വിറ്റാലിന വാരെലയിൽ സിനിമയിൽ വിറ്റാലിന

ചെരുപ്പിടാത്ത പാദങ്ങളുടെ സഞ്ചാരങ്ങൾ

വിറ്റലിന വാരെല

പോർച്ചുഗീസ്​ സംവിധായകൻ പെഡ്രോ കോസ്​റ്റയുടെ ‘വിറ്റലിന വാരെല’ എന്ന സിനിമയുടെ കാഴ്​ച

പോർചുഗൽ കോളനീകരിച്ച ആഫ്രിക്കൻ ദ്വീപ് രാഷ്ടമാണ് കേപ് വർദെ.
1975 ലാണ് കേപ് വർദെക്ക് സ്വാതന്ത്ര്യം കിട്ടുന്നത്. കേപ് വർദെയിൽനിന്ന് പോർച്ചുഗലിൽ എത്തുന്ന അഭയാർത്ഥിയാണ് വിറ്റാലിന. പെഡ്രൊ കോസ്റ്റയുടെ വിറ്റാലിന വാരെലയിൽ, വിറ്റാലിന തന്നെ വിറ്റാലിന എന്ന കഥാപാത്രമായി അഭിനയിക്കുന്നു. സിനിമയുടെ പ്രവർത്തനങ്ങൾക്കിടക്ക് വിറ്റാലിനക്ക് പോർചുഗൽ പൗരത്വം ലഭിച്ചു.

വിറ്റാലിന വാരെലയുടെ ഏറെ വർഷങ്ങളുടെ സ്വപ്നമാണ് പോർച്ചുഗൽ. ഇന്ന് പോർച്ചുഗലിൽ ആദ്യമായി കാലുകുത്തുന്നത് സ്വപ്നസാക്ഷാത്കാരമായല്ല. ചെരുപ്പിടാത്ത അവളുടെ പാദങ്ങൾ പോർച്ചുഗൽ തൊടുന്നത് ക്ലോസപ്പിൽ കാണിക്കുന്നുണ്ട്. കടുത്ത പനി വകവെക്കാതെയാണ് യാത്ര ചെയ്തത്. പനിച്ചൂടിൽ അറിയാതെ പോവുന്ന മൂത്രത്തിൽ നനഞ്ഞ വസ്ത്രങ്ങളും ശരീരവുമായി. ഭർത്താവ് മരിച്ചതറിഞ്ഞാണ് വിറ്റലിന വാരെല വരുന്നത്. ശവസംസ്‌കാരം മൂന്നുദിവസം മുമ്പെ നടന്നെന്ന് എയർപോർട്ടിൽ വെച്ചാണ് അവളറിയുന്നത്. എയർപോർട്ട് ശുചീകരണ വിഭാഗത്തിലെ സഹഅഭയാർത്ഥികൾ ഇത്രയും കൂട്ടിച്ചേർത്തു, നിനക്കിവിടെ വിലാസമില്ല, ഇടമില്ല, ഒരു വീടില്ല, ഭർത്താവിന്റെ സമ്പാദ്യബാക്കിയില്ല.
തനിക്കിനി ഒരു തിരിച്ചുപോക്കില്ലെന്ന് വിറ്റലിന വാരെലയും തീരുമാനിച്ചു.

ഒഴിഞ്ഞ കെട്ടിടങ്ങളിൽ അവിടെയും ഇവിടെയും കുടിയേറിയിരിക്കുന്ന ഒറ്റപ്പെട്ട അഭയാർത്ഥികൾ. പരേതരോ ജീവിച്ചിരിക്കുന്നവരോ അവരെന്നറിയാത്ത ഒരു കൊമാലിയൻ അന്തരീക്ഷം.

വിമാനമിറങ്ങിയ രാത്രിതന്നെ വിറ്റലിന വാരെല ഭർത്താവിന്റെ താമസസ്ഥലത്തേക്ക് പോവുന്നു. ഈ സിനിമയുടെ ഒന്നോ രണ്ടോ ഭാഗങ്ങൾ ഒഴികെ എല്ലാം രാത്രിയാണ് നടക്കുന്നത്. സ്‌ക്രീനിലെ തെളിച്ചം കെടുത്തുന്നത് തൊഴിലാർത്ഥി ജീവിതത്തിന്റെ ഭാഗമായ ഇരുട്ട് വിഴുങ്ങിയ ഇടങ്ങളാണ്. ലിസ്ബൻ നഗരം ഉപേക്ഷിച്ച ഏതോ കെട്ടിട സമുച്ചയത്തിന്റെ ഉള്ളിടങ്ങൾ കടന്ന് അവൾ ഭർത്താവിന്റെ മുറിയിലെത്തുന്നു. വഴി കണ്ടുപിടിക്കാനുള്ള പ്രശ്‌നചിത്രത്തിലേതുമാതിരി ചുറ്റിക്കറങ്ങിയാണ് അവിടെ എത്തുന്നത്. ഒഴിഞ്ഞ കെട്ടിടങ്ങളിൽ അവിടെയും ഇവിടെയും കുടിയേറിയിരിക്കുന്ന ഒറ്റപ്പെട്ട അഭയാർത്ഥികൾ. പരേതരോ ജീവിച്ചിരിക്കുന്നവരോ അവരെന്നറിയാത്ത ഒരു കൊമാലിയൻ അന്തരീക്ഷം. ഇടുങ്ങിയ ചതുരജനാലകളിലൂടെ പകൽ വെളിച്ചവും മുറിയുടെ ഏതെങ്കിലും ഒരു കോണിൽ മാത്രം കടന്നെത്തുന്നു.

വിറ്റാലിന വാരെലയിൽ നിന്നൊരു രംഗം
വിറ്റാലിന വാരെലയിൽ നിന്നൊരു രംഗം

ഭർത്താവിന്റെ സുഹൃത്തുക്കൾ ഓരോരുത്തരായി മുറിയിലേക്ക് വരുന്നു. അയാളുടെ കൂടെ ചെലവിട്ട നിമിഷങ്ങൾ പങ്കിടുന്നു. ജയിലിൽ വെച്ചാണ് ഞങ്ങൾ കണ്ടുമുട്ടിയത്. നിങ്ങളുടെ ഭർത്താവ് ജോക്കിം നല്ല പാചകക്കാരനായിരുന്നു. ഞങ്ങൾ ഒരുമിച്ച് മദ്യപിച്ചു. ഒരുമിച്ച് മോഷണം നടത്തി. ആവശ്യമുള്ള സമയത്ത് മറ്റുള്ളവരെ സഹായിച്ചു. ഈ മുറി നന്നാക്കാൻ ജോക്കിം പലപ്പോഴും ആഗ്രഹിച്ചിരുന്നു. മേൽക്കൂര പുതുക്കാൻ, ചുവരുകൾ വെള്ളയടിക്കാൻ, നിലം ടൈലുപാകാൻ. ഒരു നാൾ എന്റെ പ്രിയതമ വരും. അപ്പോൾ ഈ വീട് മനോഹരമായിരിക്കണം.

മറ്റൊരു സുഹൃത്ത് വന്നശേഷം പറയുന്നു, ജോക്കിമിനെ ഞാൻ കുളിപ്പിച്ചു, ഷേവ് ചെയ്യിച്ചു, വസ്ത്രം മാറ്റി, സൂപ്പ് കൊടുത്തു. ഈ മുറി മുഴുവൻ അവന്റെ ചർദ്ദിയിൽ മൂടിയിരുന്നു. ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചു. അവൻ സമ്മതിച്ചില്ല. അവന്റെ ഞരക്കം മാത്രം ഇപ്പോഴും കേൾക്കാം.
ഒരു ദിവസം അയൽവാസികളായ ദമ്പതികൾ വന്നു. അവർക്ക് വിറ്റാലിന ലഘുഭക്ഷണം വിളമ്പി. നാട്ടിലെ ഭക്ഷണത്തിന്റെ രുചി അയാളിൽ വീണ്ടുമെത്തി. ആഫ്രിക്കൻ ചോറ്, മത്തങ്ങാക്കറി, മരച്ചീനി, മധുരക്കിഴങ്ങ്. അയാൾ താൻ വിട്ടു പോന്ന രുചിസംസ്‌കാരങ്ങളെ ഓർത്തെടുത്തു. മരണാനന്തരചടങ്ങുകളിൽ മറ്റൊരു സ്ത്രീയെയാണല്ലോ കണ്ടതെന്ന് ആരോ കുശുകുശുത്തു. ഒരു പരിചയക്കാരൻ
പാതിരാവും കഴിഞ്ഞാണ് വന്നത്. അതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു.

വിറ്റാലിന തനിച്ചിരുന്നു സംസാരിച്ചു. ജോക്കിം, ഇപ്പോൾ ഇവിടെ വന്നത് നിന്നെ അദ്ഭുതപ്പെടുത്തുന്നുണ്ടാവും. മരണസമയത്തുപോലും ഞാൻ അടുത്തുണ്ടാവാൻ നീ ആഗ്രഹിച്ചില്ല. നിന്റെ ശരീരം മറവുചെയ്യപ്പെട്ടോ എന്നെനിക്കറിയില്ല. നമ്മൾ ചെറുപ്പത്തിൽ കണ്ട സ്വപ്നങ്ങൾ. കേപ് വർദെയിൽ പണിതുകൊണ്ടിരുന്ന വീട് ഉപേക്ഷിച്ച് ആരോടും പറയാതെ പോർച്ചുഗലിലേക്ക് മുങ്ങി. രാത്രിയും പകലും സ്വന്തം കൈകളാൽ ഇഷ്ടിക ചുമന്നും സിമൻറ് കുഴച്ചും നമ്മൾ പണിതു കൊണ്ടിരുന്ന വീട്. കേപ് വർദെ നിന്നെ തിരികെവിളിച്ചുകൊണ്ടേയിരുന്നു. പക്ഷെ ഞാൻ നിന്നെ ജീവിതത്തിലും മരണത്തിലും വിശ്വസിച്ചില്ല. എന്നാലും തിരിച്ചുതന്ന വേദനകളിലും പ്രതീക്ഷ വിട്ടില്ല. നാൽപതുവർഷം മുമ്പ് ജോക്കിം കേപ് വർദെ വിട്ടപ്പോൾ തന്നെ വിറ്റാലിനക്ക് സ്‌നേഹവും ജീവിതത്തിലെ വ്യക്തതയും നഷ്ടപ്പെട്ടു. ഇപ്പോൾ ജോക്കിമിന്റെ മരണത്തോടെ തിരിച്ചൊരു ജീവിതത്തിന്റെ നേരിയ പ്രതീക്ഷയും കെടുന്നു.

നഗരസമൂഹം അവഗണിച്ച ഒരു ഫ്‌ളോട്ടിംഗ് ജനതയെ
നിയതമായ ഒരു തിരക്കഥയോ നിശ്ചിതമായ കഥാഗതിയോ ഇല്ലാതെ ശക്തയായ ഒറ്റക്കഥാപാത്രത്തെ കേന്ദ്രീകരിച്ച് വിഷ്വലൈസ് ചെയ്യുകയാണ് ഈ സിനിമ

വിറ്റാലിന അച്ചനെ കാണാൻ പള്ളിയിൽ പോയി. ആ സ്ഥലത്തിന് യോജിച്ച പൊളിഞ്ഞ് വീഴാറായ ഹാൾ. പഴകിയ കസേരകൾ. കഴിഞ്ഞാഴ്ചയിലെ വിവാഹ ചടങ്ങുകളിലെ അവശിഷ്ടങ്ങൾ തൂത്തുവാരിയിട്ടില്ല. അച്ചൻ അൾത്താരക്ക് പുറം തിരിഞ്ഞിരിക്കുന്നു. ഇന്ന് കുർബാനയില്ല. പ്രാർത്ഥിക്കാൻ ആരുമില്ല. ഇവിടെ അച്ചനായിരിക്കുക ഏറ്റവും വിഷമം. ഞാൻ മരിച്ചവരുടെ വൈദ്യുതി ബിൽ അടയ്ക്കുന്നു, വെള്ളക്കരം തീർക്കുന്നു. ശവപേടകം ഇല്ലാത്തവർക്ക് അത് വാങ്ങിക്കൊടുക്കുന്നു. വിറ്റാലിന ചോദിച്ചു: എന്റെ ഭർത്താവിനെ അടക്കിയപ്പോൾ പൂക്കൾ വിതറിയോ? ഇന്ന് ജോക്കിം മരിച്ചിട്ട് ഏഴ് ദിവസമാകുന്നു. അവൻ എങ്ങനെ മരിച്ചു? ആത്മഹത്യ ചെയ്തതായിരുന്നോ? എനിക്ക് ജോക്കിമിനുവേണ്ടി പ്രാർത്ഥിക്കണം.

അച്ചനും ഇതുപോലെ വേദനിപ്പിക്കുന്ന ഒരു ഭൂതകാലമുണ്ട്. കേപ് വർദെയിൽ ഒരു പള്ളിയിൽ ജോലിചെയ്യുന്ന സമയത്ത് മാമോദീസ ചടങ്ങിന് ബസിൽവന്ന ഒരു സംഘത്തെ ശരിയായ രേഖകളില്ലാത്തതിനാൽ തിരിച്ചയക്കുന്നു. തിരിച്ചുപോകവേ ഒരു അപകടത്തിൽ അവരെല്ലാവരും മരിക്കുന്നു. ആ കുറ്റബോധത്തിന്റെ കുരിശുമേറിയാണ് അച്ചൻ കേപ് വർദെ വിട്ട് പോർചുഗലിലെത്തുന്നത്. പൗരത്വത്തിന് രേഖകളോ സ്വന്തമായി വീടോ ഇല്ലാത്തവരുടെ കൂടെ ചേരുന്നത്.

നഗരസമൂഹം അവഗണിച്ച ഒരു ഫ്‌ളോട്ടിംഗ് ജനതയെ
നിയതമായ ഒരു തിരക്കഥയോ നിശ്ചിതമായ കഥാഗതിയോ ഇല്ലാതെ ശക്തയായ ഒറ്റക്കഥാപാത്രത്തെ കേന്ദ്രീകരിച്ച് വിഷ്വലൈസ് ചെയ്യുകയാണ് ഈ സിനിമ. ആ ജനതയുടെ പിറന്ന നാടിനെപ്പറ്റിയുള്ള ഓർമകളും ഇപ്പോൾ അവരെ സ്വീകരിക്കാൻ തയ്യാറല്ലാത്ത നഗരത്തിലെ വർത്തമാന യാഥാർത്ഥ്യങ്ങളുമായുള്ള സംഘർഷങ്ങൾ. ജീവിതസമരത്തിലെ വിറ്റാലിന മന്ത്രം കാലുകളെ ആദ്യം ഭൂമിയിൽ ഉറപ്പിച്ചു നിർത്തുക എന്നതാണ്. എയർപോർട്ടിൽ കണ്ട വിറ്റാലിനയുടെ ചുവടുകൾ ഉറച്ചതാണ്. അവൾ കരുത്തിന്റെ ശരീരഭാഷയാണ്. സിനിമയുടെ ഭാഷയ്ക്ക് ഡോക്യുമെന്ററി സ്വഭാവമുണ്ടെങ്കിലും ഏറെ രംഗസജ്ജീകരണങ്ങൾ ചെയ്തും റിഹേഴ്‌സൽ നടത്തിയുമാണ് ഒരോ ഫ്രെയിമും രൂപപ്പെടുത്തുന്നത്. പലരുടെയും പരസ്പരബന്ധമില്ലാത്ത വാസ്തവസംഭവങ്ങളെ ചേർത്തുവെച്ചാണ് തിരക്കഥയുണ്ടാകുന്നത്. പോർചുഗലിലെ കേപ് വർദിയൻ അഭയാർത്ഥികൾ മാത്രം അഭിനയിച്ച സിനിമയാണിത്. ആഫ്രോ യൂറോപ്യൻമാരുടെ ജീവിതം യൂറോപ്യൻ സംവിധായകൻ കാണുന്നതിലെ അപാകതകൾ ചിലരാൽ വിമർശന വിധേയമായിട്ടുണ്ട്.

പെഡ്രൊ കോസ്റ്റ
പെഡ്രൊ കോസ്റ്റ

സിനിമ തുടങ്ങുന്നത് നക്ഷത്രങ്ങളില്ലാത്ത രാത്രിയിൽ ചെറിയൊരു കൂട്ടം മനുഷ്യർ ശവമടക്ക് കഴിഞ്ഞ് സെമിത്തേരിയുടെ വളരെ ഉയർന്ന മതിലിനുസമീപത്ത് കൂടെ നടന്നുപോകുന്ന രംഗത്തോടെയാണ്. ഉയർന്ന മതിലിനും മുകളിൽ സെമിത്തേരിയിലെ കുരിശുകളുടെ മുകളറ്റം കാണാം. വിറയൽ അസുഖമുള്ള ശാരീരികമായി ക്ഷീണിച്ച അച്ചനെ രണ്ടുപേർ സഹായിക്കുന്നു. അവരോരുത്തരും തങ്ങളുടെ മുറികളിലെത്തുന്നതുവരെ ക്യാമറ അവരെ പിന്തുടരുന്നു. ലിസ്ബൻ നഗരത്തിന്റെ പൊതുവിടങ്ങളാൽ, പൊതുജനങ്ങളാൽ തിരസ്‌കരിക്കപ്പെട്ടവർ. ഈ തിരസ്‌കാരമാണ് അവരെയും അവരുടെ ഇടങ്ങളെയും കണ്ണിചേർത്ത് നിർത്തുന്നത്. സിനിമയുടെ അവസാന രംഗങ്ങളിലൊന്ന് വീണ്ടും സെമിത്തേരിയാണ്. സെമിത്തേരിയോടുചേർന്ന് അനേകം കുഞ്ഞുവീടുകളുടെ സമുച്ചയം. ഇതുവരെ കണ്ടുകൊണ്ടിരുന്ന ഇരുട്ട് മൂടിയ മുറികൾക്കുപകരം വീടിന്റെ അകം നിറഞ്ഞ് വെളിച്ചം പുറത്തേക്ക് ഒഴുകുന്നു. വെള്ളപ്പെയിന്റടിച്ച് മനോഹരമാക്കിയ ചുമരുകൾ. അഭയാർത്ഥികളായി അതിരിടങ്ങളിൽ ജീവിച്ച് മരിച്ചവരുടെതാണ് ആ വീടുകൾ.

പെഡ്രൊ കോസ്‌റ്റയും ഫൊണ്ടെയ്‌നാസ് പ്രവിശ്യയും

‘ഓ, സാംഗു’ ​​​​​​​(Blood, 1989) പെഡ്രൊ കോസ്റ്റയുടെ ആദ്യ സിനിമ. രണ്ടാമത്തെത് കാസ ഡി ലാവ (Down to Earth, 1994). ഈ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കേപ് വർദെ സന്ദർശിക്കുന്നു. അത് പോർചുഗലിലെ കേപ് വർദെ തൊഴിലാർത്ഥികളുമായും ഫൊണ്ടെയ്‌നാസ് പ്രവിശ്യയുമായുള്ള ആത്മബന്ധമായി വളരുന്നു. ഇൻ വാൻഡാസ്​ റൂമിന്റെ സമയത്ത് തന്നെ ഫൊണ്ടെയ്‌നാസ് ഇടിച്ചുനിരത്തി സർക്കാർ സോഷ്യൽ ഹൗസിങ്ങ് ഫ്‌ളാറ്റുകൾ നിർമിച്ചു. ഫൊണ്ടെയ്‌നാസ് ചേരിപ്രദേശം ജെ.സി.ബി ഇടിച്ചുനിരപ്പാക്കുന്നതും ശബ്ദകോലാഹലങ്ങളും ഇൻ വാൻഡാസ്​ റൂമിന്റെ പാശ്ചാത്തലമായി വരുന്നുണ്ട്. പക്ഷെ കോസ്റ്റയ്ക്ക് ഫൊണ്ടെയ്‌നാസിനെ ഉപേക്ഷിക്കാനാവുമായിരുന്നില്ല. അഭയാർത്ഥികൾക്കും അതിരുവൽക്കരണത്തിനുമുള്ള അവസാനമായിരുന്നില്ല സോഷ്യൽ ഹൗസിങ്ങ് സ്‌കീമുകൾ.

'ഓ, സാംഗു’ ​​​​​​​സിനിമയിൽ നിന്ന്
'ഓ, സാംഗു’ ​​​​​​​സിനിമയിൽ നിന്ന്

2000 ലിറങ്ങിയ ഇൻ വാൻഡാസ്​ റൂം മുതൽ കോസ്റ്റ പൂർണമായും ഡിജിറ്റൽ വീഡിയോ മേക്കിങ്ങിലേക്ക് മാറി. വർഷങ്ങളോളം കഥാപാത്രങ്ങളുമായി സിനിമയ്ക്കകത്തും പുറത്തും ഇടപെട്ടുകിട്ടുന്ന ഫൂട്ടേജുകളിൽ നിന്ന് ഫീച്ചറാക്കുന്ന രീതിയെ ഡിജിറ്റൽ സാങ്കേതിക വിദ്യ ഏറെ സഹായിച്ചു. പെഡ്രൊ കോസ്റ്റയുടെ മൂന്നാമത്തെ സിനിമയായ ഒ​സ്സോസ്​ (Bones) മുതൽ വിറ്റാലിന വരേലിറ്റ വരെ അടുത്തിറങ്ങിയ അഞ്ചു സിനിമകളും ഇരുപത് വർഷങ്ങളും ലിസ്ബൻ നഗരത്തിലെ ഫൊണ്ടെയ്‌നാസ് എന്ന അഭയാർത്ഥി പ്രവിശ്യയെ ചുറ്റിപ്പറ്റിയുള്ള ഡോക്യുഫിക്ഷൻ സിനിമകളാണ്. ഒറ്റ സ്ഥലം, അതിലെ ഒറ്റ മുറി, ഒരു വ്യക്തി ശൈലിയിലാണ് പെഡ്രോ കോസ്റ്റയുടെ ഫിലിമോഗ്രാഫിയിലെ പല സിനിമകളുടെയും രൂപഘടന.

ഫൊണ്ടെയ്‌നാസ് സീരിസിൽ ഏറ്റവും പ്രശസ്തമായത് 2000 ലിറങ്ങിയ കോസ്റ്റയുടെ ഇൻ വാൻഡാസ്​ റൂം ആണ്. അത്രതന്നെ മികവ് അവസാനമിറങ്ങിയ വിറ്റലിന വാരെല എന്ന സിനിമയിലും കാണാം. ഇൻ വാൻഡാസ്​ റൂമിലെ മയക്കുമരുന്നിനടിമയായ വാൻഡയുടെ മെല്ലിച്ച ശരീരത്തിന്റെ നെഞ്ചിൻ കൂട് തകർക്കുന്ന ചുമ, വാൻഡ തന്നെയാണ് വാൻഡയായി അഭിനയിക്കുന്നതന്നറിയാവുന്ന പ്രേക്ഷകരെയും തകർക്കുന്നു. ഇതേ വാൻഡ തന്നെ അടുത്ത സിനിമയായ​ കൊ​ളോസ്സൽ യൂത്തിൽ താരതമ്യേന സന്തുഷ്ടയായ വീട്ടുകാരിയാവുന്നു. ഹോഴ്​സ്​ മണിയിലെ പ്രധാന കഥാപാത്രമായ വെഞ്ചുറയ്ക്ക് ആത്മീയ സാന്നിദ്ധ്യം നൽകുന്ന മെഡിക്കൽ സ്റ്റാഫായാണ് വിറ്റാലിന തുടങ്ങുന്നത്. അടുത്ത സിനിമയുടെ പേരും പ്രധാന കഥാപാത്രവും വിറ്റാലിനയാവുന്നു, വെഞ്ചുര അവളുടെ ഇടയനാവുന്നു.

ഇൻ വാൻഡാസ്​ റൂം സിനിമയിൽ നിന്ന്
ഇൻ വാൻഡാസ്​ റൂം സിനിമയിൽ നിന്ന്

ഇകഴ്​ത്തലോ പുകഴ്​ത്തലോ എന്ന് സംശയിപ്പിക്കുന്ന സർക്കാസം കലർന്ന കടുത്ത വിമർശനം അമേരിക്കൻ സിനിമാ നിരൂപകൻ ആർമണ്ട് വൈറ്റ്, പെഡ്രൊ കോസ്റ്റയെപ്പറ്റി നടത്തിയിട്ടുണ്ട്. (https:// www. nationalreview. com/2020/03/ movie-review-vitalina-vaerla-pedro-costa-exposes-hollywood-failed-pathos/) യൂറോ-ആഫ്രിക്കൻസിന്റെ ഗെട്ടോ ജീവിതത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് അവരുടെ ജീവിതവൈവിദ്ധ്യത്തെ നിരാകരിച്ച രാഷ്ട്രീയമാണ് കോസ്റ്റയുടേത് എന്നതാണ് വിമർശനം. കോസ്റ്റയെ വൈറ്റ് ‘ചേരികളുടെ റംബ്രാൻറ്​' എന്ന് വിശേഷിപ്പിക്കുന്നു. റംബ്രാൻറ്​ പതിനേഴാം നൂറ്റാണ്ടിലെ പ്രശസ്തനായ ഡച്ച് ചിത്രകാരനാണ്. വെളിച്ചത്തിന്റെയും നിഴലിന്റെയും കലാകാരനായാണ് അറിയപ്പെടുന്നത്. ​പോർട്രെയ്​റ്റ്​സ്​ കൂടുതലായി ചെയ്തിട്ടുണ്ട്. ഇരുട്ടും വെളിച്ചവും കടുത്ത കോൺട്രാസ്​റ്റിൽ ത്രിമാനം ധ്വനിപ്പിക്കാൻ ഉപയോഗിക്കുന്ന കിയാരസ്‌ക്യൂറൊ (chairoscuro) ശൈലിക്ക് പ്രശസ്തനാണ്. ഒരു തരത്തിൽ ആർമണ്ട് വൈറ്റിന്റെ വിമർശനം പ്രശംസ കൂടിയാണ്. പെഡ്രൊ കോസ്റ്റ ഷെയ്​ഡ്​സ്​, ഡാർക്ക്​നെസ്​, പോർട്രെയ്​റ്റിംഗ്​ ഇവ ചേർത്ത് സിനിമയിൽ അധികമാനങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


കെ. സജീഷ്​

എഴുത്തുകാരൻ, പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു

Comments