നാളിന്നോളമുള്ള പുരോഗതികളുടെ വഴികളിൽ മനുഷ്യരെങ്ങനെയാണ് സഞ്ചരിച്ചത്? അതിൻ്റെ സഹനങ്ങളുടെ ആഴമെത്രയാണ്? ബ്രാഹ്മണ്യത്തിൻ്റെയും ബ്രിട്ടീഷ് കൊളോണിയലിസത്തിൻ്റെയും അധിനിവേശത്തിൻ്റെ ആരംഭഘട്ടത്തിൽ തമിഴകത്തെ ആർക്കോട് മേഖലയിലെ വേപ്പൂരിൻ്റെ ചരിത്രവും പുരാവൃത്തങ്ങളും ഇഴചേർന്നു നിൽക്കുന്ന സിനിമയായ ‘തങ്കലാൻ’ മനസ്സിലുയർത്തിയ ആദ്യ ചോദ്യം ഇതാണ്. ഇന്നത്തെ കോലാർ സ്വർണ്ണഖനികൾ നിൽക്കുന്ന ഇടത്തെത്താൻ ബ്രിട്ടീഷ് ജനറലായ ക്ലമൻ്റും അദ്ദേഹത്തിൻ്റെ പര്യവേഷണസംഘവും ആർക്കോട് ജില്ലയിലെ വേപ്പൂർ ഗ്രാമത്തിലെ ഗോത്രജനതയുടെ സഹായം തേടുന്നു. ആ ഗോത്രത്തിൻ്റെ നാടോടിക്കഥകളിലും വിശ്വാസങ്ങളിലും ആനമലയുടെ താഴ്‌വരയിലെ നദിയിലെ മണലിൽ നിന്ന് പൊന്നരിച്ചു നാട്ടരചന് കൈമാറിയ അവരുടെ പൂർവ്വികരുണ്ട്.
വിശ്വാസങ്ങളുടെ ബലം കൊണ്ടും നഗർ ഗോത്രത്തിൻ്റെ പ്രതിരോധം കൊണ്ടും ആരതിയെന്ന മന്ത്രവാദിനിയായ ഗോത്രനേതാവിൻ്റെ സ്വാധീനത്തിലെ അതീന്ദ്രിയ ശക്തികൾ കൊണ്ടും പുറം ലോകത്തിൻ്റെ വരവ് പ്രതിരോധിച്ചു നിർത്തുകയാണ് സ്വർണ്ണ ഗർഭയായ ആനമലയ്ക്ക് താഴെയുള്ള മണ്ണ്. ഗ്രാമത്തിലെ തണ്ടും തടിയുമുള്ള ആണൊരുത്തനാണ് തങ്കലാൻ. അവനിലും ഉശിരും കരുത്തമുള്ളയാളാണ് അവൻ്റെ ഭാര്യ കങ്കമ്മ. തങ്ങളുടെ കതിരണിഞ്ഞ പാടത്തിന് കാവലിരിക്കുന്ന രാത്രി ഉറക്കം വരാത്ത മക്കൾക്ക് തങ്കലാൻ തൻ്റെ മുതുമുത്തച്ഛനായ പടൻ കടയൻ ആരതിയെ കൊന്ന് നാഗർ വംശത്തെ തുരത്തി ചോള രാജാവിന് വേണ്ടി സ്വർണ്ണമെടുത്തു നൽകിയ കഥ പറഞ്ഞുകൊടുക്കുന്നു. ആരതിയുടെ പേയ് അയാളുടെ കനവുകളിൽ ഭീതി പരത്തുന്നുണ്ട്.
ആനമലയ്ക്ക് കാവലായിരുന്ന ബുദ്ധപ്രതിമയുടെ തല ചോളരചൻ തൻ്റെ ബ്രാഹ്മണോപദേഷ്ടാവിൻ്റെ നിർദ്ദേശത്തിൽ വെട്ടിമാറ്റുന്ന ദൃശ്യം ബുദ്ധപാരമ്പര്യത്തിനും ദ്രാവിഡ സംസ്കൃതിക്കും മേലുള്ള ആര്യാധിനിവേശത്തിൻ്റെ സൂചനയാണ്. പിൽക്കാലത്ത് ഇന്ത്യയാകെ ആധിപത്യം സ്ഥാപിച്ച ബ്രാഹ്മണ ആരാധനാ ക്രമങ്ങൾ പിന്തുടരുന്ന ഒറ്റപ്പെട്ട മനുഷ്യരെ ഒട്ടൊരു പരിഹാസത്തോടെ നോക്കുന്നുണ്ട് വേപ്പൂരിലെ ജനത. അരചന് പൊന്ന് നേടിക്കൊടുത്തിട്ടും തൻ്റെ മുത്തച്ഛൻ ഒരു നുള്ള് പൊന്ന് പോലും എടുത്തില്ലെന്ന, ഒട്ടൊരു നോവോടെയുള്ള തങ്കലാൻ്റെ കഥാവസാനത്തിലെ ആത്മഗതം കേൾക്കാതെ കുഞ്ഞുങ്ങൾ ഉറങ്ങിപ്പോവുന്നു. പകരം അയാൾക്ക് വേണ്ടിയിരുന്നത് പൊന്നുവിളയുന്ന മണ്ണായിരുന്നു. അതാത് കാലത്ത് ആ മണ്ണിന്റെ അവകാശികളായിരുന്ന തദ്ദേശീയ ജനതയെ ചതിയിലൂടെ സ്വന്തം മണ്ണിൽ അടിമകളാക്കുന്ന അധികാരിവർഗ്ഗത്തിൻ്റെ തുടരുന്ന ചതി ഈ ചിത്രത്തിലും ആവർത്തിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള തജ്ജന്യ സമൂഹങ്ങളുടെ ഇന്നും തുടരുന്ന അടിമത്തത്തിൻ്റെയും അഭയാർത്ഥിത്വത്തിൻ്റെയും പ്രതീകമാവുന്നു സിനിമയിലെ വേപ്പൂർവാസികൾ.
പിറന്നമണ്ണിൽ, പിറവി തൊട്ടു ചുടല വരെ സവർണ്ണതയുടെയും ജന്മിത്തത്തിൻ്റെയും അടിമകളായാണ് അവരുടെ ജീവിതം. ബ്രിട്ടീഷുകാർ പൊന്നിലൂടെ മോചനം എന്ന മോഹം അവർക്ക് നൽകുന്നത് ഈ പശ്ചാത്തലത്തിലാണ് "ആടുമാടുകളെ പോലെ പണിയെടുത്തിട്ടും നാമെന്ത് നേടി? എന്ന് വിശ്വാസഭയത്താൽ മടിച്ചുനിൽക്കുന്ന ജനതയോട് തങ്കലാൻ ചോദിക്കുന്നുണ്ട്. "എത്രതരം രുചികരമായ അരികൾ നാമുണ്ടാക്കുന്നു? എന്നിട്ട് അതിൽ നിന്ന് ഒരു പിടിയുടെ രുചി നാം അറിയുന്നുണ്ടോ? നമ്മുടെ മണ്ണ്… നമ്മുടെ ആയുസ്സ്... നമ്മുടെ അധ്വാനം…" ഈ ചോദ്യമുയർത്താനുള്ള ശേഷി അയാൾ നേടുന്നത് ബ്രിട്ടീഷുകാർ നൽകിയ ആത്മവിശ്വാസത്താലാണ്. ചരിത്രത്തിൽ പാതി നേരും പാതി നുണയുമായ പ്രേരണാശക്തിയായിരുന്നല്ലോ അത്. ഈ പ്രേരണയിൽ തൻ്റെ ഗ്രാമത്തെ മുഴുവൻ ആനമലയിൽ സ്വർണ്ണവേട്ടയ്ക്ക് എത്തിക്കാൻ തങ്കലാന് കഴിയുന്നു. ഇതാണ് സിനിമയുടെ ചരിത്ര/ രാഷ്ട്രീയ പശ്ചാത്തലം. എന്നാൽ ഇതുമാത്രമല്ല സിനിമ.
സ്വപ്നങ്ങളിൽ ഭൂതകാല പാരമ്പര്യം വേട്ടയാടുന്ന തങ്കലാന് ആനമലയിലേക്കുള്ള യാത്ര ഭാഗ്യാന്വേഷണത്തിൻ്റെതു മാത്രമല്ല, സ്വത്വാന്വേഷണത്തിൻ്റേതു കൂടിയാണ്. ആരതിയെ ക്രൂരമായ കൊല ചെയ്ത, ആ വംശത്തെ ഉന്മൂലനം ചെയ്ത കടൻ പടിയനോ കഥ പറയുന്ന തങ്കലാനോ ആ പ്രവൃത്തിയിലെ ഹിംസയിൽ തെല്ലും കുറ്റബോധമില്ല.
സ്വപ്നങ്ങളിൽ ഭൂതകാല പാരമ്പര്യം വേട്ടയാടുന്ന തങ്കലാന് ആനമലയിലേക്കുള്ള യാത്ര ഭാഗ്യാന്വേഷണത്തിൻ്റെതു മാത്രമല്ല, സ്വത്വാന്വേഷണത്തിൻ്റേതു കൂടിയാണ്. ആരതിയെ ക്രൂരമായ കൊല ചെയ്ത, ആ വംശത്തെ ഉന്മൂലനം ചെയ്ത കടൻ പടിയനോ കഥ പറയുന്ന തങ്കലാനോ ആ പ്രവൃത്തിയിലെ ഹിംസയിൽ തെല്ലും കുറ്റബോധമില്ല. എന്നാൽ തങ്കലാൻ്റെ ഉപബോധ മനസ്സിൽ പാപബോധമായി അതുണ്ട്. മണ്ണിൽ പൊന്നുവിളയിക്കാനും കാടിനോടും വെളളത്തോടും ആരതിയുടെ ദുർമന്ത്രവാദത്തോടും പൊരുതി നിൽക്കുന്ന തങ്കലാന് തൻ്റെ ഉപബോധത്തിലെ പാപബോധത്തോട് പൊരുതി ജയിക്കാനാവുന്നില്ല. ആനമലയിലെ മണ്ണിൽ അയാളെ കാത്തിരിക്കുന്നതും ‘കുരുതിപ്പുനൽ’ തന്നെ.
അവിടെ കുഴിക്കുന്ന അയാൾ കണ്ടെത്തുന്നതും അയാളുടെ പാരമ്പര്യമാണ്. ആരതിക്കും ആ നിലത്തിൻ്റെ കാവൽ ഗോത്രത്തിനും തങ്ങളോടുള്ള രക്തച്ചാർച്ച അയാൾ തിരിച്ചറിയുമ്പോഴേക്കും ചൂഷണത്തിൻ്റെ ഒരു യുഗം സംക്രമിച്ചു കഴിയുന്നുണ്ട്. ദ്രാവിഡ സംസ്കൃതിയിലെ ശൈവചൈതന്യമുള്ള രക്ഷാപുരുഷനാണയാൾ. ദ്രാവിഡ പാരമ്പര്യമുള്ള മാതൃദേവതാ സങ്കല്പത്തിൻ്റെ ഛായയിലാണ് ആരതിയും രൂപകല്പന ചെയ്യപ്പെട്ടത്. ബുദ്ധദർശനത്തിൻ്റെ ശക്തമായ സ്വാധീനം ഈ സിനിമയുടെ ആഖ്യാനത്തിലുണ്ട്. അന്വേഷണം തന്നെ ലക്ഷ്യമായി പരിണമിക്കുന്നതും നിർണ്ണായക സന്ദർഭങ്ങളിൽ ഒന്നും ചെയ്യാൻ സാധിക്കാത്ത നിസ്സഹായതയും മണ്ണിൽ വീഴ്ത്തിയ ചോരയുടെ ഭാരവും അയാൾ അനുഭവിക്കുന്നു.
ശരീരത്തിൻ്റെ ആനന്ദങ്ങളും പ്രണയവും രതിയുമൊന്നും പാപമല്ലാത്ത, സെമിറ്റിക്/ കൊളോണിയൽ സദാചാരത്തിനും മുമ്പുള്ള പ്രിമിറ്റീവ് സമൂഹങ്ങളിലെ ആത്മവിശ്വാസമുള്ള പെണ്ണുങ്ങളെയും ആണുങ്ങളെയും ഈ സിനിമയിൽ കാണാം. അവർ ഉറക്കെ കലഹിക്കുകയും പ്രണയിക്കുകയും പാട്ടു പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു. അത്തരമൊരു കാലത്തെ ഉടുപ്പിലും ഉടലിലും വർത്തമാനങ്ങളിലും നോട്ടത്തിലും വരെ ആവിഷ്കരിക്കാൻ കഴിഞ്ഞിട്ടുണ്ട് പാർവ്വതി തിരുവോത്ത്, ചിയാൻ വിക്രം തുടങ്ങിയ അഭിനേതാക്കൾക്കെല്ലാം. മാളവിക മോഹനൻ്റെ ആരതി ഒരു റെഡ് ഇന്ത്യൻ ഗോത്ര നായികയെ ഓർമ്മിപ്പിക്കുന്നുവെന്നത് എടുത്തു പറയേണ്ടതാണ്. തങ്കലാൻ മതിമറന്നു പോകുന്ന സന്ദർഭങ്ങളിൽ ആശങ്കയുടെ മുന്നറിയിപ്പ് നൽകാൻ പാർവ്വതി ചെയ്ത കങ്കമ്മ എന്ന കഥാപാത്രത്തിന് സാധിക്കുന്നുണ്ട്. പിഞ്ഞിപ്പോയ ബ്രിട്ടീഷ് കുപ്പായം തുന്നിയെടുക്കാൻ നോക്കുന്ന തങ്കലാനോട് "അത് കീറിയത് നന്നായിപ്പോയി" എന്ന് പറയുന്നതും ശക്തമായ ചില ധ്വനികളാണ്.
ആർക്കോട് ജില്ലയിലെ ഭാഷാഭേദവും അതിൻ്റെ 1800 കാലത്തെ പഴക്കവും പുരാവൃത്തങ്ങളും സിനിമയ്ക്ക് ക്ലാസിക്കൽ ഛായ നൽകുന്നു. മാന്ത്രികാഖ്യാനത്തിൻ്റെ സാധ്യതകൾ കൂടി ഉപയോഗിച്ചാണ് പാ രഞ്ജിത്ത് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഫാൻറസി നിറഞ്ഞ രംഗങ്ങൾ മനോഹരമായ ദൃശ്യാനുഭവം മാത്രമല്ല, അനേകം വ്യാഖ്യാനസാദ്ധ്യതകൾ കൂടി പകർന്നു നൽകുന്നു. പൊന്നെന്ന് കരുതി വാരിക്കൂട്ടിയത് മണ്ണായി മാറുന്ന ദൃശ്യം നൽകുന്ന പാഠമെന്തായിരിക്കും? മിന്നുന്നതെല്ലാം പൊന്നല്ല എന്ന നിരാശയോ മണ്ണു തന്നെയാണ് പൊന്നെന്നും അധ്വാനം കൊണ്ട് അതിൽ പൊന്നു വിളയിക്കാമെന്ന പ്രകൃതി പാഠമോ?
കൊളോണിയലിസം നൽകിയ കുപ്പായവും കാൽശരായിയുമിട്ട് തുപ്പാക്കിയുമായി ഊരിൽ തിരികെയെത്തുന്ന തങ്കലാൻ പെണ്ണുങ്ങൾക്ക് മേൽജാതിക്കാർക്ക് മാത്രം കിട്ടിയിരുന്ന മേൽക്കുപ്പായം നൽകുന്നു. ഒട്ടും വോയറിസ്റ്റിക് അല്ലാതെ ആ ആനന്ദോത്സവവും അപ്പോഴുള്ള നർമ്മഭാഷണങ്ങളും ചിത്രീകരിക്കാൻ സിനിമയ്ക്കായിട്ടുണ്ട്. മറവിയിലാണ്ട സ്വത്വവും വ്യാമോഹിപ്പിക്കുന്ന സ്വസ്ഥജീവിതവും തേടിയുള്ള തങ്കലാൻ്റെയും കങ്കമ്മയുടെയും യാത്ര സാർത്ഥകമാവുമോ എന്ന ചോദ്യത്തിന് സിനിമ ഉത്തരം നൽകട്ടെ.