സെബി വൈറലാണ്, ബഷീറിയനാണ്, പലസ്തീൻ ഐക്യദാർഢ്യമാണ്

മനുഷ്യ പുത്രൻ പിറന്നുവീണ ബത്ലഹേമിൽ ഇത്തവണ ക്രിസ്തുമസ് ആഘോഷങ്ങളില്ലായിരുന്നു. 78 ദിവസത്തിനുള്ളിൽ 20000- ൽ അധികം പേർ കൊല്ലപ്പെട്ട മണ്ണിൽ തിരുപ്പിറവി എങ്ങനെ ആഘോഷമാകും? "ഗാസയിൽ കൊല്ലപ്പെടുന്ന ഓരോ കുഞ്ഞിലും ഞങ്ങൾ ഉണ്ണിയേശുവിനെ കാണുന്നു." എന്നു ബത്ലഹേമിലെ പള്ളി വികാരി റവ. മുന്തെർ ഐസക് ക്രിസ്തുമസ് പ്രസംഗത്തിൽ പറഞ്ഞതിനപ്പുറം മറ്റൊരു സന്ദേശവുമില്ല ഈ ക്രിസ്തുമസിന് ചൂണ്ടികാണിക്കാൻ.

ഡിസംബർ 24 രാത്രി പതിനൊന്നരയ്ക്ക് ശേഷം കാണാൻ തുടങ്ങിയ വൈറൽ സെബി കണ്ടു തീർക്കുമ്പോൾ ഡിസംബർ 25 ഒരു മണി കഴിഞ്ഞിരുന്നു. ഉണ്ണിയേശു ജനിച്ച മുഹൂർത്തം അതിനിടയിൽ എപ്പോഴോ കടന്നുപോയിക്കഴിഞ്ഞിരുന്നു. പലസ്തീനിൽ നിന്നും പലായനം ചെയ്ത് ജോർദാനിൽ അഭയാർഥിയായി, അവിടെ നിന്നും കോഴിക്കോട് വന്നു ഉന്നത പഠനം നടത്തുന്ന പലസ്തീൻ പെൺകുട്ടി അഫ്ര എന്റെ ഉള്ളിൽ ജനിച്ചു വീഴുകയായിരുന്നു ഇതേ നിമിഷങ്ങളിൽ. ഉറക്കം പിടിതരാതെ പോയപ്പോൾ ഒരാശ്വാസം പോലെ ബഷീർ കടന്നുവന്നു, അഫ്ര പഠിക്കുന്ന കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും അധികം അകലെയല്ലാത്ത ബേപ്പൂരിലെ സുൽത്താൻ.

റവ. മുന്തെർ ഐസക്

ഭൂമിയുടെ അവകാശത്തെ സംബന്ധിച്ച മാനിഫെസ്റ്റോ എഴുതിയ ആളാണ്. പത്താം വയസിൽ തേഡ് ഫോറത്തിൽ പഠിക്കുമ്പോൾ വൈക്കം ബോട്ട് ജെട്ടിയിൽ വന്നിറങ്ങി സത്യഗ്രഹ വേദിയിലേക്ക് നടന്നു നീങ്ങിയ ഗാന്ധിയെ തൊട്ട നിമിഷം മുതൽ ബഷീറിന് പകർന്നു കിട്ടിയ ദർശനം. താൻ സ്വന്തമാക്കിയ രണ്ടേക്കർ ഭൂമിയുടെ തുണ്ടിനെ കുറിച്ച് ഭൂമിയുടെ അവകാശികളിൽ ബഷീർ ഇങ്ങനെ എഴുതുന്നു:

"ഭൂഗോളത്തിലെ ഈ രണ്ടേക്കർ സ്ഥലത്തിന് ക്ഷീരപഥത്തിലോ, സൌരയൂഥത്തിലോ, അണ്ഡകടാഹത്തിലോ, പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളിലോ, മറ്റാർക്കും, മറ്റാർക്കും തന്നെ യാതൊരു അവകാശവുമില്ല. ഈ സംഗതി നാടുഭരിക്കുന്ന ഗവൺമെൻറ് ഉറപ്പ് തന്നിട്ടുള്ളതുമാണ്."

എന്നാൽ സംഭവിച്ചതോ...?

"തീറാധാരങ്ങളെയും മുള്ളുവേലികളെയും ഷാനെയും (കാവൽ നായ) ഗവൺമെന്റിനെയും പ്രപഞ്ചങ്ങളിൽ ആരെയും മാനിക്കാത്ത ഒരു കൂട്ടർ പ്രത്യക്ഷപ്പെടുന്നു!"

കുട്ട്യേടത്തി വിലാസിനി അവതരിപ്പിച്ച സെബിയുടെ അമ്മച്ചി, വാവലുകളെ കൊല്ലാൻ തോക്ക് തന്നെ വേണം എന്നു പറഞ്ഞ ബഷീറിന്റെ 'കശ്മല'യായ ഭാര്യയെ പോലെയാണ്. വീഡിയോ കോളുകളിൽ  പ്രത്യക്ഷപ്പെട്ട് അവർ മകനോടു പറയുന്ന പരാതി അയൽവാസി ജലീലിന്റെ പ്ലാവിന്റെ ചില്ലകൾ തങ്ങളുടെ പറമ്പിലേക്ക് നീണ്ടു നിൽക്കുന്നതിനെ കുറിച്ചും കാറ്റടിക്കുമ്പോൾ ഇലപൊഴിയുന്നതിനെ കുറിച്ചുമാണ്. അത് ഭയങ്കര ശല്യമാണ് അവർക്ക്. ഹിംസയാണ് വഴി. വെട്ടിക്കളയുക തന്നെ. അതിന് സെബി ഉടൻ വീട്ടിൽ എത്തണം എന്നാണ് അമ്മച്ചിയുടെ ആവശ്യം. താൻ ബാംഗ്ലൂരിലേക്കുള്ള ഓട്ടത്തിലാണ് എന്നു സെബി പറഞ്ഞപ്പോൾ, അവർ കോപിച്ചു, മകനെ പ്രാകി...

വൈറൽ സെബി

വൈറൽ സെബി അവസാനിക്കുന്നത് നന്മയാൽ പൂരിതമായ ബഷീറിയൻ ദർശനത്തിന് (സെബിയുടെ ചേട്ടായിയുടെ ഭാഷയിൽ പറഞ്ഞാൽ പൂഞ്ഞാറ്റിലെ ഫിലോസഫി ) അടിവരയിട്ടുകൊണ്ടാണ്. അമ്മച്ചി ആവശ്യപ്പെട്ടതുപോലെ പ്ലാവ് വെട്ടിക്കളയണം എന്നു പറഞ്ഞ ചേട്ടായിയോട് സെബി പറഞ്ഞു- "ആ പ്ലാവ് അവിടെ നിൽക്കട്ടെ ചേട്ടായി.. ഈ അതിരൊക്കെ മനുഷ്യൻമാരുടെ മനസിലല്ലിയോ... പ്ലാവിനും കാറ്റിനുമൊക്കെ എന്നാ അതിര്...?"

ഒരു റോഡ് യാത്രയാണ് കോഴിക്കോട്ടെ ടാക്സി ഡ്രൈവർ ആയ കൂരാച്ചുണ്ടുകാരൻ സെബിയെന്ന സെബാസ്റ്റ്യനെ മാറ്റിമറിക്കുന്നത്. ശരാശരി മധ്യവർഗ്ഗ മലയാളിയുടെ ദോഷങ്ങളും നന്മയുമൊക്കെയുള്ള സെബിയെ ആശ്ലേഷിച്ചുകൊണ്ട് ആ യാത്രയ്ക്കൊടുവിൽ പലസ്തീൻകാരി അഫ്ര പറഞ്ഞു 'നിങ്ങളൊരു നല്ല മനുഷ്യനാണ്'.

വിധു വിൻസൻറ്

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ രജത ചകോരം നേടിയ  മാൻഹോൾ, സ്റ്റാൻഡ് അപ് എന്നീ സിനിമകൾക്ക് ശേഷം വ്യത്യസ്തമായ ഒരു റോഡ് മൂവിയുമായാണ് വിധു വിൻസൻറ് എത്തിയിരിക്കുന്നത്. പലതരം അതിരുകൾ ഭേദിക്കുന്നതാണല്ലോ റോഡ് യാത്രകൾ. ചുങ്കം പിരിവുകാരുടെ ചെക്ക് പോസ്റ്റുകളും ഫോറസ്റ്റിന്റെയും പോലീസിന്റെയും അതിർത്തി കവാടങ്ങൾ കടന്നിട്ടുവേണം യാത്ര തുടരാൻ. ഇങ്ങനെ അന്തമില്ലാത്ത അതിർത്തികളുടെ, പുരയിട അതിർത്തി മുതൽ രാജ്യാതിർത്തി വരെ നീളുന്ന-കഥപറയാൻ റോഡ് മൂവി എന്ന ഴോണർ തിരഞ്ഞെടുത്ത ആ ബ്രില്ല്യൻസിന് തന്നെ ഇരിക്കട്ടെ ആദ്യത്തെ കയ്യടി.

സെബി ഒരു യു ടൂബർ ആണ്. പാട്ടും പറച്ചിലുമായി കുറച്ചു വീഡിയോകൾ. വൈറൽ സെബി എന്നാണ് ചാനലിന്റെ പേര്. ഓട്ടത്തിനിടയിൽ കിട്ടുന്ന നിമിഷങ്ങൾ, ചില കാഴ്ചകൾ, പ്രത്യേകതയുള്ള യാത്രക്കാർ ഒക്കെ സെബിയുടെ വിഷയമാണ്. മുഹമ്മദ് റഫിയാണ് പ്രിയ ഗായകൻ. എന്നെങ്കിലും തന്റെ വീഡിയോ വൈറൽ ആകുന്നതും അതിലൂടെ കുറേ പണം കയ്യിൽ വന്നുചേരുന്നതുമൊക്കെയാണ് സെബിയുടെ സ്വപ്നം. അത്രമേൽ സാമ്പത്തിക പ്രയാസത്തിലൂടെ ആണ് അയാൾ കടന്നുപോകുന്നത്. പുറം ലോകത്തെ വിഷയങ്ങളിൽ ഒന്നും സെബിക്ക് വലിയ താൽപ്പര്യമില്ല. വിദ്യാർത്ഥി പ്രക്ഷോഭത്തെ ഒരു കഴപ്പ് മാത്രമായിട്ടാണ് അയാൾ കാണുന്നത്. പൌരത്വ നിയമത്തിനെതിരെ സമരം ചെയ്തതിന് പോലീസ് ലാത്തിയടിയിൽ പരുക്കേറ്റ ഒരു വിദ്യാർത്ഥിയെ അയാൾ കാറിൽ കൊണ്ടുപോകാൻ നിർബന്ധിതനാകുന്നുണ്ട്. ഇത്തരം കാര്യങ്ങളോടുള്ള ആയാളുടെ അസഹിഷ്ണുതയും വെറുപ്പും ആ രംഗങ്ങളിൽ വ്യക്തമാണ്.

വൈറൽ സെബിയിലെ ഒരു രംഗം

അതുമാത്രമല്ല, സെബി ഒരു സദാചാര വാദി കൂടിയാണ്. കാറിൽ തന്റെ കൂട്ടുകാരിയെ ചുംബിക്കാനൊരുങ്ങുന്ന കൗമാരക്കാരനെയും പെണ്ണിനെയും ഇറക്കിവിടുന്നുണ്ട് അയാൾ. പിന്നിലിരിക്കുന്ന യുവതി മറ്റൊരാളുടെ ഭാര്യയും, യുവാവുമായുള്ളത് വിവാഹേതര ബന്ധവുമാണ് എന്നു മനസിലാക്കുന്ന സെബി അനവസരത്തിൽ ബ്രേക്ക് ചവിട്ടി അവരെ അസ്വസ്ഥരാക്കുകയും ഹോൺ മുഴക്കി ശബ്ദമുണ്ടാക്കുകയും ചെയ്യുന്നു. ഇതേ സെബി അഫ്രയുമായുള്ള യാത്രയ്ക്കിടെ വയനാട്ടിൽ വെച്ചു സദാചാര വിചാരണയ്ക്ക് വിധേയമാവുകയും അക്രമികളെ ചവിട്ടി വീഴ്ത്തി കാർ ഓടിച്ചു രക്ഷപ്പെടാൻ നിർബന്ധിതനാവുകയും ചെയ്യുന്നുണ്ട്.

അഫ്ര എന്ന പലസ്തീൻ പെൺകുട്ടി ബാംഗ്ലൂർ യാത്രയ്ക്കായി കാറിൽ കയറിയപ്പോൾ മുതൽ സെബിയുമായി പ്രശ്നത്തിലാണ്. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അവളുടെ കൂട്ടുകാരൻ പോലീസ് കസ്റ്റഡിയിൽ ആണ്. പോലീസ് പിടിയിലായാൽ അവൾ ഡീപോർട്ട് ചെയ്യപ്പെടും-അതായത് നിർബന്ധ പൂർവ്വം അതിർത്തി കടത്തപ്പെടും. അതിൽ നിന്നും രക്ഷപ്പെടാനാണ് അവളുടെ ബാംഗ്ലൂർ യാത്ര. രാജ്യാതിർത്തികളുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണല്ലോ പൗരത്വം എന്ന സംജ്ഞ തന്നെ. ഇക്കഴിഞ്ഞ ഐ എഫ് എഫ് കെയിൽ കണ്ട ജിയോകോമെ അബ്രുസി  സംവിധാനം  ചെയ്ത ഫ്രെഞ്ച് സിനിമ ഡിസ്കോ ബോയ് (2023) ഫ്രാൻസിൽ പൗരത്വം കിട്ടാൻ നിങ്ങൾ ചോര വീഴ്ത്തിയാൽ മതി എന്ന പ്രസ്താവനയോടെയാണ് അവസാനിക്കുന്നത്.  പൗരത്വം, അനധികൃത  കുടിയേറ്റം, പലായനം, പ്രതിരോധം എന്നിവയെ ദേശ രാഷ്ട്രത്തിന്റെ അതിർവരമ്പുക്കകത്തു നിർത്തി വിശകലനം ചെയ്യാൻ ശ്രമിക്കുന്നുണ്ട് ആ സിനിമ.  മതത്തിന്റെ അടിസ്ഥാനത്തിൽ വിവേചനത്തോടെ പൗരത്വത്തെ നിർണ്ണയിക്കാനുള്ള മോദി സർക്കാരിന്റെ നീക്കത്തിനെതിരെ ആയിരുന്നല്ലോ 2019ൽ ഇന്ത്യയൊട്ടാകെ നടന്ന സി എ എ വിരുദ്ധ സമരം.

 

ഡിസ്കോ സിനിമയുടെ പോസ്റ്റർ

ബാംഗ്ലൂർ യാത്രയ്ക്കിടയിൽ സദാചാര പോലീസിംഗിന് വിധേയരായി രക്ഷപ്പെട്ടോടി വനത്തിനുള്ളിൽ കാറുമായി ഒളിച്ചു നിൽക്കവേയാണ് സിനിമയിലെ ഏറ്റവും ഹൃദയസ്പൃക്കും ശക്തവുമായ രണ്ടു രംഗങ്ങളിലൂടെ കാണികൾ  കടന്നുപോകുന്നത്. ആദ്യ രംഗത്തിൽ പലസ്തീനെ കുറിച്ച് കേട്ടിട്ടുണ്ടെന്നും അത് ഷഹബാസിൻറെ പാട്ടിലൂടെയാണെന്ന് പറഞ്ഞു സെബി ആ പാട്ടുപാടുകയാണ്. അപരിചിതരായ രണ്ടുപേർ, രണ്ടു ദേശക്കാർ, രണ്ടു സംസ്ക്കാരം, രണ്ടു ഭാഷ,  അപരിചിതമായ സ്ഥലത്ത് അതും വനത്തിനുള്ളിൽ... ആ പാതിരാവിൽ പാടുന്ന പാട്ടിൽ അവർ ഒന്നാകുകയാണ്. ഒരേ ലോകത്തെ മനുഷ്യരെന്ന നിലയിൽ പരസ്പരം തിരിച്ചറിയുകയാണ്.  ആ വരികൾ ഇങ്ങനെ

പലസ്തീനിലെ മേഘത്തോട് ഒരു സ്ത്രീ പറഞ്ഞത് കേട്ടു

ദർവേശ്, ദർവേശ് മഹമ്മൂദ് ഉര ചെയ്തോരു സങ്കട കാവ്യം കേൾക്കൂ..

എന്തെന്നാലെൻ പ്രിയമുള്ളവനെ മറയ്ക്കൂ മേഘമേ

അവന്റെ രക്തം കൊണ്ടെൻ ഹൃദയം നനഞ്ഞു കുതിരുകയാണല്ലോ....

 മുഹമ്മദ് റാഫിയുടെ പാട്ട് പാടുന്ന, ഷഹബാസിൻറെ ഗാനം ആസ്വദിക്കുന്ന അഫ്രയോട് ഒരു വിദേശിയായ നിങ്ങൾക്ക് ഇതെങ്ങനെ സാധിയ്ക്കുന്നു എന്നു സെബി ചോദിക്കുന്നുണ്ട്. സംഗീതത്തിന് അതിരുകളില്ല എന്നു അഫ്ര പറയുന്നു. ഇസ്രയേലി സംവിധായകൻ അമോസ് ഗിതായിയുടെ ഫ്രീ സോൺ (2006) എന്ന സിനിമയിൽ ജറുസലേമിലെ വെസ്റ്റേൺ വാളിന് പുറത്തു പാർക്ക് ചെയ്ത കാറിന്റെ പിൻസീറ്റിലിരുന്നു കരയുന്ന അമേരിക്കൻ യുവതിയുടെ പശ്ചാത്തലത്തിൽ പത്ത് മിനുറ്റ് ദൈർഘ്യമുള്ള പാട്ട് കേൾക്കാം. സംഗീതം അതിരുകളെ മായ്ച്ചുകളയുന്ന അതിഗംഭീരമായ അനുഭവമാണ് ആ ഗാനം. മദ്ധ്യേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അതിരുകളില്ലാത്ത സ്വതന്ത്ര ദേശത്തെ കുറിച്ചുള്ള ആഖ്യാനമാണ് ആ സിനിമ.

 വീട്ടിൽ നിന്നു അതിരാവിലെ സെബി പൊതിഞ്ഞു കൊണ്ടുവന്ന ദോശയും ചമ്മന്തിയും കഴിച്ചുകൊണ്ടിരിക്കെ സെബി അഫ്രയോട് ഭക്ഷണം ഇഷ്ടപ്പെട്ടോ എന്നു ചോദിക്കുന്നു. പിന്നെ അയാൾ ആത്മഗതം ചെയ്യുന്നു-വിശന്നാൽ എന്തിഷ്ടം എന്ന്. അഫ്ര സെബിയോട് തിരിച്ചു ചോദിക്കുന്നത്  പട്ടിണി അനുഭവിച്ചിട്ടുണ്ടോ എന്നാണ്. സംഗീതത്തിനെന്ന പോലെ ഭക്ഷണത്തിനും, വിശപ്പിനുമില്ല അതിരുകൾ.

2005-ൽ പുറത്തിറങ്ങിയ ഫ്രീസോൺ സിനിമയിൽ നിന്നുള്ള കാർ ഡ്രൈവ് ദൃശ്യം

ഇടയിൽ ഒരു  ജോർദാനിയൻ ഗാനം പാടിക്കുന്നുണ്ട് അഫ്രയെക്കൊണ്ട് സെബി. അപ്പോഴാണ് അവൾ പറയുന്നത് ഞാൻ ജോർദാനിയല്ല, പലസ്തീനിയൻ ആണെന്ന്. ശരി ആയുധമാക്കി മുറിവുകളിൽ പതറാതെ പ്രതിരോധിക്കുന്നതിനെ കുറിച്ചുള്ള പടപാട്ടാണ് അവൾ പാടുന്നത്-

"ഇതെന്റെ വീട്, ഇതെന്റെ ഭൂമി

ഇത് ഞങ്ങളുടെ കടൽ, ഞങ്ങളുടെ പുഴ

തീക്കുണ്ഡത്തിന് കീഴെ

എങ്ങനെ ഞങ്ങൾക്ക് സമാധാനമായി കഴിയാൻ കഴിയും? 

കാറിനുള്ളിൽ ഉറങ്ങുമ്പോൾ ഒരു ഒറ്റയാൻ ചിന്നം വിളിച്ചെത്തി ഭീതി  സൃഷ്ടിക്കുന്ന രംഗമാണ് രണ്ടാമത്തേത്. കാടകമാണ്, അവരുടെ ദേശമാണ്. അതിർത്തി ലംഘിച്ചെത്തിയവരാണ് സെബിയും അഫ്രയും. മനുഷ്യർക്കും മൃഗങ്ങൾക്കും ഇടയിലെ അതിർത്തി ലംഘനത്തിന്റെയും ആക്രമണത്തിന്റെയും പ്രത്യാക്രമണത്തിന്റെയും, ഇരു വിഭാഗങ്ങളുടെ -മനുഷ്യരുടെയും മൃഗങ്ങളുടെയും- പലായനത്തിന്റെയും മറ്റൊരു പാരിസ്ഥിതിക രാഷ്ട്രീയ പരിസരത്തിലേക്ക് സിനിമ കടക്കുകയാണ് ഇവിടെ. കേരള-കർണ്ണാടക അതിർത്തിയിൽ ഗുണ്ടൽപേട്ട് വനമേഖലയിൽ രാത്രിയാത്ര നിരോധിക്കപ്പെട്ടത് മൃഗങ്ങൾക്ക് സ്വാതന്ത്ര്യത്തോടെ ഭീതിയേതുമില്ലാതെ അവരുടെ ദേശത്ത് സഞ്ചരിക്കാൻ വേണ്ടിയാണ്. ഒൻപത് മണിക്ക് ചെക്ക് പോസ്റ്റ് അടച്ചുപോയതിനാലാണ് സെബിക്കും അഫ്രയ്ക്കും ഒരു രാത്രി കാട്ടിൽ കഴിയേണ്ടി വരുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പെണ്ണ് കഴപ്പ് തീർക്കാൻ നടക്കുന്നവളാണ് എന്നും അങ്ങനെയുള്ളവർക്ക് രാത്രി താമസിക്കാൻ മുറി കിട്ടില്ല എന്നും പറഞ്ഞു പോകുന്നുണ്ട് സിനിമ.  ലിംഗ പദവി വിടവെന്ന മറ്റൊരു രാഷ്ട്രീയ വിഷയത്തെ പ്രശ്നവത്ക്കരിക്കുകയാണ് വൈറൽ സെബി ഇവിടെ. 

ഇടയ്ക്കു സെബിയുടെ വ്യക്തിജീവിതത്തിലേക്കും കാണികളെ കൂട്ടിപ്പോകുന്നുണ്ട് സംവിധായിക. മകളുടെ വീഡിയോ കോളിലൂടെ ആണ് അത്. (വീഡിയോ കോളുകൾ നല്ലൊരു നറേറ്റീവ് സങ്കേതമായി ഉപയോഗിച്ചിട്ടുണ്ട് സിനിമയിൽ)  പപ്പയും മമ്മിയും എനിമികളാണ്. അഥവാ അവരുടെ വിവാഹ ജീവിതം തകർച്ചയിലാണ്. സെബിയും ഭാര്യ ആയിഷയും ഒന്നിച്ചു എഞ്ചിനീയറിംഗ് കോളേജിൽ പഠിച്ചവരാണ്. ആര് ആരുടെ ശത്രുവാണ്? എനിമി എന്ന വാക്കിലൂടെ സെബിയുടെ കുടുംബ ജീവിതത്തെ എത്ര ഗംഭീരമായാണ് മൊത്തം പ്രമേയ പരിസരവുമായി ബന്ധിപ്പിച്ചിരിക്കുന്നത്. കാണുന്നതും കാണാതാത്തതുമായ എന്തൊക്കെയോ തരം അതിർത്തികൾ സൃഷ്ടിക്കുന്ന ശത്രുത...! സെബിയുടെ മമ്മിക്ക് അയൽവാസിയോട് തോന്നുന്ന ശത്രുത. അഥവാ അയൽവാശി. (മിശ്ര സാംസ്കാരിക ജീവിത പരിസരത്തെയും മനുഷ്യരെയും സാമൂഹ്യശാസ്ത്രപരമായ സൂക്ഷ്മതയോടെ സമീപകാലത്ത് അടയാളപ്പെടുത്തിയ സിനിമയായിരുന്നല്ലോ അയൽവാശി.) 

അയൽവാശി സിനിമ

ഇതിനൊക്കെയും മേലെ മറ്റൊരു അതിർവരമ്പ് കൂടി മനുഷ്യർക്കിടയിലുണ്ടല്ലോ. അത് വർഗ്ഗ വ്യത്യാസമാണ്. സമ്പത്തിനെ അടിസ്ഥാനമാക്കിയുള്ള ഉച്ചനീചത്വമാണ്. അതുകൊണ്ടാണ് ടാക്സി ഡ്രൈവർക്ക് വലിയ ഏതോ കമ്പനിയിൽ ഉദ്യോഗസ്ഥനായ പാസഞ്ചറുടെ കൂടെ ഇരുന്ന് ചായ കുടിക്കാൻ സാധിക്കാത്തത്. ഒരു നോട്ടം കൊണ്ട് തന്റെ ഓപ്പോസിറ്റായി ടേബിളിൽ ഇരുന്ന സെബിയെ എഴുന്നേൽപ്പിച്ചു വിടുന്നുണ്ട് അയാൾ. കോട്ടയത്തെ ഏതോ ഗ്രാമത്തിൽ നിന്നും കുടിയേറി വന്നവരാണ് സെബിയുടെ അപ്പനും അമ്മയും. രണ്ടാം ലോക മഹായുദ്ധം സൃഷ്ടിച്ച ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും കാലത്ത് തിരുവിതാംകൂറിൽ നിന്നും മലബാറിലേക്ക് (അന്ന് മൂന്ന് രാജ്യങ്ങളായിരുന്നല്ലോ കേരളം) നടന്ന വമ്പിച്ച കുടിയേറ്റത്തിന്റെ/പലായനത്തിന്റെ ഇങ്ങേ തലമുറ എന്ന നിലയിൽ സെബിയും അഫ്രയോടൊപ്പം ഒരേ മനുഷ്യാതിജീവനത്തിന്റെ ശൃംഖലയിൽ കണ്ണി ആയിമാറുന്നു.

കോഴിക്കോടൻ ഭാഷയ്ക്ക് പകരം സെബി പറയുന്ന മധ്യ തിരുവിതാംകൂർ സ്ലാങ്ങിലുള്ള സംസാര ഭാഷ അയാളുടെ ദേശ സ്വത്വത്തെ/വേരിനെ അടയാളപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത്. മലയാളി മറന്നുകൂടാത്ത ഒരു ചരിത്ര ഘട്ടത്തെ ഓർമ്മയിലേക്ക് കൊണ്ടുവരിക കൂടിയാണ്. ഭാഷ നല്ലൊരു രാഷ്ട്രീയ വായനയ്ക്കുള്ള പാഠമായി സംവിധായിക ആസ്വാദകന് വിട്ടുതരുന്നുണ്ട് ഇവിടെ. എസ് കെ പൊറ്റെക്കാടിന്റെ വിഷകന്യകയും, കാക്കനാടന്റെ ഒറോതയും, കെ ജെ ബേബിയുടെ ബസ്ഫൂർക്കാനയും സി വി ബാലകൃഷ്ണന്റെ ആയുസിന്റെ പുസ്തകവും വിനോയ് തോമസിന്റെ കരിക്കോട്ടക്കരിയും പുറ്റും എസ് ഹരീഷിന്റെ ആഗസ്ത് 17 ഉം മലയാളിയുടെ കൂട്ടപ്രയാണത്തെ സാഹിത്യത്തിൽ അടയാളപ്പെടുത്തിയ കഥാഖ്യാനങ്ങളാണല്ലോ. (ആഗസ്ത് 17ൽ കഥ പറഞ്ഞ് ഹരീഷ് സെബിയുടെ കൂരാച്ചുണ്ടിന് സമീപത്തൂടെ കടന്നു പോകുന്നുണ്ട്, യാദൃശ്ചികമെന്ന് പറയട്ടെ ബഷീർ അതിൽ മുഖ്യ കഥാപാത്രമാകുന്നുമുണ്ട്)

സെബിയുടെ അമ്മച്ചിയെ അലോസരപ്പെടുത്തുന്ന ജലീലിന്റെ പ്ലാവ് മുതൽ, മുത്തങ്ങ വനമേഖലയിലെ ഒറ്റയാനും, പലസ്തീനിൽ നിന്നും ജോർദാനിലേക്ക് പലായനം ചെയ്യുകയും അവിടെ നിന്നും മറ്റൊരു രാജ്യത്തിൻറെ അതിർത്തി കടന്നു ഉന്നത പഠനത്തിനായി കേരളത്തിലെത്തിയ പലസ്തീൻ പെൺകുട്ടിയും കാണികളുമായി സംവദിക്കുന്നത് അതിർത്തി എന്ന അതിശക്തമായ രൂപകത്തെ മുൻ നിർത്തിയാണ്. അറ്റമില്ലാത്തതാണ് ആ അതിരുകൾ. ബലൂചിസ്ഥാൻ മേഖലയിൽ അഫ്ഗാനിസ്താനെയും  ഇറാനെയും തമ്മിൽ വേർതിരിക്കുന്ന നെടുനീളൻ മതിലിനു ചാരത്തെ ഗ്രാമത്തിൽ നടക്കുന്ന കഥയാണ് അബ്ബാസ് അമിനിയുടെ എൻഡ് ലെസ്സ് ബോർഡേഴ്സ് (2023) . താലിബാനിൽ നിന്നും രക്ഷപ്പെട്ട് അഫ്ഗാനിലെ ന്യൂനപക്ഷമായ ഹസാരസ് വിഭാഗത്തിലെ ജനങ്ങൾ ഇറാൻ വഴി തുർക്കിയിലേക്കും അവിടുന്നു യൂറോപ്പിലേക്കും നുഴഞ്ഞു കുടിയേറുന്നതിൻറെ കഥയാണത്. ഐ എഫ് എഫ് ഐയിൽ ഇത്തവണ സുവർണ്ണ മയൂരം കരസ്ഥമാക്കിയ കുടിയേറ്റത്തെയും പലായനത്തെയും കുറിച്ചുള്ള ഈ ഇറാൻ സിനിമയുടെ ഗണത്തിലേക്കാണ് വൈറൽ സെബി എന്ന കൊച്ചു മലയാള സിനിമയും കണ്ണി ചേർക്കപ്പെട്ടിരിക്കുന്നത്.

ഐ എഫ് എഫ് ഐയിൽ ഇത്തവണ സുവർണ്ണ മയൂരം കരസ്ഥമാക്കിയ കുടിയേറ്റത്തെയും പലായനത്തെയും കുറിച്ചുള്ള ഈ ഇറാൻ സിനിമ എൻഡ് ലെസ്സ് ബോർഡേഴ്സ് (2023)

സെബിയുടെ വീട്ടുകാരെ പോലെ തിരുവിതാംകൂറിലെ  വൈക്കത്തുനിന്നും കോഴിക്കോട്ടേക്ക് കുടിയേറി വന്നവനാണല്ലോ ബഷീറും. ഉലകം ചുറ്റും വാലിബാനായിരുന്ന ബഷീർ കാണാത്ത ലോകങ്ങളില്ല, പരിചയപ്പെട്ടാത്ത മനുഷ്യരില്ല, അനുഭവിക്കാത്ത പീഡകളില്ല. ആ ബഷീർ യുദ്ധത്തെ കുറിച്ച്  ശബ്ദങ്ങളിൽ ഇങ്ങനെ എഴുതുന്നു-

ഇപ്പോഴും ഭൂഗോളത്തിൽ എവിടെയെങ്കിലും കാണുമല്ലോ യുദ്ധം . ഇതിനൊക്കെ ആരാണ് ഉത്തരവാദികൾ?

ആരാണെന്നാ നിങ്ങളുടെ വിചാരം?

ചക്രവർത്തികൾ, രാജാക്കൻമാർ, പ്രസിഡണ്ടൻമാർ, ഏകാധിപതികൾ.. ഇവരെല്ലാം ഘാതകൻമാരല്ലേ?

അതെയോ?

അതേ. അവരുടെ സിംഹാസനങ്ങളെല്ലാം മനുഷ്യരക്തത്തിൽ മുങ്ങിയതാണ്...

വൈക്കം മുഹമ്മദ് ബഷീർ

 സെബിയായി സുദീപ് കോശിയും അഫ്രയായി മീര ഹാമെദും ഹൃദയം കവർന്നു എന്ന് പറയേണ്ടതില്ല. സജിത മഠത്തിലും ആനന്ദ് ഹരിദാസും ചേർന്നൊരുക്കിയ തിരക്കഥ ഇടർച്ചകളില്ലാത്ത വിധം ശക്തം. റോഡ് യാത്രയുടെ ഏകതാനത മുഷിപ്പിക്കാതെ ക്യാമറ കൊണ്ട് വിനോദ് ഇല്ലംപ്പള്ളിയും എഡിറ്റർ ക്രിസ്റ്റി സെബാസ്റ്റ്യനം തങ്ങളുടെ ഭാഗം ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നു. ആദ്യ രണ്ട് സിനിമകളിൽ നിന്നും വ്യത്യസ്തമായി ചലച്ചിത്ര ഭാഷയിൽ നല്ല വഴക്കം കൈവരിച്ച ഒരു സംവിധായികയെ  ഈ സിനിമയിൽ നമുക്ക് കാണാം. വിധു വിൻസൻറ്, ഭൌമ രാഷ്ട്രീയ സംഘർഷങ്ങൾ പ്രമേയമാക്കിയ ചുരുക്കം ഇന്ത്യൻ സിനിമകളിൽ മികച്ച വൈകാരികാനുഭവം നൽകിയ സിനിമ സൃഷ്ടിച്ചതിൽ അഭിമാനിക്കാം. അതേ,  ഈ സിനിമ പലസ്തീൻ ജനതയോട് ഐക്യപ്പെടുന്ന ഓരോ മലയാളിയുടെയും മനസാണ്.  

 

Comments