സവർണ പുരുഷബോധത്തിന്റെ 'വേല'

തന്റെ കീഴുദ്യോഗസ്ഥനായ ദലിത് പൊലീസുകാരൻ തനിക്ക് വാങ്ങി നൽകിയ ചായക്ക് പണം നൽകുന്നതുപോലും ഉൾക്കൊള്ളാൻ പ്രാപ്തമല്ലാത്ത ഇടുങ്ങിയ ജതിബോധത്തിന്റെ ആൾരൂപമാണ് മല്ലികാർജുൻ. നിന്റെയൊന്നും പണത്തിന് എനിക്ക് ചായ വേണ്ടായെന്ന ഭാവത്തിൽ കീഴുദ്യോഗസ്ഥന് നേരെ നീട്ടുന്ന പത്തുരൂപ നോട്ട് നമ്മൾ നേടിയെന്ന് പറയുന്ന നവോത്ഥാന മൂല്യങ്ങൾക്കുമേലുള്ള ജാതിവെറിയുടെ സ്ഥാപിക്കലായി മാറുന്നുണ്ട്.

ഒളിഞ്ഞും തെളിഞ്ഞും അധികാരശ്രേണിയിൽ പ്രകടമാകുന്ന ജാതി രാഷ്ട്രീയത്തിന്റെ തുറന്ന ആവിഷ്‌കാരമായി മാറുകയാണ് ശ്യം ശശിയുടെ സംവിധാനത്തിൽ ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തിയ വേല എന്ന സിനിമ. പൊലീസ് സംവിധാനത്തിനകത്ത് നിലനിൽക്കുന്ന ഉച്ഛ നീചിത്വവും അധികാരവും സാമൂഹ്യപദവികളും ഏതൊക്കെ രീതിയിലാണ് ഒരാളെ പ്രിവിലേജ്ഡാക്കുന്നതെന്നും വേല തുറന്നുകാട്ടുന്നുണ്ട്. സവർണ അധികാരബോധത്തിന്റെ ഉന്മാദത്തിൽ തന്റെ സഹപ്രവർത്തകരെയും മേലുദ്യോഗസ്ഥരെയും മനുഷ്യരായി പരിഗണിക്കാൻ കഴിയാതെ കേവലം 'കാട്ടുവാസിയായും' കോളനി നിവാസിയായും മാത്രം കാണുന്ന 'സവർണ പുരുഷ' രൂപമാണ് സണ്ണി വെയ്ൻ അവതരിപ്പിക്കുന്ന മല്ലികാർജുൻ.

ഭൂപരിഷ്‌ക്കരണവും സംവരണവുമൊക്കെ താനടങ്ങുന്ന 'ഉന്നതകുലജാതർക്ക്' ഏൽപ്പിച്ച പരിക്കുകൾ നിരന്തരം ഓർത്തെടുക്കുകയും, അതിന്റെ പേരിൽ ദലിത് സമൂഹത്തെയും തനിക്കൊപ്പമുള്ള ദലിതനായ സഹപ്രവർത്തകനെയും പഴിക്കുകയും അപമാനിക്കുകയും ചെയ്യുന്ന തരിമ്പും മനുഷ്യത്വം തൊട്ടുതീണ്ടാത്ത ഫ്യൂഡൽ മാടമ്പിയായ മല്ലികാർജുൻ ഇവിടുത്തെ തീവ്ര ഹിന്ദുത്വ വലതുപക്ഷബോധത്തിന്റെ കൃത്യമായ ആവിഷ്‌കാരമാണ്. മല്ലികാർജുന്റെ ശരീരഭാഷയിൽ പോലും ആധിപത്യത്തിന്റെയും ജാതി ബോധത്തിന്റെയും തീവ്രത പ്രകടമാണ്.

വേല സിനിമയിൽ സണ്ണി വെയ്ൻ അവതരിപ്പിക്കുന്ന മല്ലികാർജുൻ എന്ന കഥാപാത്രം

താനും തന്റെ സമൂഹവും കൈയ്യടക്കിവെച്ചിരുന്ന ഭൂമി, ഭൂപരിഷ്‌ക്കരണ കാലത്ത് സർക്കാർ ഏറ്റടുത്ത് സെറ്റിൽമെന്റ് കോളനികൾ നിർമ്മിച്ച് നൽകിയതിന്റെ അമർഷം ഇന്നും അയാൾ കൊണ്ടുനടക്കുന്നുണ്ട്. കേവലം അതൊരു ഭൂമി മാത്രമായിരുന്നില്ലെന്നും അധീകാരത്തിന്റെ പ്രതീകം കൂടിയാണെന്നും അയാളുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്. അത് തിരിച്ചുപിടിക്കാനുള്ള അശ്രന്ത പരിശ്രമത്തിലുമാണ് അയാൾ. ഭൂതകാലത്തിന്റെ അധികാര സുഖങ്ങളിൽ അഭിരമിക്കാൻ കൊതിക്കുന്ന അയാൾ, തനിക്കൊപ്പം യാത്ര ചെയ്യുന്ന ഡ്രൈവർ താൻ ശത്രുപക്ഷത്ത് നിർത്തിയ സ്റ്റാലിൻ കോളനിയിൽ(മല്ലികാർജുന്റെ പൂർവീകർ കൈയ്യടക്കിവെച്ചിരുന്ന ഭുമിയിൽ നിർമ്മിക്കപ്പെട്ട കോളനി) നിന്നും വരുന്നയാളാണെന്ന് തുറന്നുപറയുമ്പോഴും, ഒട്ടും ഭാവവ്യത്യാസമില്ലാതെ ദലിത് സമൂഹത്തെ മൊത്തത്തിൽ അപമാനിക്കുകയാണ് ചെയ്യുന്നത്.

ആ കോളനിയോ അവിടുത്തെ മനുഷ്യരോ മാത്രമായിരുന്നില്ല അയാളുടെ പ്രശ്‌നം 'സ്റ്റാലിൻ കോളനി' എന്ന പേരും അയാളെ വല്ലാതെ അലട്ടുന്നുണ്ട്. തന്റെ പൂർവീക പരമ്പരയെ ഓർമിപ്പിക്കുന്ന, ഏതെങ്കിലും തരത്തിൽ ഹിന്ദുത്വ ഐഡന്റിറ്റി പേറുന്ന ഒരു പേര് കോളനിക്ക് നൽകിയിരുന്നെങ്കിൽ അതിന്റെ പേരിലെങ്കിലും അയാൾക്ക് ആശ്വസിക്കാൻ കഴിയുമായിരുന്നു. ഒരുപക്ഷേ 'സവർണ ഔദാര്യമെന്ന്' അയാൾ പാടി നടക്കുമായിരുന്നു.

തന്റെ കീഴുദ്യോഗസ്ഥനായ ദലിത് പൊലീസുകാരൻ തനിക്ക് വാങ്ങി നൽകിയ ചായക്ക് പണം നൽകുന്നതുപോലും ഉൾക്കൊള്ളാൻ പ്രാപ്തമല്ലാത്ത ഇടുങ്ങിയ ജതിബോധത്തിന്റെ ആൾരൂപമാണ് മല്ലികാർജുൻ. നിന്റെയൊന്നും പണത്തിന് എനിക്ക് ചായ വേണ്ടായെന്ന ഭാവത്തിൽ കീഴുദ്യോഗസ്ഥന് നേരെ നീട്ടുന്ന പത്തുരൂപ നോട്ട് നമ്മൾ നേടിയെന്ന് പറയുന്ന നവോത്ഥാന മൂല്യങ്ങൾക്കുമേലുള്ള ജാതിവെറിയുടെ സ്ഥാപിക്കലായി മാറുന്നുണ്ട്.

വേല സിനിമയിൽ ഷെയ്ൻ നിഗം

ജാർഖണ്ഡിൽ നിന്നും വന്ന ആദിവാസിയായ എസ്.പിയെ കാട്ടുവാസിയെന്ന് അധിക്ഷേപിക്കുന്ന മല്ലികാർജുൻ, അടിത്തട്ട് മനുഷ്യരുടെ ഉയർപ്പിനെ പോലും അംഗീകരിക്കാൻ കഴിയാത്ത ചുരുങ്ങിയ ചിന്താഗതിക്കാരനാണ്. അങ്ങനെ സംഭവിക്കുന്നത് താൻ പേറുന്ന സവർണ ഹിന്ദു ശരീരത്തെ അശുദ്ധമാക്കുമെന്നും അയാൾ കരുതുന്നു. അതുകൊണ്ടാണ് 'ആ കാട്ടുവാസിയെയൊക്കെ സാർ എന്നുവിളിക്കേണ്ടി വരുന്നു' എന്നുപറഞ്ഞ് തന്റെ 'ഗതികേടിനെ' അയാൾ പഴിക്കുന്നതും. കോളേജ് പഠനകാലത്ത് സംവരണത്തിനെതിരെ സമരം നയിച്ച മല്ലികാർജുൻ, അയാൾപേറുന്ന രാഷ്ട്രീയം എന്താണെന്ന് വ്യക്തമാക്കുന്നുണ്ട്.

എസ്.പിയെ വംശീയമായി അധിക്ഷേപിക്കുന്ന മല്ലികാർജുനോട് 'അവരൊക്കെ പരീക്ഷ എഴുതി പൊലീസിൽ കയറിയതാണെന്ന്' കീഴുദ്യോഗസ്ഥൻ പറയുമ്പോൾ, 'ബാക്കിയുള്ളവരെന്താ ഭൂമി നൽകി ജോലി വാങ്ങിയവരാണോ' എന്നാണ് അയാളുടെ മറുചോദ്യം. യഥാർത്ഥിൽ അതായിരുന്നു മല്ലികാർജുൻ. മെറിറ്റിലല്ലാതെ അധികാരത്തിൽ വന്ന, സംവരണം സവർണവിരുദ്ധമെന്ന വലതുപക്ഷ രാഷ്ട്രീയത്തെ പേറുന്ന ജാതി, വംശീയവെറിയുടെ പേരുകൂടിയാകുന്നുണ്ട് ചിത്രത്തിൽ സണ്ണി അവതരിപ്പിച്ച മല്ലികാർജുൻ എന്ന പൊലീസുകാരൻ. സണ്ണി വെയ്‌ന്റെ മികച്ച പ്രകടനങ്ങളിൽ ഒന്നാണിതെന്നും പറയാൻ സാധിക്കും.

പൊലീസ് സംവിധാനത്തിനകത്ത് നിലനിൽക്കുന്ന അധികാര ശ്രേണിയും അതിന്റെ രാഷ്ട്രീയവും സിനിമ സംസാരിക്കുന്നുണ്ട്. അതിന്റെ പ്രധാന ഇരകളാണ് ഷെയ്ൻ അവതരിപ്പിക്കുന്ന കൺട്രോൾ റൂമിലെ പൊലീസ് ഉദ്യോഗസ്ഥനായ ഉല്ലാസും, ചിത്രത്തിൽ പേര് പരാമർശിക്കാത്ത ദലിതായ ഡ്രൈവറും. മെയ് 1 ലോക അടിമ ദിനമെന്ന് പറയുന്ന നായകകഥാപാത്രം താൻ അനുഭവിക്കേണ്ടി വന്ന തൊഴിലാളി വിരുദ്ധതയുടെ അമർഷം തുറന്നുകാട്ടാനും ശ്രമിക്കുന്നുണ്ട്.

വേല സിനിമയിൽ സിദ്ധാർഥ് ഭരതൻ

അധികാര ശ്രേണിക്കകത്ത് ശ്വാസം മുട്ടുന്ന ഉല്ലാസ് എന്ന ചെറുപ്പക്കാരന്റെ സംഘർഷങ്ങളെ കൈയ്യടക്കത്തോടെ സ്‌ക്രീനിലെത്തിക്കുന്നതിൽ ഷെയ്ൻ ഒരുപരിതി വരെ വിജയിക്കുന്നുണ്ട്. സിദ്ധാർഥ് ഭരതന്റെ പ്രകടനവും എടുത്തുപറയേണ്ടതാണ്. സാമിന്റെ മികച്ച സംഗീതമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്ന മറ്റൊരു പ്രധാന ഘടകം. സംഘർഷവും ഉത്സവ പ്രതീതിയും ഒരേപോലെ നിലനിർത്തി കൊണ്ടുപോകുന്നതിൽ പശ്ചാത്തല സംഗീതം വലിയ പങ്കുവഹിക്കുന്നുണ്ട്. തൊട്ടപ്പൻ, കിസ്മത്ത്, കുറ്റവും ശിക്ഷ തുടങ്ങി നിരവധി ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച സുരേഷ് രാജന്റെ ഫ്രെയിമുകളും സിനിമയെ ഒരുപടി മുകളിലേക്ക് ഉയർത്തുന്നുണ്ട്. എന്നാൽ രണ്ടാം പകുതിയിൽ മുന്നോട്ട് സഞ്ചരിക്കാനാവാതെ ഒരുവേള ഇഴയുന്ന സിനിമ അതിന്റെ രാഷ്ട്രീയം കൃത്യതകൊണ്ട് തരക്കേടില്ലാത്ത സിനിമ അനുഭവമായി മാറുന്നു.

Comments