ഈ വർഷം കണ്ടതിൽ ഇഷ്ടപ്പെട്ട, രസകരമായി തോന്നിയ ഒരു സിനിമ, We Live in time ആണ് (We Live in Time: Directed by John Crowley, 2024). Andrew Garfield, Florence Pugh എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർ തമ്മിലുള്ള റിലേഷൻഷിപ്പ് ഡ്രാമയാണ് സിനിമ. പക്ഷെ, അതിനൊരു സവിശേഷതയുണ്ട്. നമ്മൾ മരിച്ച ഒരാളെ ക്രോണോളജിക്കൽ ഓർഡറിലല്ലല്ലോ ഓർത്തെടുക്കുക. ഓർമയുടെ പലതരം ശകലങ്ങളാണല്ലോ നമ്മിലേക്ക് വരിക. അതുപോലെയാണ് ഈ സിനിമയും. ആദ്യം മുതൽ അവസാനം വരെ puzzle pieces പോലെ തോന്നും. അവരുടെ ജീവിതത്തിലെ ഒരു സന്ദർഭം കാണിക്കും. അതിനുശേഷം, പൂർണമായും വേറൊരു സ്‌പെയ്‌സാണ്. നാടകീയമായ ഒരു ആഹ്ലാദനിമിഷം കഴിഞ്ഞ് വരുന്നത് വിഷമിപ്പിക്കുന്ന സീനായിരിക്കും. മൂഡ് തന്നെ ജംപ് ചെയ്തുകൊണ്ടിരിക്കും. എന്നാൽ, തുടർച്ചയുടെ പ്രശ്‌നം തോന്നുകയുമില്ല. അവസാനിക്കുന്നതൊക്കെ വലിയ ഫീലോടെയാണ്.
ഹോളിവുഡിൽ സ്ഥിരം കാൻസർ ഴോണർ പടങ്ങളുണ്ടല്ലോ. രണ്ടുപേരിൽ ഒരാൾക്ക് കാൻസർ വരും, ആ വ്യക്തി മരിക്കുന്നതിനുമുമ്പ് ജീവിതം ആസ്വദിക്കുക- ഈയൊരു പ്രമേയമുള്ള, The Fault in Our Stars പോലുള്ള സിനിമകൾ. അങ്ങനെയൊന്നായിരിക്കും ഇതും എന്നു കരുതിയാണ് ഈ സിനിമയും കണ്ടുതുടങ്ങിയത്. എന്നാൽ, ഇതിന്റെ ട്രീറ്റ്‌മെന്റ് വലിയ ഇഷ്ടമായി. കൃത്രിമമായി അത് നോൺ ലീനിയറാക്കിയതല്ല. മരിച്ച ഒരാളെ ഓർത്തെടുക്കുന്നതുപോലെയുള്ള ഫീലാണ്. എന്നാൽ, അങ്ങനെയാണ് എന്ന് അവർ എസ്റ്റാബ്ലിഷ് ചെയ്തിട്ടുമില്ല. അതാണ് ഏറ്റവും രസകരമായ ഒരു കാര്യം. ഈ സിനിമ നിങ്ങളും ഒന്ന് കണ്ടുനോക്കണം.
മലയാളത്തിൽ അങ്ങനെ ആരും പറഞ്ഞുകേൾക്കാത്ത സിനിമയായിരുന്നു ഓ ബേബി. ഡോക്യു ഫിക്ഷൻ പോലെ തുടങ്ങി ഷേക്‌സ്പീരിയൻ ഡ്രാമയിലേക്ക് കൊണ്ടുപോകുന്ന രസകരമായ പടം. കിഷ്‌ക്കിന്ധാകാണ്ഡം, ആവേശം...പിന്നെ മഞ്ഞുമ്മൽബോയ്‌സും ഇഷ്ടമുള്ള മലയാള സിനിമകളുടെ കൂട്ടത്തിലുണ്ട്.