സ്ത്രീജീവിതത്തിലെ അടിയൊഴുക്കുകൾ നോവുകളേറ്റുവാങ്ങിയും അനുഭവവൈവിധ്യത്താൽ പക്വതപ്പെട്ടും നങ്കൂരമിടുന്ന തീരമേതാണ്? പ്രണയത്താൽ ആഹ്ളാദപ്പെട്ടും സാന്ത്വനപ്പെട്ടും നൊന്തും അതു പിന്നിടുന്ന വഴികളിലെ ഗതിപരിണാമങ്ങൾ അതിനെ എവിടെയുമെത്തിക്കാം. പരസ്പരം തിരിച്ചറിയപ്പെടുന്ന രണ്ട് സ്ത്രീയവസ്ഥകൾ എപ്പോഴും സമാന്തരം സൂക്ഷിക്കണമെന്നില്ല. അത് പരസ്പരമുള്ള മനസ്സിലാക്കലിന്റെ തുറസ്സിലെത്തി ഒരു സംഗമസ്ഥാനത്തിലേക്ക് ഉന്മുഖമായിടാമല്ലേ? വൈവിധ്യമുള്ള അനുഭവങ്ങളുടെ അഴിമുഖങ്ങളിൽ അതു താത്കാലിക വാസമുറപ്പിച്ചിടാം. അതിന്റെ ദിശാപരിണാമങ്ങൾ പ്രവചനാതീതമായ വൻകരകളിലൂടെ സഞ്ചരിച്ചേക്കാം. അപ്പോഴും അത് ഒഴുക്കിന്റെ ഉള്ളടരുകളോട് രക്തബന്ധം സൂക്ഷിക്കുന്നു. സ്വതന്ത്രമായ ഒരു ജീവിതം നയിക്കണമെന്ന തീരുമാനത്തിൽ അതെത്തിച്ചേരാത്തതെന്ത്?
ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക് എന്ന സിനിമയിലേക്ക് വരാം. അവിടെ ലീലാമ്മയേയും അഞ്ജുവിനേയും കാണാം. പ്രളയജലത്തിന്റെ കയറ്റിറക്കങ്ങൾക്കിടെ രൂപപ്പെടുന്ന കെട്ടിനകത്തുള്ള വിങ്ങലുകൾക്ക് സാക്ഷിയാകാം. കയറിയ വെള്ളത്തിലകപ്പെട്ട് ഒലിച്ചുപോകുന്ന ഓർമയുടെ ഒരിടത്തെ അനുഭവിക്കാം. വെള്ളമിറങ്ങുമ്പോൾ ചെറുവെയിലിൽ പ്രത്യക്ഷമാവുന്ന തിരിച്ചറിവുകൾ ശ്രദ്ധിക്കാം. കയറിയ വെള്ളം ഇറങ്ങാൻ എടുക്കുന്ന സമയഖണ്ഡത്തിലെ വൈകാരിക വിനിമയങ്ങളിലെ ഉള്ളടക്കത്തെക്കുറിച്ച് ആലോചനയാകാം. ഉർവശിയുടെ ലീലാമ്മയിലും പാർവതി തിരുവോത്തിന്റെ അഞ്ജുവിലും തിരയടിക്കുന്ന വിക്ഷോഭത്തിന്റെ നിശ്ശബ്ദമായ ഇടവേളകളിലെ ഉരുകലുകൾ മറന്നുപോകാത്ത വിധം ഉള്ളിലേക്കെടുക്കാം.
ക്രിസ്റ്റോ ടോമി സിനിമാറ്റിക് ഭാഷയിൽ തന്നെയാണ് ഉള്ളൊഴുക്ക് സംവിധാനപ്പെടുത്തിയത്. അത് ആദ്യാവസാനം ഉന്മേഷം പകരുന്ന കാര്യമാണ്. കുട്ടനാട്ടിലെ പ്രകൃതിയുടെയും കാലാവസ്ഥയുടെയും സവിശേഷതകൾ ഒപ്പിയെടുത്ത കേരളീയത മുറ്റിയ ഒരു സിനിമയാണിത്. ഇത് ഇവിടത്തെ ജീവിതവും അതിന്റെ സങ്കീർണതകളും ആവിഷ്കരിക്കുന്ന ചിത്രമാണ്. കുടുംബത്തിന്റെ അകത്തളങ്ങളിൽ സംഭവിക്കുന്നതും മറച്ചുപിടിക്കാൻ നിർബന്ധിതവുമാവുന്നതുമായ മനുഷ്യാവസ്ഥയുടെ നിസ്സഹായതകളെ ചിത്രീകരിക്കുന്നതുമാണ്. താളം തെറ്റി പെയ്യുന്ന പെരുമഴയുടേയും വെള്ളക്കെട്ടിന്റേയും സാന്നിദ്ധ്യം തിയേറ്ററിനകത്തെ ഇരിപ്പിടത്തിലും അത് പ്രേക്ഷകരെ അനുഭപ്പെടുത്തുന്നുണ്ട്. സിനിമ പ്രേക്ഷകരെ കഥാപാത്രങ്ങളുടെ ആന്തരികസംഘർഷങ്ങളിലൂടെ കൂടെ കൊണ്ടു പോകുന്നുണ്ട്. അതിനാൽ പ്രേക്ഷക മനസ്സിലെ കെട്ട് പെട്ടെന്നിറങ്ങുകയില്ല.
അമ്മച്ചിയോടൊപ്പം പോകാനുള്ള അഞ്ജുവിന്റെ തീരുമാനം, സ്വതന്ത്രമായ വഴികൾ തേടാതുള്ള ആ നീക്കം ഒരു പിൻമാറ്റമായി വ്യാഖ്യാനിക്കപ്പെടാം. അതിനുള്ള സ്കോപ്പും അന്ത്യരംഗം ബാക്കി വെക്കുന്നുണ്ട്.
ലീലാമ്മയുടേയും അഞ്ജുവിന്റേയും വൈവാഹികജീവിതം അവരുടെ തിരഞ്ഞെടുപ്പായിരുന്നില്ല. അതിനുള്ള അവസരം ലഭിക്കാത്ത അനേകം മനുഷ്യരുടെ, പെണ്ണുങ്ങളുടെ പ്രതിനിധികളാണവർ. ലീലാമ്മ സാവധാനം അതിനോടിണങ്ങി അതിന്റെ മൂല്യങ്ങളെ സംരക്ഷിക്കുന്നതിലേക്ക് എത്തിയപ്പോൾ അതിനെ ലംഘിക്കാൻ അകമേ ശ്രമിക്കാൻ വെമ്പുന്നവളാണ് അഞ്ജു. ഒരു വധുവെന്ന നിലയിൽ തന്റെ സ്വപ്നങ്ങളുടെ ശവമടക്ക് എങ്ങനെ നടന്നുവെന്ന് ലീലാമ്മ മനസ്സുതുറക്കുന്നുണ്ട്. തിരിച്ചറിവിന്റെ ഒരു സന്ദർഭത്തിൽ അമ്മായിഅമ്മ മരുമകളോടാണത് വെളിപ്പെടുത്തുന്നത്. മനുഷ്യർ അങ്ങനെയാണല്ലോ. സന്ദർഭം വരുമ്പോഴാണ് ഉള്ളിലൊതുക്കിയ സത്യങ്ങൾ തന്നെ മനസ്സിലാകു(ക്കു)ന്ന ഒരാളോട് പറയുന്നത്. ദൈവത്തിനുപോലും അസൂയയുണ്ടാക്കുന്നതെന്ന് ലീലാമ്മ പറയുന്ന അവരുടെ സന്തോഷം അയഥാർത്ഥമായിരുന്നു എന്ന് അതുവഴി പ്രേക്ഷകർ തിരിച്ചറിയുന്നു.
ലീലാമ്മ മകൻ തോമസ് കുട്ടിയുടെ ജീവിതം മാത്രം മുന്നിൽ കണ്ട് പ്രവർത്തിച്ച ഒരാളെന്ന് വിലയിരുത്താം. അതിനെ അമ്മയ്ക്ക് മകനോടുള്ള സ്നേഹവായ്പായും കരുതലായും ന്യായീകരിക്കാം. പ്രാമാണികതയും സാമൂഹ്യമൂലധനവുമുള്ള കുടുംബത്തിന്റെ സ്വാഭാവിക ചെയ്തിയായി കാണാം. പക്ഷേ, അത് ബലിയാടാക്കുന്നുണ്ട് ഒരു പെൺജീവിതം. പ്രണയിതാവിനൊപ്പം ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട അഞ്ജുവിന്റെ ജീവിതം. തന്റേടമുണ്ടായിട്ടും താനിച്ഛിച്ച ജീവിതം അവൾക്ക് സാക്ഷാത്കരിക്കാനായില്ല. കൂടെ കിടക്കാനും ശുശ്രൂഷിക്കാനും മാത്രം ഭാര്യയെ ഉപയോഗപ്പെടുത്തുന്ന തോമസ് കുട്ടിയെന്ന മാരകരോഗം ബാധിച്ച ആളുടെ ഭാര്യാപദവിയാണ് അവൾക്ക് ലഭിച്ചത്.
സമൂഹത്തിലും സ്വന്തം കുടുംബത്തിലും ഉൾപ്പെടെ സാമാന്യ ബോധത്തിന്റെ രൂപത്തിൽ കോയ്മയോടെ നിലനിൽക്കുന്ന മനുഷ്യവിരുദ്ധസമീപനത്തിന്റെ ഇരയാണ് അഞ്ജു. അസുഖകരമായ ദാമ്പത്യം അനുഭവിച്ച അവളുടെ അമ്മായിഅമ്മ ലീലാമ്മയും വ്യവസ്ഥാ നടത്തിപ്പിന്റെ മറ്റൊരു തരത്തിലുള്ള ഇര തന്നെ. തങ്ങൾ ഇരകളാണെ തിരിച്ചറിവ് ഒടുവിൽ ഇരുവർക്കും ഉണ്ടാകുന്നുണ്ട് എന്നു തന്നെ കരുതണം. കുടുംബത്തിലെ രണ്ട് പദവികൾ വഹിക്കുന്ന സ്ത്രീകളായ ഈ രണ്ടുപേർ അഭിമുഖമായി വരുന്ന സീക്വൻസുകളിലെ അവർക്കിടയിലെ സ്ക്രീൻ വിനിമയങ്ങൾ ഈ സിനിമയിലെ പ്രധാന സംഘർഷസ്ഥലികളാണ്. ലീലാമ്മയുടെയും അഞ്ജുവിന്റെയും കൗണ്ടര്‍ ഷോട്ടുകളിലൂടെ അത് പക്വമായി സംവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.
സമുദായ സദാചാരത്തിന്റെയും കുടുംബാഭിമാനത്തിന്റെയും സംരക്ഷണ ചുമതല ഏറ്റെടുത്ത് തങ്ങളുടെ യഥാർത്ഥ സ്വത്വം പ്രകടിപ്പിക്കാൻ കഴിയാതെ ജീവിക്കേണ്ടിവരുന്നവരാണവർ. സംത്രാസങ്ങൾക്കടിപ്പെടുന്നെങ്കിലും തന്റെ പ്രണയത്തിന്റെ സത്യം പക്ഷേ അഞ്ജുവിനെ കരുത്തുറ്റവളാക്കുന്നുണ്ട്. പക്ഷേ എത്ര ശ്രമിച്ചിട്ടും അവളുടെ കാമുകൻ രാജീവിന് സമാനമായ കരുത്തിലേക്ക് ഉയരാൻ കഴിയുന്നില്ല. അയാൾക്ക് സമുദായ സദാചാരത്തിന്റെ ചങ്ങലകൾ ദേദിച്ച് പുറത്തു വന്ന് തന്റെ കാമുകിയെ സ്വീകരിക്കാൻ കഴിയുന്നില്ല. പ്രണയിനിയുമൊത്തുള്ള കൂട്ടുജീവിതത്തിന്റെ മാധുര്യം നുകരാൻ കഴിയുന്നില്ല. അതിലുണ്ടായേക്കാവുന്ന റിസ്കുകൾ നെഞ്ചേറ്റാനുള്ള ചങ്കൂറ്റമുണ്ടാവുന്നില്ല. അനിശ്ചിതത്വം നിറഞ്ഞ ബാർ ബോയിയെന്ന ജോലി ചെയ്യുന്ന രാജീവിന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കാൻ കഴിയുന്നതാണെങ്കിലും അയാളുടെ ഭീരുത്വമാർത്ത ഒളിച്ചോട്ടം പ്രകടമാണ്.
പുരുഷാധിപത്യ ധാരണകളാൽ നിർമിതമായ ഒരു കുടുംബ ഇക്കോസിസ്റ്റത്തിൽ തുടരാനുള്ള ഒരു മോഹത്തിന്റെ ഫലം പോലെ തോന്നിക്കുന്നുണ്ട് അഞ്ജുവിന്റെ അവസാനരംഗത്തെ വഞ്ചിയിൽ കയറൽ.
തോമസ് കുട്ടിയുടെ ജഡം സിനിമയിലെ ഒരു കഥാപാത്രമായി മാറുന്നുണ്ട്. പ്രളയം കാരണം നീട്ടിവെക്കപ്പെടുന്ന ശവമടക്ക് പ്രേക്ഷകരിലേക്ക് ഭിന്നവികാരങ്ങൾ പടർത്തുന്നതാണ്. അനേകം തിരിച്ചറിവുകളുടേയും വെളിപ്പെടുത്തലുകളുടേയും ഏറ്റുപറച്ചിലുകളുടേയും സമയം കൂടിയാണത്. ഒരാളുടെ ശവമടക്ക് നീളുന്നതോടൊപ്പം അയാളുടെ ജീവിതം മറ്റുള്ള മനുഷ്യരിൽ ഓർമകളായും കുമ്പസാരങ്ങളായും രഹസ്യമായ അറിവുകളായും തുടർന്നും കുടിപാർക്കുന്നു. ശവമടക്ക് ഇവയുടെയെല്ലാം ഒരു അവസാനിപ്പിക്കൽ ആയിത്തീരുന്നു. താത്കാലികമെങ്കിലും സുഖദായകമായ ഒരു മറവി കൂടിയാണ് അത് പ്രദാനം ചെയ്യുന്നത്. അത് എത്രയും വേഗമാവുക എന്ന ആഗ്രഹം മരണപ്പെട്ട മനുഷ്യനുമായി ബന്ധപ്പെട്ട എല്ലാവരുടേയും ഉള്ളിലെ വാസ്തവം കൂടിയാണ്. ഒരു അഖിലേന്ത്യമത്സരത്തിൽ സമ്മാനിതമായ 'ദ ഫ്യൂണറല്‍ ' എന്ന പേരിലുള്ള തിരക്കഥയാണ് സിനിമക്കാധാരം എന്നത് ഓർമിക്കാം.
വീട്ടിനകത്ത് കെട്ടിക്കിടക്കുന്ന പ്രളയജലം ഏതുറക്കത്തിലും യാഥാർത്ഥ്യത്തെ തൊട്ടുണർത്തുന്ന നനവായി സിനിമയിലുടനീളമുണ്ട്. ഏറ്റവും സമീപസ്ഥമായ സാന്നിദ്ധ്യമായി അത് പ്രവർത്തനക്ഷമമാകുന്നുണ്ട്. അതിന്റെ തീരത്തടിഞ്ഞ മനുഷ്യരുടെ മനോവ്യാപാരങ്ങളെ അത് സൂചിപ്പിക്കുന്നുണ്ട്. ഈ പരിചരണം പശ്ചാത്തലത്തെ പ്രമേയവുമായി നാഭീനാളബന്ധം നിലനിർത്തുന്ന രീതിയിൽ കാഴ്ചയുടെ ടോണിനെ മാറ്റുന്നതിൽ വിജയിച്ചിട്ടുണ്ട്. പെയ്ത്തുവെള്ളം നിറഞ്ഞ ഭൂമി പോലെ പുറമേ നിശ്ചലമെങ്കിലും അസ്വസ്ഥമാണ് കഥാപാത്രങ്ങളുടെ മാനസികാവസ്ഥകൾ. അതിനാൽ അതൊരു രൂപകം കൂടിയായി കാണാം. നിലയില്ലാക്കയത്തിന്റെ നടുവിലും പ്രതീക്ഷയുടെ ചില കിരണങ്ങൾ ആരുമാഗ്രഹിക്കും. വെള്ളമിറങ്ങുന്നതോടെ എല്ലാവരും ഒരു വിശ്രാന്തി അനുഭവിക്കുന്നുണ്ട്. എന്നാൽ അതു തങ്ങൾ ഇതുവരെ കാലുറപ്പിച്ചിരുന്ന (നിലപാടു) തറയുടെ ദൗർബല്യങ്ങളെക്കുറിച്ച് ശിഷ്ട ജീവിതത്തിൽ വീണ്ടുവിചാരത്തിന്റെ കനലുകൾ കോരിയിടുന്നുമുണ്ട്. കയറിയ വെള്ളം അതിന്റെ ഇറക്കത്തിൽ തറയിൽ അവശേഷിപ്പിച്ച മാലിന്യത്തിന്റെ അടയാളങ്ങൾ അപ്പോൾ തെളിഞ്ഞു കാണാം.
ലീലാമ്മയ്ക്കും അഞ്ജുവിനും ഇടയിൽ ഉണ്ടായിവന്ന സ്നേഹസൗഹൃദം സ്വതന്ത്രരായ രണ്ട് മനുഷ്യർ തമ്മിൽ സ്വാഭാവികമായി രൂപപ്പെട്ടതും ആധിപത്യസ്വഭാവത്താൽ ഒട്ടും നിയന്ത്രിക്കപ്പെടാത്തുമാണെന്ന് പൂർണ്ണമായും പറയാനാവുമെന്ന് തോന്നുന്നില്ല.
മനസ്സിന്റെ ഉൾപ്രവാഹങ്ങളിലാണ് സിനിമ കാലുകളാഴ്ത്തി നിലയുറപ്പിക്കുന്നത്. പരിചരണത്തിന്റെ വ്യത്യസ്തത വഴി ഷോട്ടുകളിൽ പ്രമേയവുമായി കണക്റ്റാകുന്ന ഒരു ഉൾക്കനം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഉള്ളൊഴുക്കിന്റെ ഗാഢത അത് അനുഭവിപ്പിക്കുന്നുമുണ്ട്. ഷോട്ടുകളിൽ കാണിച്ച കൃത്യത അതിന് വളരെ സഹായിച്ചു. സംഭാഷണങ്ങളുടെ ഇടവേളകളിൽ നിശ്ശബ്ദത ചിത്രത്തിൽ ഭംഗിയായി സംവിധായകൻ ഉപയോഗിച്ചിട്ടുണ്ട്. ലീലാമ്മയുടെ ആത്മസംഘർഷം തീവ്രതയോടെ എന്നാൽ അതിവൈകാരികമാകാതെ അവതരിപ്പിക്കുന്നതിൽ അത് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. നിയന്ത്രിതമായ ആക്ടിംഗും ഒതുക്കമുള്ള ഭാവപ്രകടനങ്ങളും ആംഗ്യങ്ങളും വഴി ഉർവശിയുടെ ലീലാമ്മയെന്ന കഥാപാത്രം അതിൽ മുമ്പിൽ നിന്നു. പരിപാകം എന്നു വിശേഷിപ്പിക്കാവുന്ന വേഷപ്പകർച്ചയാണ് ഉർവശി നടത്തിയത്. അഞ്‍ജുവിനെ പാര്‍വതിയും കഥാപാത്രത്തിന്റെ ഉള്ളകമറിഞ്ഞ് സ്വാഭാവികമാക്കിയിട്ടുണ്ട്. കഥാപാത്രങ്ങളുടെ ശരീരചലനങ്ങൾ രണ്ടുപേരും സൂക്ഷ്മതയോടെ കൈകാര്യം ചെയ്തിരിക്കുന്നതായി കാണാം.
അഞ്‍ജുവായി പാര്‍വതി ഫ്രെയിമിലുള്ളപ്പോള്‍ കൂടെയുള്ള കഥാപാത്രത്തിന് നേരെയുള്ള അവളുടെ നോട്ടത്തിലും മൗനത്തിലുമടക്കം അകഭാവം വിനിമയം ചെയ്യുന്നുണ്ട്. അഞ്ജുവിന്റെ കാമുകനായെത്തിയ രാജീവിനെ അര്‍ജുൻ രാധാകൃഷ്‍ണനും ഭർത്താവായ തോമസുകുട്ടിയെ പ്രശാന്ത് മുരളിയും പക്വതയോടെ അവതരിപ്പിച്ചു. പുരുഷ കഥാപാത്രങ്ങൾക്ക് താരതമ്യേന വളരെ കുറഞ്ഞ സ്ക്രീൻ സമയം മാത്രമേ ചിത്രത്തിലുള്ളൂ. തബലിസ്റ്റായ തോമസുകുട്ടിയുടെ അന്തർസംഘർഷങ്ങളെ, അസുഖബാധിതനായി കട്ടിലിൽ കിടക്കുമ്പോൾ തബലയിലേയ്ക്ക് നീളുന്ന വിരലുകളുടെ ചലനത്തിന്റെ ചിത്രീകരണത്തിലൂടെ പൊള്ളുന്ന അനുഭവമാക്കിത്തീർത്തു. സുശിൻ ശ്യാമിന്റെ ഉൾസംഗീതം ഒഴുക്കിനെ താളാത്മകമാക്കി. ഒരോ സന്ദര്‍ഭങ്ങളെയും സംഗീതത്താൽ കൂടി അടയാളപ്പെടുത്താൻ സുശിൻ ശ്യാമിന് കഴിഞ്ഞിട്ടുണ്ട്. ഷെഹനാദ് ജലാലിന്റെ ക്യാമറ വെള്ളപ്പൊക്കത്തെ ഒരു കഥാപാത്രമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. വീട്ടകത്തെ ഇരുളിനേയും വെളിച്ചത്തേയും സന്ദർഭത്തിനൊത്ത് വിളക്കിച്ചേർത്തു ഛായാഗ്രഹണം. കിരണ്‍ ദാസ് ക്രിയാത്മകമായി നിര്‍വഹിച്ച എഡിറ്റിംഗ് ഉള്ളൊഴുക്കിനെ മികച്ചൊരു സിനിമാഅനുഭവമാക്കി മാറ്റിയെടുത്തു.
സിനിമയുടെ അന്ത്യം ഇങ്ങനെയായിരുന്നോ വേണ്ടിയിരുന്നത് എന്നു സ്ത്രീകളെങ്കിലും ചിന്തിച്ചേക്കാം. അങ്ങനെ ചിന്തിക്കേണ്ടതുമുണ്ട്. അഞ്ജുവിന്റേത് സമരസപ്പെടലിന്റെ തീരുമാനമായിരുന്നോ എന്ന് വിചാരപ്പെടുത്തുന്നതാണ് അവസാനരംഗങ്ങൾ. സ്ത്രീ പുരുഷനെ എന്നതിലുപരി പുരുഷന്റെ കുടുംബത്തെ ആകെപ്പാടെ വിവാഹം കഴിക്കുന്ന സാമ്പ്രദായികതയാണ് ഇന്ത്യയിൽ കാലാകാലമായുള്ള നാട്ടുനടപ്പ്. അതുവഴി നിർമിക്കപ്പെടുന്ന ഇന്ത്യൻ സ്ത്രീയുടെ യാഥാസ്ഥിതികബോധമാണ് സ്വതന്ത്രമായ പുതുവഴി തേടുന്നതിൽ നിന്ന് അഞ്ജുവിനെ തടയുന്നത് എന്ന നിരീക്ഷണം പ്രസക്തമാണ്. ആ ആംഗിളിൽ സിനിമയ്ക്ക് പ്രതിലോമകരമായ ഒരു പരിസമാപ്തിയാണുള്ളതെന്ന് പറയേണ്ടിവരും. കുടുംബത്തെ പ്രകീർത്തിക്കുന്ന ചിരസമ്മതമായ ചില സിനിമാന്ത്യങ്ങളിലെ സമരസപ്പെടലും ഈ സിനിമയിലെ അവസാനരംഗത്തെ അഞ്ജുവിന്റെ തീരുമാനവും വ്യത്യാസപ്പെട്ടിരിക്കുന്നുണ്ടോ എന്നത് ചിന്തിക്കേണ്ടതാണ്. പുരുഷാധിപത്യ ധാരണകളാൽ നിർമിതമായ ഒരു കുടുംബ ഇക്കോസിസ്റ്റത്തിൽ തുടരാനുള്ള ഒരു മോഹത്തിന്റെ ഫലം പോലെ തോന്നിക്കുന്നുണ്ട് അഞ്ജുവിന്റെ അവസാനരംഗത്തെ വഞ്ചിയിൽ കയറൽ.
ലീലാമ്മയുടെ രക്ഷാകർതൃമനോഭാവവും കെയറിംഗ് മനഃസ്ഥിതിയും പാർട്രിയാർക്കിയാൽ നിർമിതമായ ഒന്നല്ലെന്ന് പറയാനാവില്ല. ലീലാമ്മയ്ക്കും അഞ്ജുവിനും ഇടയിൽ ഉണ്ടായിവന്ന സ്നേഹസൗഹൃദം സ്വതന്ത്രരായ രണ്ട് മനുഷ്യർ തമ്മിൽ സ്വാഭാവികമായി രൂപപ്പെട്ടതും ആധിപത്യസ്വഭാവത്താൽ ഒട്ടും നിയന്ത്രിക്കപ്പെടാത്തുമാണെന്ന് പൂർണ്ണമായും പറയാനാവുമെന്ന് തോന്നുന്നില്ല. അമ്മച്ചിയോടൊപ്പം പോകാനുള്ള അഞ്ജുവിന്റെ തീരുമാനം വിമർശിക്കപ്പെടുന്നത് അതുകൊണ്ട് കൂടിയാണ്. സ്വതന്ത്രമായ വഴികൾ തേടാതുള്ള ആ നീക്കം ഒരു പിൻമാറ്റമായി വ്യാഖ്യാനിക്കപ്പെടാം. അതിനുള്ള സ്കോപ്പും അന്ത്യരംഗം ബാക്കി വെക്കുന്നുണ്ട്. തന്റെ പ്രണയിതാവായ പുരുഷനേക്കാൾ തന്നിലെ സ്ത്രീയെ മനസിലാക്കുന്നത് മാറ്റത്തിന് വിധേയയായ അമ്മായിഅമ്മയെന്ന സ്ത്രീയാണ് എന്ന തിരിച്ചറിവിലാവാം അഞ്ജുവിന്റെ തീരുമാനം. അതിനാൽ അത് സംവാദസാധ്യതയുള്ള ഒരു തുറന്ന അന്ത്യരംഗമെന്ന് മനസ്സിലാക്കുന്നതിൽ കുഴപ്പമില്ല. അപ്പോഴും അതിലെ രാഷ്ട്രീയാന്തർഗതങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതുതന്നെയാണ്.