‘ജയിലർ’ സിനിമയിൽ വിനായകൻ

വിനായകൻ ‘മനസി’ലായി

തമിഴിലെയും ഇംഗ്ലീഷിലെയും ‘ജയിലർ’ റിവ്യുകൾ നോക്കി. അതിലെല്ലാം വിനായകനെ പുരസ്ക്കരിക്കുന്നുണ്ട്. ആഘോഷിക്കുന്നുണ്ട്. പക്ഷെ, ബോധപൂർവ്വമായ കൂട്ട തമസ്ക്കരണം നടത്താനുള്ള ഉളുപ്പില്ലായ്മ മലയാളം “മുക്കിയധാരാ” മാധ്യമങ്ങളിൽ കണ്ടു. എന്തുകൊണ്ട്?.

സ്റ്റ് ഡേ ഫസ്റ്റ് ഷോ.
രാവിലെ ആറിന് പാലക്കാട് ദേവി ദുർഗ്ഗ തിയറ്ററിൽ ഫാൻസ് ഷോയ്ക്ക് ഇടിച്ചുകയറിയാണ് ‘ജയിലർ’ കണ്ടത്. തമിഴ്നാട്ടിൽ സിനിമ രാവിലെ ഒൻപതിനു മാത്രമേ തുടങ്ങൂ എന്നതിനാൽ രജനി ഫാൻസ് പാലക്കാട് ധാരാളമായി എത്തിയിരുന്നു. തമിഴ്നാട്ടിൽ നിന്ന്​ സിനിമയ്ക്കു വന്ന ചിലരെ തലേന്ന് ബാറിൽ കണ്ടിരുന്നു. അതിനിടയിലാരോ പറയുന്നതു കേട്ടു- രജനീകാന്തിന്റെ അവസാന സിനിമയാണ് ജയിലർ, ഇനി അദ്ദേഹം സിനിമ ചെയ്യുന്നില്ല എന്നു പറഞ്ഞിട്ടുണ്ടത്രേ.
ഏയ് അതെവിടെയും കേട്ടില്ല. ജയിലറുടെ ഗ്രാന്റ് ലോഞ്ച് ഫങ്ഷനിൽ, ഒരു മണിക്കൂറിലധികം വികാരനിർഭരമായി രജനി സാർ പ്രസംഗിക്കുന്ന വീഡിയോ കണ്ടിരുന്നു. അദ്ദേഹം ആദ്യമായി ഒരു നാടകത്തിൽ അവിചാരിതമായി അഭിനയിച്ച സംഭവമെല്ലാം അതിൽ കേട്ടു. മുൻപ് ഒരു ഫാൻസ് ഷോയ്ക്ക് പോയത്, വിക്രമിനാണ്. അന്ന് ഏറ്റവും മുന്നിലത്തെ സീറ്റിൽ ഇരിക്കേണ്ടിവന്ന ദുരനുഭവം ഉള്ളതിനാൽ, അലാറം അടിച്ചപ്പോൾ തന്നെ, ഒരൽപ്പം കൂടി മയങ്ങി എഴുന്നേൽക്കുന്ന പതിവു വിട്ട്, ചാടിയെഴുന്നേറ്റ് തിയറ്ററിലേക്ക് പാഞ്ഞു. ഭാഗ്യത്തിന് ഇത്തവണ ഏറ്റവും പിന്നിലത്തെ സീറ്റിൽ ഇരിപ്പിടം കിട്ടി!

ചൊൽപ്പടിക്കു നിൽക്കുന്ന വിനായകനെയാണ് മീഡിയക്കുവേണ്ടത്. അത്തരം ആളുകളെയാണ് മീഡിയയ്ക്ക് പരിചയം. വിനായകനെ പരിചയമുണ്ടാവില്ല.

‘മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്’ എന്നെഴുതിയ ബോർഡിന്റെ അടിയിൽ കൂടി ബാറിലേക്കു കയറുന്നതുപോലെയാണ് ചില സിനിമകൾ. അടി, ഇടി, വെടി, ചോര, പ്രതികാരം, വികാരത്തള്ളിച്ച- എല്ലാമുണ്ടാകും. അതെല്ലാം കണ്ട് ആവേശം കൊള്ളുന്ന, കയ്യടിക്കുന്ന, ത്രസിക്കുന്ന, കൂവി വിളിക്കുന്ന, കൊലവിളിക്കുന്ന ആ എന്നെയും കൊണ്ടാണ് ജയിലറിന് കയറിയത്. എഴുന്നേറ്റ് നിന്ന് തുള്ളാൻ, ആവേശം മൂത്ത് കൂക്കി വിളിക്കാൻ. മാന്യതയുടെ പുറംനാട്യങ്ങളെല്ലാം ഊരിവെച്ച്, ആ ഇരുളിൽ അർമാദിക്കാൻ. ഉള്ളിനെ തുറന്നു വിടാൻ. വൈകാരികതയുടെ പല ഉന്മാദങ്ങളിലൂടെ, അമ്യൂസ്മെന്റ് പാർക്കിലെ റൈഡുകളിലൂടെയെന്ന വിധം കയറിയിറങ്ങാൻ- ഞാൻ തയ്യാറായി.

സിനിമ തുടങ്ങി.

വിലമതിക്കാനാവാത്ത, ചിരപുരാതനമായ ഒരു വിഗ്രഹം മോഷ്ടിക്കപ്പെടുന്നതിന്റെ, വിനായകന്റെ വർമ്മ എന്ന കഥാപാത്രത്തിന്റെ കൊടും അവതരണം. പിന്നെ ജയിലറുടെ വീട്- സ്നേഹം, കളിചിരികൾ, ഇഴയടുപ്പം- റിട്ടയറായ ഒരച്ഛൻ. കാര്യത്തിലേക്ക് വൈകാതെ കടന്നു. കുറ്റത്തിന്റെ പിന്നാലെ ജയിലർ ഇറങ്ങി. പിന്നാലെയെത്തി വിനായകൻ. 100 ശതമാനം പ്രൊഫഷണലായി “പണി” ചെയ്യുന്ന വിനായകൻ. “മനസ്സിലായോ”- എന്ന പഞ്ച് ഇടക്കിടെ. വിനായകനോട് ഒരു ഒത്തുതീർപ്പിനാണ് ജയിലർ ശ്രമിക്കുന്നത്. നേരിൽ കാണാനുള്ള അപ്പോയ്മെന്റാണ് ജയിലർ അഭ്യർത്ഥിക്കുന്നത്. ജയിലറെ കൊല്ലാൻ നേരത്ത് നേരിൽ കാണാമെന്ന് വിനായകൻ. ആറു കൊലപാതകം നടത്തിയ ജയിലറും 96 കൊലപാതകം നടത്തിയ വിനായകനും തമ്മിലുള്ള പട തുടങ്ങുകയായി! പൂച്ച പുലിയാകുന്ന ഫോർമുലയിൽ ജയിലറുടെ താണ്ഡവം… വിനായകന്റെ വിളയാട്ടം…

പിന്നെ ജയിലറും വിനായകനും തമ്മിലുള്ള പടയോട്ടമാണ്. ഇപ്പോൾ കൊല്ലപ്പെടും എന്ന നിമിഷത്തിൽ, ഒരൊറ്റ തിരിമറിയുടെ ട്വിസ്റ്റിൽ ജയിലർ, വിനായകന്റെ ‘പണി’ക്കാരനായി. വിനായകൻ ഏൽപ്പിച്ച പണി ചെയ്യാതെ ജയിലർക്ക് ഒരടി മുന്നോട്ടു പോകാനാവില്ല. ആ പണിക്കിടയിൽ രജനി സാറിന്റെ സഹായിക്കാൻ നമ്മുടെ ലാലേട്ടനെത്തും… ലാലേട്ടന് തിയറ്ററിൽ കയ്യടിയോട് കയ്യടി.

അദ്ദേഹം നടത്തുന്ന വിമർശനത്തിന്റെ ഭാഷക്കു മുന്നിൽ, ചത്തു മലച്ചു വീഴാനേ മാധ്യമങ്ങൾക്ക്​ പറ്റൂ. സോഷ്യൽ മീഡിയ മാനേജർമാർ തള്ളിവിടുന്ന പോസ്റ്റുകളോ, ഇടപെടലുകളോ അല്ല വിനായകന്റേത്. അത് വിനായകൻ തന്നെയാണ്. അയാൾ അയാളുടെ പാട്ടിലാണ്.

ജയിലറുടെ പടയിൽ ശിവരാജ്കുമാർ, ജാക്കിഷെറഫ്, മോഹൻലാൽ എന്നിങ്ങനെ സൂപ്പർ താരങ്ങളുടെ മഹാബലമുണ്ട്. മഗരന്ദ്ദേശ് പാണ്ഡേ, കിഷോർ- തുടങ്ങിയ ഗില്ലാടികളുണ്ട്. അപ്പുറത്ത് ഒരാൾ മാത്രം; വിനായകൻ!

ഈ സൂപ്പർതാര ശക്തിക്കെതിരെ എതിരെ വിനായകൻ മാത്രം- എന്നറിഞ്ഞത് പോകപ്പോകെയാണ്. വിനായകന്റെ ഒരു കഥാപാത്രമുണ്ട് എന്നു മാത്രമേ, ഇക്കാലമത്രയുമുള്ള ജയിലർ പ്രൊമോഷനുകളിലൂടെ മനസിലായിട്ടുള്ളു. പക്ഷെ, മുന്നിൽ സംഭവിക്കുന്നത് അതൊന്നുമല്ല എന്നു തിരിച്ചറിഞ്ഞു തുടങ്ങിയപ്പോൾ, തമിഴ് സിനിമ വിനായകന് നൽകിയ ഈ വലുതിലും വലിയ അവസരത്തെ ഓർത്തുള്ള ത്രില്ലടി തുടങ്ങി.

രജനികാന്തിനെതിരെ നിന്ന വില്ലരിൽ, പടയപ്പയിലെ രമ്യകൃഷ്ണനോളം മറ്റൊരാളില്ലെന്ന വ്യക്തിപരമായ അഭിപ്രായത്തിന്, അപ്പോൾ ബാഷയിലെ രഘുവരനോ… എന്നൊരു മറു ചോദ്യം കൂടി വന്നേക്കാം. ആ നിരയിൽ ഒരു പേരു കൂടി ഉണ്ടായിരിക്കുന്നു- വിനായകൻ!

‘ജയിലർ’ എന്ന സിനിമയിൽ രജനീ കാന്ത്​, വിനായകൻ

ജയിലറിലെ വില്ലൻ എന്ന ഒറ്റ വരി കൊണ്ട് വലിയൊരു ലോകം വിനായകനെ തിരിച്ചറിയുന്ന കാലം തുടങ്ങിയിരിക്കുന്നു.

സിനിമ കഴിഞ്ഞിറങ്ങുന്ന സമയത്ത്, ഈ മഹാസംഭവമായിരുന്നു കൂടുതലായി സന്തോഷിപ്പിച്ചത്, മലയാളത്തിന്റെ വിനായകന് തുല്യമായ സ്ക്രീനിടം രജനീകാന്തിനൊപ്പം ലഭിച്ചിരിക്കുന്നു. ഇന്ത്യയുടെ സൂപ്പർ സ്റ്റാറിന്റെ വില്ലനായി, സ്ക്രീനിൽ നമ്മുടെ വിനായകൻ.

1995 മുതൽ, മാന്ത്രികം മുതൽ സിനിമയിലുള്ള വിനായകനും അതിനു മുന്നേയുള്ള ആ ജീവിതത്തിനും നേരെ തിരസ്ക്കാരം എന്ന ആയുധം അത്ര പുതുതല്ല. പക്ഷെ വിനായകനു നേരെ തിരസ്കാരത്തിന്റെ ആയുധമെടുക്കുന്നവർ ഒന്നോർക്കുക, ഇത് കാലം വേറെയാണ്.

ജയിലർ കണ്ട രജനീലോകം തിരക്കുകയാകും ഇപ്പോൾ, ആരാണാ വില്ലനെന്ന്. ഇന്ത്യയിലുള്ള അത്ര തന്നെ തമിഴ് സംസാരിക്കുന്ന മറ്റ് രാജ്യങ്ങളുണ്ട്. അവിടെയെല്ലാമായി 4000 സ്ക്രീനുകളിൽ ജയിലർ റിലീസായി. തമിഴ്നാട്ടിൽ മാത്രം 800 സ്ക്രീനുകളിൽ. ഈ അണ്ഡകടാഹ സിനിമാ സംഭവത്തിൽ സ്ക്രീനിൽ ഒന്നാമൻ രജനീകാന്ത് ആണെങ്കിൽ രണ്ടാമൻ വിനായകനാണ്- ആഹാ മലയാളം!

തിയറ്ററിൽ നിന്നിറങ്ങിയപ്പോൾ ഓർത്തു, എവിടെയും മലയാളിബന്ധം കണ്ടുപിടിച്ച് ആഘോഷമാക്കുന്ന മലയാളം മുഖ്യധാരാ അർമാദം തുടങ്ങിക്കാണുമെന്ന്. പക്ഷെ ആഘോഷം അങ്ങു വരുന്നില്ല. റിവ്യുകൾ രാവിലെ 11 മണിയായപ്പോൾ വന്നുതുടങ്ങി. പക്ഷെ, വിനായകൻ സിനിമയിലുണ്ട് എന്നു പറയുന്നതല്ലാതെ മലയാളത്തിന്റെ മഹാസംഭവമാക്കാൻ ആരുമങ്ങ് തയ്യാറാകുന്നില്ല. രാത്രി ഉറങ്ങുന്നതിനു മുൻപ് വീണ്ടും നോക്കി. ഡൂൾ ന്യൂസിൽ ഒരു തലക്കെട്ടുണ്ട്- വിനായകനെ തമിഴ് ലോകം ആഘോഷിച്ചു തുടങ്ങിയെന്ന്. ജയിലറിനെ കുറിച്ച് വൻ റിപ്പോർട്ടുകളുണ്ട്. ലാലേട്ടനെ പറ്റി നിറയെ പറയുന്നുണ്ട്.

മറ്റൊരു റിപ്പോർട്ട് കണ്ടു- മമ്മൂക്ക ചെയ്യേണ്ടിയിരുന്ന വേഷമാണ് വിനായകൻ ചെയ്തതെന്ന്. ദളപതിക്കു ശേഷം മമ്മൂക്കയും രജനിസാറും ഒന്നിക്കേണ്ടിയിരുന്ന വേഷം.

തമിഴിലേയും ഇംഗ്ലീഷിലേയും റിവ്യുകൾ നോക്കി. അതിലെല്ലാം വിനായകനെ പുരസ്ക്കരിക്കുന്നുണ്ട്. ആഘോഷിക്കുന്നുണ്ട്. പക്ഷെ, ബോധപൂർവ്വമായ കൂട്ട തമസ്ക്കരണം നടത്താനുള്ള ഉളുപ്പില്ലായ്മ മലയാളം “മുക്കിയധാരാ” മാധ്യമങ്ങളിൽ കണ്ടു.

എന്തുകൊണ്ട്?

വിനായകൻ, മാധ്യമങ്ങളെ വിമർശിച്ചതു കൊണ്ടാണോ… തുടർച്ചയായി അദ്ദേഹം മാധ്യമങ്ങളെ വിമർശിക്കുന്നു. സംസ്ഥാന അവാർഡു കിട്ടിയ ദിവസം അമ്മയ്ക്കു മധുരം കൊടുക്കൽ അഭിനയിക്കാൻ പറഞ്ഞപ്പോൾ അദ്ദേഹം കൂട്ടാക്കുന്നില്ല.

ഒന്നു ചോദിച്ചോട്ടെ- നമുക്ക് അറിയില്ല എന്നല്ലേയുള്ളു. വിനായകന് അറിയാമായിരുന്നല്ലോ ജയിലറിൽ കരിയറിലെ ഏറ്റവും വലിയ ട്വിസ്റ്റാണ് സംഭവിക്കാൻ പോകുന്നതെന്ന്. പിന്നാലെ ധനുഷിന്റെ ക്യാപ്റ്റൻ മില്ലറിലും വിക്രമിന്റെ ധ്രുവനക്ഷത്രത്തിലും വലിയ വേഷമുണ്ടെന്ന്. അത്തരം ഒരു നിമിഷത്തിലും പൗരബോധത്തോടെ, ജനാധിപത്യത്തെ ഓർമ്മിപ്പിച്ച്, മണിപ്പുരിലേക്ക് നോക്കി, എന്തിനാണ് ഉമ്മൻചാണ്ടിയുടെ ചരമം “ഇങ്ങനെ മൂന്നു ദിവസം ആഘോഷിക്കുന്നത്” എന്ന വിമർശനം സ്വന്തം ഭാഷയിൽ ഉയർത്തി അദ്ദേഹം. മീഡിയ ഫ്രണ്ട്ലി ആയി “അടങ്ങിയൊതുങ്ങി” ഇരുന്നില്ല. ചൊൽപ്പടിക്കു നിൽക്കുന്ന വിനായകനെയാണ് മീഡിയക്കുവേണ്ടത്. അത്തരം ആളുകളെയാണ് മീഡിയയ്ക്ക് പരിചയം. വിനായകനെ പരിചയമുണ്ടാവില്ല. അദ്ദേഹം നടത്തുന്ന വിമർശനത്തിന്റെ ഭാഷക്കു മുന്നിൽ, ചത്തു മലച്ചു വീഴാനേ പറ്റൂ. സോഷ്യൽ മീഡിയ മാനേജർമാർ തള്ളിവിടുന്ന പോസ്റ്റുകളോ, ഇടപെടലുകളോ അല്ല വിനായകന്റേത്. അത് വിനായകൻ തന്നെയാണ്. അയാൾ അയാളുടെ പാട്ടിലാണ്.

ഇനി തിരസ്ക്കാരത്തെ പറ്റിയാണ് പറയുന്നത് എങ്കിൽ, 1995 മുതൽ, മാന്ത്രികം മുതൽ സിനിമയിലുള്ള വിനായകനും അതിനു മുന്നേയുള്ള ആ ജീവിതത്തിനും നേരെ തിരസ്ക്കാരം എന്ന ആയുധം അത്ര പുതുതല്ല. പക്ഷെ വിനായകനു നേരെ തിരസ്കാരത്തിന്റെ ആയുധമെടുക്കുന്നവർ ഒന്നോർക്കുക, ഇത് കാലം വേറെയാണ്. നിങ്ങളുടെ കക്ഷത്തിരിക്കുന്ന മീഡിയങ്ങളെക്കാൾ വലുതാണ് ജനത്തിന് സ്വന്തമായുള്ള മാധ്യമങ്ങൾ. വിനായകന്റെ സോഷ്യൽ മീഡിയയിൽ പോയി നോക്കൂ. തമിഴ് മക്കൾ തേടി വരുന്നു ആ പേജിൽ. കമന്റുകളിൽ അവർ ഉള്ളു തുറക്കുന്നു. ‘മഹാനടികർ’ എന്നു വാഴ്ത്തുന്നു. സ്വീകരിക്കാൻ ശേഷിയുള്ള മനസാണ് തമിഴരുടേത്. സിനിമയെ ജീവിതമായി ശ്വസിക്കുന്നവർ. വിനായകനെ അവരാഘോഷിക്കും. തോളത്തെടുത്ത് അങ്ങു കൊണ്ടുപോകും. കൂറ്റൻ കട്ടൗട്ടുകൾ ഉയർത്തും. അവർ വിനായകനെ അർമാദിക്കും.

വിനായകൻ ഒരു കോടി പ്രതിഫലം ചോദിച്ചു എന്നു കുറ്റം പറഞ്ഞവരുണ്ട്. പത്തു കോടിയിലും നിൽക്കില്ല, ഇനി വിനായകന്റെ പ്രതിഫലം. സംസ്ഥാന അവാർഡ് സ്വീകരിച്ച് വിനായകൻ പ്രസംഗിക്കുന്നുണ്ട്- നൂറ്റൻപതല്ല, പതിനായിരം കോടി വേണമെന്ന്… അങ്ങനെയാണ് ആഗ്രഹമെന്ന്…

ഇ.മ.യൗ എന്ന സിനിമയിൽ പൊലീസ് സ്റ്റേഷനിൽ നിന്നിറങ്ങി വരുന്ന വിനായകന്റെ കരച്ചിൽ തന്ന കരച്ചിൽ ഇപ്പോഴും നെഞ്ചിൽ കുടുങ്ങിക്കിടപ്പുണ്ട്. നൃത്തത്തിലാടി പരിശീലിച്ച ആ ശരീരത്തിന്റെ ഭാഷ, ലോകോത്തരമെന്ന് പലവട്ടം കണ്ടെത്തിയിട്ടുണ്ട് അമൽ നീരദ്.
കമ്മട്ടിപ്പാടത്തിലും ഞാൻ സ്റ്റീവ് ലോപ്പസിലും രാജീവ് രവി, ഇ.മ.യൗ-വിൽ ലിജോ ജോസ് പെല്ലിശ്ശേരി, അൻവർ റഷീദ് ഛോട്ടാ മൂംബൈയിൽ, ആടിൽ മിഥുൻ മാനുവൽ തോമസ്- വിനായകനെ തിരിച്ചറിഞ്ഞവരുണ്ട്. അത്രയധികം തൊട്ടടുത്ത് വിനായകനുണ്ടായിരുന്നിട്ടും തിരിച്ചറിയാതെ തിരസ്ക്കരിച്ചവരും ഉണ്ട്. വിനായകൻ ഒരു കോടി പ്രതിഫലം ചോദിച്ചു എന്നു കുറ്റം പറഞ്ഞവരുണ്ട്. പത്തു കോടിയിലും നിൽക്കില്ല, ഇനി വിനായകന്റെ പ്രതിഫലം. സംസ്ഥാന അവാർഡ് സ്വീകരിച്ച് വിനായകൻ പ്രസംഗിക്കുന്നുണ്ട്- നൂറ്റൻപതല്ല, പതിനായിരം കോടി വേണമെന്ന്… അങ്ങനെയാണ് ആഗ്രഹമെന്ന്…

ജയിലറിൽ നിന്ന്​ ബോളിവുഡും ഹോളിവുഡും വിനായകനെ കണ്ടെത്താതിരിക്കില്ല. ഒരു ബസ് കണ്ടക്ടർക്ക് ഇന്ത്യയുടെ സൂപ്പർ സ്റ്റാറാകാൻ വഴി വെട്ടിയ മനസുകൾ വിനായകനും വഴിയാകും- “മനസിലായോ”

സംസ്ഥാന അവാർഡിനു ശേഷമുള്ള ഏഷ്യാനെറ്റ് അഭിമുഖത്തിൽ, അദ്ദേഹം പറയുന്നുണ്ട്- സ്വർണ്ണക്കിരീടവും വെച്ച് ഫെരാരി കാറിൽ വരും എന്ന്. അതൊരു വെറും വാക്കല്ലെന്ന് ജയിലർ തെളിവ്. ജയിലറിൽ അവസാനത്തോട് അടുക്കുന്ന സമയത്ത് ചില്ലുകാവലിന് അകത്തിരിക്കുന്ന ഈ ലോകത്തെ ഏറ്റവും വിലയേറിയ കിരീടം, വിനായകന്റെ തലയിലിരിക്കുന്ന ഒരു സൂപ്പർ ഷോട്ടുണ്ട്. വിനായകനന്ന് പറഞ്ഞ ആ സ്വർണ കിരീടമാണോ ഇതെന്നു തോന്നിപ്പിക്കുന്ന ഒരു ഫാൻ മൊമന്റ്.

ഇനി ഫെരാരി കാറാണ്.

വിനായകൻ ഫെരാരി കാറിൽ വരും എന്നുറപ്പിക്കുന്നു ജയിലർ; സ്വർണ്ണക്കിരീടവും വെച്ച്. ആ വില്ലുവണ്ടിയെ അങ്ങു തടഞ്ഞുകളയാമെന്നത് ഒരു വ്യാമോഹം മാത്രം.

ജയിലർ കണ്ട, ഓരോ തമിഴ് ചുണ്ടിലും ഇപ്പോൾ, ആ പഞ്ച് ഡയലോഗുണ്ടാകും, മനസിലായോ… വിനായകനിൽ നിന്ന്​ ‘മനസിലായോ’ എന്ന പഞ്ച് ജയിലർ തന്നെ ഒടുവിൽ ഏറ്റെടുക്കുന്നുണ്ട്.

വിനായകൻ
തമിഴ് ‘മനസി’ലായി,
മനസിലായോ.

Comments