എത്ര ക്രിഞ്ചെന്ന് ചാപ്പയടിച്ചാലും പ്രിയപ്പെട്ട പടമാവുന്നു 'വർഷങ്ങൾക്ക് ശേഷം'

“വിനീത് സിനിമാറ്റിക് യൂണിവേഴ്‌സിലെ ഫീൽഗുഡ് പാസം മാറ്റിനിർത്തിയാൽ വേണുവിനെ എനിക്കറിയാം. ഏറിയും കുറഞ്ഞും അയാൾ ഞാനാണ്, അല്ലെങ്കിൽ വേണുവിന്റെ സ്വപ്‌ന സിനിമ സാക്ഷാത്കരിക്കാൻ ഞാനും കൂടെ കൂടിയിട്ടുണ്ട്!..” - വർഷങ്ങൾക്ക് ശേഷം സിനിമയെക്കുറിച്ച് പി.ജിംഷാർ എഴുതുന്നു

സിനിമയ്ക്ക് അകത്തെ ജീവിതം പ്രമേയമാക്കിയ സിനിമകളുടെ ശ്രേണിയിലെ ഏറ്റവും പുതിയ ചിത്രമാണ് വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവ്വഹിച്ച വർഷങ്ങൾക്ക് ശേഷം. സിനിമ സ്വപ്‌നം കണ്ടും ശ്വസിച്ചും ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്നവരുടെ ജീവിതം, ആഴത്തിൽ ഈ ചിത്രത്തിൽ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ലളിതവും ഭാവ സാന്ദ്രവുമായി സെല്ലുലോയ്ഡിലെ ജീവിത യാഥാർത്യങ്ങളുടെ നേർക്കാഴ്ചയെന്ന് സിനിമയെ വിശേഷിപ്പിക്കാം. വേണു കൂത്തുപറമ്പ് എന്ന സംവിധായകന്റേയും മുരളി എന്ന സംഗീത സംവിധായകന്റേയും ജീവിതം വിനീത് ശ്രീനിവാസൻ അടയാളപ്പെടുത്താൻ ശ്രമിക്കുമ്പോൾ, മലയാള സിനിമയുടെ ചരിത്രത്തെ അക്വോറിയം കാഴ്ചയായി പ്രേക്ഷകന് മുന്നിൽ തെളിയും.

ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക് (1983, കെ.ജി.ജോർജ്), ഉദയനാണ് താരം (2005, റോഷൻ ആഡ്രൂസ്), കഥ പറയുമ്പോൾ (2007, എം.മോഹൻ), തിരക്കഥ (2008, രഞ്ജിത്ത്), ബെസ്റ്റ് ആക്ടർ (2010, മാർടിൻ പ്രകാട്ട്), മാറ്റിനി (2012, അനീഷ് ഉപാസന), മൺസൂൺ മാംഗോസ് (2016, അബി വർഗ്ഗീസ്) And the Oscar Goes To (2019, സലീം അഹമ്മദ്) എന്നീ സിനിമകളിൽ ചലച്ചിത്ര ലോകത്ത് വീണവരുടേയും വാണവരുടേയും കഥകൾ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. സിനിമ നൽകുന്ന സൗഹൃദവും ചതിയും അതിജീവനവും ഇത്തരം സിനിമകളിലെ സ്ഥിരം പ്രമേയമാണ്. സിനിമ എന്ന സ്വപ്‌നത്തിന് പിറകെ സഞ്ചരിച്ച് സർവ്വവും നഷ്ടപ്പെട്ട് ഒടുക്കം അതിജീവിച്ച് സ്വപ്‌ന സാക്ഷാത്ക്കാരം സാധ്യമാക്കുന്ന നായകനും സംഘവും എന്നത് ഇത്തരം സിനിമകളുടെ ഫോർമുലയാണ്. ഉദയനാണ് താരം, ബെസ്റ്റ് ആക്ടർ, എന്നീ സിനിമകളുടെ മാതൃകയിൽ സെല്ലുലോയ്ഡിലെ ജീവിതങ്ങളിൽ ഭ്രമിച്ചൊടുക്കം ആ സ്വപ്നത്തെ കീഴടക്കി ആത്മസാക്ഷാത്ക്കാരം നടത്തിയ മുരളിയുടേയും വേണുവിന്റേയും ജീവിതമാണ് വർഷങ്ങൾക്ക് ശേഷം എന്ന സിനിമ അഭ്രപാളിയിൽ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. വേണുവിന്റേയും മുരളിയുടേയും കഥ സിനിമയെ സ്വപ്‌നം കണ്ട് സിനിമ ശ്വസിച്ച് ജീവിക്കുന്ന അനേകം മനുഷ്യരുടെ ജീവിതത്തിന്റെ നേർക്കാഴ്ചയെന്ന തോന്നലോടെയാണ്, വർഷങ്ങൾക്ക് ശേഷം എന്ന സിനിമ കണ്ട് തീരുമ്പോൾ അനുഭവപ്പെടുന്നത്.

വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിലെ വേണു കൂത്തുപറമ്പ് എന്ന സംവിധായകന്റെ ജീവിതത്തിലെ സിനിമാറ്റിക് എലമെന്റുകൾ മാറ്റി നിറുത്തിയാൽ ആ ജീവിതം എന്നെ ആഴത്തിൽ സ്പർശിച്ചിട്ടുണ്ട്. ഒരിക്കൽ സർഗാത്മകതയുടെ കൊടുമുടിയിൽ നിന്ന് മനോഹരമായ സിനിമകൾ സൃഷ്ടിക്കുകയും ഒടുക്കം പരാജയത്തിന്റെ കയത്തിൽ മുങ്ങിപ്പോകുകയും ചെയ്യുക. ഒരിക്കൽക്കൂടി വിജയിയുടെ ഹർഷാരവങ്ങൾ കേൾക്കാൻ വേണ്ടി സിനിമ ചെയ്യാൻ വാർദ്ധക്യത്തിൽ ഇറങ്ങിപ്പുറപ്പെടുക. പ്രായത്തിന്റേയും കടന്നുപോയ കാലത്തിന്റേയും അവശതകളെ മറികടക്കാനുമായി യുവാക്കളെ കൂടെക്കൂട്ടി വീണ്ടുമൊരു അങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിക്കാൻ ഇറങ്ങിപ്പുറപ്പെടുക. വർഷങ്ങൾക്ക് മുമ്പ് ഹിറ്റ്‌മേക്കറായിരുന്ന വേണു കൂത്തുപറമ്പ് സുഹൃത്ത് വേണുവിനൊപ്പം പ്രദീപ് എന്ന യുവാവിനേയും കൂട്ടി തന്റെ ജീവിതത്തിലെ സുവർണകാലം തിരികെ പിടിക്കാൻ ഇറങ്ങിപ്പുറപ്പെടുകയും വിജയിക്കുകയും ചെയ്യുന്നതാണ്, വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ കഥാതന്തു.

വിനീത് സിനിമാറ്റിക് യൂണിവേഴ്‌സിലെ ഫീൽഗുഡ് പാസം മാറ്റിനിർത്തിയാൽ വേണുവിനെ എനിക്കറിയാം. ഏറിയും കുറഞ്ഞും അയാൾ ഞാനാണ്, അല്ലെങ്കിൽ വേണുവിന്റെ സ്വപ്‌ന സിനിമ സാക്ഷാത്കരിക്കാൻ ഞാനും കൂടെ കൂടിയിട്ടുണ്ട്!.. വേണു കൂത്തുപറമ്പ് എന്ന ധ്യാൻ ശ്രീനിവാസൻ കഥാപാത്രത്തിന് എന്റെ ഓർമ്മയിൽ കെ.സുകു മേനോൻ എന്ന സംവിധായകന്റെ മുഖമാണ്!..

വിനീത് ശ്രീനിവാസൻ

'സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം, ദു:ഖഭാരങ്ങളും പങ്കുവെക്കാം' എന്ന ഗാനം കേൾക്കാത്ത മലയാളികൾ വിരളമായിരിക്കും. ഭാസ്‌കരൻ മാഷ് രചിച്ച് വിദ്യാധരൻ സംഗീതം നിർവ്വഹിച്ച ഈ ഗാനം 1985ൽ പുറത്തിറങ്ങിയതാണ്. ഷൂട്ടിങ് തുടങ്ങും മുമ്പെ മൃതിയടഞ്ഞ 'കാണാൻ കൊതിച്ച്' എന്ന ചിത്രത്തിലേതായിരുന്നു ഈ ഗാനം. അതുല്യ പ്രതിഭയായ ലോഹിതദാസ് തിരക്കഥ നിർവ്വഹിച്ച ആദ്യ ചിത്രമാണ് 'കാണാൻ കൊതിച്ച്' എന്ന പേരിൽ ഷൂട്ടിങ്ങ് തുടങ്ങാൻ കഴിയാതെ നിലച്ചു പോയത്. അനന്തശയനം (1972), കൊട്ടാരം വിൽക്കാനുണ്ട് (1975), നമ്മുടെ നാട് (1990) എന്നീ ശ്രദ്ധേയമായ സിനിമകൾ സംവിധാനം ചെയ്ത കെ.സുകു മേനോൻ തന്റെ വാർദ്ധക്യത്തിൽ ഏറ്റവും പുതിയ സിനിമ സംവിധാനം ചെയ്യാൻ കൊച്ചിയിലെത്തുന്നത്, എട്ടൊമ്പത് വർഷങ്ങൾക്ക് മുമ്പാണ്.

സംവിധായകൻ കെ.സുകു മേനോൻ

സിദ്ധിഖിനെ നായകനാക്കി താനെഴുതിയ 'അച്ഛൻ തന്ന ഭാര്യ' എന്ന സിനിമയുടെ തിരക്കഥ എഴുതാൻ അദ്ദേഹം കണ്ടെത്തിയത് എന്നെയായിരുന്നു. വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിൽ വേണുവും മുരളിയും പ്രദീപ് എന്ന ന്യൂ ജനറേഷൻ സിനിമാക്കാരനെ കണ്ടെത്തി തന്റെ സ്വപ്‌ന സിനിമയ്ക്കായി അണിയറ പ്രവർത്തകരെ സംഘടിപ്പിച്ചതിന് സമാനമായി, കെ.സുകു മേനോൻ തന്റെ സ്വപ്‌ന സിനിമയ്ക്കായി മൂന്ന് വർഷം അലഞ്ഞ് ഒടുക്കം 2017ൽ ഷൂട്ടിങ്ങ് ആരംഭിച്ചു. ലോഹിതദാസിനെ കണ്ടെത്തിയ സംവിധായകന്റെ സിനിമയ്ക്ക് എഴുതുന്നു എന്ന സ്വപ്‌നം, എന്റെ മുമ്പിൽ ഷൂട്ടിലേക്ക് കടന്ന് യാഥാർത്ഥ്യമാകുന്നു എന്ന തോന്നൽ സ്രഷ്ടിച്ചു.

മറവി രോഗം ബാധിച്ച മഹാദേവൻ തമ്പി എന്ന അഡ്വക്കേറ്റിന്റെ സ്വകാര്യവും സാമൂഹ്യവുമായ ജീവിതത്തെ സെല്ലുലോയ്ഡിലേക്ക് പകർത്തുന്ന ആ ചിത്രത്തിന്റെ ഷൂട്ടിങ്ങ്, 2017ൽ ചിത്രാലഞ്ജലിയിൽ ആരംഭിക്കുകയും ഒരാഴ്ചത്തെ ഷൂട്ടിന് ശേഷം സാമ്പത്തിക ബാധ്യതകളാൽ നിലച്ചു പോകുകയും ചെയ്തു. മുടങ്ങിപ്പോയ സിനിമ പൂർത്തിയാക്കാൻ നിർമ്മാതാവിനെ തേടി അലയുന്നതിനിടയിൽ, 2018 ഒക്ടോബർ 10ന് അദ്ദേഹം ചെന്നൈയിൽ അന്തരിച്ചു. കെ.സുകു മേനോൻ മാത്രമല്ല സ്വപ്‌ന സിനിമ സാധ്യമാകുന്നതിന് മുമ്പ് മരിച്ചു പോയ അനേകം കലാകാരന്മാരുണ്ട്. കെ.സുകു മുതൽ 'ഒരു ഭാരത സർക്കാർ ഉൽപന്നം' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് നിസാം റാവുത്തർ വരെ പരിചയക്കാരും പ്രിയപ്പെട്ടവരുമായ അനേകം മനുഷ്യരെ ഓർത്ത് കണ്ണ് നനഞ്ഞു എന്നതാണ് വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ കാഴ്ചയും കേൾവിയും എന്നിൽ അവശേഷിപ്പിക്കുന്നത്.

നിവിൻപോളി, ബേസിൽ ജോസഫ്, ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, അജു വർഗ്ഗീസ് എന്നിവർ മികവുറ്റ പ്രകടനങ്ങളോടെ സിനിമയുടെ ആത്മാവ് ചോരാതെ സൂക്ഷിക്കുന്നു. അഭിനേതാക്കളുടെ മികച്ച പ്രകടനം നിലനിൽക്കുമ്പോളും ആനിയായി എത്തിയ കല്ല്യാണി പ്രിയദർശന്റേയും മുരളിയായി വേഷമിട്ട പ്രണവ് മോഹൻലാലിന്റേയും മേക്കപ്പിലെ അശ്രദ്ധ ആസ്വാദനത്തിന് കല്ലുകടിയാകുന്നു. വിശ്വജിത്ത് ഒടുക്കത്തിലിന്റെ ക്യാമറക്കാഴ്ച സിനിമയുടെ ആസ്വാദനത്തിന് മാറ്റുകൂട്ടുന്നു. അമൃത് രാംനാഥിന്റെ സംഗീതം മുരളി എന്ന സംഗീത സംവിധായകൻ ഒരു പ്രതിഭയാണെന്ന് പ്രേക്ഷകരെ വിശ്വസിപ്പിക്കും വിധത്തിൽ ഈ വിനീത് ചിത്രത്തിന്റെ ഹൃദയമായി മാറി.

സിനിമ നൽകുന്ന അസ്തിത്വത്തിനായി പ്രണയിനിയായ അനുരാധയെ ചതിച്ച അഴകിയ രാവണൻ സിനിമയിലെ ശരതും, ഉദയ ഭാനുവിന്റെ തിരക്കഥ മോഷ്ടിച്ച് താരമായ രാജപ്പൻ തെങ്ങുംമൂടും പ്രേക്ഷകരെ സ്വാധീനിച്ചതിന്റെ രസതന്ത്രം തന്നെയാണ് വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലും വിനീത് ശ്രീനിവാസൻ സമർത്ഥമായി ഉപയോഗിക്കുന്നത്. സിനിമ രംഗത്തെ ചതിയും നെറികേടും വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിൽ പരാമർശിക്കുന്നുണ്ടെങ്കിലും, കഥ പറയുമ്പോൾ എന്ന സിനിമയിലേത് പോലെ സൗഹൃദമാണ് വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ ആഖ്യാനത്തെ നിയന്ത്രിക്കുന്നത്. വേണുവിനായി മുരളി നടത്തുന്ന ത്യാഗവും, വിവേകമില്ലാത്ത ആ ത്യാഗം മുരളിയുടെ ജീവിതം തകർത്തുകളയുന്നു. വർഷങ്ങൾക്ക് ശേഷം അസ്തിത്വം നഷ്ടപ്പെട്ടിരിപ്പാണ് ഇരുവരുമെന്ന തിരിച്ചറിവിൽ, ആദ്യ സിനിമ പോലെ പുതിയ സിനിമ ചെയ്യാൻ ഇറങ്ങിപ്പുറപ്പെടുന്ന വേണു കൂത്തുപറമ്പ് എന്ന സംവിധായകന്റേയും മുരളി എന്ന സംഗീത സംവിധായകന്റേയും അതിജീവന കഥയാണ് ‘വർഷങ്ങൾക്ക് ശേഷം’.

കഴിഞ്ഞ പത്ത് വർഷമായി കഥകളും തിരക്കഥകളും പ്രീപ്രൊഡക്ഷൻ ചാർട്ടുകളും ബാഗിലിട്ട് ആദ്യത്തെ സിനിമയ്ക്കായി അലയുന്ന സംവിധാന മോഹിയ്ക്ക് എത്ര ക്ലീഷേയും ക്രിഞ്ചുമാണെന്ന് ചാപ്പയടിച്ചാലും പ്രിയപ്പെട്ട സിനിമായി മാറുന്നുണ്ട് ഈ വിനീത് ശ്രീനിവാസൻ ചിത്രം. വേണുവും മുരളിയും തടസ്സങ്ങളെല്ലാം നീക്കി അവരുടെ സിനിമ തിയേറ്ററിലെത്തി വിജയിപ്പിക്കുന്നിടത്ത് കോടമ്പാക്കം ഫീൽഗുഡ് മൂവി എന്ന ലേബലിലേക്ക് വർഷങ്ങൾക്ക് ശേഷം എന്ന സിനിമ ഇകഴ്ത്തപ്പെടാൻ സാധ്യതയുണ്ട്. പക്ഷെ, ഈ ഫീൽഗുഡ് ഫീൽ, ഒന്നുമാകാതെ പോയ അനേകം സിനിമാപ്രവർത്തകരെ വലിയ സ്വപ്‌നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്നുണ്ട്. സ്വപ്‌നവും പ്രതീക്ഷയും സ്‌നേഹവും ഉപാധികളില്ലാതെ മുന്നോട്ടുവെക്കുന്ന കലാസൃഷ്ടി എന്ന നിലയിൽ വർഷങ്ങൾക്ക് ശേഷം മികച്ച സിനിമയാണ്.


പി. ജിംഷാർ

കഥാകൃത്ത്, സിനിമാപ്രവർത്തകൻ, മാധ്യമപ്രവർത്തകൻ. ‘എന്ന് നിന്റെ മൊയ്തീൻ' എന്ന സിനിമയുടെ അസി. ഡയറക്ടറായിരുന്നു. ദൈവം വല നെയ്യുകയാണ്, ഭൂപടത്തിൽനിന്ന് കുഴിച്ചെടുത്ത കുറിപ്പുകൾ, പടച്ചോന്റെ ചിത്രപ്രദർശനം എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments