2024-ൽ വിനു ജനാർദ്ദനന് ഇഷ്ടപ്പെട്ട സിനിമ
ഫെമിനിസ്റ്റ് ഫാത്തിമ

Truecopy Webzine- ൻ്റെ ഇയർഎൻ്റർ സിനിമാ പാക്കറ്റ് 2024 Frames. 2024-ൽ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട ‘ഫെമിനിച്ചി ഫാത്തിമ’ എന്ന സിനിമയെക്കുറിച്ച് എഴുതുന്നു, മാധ്യമപ്രവർത്തകനായ വിനു ജനാർദ്ദനൻ.

2023-ലെ ഏറ്റവും മികച്ച സിനിമാനുഭവമായിരുന്ന ആട്ടം സമ്മാനിച്ച IFFK-യിൽ തന്നെയായിരുന്നു 2024-ലെയും, ചിരിയും ചിന്തയും പകർന്ന തിരക്കാഴ്ച്ച, അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ രണ്ട് മലയാളം സിനിമകളിൽ ഒന്നായ ഫെമിനിസ്റ്റ് ഫാത്തിമ.

സിനിമയിലൂടെ സാമൂഹ്യാവബോധം എന്ന ലക്ഷ്യ മുണ്ടെങ്കിൽ അത് വാണിജ്യ സിനിമയിലൂടെ തന്നെ അവതരിപ്പിക്കണം, തിയേറ്ററുകളിൽ ചലനമുണ്ടാക്കുന്ന കാഴ്ച്ചയാകണം അത് എന്ന വ്യക്തിപരമായ അഭിപ്രായത്തോട്, ആട്ടം പോലെ ഇതും ചേർന്നുനിൽക്കുന്നു.

ഏറ്റവും പ്രസക്തവും ഗൗരവകരവുമായ വിഷയത്തെ വമ്പൻ തിയേറ്റർ റിലീസുകൾക്കു പോലും പലപ്പോഴും സൃഷ്ടിക്കാനാകാത്ത പൊട്ടിച്ചിരികൾക്കിടയിലൂടെ മനോഹരമായി, അതിനുമപ്പുറം സ്വാഭാവികതയോടെ, പറഞ്ഞുവെക്കുന്നു ഫെമിനിസ്റ്റ് ഫാത്തിമ. ഒരു മെത്തയിലൂടെ തന്റെ വ്യക്തിത്വവും സ്വാതന്ത്ര്യവും നേടിയെടുക്കുന്ന പൊന്നാനിയിലെ വീട്ടമ്മ ഫാത്തിമ കേരളത്തിലെ മാത്രമല്ല ലോകമാകമാനമുള്ള ഒരുപാട് പാവം വീട്ടമ്മമാരുടെ പ്രതിനിധിയാണ്. മകൻ മുള്ളിയ മേത്ത ഉണക്കാനിട്ടപ്പോൾ പട്ടി മുള്ളി , പട്ടി മുള്ളിയ മെത്ത വീട്ടിൽ കയറ്റില്ലെന്ന നിലപാടിൽ ഭർത്താവ് അഷ്‌റഫ് ഉറച്ചുനിന്നതോടെ തീരാത്ത നടുവേദനയിൽ ബുദ്ധിമുട്ടുന്ന ഫാത്തിമക്ക് ഒരു മെത്ത വാങ്ങൽ എന്ന ലക്ഷ്യം മാത്രമേ ഉണ്ടായുള്ളൂ. അതിലൂടെ അവൾ പോലുമറിയാതെ അവൾക്ക് വരുന്ന പേരായി ‘ഫെമിനിസ്റ്റ്’. പൊന്നാനിക്കാരൻ തന്നെയായ ഫാസിൽ മുഹമ്മദ്‌ തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയിൽ ഫാത്തിമയായി അഭിനയിക്കുന്നതും ഷംല ഹംസ എന്ന പൊന്നാനിക്കാരി.

ഫെമിനിസ്റ്റ് ഫാത്തിമ സിനിമയുടെ പോസ്റ്റര്‍
ഫെമിനിസ്റ്റ് ഫാത്തിമ സിനിമയുടെ പോസ്റ്റര്‍

കഥ പറച്ചിലിലേയും കഥാപാത്രസൃഷ്ടിയിലെയും സ്വാഭാവികത, സിനിമ കാഴ്ചക്കാരിൽ സ്വാധീനമുണ്ടാക്കണം എന്ന ബോധം, ഒരു മത വിഭാഗത്തിന്റെ ജീവിതം പ്രമേയമാക്കുമ്പോൾ കാണിക്കേണ്ട പക്വത, ഏറ്റവും അനുയോജ്യമായ കാസ്റ്റിംഗ് എന്നിങ്ങനെ എല്ലാം കൊണ്ടും ഫെമിനിസ്റ്റ് ഫാത്തിമ മികച്ചൊരു അനുഭവമായി.

ഫെമിനിസ്റ്റ് ഫാത്തിമ എന്ന സിനിമയുടെ പേരിന്റെ മലയാളം പരിഭാഷയായി ‘ഫെമിനിച്ചി ഫാത്തിമ’ എന്നുവരുന്നത് എങ്ങനെ എന്നൊരു വിയോജിപ്പ് ചിന്ത മാത്രം ബാക്കി.

Comments