ചോദ്യം: നാടകവുമായും സാഹിത്യവുമായും സംഗീതവുമായുമൊക്കെ താരതമ്യം ചെയ്യുമ്പോൾ താരതമ്യേന പുതിയ മാധ്യമമാണ് സിനിമ. ഒറ്റ നൂറ്റാണ്ടിന്റെ ചരിത്രം. സിനിമയുടെ, സിനിമയെന്ന കലാരൂപത്തിന്റെ സാമൂഹിക ദൗത്യം എന്താണ് എന്നാണ് കരുതുന്നത്?
വിനീത് ശ്രീനിവാസൻ: ഓരോ ഡയറക്ടറും അതിനെ എങ്ങനെ കാണുന്നു എന്നതനുസരിച്ചിരിക്കും ഇക്കാര്യം വിശദീകരിക്കാൻ കഴിയുക. ചിലർക്ക് അവരുടെ സിനിമ സമൂഹത്തോട് എന്തെങ്കിലും പറയുന്ന രീതിയിൽ വരണം എന്ന് ആഗ്രഹമുണ്ടായിരിക്കും. ചിലർ അവരുടെ രാഷ്ട്രീയം പറയാൻ സിനിമയെ ഉപയോഗപ്പെടുത്തും. ചിലർ അത് മുദ്രാവാക്യം പോലെ വിളിച്ചുപറയും. ചിലർ അവരുടെ രാഷ്ട്രീയം നേരിട്ടുപറയാതെ, സ്റ്റോറി ടെല്ലിങ്ങിൽ നിന്നുകൊണ്ടുതന്നെ കഥാപാത്രങ്ങളുടെ നൈസർഗിക വളർച്ചയിലൂടെ, പറയാനുള്ളത് എഫക്ടീവായിട്ട് പറയും.
ഇന്നതാണ് ശരി എന്നുപറയാൻ നമുക്ക് അവകാശമില്ലല്ലോ. കലയിൽ അങ്ങനെ പറയാൻ പറ്റില്ല. എന്റർടെയ്ൻമെന്റിനുവേണ്ടി മാത്രമായി കലയെ ഉപയോഗിക്കുന്നവരുമുണ്ടാകും. അതും വേണ്ടതല്ലേ. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്. എനിക്ക് വേറൊന്നും വേണ്ട, എന്റെ മനസ്സൊന്ന് ആറിത്തണുത്താൽ മതി എന്നും വിചാരിച്ച് തിയ്യറ്ററിൽ വരുന്നവരും ഉണ്ടാവും. സങ്കടങ്ങളിൽനിന്ന് അവരെ കുറച്ചുനേരത്തേക്കെങ്കിലും പുറത്തേക്കുകൊണ്ടുവരാൻ സിനിമയ്ക്ക് കഴിയുക എന്നതും പ്രധാനമല്ലേ.
ഒരു ഫിലിം മേക്കർ തന്നെ ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ പലതരം സിനിമകൾ ചെയ്യാൻ താൽപര്യപ്പെടാം. ‘തിര' ചെയ്തുകഴിഞ്ഞ് നിൽക്കുന്ന സമയത്ത് എനിക്ക് അതിന്റെ ഭയങ്കര ഹാങ്ങോവറുണ്ടായിരുന്നു. ആ സിനിമയുടെ റിസർച്ചിനുവേണ്ടി വളരെ ഗ്രേ ആയ ഏരിയകളിലൂടെ കടന്നുപോയിരുന്നു. അത് മനസ്സിനെ വല്ലാതെ ബാധിച്ചു. തീരെ കുഞ്ഞുകുഞ്ഞ് കാര്യങ്ങൾ എന്ന് നേരത്തേ നമുക്ക് തോന്നിയിരുന്ന പലതും പിന്നീട് എന്നെ വളരെ വറീഡ് ആക്കുന്ന അവസ്ഥയുണ്ടായി. ഈ ഭാരമെല്ലാം ഇറക്കിവെച്ച്, എല്ലാം മറന്ന് ചിരിക്കുന്നൊരു സിനിമ ചെയ്യണം എന്ന് തോന്നിയിരുന്നു. വേറൊന്നും വേണ്ട, എഴുതുമ്പോൾ എനിക്ക് ചിരി വരണം, കാണുന്ന ആളുകളുടെ മുഖത്തും ചിരി വരണം. നമ്മുടെ മാനസികാവസ്ഥയിൽനിന്ന് കൂടിയാണല്ലോ നമ്മുടെ സിനിമ ഉണ്ടാവുന്നത്.
മലയാള സിനിമ ജീവിതനിറവിലാണിപ്പോൾ. നിറയെ സിനിമകൾ, നിറയെ ഫിലിം മേക്കേഴ്‌സ്, നിറയെ അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ. കോവിഡാനന്തര സിനിമാക്കാലം സിനിമകളിങ്ങനെ ഒഴുക്കുകയാണ്. സിനിമയുണ്ടാക്കുന്നവരുടെ കമ്യൂൺ വലുതാവുന്നു. അതിനകത്തെ ആക്ടീവായ ഒരാൾ എന്ന നിലയിൽ ഈ കാലത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?
സിനിമ കൂടുതൽ ഡെമോക്രാറ്റിക് ആയിക്കൊണ്ടിരിക്കുകയാണ്. അതൊരു ഭയങ്കര രസമുള്ള കാര്യമാണ്. ഇപ്പോൾ ആർക്കും സിനിമ ചെയ്യാം. തന്റെ സിനിമ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ഒരു കാഴ്ചപ്പാടുണ്ടെങ്കിൽ ആർക്കും ഇപ്പോൾ സിനിമ ചെയ്യാം. അതിന് വഴികളുണ്ട്. മുൻപ് അങ്ങനെയായിരുന്നില്ല. എത്രയോ വർഷം ആരുടെയെങ്കിലും അസിസ്റ്റൻറ് ഡയറക്ടറായി ജോലി ചെയ്യണം. ഒരുപാട് കാലം അങ്ങനെ സിനിമയുടെ പിന്നാലെ നടന്നശേഷമാണ് ഒരു ആർട്ടിസ്റ്റിന്റെ അടുത്ത് ഡേറ്റ് ചോദിക്കാനുള്ള കോൺഫിഡൻസ് ഒരു അസിസ്റ്റൻറ് ഡയറക്ടർക്കുണ്ടാവുക. ഇന്ന് അങ്ങനെയല്ല. സിനിമയെക്കുറിച്ച് സ്വന്തമായൊരു കാഴ്ചപ്പാടുള്ളവർ അങ്ങ് ഇറങ്ങി സിനിമ ചെയ്ത് പഠിക്കുകയാണ്.
ഞാൻ അങ്ങനെ വന്ന ആളാണ്. സിനിമയിൽ വരുന്ന സമയത്ത് ഞാൻ ആരെയും അസിസ്റ്റ് ചെയ്തിട്ടില്ല. സിനിമയെക്കുറിച്ച് കുറച്ച് കാര്യങ്ങൾ അറിയാമായിരുന്നു. അത് സിനിമ കണ്ടും പുസ്തകം വായിച്ചും സെമിനാറുകൾ അറ്റൻഡ് ചെയ്തും മറ്റും പഠിച്ചതാണ്. സിനിമ ഇങ്ങനെയൊക്കെയാണ് എന്ന ഒരു ധാരണയുടെ പുറത്താണ് ചെയ്തുതുടങ്ങുന്നത്. സിനിമ അങ്ങനെയൊന്നുമല്ല എന്ന് പിന്നീടാണ് മനസ്സിലാവുന്നത്. അത് പ്രാക്ടിക്കലായ ലേണിങ്ങാണ്. അപ്പോൾ പ്രാക്ടിക്കലായി വരുന്ന ഇഷ്യൂസ് കൈകാര്യം ചെയ്യാനും ക്രൈസിസ് ഹാൻഡിൽ ചെയ്യാനും നമ്മൾ പഠിക്കും. നമുക്ക് കൂടുതൽ ധൈര്യം വരും. 2010നു ശേഷം മലയാള സിനിമയിൽ ഒരുപാട് ആളുകൾക്ക് ആ ധൈര്യമുണ്ടായിട്ടുണ്ട് എന്നാണ് എനിക്കുതോന്നുന്നത്. ഇൻഡിപെൻഡൻഡ് ആയി ഷോർട്ട് ഫിലിംസ് ചെയ്യാനൊക്കെ ഒരുപാട് പേർ തയ്യാറായി. ടെക്‌നോളജി കുറേക്കൂടി ഈസിയായി. സിനിമ കണ്ടുകണ്ട് കിട്ടുന്ന എക്‌സ്‌പോഷറും കുറേക്കൂടി വൈഡ് ആയി. പൈറസി എന്നു പറയുന്ന സംഗതികൾ പോലും ആ എക്‌സ്‌പോഷറിന് ഹെൽപ്പ് ചെയ്തിട്ടുണ്ട് എന്നാണ് തോന്നുന്നത്.
പണ്ടൊക്കെ സാധാരണക്കാരെ സംബന്ധിച്ച്, സംവിധായകർ എന്നു പറഞ്ഞാൽ ‘വലിയ' മനുഷ്യരായിരുന്നു എന്നും പറയാം. ഞാനൊക്കെ പടം ചെയ്ത് തുടങ്ങിയതോടെയാണ് അത് മാറിയത്. എന്നെയൊക്കെയല്ലേ ആളുകൾ കാണുന്നത്. ‘ഇവനൊക്കെ പടം ചെയ്യാൻ പറ്റുമെങ്കിൽ എനിക്കും ചെയ്യാം’ എന്നൊരു കോൺഫിഡൻസ് ചെറുപ്പക്കാർക്ക് ഉണ്ടായിരിക്കണം. പണ്ടൊക്കെ ആക്ടർ ആവാനും വലിയ ശേഷി വേണമായിരുന്നു. നീണ്ട സംഭാഷണങ്ങളൊക്കെ കാണാതെ പഠിക്കാൻ കഴിവുണ്ടായിരിക്കണം. അക്കാലത്ത് നെടുങ്കൻ ഡയലോഗുകളൊക്കെ വള്ളിപുള്ളിവിടാതെ പറയണമായിരുന്നു. ആർട്ടിസ്റ്റിന് തോന്നുന്ന പോലെയൊന്നും പറയാൻ അനുമതിയുണ്ടാവില്ല. ഇപ്പോൾ അങ്ങനെയില്ലല്ലോ. ഡയറക്ടർ ആക്ടേഴ്‌സിന് ആശയം പറഞ്ഞുകൊടുക്കുന്നു, ഇതാണ് സംഭവം, നിങ്ങൾ ഇത് സ്വാഭാവികമായി ചെയ്‌തോളൂ എന്നു പറയുന്നു.
തിയറ്ററിലായിരുന്നു സിനിമ. ഓപ്പൺ എയറിൽ പ്രദർശിപ്പിച്ചപ്പോഴൊക്കെയും ഇരുട്ടും ആൾക്കൂട്ടവും സിനിമയുടെ ചുറ്റും ഉണ്ടായിരുന്നു, വേണ്ടിയിരുന്നു. പക്ഷേ സിനിമയ്ക്കിപ്പോൾ അതൊന്നും വേണ്ട. ഒറ്റയ്ക്കൊരാൾ തന്റെ കുഞ്ഞുസ്‌ക്രീനിൽ കാണുകയാണ് സിനിമ. അത് ഒറ്റയിരിപ്പിന് കാണണമെന്നുപോലുമില്ല. മീഡിയത്തിന് സംഭവിച്ച മാറ്റം മേക്കിംഗിനെ ഏതെങ്കിലും തരത്തിൽ മാറ്റിയിട്ടുണ്ടോ?
ഞാൻ ആദ്യത്തെ മൂന്നു പടവും ഫിലിമിലാണ് ചെയ്തത്. അങ്ങനെ ചെയ്യുന്നതിന് അതിന്റേതായ ചില മെറിറ്റ്‌സ് ഉണ്ട്. ഫിലിമിന് വലിയ വിലയായതു കൊണ്ട് പക്കാ റിഹേഴ്‌സൽ കഴിഞ്ഞേ ടേക്കിലേക്ക് പോവൂ. അക്കാലത്തെ സംവിധായകർ ഇപ്പോഴും റിഹേഴ്‌സൽ ചെയ്യിക്കും. ക്യാമറയിൽ ഫിലിം റോൾ ഓടുമ്പോൾ ഒരു ശബ്ദമുണ്ട്. കാശിനെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണത്. ‘മണി ഈസ് റോളിങ്’ എന്ന ഫീലിങ്. അത് കേട്ടുംകൊണ്ടാണ് അക്കാലത്ത് അഭിനയിക്കുന്നത്. ഇന്ന് ഒരു ടേക്ക് ശരിയായില്ലെങ്കിൽ അടുത്തത് നോക്കാം എന്നു പറയും.
ഒ.ടി.ടി എന്നു പറയുന്നത് ഐഡിയലി വെബ് സീരീസിനാണ് ഏറ്റവും നല്ലത് എന്നാണ് എനിക്ക് തോന്നുന്നത്. ഇന്ന് ഒരു എപ്പിസോഡ് കണ്ടിട്ട് അടുത്ത എപ്പിസോഡ് നാളയോ മറ്റന്നാളോ കണ്ടാലും കുഴപ്പമില്ല. ഇടയിൽ ബ്രേക്ക് വരുന്നത് അതിന്റെ ആസ്വാദനത്തെ ബാധിക്കില്ല. അതിന്റെ റൈറ്റിങ്ങും മേക്കിങ്ങും അങ്ങനെയാണല്ലോ. സിനിമയുടെ ഒരു ഇമോഷനൽ ഫ്‌ളോയെ സംബന്ധിച്ച് അതങ്ങനെയല്ല. അതിൽ ബ്രേക്ക് വന്നാൽ കാഴ്ചയെ ബാധിക്കും. നമ്മൾ ഉദ്ദേശിച്ചത് കൃത്യമായി ഓഡിയൻസിൽ എത്തണമെന്നില്ല. ഞാനിപ്പഴും, അവസാനത്തെ പടം വരെ, തിയ്യറ്ററിലെ കാണികളെ മനസ്സിൽക്കണ്ട് തന്നെയാണ് ചെയ്തത്. ഇനി വെബ് സീരീസ് ചെയ്യുമ്പോൾ വേറെ തരത്തിൽ ചിന്തിക്കുമായിരിക്കാം.
ഒ.ടി.ടി.ക്കാലത്ത് സിനിമയെടുക്കുമ്പോളുള്ള ഒരു പ്രശ്‌നം, കാണികൾ ഏത് ഔട്ട്പുട്ടിലാണ് പടം കാണുക എന്ന് നമുക്കറിയില്ലല്ലോ. സൗണ്ടിന് വലിയ പ്രാധാന്യമുള്ളൊരു സിനിമ ഫോണിൽ കാണുമ്പോൾ, ഫോണിന്റെ മോണോ സ്പീക്കറിൽ കേൾക്കുമ്പോൾ, അതിന്റെ ആ എക്‌സ്പീരിയൻസ് അവർക്ക് കിട്ടില്ല. നമ്മൾ ഇത് ഒരു മാസം കൊണ്ടാണ് ഗ്രേഡിങ് ചെയ്യുന്നത്. എന്നിട്ട് ഡോൾബി മിക്‌സ് ചെയ്യുന്നു. എന്നിട്ട് ഒ.ടി.ടിക്കുവേണ്ടി വേറെ മിക്‌സ് ചെയ്യുന്നു. അപ്പോൾ അതിൽനിന്ന് കുറേ എക്‌സ്പീരിയൻസ് കളഞ്ഞുപോകുന്നുണ്ട്.
പ്രേക്ഷകർ തിയ്യറ്ററിലേക്കുതന്നെ തിരിച്ചുവരും എന്നാണ് ഞാൻ വിചാരിക്കുന്നത്. അടിസ്ഥാനപരമായി മനുഷ്യർ സിവിലൈസേഷന്റെ ആളുകളാണല്ലോ. നമുക്ക് സിനിമ കൂടുതൽ ആസ്വദിക്കാനാവുക തിയ്യറ്ററിൽ തന്നെയാണ്. തൃശൂർ പൂരം ടി.വിയിൽ കണ്ടിട്ട് കാര്യമില്ലല്ലോ.
ഹ്യൂമറും രഷ്ട്രീയ ശരിയും പരസ്പര വിരുദ്ധമാണ് എന്ന് കരുതുന്നുണ്ടോ? രാഷ്ട്രീയ ശരി സൂക്ഷ്മമായി പുലർത്തേണ്ടിവരുമ്പോൾ ഹ്യൂമർ ചോർന്നു പോവും എന്ന് കരുതുന്നുണ്ടോ?
ആകെത്തുകയിൽ ആ സിനിമ എന്താണ് കമ്യൂണിക്കേറ്റ് ചെയ്യുന്നത് എന്നു നോക്കി വിലയിരുത്തുന്നതാവും നല്ലത് എന്നാണ് എനിക്കുതോന്നുന്നത്. സീൻ ബൈ സീൻ അഴിച്ചെടുത്ത് ഡിസെക്റ്റ് ചെയ്തു നോക്കുന്നതിൽ എനിക്ക് വലിയ താൽപര്യമില്ല. ഓരോ സീനിനെയും പൊളിറ്റിക്കലി കറക്റ്റ് ചെയ്യാൻ നിന്നാൽ ആസ്വാദനം എങ്ങനെയുണ്ടാവും എന്നെനിക്ക് അറിഞ്ഞുകൂടാ. ഞാൻ അങ്ങനെ കാണാറില്ല. ഞാനൊരു സിനിമയുടെ അകത്ത് കയറിക്കഴിഞ്ഞാൽ പിന്നെ എന്തു സംഭവിച്ചാലും ആ കഥയുടെ കൂടെയങ്ങനെ സഞ്ചരിക്കുന്നയാളാണ്. ഞാൻ ഇമോഷണലി സിനിമ കാണുന്ന ആളാണ്. സിനിമ കാണുമ്പോൾ എന്റെ ഇന്റലിജൻസ് വർക്ക് ചെയ്യാറില്ല. സെൻസ് ഓഫ് ഹ്യൂമറിന്റെ കാര്യം പറഞ്ഞത് ശരിയായിരിക്കാം. അതിനെപ്പറ്റിയൊന്നും നമുക്കിപ്പോൾ ഉറപ്പിച്ചു പറയാൻ പറ്റില്ലെന്നു തോന്നുന്നു. ഒരുപക്ഷേ ഒരു നാലഞ്ചു വർഷം കഴിഞ്ഞാൽ നമുക്ക് മനസ്സിലാവും, നമുക്ക് എത്രത്തോളം ഹ്യൂമർ സെൻസ് നഷ്ടപ്പെട്ടിട്ടുണ്ട്, നമ്മൾ സ്വാഭാവികമായി സംസാരിക്കാൻ സാധ്യതയുള്ള രീതിയിലാണോ നമ്മുടെ കഥാപാത്രങ്ങൾ സംസാരിക്കുന്നത്, നമ്മൾ തന്നെ നമ്മളെ സെൻസർ ചെയ്തുകൊണ്ടാണോ സംസാരിക്കുന്നത് എന്നെല്ലാം. എല്ലാവരും ഒരുപോലെ സംസാരിക്കുന്നൊരു കാലമാണോ വരാൻ പോകുന്നത് എന്നും എനിക്കറിയില്ല.
എന്റെ അച്ഛന്റെ തലമുറയിലെ ആൾക്കാരെ കാണുമ്പോൾ, ആണായാലും പെണ്ണായാലും, ഇവരൊക്കെ ‘സിംഗിൾപീസ്' ആളുകളാണല്ലോ എന്നെനിക്ക് തോന്നാറുണ്ടായിരുന്നു. എല്ലാവരും ഒന്നിനൊന്നു വ്യത്യസ്തർ. ഒരാളെപ്പോലെ വേറൊരാൾ കാണില്ല. അങ്ങനെയുള്ള സിംഗിൾപീസ് ഒക്കെ ഇനിയുണ്ടാവുമോ എന്നെനിക്ക് സംശയമാണ്. ഇനിയുള്ള കാലത്ത് എല്ലാവരും ഒരേ അച്ചിൽ വാർത്തതുപോലെയാകുമോ?
അമേരിക്കൻ അവതാരകൻ ഡേവിഡ് ലെറ്റർമാൻ അടുത്തിടെ പറഞ്ഞു, എല്ലാവരും പൊളിറ്റിക്കലി കറക്റ്റ് ആയാൽ നമുക്ക് പുതുതായി എന്താണ് പഠിക്കാനുണ്ടാവുക? ആരെങ്കിലുമൊരാൾക്ക് വേറിട്ട ശബ്ദമുണ്ടെങ്കിലല്ലേ നമുക്ക് പുതുതായി എന്തെങ്കിലും പഠിക്കാൻ പറ്റൂ. ലേണിങ് ആൻറ് അൺലേണിങ് എന്ന സംഭവം നടക്കണമല്ലോ. ഇതാണ് ശരി, ബാക്കിയെല്ലാം തെറ്റ് എന്ന നിലപാടിൽ നിന്നാൽ, പിന്നീട് വരുന്ന ശരികളെല്ലാം നമുക്ക് ആക്‌സെപ്റ്റ് ചെയ്യാൻ പറ്റുമോ? അറിഞ്ഞുകൂടാ. എനിക്ക് ഭയങ്കര കൺഫ്യൂഷനുണ്ട്. ഇപ്പോൾ എനിക്ക് അതിനെപ്പറ്റി കൃത്യമായ കാഴ്ചപ്പാടൊന്നുമില്ല. ഞാനിങ്ങനെ ആലോചിച്ചുകൊണ്ടിരിക്കുകയാണ്.
സ്ത്രീകളെ സിനിമ ഏത് രീതിയിലാണ് ഉൾക്കൊണ്ടിരുന്നത്? സിനിമയുടെ ആശയത്തിൽ / തീമിൽ / മേക്കിംങ്ങിൽ /അഭിനേതാക്കൾ എന്ന നിലയിൽ / പ്രേക്ഷകർ എന്ന നിലയിൽ? ഈ ചോദ്യം പാസ്റ്റ് ടെൻസിലാണ്. പ്രസൻറ് ടെൻസിലും ഇതിന്റെ ഉത്തരങ്ങൾ എന്തൊക്കെയാണ്?
ഇപ്പോൾ ഇന്ററസ്റ്റിങ് ആയ കുറേ സിനിമകൾ വരുന്നുണ്ടല്ലോ. വ്യത്യസ്തമായ പല കഥാപാത്രങ്ങളെയും കാണാൻ പറ്റുന്നു. ഇനിയും അങ്ങനെയുള്ള കാഴ്ചകൾ കൂടുതലായി ഉണ്ടാകും എന്നാണ് തോന്നുന്നത്. നമുക്ക് ഒരുപാട് ഡൈവേഴ്‌സ് ആയ കാരക്ടേഴ്സിനെ കാണാൻ പറ്റും. സ്ത്രീകളിൽ പർച്ചേസിങ് കപ്പാസിറ്റിയും ഫിനാൻഷ്യൽ പവറും ഒക്കെ കൂടി വരുന്നുണ്ട്. ഇപ്പോളുള്ള സോഷ്യൽ സ്ട്രക്ചർ പോലും മാറിയേക്കാം. സിനിമയിലും അത് മാറ്റങ്ങളുണ്ടാക്കും. ഇപ്പോൾ വരുന്നതു പോലുള്ള സിനിമകളായിരിക്കില്ല അപ്പോഴുണ്ടാവുക. ഭയങ്കര ഇന്ററസ്റ്റിങ് ആയ സിനിമകളൊക്കെ സംഭവിക്കാം. ഓരോ കാലത്തും, ആ കാലഘട്ടത്തിലെ ഭൂരിപക്ഷം ആളുകൾക്കും ശരി എന്ന് തോന്നുന്ന കാര്യങ്ങളുണ്ടാകുമല്ലോ. അതൊക്കെ നമ്മൾ ഈ കാലത്ത് നിന്നുകൊണ്ട് വിലയിരുത്തേണ്ടതുണ്ടോ? പണ്ട് സംഭവിച്ചതിനെയെല്ലാം ഭയങ്കരമായി കുറ്റപ്പെടുത്തേണ്ടതില്ല. അവയിൽ നിന്ന് നല്ലതുമാത്രമെടുത്ത് മുന്നോട്ടു പോകാമല്ലോ.
എല്ലാ കലാരൂപങ്ങളും ആത്യന്തികമായി ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയം മുന്നോട്ടുവെയ്ക്കും. ആ രാഷ്ട്രീയം എന്താണ് എന്ന് തീരുമാനിക്കുന്നിടത്താണ് സിനിമയിൽ ഫിലിം മേക്കർ സ്ഥാനപ്പെടുന്നത്. അടൂർ ഗോപാലകൃഷ്ണന്റെ സിനിമയല്ല അരവിന്ദന്റെ സിനിമ. അതല്ല കെ.ജി.ജോർജിന്റെ സിനിമ. പത്മരാജന്റെ സിനിമയല്ല ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌കരന്റെയും സിനിമ. സിനിമയ്ക്ക് മുഖ്യധാരയെന്നും സമാന്തര ധാരയെന്നും വേർതിരിവുണ്ടായിരുന്നു. പക്ഷേ ഈ തലമുറ ആ വേർതിരിവിനെ മനോഹരമായി ബ്രേക്ക് ചെയ്തു. ഈ ചരിത്രത്തെ മുൻനിർത്തി നിങ്ങളുടെ സ്വന്തം സിനിമ എവിടെയാണ് സ്വയം പ്ലേസ് ചെയ്യാൻ ആഗ്രഹിക്കുന്നത്?
ഞാനെപ്പോഴും ആലോചിക്കുന്നത് ഇന്റർപേഴ്‌സണൽ റിലേഷൻഷിപ്പുകളെക്കുറിച്ചാണ്. വ്യക്തികൾ തമ്മിലുള്ള വൈകാരിക മുഹൂർത്തങ്ങൾ, അതിന്റെ സത്യസന്ധത, അതിലൂടെ സഞ്ചരിക്കുന്ന സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹിച്ചിട്ടുള്ളത്. എന്നെ ഇൻസ്പെയർ ചെയ്ത സിനിമകളൊക്കെ അങ്ങനെയുള്ളവയാണ്. കഥാപാത്രങ്ങളിലൂടെ നമ്മൾ ചില കാര്യങ്ങൾ കമ്യൂണിക്കേറ്റ് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. കഥാപാത്രങ്ങൾ സ്വാഭാവികമായി മുന്നോട്ടുപോകുമ്പോൾ, അത് നൈസർഗികമായി സംഭവിക്കുകയാണെങ്കിൽ സംഭവിക്കട്ടെ എന്നേ ഞാൻ ആലോചിക്കാറുള്ളൂ. അങ്ങനെയല്ലാതെ ആലോചിക്കുന്ന ആൾക്കാരുമുണ്ട്. സിനിമകളിലൂടെ അവരുടെ കൃത്യമായ പൊളിറ്റിക്‌സ് മുന്നോട്ടു കൊണ്ടുവരണം എന്നാഗ്രഹിക്കുന്ന ഫിലിം മേക്കേഴ്‌സുണ്ട്. അവർക്ക് അങ്ങനെ ചെയ്യാം. എന്റെ തിയറി വളരെ സിംപിളാണ്. ചലച്ചിത്രം അല്ലെങ്കിൽ മൂവി എന്നു പറയുമ്പോൾ അത് ആളുകളുടെ ഹൃദയത്തിൽ ചലനമുണ്ടാക്കണം, അവരെ മൂവ് ചെയ്യിക്കണം. ആളുകളുടെ ഉള്ളിൽ ഒരു നൊമ്പരമോ ഒരു ചിരിയോ എന്തെങ്കിലും ജനറേറ്റ് ചെയ്യിക്കണം. അതാണ് എന്റെ സിനിമയിലൂടെ ഞാൻ ആഗ്രഹിക്കാറുള്ളത്. അല്ലാതെ വല്യവല്യ കാര്യങ്ങളൊന്നും ആലോചിക്കാറില്ല.
ക്യാമറയുള്ള മൊബൈൽ ഫോണിന്റെ വരവിനുമുൻപ് വിഷ്വൽ ലാംഗ്വേജിൽ നടന്ന ആവിഷ്‌കാരം സിനിമകളും ഡോക്യുമെന്ററികളും ആണ്. ടെലിവിഷനും ഫോട്ടോഗ്രാഫിയും ആ ഭാഷയിലെ മറ്റ് ധാരകളാണ്. വിഷ്വൽ ഭാഷയിൽ ഇപ്പോൾ ഇതൊന്നുമല്ലാത്ത ധാരാളം ആവിഷ്‌കാരങ്ങൾ നടക്കുന്നുണ്ട്. ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലെ സീരീസുകൾ, സോഷ്യൽ മീഡിയയിലെ റീലുകളും ഷോട്ട്സുകളും ഒക്കെ. ക്യാമറയോടുള്ള, പ്രൊഡക്ഷൻ രീതികളോടുള്ള മനുഷ്യരുടെ കൗതുകം ഇപ്പോൾ മറ്റൊരു തരത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് നിങ്ങളുടെ സിനിമാ ചിന്തകളെ എങ്ങനെയാണ് ബാധിക്കുന്നത്?
സിനിമയുടെ സാങ്കേതിക കാര്യങ്ങൾ എല്ലാവർക്കും അറിയാം എന്നുവരുന്നത് ഫിലിംമേക്കറെ സംബന്ധിച്ച് നല്ല കാര്യമാണ്. എല്ലാവർക്കും എല്ലാം അറിയാവുന്ന കാലത്ത് അവരെ രണ്ടുരണ്ടര മണിക്കൂർ തിയ്യറ്ററിലെ ഇരുട്ടിൽ പിടിച്ചിരുത്താൻ കഴിയുന്നതല്ലേ ചാലഞ്ച്? നന്നായി പഠിക്കുന്ന കുട്ടികളുള്ള ക്ലാസിലെ ഒന്നാം റാങ്കിലല്ലേ കാര്യമുള്ളൂ. പണ്ട് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ എനിക്ക് ശാസ്ത്രീയസംഗീതത്തിൽ ഫസ്റ്റ് കിട്ടിയിട്ടുണ്ട്. വേറൊന്നും കൊണ്ടല്ല, അവിടെ രണ്ടു പേരേ മത്സരിക്കാനുണ്ടായിരുന്നുള്ളൂ. ജില്ലയിലെത്തിയപ്പോൾ സി ഗ്രേഡുമായി തിരിച്ചുവരേണ്ടിവന്നു.
സിനിമയിൽ എനിക്ക് ഏറ്റവും എക്‌സൈറ്റിങ് ആയ കാര്യം, സിനിമ റിലീസ് ചെയ്യുന്നതോ അത് വിജയിക്കുന്നതോ അല്ല, പുതിയ കാര്യങ്ങൾ പഠിക്കുമ്പോളാണ്. മിന്നൽ മുരളി കഴിഞ്ഞപ്പോൾ ഞാൻ ബേസിലിന്റെ അടുത്തുപോയി, അവൻ അതിൽ ഉപയോഗിച്ച വി.എഫ്.എക്‌സിന്റെ ടെക്‌നോളജിയെല്ലാം ചോദിച്ചുമനസ്സിലാക്കി. അവൻ എന്റെ അടുത്തിരുന്ന് എല്ലാം പറഞ്ഞുതന്നു. നമുക്ക് ചുറ്റുമുള്ള ആളുകൾ ഇതൊന്നും ചെയ്യുന്നില്ലെങ്കിൽ നമുക്കും ഇതൊന്നും പഠിക്കാൻ താൽപര്യമുണ്ടാവില്ലല്ലോ. അല്ലെങ്കിൽ നമ്മൾ നമുക്കറിയാവുന്നതുമാത്രം ഇങ്ങനെ ചെയ്തുകൊണ്ടിരിക്കും.
പുതിയ സാങ്കേതിക വിദ്യകളൊക്കെ ഞാൻ ശ്രദ്ധിക്കാറുണ്ട്. അതുമായി ബന്ധപ്പെട്ട പേജുകൾ ഫോളോ ചെയ്യും. സ്‌ക്രിപ്റ്റ് എഴുതിക്കഴിഞ്ഞശേഷമേ ഓരോ സീനിനും വേണ്ടി എന്തൊക്കെ ടെക്‌നോളജി, ഏതൊക്കെ ഡിവൈസ് ഉപയോഗിക്കാം എന്ന് ആലോചിക്കാറുള്ളൂ. അല്ലാതെ, ഇങ്ങനെയൊരു പുതിയ ടെക്‌നോളജിയുണ്ട്, അതിനുവേണ്ടി ഒരുസാധനം എഴുതിയേക്കാം എന്നാലോചിക്കാറില്ല.ഞാൻ ടെക്‌നിക്കലായി ആലോചിക്കുന്ന ആളല്ല. എഴുത്ത് കഴിഞ്ഞേ ടെക്‌നോളജി വരുന്നുള്ളൂ.
സാഹിത്യരൂപങ്ങളുടെ സിനിമാആവിഷ്‌കാരം എല്ലാ കാലത്തും സംഭവിച്ചിട്ടുണ്ട്. വായനയുടെ സ്വഭാവം എന്താണ്? കഥകളാണോ സംഭവങ്ങളാണോ തിരയുന്നതും പ്രചോദിപ്പിക്കുന്നതും?
ചെറിയൊരു ചിന്ത, നേരിയൊരു thought ആയിരിക്കും എന്നെ ആകർഷിക്കുക. അത് എന്നെ ഫാസിനേറ്റ് ചെയ്തുകൊണ്ടിരിക്കും. അത് ഡവലപ് ചെയ്താണ് സിനിമയാക്കുക. ‘തട്ടം' ആലോചിക്കുമ്പോൾ ഞാൻ ചെന്നൈയിലായിരുന്നു. നാടിനെ വല്ലാതെ മിസ് ചെയ്തുകൊണ്ടിരുന്ന സമയമാണ്. മിസ് ചെയ്യുമ്പോളാണല്ലോ നമ്മൾ നാടിനെക്കുറിച്ച് വല്ലാതെ ഓർക്കുക. നാട്ടിലെ അറബിക്കടലിന്റെ തീരത്ത് ഒരു ഹിന്ദുപ്പയ്യനും മുസ്ലിം പെൺകുട്ടിയും പ്രേമിച്ചാൽ എന്താണുണ്ടാവുക എന്നാലോചിക്കുകയായിരുന്നു. പ്രശസ്ത ജേണലിസ്റ്റ് ആയ എം.ജെ. അക്ബറിന്റെ ‘ഇന്ത്യൻ ഡ്രീംസ് ' എന്ന ചെറുകഥയിലെ ഒരു വാചകമാണ് ആദ്യം മനസ്സിലുടക്കിയത്. ഹിന്ദി സിനിമയിൽ മിക്കവാറും ചെറുക്കനും പെണ്ണും കണ്ടുമുട്ടുന്നത് കല്യാണവീട്ടിൽ വച്ചായിരിക്കും എന്നാണ് അക്ബർ എഴുതിയിരുന്നത്. സിനിമയിലെ ക്ലീഷേകളെക്കുറിച്ച് പറയുന്ന കൂട്ടത്തിലാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. എങ്കിൽ പിന്നെ എല്ലാ ക്ലീഷേകളെയും ഉൾപ്പെടുത്തി ഒരു സിനിമ ചെയ്താലോ എന്നുഞാൻ ആലോചിച്ചു. ‘come back for all classic clichse’ എന്നൊരു ടാഗ് ലൈൻ ആ പടത്തിന്റെ പോസ്റ്ററിൽ എഴുതാൻ ഞാൻ ആലോചിച്ചിരുന്നു. പക്ഷേ പടം ചെയ്ത് കഴിഞ്ഞപ്പോൾ എനിക്കുതോന്നി, അങ്ങനെ പ്രത്യേകിച്ച് എഴുതിവെക്കേണ്ട കാര്യമില്ല, പടം കണ്ടു കഴിഞ്ഞിട്ട് ആൾക്കാരു തന്നെ അങ്ങനെ പറഞ്ഞോളും.
എനിക്ക് എക്സൈറ്റ്മെൻറായി തോന്നുന്നത് അങ്ങനെയുള്ള കാര്യങ്ങളിലാണ്. എല്ലാവരും പോകുന്ന വഴിയിലൂടെ തന്നെ പോയി അവിടെയെന്തെങ്കിലും വ്യത്യസ്തമായി ചെയ്താലോ എന്നാണ് എപ്പോഴും ആലോചന. കോളേജിൽ പഠിക്കുമ്പോൾ, എന്നും കൊണ്ടുപോകുന്നൊരു നോട്ടുബുക്കുണ്ടായിരുന്നു. അതിന്റെ പിന്നിൽ ഒരു ക്യാപ്ഷൻ: ‘winners don't do different things, they do things differently'. ദിവസവും കാണുന്നതുകൊണ്ട് അതങ്ങ് കാണാപ്പാഠമായി. അതായിരുന്നു ഇൻസ്പിറേഷൻ എന്നും പറയാം.
പണ്ട് ധാരാളം വായിക്കാറുണ്ടായിരുന്നു. ഇപ്പോൾ വായന കുറവാണ്. ലേഖനങ്ങളല്ലാതെ കാര്യമായി ഒന്നും വായിക്കാറില്ല. വീണ്ടും വായന തുടങ്ങണം.
മലയാളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ / സിനിമകൾ ഏതാണ്? ഫിലിം മേക്കറും? സ്വന്തം സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണ്?
മലയാളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകൾ ഇരകൾ, എലിപ്പത്തായം, സർവകലാശാല, സുഡാനി ഫ്രം നൈജീരിയ, മഹേഷിന്റെ പ്രതികാരം, സന്ദേശം, മണിച്ചിത്രത്താഴ്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്....കുറേയുണ്ട്.
മഹേഷിന്റെ പ്രതികാരം ഭയങ്കര ഒഴുക്കുള്ള സിനിമയാണ്. ആ സിനിമ കാണുന്ന സമയത്ത് നമുക്ക് നമ്മുടെ എല്ലാ സെൻസുകളും കൊണ്ട് അത് അനുഭവിക്കാൻ കഴിയും. അങ്ങനെയൊരു സിനിമ ഈസിയായി ചെയ്യാൻ പറ്റില്ല.
സിനിമയെന്നാൽ പൊതുവേ കാഴ്ചയും കേൾവിയുമാണല്ലോ. മഹേഷിന്റെ പ്രതികാരത്തിൽ പക്ഷേ നമുക്ക് ആ നാടിന്റെ മണം വരെ കിട്ടും. ആദ്യ സീനിൽ വെളുപ്പാൻ കാലത്ത് പാറക്കുളത്തിൽ റബർ ചെരുപ്പ് തേച്ചുകഴുകുന്നത് കാണുമ്പോൾ അവിടത്തെ ആ തണുപ്പും കുളിരും വരെ നമുക്ക് ഫീൽ ചെയ്യും. അങ്ങനെയുള്ള കുഞ്ഞുകുഞ്ഞു വലിയ കാര്യങ്ങൾ ഒരുപാടുണ്ട് ആ സിനിമയിൽ. സുഡാനി ഫ്രം നൈജീരിയ കണ്ടപ്പോൾ, ഇങ്ങനെയൊരു സിനിമ ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്നുതോന്നി.
സിനിമ നിരോധിക്കപ്പെടുന്ന ഒരു കാലത്തെക്കുറിച്ച് സങ്കൽപ്പിച്ച് നോക്കിയിട്ടുണ്ടോ?
സിനിമ നിരോധിച്ചാൽ.... എന്തും സംഭവിക്കാം, എന്തും സംഭവിക്കാം. അതിൽ കൂടുതലൊന്നും ഇപ്പോൾ എന്നോട് ചോദിക്കരുത്.
താങ്കൾക്ക് എന്താണ് സിനിമ എന്ന മാധ്യമം? ഒരു വലിയ വ്യവസായം കൂടിയായ സിനിമയിൽ താങ്കളുടെ സിനിമയുടെ വിജയത്തിന്റെ മാനദണ്ഡം എന്താണ്?
സിനിമ സാമ്പത്തികമായി വിജയിക്കുക എന്നത് വളരെ പ്രധാനമാണ്. കൂടുതൽ ഫിലിം മേക്കേഴ്‌സ് പോപ്പുലിസ്റ്റ് രീതിയിൽ ചിന്തിക്കണം. ഒരു നല്ല സിനിമയെടുക്കണം എന്നതിനൊപ്പം അതൊരു വിജയിക്കുന്ന സിനിമ കൂടിയാകണം എന്നും ചിന്തിച്ച് സിനിമയെടുക്കുന്ന കൂടുതൽ ആളുകൾ വേണം.
മുൻപ് ഇന്ത്യയിൽ ഗസലിന്റെ ജനപ്രിയത കുറഞ്ഞുകൊണ്ടിരുന്ന സമയത്ത്, മെഹ്ദി ഹസനെയും ഗുലാം അലിയെയും ഭയങ്കരമായി ഇഷ്ടപ്പെടുന്ന ചെറിയൊരു കൂട്ടം ആസ്വാദകരുണ്ടായിരുന്നു. പക്ഷേ അന്നും ജഗജീത് സിങ്ങിന്റെ ഗസൽ കച്ചേരിക്ക് എല്ലാ ടിക്കറ്റും വിറ്റുപോവും. ഇന്ത്യയിലും വിദേശത്തുമെല്ലാം ഓടിനടന്ന് അദ്ദേഹം ഗസൽ അവതരിപ്പിച്ചു. അതിനെല്ലാം ആളുകൂടി. അങ്ങനെയാണ് ഗസൽ വീണ്ടും സജീവവും ജനപ്രിയവുമായത്. പക്ഷേ, ശുദ്ധ ഗസൽ ആരാധകരോട് ചോദിച്ചുനോക്കൂ, അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായകൻ ജഗ്ജീത് സിങ് ആയിരിക്കില്ല.
ഗസൽ എന്ന സംഗീതരൂപം എല്ലാ ആളുകളിലേക്കും, കഴിയുന്നത്ര ആളുകളിലേക്ക്, എത്തിക്കാനാണ് ജഗജീത് സിങ് ആഗ്രഹിച്ചത്. സിനിമയിൽ അങ്ങനെ ആഗ്രഹിക്കുന്നയാളാണ് രാജമൗലി. ബേസിലും അങ്ങനെ ആഗ്രഹിക്കുന്ന ആളാണ്. എല്ലാ ഫിലിം മേക്കേഴ്‌സും, എല്ലാ കലാകാരന്മാരും അങ്ങനെ ആലോചിക്കുന്നവരല്ല. പക്ഷേ, സിനിമയിൽ അങ്ങനെ ആലോചിക്കുവന്നവർ കൂടുതലായി മുന്നോട്ടുവന്നാലേ ഇതൊരു ലാഭകരമായ വ്യവസായമായി നിലനിൽക്കൂ. അങ്ങനെ നിലനിന്നെങ്കിലേ അങ്ങനെ ആലോചിക്കാത്ത ഫിലിം മേക്കേഴ്‌സിനും സിനിമയെടുക്കാനും പ്രദർശിപ്പിക്കാനും വേദികൾ കിട്ടൂ. ▮