സിനിമാ രംഗത്ത് വനിതകളെയും പട്ടികജാതി- പട്ടിക വർഗ വിഭാഗത്തിൽ പെടുന്ന സംവിധായകരെയും പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ നടത്തിവരുന്ന പദ്ധതിയിൽ മാധ്യമപ്രവർത്തകനും സംവിധായകനുമായ വി.എസ്. സനോജിന്റെ ‘അരിക്’ എന്ന തിരക്കഥക്ക് ഒന്നാം സ്ഥാനം. അരുൺ ജെ. മോഹന്റെ "പിരതി' എന്ന തിരക്കഥക്കാണ് രണ്ടാം സ്ഥാനം. വനിതകളുടെ വിഭാഗത്തിൽ ശ്രുതി നമ്പൂതിരിയുടെ "ബി 32മുതൽ 44 വരെ' എന്ന തിരക്കഥക്കാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനത്തേക്ക് രണ്ട് തിരക്കഥകൾക്ക് ജൂറി തുല്യ പിൻതുണ നൽകിയതിനാൽ ചലച്ചിത്ര മേഖലയിലെ പ്രഗൽഭരുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമായിരിക്കും രണ്ടാമത്തെ തിരക്കഥയുടെ പ്രഖ്യാപനം. ഒരു സിനിമയ്ക്ക് പരമാവധി 1.5 കോടി രൂപ നൽകും.
തെരഞ്ഞെടുക്കപ്പെട്ട സിനിമകൾ സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപിച്ചത്.
2019-20 ലാണ് ആദ്യമായി വനിതകളുടെ സംവിധാനത്തിലുള്ള സിനിമ എന്ന പദ്ധതി നടപ്പിലാക്കിയത്. ക്യാമറയ്ക്കു പിന്നിലെ സ്ത്രീ സാന്നിദ്ധ്യം വിരളമാണ് എന്ന തിരിച്ചറിവാണ് ഇത്തരം ഒരു പദ്ധതി ആവിഷ്‌കരിക്കുവാൻ സംസ്ഥാന സർക്കാരിനെ പ്രേരിപ്പിച്ചത്. ഇന്ത്യയിൽ ആദ്യമായാണ് സർക്കാർ വനിതാ ശാക്തീകരണ കാഴ്ചപ്പാടിൽ ഇത്തരം പദ്ധതി ആവിഷ്‌കരിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
കഴിഞ്ഞവർഷം ഒന്നാം സ്ഥാനം ലഭിച്ച താരാ രാമാനുജൻ രചന, സംവിധാനം എന്നിവ നിർവഹിച്ച ‘നിഷിധോ' എന്ന ചലച്ചിത്രത്തിന് രാജ്യത്തിനകത്തും പുറത്തുമുള്ള മേളകളിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. 26-മത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേയ്ക്കും ‘നിഷിധോ' തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടാം സ്ഥാനം ലഭിച്ച മിനി ഐ.ജി സംവിധാനം ചെയ്ത ‘ഡിവോഴ്‌സ്'എന്ന ചിത്രവും ഉടൻ തിയേറ്ററുകളിൽ പ്രദർശനതിനെത്തും.
ഈ വർഷമാണ് പട്ടികജാതി- പട്ടികവർഗ വിഭാഗത്തിൽ പെടുന്ന സംവിധായകരുടെ സിനിമ എന്ന പദ്ധതി ഉൾപ്പെടുത്തിയതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചലച്ചിത്ര സംവിധാന രംഗത്ത് പട്ടികജാതി-വർഗ വിഭാഗത്തിൽ പെടുന്നവരുടെ സാന്നിധ്യം വളരെ കുറവാണ്. ഈ രംഗത്തേക്ക് കടന്നു വരുവാൻ ഇപ്പോഴും ഈ വിഭാഗത്തിൽ പെടുന്ന വ്യക്തികൾക്ക് അദൃശ്യമായ തടസം നേരിടുന്നു എന്ന തിരിച്ചറിവാണ് പദ്ധതി ആരംഭിക്കുവാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷത്തെ ഈ രണ്ട് വിഭാഗത്തിൽ ഉൾപ്പെടുത്തിയുള്ള തിരക്കഥകളുടെ തെരഞ്ഞെടുപ്പ് പ്രക്രിയ മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പിലാക്കിയത്. പ്രമുഖ പത്രങ്ങളിൽ നൽകിയ പരസ്യത്തിന്റെ ഭാഗമായി ലഭിച്ച അപേക്ഷകൾ, അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയരായ തിരക്കഥാകൃത്തുക്കൾ പരിശോധിച്ച ശേഷം തെരഞ്ഞെടുക്കപ്പെട്ട തിരക്കഥാകൃത്തുക്കളെ ചലച്ചിത്ര അധ്യാപകർ, സംവിധായകർ, പ്രഗൽഭ തിരക്കഥാകൃത്തുക്കൾ എന്നിവർ നേതൃത്വം നൽകിയ ഓൺലൈൻ തിരക്കഥാ രചനാ ശില്പശാലയിലെക്ക് ക്ഷണിച്ചു. മധുപാൽ ചെയർമാനും, വിനു എബ്രഹാം, ജി.എസ്. വിജയൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടത്തിയത്.
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപെടുന്ന സംവിധായകരുടെ സിനിമ വിഭാഗത്തിൽ 79 പ്രൊപ്പോസലുകളും വനിതകളുടെ സംവിധാനത്തിലെ സിനിമ വിഭാഗത്തിൽ 41 പ്രൊപ്പോസലുകളുമാണ് ലഭിച്ചത്. തുടർന്ന് ഇവരിൽ നിന്ന് ട്രീറ്റ്‌മെൻറ് നോട്ട് ക്ഷണിച്ചു. വനിതകളുടെ സംവിധാനത്തിലുള്ള സിനിമാ വിഭാഗത്തിൽ 34 വ്യക്തികളും, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന സംവിധായകരുടെ സിനിമ വിഭാഗത്തിൽ 56 വ്യക്തികളുമാണ് ട്രീറ്റ്‌മെൻറ് നോട്ട് സമർപ്പിച്ചത്. ലഭ്യമായ ട്രീറ്റ്‌മെൻറ് നോട്ട് ഡോ. ബിജു ചെയർമാനും കുക്കു പരമേശ്വരൻ, മനോജ് കാന എന്നിവർ അംഗങ്ങളുമായ ജൂറി വിലയിരുത്തി.
വനിതാ സിനിമാ വിഭാഗത്തിൽ 11 വ്യക്തികളോടും പട്ടികജാതി പട്ടികവർഗ്ഗവിഭാഗത്തിൽപ്പെടുന്ന സംവിധായകരുടെ സിനിമ വിഭാഗത്തിൽ 18 വ്യക്തികളോടും തിരക്കഥ സമർപ്പിക്കുവാൻ ആവശ്യപ്പെട്ടു. ഇത്തരത്തിൽ ലഭിച്ച തിരക്കഥകൾ തിരക്കഥാകൃത്ത് ജോൺ പോൾ ചെയർമാനായ ജൂറി വിലയിരുത്തുകയും തിരക്കഥ സമർപ്പിച്ച വ്യക്തികളുമായി അഭിമുഖം നടത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവസാന തെരഞ്ഞെടുപ്പ് നടത്തിയത്. ഡോ. ബിജു, ഷെറിൻ ഗോവിന്ദ്, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരൻ എന്നിവരായിരുന്നു മറ്റു ജൂറി അംഗങ്ങൾ. കാലതാമസം കൂടാതെ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ നിർമാണം ആരംഭിക്കുമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.