ഭരതൻ കാതോട് കാതോരം പാട്ടിലൂടെ പറഞ്ഞ ജീവിതം

സിനിമയിൽ പാട്ടും സംഗീതവും ആത്മാവിന്റെ ഭിന്നഭാവങ്ങളെ പ്രകാശിപ്പിക്കുന്ന രീതിയിൽ സന്നിവേശിപ്പിക്കുക. അവിടെയുള്ള മനുഷ്യരുടെ നിഷ്‌കളങ്കതയും സമുദായത്തിന്റെ കുന്നായ്മയും അസൂയയും കാപട്യവും നിറഞ്ഞ ലോകം അനാവരണം ചെയ്യുക. മനുഷ്യർക്കിടയിൽ സ്വാഭാവികമായി രൂപപ്പെടുന്ന പ്രണയത്തിന്റെ ഗതിവിഗതികളേയും പരിണാമത്തേയും സാമൂഹ്യമായ കാഴ്ചപ്പാടിൽ അവതരിപ്പിക്കുക. കാതോട് കാതോരം എന്ന ഭരതൻ സിനിമ രൂപപ്പെട്ടതിന്റെ വഴികൾ ഇതൊക്കെയാവാം. എൺപതുകളിലെയും തൊണ്ണൂറുകളിലെയും ശ്രദ്ധേയമായ മലയാള സിനിമകളെക്കുറിച്ചുള്ള പഠനപരമ്പര തുടരുന്നു.

ജ്ഞാതമായ ഒരിടത്ത് നിഷ്‌കളങ്കനായ ഒരാൾ എത്തിച്ചേരുക. അവിടെയുള്ള മനുഷ്യരുമായി ബന്ധം സ്ഥാപിക്കുക. അവരെ സ്‌നേഹിക്കുക. അവിടെ പ്രണയത്തിന്റെയും ജീവിതത്തിന്റെയും പുതിയ ലോകം സൃഷ്ടിക്കുക. എത്തിച്ചേരുന്നിടം പ്രകൃതിരമണീയമായ മലയോര ഗ്രാമമാവുക. ക്രിസ്ത്യൻ പശ്ചാത്തലവും ചർച്ചും ക്വയറുമെല്ലാം ഉള്ള മലയോരം. ഈ ഭാവന എൺപതുകളിലെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സുകളെ ആർദ്രമാക്കുന്ന ഒന്നാണെന്ന് ഭരതൻ തിരിച്ചറിഞ്ഞുകാണണം. സിനിമയിൽ പാട്ടും സംഗീതവും ആത്മാവിന്റെ ഭിന്നഭാവങ്ങളെ പ്രകാശിപ്പിക്കുന്ന രീതിയിൽ സന്നിവേശിപ്പിക്കുക. അവിടെയുള്ള മനുഷ്യരുടെ നിഷ്‌കളങ്കതയും സമുദായത്തിന്റെ കുന്നായ്മയും അസൂയയും കാപട്യവും നിറഞ്ഞ ലോകം അനാവരണം ചെയ്യുക. മനുഷ്യർക്കിടയിൽ സ്വാഭാവികമായി രൂപപ്പെടുന്ന പ്രണയത്തിന്റെ ഗതിവിഗതികളേയും പരിണാമത്തേയും സാമൂഹ്യമായ കാഴ്ചപ്പാടിൽ അവതരിപ്പിക്കുക. കാതോട് കാതോരം എന്ന ഭരതൻ സിനിമ രൂപപ്പെട്ടതിന്റെ വഴികൾ ഇതൊക്കെയാവാം.

ലൂയിസിനെ (മമ്മൂട്ടി) ഉയരത്തിൽ, വൈക്കോൽ കയറ്റിയ ലോറിയിലാണ് സിനിമ തുടങ്ങുമ്പോൾ നമ്മൾ കാണുന്നത്. ആകാശം നോക്കി ലോറിയിലെ വൈക്കോൽ കൂനയുടെ കനമില്ലായ്മയിൽ ലൂയിസിന്റെ ആ കിടപ്പ്. ലാഘവമാർന്ന ആ അവസ്ഥ വീടകങ്ങളിൽ തളച്ചിടപ്പെടുന്ന മനുഷ്യരെ കൊതിപ്പിക്കുന്നതു കൂടിയാണ്. അജ്ഞാത വഴികളിലൂടെയുള്ള സഞ്ചാരം. പ്രത്യേകിച്ച് ലക്ഷ്യമില്ല എന്ന അതിന്റെ ഭാരമില്ലായ്മ. അതിനിടെ എവിടെയോ ലോറി നിർത്തിയപ്പോൾ വിശ്രമത്തിനായി ഇറങ്ങിയ ലൂയിസ് തിരിച്ചെത്തുമ്പോഴേക്കും ഡ്രൈവർ ലോറി മുന്നോട്ടെടുത്തിരുന്നു. അജ്ഞാതമായ ഒരിടത്ത് എത്തിച്ചേരുന്നതിന്റെ ആകാംക്ഷയിലേക്കും ഹരത്തിലേക്കും ഭരതൻ പ്രേക്ഷകരെ കൊണ്ടുപോകുകയാണ് ഇതോടെ.

മമ്മൂട്ടി, കാതോട് കാതോരം സിനിമയിൽ

അതൊരു മലയോരമാകുമ്പോൾ, വിശാലമായ കുന്നിൻമേടാകുമ്പോൾ, എണ്ണത്തിൽ കുറഞ്ഞ മനുഷ്യരുള്ള ഒരു ഇടമാവുമ്പോൾ പ്രേക്ഷകർ ത്രില്ലടിക്കാൻ തുടങ്ങുന്നു. അയാളുടെ ഇനിയുള്ള ജീവിതത്തെക്കുറിച്ചവർ അറിയാനാഗ്രഹിക്കുന്നു. അജ്ഞാതമായ സ്ഥലം, മനുഷ്യർ, സാഹചര്യം, സ്‌നേഹം, രതി... ഇതെല്ലാം പല ഭരതൻ സിനിമകളിലും കടന്നുവരുന്ന ഒന്നാണ്. എവിടെയോ എത്തിപ്പെട്ട് അറിയാത്ത മനുഷ്യരുമായി ഇടപഴകി ജീവിതത്തിന്റെ മറുപുറം തേടൽ. കാതോട് കാതോരത്തിൽ തൊഴിൽ തേടി എവിടെയോ എത്തിപ്പെട്ട ലൂയിസിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന മനുഷ്യർ അയാളുടെ ജീവിതത്തെ മാറ്റിമറിക്കുന്നു. മനുഷ്യർ ഭൗതികമായും മാനസികമായും എത്തിപ്പെടുന്ന സ്ഥലികൾ വിചിത്രവും അവിചാരിതവുമായ അനുഭവം തരുന്ന ഇടങ്ങളാണ്. അനിശ്ചിതത്വത്തിന്റെ ഓളങ്ങളിൽ തുഴഞ്ഞു സഞ്ചരിച്ച് അവർ എത്തിച്ചേരുന്നത് ചിലപ്പോൾ മരണത്തിന്റെ മറുകരയിലാവും.

മേരിക്കുട്ടി (സരിത) അനിഷ്ടകരമായ അനുഭവങ്ങൾ വിവാഹജീവിതത്തിൽ നേരിടുന്ന ഒരു സാധാരണ സ്ത്രീയാണ്. സ്വരച്ചേർച്ചയില്ലാത്ത ഒരു പങ്കാളിയെയാണ് സംഗീതാത്മകമായ സ്വരത്തിനുടമയായ അവൾക്ക് ലഭിച്ചത്. സ്വന്തം അധ്വാനത്താൽ തന്നോടൊപ്പം മകനേയും വളർത്താൻ ശ്രമിക്കുന്ന ഒരാൾ. തുണയില്ലാതെ ജീവിതക്കയത്തിൽ കറങ്ങിത്തിരിയുന്ന ഒരു ജീവിതം. അവിടേക്കാണ് ആരോരുമില്ലാത്ത ലൂയിസ് കടന്നുവരുന്നത്. അവളവിടെ അവനെ സഹായിക്കുകയും അവന്റെ സഹായം തേടുകയും ചെയ്യുന്നു. ആ ബന്ധത്തിന് പതിയെ താളം കൈവരുന്നു. ചർച്ചിലെ പാട്ടും ഒത്തുകൂടലുകളും അതിനെ മുമ്പോട്ടു നടത്തുന്നു. ഫാദർ (നെടുമുടി വേണു) ആണ് അവൾക്ക് ഒരു ഉപദേശത്തിനും സഹായത്തിനുമുള്ളത്. ഇടയ്ക്ക് അവകാശം പറഞ്ഞ് വന്ന് കാശു മേടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന കെട്ടിയോനാണ് ലാസർ (ജനാർദ്ദനൻ). അയാളുടെ ഒപ്പം സമുദായത്തിലെ സദാചാര പൊലീസുകാരും മതാന്ധരും.

സരിത, മാസ്റ്റർ പ്രശോഭ്. കാതോട് കാതോരം സിനിമയിൽ നിന്ന്

മലമേട്ടിലെ ഗ്രാമാന്തരീക്ഷവും കൊച്ചുപള്ളിയും അവിടുള്ള സംഗീതകമ്പമുള്ള ഫാദറും അനാഥാലയത്തിൽ വച്ച് സംഗീതം പഠിച്ച ലൂയിസും മേരിക്കുട്ടിയും അനിയത്തി സിസ്റ്റർ തെരേസയും (ലിസി) എല്ലാം ചേർന്ന് സംഗീതമയമായ ഒരന്തരീക്ഷം ചിത്രത്തിന് കൈവരുന്നു.

ഭരതന്റെ സംവിധാനത്തിൽ, ഔസേപ്പച്ചന്റെ സംഗീത സംവിധാനത്തിൽ, യേശുദാസിന്റേയും ലതികയുടേയും കൃഷ്ണചന്ദ്രന്റേയും രാധികയുടേയും ശബ്ദത്തിൽ മലയാളിയുടെ ഹൃദയത്തിൽ സൂക്ഷിച്ചുവച്ച താളവും പാട്ടുകളും അങ്ങനെ പിറക്കുന്നു. മൂന്നരപ്പതിറ്റാണ്ടിനു ശേഷവും മറ്റൊരു മലയാളസിനിമയിൽ ആ ഗാനശകലങ്ങളിലൊന്ന് ഉപയോഗിക്കുകയും മലയാളിക്ക് ആ നൃത്തഗാന രംഗത്തിനൊരു അപ്‌ഡേറ്റഡ് ആസ്വാദനമുണ്ടാവുകയും ചെയ്തു. ചർച്ചിലെ ചടങ്ങുകളിലെ പാട്ടിലും പരിപാടികളിലും കൂടി സംഗീതത്തിന്റെ ഒരു അഭൗമ പശ്ചാത്തലം ഭരതൻ ഒരുക്കുന്നുണ്ട്. പ്രേക്ഷകരെ സിനിമയിലേക്ക് അടുപ്പിക്കാൻ ഇത് അക്കാലത്തു വളരെയധികം സഹായകമായിട്ടുണ്ടാവണം.

എന്തോ കാരണത്താൽ വീടു വിട്ടുപോയ പൈലി (ബഹദൂർ) യുടെ മകൾ മേരിക്കുട്ടിയെ വിവാഹം കഴിച്ചതാണ് ലാസർ, ശേഷം ആസക്തനായി അനിയത്തി തെരേസക്കു പിന്നാലെ പോവുകയായിരുന്നു. ഫാദറിന്റെ സംരക്ഷണയിൽ മകനൊത്ത് കഴിയുന്ന മേരിക്കുട്ടിയിൽ നിന്ന്​ പണം വാങ്ങാൻ അയാൾ ഇടയ്ക്കിടെ വരും. അപ്പോളൊക്കെ ഇല്ലാക്കഥകൾ പറഞ്ഞ് കപ്യാർ റപ്പായി (ഇന്നസെൻറ്​) അയാളെ പ്രകോപിതനാക്കും. സമുദായത്തിന്റെ സ്വഭാവം ഭരതൻ ഭംഗിയായി വരച്ചുകാട്ടുന്നു. ചർച്ചിലെ ജോലികൾ ചെയ്യാൻ വിളിക്കപ്പെട്ട് അവിടെ വച്ച് ലൂയിസിന്റെ സംഗീതപരമായ കഴിവുകൾ വെളിയിൽ വരുന്നതോടെ മേരിക്കുട്ടി ആർദ്രമനസ്‌കയാവുന്നു.

ലൂയിസും മേരിക്കുട്ടിയും തമ്മിൽ അവിഹിതബന്ധം ഉണ്ടെന്നാരോപിച്ച് റപ്പായിയും സാമുദായികപ്രമാണിമാരും ലാസറിനെ മുൻനിർത്തി മേരിക്കുട്ടിയെ ബഹിഷ്‌കൃതയാക്കുന്നു. പള്ളിമുറ്റത്തുവച്ച് മുടി മുറിച്ചുകളഞ്ഞ് അപമാനിക്കുന്നു. ഫാദറടക്കം നിസ്സഹായനായിത്തീരുന്ന സന്ദർഭം. വിവാഹിതയായ മേരിക്കുട്ടിക്ക് മറ്റൊരാളോട് സ്‌നേഹം തോന്നുന്നത് മതവിരുദ്ധമാണെന്നതായിരുന്നു സാമുദായികവിധി. മതമനുഷ്യരുടെ ഇടയിൽ രൂപപ്പെടുന്ന അസൂയയും കുന്നായ്മയും കുശുമ്പുമെല്ലാം സഹജീവികളുടെ സ്വതന്ത്രമായ ജീവിതേച്ഛകളെ തകർക്കുന്നതെങ്ങെനെയെന്ന് മനോഹരമായി പറഞ്ഞുവെക്കുന്നുണ്ട് സംവിധായകൻ. സമുദായത്തിന്റെ കപടസദാചാരത്തിനു നേർക്ക് ചോദ്യശരങ്ങളെയ്യുന്നുണ്ട്.

വീടുവിട്ടുപോയ പൈലി അതിനിടെ തിരിച്ചെത്തുന്നു. നാടുവിടേണ്ടിവരുന്ന ലൂയിസും മേരിക്കുട്ടിയും മകൻ കുട്ടനും (മാസ്റ്റർ പ്രശോഭ്) പൈലിയോടൊപ്പം അകലെ ഗ്രാമത്തിൽ താമസമാക്കുന്നു. മകനെ റപ്പായിയും ലാസറും കൂടി തട്ടിക്കൊണ്ടു പോവുന്നു. റപ്പായിയുടെ വീട്ടിൽ നിന്ന്​ കുട്ടനെ കണ്ടെത്തി അവർ തിരിച്ചുകൊണ്ടുവരുന്നു. കുട്ടനുവേണ്ടിയുള്ള ഓട്ടത്തിനും മൽപ്പിടിത്തത്തിനുമിടയിൽ മേരിക്കുട്ടിയും ലാസറും കാൽ തെന്നി കൊക്കയിലേക്ക് മറിഞ്ഞുവീണ് മരിക്കുന്നു. തനിച്ചാവുന്നു എന്നു ഭയക്കുന്ന കുട്ടനെ ലൂയിസ് മകനായി സ്വീകരിക്കുകയും തീവ്രമായ ഒരാശ്ലേഷത്തിൽ അവർ ഒന്നിക്കുകയും ചെയ്യുന്നു.

കാതോട് കാതോരത്തിൽ ഭരതൻ മതസാമുദായികതയുടെ സങ്കുചിതമായ ഇടപെടലുകളും ക്രൗര്യവും ആവിഷ്‌കരിക്കുന്നുണ്ട്. ഇടതൂർന്ന മുടി ഇടയ്ക്കിടെ കെട്ടിവെച്ചു കൊണ്ടിരുന്ന വിടർന്ന കണ്ണുകളുള്ള മേരിക്കുട്ടി ജോലിചെയ്ത് ഒറ്റയ്ക്ക് ജീവിതം പുലർത്തിയ സ്ത്രീയാണ്. ജോലി ചെയ്തുണ്ടാക്കുന്ന വരുമാനം ഭർത്താവ് എന്ന അധികാരപദവി ഉപയോഗിച്ച് തോന്നുമ്പോൾ വന്ന് എടുത്ത് കൊണ്ടുപോവുന്ന ലാസറിനോട് അവൾ ചുണയോടെ എതിരിട്ടു നിൽക്കുന്നുണ്ട്. ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവാതെ വന്നപ്പോൾ തിരിഞ്ഞു നോക്കിയിട്ടില്ലാത്ത സഭയും അതിലെ ചില പ്രമാണിമാരുമാണ് അവളെ പള്ളിയിൽ വച്ച് അപമാനിച്ചതും ഉപദ്രവിച്ചതും. അപ്പോഴും "നിങ്ങൾ ഒക്കെ ഇത്രകാലം എവിടെയായിരുന്നു?' എന്ന് മേരിക്കുട്ടി അവരോട് തിരിച്ച് ചോദിക്കുന്നുണ്ട്. ഈ "സത്യക്രിസ്ത്യാനി' ആൺപ്രമാണിമാരുടെ നേതൃത്വത്തിൽ പള്ളിമുറ്റത്തു വച്ച് മുടിയറുത്തിട്ടപ്പോൾ ഒറ്റപ്പെട്ടു പോയി മേരിക്കുട്ടി. ഫാദറാകട്ടെ നിസ്സഹായനും.

മലയാളത്തിന് നവീനമായൊരു പ്രണയഭാവുകത്വവും സിനിമാനുഭവവും സമ്മാനിച്ച കാതോട് കാതോരം അടയാളപ്പെടുന്നത് ചലച്ചിത്രഗാത്രത്തിൽ ഇഴുകിച്ചേർന്ന അതിലെ സംഗീതം കൊണ്ടാണ്.
"കാതോടു കാതോരം
തേൻ ചോരുമാമന്ത്രം
ഈണത്തിൽ നീ ചൊല്ലി
വിഷു പക്ഷി പോലെ...'
മൂന്നര പതിറ്റാണ്ടിനു ശേഷം ഇന്നും ഈ ഗാനം കാതോടു കാതോരം പ്രണയം ചൊരിയുന്നു. പ്രമേയത്തിന്റെ വ്യത്യസ്തതക്കപ്പുറം പ്രണയവും സംഗീതവും സിനിമയിൽ അനുഭൂതി പകരുന്ന ഘടകമായിത്തീരുന്നു. പാട്ടുകൾ അതിമനോഹരമായ അനുഭവം സമ്മാനിക്കുക മാത്രമല്ല, സിനിമയുടെ അവിഭാജ്യ ഭാഗമായി നിൽക്കുന്നു. പാട്ടുകളെ ചേർത്തുവയ്ക്കൽ കഥയുടെ മുമ്പോട്ടുപോക്കിനെ സുഗമമാക്കുന്ന ഒരു സങ്കേതമായിത്തീരുന്നു ഈ ഭരതൻ ചിത്രത്തിൽ. പാട്ടുകൊണ്ടു മാത്രം ഓർമയിൽ തങ്ങിനിൽക്കുന്ന സിനിമകളെ മലയാളി പ്രേക്ഷകർ ഓർമകളിൽ താലോലിക്കാറുണ്ട്. അതുമൂലം തിയേറ്ററിൽ വിജയിച്ചുകയറിയ സിനിമകളും ധാരാളമാണ്. പ്രണയം മാത്രമല്ല, സങ്കടവും ആഹ്‌ളാദവും വിരഹവും നിരാശയും വാത്സല്യവും എല്ലാം പാട്ടിലൂടെ മലയാള സിനിമയിൽ ആവിഷ്‌കൃതമായിട്ടുണ്ട്. പാട്ടിന്റെ ദൃശ്യപരിചരണം ഭരതന് കഥ പറയാനുള്ള ടൂൾ കൂടിയാണ് ഈ സിനിമയിൽ. അത് ക്രാഫ്റ്റിന്റെ തന്നെ ഭാഗമായി കാണാം. കഥാസന്ദർഭത്തിനനുസരിച്ച് പ്രാദേശിക സംഗീതവഴക്കങ്ങളുടെ ഉറവകളെ ഉപയോഗപ്പെടുത്തുന്നതിൽ കാണിക്കുന്ന മിടുക്ക് എടുത്തു പറയേണ്ടതുണ്ട്.

ഭരതൻ

ഫ്രെയിമുകൾ നേരത്തെ വരച്ചു തയ്യാറാക്കി സിനിമയെടുത്തിരുന്ന ഒരാളാണ് ഭരതൻ എന്നു നമുക്കറിയാം. കാതോട് കാതോരത്തിലെ സംഗീതം നിറഞ്ഞ മനോഹരമായ ഫ്രെയിമുകൾ വരച്ചു മാത്രമല്ല, ഈണമിട്ട് തയ്യാറാക്കിയതാവണം. പാട്ടും വേദപുസ്തകവും കഥാപാത്രങ്ങളുടെ ജീവിതവും എല്ലാം തമ്മിൽ തമ്മിൽ അനുനാദത്തിലാവുന്ന ഫ്രെയിമുകൾ. "സ്വയം മറക്കുന്ന നിമിഷങ്ങളാണ് സംഗീതം കൊണ്ടു കിട്ടുന്നത്' എന്ന് കാതോട് കാതോരത്തിലെ ഫാദർ പറയുന്നുണ്ട്. സ്വന്തമായെഴുതി തയ്യാറാക്കിയ പള്ളിപ്പാട്ടിന്റെ ഈണം മാറ്റാൻ ലൂയിസിനോട് ഫാദർ പറയുന്നുണ്ട്. പള്ളിപ്പാട്ടിനെ പ്രണയിക്കുന്നവരുടെ കൂടി ഗാനമാക്കുന്നത് മതം തരളമായ മാനുഷിക വികാരങ്ങളെ ഉൾക്കൊള്ളേണ്ടതിനെ സൂചിപ്പിക്കുന്നു. പ്രണയിക്കുന്നവരെ ഒന്നിപ്പിക്കാൻ കൂട്ടുനിൽക്കുന്ന ഫാദറിന്റെ മതദർശനം അതിൽ ഉള്ളടങ്ങിയിട്ടുമുണ്ട്.
"നീ എൻ സർഗ്ഗ സംഗീതമേ,
നീ എൻ സത്യ സൗന്ദര്യമേ...
സങ്കീർത്തനം, നിന്റെ സങ്കീർത്തനം
ഓരോ ഈണങ്ങളിൽ
പാടുവാൻ, നീ തീർത്ത മൺവീണ ഞാൻ'
എന്ന സുന്ദരമായ പാട്ടിന്റെ പിറവി ഇങ്ങനെയാവണം.

അങ്ങനെ ആരാധനാലയത്തിലെ പാട്ടുകളെ ജീവിതത്തെ, മാനുഷിക വികാരങ്ങളെ ചേർത്ത് ഇംപ്രൊവൈസ്​ ചെയ്‌തെടുക്കാൻ സിനിമയെന്ന ആധുനിക മാധ്യമത്തിലൂടെ ഒരു സംവിധായകനും കമ്പോസർക്കും സാധിക്കുന്നു. ഭക്തിഭാവത്തിന്റെ കരുണാർദ്രമായ നിറയലിനൊപ്പം പ്രണയത്തിന്റേയും വാത്സല്യത്തിന്റേയും ഉള്ളൊഴുക്കുകൾ സിനിമയിലെ കാലത്തിലും ദേശത്തിലും കൂടി ഗതിവേഗമാർജിച്ച് സഞ്ചരിച്ച് പാട്ടുകളിലും പശ്ചാത്തല സംഗീതത്തിലും അലിഞ്ഞുചേരുന്നു. കാതോടുകാതോരത്തിൽ മേരിക്കുട്ടിയുടെ പ്രണയം നിറഞ്ഞ മനസ്സ് തുറക്കുന്ന മനോഹരമായ പാട്ടായിരുന്നു "കാതോട് കാതോരം' എന്ന് തുടങ്ങുന്ന പാട്ട്.

ഒരു തലമുറയുടെ തന്നെ ആസ്വാദനത്തെ വളരെയേറെ സ്വാധീനിച്ച "ദേവദൂതർ പാടി' എന്നു തുടങ്ങുന്ന നിത്യഹരിത ഗാനം കുഞ്ചാക്കോ ബോബന്റെ ചുവടുകളോടെ 2022 ൽ വീണ്ടുമെത്തി. "ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിൽ പ്രസ്തുത ഗാനം റീമിക്‌സ് ചെയ്യുകയുണ്ടായി. കാതോട് കാതോരത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾക്കു വേണ്ടി ഓർക്കസ്ട്ര ചെയ്തവരിൽ രണ്ടു പേരെ നമ്മളറിയും. പിന്നീട് ഇന്ത്യൻ സിനിമയിലെ സംഗീത മാന്ത്രികനായി മാറിയ ഓസ്‌കാർ അവാർഡ് ജേതാവ് എ.ആർ. റഹ്‌മാനും തെന്നിന്ത്യൻ സംഗീത പ്രേമികളുടെ ഇഷ്ട സംഗീത സംവിധായകൻ വിദ്യാസാഗറും. കാതോട് കാതോരം റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞാണ് എ.ആർ. റഹ്‌മാനും വിദ്യാസാഗറും സംഗീത സംവിധായകരായി അരങ്ങേറ്റം കുറിച്ചത്. ഗിറ്റാറിസ്റ്റ് ജോൺ ആന്റണി, ഡ്രമ്മിസ്റ്റ് ശിവമണി എന്നിവരും അന്ന് ഓർക്കസ്ട്ര ടീമിലുണ്ടായിരുന്നു.

സാധാരണ മനുഷ്യരുടെ ജീവിതം സ്‌നേഹവും കാമവും പകയും സംഘർഷങ്ങളും അസൂയയും പരീക്ഷണങ്ങളും വിദ്വേഷവും എല്ലാം നിറഞ്ഞതാണ്. അതിനാൽ ഭരതൻ സിനിമകളിലും കഥകളിലും ഇതെല്ലാം നിറഞ്ഞു നിന്നു. സിനിമയുടെ കഥയും ഭരതന്റേതു തന്നെയാണ്. ജോൺ പോൾ എന്ന തിരക്കഥാകൃത്താകട്ടെ പരാജയങ്ങൾ കൂടി ഏറ്റുവാങ്ങുന്ന ഇത്തരം ജീവിതങ്ങളുടെ ആഴം അനുഭവിപ്പിക്കുന്ന രചനകൾ നിർവഹിച്ച എഴുത്തുകാരനുമാണ്. ഇരുവരുടേയും കൈയൊപ്പുകൾ പതിഞ്ഞ ചിത്രമാണ് കാതോട് കാതോരം. വിധിയുടെ മുമ്പിൽ പകച്ച് നിൽക്കുന്ന മനുഷ്യരുടെ ലോകത്തെ അവർ സൂക്ഷ്മമായി ആവിഷ്‌കരിച്ചു. അതുകൊണ്ടുതന്നെ മനുഷ്യരുടെ ജീവിത പരിസരങ്ങളിൽ തന്നെ അവരുടെ കഥകളും ചലച്ചിത്രങ്ങളും നിലയുറപ്പിച്ചു നിന്നു. മനുഷ്യജീവിതത്തിലെ കൊച്ചു അടരുകളിൽ നിന്ന് പ്രമേയം കണ്ടെടുത്ത് അവർ അതിനെ ജനങ്ങളിഷ്ടപ്പെടുന്ന അഗാധമായ കലാസൃഷ്ടികളാക്കി മാറ്റി.

ജോൺ പോൾ

സെവൻ ആർട്ട്‌സിന്റെ ബാനറിൽ ജി.പി. വിജയകുമാർ, എം.ജി. ഗോപിനാഥ് എന്നിവർ ചേർന്നാണ് കാതോട് കാതോരം നിർമിച്ചത്. 1985 നവംബർ 15 നാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ജോൺപോൾ തിരക്കഥയും ഔസേപ്പച്ചൻ സംഗീത സംവിധാനവും നിർവഹിച്ചു. ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് ഔസേപ്പച്ചൻ, ഭരതൻ എന്നിവരാണ് സംഗീതം പകർന്നത്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയതും ഔസേപ്പച്ചനാണ്. സംഗീത സംവിധായകനായി ഔസേപ്പച്ചൻ അരങ്ങേറ്റം കുറിച്ച ചിത്രവുമാണ് കാതോട് കാതോരം. ഛായാഗ്രഹണം സരോജ് പാഡിയുടേതായിരുന്നു. എൻ.പി. സുരേഷ് എഡിറ്റിംഗ് നിർവഹിച്ചു. ചിത്രം പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് പ്രധാനമായും അതിലെ സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെയായിരുന്നു.

Comments