വിടുതലൈ കഥ പറഞ്ഞ് അവസാനിപ്പിച്ചിട്ടില്ല, പകുതി പറഞ്ഞതേയുള്ളൂ. വെട്രി മാരൻ സിനിമകൾ കൈകാര്യം ചെയ്തിട്ടുള്ള പോലീസിന്റെ നീതി ബോധവും ധാർമികതയും എങ്ങനെ ജനവിരുദ്ധമാവുന്നു എന്ന പ്രമേയം തന്നേയാണ് വിടുതലൈ ഒന്നും കൈകാര്യം ചെയ്യുന്നത്. പോലീസ് എങ്ങനെ ഭരണകൂട താൽപര്യങ്ങളുടേയും ഭരണകൂടം എങ്ങനെ മൂലധന താൽപര്യങ്ങളുടേയും കാവലാളാവുന്നെന്നും സിനിമ മനോഹരമായിതന്നെ ചിത്രീകരിക്കുന്നു.
ആദിവാസികൾ താമസിക്കുന്ന വനമേഖലയിൽ ഖനിയാരംഭിക്കാൻ സർക്കാർ സ്വകാര്യ കമ്പനിക്ക് അനുവാദം നൽകുന്നു. എന്നാൽ ജനങ്ങളുടെ പ്രതിഷേധവും ഒരുപറ്റം സായുധ പടയുടെ ചെറുത്ത് നിൽപ്പും ഖനിയാരംഭിക്കുന്നതിന് തടസമാവുന്നു. സായുധമായ ചെറുത്ത് നിൽപ്പിനെ അടിച്ചമർത്താൻ പദ്ധതി മേഖലയിൽ പോലീസ് പട വിന്യസിക്കപ്പെടുന്നു. ഇതാണ് സിനിമയുടെ മുഖ്യ പ്രമേയം. എന്നാൽ സിനിമയിൽ കുമരേശൻ എന്ന പോലീസ് കോൺസ്റ്റബിൾ പ്രത്യക്ഷപ്പെടുന്നതോടെ പോലീസും ജനങ്ങളും തമ്മിലുള്ള വൈരുദ്ധ്യമെന്ന ദ്വന്ദം പോലീസും കുമരേശൻ എന്ന വ്യക്തിയും എന്ന വൈരുദ്ധ്യത്തിലേക്ക് വഴിമാറുന്നു.
പോലീസിങ്ങിന്റെ രാഷ്ട്രീയം തിരിച്ചറിഞ്ഞിട്ടില്ലാത്ത നിഷ്കളങ്കനും പരസ്നേഹിയുമായ മനുഷ്യനായിട്ടാണ് കുമരേശൻ അവതരിപ്പിക്കപ്പെടുന്നത്. പോലീസിന്റെ ശരിയല്ല കുമരേശന്റെ ശരി. പോലീസിന് എല്ലാവരും തങ്ങൾക്ക് വിധേയരാവേണ്ടവരും വെറുക്കപ്പെട്ടവരും ശത്രുക്കളുമാണെങ്കിൽ കുമരേശന് എല്ലാവരും സഹോദരങ്ങളും മിത്രങ്ങളും ആദരിക്കപ്പെടേണ്ടവരുമാണ്. ഈ വൈരുദ്ധ്യത്തിന്റെ മൂർധന്യതയിലാണ് സിനിമയുടെ സഞ്ചാരം. കുമരേഷന്റെ നൊമ്പരങ്ങളിലൂടെയും മൃദുലവും തരളവുമായ വികാരങ്ങളിലൂടെയുമാണ് സിനിമ വികസിക്കുന്നത്. പോലീസ് എന്ന സ്ഥാപനത്തിന് വിരുദ്ധമായ വികാരങ്ങൾ ആ സ്ഥാപനത്തോട് ഏറ്റുമുട്ടിക്കൊണ്ട് നിലനിർത്താനുള്ള പരിശ്രമമാണ് കുമരേശനെ നായകനായി പ്രതിഷ്ഠിക്കുന്ന ഘടകം. സൂരിയാണ് കുമരേശനെ അവതരിപ്പിച്ചിരിക്കുന്നത്.
വിജയ് സേതുപതിയാണ് മക്കൾ പടയുടെ തലവനായ പെരുമാൾ എന്ന മാസ്റ്ററെ അവതരിപ്പിച്ചിരിക്കുന്നത്. സായുധമായ ചെറുത്ത് നിൽപ്പെന്ന ഒരു കാലത്ത് നക്സലൈറ്റുകൾ മുന്നോട്ടു വെച്ച പോരാട്ട രീതിയാണ് പെരുമാൾ അവലംബിക്കുന്നത്. അത്തരം പോരാട്ടങ്ങൾ അമ്പേ പരാജയങ്ങളായിരുന്നു. ഇന്നും ഖനി മേഖലകളിൽ നക്സലേറ്റ് മാവോയിസ്റ്റ് പ്രവർത്തനങ്ങൾ ഉണ്ടെങ്കിലും പോലീസ് അല്ലെങ്കിൽ അർധ സൈനികർക്ക് ആദിവാസി മേഖലകളിൽ കടന്നുകയറാനുള്ള ലൈസൻസ് മാത്രമായി ഇന്ന് സായുധ കലാപകാരികളുടെ പ്രവർത്തനം മാറിയിട്ടുണ്ട്.
പെരുമാളിന്റേയും കൂട്ടാളികളുടേയും പ്രവർത്തനം മാതൃകാപരമല്ലെങ്കിലും അൻപുള്ള മനുഷ്യർ തന്നേയാണവർ. അൻപാണ് അവരെ കലാപകാരികളാക്കി മാറ്റിയത്.മനുഷ്യൻ പോലീസുകാരനായി മാറുന്നതിൽ നിന്നും വളരെ വ്യതിരിക്തമായ പ്രക്രിയയാണിത്. പരസ്പര സ്നേഹം നശിച്ച് പോവുകയും തനിക്ക് വേണ്ടി ആരെയും കൊല്ലാൻ ഒരാൾ മടിക്കാതിരിക്കുകയും ചെയ്യുന്ന ഈ കാലത്ത് പരസ്നേഹത്തിന്റെ പേരിൽ ജീവൻ വെടിയുന്ന കഥ പറയുന്നത് ഒരു പുരോഗമന പ്രവർത്തനം തന്നേയാണ്.
മനുഷ്യൻ എങ്ങും ചങ്ങലകളിലാണ്, അസ്വാതന്ത്രരാണെന്നാണ് സിനിമ വിളിച്ച് പറയുന്നു. അത് ഭരണകൂട മെഷിനറിക്കകത്തും ഭരണകൂടം കീഴടക്കുന്ന ജനങ്ങളിലും ഒന്നു പോലെയെന്ന് സിനിമ അവതരിപ്പിക്കുന്നു. സിനിമ ഒരു ഉല്ലാസ ഉപാധിയായി മാറുന്ന കാലത്ത് സമൂഹത്തിലേക്ക് കണ്ണും കാതും തുറന്ന് വെക്കാനും മനുഷ്യന്റെ യാതനകളെ തിരിച്ചറിയാനും കാഴ്ചക്കാരനോട് ആവശ്യപ്പെടുന്ന സിനിമയാണ് വിടുതലൈ.
സ്വാതന്ത്ര്യത്തെ സംബന്ധിച്ച് ചിന്തിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ഏതൊരാളും കാണേണ്ട സിനിമതന്നേയാണിത്. സ്വാതന്ത്ര്യത്തിലേക്കുള്ള മാർഗത്തെ സംബന്ധിച്ച് വ്യത്യസ്തമായ ധാരണകൾ ഉണ്ടെന്നെ മനസ്സിലാക്കാൻ കാഴ്ചക്കാരനിൽ ജനിപ്പിക്കാൻ ഈ സിനിമാ കാഴ്ച സഹായിക്കുമെന്ന് തോന്നുന്നു. മനസ് മരവിക്കുന്ന കാലത്ത് മനസ്സിനെ ആർദ്രമാക്കാൻ ശ്രമിക്കുന്ന സിനിമയാണ് വിടുതലൈ അഥവാ സ്വാതന്ത്ര്യം. അതുകൊണ്ട് കാണുക ഈ സിനിമ, ഹൃദയംകൊണ്ട്.