‘ഹിഗ്വിറ്റ’ക്ക്​ സെൻസർ ബോർഡ്​ സർട്ടിഫിക്കറ്റ്​, നിലപാടിനുള്ള അംഗീകാരമെന്ന്​ സംവിധായകൻ

സിനിമക്കുള്ള സെൻസർ ബോർഡ്​ സർട്ടിഫിക്കറ്റ്​ എന്നു പറഞ്ഞാൽ, അത് ‘ഹിഗ്വിറ്റ' എന്ന ടൈറ്റിൽ അടക്കമുള്ളവയ്ക്കുള്ള അംഗീകാരം കൂടിയാണല്ലോ. ഈ വിഷയത്തിൽ പൊതുസമൂഹവും മാധ്യമങ്ങളും നൽകിയ പിന്തുണക്ക്, അതേ നിലവാരത്തിലുള്ള അംഗീകാരമായി ഇതിനെ കണക്കിലെടുക്കുന്നു- സംവിധായകൻ ഹേമന്ത് ജി. നായർ പറയുന്നു.

എൻ.എസ്. മാധവൻ ടൈറ്റിലിൽ അവകാശവാദം ഉന്നയിച്ചതിനെതുടർന്ന് വിവാദത്തിലായ "ഹിഗ്വിറ്റ' എന്ന സിനിമക്ക് സെൻസർ ബോർഡിന്റെ U/A സർട്ടിഫിക്കറ്റ്. തങ്ങളുടെ നിലപാട് ശരിവക്കുന്ന തീരുമാനം കൂടിയാണിതെന്ന് സംവിധായകൻ ഹേമന്ത് ജി. നായർ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

സിനിമക്ക് ‘ഹിഗ്വിറ്റ' എന്ന ടൈറ്റിൽ അനുവദിക്കണമെന്നാവശ്യപ്പെട്ട്, അവസാനശ്രമമെന്ന നിലയ്ക്ക്, അഞ്ചുദിവസം മുമ്പ് ഫിലിം ചേംബറിന് കത്ത് നൽകിയിരുന്നുവെന്ന് ഹേമന്ത് പറഞ്ഞു. കഥാമോഷണവും ടൈറ്റിൽ മോഷണവും ആരോപിച്ച് എൻ.എസ്. മാധവൻ കത്ത് നൽകിയിട്ടുണ്ടെന്നും അതിനാൽ സിനിമയ്ക്ക് ‘ഹിഗ്വിറ്റ' എന്ന ടൈറ്റിൽ അനുവദിക്കാനാകില്ലെന്നും പറഞ്ഞ് ഫിലിം ചേംബറിന്റെ മറുപടിയും കിട്ടി. ഇതേതുടർന്നാണ്, തങ്ങൾ സെൻസർ ബോർഡിനെ സമീപിച്ചത്. കോടതിയിൽ പോകുന്നതിനുമുമ്പ്, സിനിമക്ക് അംഗീകാരം നൽകാൻ അധികാരമുള്ള സംവിധാനമെന്ന നിലയ്ക്ക് സെൻസർ ബോർഡിന്റെ അംഗീകാരം തേടുന്നത് പ്രധാനമാണല്ലോ. എല്ലാ നടപടിക്രമങ്ങളും പാലിച്ച്, ഫസ്റ്റ് ഫ്രെയിം മുതൽ തന്നെയാണ് സിനിമ അംഗീകാരത്തിന് സമർപ്പിച്ചത്. ടൈറ്റിൽ വിവാദം സെൻസർ ബോർഡ് അറിഞ്ഞിരിക്കാം എന്നാണ് ഞാൻ കരുതുന്നത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട ഒരു ചോദ്യവും അവർ ചോദിച്ചില്ലെന്നുമാത്രമല്ല, ചൊവ്വാഴ്​ച സ്‌ക്രീനിങ് കഴിഞ്ഞ് ഉടൻ സർട്ടിഫിക്കറ്റും അനുവദിച്ചു. സിനിമക്കുള്ള അംഗീകാരമെന്നു പറഞ്ഞാൽ, അത് ‘ഹിഗ്വിറ്റ' എന്ന ടൈറ്റിൽ അടക്കമുള്ളവക്കുള്ള അംഗീകാരം കൂടിയാണല്ലോ. ഈ വിഷയത്തിൽ പൊതുസമൂഹവും മാധ്യമങ്ങളും നൽകിയ പിന്തുണക്ക്, അതേ നിലവാരത്തിലുള്ള അംഗീകാരമായി ഇതിനെ കണക്കിലെടുക്കുന്നു- ഹേമന്ത് പറഞ്ഞു.

എൻ.എസ്. മാധവൻ / Photo: Wikimedia Commons
എൻ.എസ്. മാധവൻ / Photo: Wikimedia Commons

ഒരു സിനിമ പ്രദർശിപ്പിക്കുന്നതിൽ സെൻസർബോർഡിന്റെ അംഗീകാരമാണ് ഏറ്റവും പ്രധാനം. അത് കിട്ടിക്കഴിഞ്ഞ സ്ഥിതിക്ക് തങ്ങൾ മുന്നോട്ടുപോകുമെന്ന് ഹേമന്ത് പറഞ്ഞു. ടൈറ്റിൽ ചേംബറിലാണ് രജിസ്റ്റർ ചെയ്യേണ്ടത് എന്നാണ് കീഴ്‌വഴക്കം. ഇതിന്റെ നിയമപരമായ വസ്തുത അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമപ്രശ്‌നമുണ്ടായിരുന്നുവെങ്കിൽ സെൻസർ ബോർഡിന്റെ സർട്ടിഫിക്കറ്റ് ലഭിക്കുമായിരുന്നില്ല എന്നാണ് ഞാൻ കരുതുന്നത്. ഇനി, ഫിലിം ചേംബർ ടൈറ്റിൽ അനുവദിക്കാത്തത് എന്തെങ്കിലും പ്രശ്‌നമായി വരികയാണെങ്കിൽ അതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളത്തിലെ പ്രശസ്തമായ തന്റെ കഥയുടെ ടൈറ്റിൽ സിനിമക്ക് ഉപയോഗിക്കുന്നതിനെതിരെയാണ് എൻ.എസ്. മാധവൻ മുഖ്യമന്ത്രിക്ക് അടക്കം കത്തയച്ചത്. വിഷയം വിവാദമായി കത്തിപ്പടർന്നപ്പോൾ, കഥ- ടൈറ്റിൽ മോഷണം ആരോപിച്ച് മാധവൻ ഫിലിം ചേംബറിൽ പരാതി നൽകുകയായിരുന്നു. കഥയുമായി സിനിമക്ക് ബന്ധമില്ലെന്ന് സംവിധായകൻ ഹേമന്ത് ജി. നായർ വ്യക്തമാക്കിയിട്ടും, മാധവന്റെ പരാതി മുൻനിർത്തി ടൈറ്റിൽ ഉപയോഗിക്കുന്നതിന് ചേംബർ വിലക്കേർപ്പെടുത്തി. ടൈറ്റിൽ മാറ്റണമെന്ന ആവശ്യം സംവിധായകൻ അംഗീകരിച്ചില്ല, നിയമനടപടിയുമായി മുന്നോട്ടുപോകാനും തീരുമാനിച്ചു. ഇതിനിടെയാണ് സെൻസർ ബോർഡ് അംഗീകാരം ലഭിച്ചത്.

സുരാജ് വെഞ്ഞാറമ്മൂട് നായകനായി അഭിനയിക്കുന്ന ‘ഹിഗ്വിറ്റ' ജനുവരിയിൽ റിലീസ് ചെയ്യാനാണ് ശ്രമം.

‘ഹിഗ്വിറ്റ'ക്കു സമാനമായ മറ്റൊരു വിവാദവും ഇതിനിടെയുണ്ടായി. ‘ലെയ്​ക്ക' എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ചർച്ച. ഇതേ പേരിൽ വി.ജെ. ജയിംസിന്റെ നോവലുണ്ട്. സാങ്കേതികമായി പറഞ്ഞാൽ ലെയ്ക്ക ചരിത്രത്തിൽ ഇടം നേടിയ പേരായതിനാൽ ആർക്കും അതുപയോഗിക്കാൻ അവകാശമുണ്ട് എന്നായിരുന്നു ജയിംസിന്റെ പ്രതികരണം: ‘‘ഒരു എഴുത്തുകാരനും ആ പേരിൽ കുത്തകാവകാശമില്ല. എത്രയോ പേർ മറ്റ് ഭാഷകളിൽ ഉപയോഗിച്ചിട്ടുമുണ്ടാകും. ലെയ്​ക്ക എന്ന പേരിൽ സിനിമ വരുന്നതായി മാസങ്ങൾക്കുമുമ്പേ അറിഞ്ഞിട്ടും എവിടെയും ഞാൻ പ്രതികരിക്കാൻ മുതിർന്നിട്ടില്ല. എന്നാൽ, അതിലൊരു നിസ്സഹായത ഉള്ളതെന്തെന്നാൽ, ഞാനെഴുതിയ ലെയ്​ക്ക എന്ന നോവലിനെ ആസ്പദമാക്കി സിനിമ വരുമ്പോൾ എനിക്കാ പേര് ഇനി ഉപയോഗിക്കാനാകില്ല എന്നതാണ്’’ എന്ന് ജയിംസ് ഫേസ്ബുക്കിൽ എഴുതി.
ബഹിരാകാശത്തേക്ക് അയച്ച നായയെക്കുറിച്ചുള്ള നോവലാണ് ‘ലെയ്​ക്ക'. ആഷാദ് ശിവരാമൻ സംവിധാനം ചെയ്യുന്ന ‘ലെയ്​ക്ക' എന്ന സിനിമ, തിരുവനന്തപുരത്തെ ഒരു വളർത്തുനായയുടെ കഥയാണ്.


Summary: സിനിമക്കുള്ള സെൻസർ ബോർഡ്​ സർട്ടിഫിക്കറ്റ്​ എന്നു പറഞ്ഞാൽ, അത് ‘ഹിഗ്വിറ്റ' എന്ന ടൈറ്റിൽ അടക്കമുള്ളവയ്ക്കുള്ള അംഗീകാരം കൂടിയാണല്ലോ. ഈ വിഷയത്തിൽ പൊതുസമൂഹവും മാധ്യമങ്ങളും നൽകിയ പിന്തുണക്ക്, അതേ നിലവാരത്തിലുള്ള അംഗീകാരമായി ഇതിനെ കണക്കിലെടുക്കുന്നു- സംവിധായകൻ ഹേമന്ത് ജി. നായർ പറയുന്നു.


കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments