രഞ്ജിത്തിനോടാണ്; സംവിധായകരാകാൻ മോഹിച്ച് തോറ്റു പോയവരല്ല ചലച്ചിത്ര വിമർശകർ

ഒരു സിനിമയുടെ വിനിമയത്തിലൂടെ സംഭവിച്ച രസോൽപാദനത്തിന്റെ കാരണങ്ങളുടെ പ്രകാശനം കൂടിയാണ് ഓരോ ചലച്ചിത്ര വിമർശനവും. ആ കാരണങ്ങളുടെ നിരന്തരമായ അബോധവിചാരങ്ങളെ പുറത്തേക്കിട്ട് ഉയർന്ന സംവേദനശീലം വളർത്തിയെടുക്കലാണ് ചലച്ചിത്ര വിമർശനം ചെയ്യുന്നത്. അതിലൂടെ സമ്പന്നമായത് ആസ്വാദകരുടെ അഭിരുചി ലോകവും കൂടിയാണ്. എന്നിട്ടും ഇവിടുത്തെ ചലച്ചിത്ര വിമർശകന് മാത്രം കർതൃത്വം അനുവദിച്ചുകൊടുക്കുന്നതിൽ സിനിമാക്കാർ അസ്വസ്ഥത പുലർത്തുന്നതെന്തുകൊണ്ടാണ്? - ട്രൂകോപ്പി തിങ്ക് അസോസിയേറ്റ് എഡിറ്റർ ടി.എം ഹർഷനുമായുള്ള സംഭാഷണത്തിൽ സിനിമാ വിവർശനവുമായും സിനിമ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയവുമായും ബന്ധപ്പെട്ട ചോദ്യങ്ങളോടുള്ള രഞ്ജിത്തിന്റെ പ്രതികരണത്തെ വിശകലനം ചെയ്യുന്നു.

ട്രൂകോപ്പിക്കുവേണ്ടി സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തുമായി മാധ്യമ പ്രവർത്തകൻ ഹർഷൻ നടത്തുന്ന സംഭാഷണത്തിനിടയിൽ രഞ്ജിത്ത് സിനിമകൾ മലയാളിയിലുണ്ടാക്കിയ, മലയാളസിനിമയിലുണ്ടാക്കിയ ചില പ്രശ്‌നങ്ങളെക്കുറിച്ച് സൂചിപ്പിക്കുമ്പോൾ അദ്ദേഹം നൽകിയ മറുപടികളാണ് ഈ കുറിപ്പിനാധാരം.

അതിലേറ്റവും പ്രധാനപ്പെട്ട ഒന്ന് സമീപകാല സിനിമാപഠനങ്ങളുമായി അല്ലെങ്കിൽ സിനിമാ നിരൂപണങ്ങളുമായി ബന്ധപ്പെട്ടതാണ്. ഹിന്ദുത്വപ്രത്യയശാസ്ത്രത്തിന്റെ സാധൂകരണത്തിന് രഞ്ജിത്ത് സിനിമകൾ നൽകിയ സംഭാവനയെക്കുറിച്ച് ഹർഷൻ പറഞ്ഞപ്പോൾ ""നിരൂപകർ പലതും പറയും. വരും തലമുറ അവരെ കേൾക്കില്ല. ചലച്ചിത്രനിരൂപകർ തോറ്റ സിനിമാ പ്രവർത്തകരാണ്. സിനിമ നൽകുന്ന പ്രശസ്തിയോ ധനമോ ലഭിക്കാതെ അതിനോടൊക്കെ അസൂയ കലർന്ന് സിനിമാ നിരൂപകരായവരാണവർ. അതുപോലെ സാഹിത്യ നിരൂപകർ പത്മരാജന്റെ കഥകളെക്കുറിച്ച് പഠിക്കാതിരുന്നത് പത്മരാജന് സിനിമ നൽകിയ ഗ്ലാമർ പരിവേഷത്തോട് നിരൂപകർക്ക് അസൂയ ഉള്ളതുകൊണ്ടായിരുന്നു''. യഥാർത്ഥത്തിൽ സിനിമാ മോഹവുമായി നടന്ന് ഒരിക്കലും സിനിമയെടുക്കാൻ കഴിയാത്ത അസൂയാലുക്കളാണ് ഇവിടുത്തെ സിനിമാസാഹിത്യ നിരൂപകർ എന്നാണ് രഞ്ജിത്ത് പറഞ്ഞുവെക്കുന്നത്. മാത്രമല്ല ആളുകൾക്ക് ആസ്വദിക്കാനും കയ്യടിക്കാനുമുള്ള ഒരു കൊമേഴ്ഷ്യൽ എന്റർടെയിനർ എടുക്കുന്നവനാണ് താൻ. അതുകൊണ്ട് തന്റെ സിനിമകൾക്കകത്തെ ജാതിയെയും മതത്തെയും വംശീയവ്യവഹാരങ്ങളെയുമൊക്കെ അത്ര ലളിതമായി മാത്രം കണ്ടാൽ മതി. അതിലപ്പുറം ചികഞ്ഞാലോചിക്കേണ്ട എന്ന്. അതൊക്കെ ഇവിടുത്തെ സമൂഹത്തെ ഏതെങ്കിലും തരത്തിൽ പ്രതിലോമകരമാക്കുന്നതിൽ ഇടപെട്ടിട്ടില്ലെന്ന് ഉറപ്പിക്കുകയാണ് രഞ്ജിത്ത്. ഒറ്റയടിക്ക് കേൾക്കുമ്പോൾ നിഷ്‌കളങ്കമായ പ്രസ്താവനകളാണ്. എന്നാൽ ഇതൊക്കെ തന്നെയാണോ യാഥാർത്ഥ്യം. കൂടുതൽ വിമർശനങ്ങളിലേക്ക് നീങ്ങാൻ തുടങ്ങുമ്പോൾ
സാമുവൽ ബക്കറ്റിനെ ഉദ്ധരിച്ച് വിമർശകാ....! എന്ന് നീട്ടിവലിച്ച് കളിയാക്കുകയും ചെയ്യുന്നുണ്ടദ്ദേഹം.

യഥാർത്ഥത്തിൽ ആരാണ് നിരൂപക/ൻ? അല്ലെങ്കിൽ വിമർശക/ൻ? അവർക്ക് നമ്മുടെ കലാസ്വാദനവുമായി ഒരു ബന്ധവുമില്ലേ? ഒരു കലാലോകവും വിമർശനം കൊണ്ട് പരിപോഷിപ്പിക്കപ്പെട്ടിട്ടില്ലേ.? ഇദ്ദേഹം പറയുന്നതുപോലെ മറ്റൊരു പണിയുമില്ലാത്തവർ സമയം കൊല്ലാൻ വേണ്ടി നടത്തുന്ന ബുദ്ധികെട്ട പ്രവർത്തനങ്ങളിൽ ഒന്നാണോ നമ്മുടെ കലാവിമർശനങ്ങൾ?
കലാസൃഷ്ടിക്കും ആസ്വാദകർക്കുമിടയ്ക്കു നിൽക്കുന്ന രണ്ടുപക്ഷത്തിന്റെയും സെൻസിബിലിറ്റിയെ നവീകരിക്കുന്ന ഇടമാണ് വിമർശകരുടേത്. എന്നാൽ അങ്ങനെയൊരു ഇടമെന്ന നിലയിലല്ല അത് പലപ്പോഴും തിരിച്ചറിയപ്പെടാറുള്ളത്. സൃഷ്ടിയുടെ പ്രതിപക്ഷത്താവുമ്പോൾ പ്രത്യേകിച്ചും.

രഞ്ജിത്തും ടി.എം ഹർഷനും അഭിമുഖത്തിനിടെ

സൃഷ്ടികർത്താവിന് വിമർശകരോടുള്ള അസ്വസ്ഥതയ്ക്ക് ദീർഘകാലത്തെ ചരിത്രമുണ്ട്. പക്ഷെ അത് ഈ തരത്തിലുള്ള നിരക്ഷരതയോളമെത്തിയിട്ടില്ലെന്നുറപ്പാണ്. എന്താണ് വിമർശനം.
ഒരു സൃഷ്ടിയെ സമഗ്രമായോ ഭാഗികമായോ മനസിലാക്കാനുള്ള യത്‌നമാണത്. ഒപ്പം അതൊരു മൂല്യവിചാരവുമാണ്. നോക്കൂ; വിമർശനം എന്ന വാക്കിനു തന്നെ യുക്തിയുക്തമായ ചർച്ച, പര്യാലോചന, വിശേഷമായ ചിന്തനം, നിരൂപണം, ഗുണദോഷ ചിന്ത എന്നിങ്ങനെയാണർത്ഥം. ഒരു കലാസൃഷ്ടിയുമായുള്ള ഏതൊരു വിനിമയവും ആസ്വാദനം, വിശകലനം, വിലയിരുത്തൽ ഈ പ്രക്രിയകളിലൂടെയെങ്കിലും കടന്നുപോകും. ജീവിതത്തെ സംബന്ധിച്ചും കലയെ സംബന്ധിച്ചും ആഴമേറിയ ദർശനം വിമർശന കലയ്ക്ക് അനിവാര്യമാണ്.

ചുരുക്കത്തിൽ ഏത് വിമർശന പ്രക്രിയയും അടിസ്ഥാനപരമായി മൂല്യനിർണയമാണ്. സാഹിത്യമായാലും ചിത്രകലയായാലും സിനിമയായാലുമൊക്കെ അങ്ങനെ തന്നെ. സൃഷ്ടിയുമായുള്ള സംവാദത്തിലൂടെയാണ് എല്ലാ കലകളും വളർന്നത്. പിന്നെ ചലച്ചിത്ര വിമർശകരെ മാത്രം ശത്രുപക്ഷത്തു നിർത്തുന്നതിന്റെ യുക്തിയെന്താണ്?
ഒരു സിനിമയുടെ വിനിമയത്തിലൂടെ സംഭവിച്ച രസോൽപാദനത്തിന്റെ കാരണങ്ങളുടെ പ്രകാശനം കൂടിയാണ് ഓരോ ചലച്ചിത്ര വിമർശനവും. ആ കാരണങ്ങളുടെ നിരന്തരമായ അബോധവിചാരങ്ങളെ പുറത്തേക്കിട്ട് ഉയർന്ന സംവേദനശീലം വളർത്തിയെടുക്കലാണ് ചലച്ചിത്ര വിമർശനം ചെയ്യുന്നത്. അതിലൂടെ സമ്പന്നമായത് ആസ്വാദകരുടെ അഭിരുചി ലോകവും കൂടിയാണ്. എന്നിട്ടും ഇവിടുത്തെ ചലച്ചിത്ര വിമർശകന് മാത്രം കർതൃത്വം അനുവദിച്ചുകൊടുക്കുന്നതിൽ സിനിമാക്കാർ അസ്വസ്ഥത പുലർത്തുന്നതെന്തുകൊണ്ടാണ്?

ഒരു സൃഷ്ടിക്കു മാത്രമായി ഒറ്റയ്ക്കു നിൽക്കാൻ കഴിയില്ല. മറിച്ച് സൃഷ്ടിയും ആസ്വാദനവും വിമർശനവും പ്രതികരണങ്ങളുമുൾപ്പെട്ട ഒരു സംവാദ മണ്ഡലത്തിനകത്താണ് നമ്മളെല്ലാവരും. സൃഷ്ടിയുടേയും ആസ്വാദനത്തിന്റെയും രഹസ്യങ്ങളെപ്പറ്റിയുള്ള വ്യത്യസ്തങ്ങളായ അന്വേഷണങ്ങൾക്കും നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. അത് തത്ത്വചിന്തയുടെ വളർച്ച കൂടിയാണ്. കലാപഠനങ്ങളും സാഹിത്യ പഠനങ്ങളും ഓരോ ചരിത്ര സന്ദർഭങ്ങളോടും ഇടഞ്ഞുകൊണ്ട് പുതിയ സൈദ്ധാന്തിക സമീപനങ്ങളാലാണ് വികസിച്ചത്. ചലച്ചിത്ര പഠനങ്ങളിലും ഈ മാറ്റം കാണാം. മലയാളത്തിൽ സഞ്ജയൻ, സി.ജെ തോമസ്, മൂർക്കോത്ത് കുഞ്ഞപ്പ, സിനിക് തുടങ്ങിയവരിലൂടെ ആരംഭിച്ച കേവല ആസ്വാദനക്കുറിപ്പുകളിൽ തുടങ്ങിയ ചലച്ചിത്ര വിമർശനം പിന്നീട് സൗന്ദര്യശാസ്ത്രവിചാരങ്ങളിലൂടെയും പ്രത്യയശാസ്ത്രവിചാരങ്ങളിലൂടെയും പ്രതിനിധാന വായനകളിലൂടെയും വികസിക്കുകയാണുണ്ടായത്. അടിസ്ഥാനപരമായി മൂലധനത്തിന്റെ യുക്തികൾക്കുമാത്രം ബലമുള്ള ഈ മാധ്യമവിചാരണയുടെ ഓരോ സന്ദർഭങ്ങളിലും പ്രബലരായ നിരൂപകരും സിനിമാക്കാരും തമ്മിലുള്ള അസ്വാരസ്യങ്ങളും ഉണ്ടായിട്ടുമുണ്ട്. പൊൻകുന്നം വർക്കിയും സി.ജെ തോമസും തമ്മിലുണ്ടായ തർക്കം മുതൽ ഇങ്ങോളം അത് തുടരുന്നുണ്ട്. ഇപ്പോൾ വിമർശനമുന്നയിച്ച ഇതേ രഞ്ജിത്ത് തന്നെ തന്റെ "ലീല'യ്‌ക്കെതിരായ മനീഷ് നാരായണന്റെ വിമർശനത്തോട് അശ്ലീലം കലർന്ന വാക്കിൽ പ്രതികരിച്ചതും ഇപ്പോൾ ഓർക്കാവുന്നതാണ്.

""ഞാൻ സത്യജിത് റേയോ ഋത്വിക് ഘട്ടക്കോ ഒന്നുമല്ലല്ലോ. ഞാൻ ഒരു കമേഴ്‌സ്യൽ സിനിമയുടെ സംവിധായകൻ മാത്രമാണ് '' അതുകൊണ്ട് എന്നെ വെറുതെ വിടൂ എന്നു തന്നെ.!

ഇത് എഴുപതുകളുടെ അല്ലെങ്കിൽ ആധുനികതയുടെ അവശേഷിപ്പ് ചിന്തകളിലൊന്നു മാത്രമാണ്. കാരണം ആധുനികതയിൽ കലാസിനിമയുടെ വരവോടെ നിരൂപകർ കമേഴ്‌സ്യൽ സിനിമ പങ്കുവെച്ച ആശയങ്ങളെയും

അനുഭൂതികളെയും തങ്ങളുടെ "ഉയർന്ന' കാഴ്ചയുടെ പുറത്തു നിർത്തിയിരുന്നു.

ചിന്ത രവി / ഫോട്ടോ: അബ്ദുൽ കലാം ആസാദ്

നിരൂപകന്റെ ദൗത്യം തന്നെ ഉയർന്ന കലയ്ക്കുവേണ്ടി നിലകൊള്ളലാണെന്ന് അവർ കരുതിയിരുന്നു. കാരണം രഞ്ജിത്ത് ഇപ്പോൾ കരുതുന്നതുപോലെ നമ്മുടെ സംസ്‌കാരത്തിൽ വ്യാപാര സിനിമ നിർവഹിക്കുന്ന പ്രതിലോമകരമായ രാഷ്ട്രീയ സാമൂഹ്യ ദൗത്യങ്ങളെ നമ്മുടെ പ്രധാനപ്പെട്ട വിമർശകരാന്നും അന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ഇതിനെക്കുറിച്ച് പിന്നീട് എഴുത്തുകാരനും വിമർശകനും സംവിധായകനുമായ രവീന്ദ്രൻ ഇങ്ങനെ എഴുതിയിരുന്നു. ""അടിസ്ഥാനപരവും ശാസ്ത്രീയവുമായ ഒരു വിമർശന പ്രക്രിയ നടത്തേണ്ടത് പോപ്പുലർ സിനിമയുടെ രീതികളെക്കുറിച്ചുള്ള അന്വേഷണങ്ങളിൽ നിന്നാണ്. വിമർശന പരാമർശം അർഹിക്കുന്നില്ലെന്ന ന്യായത്തിൻമേൽ കച്ചവട സിനിമയെ നിരാകരിക്കുന്നത് ഫലത്തിൽ ആ സിനിമ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന ആപത്കരമായ പ്രത്യയശാസ്ത്ര പ്രവർത്തനത്തിന് മൗനമായ അംഗീകാരം നൽകുന്നതിന് സമാനമാണ് ''

ഇത്തരം അഭിപ്രായങ്ങൾ തുടർന്നുവന്ന നമ്മുടെ ചലച്ചിത്ര നിരൂപണത്തിന്റെ രൂപഭാവത്തെ ആകെ മാറ്റിപ്പണിഞ്ഞിട്ടുണ്ട്. അതോടെ ചലച്ചിത്ര വിമർശനത്തിൽ കലാസിനിമ /കച്ചവട സിനിമ എന്ന ദ്വന്ദം തന്നെ ഇല്ലാതാകുന്നുണ്ട്. മാത്രമല്ല ലോകത്തിൽ തത്ത്വചിന്തയുടെ മേഖലയിലുണ്ടായ പുതിയ അന്വേഷണങ്ങളെല്ലാം ചലച്ചിത്ര വിമർശനത്തിന്റെ തുറസുകളെയും വലുതാക്കുന്നുണ്ട്. തൊണ്ണൂറുകളോടെ ചലച്ചിത്രാന്വേഷണങ്ങൾക്കായി വിമർശകരുപയോഗിച്ച ഈ സൈദ്ധാന്തിക മാതൃകകൾ ആധുനികോത്തരം എന്ന് വർഗീകരിക്കപ്പെട്ടവയാണ്. ഇതോടെയാണ് സവർണത, വർഗീയത, ഫാസിസം, ഹിന്ദുത്വം തുടങ്ങിയ ആശയങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടുള്ള അന്വേഷണങ്ങൾ ചലച്ചിതവിമർശനത്തിന്റെ കേന്ദ്രത്തിൽ സ്ഥാപിക്കപ്പെട്ടത്.

അതോടെ ചലച്ചിത്ര വിമർശനം ഒരു സാംസ്‌കാരിക ഇടപെടലായി മലയാളത്തിൽ മാറുകയും ചെയ്തു. തത്ത്വചിന്തയിലുണ്ടായ ഈ മാറ്റം സിനിമയുടെ ഉള്ളടക്കത്തിലും ആഖ്യാനത്തിലും പ്രത്യക്ഷമായ മാറ്റങ്ങളെ സൂക്ഷ്മമായ വിചാരങ്ങൾക്ക് വിധേയമാക്കിയിരുന്നു. അപ്പോഴാണ് രഞ്ജിത്ത് സിനിമകൾ ഉൾവഹിച്ചിരുന്ന ഹിന്ദുത്വപ്രത്യയശാസ്ത്രത്തിന്റെ രക്ഷാകർതൃ ലോകത്തെ മലയാളത്തിലെ പുതിയ നിരൂപകർ വിചാരണയ്‌ക്കെടുക്കുകയും രഞ്ജിത്ത് സിനിമകൾ പ്രതിസ്ഥാനത്താക്കപ്പെടുകയും ചെയ്തത്.
ആധുനികതയിൽ നിന്ന് തീർത്തും ഭിന്നമായ ഈ വീക്ഷണ വ്യതിയാനങ്ങളാണ് നമ്മുടെ അക്കാദമിക് സമൂഹങ്ങളിൽ ഒരു ജ്ഞാനമണ്ഡലം എന്ന നിലയിൽ ചലച്ചിത്ര പഠനങ്ങൾക്ക് പ്രാമുഖ്യമുണ്ടാക്കിയത്. ഈയൊരു ചരിത്രബന്ധങ്ങളെയും വ്യതിയാനങ്ങളെയുമാണ് കേവലമായ അസൂയാലുക്കളുടെ ഇടമായി ഇപ്പോൾ രഞ്ജിത്തിനെപ്പോലുള്ള സംവിധായകർ ചുരുക്കുന്നത്. രഞ്ജിത്തിന്റെ പ്രസ്താവന ലോകവ്യാപകമായി അക്കാദമിക് സമൂഹങ്ങളിൽ പോപ്പുലർ കൾച്ചറിനെക്കുറിച്ച് നടക്കുന്ന പഠനങ്ങളെയും കൂടിയാണ് തള്ളിക്കളയുന്നത്.

അവസാനമായി ഒരു കാര്യം കൂടി. അഭിമുഖത്തിനിടയിൽ ഹർഷൻ പൊളിറ്റിക്കൽ കറക്ട്‌നസിനെക്കുറിച്ച് സൂചിപ്പിക്കുമ്പോൾ എന്താണ് പൊളിറ്റിക്കൽ കറക്ട്‌നസ് എന്ന് രഞ്ജിത്ത് തിരിച്ച് ചോദിക്കുന്നുണ്ട്. ആ വാക്ക് പൂർണ്ണമായും ഈ കാലത്തിന്റേതുമാത്രമല്ല. അത് ചരിത്രത്തിൽ വർഗബന്ധങ്ങൾ തിരിച്ചറിഞ്ഞ സന്ദർഭം മുതൽ വളരെ സൂക്ഷ്മമായി നാം കൊണ്ടു നടക്കുന്ന ബോധം കൂടിയാണ്. ചരിത്രത്തിൽ എല്ലാ മനുഷ്യരുടെയും അനുഭവങ്ങൾക്ക് മൂല്യമുണ്ടെന്നും അതിൽ ജാതിമതവർഗഭേദമില്ലെന്നുമുള്ള ബോധം. അനുഭവങ്ങളുടെ ആ ജനാധിപത്യത്തെയാണ് നിലനിൽക്കുന്ന അധികാരത്തിന്റെ കണ്ണാടിയിലൂടെ നോക്കി ചിലർ പിന്നെയും ബലപ്പെടുത്തുന്നത്. അപ്പോഴാണ് ആ ചോദ്യം രഞ്ജിത്തിലേക്കും ഉയർന്നത്.
ഇവിടെ ജാതിയെയും സവർണ സ്വത്വത്തെയും രഞ്ജിത്ത് സിനിമകൾ എങ്ങനെയാണ് കൈകാര്യം ചെയ്തത്? തീർച്ചയായും അത് സവർണതയുടെയും ഹിന്ദുത്വത്തിന്റെയും ആദർശവൽക്കരണമായിരുന്നു. ഗ്ലോറിഫിക്കേഷനായിരുന്നു. ഈ ആദർശവൽക്കരണത്തിന് നമ്മുടെ രാഷ്ട്രീയവുമായി സൂക്ഷ്മമായ ബന്ധമുണ്ട്. അത്രയേ വിമർശകർ ഓർമ്മിപ്പിച്ചുള്ളൂ. കാഴ്ചയ്ക്കു മാത്രമല്ല മണത്തിനുവരെ രാഷ്ട്രീയമുണ്ടെന്ന തിരിച്ചവിൽ നിൽക്കുന്ന ഇടത്തിലാണ് നാമിപ്പോൾ. അവിടുന്നാണാ ചോദ്യം. ഒരു സസ്യഭോജിക്ക് മീനിന്റെ മണം ദുർഗന്ധവും, അല്ലാത്തവർക്ക് അത് സുഗന്ധവുമാകുന്ന സന്ദർഭങ്ങളെ നാം മണത്തിന്റെ രാഷ്ട്രീയം എന്ന ശീർഷകത്തിനു കീഴിലാണ് ചർച്ചയ്ക്കു വെയ്ക്കുക. അപ്പോഴാണ് നാം അധികാരത്തിന്റെ ഘടനയെക്കുറിച്ച് തിരിച്ചറിയുക. അപ്പോഴാണ് ഇവിടുത്തെ ദളിതുകളും സ്ത്രീകളും ട്രാൻസ് ജൻഡറുകളും എങ്ങനെയാണ് ഇവിടുത്തെ മാധ്യമങ്ങളിൽ ചിത്രീകരിക്കപ്പെട്ടതെന്ന ചോദ്യമുണ്ടാകുന്നത്. ആ തിരിച്ചറിവിൽ നിന്നാണ് പൊളിറ്റിക്കൽ കറക്ട്‌നസ് എന്ന വാക്ക് നമ്മുടെ പിന്നാലെ കൂടുന്നത്. ഈ ഒരു തിരിച്ചറിവിലേക്ക് രഞ്ജിത്തിന് ഇപ്പോഴും എത്താനായിട്ടില്ലെന്നതാണ് സങ്കടം.

അടിസ്ഥാനപരമായി താൻ ജീവിക്കുന്ന ലോകവും അതിന്റെ അധികാരഘടനയും മനുഷ്യരും തമ്മിലുള്ള സങ്കീർണമായ ബന്ധത്തെക്കുറിച്ചുള്ള ബോധമാണ് ഒരാളുടെ രാഷ്ട്രീയം. ആ രാഷ്ട്രീയം കൂടുതൽ സൂക്ഷ്മമാവുമ്പോൾ നാം കൂടുതൽ ജാഗ്രത്താവും. ആ രാഷ്ട്രീയം ഭക്ഷിച്ചു തന്നെയാണ് ഒരാൾ കലാചരിത്രത്തിൽ ഇടം കണ്ടെത്തേണ്ടത്.
അല്ലാതെ ഇപ്പോൾ രഞ്ജിത്ത് മത്സരിക്കാനിറങ്ങാൻ നോക്കിയ കക്ഷിരാഷ്ട്രീയം മാത്രമല്ല വിശാലമായ അർത്ഥത്തിൽ രാഷ്ട്രീയം. ആ രാഷ്ട്രീയത്തിന്റെ തിരഞ്ഞെടുപ്പ് കൂടിയാണ് നമ്മുടെ രാജ്യത്ത് വരാനിരിക്കുന്നത്. ആ ഭൂപടത്തിൽ പ്രദീപ് കുമാറിന് പകരം രഞ്ജിത്ത് എന്ന ആലോചനയിലേക്കാണ് അല്ലാതെ കെ.സുരേന്ദ്രന് പകരം രഞ്ജിത്ത് എന്നല്ലല്ലോ അദ്ദേഹത്തിന്റെയും തിരിച്ചറിവിന്റെ മാനദണ്ഡം. എന്താണോ ഒന്നിൽ നിന്ന് മറ്റൊന്നിനെ മാറ്റി നിർത്താൻ താങ്കളെ പ്രേരിപ്പിക്കുന്നത് അതിന്റെ പേരു കൂടിയാണ് രാഷ്ട്രീയം. ആ പകരക്കാരൻ ഇടതുപക്ഷ രാഷ്ട്രീയം പറയുമ്പോൾ ഇത്രയെങ്കിലും പറയാതെങ്ങനെ.!

Comments