മൂൺവാക്ക്, ഒരു തലമുറയുടെ ഹൃദയമിടിപ്പും ചുവടുവെപ്പും

ലോകമെമ്പാടുമുള്ള മനുഷ്യരുടെ ഹൃദയങ്ങളിൽ താളമിട്ട് കടന്നുപോയ, പകരക്കാരനില്ലാത്ത മൈക്കിൾ ജാക്സനോടുള്ള ആദരമാണ് എ.കെ വിനോദ് സംവിധാനം ചെയ്ത ‘മൂൺവാക്ക്’. പദവികളോ പ്രകാശം നിറഞ്ഞ വേദികളോ ഇല്ലാതെ ആരാലും അറിയപ്പെടാതെ മണ്മറഞ്ഞുപോയ ഡാൻസേഴ്സിനുള്ള ഹൃദയത്തിൽ നിന്നുള്ള ട്രിബ്യൂട്ട്…, മൂൺവാക്ക് സിനിമയുടെ കാഴ്ച, മുസ്‌തഫ ദേശമംഗലം എഴുതുന്നു.


ലയാള സിനിമയുടെ മാറുന്ന മുഖമാണ് മൂൺവാക്ക് എന്ന ചലച്ചിത്രം. ജീവിതതാളത്തിനൊപ്പമുള്ള ഡാൻസിൻെറ ആത്മീയതയെ വെളിപ്പെടുത്തുന്ന ഈ ചിത്രം പദവികളോ പ്രകാശം നിറഞ്ഞ വേദികളിളോ ഇല്ലാതെ ആരാലും അറിയപ്പെടാതെ മണ്മറഞ്ഞുപോയ ഡാൻസേഴ്സിനുള്ള ഹൃദയത്തിൽ നിന്നുള്ള ഒരു ട്രിബ്യൂട്ടാണ്. മനുഷ്യരുടെ ആന്തരികമായ സന്തോഷത്തിനും ചലനത്തിനുമാണ് സിനിമ സവിശേഷമായ സ്ഥാനം നൽകുന്നത്. മലയാള ചലച്ചിത്രം തൊട്ടിട്ടില്ലാത്തതും മുൻപ് കാഴ്ചവെക്കപ്പെടാത്തതുമായ ഒരു ജീവിതപരിസരമാണ് ‘മൂൺവാക്ക്’ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ താളമിട്ട് കടന്നുപോയ, പകരക്കാരനില്ലാത്ത മൈക്കിൾ ജാക്സനോടുള്ള ആദരം കൂടിയാണ് ഈ ചിത്രം.

മൂൺവാക്കിലെ ഡാൻസേഴ്സിന് നൃത്തമല്ലാതെ മറ്റൊന്നുമില്ല, അവിടെ വർണ്ണമോ ജാതിയോ ക്ലാസ്സോ ഒന്നുമില്ല. ചുവടുവെക്കുക. അത് ഹൃദയത്തിന്റെ ഭാഗമാക്കുക. മലയാളത്തിൽ വളരെ പുതിയതും തനതുമായ ചലച്ചിത്ര ആവിഷ്കാരമാണ് എ.കെ വിനോദ് സംവിധാനം ചെയ്ത ‘മൂൺവാക്ക്’. ഡാൻസ് പ്രമേയമാക്കി ഒരു ചലച്ചിത്രം ഒരുക്കുക, പരിചയ സമ്പന്നരല്ലാത്ത ഒരു കൂട്ടം യുവാക്കളെ അഭിനയിപ്പിക്കുക, അതും പോരാഞ്ഞ് ഒരു പീരിയോഡിക്കൽ ചലച്ചിത്രം തന്നെ ഒരുക്കുക എന്നിവയെല്ലാം സിനിമയുടെ വെല്ലുവിളികളാണ്. പുതുമുഖ താരങ്ങളെ ചുവടുകൾ പഠിപ്പിക്കുകയൂം കഥാപാത്രങ്ങളാക്കി രൂപപ്പെടുത്തി മനോഹരമായ ദൃശ്യാനുഭവമാണ് സിനിമ സമ്മാനിക്കുന്നത്. സംവിധായകൻ വിനോദിന്റെ ആത്മാർത്ഥ ശ്രമത്തിനോടൊപ്പം നിന്നവരും അത് തിരിച്ചറിഞ്ഞുകൊണ്ട് സിനിമ പ്രേക്ഷകളിലെത്തിക്കാൻ മനസ്സുവെച്ച ലിജോ ജോസ് പെല്ലിശ്ശേരിയെയും അഭിനന്ദിക്കേണ്ടതുണ്ട്.

മൂൺവാക്ക്  സിനിമയുടെ ട്രയിലറിൽ നിന്ന്
മൂൺവാക്ക് സിനിമയുടെ ട്രയിലറിൽ നിന്ന്

നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മലയാള ചലച്ചിത്ര മേഖലയിൽ മൂൺവാക്ക് പലതലങ്ങളിൽ ശ്രദ്ധേയമാണ്. വാണിജ്യ സിനിമയുടെ പൊതു ചട്ടക്കൂടുകളിൽ നിന്ന് മാറിനിൽക്കുന്നതാണ് ചിത്രം. ഒരു സ്റ്റാർഡവും ഇല്ലാത്ത പുതുമുഖങ്ങളുടെ ചിത്രം. അനുനാഥ്, സിബി കുട്ടപ്പൻ, ഋഷി കൈനിക്കര, മനോജ് മോസസ്, പ്രേം ശങ്കർ, സിദ്ധാർത്ഥ്, സുജിത് പ്രസാദ്, അർജുൻ മണിലാൽ, വിഷ്ണു ഗ്രൂവി, മാരി സുനി, അപ്പു ആശാരി തുടങ്ങിയ ഒരു കൂട്ടം ആക്ടേഴ്സ് കഥാപാത്രങ്ങളെ മനോഹരമായി അവതരിപ്പിക്കുന്നതിനൊപ്പം പ്രേക്ഷകരെയും ചുവടു വെപ്പിക്കുന്ന തലത്തിലാണ് എത്തിക്കുന്നത്. മൂൺവാക്ക് സിനിമ കണ്ട് തിയേറ്റർ വിടുന്നവരിൽ പലരും ചുവടുകൾ വെക്കുകയും ഡാൻസ് കളിക്കുകയുമൊക്കെ ചെയ്യുന്നത് കാണാനായി.

കാലഘട്ടത്തിന്റെ ഡാർക്ക് സാധ്യതകളെ മാറ്റിനിർത്തി ‘ഡാൻസ്’ എന്ന പൊതു വികാരത്തിലാണ് സിനിമയുടെ തീം നിൽക്കുന്നത്.

ആത്മാർത്ഥ ശ്രമങ്ങളെ അംഗീകരിക്കുന്ന മലയാള പ്രേക്ഷകർ ഈ സിനിമയെ ഏറ്റെടുക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഗോപ്യമായ ഒളിച്ചുകടത്തലുകളൊന്നും തന്നെ ചിത്രത്തിൽ ഇല്ല. എല്ലാം തികഞ്ഞ ഒരു എൻറർടെയ്നർ. വലിയവർക്കും ഒപ്പം കുട്ടികൾക്കും രസിച്ച് കാണാവുന്ന ഒരു തിയേറ്റർ എക്സ്പീരിയൻസ്. പ്രശാന്ത് പിള്ള നൽകുന്ന വിന്റേജ് ബീറ്റുകൾ ഈ ചലച്ചിത്രത്തിന്റെ ഹൃദയം ആയതുകൊണ്ട് തിയേറ്റർ തന്നെയാവും ഈ സിനിമയുടെ ഏറ്റവും നല്ല കാഴ്ച്ചയിടം.

മൂൺവാക്ക് സിനിമയുടെ ഷൂട്ടിങ്ങിനിടെ
മൂൺവാക്ക് സിനിമയുടെ ഷൂട്ടിങ്ങിനിടെ

എ.കെ. വിനോദ്, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്‌ണൻ എന്നിവർ ചേർന്ന് ഒരുക്കിയ തിരക്കഥയിൽ തിരുവനന്തപുരത്തെ പ്രാദേശിക ഭാഷയാണ് മനോഹരമായി ഉപയോഗിച്ചിരിക്കുന്നത്. അൻസർ ഷാ എന്ന സിനിമാട്ടോഗ്രാഫർ ഒരുക്കിയ ദൃശ്യഭാഷ ചിത്രത്തിൻെറ മറ്റൊരു പ്രത്യേകതയാണ്. 1994ൽ ഇറങ്ങിയ ‘Forrest Gump’, 2013ലെ ‘Her’, 1983 ലെ അൽ പാച്ചിനോയുടെ ‘Scarface’ തുടങ്ങിയ സിനിമകളുടെ ഈസ്തറ്റിക്സ് ഓർമ്മിപ്പിക്കുന്ന വിധത്തിൽ വിന്റേജ് കളർ ടോണുകൾ അൻസർ ഷാ മനോഹരമായി ഉപയോഗിച്ചിരിക്കുന്നതായി കാണാം. ടോണും ലൈറ്റിംഗും പ്രേക്ഷകരിൽ നൊസ്റ്റാൾജിയ ഉണർത്തുന്നതാണ്. സിനിമയിലെ സംഭവങ്ങൾ നടക്കുന്ന കാലഘട്ടത്തെ കഴിയാവുന്ന വിധം ആധികാരികമാക്കാൻ രംഗ സജ്ജീകരണം കൊണ്ട് സാബു മോഹനും മേക്കപ്പ് കൊണ്ട് സജി കൊരട്ടിയും കോസറ്റ്യൂം കൊണ്ട് ധന്യ ബാലകൃഷ്ണനും പരമാവധി ശ്രമിച്ചിട്ടുണ്ട്.

മൂൺവാക്ക് സിനിമയുടെ സംവിധായകൻ  എ.കെ വിനോദും സിനിമാട്ടോഗ്രാഫർ അൻസർ ഷായും
മൂൺവാക്ക് സിനിമയുടെ സംവിധായകൻ എ.കെ വിനോദും സിനിമാട്ടോഗ്രാഫർ അൻസർ ഷായും
മൂൺവാക്ക് സിനിമയുടെ ഷൂട്ടിങ്ങിനിടെ
മൂൺവാക്ക് സിനിമയുടെ ഷൂട്ടിങ്ങിനിടെ

വയലൻസും ചോരക്കളിയും ഇല്ലാത്ത മൂൺവാക്ക് ഏതു പ്രായക്കാർക്കും ആസ്വദിക്കാനാകും. ചിത്രത്തിൽ സാന്ദർഭികമായി വന്നു ചേരുന്ന ഹാസ്യവും പ്രായവ്യത്യാസമില്ലാതെ എൻജോയ് ചെയ്യാനാകും. കാലഘട്ടത്തിന്റെ ഡാർക്ക് സാധ്യതകളെ മാറ്റിനിർത്തി ‘ഡാൻസ്’ എന്ന പൊതു വികാരത്തിലാണ് സിനിമയുടെ തീം നിൽക്കുന്നത്. എല്ലാം മറന്ന് ചുവടുകൾ വെക്കുന്ന സൗഹൃദങ്ങളുടെ പരസ്പര സ്നേഹത്തിന്റെയും ഇഴയടുപ്പത്തിന്റെയും ചുമരിലാണ് മൂൺവാക്കേഴ്‌സ് പിറവി കൊള്ളുന്നത്. അവിടെ വിജയിക്കുക എന്നതല്ല അവരുടെ ലക്ഷ്യം. ഏറ്റവും മനോഹരമായി നൃത്തം വെക്കുക, ആസ്വാദകരെ ഏറ്റവും നന്നായി രസിപ്പിക്കുക എന്നതാണ്. ചുവടുകളുടെ വേദനകളെ ആഘോഷമാക്കിയ ഒരു തലമുറയുടെ കഥയാണിത്. മൂൺവാക്ക് വെറുമൊരു സിനിമയല്ല, ഒരു തലമുറയുടെ ഹൃദയമിടിപ്പും ചുവടുവെപ്പുകളുമാണ്. മൈക്കൽ ജാക്സന്റെ ഓർമ്മകൾക്കും നൃത്തത്തിനും പാട്ടുകൾക്കും മലയാളത്തിൽ നിന്നുള്ള ഒു ദൃശ്യവിരുന്ന്. തിയേറ്ററിൽ തന്നെ കണ്ട് അനുഭവിച്ച് രണ്ട് ചുവടുകൾ വെച്ച് ആഘോഷിക്കേണ്ട ചിത്രം.

Comments