എന്റെ സിനിമാജീവിതത്തിലെ പത്ത് സിനിമകളെടുത്താൽ, ഏറെ വ്യത്യസ്തമായി തോന്നിയ ഒന്നാണ് കിഷ്‌ക്കിന്ധാകാണ്ഡം. ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും, അഭിനയജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട, വ്യത്യസ്തമായ സ്‌ക്രിപ്റ്റ് ആയി തോന്നിയതും ഈ സിനിമയുടേതാണ്.
കിഷ്‌ക്കിന്ധാകാണ്ഡത്തിന്റെ കഥ കേട്ടപ്പോൾ തന്നെ നല്ലത് എന്നു തോന്നിയിരുന്നു. ബാഹുൽ രമേശിന്റെ സ്‌ക്രിപ്റ്റ് വായിച്ചപ്പോൾ തന്നെ, ഗംഭീര സിനിമയായിരിക്കുമെന്ന് ഞാൻ പറയുകയും ചെയ്തു. സ്‌ക്രിപ്റ്റിന്റെ റീഡബിലിറ്റിയിൽനിന്നാണ് ഞാനത് പറഞ്ഞത്. എന്നാൽ, സിനിമയ്ക്ക് റീഡബിലിറ്റി വേണ്ട, അത് വിഷ്വലാണല്ലോ. രണ്ടാമത് കാണുമ്പോൾ കിഷ്ക്കിന്ധാകാണ്ഡം മറ്റൊരു സിനിമയായി തോന്നും. അതിന് നിരവധി ലെയറുകളുണ്ട്, അതാണ് ഈ സിനിമയുടെ ഏറ്റവും വലിയ സവിശേഷത.
ഞാൻ അവതരിപ്പിച്ച അപ്പുപ്പിള്ള, തുടക്കത്തിൽ വളരെ റഫ് ആണെന്നുതോന്നും. കുറച്ചുകഴിയുമ്പോഴാണ് ഇയാൾ എന്താണെന്നും ഇയാളുടെ പ്രശ്‌നങ്ങൾ എന്താണെന്നും പ്രേക്ഷകർക്ക് മനസ്സിലാക്കുന്നത്. അതായത്, പത്മവ്യൂഹത്തിൽ അകപ്പെടുത്തുന്നതുപോലെ, പ്രേക്ഷകരെ സിനിമയിലേക്കങ്ങ് പെടുത്തുന്ന ഒരവസ്ഥയുണ്ടാകുന്നു. ആ പെടലിൽ പ്രേക്ഷകർ കഥക്കൊപ്പം പോകുന്നു, അത് ഇങ്ങനെയായിരിക്കും, അതല്ല, മറ്റൊരു വിധത്തിലായിരിക്കും എന്നെല്ലാം പലതരത്തിൽ അവർ ചിന്തിക്കാൻ തുടങ്ങും.
ചിലപ്പോൾ തിരക്കഥാകൃത്തും സംവിധായകനും പ്രേക്ഷകരെ തെറ്റിധരിപ്പിക്കാറുണ്ട്. അവസാനം, പ്രേക്ഷകർ ചിന്തിക്കുന്ന വഴിയിലായിരിക്കില്ല, സിനിമ അവസാനിക്കുന്നത്. എന്നാൽ, കിഷ്ക്കിന്ധാകാണ്ഡത്തിന്റെ തിരക്കഥ ആരെയും തെറ്റിധരിപ്പിക്കുന്നില്ല. പകരം, പ്രേക്ഷകരാണ് തെറ്റിധരിക്കുന്നത്. അവരുടെ ഉള്ളിൽ പലതരം സിനിമകളുണ്ടാകുകയാണ്. അവർ കാണുന്ന തരത്തിലുള്ളതാണ് ഈ സിനിമ എന്നു പറയാൻ തിരക്കഥാകൃത്തോ സംവിധായകനോ ശ്രമിക്കുന്നുമില്ല. പ്രേക്ഷകർ തന്നെ കഥകളുണ്ടാക്കുന്നു. ഒടുവിൽ അവർ പ്രതീക്ഷിക്കാത്ത ഒരു തലത്തിലേക്ക് അവരെ എത്തിക്കുന്നു. അത്തരമൊരു ബ്രില്ല്യൻസാണ് തിരക്കഥയിലുള്ളത്.
അസാധ്യ മേക്കിങ്ങാണ്. ക്യാമറയും എഡിറ്റിങും സംഗീതവും കാസ്റ്റിങും എല്ലാം ഏറ്റവും മികച്ച രീതിയിൽ ഒത്തുചേർന്ന സിനിമ. എഡിറ്റിങ്ങിന്റെ ബ്രില്യൻസിന് ഒരു ഉദാഹരണം പറയാം.
അപ്പുപ്പിള്ള എന്ന കഥാപാത്രം പ്രത്യേക അവസ്ഥയിൽ നിൽക്കുമ്പോൾ, ഒരു പൊലീസ് ഓഫീസർ അയാളെ ചോദ്യം ചെയ്യുന്നുണ്ട്. ആ സീനിന്റെ എഡിറ്റിങ്ങിലൂടെയാണ് സിനിമയുടെ കഥ പ്രേക്ഷകരിലേക്ക് റിവീൽ ചെയ്യുന്നത്. ഫ്ലാഷ്ബാക്കാണെന്നു തോന്നാത്ത തരത്തിലുള്ള കഥ പറച്ചിൽ. ഒരുതരം പ്രത്യേകതരം അനുഭവം.
അപ്പുപ്പിള്ള എന്ന എന്റെ കഥാപാത്രത്തെക്കുറിച്ചും പറയാൻ ഏറെയുണ്ട്. എത്രയോ കാലമായി ഞാൻ അഭിനയിക്കാൻ തുടങ്ങിയിട്ട്. എനിക്ക് പറ്റുന്ന കഥാപാത്രം എന്നിലേക്ക് എത്തിച്ചേരുക എന്നതൊരു ഭാഗ്യം കൂടിയാണ്. അത്തരം കഥാപാത്രങ്ങളിലേക്ക് എത്തിച്ചേരുക എന്നതും പ്രധാനമാണ്. 18 വയസ്സുള്ളപ്പോൾ 60 വയസ്സുള്ള കഥാപാത്രത്തെ നാടകത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ആ ഒരു പരിചയമാണ് നടനായി ഇപ്പോഴും എന്നെ നിലനിർത്തുന്നത്.
അപ്പുപ്പിള്ള എന്ന കഥാപാത്രം വെല്ലുവിളിയാണ് എന്നു പറയാനാകില്ല. കാരണം, അഭിനയം എന്നത് ഒരിക്കലും വെല്ലുവിളിയല്ല. അത്, അയത്‌നലളിതമായി സംഭവിക്കേണ്ട ഒന്നാണ്. ബലം പിടിച്ചുനിന്നാൽ അഭിനയം നടക്കില്ല. അഭിനയം ഒരുതരം അനുസരണമാണ്. നമ്മുടെ വികാരങ്ങളെ കഥാപാത്രങ്ങളുടേതാക്കി മാറ്റുക. യഥാർഥത്തിൽ എന്റെ സങ്കടമല്ല അപ്പുപ്പിള്ളയുടെ സങ്കടം. അഭിനയിക്കുന്ന നടനായ എന്റെ സങ്കടം ആ കഥാപാത്രത്തിന്റെ സങ്കടമായി മാറ്റിത്തീർക്കുകയാണ്. എന്റെ ആകാംക്ഷ, മറവി, ഓർമകളെ വീണ്ടെടുക്കാനുള്ള വ്യഗ്രത ഇതൊക്കെയാണ് ആ കഥാപാത്രത്തിൽ സംഭവിക്കേണ്ടത് എങ്കിൽ അത് എനിക്കുകൂടി സംഭവിക്കുന്ന കാര്യങ്ങളായി മാറുകയാണ്. ആ നിമിഷത്തിൽ എന്റെ ശ്വാസോച്ഛാസം പോലും വ്യത്യസ്തമാകും, ആ കഥാപാത്രത്തിന്റേതായി മാറും.
നമ്മുടെ പെർഫോർമൻസിനെ സഹായിക്കുന്ന, ഡയറക്ടർ അടക്കമുള്ള ഘടകങ്ങൾ ഈ സിനിമയിലുണ്ടായിരുന്നു. ആസിഫ് അലിയും അപർണയുമെല്ലാം ചേർന്ന് വളരെ മികച്ചൊരു കൂട്ടായ്മയായിരുന്നു കിഷ്ക്കിന്ധാകാണ്ഡം.