കഴിഞ്ഞ വെള്ളിയാഴ്ച, ഒരു 'പഴയ' തമിഴ് പടം കേരളത്തിലടക്കം റീ-റിലീസ് ആയിരുന്നു. അതും ഇറങ്ങി ഏതാണ്ട് ഒന്നര പതിറ്റാണ്ടിനുശേഷം. പക്ഷെ തിയറ്ററുകളിൽ പുതിയ ഒരു സിനിമ പോലെ ആളുകൾ ഈ 'പഴയ'പടത്തെ സെലിബ്രേറ്റ് ചെയ്യുന്നുണ്ട്.
ഈ 'പഴയ' പടം ഇറങ്ങുന്ന കാലത്ത് ജനിച്ചിട്ടു കൂടിയില്ലാത്ത പല 'പുതിയ പ്രേക്ഷകരും' രണ്ടുമൂന്നുദിവസമായി ആ സിനിമയുടെ തിയററ്റിക്കൽ എക്സ്പീരിയൻസിനെയും, സിനിമാറ്റോഗ്രാഫിയേയും, മ്യൂസിക്കിനെപ്പറ്റിയുമൊക്കെ വാഴ്ത്തിപ്പാടുന്നതും കേട്ടു.
ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിൽ 2006- ൽ പുറത്തിറങ്ങിയ 'വേട്ടയാട് വിളയാട്' ആണ്‌ഒന്നുരണ്ടു ദിവസമായി ഇക്കണ്ട കോലാഹലം മുഴുവൻ ഉണ്ടാക്കുന്ന ആ 'പഴയ' സിനിമ. ഇറങ്ങി 17 കൊല്ലം കഴിഞ്ഞിട്ടും ഇത്രയധികം സെലിബ്രേറ്റ് ചെയ്യപ്പെടുന്ന മറ്റൊരു ഇന്ത്യൻ കോപ്പ് മൂവി വേറെയുണ്ടോ എന്നത് സംശയമാണ്.
തന്റെ കന്നിച്ചിത്രമായ 'പോർതൊഴിലിന്റെ’ പ്രൊമോഷന് കഴിഞ്ഞ ആഴ്ച കേരളത്തിലെത്തിയ സംവിധായകൻ വിഘ്‌നേഷ് രാജക്കു മുൻപിൽ ഒരു ചോദ്യമെത്തി: 'ത്രില്ലെർ ഴോണറുകളെടുക്കാൻ ഏതൊക്കെ സിനിമകളാണ് പ്രചോദനം?’
ഒരു സെക്കൻറ് പോലും താമസമില്ലാതെ അയാൾ നൽകിയ ഉത്തരം, വേട്ടയാട് വിളയാട് എന്നാണ്.
വേട്ടയാട് വിളയാട് ഇറങ്ങുമ്പോൾ താൻ സ്കൂൾ വിദ്യാർഥിയായിരുന്നു എന്നും, ആ ചിത്രം കണ്ട അന്നുമുതലാണ് സിനിമ തന്നെ കൊതിപ്പിച്ചു തുടങ്ങിയതെന്നും വിഘ്‌നേഷ് കൂട്ടിച്ചേർത്തു. ഗൗതം വാസുദേവ് മേനോൻ പങ്കെടുക്കുന്ന പൊതുപരിപാടികളിൽ അവതാരകർ ആവർത്തിച്ചു ചോദിക്കും, വേട്ടയാട് വിളയാടിനു രണ്ടാം ഭാഗമുണ്ടാകുമോ?
പണ്ടെങ്ങോ ഇറങ്ങിയ ജി വി എമ്മിന്റെ ഒരു പോലീസ് മൂവി എന്നതിനപ്പുറം, ഇത്ര ആഘോഷിക്കപ്പെടാൻ മാത്രം ഈ സിനിമയിൽ എന്താണുള്ളത്?
കമൽഹാസന്റെ ടോപ് ക്ലാസ് അഭിനയമോ?കമലിന്റെ പോലീസ് മൂവികളിൽ 'കുതിരിപ്പുണൽ' ആണ് നിരൂപക പ്രശംസ ഏറ്റവും കൂടുതൽ നേടിയിട്ടുള്ളത്. പി.സി. ശ്രീറാമും കമലും കൂടി ഉണ്ടാക്കിവച്ചിരിക്കുന്ന ആ ചിത്രം ഒരത്ഭുതം തന്നെയാണ്. വേട്ടയാട് വിളയാടിലെ കമലിന്റെ അഭിനയം കുതിരിപ്പുണലിനേക്കാൾ മികച്ചതാണ് എന്ന് പറയുന്നതിൽ ഒരു ശരികേടുണ്ട്. ആദി നാരായണൻ അത്രയും എങ്കിലും നീതി അർഹിക്കുന്നുണ്ട്.
സംവിധായകനിലേയ്ക്ക് വരികയാണെങ്കിൽ, ഗൗതം മേനോന്റെ മികച്ച വർക്കുകളിൽ ഒന്നെന്നതിനപ്പുറം 'ദി ബെസ്റ്റ്' എന്നൊന്നും വേട്ടയാട് വിളയാടിനെ വിശേഷിപ്പിക്കാനാവില്ല. സംഗീതം പരിഗണിച്ചാൽ ഹാരിസ് ജയരാജിന്റെ ഇതിലും മികച്ച ആൽബങ്ങൾ വേറെയുമുണ്ടുതാനും. ക്യാമറ കണക്കിലെടുത്താൽ, രവിവർമ്മന്റെ പൊന്നിയൻ സെൽവൻ അടക്കം മറ്റു പല മികച്ച വർക്കുകളും കണ്ടെത്താനുമാകും. പക്ഷേ എന്തുകൊണ്ടാണ് സിനിമ സ്വപ്നം കാണുന്ന പലരുടെയും പാഠപുസ്തകമായി വേട്ടയാട് വിളയാട് ഇപ്പോഴും മാറുന്നത്?
എന്തുകൊണ്ടാണ് പത്തുപതിനഞ്ചു വർഷത്തിനപ്പുറവും അതിന്റെ തിയേറ്റർ എക്സ്പീരിയൻസിനായി ഞാൻ അടക്കമുള്ള സിനിമാപ്രേമികൾ ക്യൂ നിൽക്കുന്നത്. എന്തുകൊണ്ടാണ് ആ ‘പഴയ’ തമിഴ് പടത്തെപ്പറ്റിയുള്ള ഈ കുറിപ്പ് വായിക്കാൻ ഈ 2023 ലും നിങ്ങൾ സമയം ചെലവിടുന്നത്?
ഇതിനൊക്കെ കൂടി ഒറ്റ ഉത്തരമേയുള്ളൂ.
മേൽപ്പറഞ്ഞ ബ്രില്യൻറ് ബ്രെയിനുകളെല്ലാം കൂടി ഒരു ടേബിളിന് ചുറ്റും ഇരുന്നാൽ കിട്ടാനിടയുള്ള ഒരു എക്സ്ട്രാ ഓർഡിനറി ഔട്ട്പുട്ടുണ്ട്. രുചിക്കൂട്ടുകൾ പാകത്തിനുചേർന്ന നല്ല രസികൻ ‘കോയിക്കോടൻ’ ബിരിയാണി പോലെ.
അതാണ് 'വേട്ടയാട് വിളയാട്' എന്ന (പഴയ?) ചിത്രം!
കാക്കാ കാക്കയുടെ വിജയം നൽകിയ ധൈര്യത്തിൽ ഉലകനായകനൊപ്പം കൈകൊടുക്കാൻ ഗൗതം മേനോൻ തയ്യാറായപ്പോൾ പിറന്നത് തമിഴിലെ ഏറ്റവും സ്റ്റൈലിഷായ സിനിമയാണ്. പടത്തിന്റെ പേര് എഴുതിക്കാണിച്ചതിനു തൊട്ടുപിന്നാലെ ഗെയിറ്റ് ചവിട്ടി തുറന്ന് ഡി.സി.പി. രാഘവൻ ഐ പി എസിന്റെ ഒരു വരവുണ്ട്. കമൽഹാസനു മാത്രം പുള്ളോഫ് ചെയ്യാൻ സാധിക്കുന്ന ആ രംഗങ്ങളൊക്കെ കൊല്ലമിത്ര കഴിഞ്ഞിട്ടും ഉണ്ടാക്കുന്ന രോമാഞ്ചം വേറെയാണ്. അതിൽ ഇടം കണ്ണ് തുറന്നുപിടിക്കുന്ന പോർഷൻ കമലിന്റെ തന്നെ സംഭാവനയായിരുന്നു എന്ന് ഗൗതം മേനോൻ പല ഇന്റർവ്യൂകളിലും വെളിപ്പെടുത്തിയിരുന്നു. വിശ്വവിഖ്യാതമായ ആ ഇൻട്രോ ഫൈറ്റും അതിനു തൊട്ടുപിന്നാലെയുള്ള ടൈറ്റില് ട്രാക്കും കണ്ട് തമ്പാനൂരിലെ ലെനിൻ സിനിമാസിൽ എന്നോടൊപ്പം വെള്ളിയാഴ്ച കയ്യടിച്ച കൗമാരക്കാർ ഈ പടമിററങ്ങുന്ന കാലത്ത് ഈ ഭൂമിയിൽ തന്നെ ഉണ്ടാവാൻ സാധ്യതയുള്ളവരല്ല. കൊല്ലം ഇത്ര കഴിഞ്ഞിട്ടും അവരെ രസിപ്പിക്കാൻ ഇപ്പോഴും ആ പടത്തിനും അതിന്റെ മേക്കിങ്ങിനും കഴിയുന്നുണ്ട് എങ്കിൽ..?
തങ്ങൾ കാണുന്നത് പത്തുപതിനഞ്ചു കൊല്ലം മുൻപുള്ള സിനിമയാണ് എന്ന തോന്നൽ, വേട്ടയാട് വിളയാട് കാണുമ്പൊൾ പ്രേക്ഷകർക്ക് തോന്നാത്തതിന് കാരണമെന്താകും?
അതുവരെയും തമിഴ് സിനിമ കണ്ടിട്ടില്ലാത്ത തരം മെയ്ക്കിങ്ങും കെട്ടുറപ്പുള്ള തിരക്കഥയും ഹാരിസ് ജയരാജിന്റെ ചടുലമായ സംഗീതവും രവി വർമന്റെ ക്യാമറയും തന്നെ.
നിയോ- നോയർ ചിത്രങ്ങളുടെ പൊതു സവിശേഷതകളായ ഡാർക്ക് & ഷാഡോ കഥപറച്ചിൽ, നഗരപശ്ചാത്തലം, ഫ്ലാഷ് ബാക്കുകളിലൂടെയുള്ള കഥയുടെ പോക്ക്, അതിക്രൂരമായ വയലൻസ് സീനുകൾ എന്നിവ ഈ ജി വി എം ചിത്രത്തിൽ കാണാം. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ കൊന്നു നീങ്ങുന്ന അമുതനും- ഇളയും, കണക്കുകൂട്ടി പകപോക്കി നടന്നു നീങ്ങിയിരുന്ന, അന്നുവരെയുണ്ടായിരുന്ന വില്ലന്മാരുടെ സ്ഥിരം ടെംപ്ലേറ്റുകൾക്ക് പുറത്തായിരുന്നു. അഴുക്ക് പടർന്ന കഥാ പശ്ചാത്തലങ്ങളും ഇരുണ്ട വെളിച്ചവും കഥാപാത്രങ്ങളുടെ ഭീകരത പ്രേക്ഷകരിലെത്തിക്കുന്നതിനു ഏറെ സഹായിച്ചിട്ടുണ്ട്.
നിയോ നോയർ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ പ്രത്യേകതായ മികച്ച വസ്ത്രധാരണം, മോഡേൺ സ്റ്റൈലിലുള്ള സംഭാഷണരീതി എന്നിവ ഡാനിയൽ ബാലാജിയുടെ അമുതനെ 'ഏറ്റവും വെറുക്കപ്പെടുന്ന വില്ലന്മാരിൽ ഒരാളാക്കി.’ കമൽഹാസന്റെ ഡി സി പി രാഘവനുമായി തന്റെ അപ്പാർട്ടുമെൻറിൽ വച്ചു അമുതൻ സംസാരിക്കുന്ന പോർഷൻ ഒരു ഹോളിവുഡ് വില്ലന്റെ ലെവലിലുള്ളതായിരുന്നു.
സിനിമയിലെ ക്യാമറ ആംഗിളുകളും, ഷോട്ടുകളും എടുത്തുപറയേണ്ട മറ്റൊരു ഘടകമാണ്. ക്ലോസപ്പ്- എക്സ്ട്രീം ക്ലോസപ്പ് ഷോട്ടുകൾ കഥാപാത്രങ്ങളുടെ സ്വഭാവരീതികൾ എന്തെന്ന് വേഗം മനസിലാക്കാൻ പ്രേക്ഷകരെ സഹായിക്കുന്നുണ്ട്.
രാഘവൻ, റായപുരം മണിയുമായി കോർക്കുന്ന ഭാഗത്ത് ഏറെക്കുറെ മുഴുവൻ സമയവും ക്യാമറ നീളുന്നത് ഇരുവരുടെയും മുഖത്തേയ്ക്കാണ്. മണിയുടെ വിറയലും രാഘവന്റെ നിർഭയത്വവും എല്ലാം എത്ര അനായാസമായാണ് പ്രേക്ഷകരിലേയ്ക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യപ്പെടുന്നത്. സ്‌ക്രീനിൽ വരുന്ന നായകന്റെയും വില്ലന്റെയും ശക്തിയും മാസും സൂചിപ്പിക്കാനായി ധാരാളം ലോ ആങ്കിൾ ഷോട്ടുകളും കാണാം. സംവിധായകൻ നടത്തിയ ഇത്തരം തിരഞ്ഞെടുപ്പുകൾ കഥാപാത്രങ്ങളുടെ വൈകാരികാവസ്ഥ അതേ മീറ്ററിൽ തിയേറ്ററിൽ എത്തിക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്.
ഉദാഹരണമായി; മകളുടെ മൃതശരീരം കാണാനെത്തുന്ന പ്രകാശ് രാജിന്റെ പോർഷൻ. അതുവരെയും നോർമൽ ആങ്കിളിൽ ഇരുന്ന ക്യാമറ മരണം സ്ഥിരീകരിക്കുന്നത്തോടെ ഡച്ച് ആംഗിളിലേയ്ക്ക് തെന്നിമാറുന്നു. രാഘവന്റെ ഫ്ലാഷ് ബാക്കിൽ നിന്ന് ആരോഗ്യ രാജിന്റെ വർത്തമാന കാലത്തിലേയ്ക്കുള്ള ട്രാൻസിഷൻ കാണിക്കുന്നതും ഒരു ബ്രില്യൻറ് മൊമെന്റ് ആണ്. ഒരു ഫ്രാക്ഷൻ ഓഫ് എ സെക്കന്റ് നേരം, പാസ്റ്റും പ്രസന്റും ഒരുപോലെ സ്‌ക്രീനിൽ മിന്നിമറയുന്നത് കാണാം. ആസിഡ് ആക്രമണത്തെപ്പോലും പേടിക്കാത്തവനാണ് ജി.വി.എമ്മിന്റെ തന്നെ 'കാക്ക കാക്ക' യിലെ അൻപുസെൽവൻ എങ്കിൽ, വലിയ അവകാശവാദങ്ങൾ ഒന്നും നടത്താതെ, മാസ് മൊമെന്റുകളുടെ അകമ്പടിയില്ലാതെ, സട്ടിൽ ആയി ഹീറോയിസം കാണിക്കുന്ന നായകനാണ് വേട്ടയാട് വിളയാടിലെ രാഘവൻ.
കാക്ക കാക്ക, എന്നെ അറിന്താൽ, വേട്ടയാട് വിളയാട് എന്നിവ ഒരു ട്രിലോജിയുടെ ഭാഗമായിരുന്നുവെന്നും അതിൽ ഭാര്യ മരിച്ച, മധ്യവയസ്കനായ പോലീസ് ഓഫിസറുടെ കഥയാണ് ഈ സിനിമയെന്നും സംവിധായകൻ പറഞ്ഞത് വായിച്ചതായി ഓർക്കുന്നു.
യൗവ്വനം പിന്നിട്ട, ഒതുങ്ങിയ വയറും സോ കോൾഡ് ഫിറ്റ് ബോഡിയും ഇല്ലാത്ത, എന്നാൽ ഡ്യൂട്ടിയിൽ ഷാർപ്പ് ആയ ഒരു ഓഫീസറുടെ മാനറിസങ്ങൾ, അതുകൊണ്ടുതന്നെ കമൽഹാസനിൽ ഭദ്രമായിരുന്നു. അഭിനയത്തിന്റെ കാര്യത്തിൽ കമൽ എപ്പോഴെങ്കിലും പിന്നിൽ പോയിട്ടുണ്ടെങ്കിൽ അത് ഡാനിയേൽ ബാലാജിയുടെ അമുതനു മുൻപിൽ മാത്രമാണ്. കൊല്ലമിത്ര കഴിഞ്ഞിട്ടും അമുതന്റെ അലർച്ചകൾ തിയേറ്ററിൽ ഭീതി സൃഷ്ടിക്കുന്നുണ്ട്. ഡാനിയൽ ബാലാജി എന്ന നടന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ്.
2002- ൽ ഇറങ്ങിയ പഞ്ചതന്തിരത്തിനു ശേഷം കമൽഹാസനെ ഇത്ര സുന്ദരനായി മറ്റൊരു പടത്തിൽ കാണാനാവില്ല. കണ്ണുകൾ കൊണ്ട് പ്രണയിക്കുന്ന, കാമിക്കുന്ന രാഘവൻ ഒരു വിരുന്ന് തന്നെയാണ്. ആണ്ടവരുടെ ആ സിഗ്നേച്ചർ നടത്തം, രണ്ടു പാട്ടുകളിൽ അടക്കം ജി വി എം പലതവണ കൊണ്ടുവന്നിട്ടുമുണ്ട്. 'സംവിധായകൻ താൻ നടക്കുന്നത് മാത്രമാണ് ഷൂട്ട് ചെയ്യുന്നത്' എന്ന് കമൽ പരാതി പറഞ്ഞതായി ചിത്രത്തിന്റെ നിർമ്മാതാവ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. പക്ഷേ ആണ്ടവരുടെ ആ മജസ്റ്റിക്ക് വാക്ക് ഇന്നും തിയേറ്ററിലുണ്ടാക്കുന്ന ഓളം ചെറുതല്ല.
കഴിഞ്ഞവർഷം ഈ സമയം, വിക്രം നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. വിക്രത്തിലെ ആണ്ടവരെ കണ്ട് വാ പൊളിച്ച പലരുമുണ്ട്, പ്രത്യേകിച്ച്, ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മാത്രം ആ ജീനിയസിനെ പരിചയപ്പെട്ട പുതിയ തലമുറ പ്രേക്ഷകർ. അവരടക്കം ഉള്ളവരോടാണ്, വേട്ടയാട് വിളയാടിന്റെ അടുത്ത പാർട്ടിന്റെ ചർച്ചകൾ നടക്കുകയാണെന്ന് ജി വി എം വെളിപ്പെടുത്തിയിട്ടുണ്ട്. ആ സിനിമ സംഭവിക്കുകയോ സംഭവിക്കാതിരിക്കുകയോ ചെയ്യട്ടെ, പക്ഷെ ഇത്ര എനെർജെറ്റിക്കായി, പവർ പാക്ക്ഡ് ഫൈറ്റ് സീക്വൻസുകളും, സ്വാഗുമായി ആണ്ടവർ തിയേറ്റർ സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്ന കാഴ്ച നേരിട്ടനുനുഭവിക്കാൻ ഇനി പറ്റുമെന്ന് തോന്നുന്നില്ല. കാരണം, പ്രായം ആണ്ടവരുടെ രൂപത്തിലും, മൂവുകളിലും എന്തിന്, ശബ്ദത്തിൽ വരെയും പിടിമുറുക്കിക്കഴിഞ്ഞു. അതുകൊണ്ട് ആ ജീനിയസിനെ ഏറ്റവും നന്നായി സ്‌ക്രീനിൽ കാണാനാഗ്രഹിക്കുന്നവർക്കുള്ള മികച്ച അവസരമാണ് ഈ റീമാസ്റ്റർഡ് വേർഷൻ.
കടലിനെ കക്കയിൽ അളക്കാൻ കഴിയില്ല എന്ന് പറയാറുണ്ട്. കമലിന്റെ ഏറ്റവും മികച്ച സിനിമ തേടിപ്പോകുന്നവരുടെ അവസ്ഥയും ഏറെക്കുറെ ഇതുതന്നെയാവും. പത്തമ്പത് വർഷങ്ങളായി വിവിധ ഭാഷകളിൽ, ഇൻഡസ്ട്രികളിൽ പടർന്നു കിടക്കുന്ന ആ മഹാമേരുവിന്റെ കഴിവുകൾ ഒന്നോരണ്ടോ സിനിമ മാത്രം കൊണ്ട് എങ്ങനെ വിലയിരുത്താനാണ്?
കഴിഞ്ഞ ദിവസം പ്രൊജക്റ്റ് K യുടെ ഭാഗമായി ഉലകനായകൻ മാറുന്നു എന്ന വാർത്തയ്ക്കു കിട്ടിയ റെസ്പോൺസ് തന്നെ നോക്കൂ. ആണ്ടവരുടെ ഫാൻബേസ് അത്ര ശക്തമാണ്. മനോരമ ഒരിക്കൽ പറഞ്ഞത് കടമെടുത്താൽ; ഋ
‘ഇന്ത കലയ്ക്കാകെ തന്നുടെ ഉയിരേ കൊടുക്കറുതുക്ക് തയ്യാറാ ഇറുക്കര പുള്ളൈ’
ഒന്നുമാത്രം പറയാം: കമൽഹാസന്റെ ഏറ്റവും മികച്ച സിനിമയല്ല വേട്ടയാട് വിളയാട്. പക്ഷേ, 'ഡി സി പി രാഘവൻ', കമലിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. തമിഴ് സിനിമയിലെ കിടിലൻ പോലീസ് കഥാപാത്രങ്ങളിൽ ഒന്ന്. 'വേട്ടയാട് വിളയാട്' ആകട്ടെ, ഒരുപിടി പ്രതിഭകൾ ഒരേ മനസോടെ അണിനിരക്കുമ്പോൾ, അപൂർവമായി മാത്രം സംഭവിക്കുന്ന പടൈപ്പുകളിൽ ഒന്നും.