ഭയം മനുഷ്യന്റെ പ്രാചീന അനുഭവങ്ങളിലൊന്നാണ്: ഇരുട്ടിൽ നിന്നുള്ള അനിശ്ചിതത്വം, അപരിചിതരുടെ നിശ്ശബ്ദത, അപ്രതീക്ഷിത ചലനങ്ങൾ എന്നിങ്ങനെ സിനിമയുടെ ആരംഭഘട്ടം മുതൽ, ഈ ഭയാനുഭവം സംവിധായകർ ഉപയോഗിച്ചുവന്നിരുന്നു. ഹൊറർ സിനിമ അതിനാൽ ഒരു കലാരൂപമായി തന്നെ ഉടലെടുത്തു. മനുഷ്യന്റെ അവബോധത്തിന്റെ ഇരുണ്ട കോണുകളെ വെളിച്ചത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമായി കാലക്രമേണ ഹൊറർ സിനിമകൾ മാറിത്തുടങ്ങി. 1920-കളിലെ ജർമ്മൻ എക്സ്പ്രഷനിസ്റ്റ് ചിത്രങ്ങളിൽ നിന്നു തുടങ്ങി, ഇന്നത്തെ മനഃശ്ശാസ്ത്രപരമായ ഭീകരതയിലേക്കു വരെ, ഹൊറർ സിനിമ ഭയം എന്ന വികാരത്തിന്റെ പരിണാമം രേഖപ്പെടുത്തിയിരിക്കുന്നു.
ലോക സിനിമയിൽ തന്നെ പ്രത്യേക ആരാധക വിഭാഗം തന്നെയുള്ള ഒന്നാണ് ഹൊറർ സിനിമകൾ. ലോകത്തിലെ തന്നെ വിവിധ ഭാഷകളിൽ നിരവധി ഹൊറർ സിനിമകൾ കാണാൻ സാധിക്കും. ദ എക്‌സോസിസ്റ്റ് (The Exorcist / William Friedkin / 1973), സസ്പിറേ (Suspiria / Dario Argento / 1977), ഇറ്റ് (It / Andy Muschietti / 2017), കൊഞ്ചുറിങ് (The Conjuring: Last Rites / Michael Chaves / 2025) തുടങ്ങി പ്രേക്ഷകരെ ഭയപ്പെടുത്തിയ എണ്ണം പറഞ്ഞ ലോകസിനിമകളുണ്ട്. അപ്രാധി കോൻ, തുംബാഡ്, ബരമുള്ള, ഭൂത് എന്നിങ്ങനെയുള്ള ഇന്ത്യൻ സിനിമകളുണ്ട്. ഭാർഗവീനിലയവും ആകാശഗംഗയും മണിച്ചിത്രത്താഴും പോലെ മലയാളത്തിലും ഹൊറർ സിനിമകളുടെ നീണ്ട നിരയുണ്ട്.
പരമ്പരാഗത ഭീകരതയുടെ കൃത്രിമത്വങ്ങൾ ഒഴിവാക്കി, അല്പത്വത്തിലൂടെ ഭയത്തെ തീവ്രമാക്കുന്ന മിനിമൽ ഹൊറർ സിനിമകൾ, സിനിമയെ ഭയത്തിന്റെ ശബ്ദത്തിൽ നിന്ന് ഭയത്തിന്റെ നിശ്ശബ്ദതയിലേക്കാണ് നയിക്കുന്നത്.
ഹൊറർ സിനിമയുടെ ശക്തി അതിന്റെ ‘ഭയപ്പെടുത്തൽ’ മാത്രമല്ല, മറിച്ച് ‘എന്തുകൊണ്ട് ഭയപ്പെടുന്നു’ എന്ന ചോദ്യത്തിനുള്ള അന്വേഷണം കൂടിയാണ്. ചിലപ്പോൾ അത് മതത്തെയും, ചിലപ്പോൾ സമൂഹത്തെയും, ചിലപ്പോൾ മനുഷ്യന്റെ ഏകാന്തതയെയും വെല്ലുവിളിക്കുന്നു. ഭയം ഇവിടെ വിനോദമല്ല, അത് ഒരു മനോവിജ്ഞാനാനുഭവമായാണ് പരിവർത്തനം നടത്തപ്പെടുന്നത്.
ഈ പശ്ചാത്തലത്തിലാണ് മിനിമൽ ഹൊറർ സിനിമകൾ ജനിക്കുന്നത്. പരമ്പരാഗത ഭീകരതയുടെ കൃത്രിമത്വങ്ങൾ ഒഴിവാക്കി, അല്പത്വത്തിലൂടെ ഭയത്തെ തീവ്രമാക്കുന്ന ഇത്തരം സിനിമകൾ, സിനിമയെ ഭയത്തിന്റെ ശബ്ദത്തിൽ നിന്ന് ഭയത്തിന്റെ നിശ്ശബ്ദതയിലേക്കാണ് നയിക്കുന്നത്.
ഒരുപക്ഷെ പരമ്പരാഗത ഹൊറർ സിനിമാ പ്രേക്ഷകർക്ക് എളുപ്പം അംഗീകരിക്കാൻ പറ്റാത്ത ഇത്തരം മിനിമൽ ഹൊറർ സിനിമകളാണ് പുതിയ കാലത്തിന്റെ സിനിമാഗതിയെ നിയന്ത്രിക്കുന്നത് എന്നു പറയാം.

ഭീകരതയെ പറ്റി സംസാരിക്കുമ്പോൾ പലപ്പോഴും നമുക്ക് തോന്നുന്നത് അതിൽ രക്തം, അക്രമം, ശബ്ദം ഉൾപ്പെടെയുള്ള ഘടകങ്ങൾ ആവശ്യമാണ് എന്നതാണ്. എന്നാൽ ഭയം എന്നത് ഒരു വലിയ ശബ്ദം അല്ല എന്നും, ചിലപ്പോൾ അത് ശ്വാസത്തിനിടയിലെ നേരിയൊരു നിശ്ശബ്ദത പോലുമാകാം എന്ന ചിന്ത കൂടിയാണ് മിനിമൽ ഹൊറർ സിനിമകളുടെ ഭംഗി.
1960- കളിലാണ് മിനിമൽ ഹൊറർ എന്ന രീതി ഭയത്തിന്റെ മറ്റൊരു മുഖമായി ലോക സിനിമ ഏറ്റെടുക്കുന്നത്. ആൽഫ്രഡ് ഹിച്ച്കോക്കിന്റെ സൈക്കോ എന്ന സിനിമയിലെ ഒരു രംഗം തന്നെ പറഞ്ഞുവെക്കാം. ഹോട്ടൽ മുറിയിലെ ഷവർ രംഗം (shower scene) ഭയത്തിന്റെ ഏറ്റവും ലളിതമായ ഭാഷയാണ്. ഒരു സ്ത്രീ, വെള്ളം, കത്തി, ശബ്ദം, അതിനപ്പുറം ഒന്നുമില്ല. പക്ഷേ ആ രംഗം ഇന്നും സിനിമാചരിത്രത്തിലെ ഭയത്തിന്റെ ഉദാഹരണമായി അടയാളപ്പെടുത്താൻ കഴിയും. The Blair Witch Project പോലെയുള്ള സിനിമകൾ വളരെ മിനിമൽ ബജറ്റിൽ ചിത്രീകരിച്ച്, അതിലെ ക്യാമറാ ചലനങ്ങളിലൂടെ പ്രേക്ഷകരെ ഭയപ്പെടുത്തിയിട്ടുണ്ട്. റോബർട്ട് എഗേഴ്സിന്റെ ദ വിച്ച് പോലെയുള്ള സിനിമകളും ഇതിനുദാഹരണമാണ്.
ചുരുളി മിനിമലിസത്തിന്റെ മറ്റൊരു വിചിത്രരൂപമാണ്. ഒരു കാട്ടിനുള്ളിൽ നഷ്ടപ്പെടുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ കഥയിൽ ഭയം മൗനത്തിൽ നിന്നാണ് ഉയരുന്നത്.
എന്നാൽ ഇന്ത്യൻ സിനിമയിൽ ഭീകരത എല്ലായ്‌പ്പോഴും കാഴ്ചയും ശബ്ദവും അവയുടെ അതിപ്രസരവും കൊണ്ടാണ് ഭീകരതയെ കാണിച്ചിട്ടുള്ളത്. ഒരു ദശാബ്ദത്തോളമായി ഇന്ത്യൻ സിനിമ മിനിമൽ ഹൊറർ എന്ന ചിന്തയെ വഹിച്ചുതുടങ്ങിയിട്ട്. രാം ഗോപാൽ വർമ്മയുടെ രാത്, അനുരാഗ് കശ്യപിന്റെ That Day After Everyday, പിസ, തുംബാഡ് പോലെയുള്ള സിനിമകൾ തന്നെയാണ് ഇന്ത്യൻ സിനിമയിൽ ഹൊറർ സിനിമകളുടെ ഗതി മാറ്റിയത്.
ഇന്ത്യൻ സിനിമകളിൽ, മലയാളത്തിലാണ് മിനിമൽ ഹൊറർ അതിന്റെ ഭംഗിയിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. മണിച്ചിത്രത്താഴ് പോലും നേരിട്ടല്ലെങ്കിലും ഈ വിഭാഗത്തിൽ നിസ്സംശയം ഉൾപ്പെടുത്താനാകും. ‘നാഗവല്ലി’ എന്ന കഥാപാത്രത്തിന്റെ അഭാവത്തിൽ പോലും അവളുടെ സാന്നിധ്യം അനുഭവപ്പെടുന്നത് മനസ്സിന്റെ ഭയമാണ്, ദൃശ്യഭീകരതയല്ല.
അതുപോലെ, ചുരുളി മിനിമലിസത്തിന്റെ മറ്റൊരു വിചിത്രരൂപമാണ്. ഒരു കാട്ടിനുള്ളിൽ നഷ്ടപ്പെടുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ കഥയിൽ ഭയം മൗനത്തിൽ നിന്നാണ് ഉയരുന്നത്. ഇവിടെ ഭീകരത ഭൗതികമല്ല, മാനസികമാണ്. കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മി, ഒരു ഹൊറർ സിനിമ അല്ലാഞ്ഞിട്ടുപോലും മിനിമൽ ഹൊറർ എന്ന ആശയത്തെ അക്ഷരംപ്രതി ഉദാഹരിക്കാൻ സാധിക്കുന്ന ഒന്നാണ്. കഥാപാത്രത്തിന്റെ നിശ്ശബ്ദ സാന്നിധ്യം തന്നെ മിനിമൽ ഭയാനുഭവം സൃഷ്ടിക്കുന്നു. അതിലെ ‘ചിരിയില്ലാത്ത പുഞ്ചിരി’ പ്രേക്ഷകരിൽ അസ്വസ്ഥതയുണ്ടാക്കുന്നു.

ഈയടുത്ത്, മിനിമൽ ഹൊററിൽ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകൻ രാഹുൽ സദാശിവനെ പരാമർശിക്കാതെ ഈ വിലയിരുത്തൽ പൂർണ്ണമാവില്ല. മലയാളികളുടെ ഹൊറർ കാഴ്ചകളിൽ വ്യത്യസ്തമായ അനുഭവം കൊണ്ടു വന്ന മൂന്ന് സിനിമകളാണ് ഭൂതകാലം, ഭ്രമയുഗം, ഡീയസ് ഈറെ. സ്ഥിരം കണ്ടുവന്ന ആഖ്യാന ശൈലികളെയും അവയുടെ വാർപ്പ് മാതൃകകളെയും പൊളിച്ചുകൊണ്ടാണ് രാഹുൽ മിനിമൽ ഹൊറർ എന്ന ആശയത്തെ മലയാള സിനിമയിൽ വേരുറപ്പിച്ചു നിർത്തുന്നത്.
സിഗ്മണ്ട് ഫ്രോയിഡ് ‘The Uncanny എന്ന ലേഖനത്തിൽ പറഞ്ഞതുപോലെ, ഭയം പലപ്പോഴും പരിചിതമായതിനുള്ള അപ്രതീക്ഷിതമായ തിരിച്ചറിവിലാണ് ഉത്ഭവിക്കുന്നത്. ഒരിക്കൽ സുരക്ഷിതമായിരുന്ന വീട്ടിൽ കേൾക്കുന്ന അന്യശബ്ദം, തന്റെ സ്വന്തം പ്രതിബിംബത്തിൽ കാണുന്ന അന്യമായ മുഖം, അല്ലെങ്കിൽ അപ്രതീക്ഷിതമായ നിശ്ശബ്ദത — ഈ നിമിഷങ്ങൾ നമ്മെ മനസ്സിന്റെ പേടിയുടെ ആഴത്തിലേക്ക് തള്ളിയിടുന്നു.
ഹൊറർ സിനിമ യഥാർത്ഥത്തിൽ, മനുഷ്യമനസ്സിലെ അനിശ്ചിതത്വങ്ങളെയും അടിച്ചമർത്തിയ വികാരങ്ങളെയും വെളിച്ചത്തിലേക്ക് കൊണ്ടുവരുന്ന മനഃശ്ശാസ്ത്രപരമായൊരു പരീക്ഷണശാലയാണ്.
ഹൊറർ സിനിമയെ ഭയപ്പെടുത്താനുള്ള വെറും വിനോദമെന്ന നിലയിൽ കാണുന്നത് അതിന്റെ ആഴം നഷ്ടപ്പെടുത്തും. യഥാർത്ഥത്തിൽ, അത് മനുഷ്യമനസ്സിലെ അനിശ്ചിതത്വങ്ങളെയും അടിച്ചമർത്തിയ വികാരങ്ങളെയും വെളിച്ചത്തിലേക്ക് കൊണ്ടുവരുന്ന മനഃശ്ശാസ്ത്രപരമായൊരു പരീക്ഷണശാലയാണ്. പ്രത്യേകിച്ച് മിനിമൽ ഹൊറർ സിനിമ, ഈ ആന്തരിക ഭയം അതിന്റെ ലളിതത്വത്തിലൂടെയാണ് പ്രകടിപ്പിക്കുന്നത്. അധിക ശബ്ദമോ ദൃശ്യവിസ്ഫോടനമോ ഇല്ലാതെ, മനുഷ്യന്റെ ഒറ്റപ്പെടലിലും നിശ്ശബ്ദതയിലും മറഞ്ഞിരിക്കുന്ന ഭയത്തെ ഈ സിനിമകൾ പുറത്തുകൊണ്ടു വരുന്നുണ്ട്.
മിനിമൽ ഹൊറർ സിനിമകളുടെ ഹൊറർ അനുഭവങ്ങൾ അതിന്റെ നിശ്ശബ്ദത തന്നെയാണ്. ഭയം പറയാതെ തന്നെ പറയുമ്പോഴാണ് അതിന്റെ ഏറ്റവും ഭീകരാവസ്ഥ വെളിപ്പെടുന്നത്. പ്രേക്ഷകമനസ്സിൽ ഭയത്തിന്റെ രൂപം പിറവിയെടുക്കുമ്പോൾ, സിനിമയും പ്രേക്ഷകരും ഒരുമിച്ചാണ് ആ അനുഭവം സൃഷ്ടിക്കുന്നത്.