ഓരോ സീനിനെയും പൊളിറ്റിക്കലി കറക്റ്റ് ചെയ്യാൻ നിന്നാൽ ആസ്വാദനം എങ്ങനെയുണ്ടാവും : വിനീത് ശ്രീനിവാസൻ

Truecopy Webzine

ഹ്യൂമറും രഷ്ട്രീയ ശരിയും പരസ്പര വിരുദ്ധമാണ് എന്ന് കരുതുന്നുണ്ടോ രാഷ്ട്രീയ ശരി സൂക്ഷ്മമായി പുലർത്തേണ്ടിവരുമ്പോൾ ഹ്യൂമർ ചോർന്നു പോവും എന്ന് കരുതുന്നുണ്ടോ

ആകെത്തുകയിൽ ആ സിനിമ എന്താണ് കമ്യൂണിക്കേറ്റ് ചെയ്യുന്നത് എന്നു നോക്കി വിലയിരുത്തുന്നതാവും നല്ലത് എന്നാണ് എനിക്കുതോന്നുന്നത്. സീൻ ബൈ സീൻ അഴിച്ചെടുത്ത് ഡിസെക്റ്റ് ചെയ്തു നോക്കുന്നതിൽ എനിക്ക് വലിയ താൽപര്യമില്ല. ഓരോ സീനിനെയും പൊളിറ്റിക്കലി കറക്റ്റ് ചെയ്യാൻ നിന്നാൽ ആസ്വാദനം എങ്ങനെയുണ്ടാവും എന്നെനിക്ക് അറിഞ്ഞുകൂടാ. ഞാൻ അങ്ങനെ കാണാറില്ല. ഞാനൊരു സിനിമയുടെ അകത്ത് കയറിക്കഴിഞ്ഞാൽ പിന്നെ എന്തു സംഭവിച്ചാലും ആ കഥയുടെ കൂടെയങ്ങനെ സഞ്ചരിക്കുന്നയാളാണ്. ഞാൻ ഇമോഷണലി സിനിമ കാണുന്ന ആളാണ്. സിനിമ കാണുമ്പോൾ എന്റെ ഇന്റലിജൻസ് വർക്ക് ചെയ്യാറില്ല. സെൻസ് ഓഫ് ഹ്യൂമറിന്റെ കാര്യം പറഞ്ഞത് ശരിയായിരിക്കാം. അതിനെപ്പറ്റിയൊന്നും നമുക്കിപ്പോൾ ഉറപ്പിച്ചു പറയാൻ പറ്റില്ലെന്നു തോന്നുന്നു. ഒരുപക്ഷേ ഒരു നാലഞ്ചു വർഷം കഴിഞ്ഞാൽ നമുക്ക് മനസ്സിലാവും, നമുക്ക് എത്രത്തോളം ഹ്യൂമർ സെൻസ് നഷ്ടപ്പെട്ടിട്ടുണ്ട്, നമ്മൾ സ്വാഭാവികമായി സംസാരിക്കാൻ സാധ്യതയുള്ള രീതിയിലാണോ നമ്മുടെ കഥാപാത്രങ്ങൾ സംസാരിക്കുന്നത്, നമ്മൾ തന്നെ നമ്മളെ സെൻസർ ചെയ്തുകൊണ്ടാണോ സംസാരിക്കുന്നത് എന്നെല്ലാം. എല്ലാവരും ഒരുപോലെ സംസാരിക്കുന്നൊരു കാലമാണോ വരാൻ പോകുന്നത് എന്നും എനിക്കറിയില്ല.

എന്റെ അച്ഛന്റെ തലമുറയിലെ ആൾക്കാരെ കാണുമ്പോൾ, ആണായാലും പെണ്ണായാലും, ഇവരൊക്കെ 'സിംഗിൾപീസ്' ആളുകളാണല്ലോ എന്നെനിക്ക് തോന്നാറുണ്ടായിരുന്നു. എല്ലാവരും ഒന്നിനൊന്നു വ്യത്യസ്തർ. ഒരാളെപ്പോലെ വേറൊരാൾ കാണില്ല. അങ്ങനെയുള്ള സിംഗിൾപീസ് ഒക്കെ ഇനിയുണ്ടാവുമോ എന്നെനിക്ക് സംശയമാണ്. ഇനിയുള്ള കാലത്ത് എല്ലാവരും ഒരേ അച്ചിൽ വാർത്തതുപോലെയാകുമോ

അമേരിക്കൻ അവതാരകൻ ഡേവിഡ് ലെറ്റർമാൻ അടുത്തിടെ പറഞ്ഞു, എല്ലാവരും പൊളിറ്റിക്കലി കറക്റ്റ് ആയാൽ നമുക്ക് പുതുതായി എന്താണ് പഠിക്കാനുണ്ടാവുക ആരെങ്കിലുമൊരാൾക്ക് വേറിട്ട ശബ്ദമുണ്ടെങ്കിലല്ലേ നമുക്ക് പുതുതായി എന്തെങ്കിലും പഠിക്കാൻ പറ്റൂ. ലേണിങ് ആന്റ് അൺലേണിങ് എന്ന സംഭവം നടക്കണമല്ലോ. ഇതാണ് ശരി, ബാക്കിയെല്ലാം തെറ്റ് എന്ന നിലപാടിൽ നിന്നാൽ, പിന്നീട് വരുന്ന ശരികളെല്ലാം നമുക്ക് ആക്സെപ്റ്റ് ചെയ്യാൻ പറ്റുമോ അറിഞ്ഞുകൂടാ. എനിക്ക് ഭയങ്കര കൺഫ്യൂഷനുണ്ട്. ഇപ്പോൾ എനിക്ക് അതിനെപ്പറ്റി കൃത്യമായ കാഴ്ചപ്പാടൊന്നുമില്ല. ഞാനിങ്ങനെ ആലോചിച്ചുകൊണ്ടിരിക്കുകയാണ്.

അഭിമുഖത്തിൻറെ പൂർണ്ണം രൂപം ട്രൂകോപ്പി വെബ്സീനിൽ വായിക്കാം
സിനിമ ഡെമോക്രാറ്റിക് ആയിക്കൊണ്ടിരിക്കുന്നത് ഭയങ്കര രസമുള്ള കാര്യമാണ് | വിനീത്​ ശ്രീനിവാസൻ

Comments