast of Mossy Bottom, The Wildwood, ടിം ബർട്ടൺ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സ്റ്റോപ്പ് മോഷൻ ചിത്രം എന്നിങ്ങനെ ഇനിയും സ്റ്റോപ്പ് മോഷൻ അനിമേഷൻ ചിത്രങ്ങൾ അനവധി വരാനുണ്ട്.
സ്റ്റോപ്പ് മോഷൻ ആനിമേഷൻ സിനിമകളിൽ ഒരു പ്രത്യേക സ്ഥാനം അലങ്കരിക്കുന്ന ചിത്രമാണ് 2015-ൽ ചാർലി കോഫ്മാന്റെ (Charlie Kaufman) സംവിധാനത്തിൽ പുറത്തിറങ്ങിയ അനോമലിസ (Anomalisa). സ്റ്റോപ്പ്മോഷൻ സിനിമകൾ പിന്തുടരുന്ന പതിവിന് വിപരീതമായി മായികമായ ലോകങ്ങൾക്കും മൃഗങ്ങളുടെയും മറ്റും ജീവിതങ്ങൾക്കും പകരം സ്വാഭാവികമായ ഒരു പ്രണയബന്ധത്തെയാണ് അനോമലിസ പകർത്തിവെച്ചത്. ചാർലി കോഫ്മാന്റെ സ്വാഭാവികമായ ആർക്കും പിടികൊടുക്കാത്ത തരത്തിലുള്ള ആഖ്യാനശൈലി അനോമലിസയും പിന്തുടരുന്നുണ്ട്.
കോറലിൻ, പാരാനോർമൻ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ലൈക്ക സ്റ്റുഡിയോസിന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ മറ്റൊരു സ്റ്റോപ്പ് മോഷൻ അനിമേഷൻ ചിത്രമാണ് കുബോ ആൻഡ് ദ ടു സ്ട്രിങ്സ്.
2021-ൽ ഫിൽ ടിപ്പെറ്റിന്റെ (Phil Tippett) സംവിധാനത്തിൽ പുറത്തിറങ്ങിയ ഐതിഹാസികമായ അഡൾട്ട് സ്റ്റോപ്പ് മോഷൻ ഹൊറർ ഫാന്റസി ചിത്രമാണ് മാഡ് ഗോഡ് (Mad God). ഫിൽ ടിപ്പെറ്റ് എന്ന ദീർഘദൃക്കായ സംവിധായകൻ നീണ്ട 30 വർഷങ്ങൾ എടുത്താണ് ഈ സിനിമ പൂർത്തിയാക്കിയത്. ക്രൂരതകളും ഭീകരതകളും നിറഞ്ഞ ദുസ്വപ്നങ്ങളുടെ ഒരു താഴ് വരയിലേക്ക് ഊർന്നിറങ്ങുന്ന ‘ദ അസാസിൻ' എന്ന കഥാപാത്രത്തോടൊപ്പം സിനിമ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകനും അന്ധതയുടെ ഈ താഴ് വരയിൽ അകപ്പെട്ടു പോകുന്നുണ്ട്.

മികച്ച ആനിമേഷൻ സിനിമയ്ക്കുള്ള ഓസ്കാർ അടക്കം നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ഗില്ലർമോ ഡെൽ ടോറോയുടെ ‘പിനോക്ക്യോ' വർത്തമാനകാലത്തെ സ്റ്റോപ്പ്മോഷൻ സിനിമകളിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ചിത്രമാണ്. നെറ്റ്ഫ്ലിക്സ് ആനിമേഷനുമായി ചേർന്ന് ഷാഡോ മെഷീൻ എന്ന അനിമേഷൻ കമ്പനി നിർമ്മിച്ചിട്ടുള്ള ഈ ചിത്രം ഹാൻഡ് ക്രാഫ്റ്റഡ് പപ്പറ്റുകളെയാണ് നിർമാണത്തിന് ഉപയോഗിച്ചിട്ടുള്ളത്.
ഓസ്ട്രേലിയൻ പ്രൊഡക്ഷൻ കമ്പനിയായ അരീനാമീഡിയ നിർമ്മിച്ച മെമ്മോയർ ഓഫ് എ സ്‌നെയിൽ (Memoir of a Snail) ആണ് മികച്ച രീതിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള സ്റ്റോപ്പ്മോഷൻ സിനിമകളുടെ ലിസ്റ്റിലേക്ക് അവസാനമായി ചേർക്കാവുന്ന ചിത്രം.
ഈ ലിസ്റ്റ് അവിടെ അവസാനിക്കുന്നില്ല. ഷോൺ ദ ഷീപ്പ്: ദ ബീസ്റ്റ് ഓഫ് മോസി ബോട്ടം (Shaun the Sheep: The Beast of Mossy Bottom), വൈൽഡ് വുഡ് (The Wildwood), ടിം ബർട്ടൺ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സ്റ്റോപ്പ് മോഷൻ ചിത്രം എന്നിങ്ങനെ ഇനിയും സ്റ്റോപ്പ് മോഷൻ അനിമേഷൻ ചിത്രങ്ങൾ അനവധി വരാനുണ്ട്. ഓരോന്നിനെയും വളരെയധികം പ്രതീക്ഷയോടെയാണ് പ്രേക്ഷക സമൂഹം കാത്തിരിക്കുന്നത്.
മുഴുനീള സ്റ്റോപ്പ് മോഷൻ അനിമേഷൻ ചിത്രങ്ങൾക്ക് പുറമേ സ്റ്റോപ്പ് മോഷൻ സീക്വൻസുകൾ മനോഹരമായി ഇടയ്ക്ക് ഇഴ ചേർത്തിട്ടുള്ള ചലച്ചിത്രങ്ങളും അനവധിയാണ്. വില്ലി വോങ്ക ആൻഡ് ദ ചോക്ലേറ്റ് ഫാക്ടറി (Willy Wonka and the Chocolate Factory), ഇറേസർ ഹെഡ് (Eraserhead), സ്റ്റാർ വാർസ് (Star Wars), പിരാന (Piranha), ദ ഈവിൾ ഡെഡ് (The Evil Dead) എന്നിങ്ങനെ സ്റ്റോപ്പ് മോഷൻ സീനുകൾ ഉപയോഗിച്ചിട്ടുള്ള വിഖ്യാത സിനിമകളുടെ ലിസ്റ്റ് അവസാനമില്ലാതെ നീണ്ടുപോകുന്നു.
ഡിജിറ്റൽ സാങ്കേതികവിദ്യകൾക്ക് പൂർണമായി പകരംവയ്ക്കാനാവാത്ത ഒരു ദൃശ്യാനുഭവമാണ് സ്റ്റോപ്പ് മോഷൻ ആനിമേഷൻ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
നിരന്തരം വികസിക്കുന്ന
Stop motion
സാങ്കേതികവിദ്യ നിരന്തരം വികസിച്ചുകൊണ്ടിരിക്കുമ്പോഴും സ്റ്റോപ്പ് മോഷൻ ആനിമേഷന്റെ പ്രസക്തിക്ക് ഒട്ടും കുറവുവന്നിട്ടില്ല. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ കലാരൂപം ഇന്നും അതിന്റെ സവിശേഷ ദൃശ്യഭാഷയും കലാപരമായ മൂല്യവും നിലനിർത്തുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യകൾക്ക് പൂർണമായി പകരംവയ്ക്കാനാവാത്ത ഒരു ദൃശ്യാനുഭവമാണ് സ്റ്റോപ്പ് മോഷൻ ആനിമേഷൻ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഓരോ ഫ്രെയിമിനും പിന്നിലുള്ള മണിക്കൂറുകളുടെയും ദിവസങ്ങളുടെയും ക്ഷമ നിറഞ്ഞ അധ്വാനമാണ് ഈ കലാരൂപത്തെ വേറിട്ടുനിർത്തുന്നത്.
സിനിമ, ആനിമേഷൻ, പരസ്യരംഗം, മ്യൂസിയം പ്രദർശനങ്ങൾ, ഹ്രസ്വചിത്രങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ഇന്നും സ്റ്റോപ്പ് മോഷൻ ആനിമേഷൻ സജീവമായി ഉപയോഗിക്കപ്പെടുന്നു. അതിന്റെ സവിശേഷമായ ദൃശ്യഭാഷയും കലാപരമായ സ്വത്വവുമാണ് ഇതിന് കാരണം. വർത്തമാനകാലത്തും ഭാവിയിലും ഒരുപോലെ പ്രസക്തിയുള്ള ഒരു ദൃശ്യഭാഷയായും മനുഷ്യന്റെ സർഗാത്മകതയുടെയും കരകൗശലത്തിന്റെയും മികച്ച ആവിഷ്കാരങ്ങളിലൊന്നായും സ്റ്റോപ്പ് മോഷൻ ആനിമേഷൻ തുടർന്നും നിലനിൽക്കും.

▮
റഫറൻസ്
1) Maselli, V. (2018). The evolution of stop-motion animation technique through 120 years of technological innovations. International Journal of Literature and Arts, 6(3), 54–62.
Web link
2) https://www.librarypoint.org/blogs/post/stop-motion-history/
3) https://garagefarm.net/blog/exploring-still-motion-the-world-of-stop-motion-animation
4) https://www.bfi.org.uk/features/stop-motion-imperfection-why-animation-needs-human-touch
Video References
1) LAIKA Studios. (2023). The magic of stop-motion animation [Video]. YouTube. https://www.youtube.com/@LAIKAStudios
2) Aardman. (2023). Wallace & Gromit and the art of stop-motion animation [Video]. YouTube.
https://youtube.com/@aardman.official?si=iM2CmINGf9Pmlj-f
