വെള്ളത്തിന് രൂപമില്ലെന്നാര് പറഞ്ഞു?
നിത്യദുരിതം പേറുന്ന കൊച്ചിയിലെ പുത്തൻവേലിക്കരയിലെ മനുഷ്യരുടെ ഉടലളവിന്റെ രൂപമാണതിന്. ചൊറിഞ്ഞു പൊട്ടിയ കാലുകളിലെയും വിരലുകളെയും നാഡീഞരമ്പുകളെയും പൊതിഞ്ഞുനിൽക്കുന്ന അസഹനീയമായ സ്ത്രീയനുഭവങ്ങളുടെ സ്പർശക്കാഴ്ച (Haptic Visuality) അനുഭവിപ്പിക്കുന്നതാണ് ഉപ്പുവീടുകൾ എന്ന പേരിൽ ആരതി എം.ആർ ചെയ്ത ഹ്രസ്വചിത്രം. കൊച്ചിയിലെ ‘ക്ലൈമറ്റ് കമ്യൂണിറ്റി ആർട്ട്’എന്ന കൂട്ടായ്മ കേരളാ മ്യൂസിയത്തിൽ നടത്തിയ ‘കഭൂം’ (KabhumM) ഫെസ്റ്റിൽ ഈ ഹ്രസ്വചിത്രത്തിന്റെ ആദ്യ സ്ക്രീനിങ്ങിൽ അവസാനം കയ്യടിക്കാനാവാതെ കുഴങ്ങിയ, വാക്കുകൾക്കതീതമായ അനുഭവത്തിന്റെ പിന്നിലെ സത്യമെന്താണ്?
വേലിയേറ്റ വെള്ളപ്പൊക്കം ബാധിച്ചവരിൽ ഭൂരിഭാഗവും പിന്നാക്കവിഭാഗങ്ങളിൽ പെട്ടവരാണ്. ഉൾനാടൻ മത്സ്യബന്ധന സമൂഹങ്ങൾ, ദലിതർ, പ്രധാനമായും ദിവസവേതന തൊഴിലാളികൾ, നിർമ്മാണജോലികൾ, മത്സ്യബന്ധനം, അനുബന്ധ ഉപജീവനമാർഗ്ഗം എന്നിവയെ ആശ്രയിക്കുന്ന മറ്റു വിഭാഗങ്ങൾ എന്നിവരാണ് ഇതിൽ ഉൾപ്പെടുന്നത്.
നമ്മുടെ കാഴ്ചാനുഭവത്തെയും സമകാലിക രാഷ്ട്രീയ സന്ദർഭങ്ങളെയും അലോസരപ്പെടുത്തുന്നതും വെല്ലുവിളിക്കുന്നതുമായി എന്താണിതിലുള്ളത്? വേലിയേറ്റത്തെ തുടർന്ന് പുത്തൻവേലിക്കരയിൽനിന്നും കൊച്ചിയുടെ മറ്റു പ്രാന്തപ്രദേശങ്ങളിൽനിന്നും വീടുകളുപേക്ഷിച്ചുപോയവരും ഈ പ്രദേശത്തു നിന്നും യാതൊരു വിധത്തിലും രക്ഷപ്പെടാനാവാത്തതുമായ ജീവിതങ്ങളെക്കുറിച്ചാണ് ഈ ചിത്രം. കാഴ്ചയുടെ അതിരുകൾ ഭേദിക്കുന്ന തീർത്തും വ്യത്യസ്തമായ ഒരു അടയാളപ്പെടുത്തലായി ഇതെങ്ങനെ മാറുന്നു എന്നത് തിരിച്ചറിയേണ്ടതുണ്ട്.
സമുദ്രനിരപ്പ് ഉയരുന്നതിനെത്തുടർന്ന് വെള്ളപ്പൊക്ക ദുരന്തം നേരിടുന്ന എറണാകുളത്തെ പുത്തൻവേലിക്കര എന്ന തീരദേശഗ്രാമത്തിന്റെ ജീവിതമാണ് സ്ക്രീനിൽ സംവിധായിക പകർത്തിയിരിക്കുന്നത്. കുമ്പളങ്ങി, എടവനക്കാട്, പുത്തൻവേലിക്കര, ഏഴിക്കര, വൈപ്പിൻ, ഇടക്കൊച്ചി തുടങ്ങിയ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ച് തീരപ്രദേശങ്ങളിലാണ്, ഈ വേലിയേറ്റവെള്ളപ്പൊക്കം (tidal flooding) വർഷങ്ങളായി തുടർന്നുപോരുന്നത്. ഈ പ്രശ്നങ്ങൾ ബാധിച്ചവരിൽ ഭൂരിഭാഗവും പിന്നാക്കവിഭാഗങ്ങളിൽ പെട്ടവരാണ്. ഉൾനാടൻ മത്സ്യബന്ധന സമൂഹങ്ങൾ, ദലിതർ, പ്രധാനമായും ദിവസവേതന തൊഴിലാളികൾ, നിർമ്മാണജോലികൾ, മത്സ്യബന്ധനം, അനുബന്ധ ഉപജീവനമാർഗ്ഗം എന്നിവയെ ആശ്രയിക്കുന്ന മറ്റു വിഭാഗങ്ങൾ എന്നിവരാണ് ഇതിൽ ഉൾപ്പെടുന്നത്.

വർഷങ്ങളായി ഈ പ്രദേശങ്ങളിൽ വേലിയേറ്റ സമയത്ത് പലപ്പോഴായി കയറുന്ന വെള്ളം മാത്രമല്ല ഇവിടങ്ങളിലെ പ്രശ്നം. വീടുകളിലേക്ക് കയറുന്ന വെള്ളം ഇറങ്ങിയാലും കൂടുതൽ വഷളായ സ്ഥിതിയാണ്. പല കാലാവസ്ഥകളിലായി വെള്ളം കയറി അതിറങ്ങുന്നതിനെത്തുടർന്ന് വീടുകൾ കെട്ടിപ്പൊക്കിയ കല്ലുകളും സിമന്റുകളും അടർന്നു വീഴുകയും ഭിത്തിയാകെ ഉപ്പുപുതഞ്ഞ് കിടക്കുകയും ചെയ്യും. ഈ ഉപ്പുപ്പൊടിഞ്ഞു വീണ് നിലവും വീട്ടുസാമഗ്രികളും പൊട്ടിയും കേടുപാടു സംഭവിച്ചും നശിച്ചും പോകുന്നതിന്റെ പ്രശ്നങ്ങൾ ഇതിൽ കാണാം. കിട്ടുന്ന ചെറിയ വരുമാനത്തിൽ അറ്റകുറ്റപ്പണി നടത്തിയ ഉടനെ വേലിയേറ്റ സീസൺ ആരംഭിക്കുകയും എല്ലാം പഴയപടിയായിത്തീരുകയും ചെയ്യുന്നു.
അദൃശ്ശീകരിക്കപ്പെട്ട ഈ ജീവിതവേദനകളുടെ സമീപക്കാഴ്ചയാണ് ഉപ്പുവീടുകൾ. ആ പ്രദേശത്തെ മനുഷ്യരുടെ തൊലി അഴുകി വ്രണമായ കാലുകളെയും ഉപ്പു പൊതിഞ്ഞ വീടുകളുടെ പ്രതലങ്ങളെയും സ്പർശിച്ചിട്ടേ ആ ദുരന്തകാഴ്ചകളിലേക്ക് ഉള്ളു തുറക്കാനാവൂ. ദാരിദ്ര്യത്തിന്റെയും അരികുവൽക്കരണത്തിന്റെയും അത്യധികം സങ്കീർണമായ ഈ നേർക്കാഴ്ചകളെ കേവല വിവരണങ്ങൾ എന്നതിൽനിന്ന് മാറി കാണികളെ അവരുടെ ശരീരങ്ങളെ പല നിലയ്ക്ക് സന്ദേഹത്തിലാഴ്ത്തുന്നുണ്ട്. വേലിയേറ്റ ദുരിതങ്ങളുടെ പരുപരുത്ത യാഥാർത്ഥ്യത്തെ തൊട്ടറിയുന്ന, സ്പർശാത്മകമായ ചിത്രീകരണമാണ് കാണികളെ പങ്കാളിയാക്കുന്നതിനു പിന്നിലുള്ളത്. ദൃശ്യ- ശബ്ദ സംവിധാനങ്ങളിലൂടെ കാഴ്ചക്കാരിലേക്ക് ഈ വൈകാരികതലങ്ങൾ ചിത്രം കൈമാറ്റം ചെയ്യുന്നു. 20 മിനുട്ട് ദൈർഘ്യമുള്ള ഉപ്പുവീടുകളുടെ ചിത്രീകരണത്തിലെ ദൃശ്യസാന്നിധ്യം ഒരുക്കിയിട്ടുള്ള രീതി ശ്രദ്ധിച്ചാൽ ഇത് മനസിലാവും. ഉപ്പു നിറഞ്ഞ ചുവരുകൾ, തകർന്നു വീഴുന്ന പ്ലാസ്റ്റർ, ദ്രവിച്ച സ്വിച്ചുകൾ, ചുമരുകളിലെ ഫംഗസ് വളർച്ച എന്നിവയിലേക്ക് ക്യാമറ ഫോക്കസ് ചെയ്യുമ്പോൾ ചിലപ്പോൾ മങ്ങിയതോ ലൈറ്റ് കൂടുതലുള്ളതോ ആയ ദൃശ്യങ്ങൾ ശരീരം കൊണ്ട് തൊട്ടറിയുന്ന അനുഭവം നൽകുന്നു. മറ്റൊന്ന് വെള്ളവും, ചെളിയും ഉള്ള ദൃശ്യങ്ങൾ നൽകുന്ന മങ്ങിയ കാഴ്ചാനുഭവങ്ങൾ, കാഴ്ചക്കാരുടെ കണ്ണ് ആ പ്രതലങ്ങളിൽ ഇഴഞ്ഞുനടന്ന് തന്റെ മുൻകാല ഓർമ്മകളെയും സാംസ്കാരികമായ അനുഭവങ്ങളെയും മറ്റും സ്ക്രീനിലെ വസ്തുക്കൾക്ക് മുമ്പിൽ കൊണ്ടു നിർത്തുന്നു. ഇതിന് ഉപോൽബലകമായി കഭൂം ഫെസ്റ്റിൽ മൂന്നു വേദികളിലായി പല ആംഗിളിൽ നിന്നുള്ള വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഉപ്പുവീടുകളുടെ ഇലസ്ട്രേഷനും ഒരുക്കിയിട്ടുണ്ട്. ചിത്രത്തിന്റെ സംവേദനരീതികളുമായി കാഴ്ചക്കാർക്ക് അതിസൂക്ഷ്മമായ ബന്ധം പുലർത്തുന്ന തരത്തിലുള്ള അനുഭവ പരിസരം നൽകുന്നതാണ് ഈ കാഴ്ചകൾ.

വാതിലിനു പുറത്ത് സ്ഥാപിച്ച ക്യാമറയിലൂടെ കാണുന്ന ആദ്യത്തെ രംഗം ഇതാണ്: മധ്യവയസ്സിലെത്തിയ ഒരു സ്ത്രീ ഉറക്കമെണീറ്റ് കട്ടിലിൽ നിന്ന് കാലെടുത്ത് വെള്ളത്തിലേക്ക് വെക്കുന്നു. തീർത്തും സ്വഭാവികമായി. തലേന്നു രാത്രി ഒഴുകി പരന്നുനടന്ന അതേ വേഗതയേ ഉള്ളൂ എന്ന ആശ്വാസത്തിലാവാം. ചുവരിലെ ഫോട്ടോയ്ക്കുമുന്നിൽ പ്രാർത്ഥിച്ചശേഷം അടുപ്പിൽ ചായയ്ക്ക് വെള്ളം വെച്ച് മറ്റു ജോലികളിലേക്ക് കടക്കുന്നു. മറ്റൊരു രംഗത്ത് രാത്രി വീട്ടുസാധനങ്ങൾ വാങ്ങി വീടിനുപുറത്തെ വെള്ളം നീന്തിക്കടന്ന് ഏതാണ്ട് അതേ പ്രായമുള്ള പുരുഷൻ അകത്തെ വെള്ളത്തിലേക്ക് കയറുന്നു. വെള്ളം ഏതാണ്ട് ഇറങ്ങിയ ഒരു കാലാവസ്ഥയിൽ ഭാര്യയും ഭർത്താവും ഉൾപ്പെടുന്ന മറ്റൊരു കുടുംബം കുഞ്ഞിനെയും എടുത്ത് വീട്ടുസാധനങ്ങളുമായി സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് പോകാനൊരുങ്ങുന്നു. ഈ മൂന്നു കാഴ്ചകളിൽനിന്ന് അവരുടെ ജീവിതാവസ്ഥകളെ കുറിച്ചുള്ള വിവരണങ്ങളിലേക്ക് നോൺ ലീനിയർ സ്വഭാവത്തിൽ ചിത്രം സഞ്ചരിക്കുന്നു. നെടുവീർപ്പുകളും വക്കോളമെത്തിയ കരച്ചിലും രോഷങ്ങളും നിരാശകളും വളരെ അടുത്തുനിന്നു കേൾപ്പിക്കുന്ന മട്ടിലാണ് ഇതിന്റെ കൂടിക്കലരൽ. ഇടയ്ക്ക് കാണി തങ്ങൾ എന്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഓർമ്മിപ്പിക്കുന്ന പുരുഷമുഖങ്ങൾ, കുഞ്ഞുങ്ങൾ, പരിസരങ്ങളിലെ ജലജീവികൾ എന്നിവ സ്ക്രീനിൽ മിന്നിമറയുന്നു. മുന്നേപ്പറഞ്ഞ സ്ത്രീയവസ്ഥകളിലേക്ക് അതിന്റെ ദൈന്യതയുടെ അലകളിലേക്ക് സ്പർശിക്കാൻ ദൗത്യമൊരുക്കുന്ന മട്ടിലാണ് സ്ക്രീനിൽ വരുന്ന ഇത്തരം രംഗങ്ങൾ. ജനിച്ചു വളർന്ന വീടുകളിൽ നിന്ന് പിഴുതെറിയപ്പെട്ട് പുതിയൊരിടത്ത് വന്നു ചേർന്നതിന്റെ വേദനകൾ, രക്ഷപ്പെടാൻ പല വഴികൾ തേടുന്നവർ, വീടുകൾ ഉപേക്ഷിച്ചുപ്പോവാൻ കൂട്ടാക്കാതെ ദിനമെന്നോണം പരിഹാരങ്ങൾക്കായി പുറപ്പെട്ടു പോകുന്നവർ എന്നിങ്ങനെ പല സ്ത്രീജീവിതങ്ങളുടെ കാഴ്ചകൾ അനുഭവിപ്പിക്കുന്നു.

വേലിയേറ്റത്തെത്തുടർന്ന് ഉണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കൊപ്പം സാമൂഹിക അപമാനങ്ങളും വിലക്കുകളും നേരിട്ടുകൊണ്ട് അതിഭാരമുള്ള ജീവിതസംഘർഷങ്ങൾ തുറന്നിടുന്നു.
അഴുകി നിറം മങ്ങി വ്രണങ്ങൾ ബാധിച്ച കാൽവിരലുകളിലെ ചുവന്ന നിറത്തിലുള്ള നെയിൽ പോളിഷ് ഇട്ട ചിത്രം, അലമാരയിൽനിന്ന് രേഖകൾ എടുക്കുന്നതും അതിൽ സ്പർശിച്ചുകൊണ്ട് താളുകൾ മറിച്ച് അവരുടെ ദീർഘകാലത്തെ പോരാട്ടങ്ങൾ പരതി കണ്ടെത്തുന്ന ദൃശ്യങ്ങൾ, ഉപ്പു പുതഞ്ഞ് കിടക്കുന്ന ഇഷ്ടികകൾ, ഇതെല്ലാം വെറുമൊരു കാഴ്ചയല്ലാതായി മാറുകയും ആ നിറവും അക്ഷരങ്ങളും പഴകിയ വസ്തുക്കളും നമ്മുടെ ശരീരത്തിൽ അനുഭവപ്പെടുന്ന ഒരു പ്രതീതി സൃഷ്ടിക്കുകയും ചെയ്യുന്നു. അതിനപ്പുറം ധാർമ്മികഭാരമാക്കി കാണികളുടെ ശരീരത്തിലേക്കത് പകർത്തുന്നു. ഓരോ നിമിഷവും ഭാരമുള്ള എന്തോ ഒന്നിൽ തറഞ്ഞു പോയതു പോലെ കാണിയെ ഈ കാഴ്ചകൾ നിർത്തുന്നു. ദുഃസ്സഹമായ ഈ ജീവിതം തീർക്കുന്ന ആത്മഹത്യയും ശാരീരിക- മാനസിക അരക്ഷിതാവസ്ഥകളും കാണിയിൽ വിഷാദവും ഭയവും അവശേഷിപ്പിച്ചുകൊണ്ടാണ് അവസാനിക്കുന്നത്. എന്തിലൂടെയാണ് തങ്ങൾ കടന്നുപോകുന്നതെന്ന് മറ്റാർക്കും മനസിലാവുന്നില്ല എന്ന നിസ്സഹായത ഇവരുടെ വാക്കുകളിൽ ധ്വനിപ്പിക്കുന്നുണ്ട്.

വിവരണങ്ങളിൽനിന്ന് ചിത്രവിന്യസനങ്ങളിലേക്കും തിരിച്ചുമുള്ള പകർച്ചകൾക്കിടയിലാണ് ആരതിയും പിന്നണി പ്രവർത്തകരും തങ്ങളുടെ ദൗത്യത്തെ കാണിയിലേക്ക് എത്തിക്കുന്നത്. ജെല്ലിക്കെട്ട് (2019) എന്ന സിനിമയിലെ കാടിന്റെ കാഴ്ച, ശബ്ദം എന്നിവയിലെ സ്പർശാനുഭവവും ദ എലിഫന്റ് വിസ്പറേഴ്സ് (The Elephant Whisperers, 2022) എന്ന ഹ്രസ്വഹ്രസ്വചിത്രത്തിലെ കാട്, ജലം, മൃഗങ്ങൾ എന്നിവ ചിത്രീകരിക്കുന്ന സമീപസ്ഥകാഴ്ചയും ഇവിടെ ഓർക്കാവുന്നതാണ്.
ദുഃസ്സഹമായ ജീവിതം തീർക്കുന്ന ആത്മഹത്യയും ശാരീരിക- മാനസിക അരക്ഷിതാവസ്ഥകളും കാണിയിൽ വിഷാദവും ഭയവും അവശേഷിപ്പിച്ചുകൊണ്ടാണ് അവസാനിക്കുന്നത്.
വെള്ളമിങ്ങനെ മനുഷ്യർക്ക് ദുരിതവും തീരാവേദനയുമായി മാറുന്നതിന്റെ തീവ്രതയാണ് ഉപ്പുവീടുകൾ എന്ന ഈ ഹ്രസ്വചിത്രം നൽകുന്ന സ്പർശ സാധ്യത. ദീർഘകാലങ്ങളായി വെള്ളത്തിലായ പ്രദേശവാസികളുടെ കാലുകളിലും കൈകളിലും ഇരിപ്പുറപ്പിക്കുന്ന കാണിയുടെ നോട്ടത്തെ ക്രമീകരിക്കുന്ന ചലനവേഗത കുറഞ്ഞ ശബ്ദവും ദൃശ്യവിന്യസനവും അതിന്റെ പുറത്തേക്ക് തറച്ചുകയറുന്ന അനുഭവവിവരണവുമാണ് കാഴ്ചാനുഭവമെന്ന നിലയിൽ ചിത്രത്തെ അനാദൃശമാക്കുന്നത്. പുത്തൻവേലിക്കരയിലെ മനുഷ്യരുടെ സാമൂഹികജീവിതം അസാധ്യമാക്കിയ വ്യവഹാരങ്ങൾക്കുമേലെ അത് നിരവധി ചോദ്യങ്ങൾ പകർത്തി പിൻവാങ്ങുന്നു.



