‘ഇതിനുവേണ്ടിയാണ് 1921ലെ കലാപത്തെ നേരിട്ടുകൊണ്ടിരുന്ന ബ്രിട്ടീഷ് സേന മാപ്പിള റെബലിയൻ എന്ന സിനിമ തയ്യാറാക്കിയത്. പബ്ലിസിറ്റി ബ്യൂറോ തയ്യാറാക്കിയ ഈ സിനിമ ലണ്ടനിലെ ആറ്റം സിനിമ കമ്പനിയാണ് വിതരണത്തിന് ഏറ്റെടുത്തത്. 1921 ഡിസംബർ 12ന് ഈ സിനിമ വാണിജ്യ ഉദ്ദേശ്യത്തോടെ പ്രദർശിപ്പിക്കുന്നതിന് സിനിമ കമ്പനിക്ക് 4500 രൂപക്ക് വിറ്റതായി പറയുന്നു. ബാംഗ്ലൂരിലെ പട്ടാള റിക്രൂട്ടിംഗ് ഓഫീസറായിരുന്ന മേജർ റോബിൻസൺ ആയിരുന്നു ഈ സിനിമ തയ്യാറാക്കുന്നതിനുള്ള ചുമതല ഏറ്റെടുത്തത്. ഈ സിനിമയുടെ ഇന്ത്യയിലേയും വിദേശത്തേയും പ്രദർശനത്തിലൂടെ ലഭിക്കുന്ന പണം മലബാർ കലാപം നിമിത്തം നാശനഷ്ടങ്ങൾ അനുഭവിക്കേണ്ടി വന്നവരെ സഹായിക്കാൻ വിനിയോഗിക്കുമെന്ന് സർക്കാർ രേഖകളിൽ നിന്ന് കാണാൻ കഴിയും. ഗവൺമെന്റ് ഉത്തരവ് നമ്പർ 741 (28.10.1921) പ്രകാരം സിനിമാ നിർമാണത്തിന് 1500 രൂപ അനുവദിച്ചിരുന്നു. ഈ സിനിമ കണ്ടുപിടിക്കാനായിട്ടില്ലെങ്കിലും സാമ്രാജ്യത്വ വീക്ഷണത്തിലെ മലബാർ കലാപം ലോകത്തിനു പരിചയപ്പെടുത്തുന്നതിനും, അത് അടിച്ചമർത്തിയതിന്റെ വിജയഭേരി പ്രചരിപ്പിക്കുന്നതിനുമായിരിക്കണം നൂതന സാങ്കേതിക വിദ്യയായ സിനിമയെ ഇക്കാലത്ത് ഉപയോഗപ്പെടുത്തിയത്. ഇതുവഴി അധികാര ശക്തികളെ നിലനിർത്തുന്ന വിധത്തിലുള്ള ഒരു മലബാർ കലാപ സ്മരണ നിർമിച്ചെടുക്കുവാനും ബ്രിട്ടീഷ് ഗവൺമെന്റ് ശ്രമിച്ചതായി മനസ്സിലാക്കാം (വാഗൺ ട്രാജഡി- കനൽ വഴിയിലെ കൂട്ടക്കുരുതി- ഡോ. ശിവദാസൻ. പി, പേജ് 96-97, എസ്.പി.സി.എസ് പതിപ്പ് 2012).
ആ സിനിമ പ്രദർശിപ്പിക്കപ്പെട്ടോ, അതിനെക്കുറിച്ച് ഏതെങ്കിലും പത്രങ്ങളിൽ വാർത്തകളോ ലേഖനങ്ങളോ അക്കാലത്ത് വന്നിരുന്നോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമല്ല. സിനിമ ചിത്രീകരണം സംബന്ധിച്ചും അധിക വിവരം ലഭ്യമല്ല
പുരാരേഖകൾ, ബ്രിട്ടീഷ് ഇന്ത്യയിലെ സർക്കാർ ഉത്തരവുകൾ എന്നിവ ഉദ്ധരിച്ചും അതിന്റെ വെളിച്ചത്തിലുമാണ് ശിവദാസൻ തന്റെ പുസ്തകത്തിൽ ഈ സിനിമയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. എന്നാൽ ആ സിനിമ പ്രദർശിപ്പിക്കപ്പെട്ടോ, അതിനെക്കുറിച്ച് ഏതെങ്കിലും പത്രങ്ങളിൽ വാർത്തകളോ ലേഖനങ്ങളോ അക്കാലത്ത് വന്നിരുന്നോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമല്ല. സിനിമ ചിത്രീകരണം സംബന്ധിച്ചും അധിക വിവരം ലഭ്യമല്ല. ഇന്ന് നടക്കുന്ന മലബാർ കലാപ ചർച്ച- സിനിമാ വിവാദങ്ങളിൽ ഈ സിനിമയെക്കുറിച്ച് വിവരങ്ങളോ അധിക വിവരങ്ങളോ നൽകാൻ ആർക്കും സാധിച്ചില്ലെന്നുമാണ് മനസ്സിലാക്കാൻ കഴിയുന്നത്. ബ്രിട്ടീഷ് ആർക്കൈവ്‌സിൽ ആയിരക്കണക്കിനു മലബാർ രേഖകളുടെ കൂട്ടത്തിൽ ഈ സിനിമയുടെ പ്രിന്റും (നെഗറ്റീവോ, ഡ്യൂപ്പ് നെഗറ്റീവോ) സൂക്ഷിച്ചിട്ടുണ്ടായിരിക്കുമോ? ബ്രിട്ടീഷ് ആർക്കൈവിൽ രേഖകൾ പഠിക്കാൻ പോയ ഇന്ത്യൻ ചരിത്രകാരൻമാർക്ക് ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ എന്തെങ്കിലും ലഭ്യമായിട്ടുണ്ടോ?
തീർച്ചയായും ആ സിനിമ കലാപ/സമര/വിപ്ലവ വിരുദ്ധമായിരിക്കുമെന്നതിൽ സംശയമൊന്നുമില്ല. മാത്രവുമല്ല, സിനിമയിൽ നിന്ന് ലഭിക്കുന്ന പണം മലബാർ കലാപം നിമിത്തം നാശനഷ്ടങ്ങളുണ്ടായവരെ സഹായിക്കാൻ വിനിയോഗിക്കുമെന്ന ജീവകാരുണ്യ പി.ആർ.പ്രഖ്യാപനവുമുണ്ട്.
വാഗൺ കൂട്ടക്കൊലയിലെ ഇരകൾക്ക്, അതായത്, മരിച്ചവരുടെ കുടുംബംഗങ്ങൾക്ക് 300 രൂപയാണ് ബ്രിട്ടീഷ് സർക്കാർ നഷ്ടപരിഹാരം നൽകിയത്. മരിച്ചവരിൽ നേരത്തെ പിഴ ചുമത്തപ്പെട്ടവരുമുണ്ടായിരുന്നു. ആ പിഴയിൽ, ഇത്ര ദാരുണ അന്ത്യമുണ്ടായിട്ടും ബ്രിട്ടീഷ് സർക്കാർ ഇളവ് നൽകിയില്ല. അതിനാൽ നഷ്ടപരിഹാരം കിട്ടിയ പലരും കൊല്ലപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരുടെ മേൽ ബ്രിട്ടീഷ്‌രാജ് ചുമത്തിയ പിഴയടക്കാനാണ് ഈ തുക പ്രധാനമായും ഉപയോഗിച്ചത്. പലർക്കും അതു മതിയായതുമില്ല. അവർ പിഴ മുഴുവനായി അടക്കാൻ മറ്റു മാർഗങ്ങൾ (1000 രൂപ വരെ പിഴ ചുമത്തപ്പെട്ടവർ ഉണ്ടായിരുന്നു- ബ്രിട്ടീഷ് സർക്കാരിന് നഷ്ടമുണ്ടാക്കി, ഭൂനികുതി അടച്ചില്ല എന്നതാണ് പിഴക്കാധാരമായ കുറ്റങ്ങൾ) തേടേണ്ടി വന്നതിനെക്കുറിച്ച് ശിവദാസന്റെ പുസ്തകത്തിലും 1981ൽ അബ്ദു ചെറുവാടി എഡിറ്ററായി പുറത്തിറക്കിയ വാഗൺ ട്രാജഡി സ്മരണികയിലും നിരവധി വിവരങ്ങളുണ്ട്.
1929-39 കാലത്ത് ബ്രിട്ടീഷ്- ഹോളിവുഡ് സിനിമകൾ ഇന്ത്യയെ എങ്ങനെ ചിത്രീകരിച്ചുവെന്നതിനെക്കുറിച്ച് നന്ദിനി രതി എഴുതിയ 1930s imperial propaganda: How star-studded western films justified British colonialism എന്ന പ്രബന്ധം വലിയ തോതിൽ വെളിച്ചം വീശുന്നുണ്ട്. ഇക്കാലത്ത് ബ്രിട്ടീഷ് നിർമാതാക്കളുണ്ടാക്കിയ നിരവധി സിനിമകളുടെ കേന്ദ്രപ്രമേയം ഇന്ത്യ എന്ന രാജ്യമായിരുന്നു. വിദേശത്ത് ഈ ചിത്രങ്ങൾ വലിയ തോതിൽ സ്വീകരിക്കപ്പെട്ടു. ബോക്‌സാഫീസ് വിജയങ്ങൾ നേടി. എന്നാൽ ഇന്ത്യയിലെ പ്രേക്ഷകർ ഈ സിനിമകളെ സ്വീകരിച്ചില്ലെന്ന് നന്ദിനി രതി ലേഖനത്തിൽ പറയുന്നു.
മലബാർ കലാപത്തിനു തിരശ്ശീല വീഴുന്നതിനു തൊട്ടു മുമ്പായിരുന്നു സിനിമ നിർമാണ നീക്കമെന്ന് മനസ്സിലാക്കാം. ആ സിനിമ, അല്ലെങ്കിൽ അതുസംബന്ധിച്ച വിവരങ്ങൾ കണ്ടെത്തൽ ചരിത്രപഠനവുമായി ബന്ധപ്പെട്ട്, മലബാർ സിനിമ നിർമാണവുമായി ബന്ധപ്പെട്ട്
ഏറെ വിലപ്പെട്ടതാണ്
ഇക്കാലയളവിൽ ഇന്ത്യ കേന്ദ്രപ്രമേയമായി വന്ന മൂന്നു സിനിമകളെക്കുറിച്ച്- ദ ഡ്രം, ഗുംഗാ ദിൻ, ദ റെയിൻസ് കം- ലേഖനം വിശദമായി പഠിക്കുന്നുണ്ട്. ഇന്ത്യ എന്ന ‘ബ്രിട്ടീഷ് രാജ്യത്തെ' നിവാസികൾ എങ്ങനെ പ്രാകൃതരും കൊള്ളക്കാരും വിവരമില്ലാത്തവരുമാണെന്ന് (ആരായിരുന്നു കൊള്ളക്കാരെന്നറിയാൻ വില്യം ഡാർലിമ്പിളിന്റെ ‘ദ അനാർക്കി’ എന്ന പുസ്തകം മാത്രം വായിച്ചാൽ മതി) പറയുന്നതായിരുന്നു ആ സിനിമകൾ. ഇന്ത്യയെ കോളനിയാക്കി വെക്കുന്നതിനുള്ള ബ്രിട്ടന്റെ നിരവധി ന്യായങ്ങളാണ് ഈ സിനിമകളിലെല്ലാം പൊതുവായി ഉണ്ടായിരുന്നതെന്നും നന്ദിനി രതി വ്യക്തമാക്കുന്നു. ഈ സിനിമകളുടെ ട്രെയിലറുകൾ, സിനിമാഭാഗങ്ങൾ എന്നിവ ഇന്റർനെറ്റിൽ ലഭ്യമാണ്. ഗുംഗാ ദിൻ എന്ന സിനിമയുടെ പോസ്റ്ററിൽ തോക്കുധാരിയായ ബ്രിട്ടീഷ് പോലീസുകാരൻ/പട്ടാളക്കാരൻ അർധനഗ്‌നനായ ഇന്ത്യക്കാരനെ നേരിടുന്നത് (ഒരാൾ ആക്രമണത്തിൽ താഴെ വീണുകിടപ്പുണ്ട്) ചിത്രീകരിച്ചിട്ടുണ്ട്. തോക്കുമായി നിൽക്കാനുള്ള അധികാരം ബ്രിട്ടീഷുകാർക്കു തന്നെ എന്ന സമീപനം ഈ പോസ്റ്ററിൽ വ്യകതമാണ്. കൊളോണിയൽ സിനിമ, മെയ്ക്കിംഗ് ഓഫ് എമ്പയർ എന്ന ആശയം എങ്ങിനെ പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്ന് ഇക്കാര്യങ്ങളിലൂടെ വ്യക്തമാണ്. മരണകാരിയായ പലതരം പനികളുടെ നാട് എന്നാണ് ബ്രിട്ടീഷുകാർ ഇന്ത്യയെ വിളിച്ചത്. പക്ഷെ, അവർ വന്നത് പനികളെ തുരത്തി തദ്ദേശവാസികളെ രക്ഷിക്കാനായിരുന്നില്ലെന്ന് ചരിത്രം വ്യക്തമാക്കിക്കഴിഞ്ഞു.
നന്ദിനി രതിയുടെ ലേഖനത്തിൽ പറയുന്ന കാര്യങ്ങളുടെ തുടക്കം ‘മാപ്പിള റെബലിയൻ' എന്ന സിനിമയിലായിരുന്നിരിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ആ സിനിമ ഡോക്കുമെന്ററിയായാണോ, അല്ലെങ്കിൽ കഥാചിത്രമായാണോ ചിത്രീകരിച്ചത്? പബ്ലിസിറ്റി ബ്യൂറോ തയ്യാറാക്കിയതായി കരുതപ്പെടുന്ന സിനിമ ഡോക്കുമെന്ററി തന്നെയായിരിക്കും. മലബാർ കലാപത്തിനു തിരശ്ശീല വീഴുന്നതിനു തൊട്ടു മുമ്പായിരുന്നു സിനിമ നിർമാണ നീക്കമെന്ന് ലഭ്യമായ വിവരങ്ങളിൽ നിന്ന് മനസ്സിലാക്കാം. ആ സിനിമ, അല്ലെങ്കിൽ അതുസംബന്ധിച്ച വിവരങ്ങൾ കണ്ടെത്തൽ ഇന്നത്തെ സാഹചര്യത്തിൽ, ചരിത്രപഠനവുമായി ബന്ധപ്പെട്ട്, മലബാർ സിനിമ നിർമാണവുമായി ബന്ധപ്പെട്ട് ഏറെ വിലപ്പെട്ടതാണ്. കൊളോണിയൽ ചരിത്രയുക്തി മനസ്സിലാക്കാനും ഈ സിനിമയുടെ ‘കണ്ടെത്തൽ' തീർച്ചയായും സഹായിച്ചേക്കാം.
മലബാർ കലാപത്തിൽ ശിക്ഷിക്കപ്പെട്ട് ബെല്ലാരി ജയിലിൽ തടവിലായിരുന്ന വല്ല്യാപ്പാന്റെ ഫോട്ടോ തേടി നടന്നയാളോട് ഒരു ഗവേഷകൻ പറഞ്ഞു, ജയിൽ രേഖകളിൽ വളരെ പ്രധാനപ്പെട്ടവരുടെ ഫോട്ടോകളേയുണ്ടാകൂ, എന്നാൽ വിശദമായി തിരഞ്ഞാൽ നിങ്ങളുടെ വല്ല്യാപ്പാന്റെ മഷിയിൽ മുക്കി പതിപ്പിച്ച വിരലടയാളം അടയാളപ്പെടുത്തിയത് മിക്കവാറും ജയിൽ രേഖകളിൽ കണ്ടെത്താനായേക്കും. അതുപോലെ ബ്രിട്ടീഷ് കൊളോണിയൽ ചരിത്ര യുകതിയുടെ വിരലടയാളമായിരിക്കും മാപ്പിള റെബലിയൻ എന്ന നാമാരും കണ്ടിട്ടില്ലാത്ത സിനിമയെന്ന് വിചാരിക്കാൻ ധാരാളം തെളിവുകൾ ഇന്ന് മലബാർ ചരിത്രത്തിൽ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.