മുന്നോട്ട് ചുവടുവെക്കുന്ന
രണ്ടു സ്ത്രീകളുടെ ഉള്ളൊഴുക്ക്

യാഥാസ്ഥിതിക ചിന്താഗതികളെ, മനുഷ്യനന്മയിൽ വിശ്വസിക്കുന്ന രണ്ട് സ്ത്രീകൾ മറികടക്കാൻ ശ്രമിക്കുന്നിടത്താണ് ഉള്ളൊഴുക്ക് മുന്നോട്ടുള്ള ഒരു ചുവടുവെപ്പാകുന്നത്.

വിവാഹം, രോഗം തുടങ്ങിയ സെൻസിറ്റീവായ ജീവിതസന്ദർഭങ്ങളിലെ യാഥാസ്ഥിതിക സമീപനങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളുടെ അതിതീവ്രമായ ആവിഷ്ക്കാരമാണ് ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത 'ഉള്ളൊഴുക്ക്'.
'കറി ആൻ്റ് സയനൈഡ് ' എന്ന ഡോക്യുമെൻ്ററിയിലൂടെ കൂടത്തായി കൊലപാതക പരമ്പരയുടെ ഉള്ളറകളിലേയ്ക്ക് കടന്നുചെന്ന ചലച്ചിത്രകാരനാണ് ക്രിസ്റ്റോ ടോമി. അവിടെയും വിവാഹം, കുടുംബം, മരണം എന്നിങ്ങനെയുള്ള നിത്യജീവിത സന്ദർഭങ്ങളുടെ സങ്കീർണ വ്യവഹാര മേഖലകളിലേയ്ക്കാണ് സംവിധായകൻ ക്യാമറ ചലിപ്പിച്ചത്. കൂടത്തായി പൊന്നാമറ്റം കുടുംബത്തിലേയ്ക്ക് ഇടുക്കിയിൽ നിന്നും ജോളി ജോസഫ് എന്ന പെൺകുട്ടി വിവാഹിതയായി കടന്നു ചെല്ലുമ്പോൾ ആരംഭിക്കുന്ന ദുരന്തങ്ങളാണ് 'കറി ആൻ്റ് സയനൈഡ് '.

'ഉള്ളൊഴുക്കും' അഞ്ജു ജോർജ്ജ് എന്ന പെൺകുട്ടി തോമസുകുട്ടിയെ വിവാഹം കഴിച്ച് കുട്ടനാട്ടിലെ അയാളുടെ വീട്ടിലെത്തുമ്പോഴാണ് ആരംഭിക്കുന്നത്. തോമസുകുട്ടിയുടെ അമ്മ ലീലാമ്മയുടെയും അഞ്ജുവിൻ്റെയും ആന്തരിക സംഘർഷങ്ങളെ മഴയുടെയും മരണത്തിൻ്റെയും സാന്നിധ്യത്തിൽ പതിയെപ്പതിയെ പ്രേക്ഷകരിലേയ്ക്ക് ആഴ്ന്നിറങ്ങും വിധം ദൃശ്യവത്ക്കരിക്കുന്നു.

ആഗ്രഹം പോലെ പഠിക്കുവാനും ശക്തമായ തീരുമാനങ്ങളെടുക്കുവാനും സാധിക്കാതെ പോയ ലീലാമ്മ, ലഭിച്ച ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. വിവാഹിതയായി എത്തപ്പെട്ട വീടിൻ്റെ അന്തസ്സിനെക്കരുതി സന്തോഷത്തിൻ്റെ മേലങ്കി എടുത്തണിയുന്ന ലീലാമ്മ, അപൂർവ്വമായി ഉള്ളുതുറക്കുമ്പോൾ ഇഛാഭംഗത്തിൻ്റെ തേങ്ങലുകൾ പ്രേക്ഷകരെ വേദനിപ്പിക്കും. തോമസുകുട്ടിയുടെ ഭാര്യയായി ആ വീട്ടിലേയ്ക്ക് വരുന്ന അഞ്ജു, ലീലാമ്മയുടെ ആധുനിക ഭാവമാണ്.

പ്രണയിച്ച പുരുഷനെ സ്വന്തമാക്കാനാവാതെ വീട്ടുകാരുടെ നിർബന്ധത്തിനുവഴങ്ങി മറ്റൊരാളുടെ ഭാര്യയായി മാറുന്ന അഞ്ജു, പിന്നീടങ്ങോട്ട് അഭിനയിച്ചു ജീവിക്കുകയാണ്. ആഗ്രഹങ്ങൾ സഫലമാവാത്ത ലീലാമ്മയുടെ ജീവിതമറിഞ്ഞതും കാലഘട്ടത്തിൽ വന്ന മാറ്റവുമാണ് അഞ്ജുവിനെ ശക്തമായ തീരുമാനങ്ങളെടുക്കാൻ പ്രാപ്തയാക്കുന്നത്. കാമുകൻ രാജീവുമായുള്ള പുനഃസമാഗമം സൃഷ്ടിച്ച പ്രശ്നങ്ങളും തോമസുകുട്ടിയുടെ മരണത്തിനു ശേഷം ഇനിയെന്ത്? എന്ന അഞ്ജുവിൻ്റെ ചോദ്യത്തിനുള്ള ഉത്തരവുമാണ് 'ഉള്ളൊഴുക്ക് '.
പല അടരുകളുള്ള ലീലാമ്മയുടെയും അഞ്ജുവിൻ്റെയും മനസ്സുകൾ പതിയെപ്പതിയെ തുറക്കപ്പെട്ട്, ഇരുവരും ഒരു തോണിയിൽ യാത്ര ചെയ്യുന്നിടത്താണ് ഉള്ളൊഴുക്ക് പൂർണ്ണമാകുന്നത്.

സ്വന്തം ആഗ്രഹപ്രകാരം വിവാഹം കഴിയ്ക്കുവാനുള്ള അവകാശം പോലുമില്ലാത്ത പെൺകുട്ടികൾ ജീവിക്കുന്ന രാജ്യത്താണ് നമ്മളിപ്പോഴും ജീവിക്കുന്നത്. തോമസുകുട്ടിയുടെ അസുഖവിവരം മറച്ചുവെച്ച് അഞ്ജുവിനെ അയാൾക്ക് വിവാഹം കഴിച്ചു കൊടുക്കുന്ന അമ്മ, ‘എല്ലാം മോൾടെ നല്ലതിനു വേണ്ടി ചെയ്തതാണ്’ എന്ന സ്ഥിരം ന്യായവും പറയുന്നുണ്ട്. വരൻ്റെ മുഖം കാണാത്ത വധുവും വധുവിൻ്റെ മുഖം കാണാത്ത വരനും വിവാഹിതരാവുകയും ട്രെയിനിൽ വച്ച് ഭാര്യയെ മാറിപ്പോവുകയും ചെയ്യുന്ന 'ലാപത ലേഡീസ്' ചലച്ചിത്രമാക്കുവാൻ തോന്നുന്നതും പ്രേക്ഷകരത് സ്വീകരിക്കുന്നതും നമ്മുടെ രാജ്യത്തെ ബഹുഭൂരിപക്ഷം പെൺകുട്ടികളും ഈ 21-ാം നൂറ്റാണ്ടിലും അന്ധകാരത്തിൽ കഴിയാൻ നിർബന്ധിക്കപ്പെടുന്നു എന്നതിനാലാണ്.

അഞ്ജുവിൻ്റെ പ്രണയസാക്ഷാത്കാരത്തിന് തടസമാകുന്നത് മതവും തൊഴിലില്ലായ്മയുമാണ്. ‘ആ വേലയും കൂലിയുമില്ലാത്ത ഹിന്ദു ചെക്കൻ്റെ കൂടെ പോകാമെന്ന് കരുതണ്ട’ന്ന് അപ്പൻ ജോർജ്ജ് അഞ്ജുവിനോട് പറയുന്നുണ്ട്. പ്രണയത്തിനും വിവാഹത്തിനും മതം സൃഷ്ടിക്കുന്ന തടസ്സം അവസാനിക്കുന്നില്ല എന്നു തന്നെയാണ് 'ഉള്ളൊഴുക്കും' പറയുന്നത്. അഞ്ജുവിൻ്റെ കാമുകൻ രാജീവാകട്ടെ, നല്ലൊരു ജോലി സമ്പാദിക്കുവാനുള്ള നെട്ടോട്ടത്തിലാണ്. തികച്ചും അനിശ്ചിതത്വം നിറഞ്ഞ ബാർ ബോയിയെന്ന ജോലി ചെയ്യുന്ന രാജീവിൻ്റെ നിസഹായാവസ്ഥ ആ പ്രായത്തിലുള്ള യുവാക്കൾക്ക് കൃത്യമായി മനസ്സിലാകും. അഞ്ജുവുമായുള്ള പ്രണയബന്ധത്തിൽ പുരുഷാധിപത്യത്തിൻ്റെ ശക്തമായ സ്വാധീനം ഏതൊരു പുരുഷനെപ്പോലെയും രാജീവിലുമുണ്ട്. സിനിമയുടെ ആദ്യ രംഗത്തിൽ തന്നെ അത് വെളിവാക്കപ്പെടുന്നുണ്ട്.

തബലിസ്റ്റായ തോമസുകുട്ടിയുടെ അന്തർസംഘർഷങ്ങളെ അതി മനോഹരമായാണ് സിനിമയിൽ ചേർത്തുവച്ചിരിക്കുന്നത്. അസുഖബാധിതനായി കട്ടിലിൽ കിടക്കുമ്പോഴും തബലയിലേയ്ക്ക് നീളുന്ന വിരലുകളുടെ നിസഹായത പൊള്ളുന്ന അനുഭവമാണ് സമ്മാനിക്കുന്നത്.തോമസുകുട്ടിയായി പ്രശാന്ത് മുരളി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

കുട്ടനാട്ടുകാരുടെ കൂടപ്പിറപ്പാണ് വെള്ളപ്പൊക്കം. പല ജീവിത മുഹൂർത്തങ്ങളിലും ക്ഷണിയ്ക്കപ്പെടാത്ത ഒരതിഥിയായി വെള്ളം മനുഷ്യരുടെ ഇടയിലേയ്ക്ക് കടന്നുവരികയും മടങ്ങിപ്പോകുകയും ചെയ്യും. പലപ്പോഴും സമാധാനപൂർണ്ണമെങ്കിലും ചിലപ്പോൾ സംഹാരരുദ്രയെപ്പോലെ കലിതുള്ളി പ്രളയജലമെത്തും. ആ വെള്ളത്തിനിടയിൽ കുട്ടനാട്ടിലെ മനുഷ്യജീവിതം മുങ്ങിയും പൊങ്ങിയും മുന്നോട്ട് പോകും. പള്ളിയിലെ കല്ലറയിൽ വെള്ളം കയറിയതിനാൽ തോമസുകുട്ടിയുടെ മൃതശരീരം അടക്കാനാവാതെ വീട്ടുകാരും നാട്ടുകാരും ആകാശത്തേയ്ക്ക് നോക്കി കാത്തിരിയ്ക്കുന്ന കാലത്താണ് ലീലാമ്മയുടെയും അഞ്ജുവിൻ്റെയും ഉള്ളൊഴുകി ഒന്നാകുന്നത്.

ലീലാമ്മ, അഞ്ജു എന്നീ കഥാപാത്രങ്ങളായി പകർന്നാട്ടം നടത്തിയിരിക്കുന്നത് ഉർവ്വശിയും പാർവ്വതിയുമാണ്. സൂക്ഷ്മാഭിനയം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഇരുവരും കാഴ്ചവെയ്ക്കുന്നത്. പല റേഞ്ചിലുള്ള കഥാപാത്രങ്ങളെ തികച്ചും സ്വാഭാവികമായി അവതരിപ്പിക്കുന്ന അഭിനേത്രിയാണ് ഉർവ്വശി. കുസൃതി നിറഞ്ഞ, ഹാസ്യരസപ്രധാനമായ കഥാപാത്രങ്ങളാണ് ഉർവ്വശി മിക്കവാറും ചെയ്തിട്ടുള്ളത്. എന്നാൽ, അങ്ങനെയുള്ള സിനിമകളിൽ തന്നെ ചില വൈകാരിക മുഹൂർത്തങ്ങളിൽ ഉർവ്വശി അതിഗംഭീര പ്രകടനം നടത്തി പ്രേക്ഷകരിൽ നൊമ്പരമുണർത്തുകയും ചെയ്യും. ഉർവ്വശിയുടെ കരിയർ ബെസ്റ്റ് പെർഫോമൻസ് എന്നു പറയാനാകും വിധം ഗംഭീരമാണ് 'ഉള്ളൊഴുക്കി'ലെ അഭിനയം. അതിതീവ്ര വൈകാരിക ഭാവങ്ങളെപ്പോലും അനായാസമെന്നു തോന്നും വിധത്തിലാണ് ഉർവ്വശി ചെയ്തിരിക്കുന്നത്. 'അമ്മച്ചിയെന്തിനാ വെഷമിക്കുന്നെ? ' എന്ന അഞ്ജുവിൻ്റെ ചോദ്യത്തിനുളള മറുപടിയും ഇൻ്റർവെല്ലിനു മുൻപുള്ള രംഗവുമൊക്കെ, ലീലാമ്മയായി മറ്റൊരാളെ സങ്കൽപ്പിക്കാനാവാത്ത വിധം ഉർവശി മികവുറ്റതാക്കിയിരിക്കുന്നു.

എന്ന് നിന്റെ മൊയ്തീൻ, ഉയരെ, ആർക്കറിയാം തുടങ്ങിയ ഒരുപിടി നല്ല ചലച്ചിത്രങ്ങളിലൂടെ ഭാവതീവ്രതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് പാർവ്വതി. ' ഉള്ളൊഴുക്കി'ൽ ഉർവ്വശിയെപ്പോലെ അനായാസമല്ല പാർവ്വതിയുടെ അഭിനയം. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടികളിലൊരാളായ ഉർവ്വശിയോടൊപ്പം തുല്യ പ്രാധാന്യമുള്ള റോളിൽ, ഒട്ടും പിന്നിലാവാതെ, കൃത്യമായ ഭാവ-ചലനങ്ങളോടെ അഞ്ജുവായി പാർവ്വതി കരുത്ത് തെളിയിക്കുന്നു. അലൻസിയർ, ജയാകുറുപ്പ്, അർജ്ജുൻ രാധാകൃഷ്ണൻ തുടങ്ങി, സിനിമയിൽ വന്നു പോയവരെല്ലാം തങ്ങളുടെ റോളുകൾ മനോഹരമാക്കി.

സുഷിൻ ശ്യാമിൻ്റെ പശ്ചാത്തല സംഗീതം സിനിമയുടെ തീവ്ര പ്രമേയത്തെ പ്രേക്ഷകരിലെത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. വെള്ളപ്പൊക്കത്തിൻ്റെ ക്രമാനുഗതമായ വരവും പോക്കുമൊക്കെ കൃത്യമായി മനസ്സിലാക്കി ആവിഷ്ക്കരിച്ച ആർട്ടും കൈയ്യടി അർഹിക്കുന്നു. റോണി സ്ക്രൂവാലയാണ് നിർമ്മാതാവ്.

ആധുനിക പൗരരാകുവാൻ ആഗ്രഹിക്കുന്നവർക്ക് ശാസ്ത്രീയ - മതേതര- ജനാധിപത്യ കാഴ്ചപ്പാടുകൾ അനിവാര്യമാണെന്ന് 'ഉള്ളൊഴുക്ക് ' കണ്ടുകഴിയുമ്പോൾ ബോധ്യമാകും. എല്ലാ ജീവിത സന്ദർഭങ്ങളിലും സത്യം പറയാൻ ഉയർന്ന മൂല്യബോധം വേണ്ടതുണ്ടെന്ന് വരുന്നു. വ്യക്തികളുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും മാനിക്കാൻ തുല്യതയെപ്പറ്റിയുള്ള തികഞ്ഞ അവബോധം ആവശ്യമാകുന്നു. ജീവിതത്തിൽ യുക്തിഭദ്രമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ശാസ്ത്രബോധം അനിവാര്യമാണ്. യാഥാസ്ഥിതിക ചിന്താഗതികളെ, മനുഷ്യനന്മയിൽ വിശ്വസിക്കുന്ന രണ്ട് സ്ത്രീകൾ മറികടക്കാൻ ശ്രമിക്കുന്നിടത്താണ് ഉള്ളൊഴുക്ക് മുന്നോട്ടുള്ള ഒരു ചുവടുവെയ്പ്പാകുന്നത്.

Comments