‘അനന്തര’ത്തിൽ അശോകൻ

എനിക്കാ ആത്മഭാഷണം
മറക്കാൻ കഴിയുന്നില്ല

എൺപതുകളിൽ യൗവനം താണ്ടിയ ഏറെ ചെറുപ്പക്കാർക്ക് അവരവരുടേതായ മാനസികതലങ്ങളിൽ നിന്ന്​ അജയനുമായി താദാത്മ്യം പ്രാപിക്കാൻ കഴിഞ്ഞിട്ടുണ്ടാവാം. അതിലൊരാളായി ഞാൻ എന്നെ കാണുന്നുണ്ട്. അടൂർ ഗോപാലകൃഷ്​ണന്റെ ‘അനന്തരം’ എന്ന സിനിമയുടെ വൈയക്തികം കൂടിയായ ഒരു കാഴ്​ച

27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേയ്ക്ക് വണ്ടി കയറുമ്പോൾ ആദ്യം ഓർമയിലെത്തുന്നത് ഒരു ആത്മഭാഷണമാണ്.

അജയന്റെ ആത്മഭാഷണമാണത്, അടൂരിന്റെ അനന്തരത്തിലെ.

ഡിഗ്രി കഴിഞ്ഞിറങ്ങിയ കാലത്ത് തിയറ്ററിൽ കണ്ട ഈ സിനിമ ഉണ്ടാക്കിയ അനുഭൂതിസാന്ദ്രമായ ഉൾപ്രവാഹങ്ങൾ ഇന്നും അറിയാൻ കഴിയുന്നുണ്ട്. എന്തുകൊണ്ട് അനന്തരം എന്ന്​ സ്വയം ആലോചിച്ചുനോക്കിയിട്ടുണ്ട്. മനുഷ്യജീവിതത്തെ ആഴത്തിൽ വിശകലനം ചെയ്യുന്ന ഇതിലും മികച്ച എത്രയോ സിനിമകളുണ്ടായിട്ടുണ്ട്. കണ്ട് മനം നിറഞ്ഞിട്ടുണ്ട്. ന്യൂജെൻ കാലത്ത് എത്രയെത്ര ഗംഭീരമായ അഭ്രാവിഷ്‌കാരങ്ങൾ പിറവിയെടുത്തിട്ടുണ്ട്. അടൂരിന്റെ സമീപകാലസിനിമകൾ നിരാശപ്പെടുത്തിയിട്ടുമുണ്ട്. എന്നിട്ടും എന്തുകൊണ്ട്?

ജീവിതത്തെ നിർവചിക്കുന്നതിനാവാതെ വരുമ്പോഴുണ്ടാകുന്ന നിസ്സഹായാവസ്ഥ ഇത്ര ആഴത്തിൽ ‘അനന്തരം’ പോലെ വേറെ അധികം സിനിമകളിൽ അന്ന് അനുഭവഭേദ്യമായിട്ടില്ല.

അത്​ കണ്ട കാലത്ത് അത്രമേൽ അതിലെ അജയൻ എന്ന കഥാപാത്രത്തിന്റെ വൈകാരിക സങ്കീർണതകളുമായി താദാത്മ്യപ്പെട്ടതുകൊണ്ടാണോ? ഒറ്റപ്പെടലിന്റെ അജയാവസ്ഥയുമായി തന്മയീഭവിച്ചതുകൊണ്ടോ? സമാനമായ മാനസികാവസ്ഥയുടെ നുറുങ്ങുകൾ അന്നുണ്ടായിരുന്നതുകൊണ്ടാണോ? കൃത്യമായി ഉത്തരം പറയാനാവില്ല. ജീവിതത്തെ നിർവചിക്കുന്നതിനാവാതെ വരുമ്പോഴുണ്ടാകുന്ന നിസ്സഹായാവസ്ഥ ഇത്ര ആഴത്തിൽ വേറെ അധികം സിനിമകളിൽ അന്ന് അനുഭവഭേദ്യമായിട്ടില്ല. യൗവനത്തിന്റെ ഒരു കാലഘട്ടതിലാണതു സംഭവിക്കുന്നത്. ജീവിതത്തിന് ഒന്നിലേറെ വ്യാഖ്യാനങ്ങൾ. ഏതു സ്വീകരിക്കണം? ഏതു ശരി, ഏതു തെറ്റ്? ഏതു റിയൽ, ഏതു അയഥാർത്ഥം? ജനനം മുതൽ തുടരുന്ന സന്ദിഗ്ധതകളുടെ പശ്ചാത്തലത്തിൽ സ്വപ്നങ്ങളുടെയും യാഥാർത്ഥ്യങ്ങളുടെയും അവസ്ഥകളെ വിശകലനം ചെയ്യുന്നൊരു സിനിമയായി അനന്തരം എന്ന സിനിമയെ കണ്ടെടുക്കാവുന്നതാണ്.

അടൂർ ഗോപാലകൃഷ്​ണൻ ‘അനന്തര’ത്തിന്റെ ചിത്രീകരണത്തിനിടെ / Photo: National Film Archive of India (NFAI)

അടൂർ അനന്തരത്തെക്കുറിച്ച് പറയുന്നതിങ്ങനെ: ‘‘അനന്തരം പ്രാഥമികമായും കഥപറച്ചിനെക്കുറിച്ചുള്ള കഥയാണ്. കഥ പറച്ചിൽ എന്നു പറയുമ്പോൾ അത്​കേവലം വാചികമായ വിവരണത്തിൽ നിബന്ധിക്കപ്പെട്ടിരിക്കുന്നതല്ല. സൃഷ്ടിയുടെ പ്രക്രിയയെപ്പറ്റിയാണ് ഈ സിനിമ എന്നും പറയാം’’ (പുറം 162; അടൂർ ഗോപാലകൃഷ്ണന്റെ തെരഞ്ഞെടുത്ത ലേഖനങ്ങൾ).

ജീവിതത്തിന്റെ കഥയെങ്ങനെ സമ്പൂർണമായി പറയും? അതിന്റെ വഴികൾ അജ്ഞാതം. അനന്തരം മറ്റൊന്നുകൂടി സംഭവിക്കാൻ സാധ്യതയുള്ളതല്ലേ ഏതു ജീവിതവും? ഇനിയുമുണ്ട് അനേകം അടരുകൾ, ഇനിയുമുണ്ട് അനേകം ആഖ്യാനങ്ങൾ, ഇനിയുമുണ്ട് അനേകം ആകുലതകൾ...

ഒരു ചെറുപ്പക്കാരനാണ് കഥ പറയുന്നത്. ലോലഹൃദയനാണയാൾ. മാനസികവിഭ്രാന്തി വന്നുപോകാവുന്ന അവസ്ഥയിലാണ് (അതു ഞാനായിരുന്നോ?). എത്തിച്ചേർന്നിരിക്കുന്ന വിഭ്രാന്തമായ അവസ്ഥയെക്കുറിച്ച് സ്വയം പറയുക. അനുഭവങ്ങളുടെ വിവിധ തലങ്ങൾ, സങ്കീർണാവസ്ഥ ഇവയെക്കുറിച്ചൊക്കെ പറയുക. യാഥാർത്ഥ്യത്തിന്റെ ഭിന്നഭാവങ്ങളാണ് ഈ കഥകൾ സൃഷ്ടിക്കുന്നത്. ഇതിൽ ഏതു കഥയാണ് വിശ്വസിക്കാനാവുക? ഏത് കഥനമാണ് പൂർണം? ഏത് അപൂർണം? അജയനിലെ അന്തർമുഖന്റെ അനുഭവമാണോ? അയാളിലെ ബഹിർമുഖന്റെ കഥയോ?

അജയന്റെ സന്ദിഗ്ധതകൾ ജനനത്തെ സംബന്ധിച്ച കാര്യത്തിൽ നിന്നു തുടങ്ങുന്നു. അമ്മ പോലും ആരെന്നറിയാത്ത കുട്ടി.ആശുപത്രിയിൽ നിന്ന് കണ്ടെടുക്കപ്പെട്ട കുഞ്ഞ്. അജയൻ ജനിച്ച ആശുപത്രിയിൽതന്നെയാണ്​ വളരുന്നത്. ഡോക്ടറങ്കിൾ എന്തിനാണ്​ തന്നെ മകനെപ്പോലെ വളർത്തുന്നതെന്ന് അജയനൊരിക്കലും മനസ്സിലായിട്ടില്ല. കുട്ടിയായിരിക്കുമ്പോൾതന്നെ അജയൻ എല്ലാ കാര്യങ്ങളിലും അതീവ സമർഥനും മിടുക്കനുമായിരുന്നു (അത്​ അജയൻ തന്നെ നമ്മോടു പറയുന്നതാണ്). ഏകാകിയായിരുന്നു കുട്ടിയായ അജയൻ. (അശോകൻ അവിസ്മരണീയമാക്കിയ അജയന്റെ കുട്ടിക്കാലത്തെ അവതരിപ്പിച്ചത് സുധീഷാണ്.

‘അനന്തര’ത്തിൽ അ​ശോകൻ, അശോകന്റെ കുട്ടിക്കാലം അവതരിപ്പിച്ച സുധീഷ്​, മമ്മൂട്ടി, ശോഭന

സുധീഷിന്റെ സിനിമാരംഗത്തേയ്ക്കുള്ള അരങ്ങേറ്റമായിരുന്നു അത്). കൂട്ട് പലപ്പോഴും ഡോക്ടറങ്കിൾ. പിന്നെ, അവധിക്കു വരാറുള്ള, ഡോക്ടറങ്കിളിന്റെ മെഡിസിനു പഠിക്കുന്ന മകൻ ബാലു (മമ്മൂട്ടി). ആശുപത്രിയിൽ തന്നെ ഉപേക്ഷിച്ചു പോയ പെറ്റമ്മയോട് തനിക്ക് അടങ്ങാത്ത പകയാണെന്ന് ബാലുവിനോട് അജയൻ പറയുന്നുണ്ട്. അജയൻ കോളജിൽ പഠിക്കുന്ന കാലത്താണ് ഡോക്ടറങ്കിളിന്റെ മരണം. മരണവിവരം വൈകിയാണ് അജയനെ അറിയിക്കുന്നത്. അതുകൊണ്ടുതന്നെ മരണാനന്തരചടങ്ങുകൾക്കോ കർമങ്ങൾക്കോ അജയനു പങ്കെടുക്കാൻ കഴിയുന്നില്ല. പിന്നീടാണു ബാലുവിന്റെ വിവാഹം. ബാലുവിന്റെ ഭാര്യ സുമംഗല (ശോഭന)യെ കാണുന്ന നിമിഷം മുതൽ അജയന്റെ പെരുമാറ്റത്തിൽ മാറ്റം പ്രകടമാകുന്നു. അജയന്റെ തീക്ഷ്ണമായ നോട്ടങ്ങൾ. അതിന്റെ പൊരുൾ സുമയ്ക്ക് പിടികിട്ടുന്നില്ല. പിന്നീട് അത്​ അസഹ്യമായി അവൾക്ക് അനുഭവപ്പെടുന്നു.

സുമയോട് അജയന് പ്രണയം എന്നു വിളിക്കാമോ എന്നറിഞ്ഞുകൂടാത്ത ഒരു അഭിനിവേശം രൂപപ്പെടുന്നു. അടൂരിന്റെ സ്ഥിരം ക്യാമറാമാനായ മങ്കടയുടെ ക്യാമറ ക്ലോസപ്പിൽ പിന്തുടർന്ന് സൂക്ഷ്മമായി രേഖപ്പെടുത്തുന്ന വിനിമയങ്ങളത് സ്വാഭാവികമായി അനുഭവപ്പെടുത്തുന്നുണ്ട്. സുദീർഘങ്ങളാണ് ആ സമീപ ദൃശ്യങ്ങൾ ഏറെയും. ബാലുവിന്റെ കുടുംബജീവിതത്തിൽ നിന്ന്​ അജയൻ പരമാവധി അകലം പാലിക്കുന്നു. തന്റെ മാനസികവ്യഥകൾ തുറന്നെഴുതാൻ അയാൾ ശ്രമിക്കുന്നുണ്ടെങ്കിലും ഒരിക്കലും അയാൾക്കതു സാധ്യമാകുന്നില്ല. സുമയെക്കുറിച്ചുള്ള ചിന്തകൾ അയാളെ അസ്വസ്ഥമാക്കുന്നു. അജയന് എന്തോ സംഭവിച്ചിട്ടുണ്ട്.

അശോകൻ, ശോഭന

ഇത്രയും മാത്രം പറഞ്ഞാൽ കഥ പൂർണമാവില്ല. ജീവിതത്തിന്റെ കഥയെങ്ങനെ സമ്പൂർണമായി പറയും? അതിന്റെ വഴികൾ അജ്ഞാതം. അനന്തരം മറ്റൊന്നുകൂടി സംഭവിക്കാൻ സാധ്യതയുള്ളതല്ലേ ഏതു ജീവിതവും? ഇനിയുമുണ്ട് അനേകം അടരുകൾ, ഇനിയുമുണ്ട് അനേകം ആഖ്യാനങ്ങൾ, ഇനിയുമുണ്ട് അനേകം ആകുലതകൾ... എന്നിങ്ങനെ തീർപ്പിനെ നിഷേധിക്കുന്നതാണ് അനന്തരം എന്ന വാക്ക്. ആ വാക്കിനു മുമ്പും ശേഷവും എന്തൊക്കെയോ നടന്നിരിക്കണം. അജയൻ ഓർമകളിലൂടെ പറയുന്നുണ്ടത്. നീറ്റലിന്റെ ആത്മഗതങ്ങൾ. അനന്തരം ഇനിയും പറയാനുണ്ട്. വിട്ടുപോയതു പൂരിപ്പിച്ചാലും അതു അവസാനിക്കുന്നില്ല. ഇനിയുമിനിയും തോന്നലുകളുണ്ട്. ഇനിയുമിനിയും അകക്കാഴ്ചകളുണ്ട്. സിനിമയിൽ അജയൻ രണ്ട് കഥകൾ പറയുന്നുണ്ട്. അഥവാ രണ്ട് നോട്ടങ്ങളിൽ പറയുന്നുണ്ട്.

ഒരു ഭീതിദമായ ദുഃസ്വപ്നം പോലെ പോയിമറഞ്ഞ ബാല്യകാലം. ആരോടും ഒന്നും പറയാനില്ലാത്ത, ആരിൽ നിന്നും ഒന്നും കേൾക്കാനില്ലാത്ത കൗമാരം. അതു കേവലമായ ഒറ്റപ്പെടലല്ല. വാസ്തവാവാസ്തവങ്ങളുടെ കുഴമറിച്ചിൽ .മനസ്സിനെ താളം തെറ്റിച്ച , പിടയുന്ന ഒരു കൗമാരം.

തന്നിൽ വിഭ്രാന്തി പടർത്തിയ അനുഭവങ്ങളെക്കുറിച്ചാണ് രണ്ടാമത്തേത്. അതു കൂടി പറഞ്ഞാലേ പൂർണമാവൂ. തന്നെ പൂർണമായി കാണിക്കാനാവൂ. ഏടത്തിയമ്മയോടു തോന്നിയ അഭിനിവേശത്തിന്റെ കാരണം മനസിലാവൂ. അതിനാൽ അജയൻ രണ്ടാമതും കഥ പറയുന്നു. ‘ഈ കഥ ഇവിടെ അവസാനിക്കുന്നില്ല. പലതും പറയാൻ വിട്ടു പോയെന്നു തോന്നുന്നു...' ക്ലോക്കിന്റെ സ്പന്ദനശബ്ദത്തോടൊപ്പം വട്ടംചുറ്റി തലകറങ്ങി നിലത്തു വീഴുന്ന നിക്കറിട്ട അജയനിൽ നിന്ന് അടൂർ പിന്നെയും കഥ പറയാൻ തുടങ്ങുന്നു. ഒരു ഭീതിദമായ ദുഃസ്വപ്നം പോലെ പോയിമറഞ്ഞ ബാല്യകാലം. ആരോടും ഒന്നും പറയാനില്ലാത്ത, ആരിൽ നിന്നും ഒന്നും കേൾക്കാനില്ലാത്ത കൗമാരം. അതു കേവലമായ ഒറ്റപ്പെടലല്ല. വാസ്തവാവാസ്തവങ്ങളുടെ കുഴമറിച്ചിൽ .മനസ്സിനെ താളം തെറ്റിച്ച , പിടയുന്ന ഒരു കൗമാരം.

‘കാരണമെന്തെന്നറിയില്ല, സമപ്രായക്കാർക്കിടയിൽപ്പോലും ഉറ്റവരെന്നു പറയാവുന്ന സുഹൃത്തുക്കൾ എനിക്കുണ്ടായിരുന്നില്ല. എനിക്കവരോട് ഒന്നും പറയാനില്ലാത്തതുപോലെ. അവരിൽ നിന്ന് ഒന്നുമെനിക്കു കേൾക്കാനില്ലാത്തതുപോലെ.’

ശോഭന, അശോകൻ, മമ്മൂട്ടി

​​​​​​​​തന്നെ വളർത്തിയ ഡോക്ടറങ്കിളിന്റെ സഹായികളായിരുന്ന മൂന്നു വൃദ്ധന്മാരുടെ കൂടെയായിരുന്നു അജയന്റെ കുട്ടിക്കാലം. പാചകക്കാരനായ രാമൻനായരുടേയും (വെമ്പായം തമ്പി), ഡ്രൈവർ മത്തായിയുടേയും (ബഹദൂർ), ഡിസ്പെൻസറിയിലെ കമ്പോണ്ടറുടേയും (ബി.കെ. നായർ) കൂടെ. കഥകൾ കെട്ടിയുണ്ടാക്കിയും പച്ചക്കള്ളങ്ങൾ പറഞ്ഞും അജയന്റെ ബാല്യത്തെ ഭ്രമിപ്പിച്ചു പോന്ന വയസ്സൻ കഥാപാത്രങ്ങളായിരുന്നു ചുറ്റും. വിചിത്ര രീതികളുടെ ഉടമകളായിരുന്നു ഈ വൃദ്ധർ. ഡ്രൈവറായിരുന്ന മത്തായി ഒരിക്കലും വണ്ടിയോടിക്കുന്നത് അജയൻ കണ്ടിട്ടില്ല. പാചകക്കാരൻ പാചകം ചെയ്തുണ്ടാക്കുന്ന വിഭവങ്ങളിൽ കൂടുതലും സ്വയം ഭക്ഷിച്ചു. കമ്പോണ്ടറാകട്ടെ മരുന്നു വാങ്ങിക്കാൻ ആളുകൾ വരുന്നതുപോലുമറിയാതെ പതിവായി കിടന്നുറങ്ങുന്ന ആളായിരുന്നു.

തീ പിടിച്ച ആത്മാവുകളിലേയ്ക്ക്​ കുളിർമഴയായി അനുഭവപ്പെടുന്ന ഒരു പെൺകുട്ടിയുടെ സാന്നിദ്ധ്യം. ആ കണ്ണ്, ആ നോട്ടം, ആ ചിരി. അതനുഭവിക്കാത്തവരായി ആരെങ്കിലും ഉണ്ടാവുമോ?

അജയന്റെ കഥ തുടരുന്നു. നളിനി എന്ന പെൺകുട്ടിയെക്കുറിച്ച്. ഒരു മായക്കാഴ്ചയെക്കുറിച്ച്. വന്ന് എവിടേയ്‌ക്കോ പോയ ഒരു സാന്ത്വനത്തെക്കുറിച്ച്. തീ പിടിച്ച ആത്മാവുകളിലേയ്ക്ക്​ കുളിർമഴയായി അനുഭവപ്പെടുന്ന ഒരു പെൺകുട്ടിയുടെ സാന്നിദ്ധ്യം. ആ കണ്ണ്, ആ നോട്ടം, ആ ചിരി. അതനുഭവിക്കാത്തവരായി ആരെങ്കിലും ഉണ്ടാവുമോ? കോളജിൽ പഠിക്കുന്ന കാലത്താണ് ഒരു ബസ്​ സ്​റ്റോപ്പിൽ വച്ച് അജയനവളെ ആദ്യം കാണുന്നത്. നളിനിയെ. ‘ഒരുവാതിൽകോട്ട'യ്ക്കുള്ള ബസിൽ. തുടർന്ന് അടുത്തടുത്ത രണ്ടു സമരദിവസങ്ങളിൽ, ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ അജയൻ നളിനിയെക്കാണുന്നുണ്ട്. മൂന്നാംദിനം പേരറിയാത്ത ആ പെൺകുട്ടിയെ കാണാനായി അജയൻ ഇറങ്ങി നടക്കുന്നു. ആദ്യം വരുന്നത് 'പെരുങ്കോട്ട'യ്ക്കുള്ള ബസ്. പിന്നെ 'ഒരുവാതിൽകോട്ട'യ്ക്കുള്ള ബസ് വരുന്നു. ശേഷം വരുന്ന ഒരു ബസിൽ നിന്നാണ്​ നളിനി അജയനെക്കാണാനായി ഇറങ്ങുന്നത്. ആ ബസിൽ വേറെ യാത്രക്കാരില്ലായിരുന്നു.

തന്റെ വികാരവിചാരങ്ങളെ മനസ്സിലാക്കാൻ കഴിവില്ലാത്ത ഒരു കൂട്ടം മുതിർന്ന മനുഷ്യരൊപ്പമാണ് അജയന്റെ കുട്ടിക്കാലം കടന്നുപോയത് എന്നത് അയാളെ രൂപപ്പെടുത്തിയതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

‘എങ്ങനെയാണതു പറയേണ്ടതെന്ന് എനിക്കറിയില്ല. എനിക്കാ നോട്ടം മറക്കാൻ കഴിയുന്നില്ല. എനിക്കാ കണ്ണുകൾ മറക്കാൻ കഴിയുന്നില്ല. എത്രമേൽ ശ്രമിച്ചിട്ടും ആ രൂപം എന്റെ മനസ്സിൽ നിന്നു മായുന്നില്ല. മറക്കാൻ ശ്രമിക്കുന്തോറും, അടക്കാൻ പാടുപെടുന്തോറും ആ വികാരത്തിന് ശക്തിയേറുന്നതേയുള്ളൂ...'

സ്‌നേഹത്തിന്റെ ഭാഷയ്ക്ക് വാക്കുകൾ വേണ്ട. നിശ്ശബ്ദവിനിമയങ്ങളാൽ സൂക്ഷ്മമായി ഒരുക്കിയെടുത്ത ഫ്രെയിമുകൾ അതു പറയുന്നുണ്ട്. ശബ്ദങ്ങളേക്കാൾ വാചാലമായ നിശ്ശബ്ദതയുടെ മിശ്രണത്തിലൂടെ എം.ബി. ശ്രീനിവാസനൊരുക്കിയ അനന്തരത്തിന്റെ ശബ്ദപഥം. മൂന്നാമതൊരർത്ഥത്തിലേയ്ക്ക് വികസിക്കുന്ന എം. മണിയുടെ ദൃശ്യസന്നിവേശം.

നളിനി ഇറങ്ങിവരുന്നത് വാസ്തവലോകത്തുള്ള അജയനിലേക്കല്ല. യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ബോധം നഷ്ടപ്പെട്ട അജയന്റെ മനസ്സിലേക്കാണ്. നളിനി അജയന്റെ മനസ്സിലെ കല്പിതയാഥാർത്ഥ്യം മാത്രം.

‘ഈ കഥയ്ക്ക് ഇനിയും പൂർണത വന്നിട്ടുണ്ടോ എന്നെനിക്കറിയില്ല. ഓർക്കാത്തതും പറയാത്തതും ബാക്കിയുണ്ടെന്നു തോന്നുന്നു’, അജയന്റെ ആത്മകഥനം അവസാനിക്കുന്നില്ല. ജീവിതകഥയെ പല രീതിയിൽ പറയുമ്പോൾ പല ബാക്കിയാവലുകളും ഉണ്ടാകുന്നു. ഒരു കോണിലൂടെയുള്ള നോട്ടം തരുന്ന അർത്ഥമാവില്ല മറ്റൊരു കോണിലൂടെ നോക്കുമ്പോൾ. തിരശ്ശീലയിൽ കാണുന്ന യാഥാർത്ഥ്യങ്ങൾപ്പുറം കഥയുടെ ഇതരതലങ്ങൾ തേടേണ്ടുന്നതിലേയ്ക്ക് അടൂർ പ്രേക്ഷകരെ നയിക്കുകയാണെന്ന് തോന്നുന്നു. ഷോട്ടുകൾക്കും ഫ്രെയിമുകൾക്കും ഇടയിൽ മാത്രമല്ല അവയ്ക്കനുബന്ധമായും അവ ചേർന്നു സൃഷ്ടിക്കുന്നതുമായ വാസ്തവത്തിന്റെ അതീതതലങ്ങൾ.

അജയന്റെ മനസ്സ് ഒരു പ്രതീതിലോകത്തേയ്ക്ക് വഴുതിപ്പോകുന്നു. പ്രതീതിലോകത്താണ് ഇതെല്ലാം സംഭവിക്കുന്നത് എന്നത് വ്യക്തം. നളിനി ഇറങ്ങിവരുന്നത് വാസ്തവലോകത്തുള്ള അജയനിലേക്കല്ല. യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ബോധം നഷ്ടപ്പെട്ട അജയന്റെ മനസ്സിലേക്കാണ്. നളിനി അജയന്റെ മനസ്സിലെ കല്പിതയാഥാർത്ഥ്യം മാത്രം.

മങ്കട രവിവർമ, അടൂർ ഗോപാലകൃഷ്​ണൻ എന്നിവർ ‘അനന്തര’ത്തിന്റെ ഷൂട്ടിംഗിനിടെ

അജയൻ ആത്മഗതത്തിനിടെ അവതരിപ്പിക്കുന്ന കഥാപാത്രമാവാം നളിനി. അത് സ്വയം ന്യായീകരിക്കാനും തന്റെ ഉള്ളിലുള്ള പാപബോധം ലഘൂകരിക്കാനുമാവാം. തന്റെ സങ്കല്പത്തിലെ സ്ത്രീയ്ക്ക് സുമംഗലയുടെ രൂപം ആരോപിക്കുകയാണ് അയാൾ ചെയ്യുന്നത്. സുമയുടെ രൂപമാണ് നളിനിക്ക്. പ്രേക്ഷകരുടെ മുമ്പിൽ അടൂർ ആദ്യം പ്രത്യക്ഷപ്പെടുത്തുന്നതും സുമയെയാണ്. നളിനിയ്ക്ക് സുമയുടെ ഛായയുണ്ടോ?അതോ തിരിച്ചോ? രണ്ടാളും ഒന്നോ? വാസ്തവത്തിനും മിഥ്യയ്ക്കുമിടയിൽപ്പെട്ടു പോകുന്ന മാനസികാവസ്ഥ പ്രേക്ഷകരിലേക്കും പടരുന്നു.

അജയനെന്ന വ്യക്തിയുടെ വിചാരജീവിതമാണ് മൊത്തം സിനിമ തന്നെ. അതിനാൽ അജയന്റെ ജനയിതാക്കളെക്കുറിച്ച് സിനിമ പറയുന്നില്ല. ഡോക്ടറങ്കിൾ അജയന്റെ പിതാവും യോഗിനിയമ്മ മാതാവും ആണെന്ന സൂചനകളാണ് സിനിമ നമുക്കു തരുന്നത്. നളിനി അജയന്റെ ആഗ്രഹം മാത്രമാണോ?സങ്കൽപവുമാവാം.ഏതൊരു ആത്മാഖ്യാനവും ഒരു തലത്തിൽ സ്വയം ന്യായീകരണപരമാവാതെ വയ്യ. തന്റെ അസ്തിത്വത്തെക്കുറിച്ചുതന്നെ ഒരുതരം ഇരട്ട അവബോധം അജയനുണ്ടായിരുന്നു. ഇതിന്റെ കാരണങ്ങൾ അജയൻ പറയുന്ന രണ്ടാമത്തെ കഥയിൽ നിന്ന് നമുക്ക് ലഭിക്കുന്നു.

പുഴുങ്ങിവെച്ചിരിക്കുന്ന മുട്ടകളല്ലാം മത്തായി ഇട്ടതാണെന്നു പറയുന്ന രാമൻനായരേയും പെരുമഴയത്ത് ഉഷ്ണിക്കുന്നു എന്നു പറഞ്ഞ്​ കിണറ്റിൽ നിന്ന്​വെള്ളം കോരി ശരീരത്തിലൊഴിക്കുന്ന മത്തായിയേയുമാണ്​ അജയൻ കാണുന്നത്. നേരും നിനവും വേർതിരിച്ചറിയാനുള്ള ശേഷിയെ ഇല്ലാതാക്കുന്ന സാഹചര്യം.

സമപ്രായക്കാരായ കൂട്ടുകാരുടെ സാന്നിദ്ധ്യം കുട്ടിക്കാലത്ത് എവിടേയും കാണാനില്ല. ചുറ്റുമുള്ള യാഥാർത്ഥ്യത്തെക്കുറിച്ച് അവാസ്തവികമായ ധാരണകൾ കൊണ്ടുവന്നിടുന്ന ഒരിടമായി വാസസ്ഥലം അജയനെ സംബന്ധിച്ച് മാറി. കെട്ടുകഥകളിലൂടെ വൃദ്ധർ അജയന്​ സമ്മാനിക്കുന്നതും കല്പിതമായ ഒരു ലോകമായിരുന്നു. ഭ്രമാത്മകമായ ഒരന്തരീക്ഷമാണ് ഇതു സംജാതമാക്കിയത്. പുഴുങ്ങിവെച്ചിരിക്കുന്ന മുട്ടകളല്ലാം മത്തായി ഇട്ടതാണെന്നു പറയുന്ന രാമൻനായരേയും പെരുമഴയത്ത് ഉഷ്ണിക്കുന്നു എന്നു പറഞ്ഞ്​ കിണറ്റിൽ നിന്ന്​വെള്ളം കോരി ശരീരത്തിലൊഴിക്കുന്ന മത്തായിയേയുമാണ്​ അജയൻ കാണുന്നത്. നേരും നിനവും വേർതിരിച്ചറിയാനുള്ള ശേഷിയെ ഇല്ലാതാക്കുന്ന സാഹചര്യം. മതിലിനപ്പുറത്തുകൂടെ വായുവിൽ തെന്നിനീങ്ങുന്ന കോഴിയുടെ ദൃശ്യം അജയന്റെ ഇത്തരം അവസ്ഥയെ ഉദാഹരിക്കുന്നുണ്ട്. അനുഭവങ്ങൾ പങ്കുവെക്കാൻ ആരുമില്ലാതെ ഇതിന് കീഴ്‌പ്പെടുകയാണ് അജയൻ.

സ്വാഭാവികമായുണ്ടാകുന്ന പെൺസൗഹൃദത്തിന്റെ അഭാവം, കൗമാരപ്രണയം നഷ്ടപ്പെട്ടതിന്റേതായ അനുഭവം ഇവയെല്ലാം അജയന്റെ വ്യക്തിത്വവികാസത്തെ പൊതുവിലും ലൈംഗികതയെ വിശേഷിച്ചും ബാധിച്ചിട്ടുണ്ട് എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.

ബാല്യകാലത്തെ ഏകാന്തത ബന്ധങ്ങളെയും സൗഹൃദങ്ങളെയും ആസ്വദിക്കാനുള്ള ഒരാളുടെ കഴിവുകളെ സാരമായി ബാധിക്കുന്നു. തനിക്ക് ആരുമായും ഒന്നും പറയാനില്ല, ആരിൽനിന്നും ഒന്നും കേൾക്കാനില്ല എന്ന് തന്റെ ആത്മഭാഷണത്തിലൊരിടത്ത് അജയൻ പറയുന്നുണ്ട്. അതിന്റെ മറുപുറമാണ് അജയന്റെ സ്വയം വർണ്ണനകൾ എന്നു നിരൂപിക്കാവുന്നതാണ്. തന്റെ വികാരവിചാരങ്ങളെ മനസ്സിലാക്കാൻ കഴിവില്ലാത്ത ഒരു കൂട്ടം മുതിർന്ന മനുഷ്യരൊപ്പമാണ് അജയന്റെ കുട്ടിക്കാലം കടന്നുപോയത് എന്നത് അയാളെ രൂപപ്പെടുത്തിയതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഫാന്റസിയുടൈ ലോകത്തിലേക്ക് വലിച്ചെറിയപ്പെടുകയും അതിൽനിന്നുള്ള രക്ഷാമാർഗമായി സ്വന്തം വികാരങ്ങൾ അന്യരിൽ ആരോപിക്കുകയും ചെയ്യുന്ന മാനസികാവസ്ഥയിൽ എത്തിച്ചേർന്നതിൽ ബാല്യം സ്വാധീനം ചെലുത്തിയിട്ടുണ്ട്.

മുറിഞ്ഞുപോകുന്ന ഓർമകളും ചിന്തകളുമായാണ് അജയൻ എന്നും ജീവിച്ചത്. എല്ലാം ചേർന്ന് അജയന്റെ ജീവിതവും മരണവും നിശ്ചയിച്ചു. കുറ്റബോധവും നഷ്ടബോധവും അജയനെ ജീവിതമവസാനിപ്പിക്കാനുള്ള ശ്രമങ്ങളിലെത്തിച്ചിരിക്കണം.

സ്വാഭാവികമായുണ്ടാകുന്ന പെൺസൗഹൃദത്തിന്റെ അഭാവം, കൗമാരപ്രണയം നഷ്ടപ്പെട്ടതിന്റേതായ അനുഭവം ഇവയെല്ലാം അജയന്റെ വ്യക്തിത്വവികാസത്തെ പൊതുവിലും ലൈംഗികതയെ വിശേഷിച്ചും ബാധിച്ചിട്ടുണ്ട് എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. നളിനി ഹോസ്റ്റൽ മുറിയിലേക്ക് കയറിവരുമ്പോൾ, ഭാവിയിൽ അതുമൂലം ഉണ്ടായേക്കാവുന്ന അപവാദങ്ങളെക്കുറിച്ചാണ് അജയൻ ആശങ്കപ്പെടുന്നത്. അമ്മയെ സംബന്ധിച്ച ചിന്തകളാൽ വേട്ടയാടപ്പെടുന്നയാളും കൂടിയാണ് ബാല്യത്തിൽ സ്ത്രീസാമീപ്യങ്ങൾ ഉണ്ടായിട്ടില്ലാത്ത അജയൻ. മുറിഞ്ഞുപോകുന്ന ഓർമകളും ചിന്തകളുമായാണ് അജയൻ എന്നും ജീവിച്ചത്. എല്ലാം ചേർന്ന് അജയന്റെ ജീവിതവും മരണവും നിശ്ചയിച്ചു. കുറ്റബോധവും നഷ്ടബോധവും അജയനെ ജീവിതമവസാനിപ്പിക്കാനുള്ള ശ്രമങ്ങളിലെത്തിച്ചിരിക്കണം.

സ്വന്തം അവസ്ഥയുടെ കാരണം അജയനറിയില്ല. അയാളതു തേടുന്നുണ്ട്. ഇത്​സങ്കീർണമായ മനോഘടനയാണ്. എത്ര ശ്രമിച്ചിട്ടും യാഥാർത്ഥ്യത്തിന്റെ ലോകത്ത് ജീവിക്കാൻ കഴിയുന്നില്ല അജയന്.

വീടിനുപകരം ആശുപത്രിയിലായിരുന്നു അജയന്റെ ശൈശവം. അത്​ ഒരുപക്ഷേ, അയാളെ രൂപപ്പെടുത്തിയ സാഹചര്യത്തെ സൂചിപ്പിക്കുന്ന മറ്റൊരു സൂചകമാവാം. ഭ്രമാത്മകമായ ലോകത്തെ നിരാകരിച്ചുകൊണ്ടേ മനുഷ്യർക്ക് യുക്തി നിർമിക്കാനും പ്രയോഗിക്കാനും കഴിയുകയുള്ളൂ. ഈ ലോകത്ത് ജീവിച്ചുപോകൽ ഈ കൃത്യം നിരന്തരമായി നിർവഹിച്ചുകൊണ്ടുള്ള ഒരു യാത്രയാണ്. ഈ യാത്രയെക്കുറിച്ചുള്ള ഒരു ആഖ്യാനവുമാണ് അജയന്റെ കഥ എന്നു തോന്നുന്നു. പിടിതരാത്ത ജീവിതം പോലെ ദൃശ്യങ്ങൾ കഥ പറയുന്ന പിടിതരാത്ത ഒരു സിനിമ. ഫ്രെയിമുകളുടെ തിരഞ്ഞെടുപ്പിൽ അടൂർ കാണിക്കുന്ന നിഷ്ഠ ഈ കഥ പറച്ചിലിനെ ഒരു അനുഭവമാക്കിത്തീർത്തു.

സ്വന്തം അവസ്ഥയുടെ കാരണം അജയനറിയില്ല. അയാളതു തേടുന്നുണ്ട്. ഇത്​സങ്കീർണമായ മനോഘടനയാണ്. എത്ര ശ്രമിച്ചിട്ടും യാഥാർത്ഥ്യത്തിന്റെ ലോകത്ത് ജീവിക്കാൻ കഴിയുന്നില്ല അജയന്.

സ്വന്തം അവസ്ഥയുടെ കാരണം അജയനറിയില്ല. അയാളതു തേടുന്നുണ്ട്. ഇത്​സങ്കീർണമായ മനോഘടനയാണ്. എത്ര ശ്രമിച്ചിട്ടും യാഥാർത്ഥ്യത്തിന്റെ ലോകത്ത് ജീവിക്കാൻ കഴിയുന്നില്ല അജയന്. ശ്രമിക്കാഞ്ഞിട്ടല്ല. എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല. അതാണ് അയാളെ ദുരന്തത്തിലേക്ക് നയിക്കുന്നത്. കണ്ണീർ നനവുള്ള അജയന്റെ പകൽക്കിനാവുകളിലേയ്ക്ക് നളിനിയെന്ന ശോഭന ഇറങ്ങിവന്നിട്ടുള്ളത് സിനിമ ഇറങ്ങിയ സമയത്ത് ഏറെ യുവാക്കളുടെ മനസ്സുകളിലേക്കായിരിക്കണം. നളിനിയുടെ/ശോഭനയുടെ സാന്ത്വനം കോരിയൊഴിക്കുന്ന ചിരി മറക്കാനേ കഴിയുന്നില്ല എന്ന് അവർ പറഞ്ഞിട്ടുണ്ടാവണം. ഇന്നും ഒരു പക്ഷേ പറയുന്നുണ്ടാകും. ശോഭന എന്ന അഭിനേത്രിയോടുള്ള ആരാധനയിൽ അന്നത്തെ അനേകം യുവാക്കളെ ഇതു എത്തിച്ചിരിക്കാം.

കണ്ണീർ നനവുള്ള അജയന്റെ പകൽക്കിനാവുകളിലേയ്ക്ക് നളിനിയെന്ന ശോഭന ഇറങ്ങിവന്നിട്ടുള്ളത് സിനിമ ഇറങ്ങിയ സമയത്ത് ഏറെ യുവാക്കളുടെ മനസ്സുകളിലേക്കായിരിക്കണം.

ജനറൽ പിക്‌ചേസിനുവേണ്ടി രവി നിർമിച്ച അനന്തരം ആ വർഷത്തെ (1987) മികച്ച സംവിധായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളും മികച്ച ശബ്ദലേഖനത്തിനുള്ള ദേശീയപുരസ്‌ക്കാരവും നേടി. അടൂർ ഈ സിനിമയെക്കുറിച്ച് ഏറെ പറഞ്ഞിട്ടില്ല എന്നു തോന്നുന്നു. അടൂരിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങൾ എന്ന പുസ്തകത്തിൽ ഒരു ചെറുകുറിപ്പാണുള്ളത്. എൺപതുകളിൽ യൗവനം താണ്ടിയ ഏറെ ചെറുപ്പക്കാർക്ക് അവരവരുടേതായ മാനസികതലങ്ങളിൽ നിന്ന്​ അജയനുമായി താദാത്മ്യം പ്രാപിക്കാൻ കഴിഞ്ഞിട്ടുണ്ടാവാം. അതിലൊരാളായി ഞാൻ എന്നെ കാണുന്നുണ്ട്. ജീവിതത്തിൽ കയറിയിറങ്ങിയ പടവുകൾ എണ്ണിയെടുക്കുമ്പോൾ തെറ്റാം. ഒരു രീതിയിൽ ലഭിക്കുന്ന ഉത്തരമായിരിക്കില്ല മറ്റൊരു രീതിയിൽ എണ്ണുമ്പോൾ. കണക്കുകൂട്ടലുകൾക്ക് വഴങ്ങുന്നതല്ല ഈ ജീവിതം. അനന്തരം എന്താവുമെന്ന് ആർക്കുമറിയില്ലല്ലോ. ▮

Comments