മോഹൻലാലിലേക്ക്
ഒരു ദയാഹർജി

കഴിഞ്ഞ പതിറ്റാണ്ടിൽ മോഹൻലാൽ കലയിലെന്തു ചെയ്തു എന്ന ചോദ്യത്തിനുള്ള ഉത്തരം ഇനിയുള്ള കാലത്തിനാവശ്യമുണ്ട്. ഇങ്ങനെ തുടർന്നാൽ ഭാവിയുടെ കണ്ണാടിയിൽ മോഹൻലാലിൻ്റെ ഏത് പ്രതിബിംബമാകും തെളിയുകയെന്നറിയില്ല. ഉറപ്പായും ഇന്നത്തെ താരമായിരിക്കില്ല അത്, ഇന്നലെയിലെ നടനായിരിക്കും- വി.കെ. ജോബിഷ് എഴുതുന്നു.

ലയാളത്തിന്റെ മഹാകവി പി. കുഞ്ഞിരാമൻ നായർ കവിയുടെ കാൽപ്പാടുകൾ എന്ന ആത്മകഥയിലൊരിടത്ത് കവിയെക്കുറിച്ച് ഇങ്ങനെ കുറിക്കുന്നുണ്ട്:
"ഉറുമ്പും പറവയും പാമ്പും മനുഷ്യനും വള്ളിയും മരവും ദാമ്പത്യബന്ധത്തിൽ കുടുങ്ങി കുടുംബഭാരമേറ്റുന്നു. ഈ അത്ഭുതപ്രപഞ്ചലീല കാണാൻ മനുഷ്യന് കണ്ണില്ല. നോക്കി രസിക്കാൻ സമയമില്ല. പ്രകൃതി രഹസ്യദർശനത്തിൽ നിന്ന് അവൻ്റെ കണ്ണു മറക്കുന്നു. സ്വാർത്ഥചിന്ത! ആ തിമിരം നീങ്ങിയാൽ പ്രപഞ്ച രഹസ്യഅറ തുറന്നുകാണാം. അത് കാണുന്നവനാണ് കവി. കവിക്ക് ഈ ലോകം തന്നെ സിനിമാഹാൾ. ചരാചര ജീവിതലീല സിനിമയും’’.

പി. കുഞ്ഞിരാമൻ നായർ തിരനോട്ടം അവസാനിപ്പിച്ചു മടങ്ങിയ 1978- ലാണ് സിനിമ മോഹൻലാൽ എന്ന നടനെ അതിൻ്റെ മഹാപ്രപഞ്ചത്തിലേക്ക് ക്ഷണിക്കുന്നത്.

കവിക്ക് ഈ ലോകമായിരുന്നു സിനിമാഹാളെങ്കിൽ സിനിമാഹാളിൽ നിന്ന് ലോകത്തെ നോക്കിക്കണ്ടവരായിരുന്നു പിന്നീടുള്ള ഭൂരിപക്ഷം മലയാളികളും. സിനിമ; അവരുടെ നിത്യാനന്ദകലയായി. കവിയുടെ അവസാനകാലമാവുമ്പോഴേക്കും കേരളപ്രകൃതിയിലെ കുരുവികൾ പോലും ഉങ്ങുമരത്തിലിരുന്ന് സിനിമാപ്പാട്ടു മുളിത്തുടങ്ങിയിരുന്നു. സിനിമ എല്ലാറ്റിനെയും വശീകരിച്ച് വശ്യകലയായ കാലം. മലയാളികളിൽത്തന്നെ ഭൂരിപക്ഷത്തിനും തങ്ങൾക്ക് വെളിയിലുള്ള ലോകത്തെ കാണാൻ കഴിഞ്ഞത് സിനിമയിലൂടെ തന്നെയായിരുന്നു. ഒപ്പം അതുവരെയും പുലർന്നുകണ്ട കേരളമെന്ന ഗ്രാമീണതയിലേക്ക് തിരശ്ശീലയൊഴുക്കിയ പുതിയ കലർപ്പുകൾ മലയാളിയെ ഓരോ ഘട്ടത്തിലും പുതിയ മനുഷ്യനാക്കിക്കൊണ്ടിരുന്നു. എല്ലാ അർത്ഥത്തിലും ശേഷം സ്ക്രീനിലായ കേരളം. ചലച്ചിത്ര കേരളം!

തിരിഞ്ഞുനോക്കിയാൽ, കുഞ്ഞിരാമൻ നായർ തിരനോട്ടം അവസാനിപ്പിച്ചു മടങ്ങിയ 1978- ലാണ് സിനിമ മോഹൻലാൽ എന്ന നടനെ അതിൻ്റെ മഹാപ്രപഞ്ചത്തിലേക്ക് ക്ഷണിക്കുന്നത്. എന്നാൽ മുൻഗാമികളെപ്പോലെ അങ്ങനെ തിരനോക്കാനായിരുന്നില്ല അദ്ദേഹത്തിൻ്റെ ഇഷ്ടമെന്ന് സിനിമാചരിത്രമറിയുന്നവർക്കറിയാം. അതുകൊണ്ടാവാം ആ 'തിരനോട്ടം' മാത്രം നമ്മൾ കാണാതെ പോയത്. അദ്ദേഹം ഒറ്റയ്ക്കായിരുന്നില്ല. ട്രാക്കിൽ തന്നെ എപ്പോഴും പ്രചോദിപ്പിച്ച് അഭിനയത്തിൻ്റെ മറ്റൊരു മഹാകാരവും ഒപ്പമുണ്ടായി, മമ്മൂട്ടി.

നാലരപ്പതിറ്റാണ്ടായി തിരശ്ശീലയിൽ നിത്യം പ്രകാശിച്ചുകൊണ്ടിരിക്കുന്ന രണ്ടു നക്ഷത്രങ്ങൾ.

തിയറ്ററിനെ അതുവരെയില്ലാത്ത തിക്കും തിരക്കുമുള്ള പൊതുവഴിയാക്കി മാറ്റിയ രണ്ടു മലയാളികൾ. നാലരപ്പതിറ്റാണ്ടായി തിരശ്ശീലയിൽ നിത്യം പ്രകാശിച്ചുകൊണ്ടിരിക്കുന്ന രണ്ടു നക്ഷത്രങ്ങൾ. അല്ലെങ്കിൽ പല തലമുറകളെ താരാരാധകരും കലാരാധകരുമാക്കിയ രണ്ടു ഗോപുരങ്ങൾ. കലയിൽ അനേകം ശിരസ്സും കൈകാലുകളുമുള്ള രണ്ടുയരങ്ങൾ. താരതമ്യേന വളരെ ഉയരമുള്ളതും നാനാവശങ്ങളിൽ നിന്നു ദൃശ്യവുമായ നിർമ്മിതികളാണ് ഗോപുരങ്ങളെല്ലാം. ഔന്നത്യമാണ് അവയുടെ മുഖ്യ സവിശേഷത. ചരിത്രത്തിലെപ്പോഴും ഗോപുരങ്ങളുടെ നിൽപ്പ് വാർപ്പ് മാതൃകയിലാണ്. അതിൽ നിന്ന് ലോകാത്ഭുതമായി വേറിട്ടുനിൽക്കുന്നത് പിസയിലെ ചരിഞ്ഞ ഗോപുരം മാത്രമാണ്. പരാജയപ്പെട്ട വാസ്തുവിദ്യാ വിസ്മയം.! നമ്മുടെ കാലത്തിൻ്റെ ജനപ്രിയ വിനോദ കേന്ദ്രങ്ങളിലൊന്ന്. കാവ്യാത്മകമായിപ്പറഞ്ഞാൽ അതുപോലൊരു ചരിഞ്ഞ നിൽപ്പുതന്നെയാണ് മലയാള സിനിമാചരിത്രത്തിൽ മോഹൻലാലിൻ്റേതും.

മലയാളിയുടെ ശീലങ്ങളിലെ വില്ലന് സിനിമ പതിയെപ്പതിയെ നായകത്വം കൽപ്പിച്ചു കൊടുക്കുന്നതാണ് മോഹൻലാലിലൂടെ കണ്ടത്. ശ്രീകൃഷ്ണപ്പരുന്ത് എന്ന സിനിമയിൽനിന്ന്.

മോഹൻലാൽ മലയാള സിനിമയുടെ മഞ്ഞിൽ വിരിഞ്ഞത് നായകനായിട്ടായിരുന്നില്ല, വില്ലനായിട്ടായിരുന്നു. തുടർന്നങ്ങോട്ടുള്ള കഥാപാത്രങ്ങളിലേക്ക് സൂക്ഷിച്ചുനോക്കിയാൽ അതുവരെയുണ്ടായിരുന്ന സിനിമാശീലങ്ങളുടെയും മുഴുവൻ വില്ലനായിരുന്നു അയാളെന്നു നമുക്കു കാണാം. തിക്കുറിശ്ശിയിലൂടെ പ്രേംനസീർ വരെ എത്തിനിന്ന മലയാളത്തിലെ കുടുംബസിനിമകൾ ആവിഷ്കരിച്ച പുരുഷബിംബങ്ങളുടെ കൂടി വില്ലൻ. നായകകഥാപാത്രങ്ങൾ നിർവ്വഹിച്ച കുടുംബ മാഹാത്മ്യത്തിൻ്റെ എതിരിടമായിരുന്നു ലാൽക്കഥാപാത്രങ്ങൾ. മലയാളി പുറത്തുകാണിക്കാൻ ആഗ്രഹിക്കാത്ത കാമനകളുടെ പ്രതിബിംബം. യഥാർത്ഥത്തിൽ നാം ഉള്ളിൽക്കൊണ്ടു നടന്ന ആ വില്ലനെ സിനിമ ചേർത്തുനിർത്തുകയായിരുന്നു. മലയാളിയുടെ ശീലങ്ങളിലെ ഈ വില്ലന് സിനിമ പതിയെപ്പതിയെ നായകത്വം കൽപ്പിച്ചു കൊടുക്കുന്നതാണ് മോഹൻലാലിലൂടെ നാം പിന്നീട് കണ്ടത്.

തിയറ്ററിലിരുന്ന് കയ്യടിച്ചപ്പോഴും മോഹൻലാൽ സ്ക്രീനിൽ ആവിഷ്കരിച്ച ഈ മനുഷ്യരെയൊന്നും തങ്ങളുടെ ജീവിതത്തിലെ ആദർശപുരുഷനാകാൻ മലയാളി അനുവദിച്ചിരുന്നില്ല.

അദ്ദേഹത്തിൻ്റെ അഭിനയവഴിയിലെ ചില ചിത്രങ്ങളിലേക്ക് നോക്കിയാൽ ഇത് തെളിഞ്ഞുകാണാം. കൊലപാതകിയും നക്സലൈറ്റുമായ ഇന്ദിരയെ സ്നേഹിച്ച, പഞ്ചാഗ്നി എന്ന സിനിമയിലെ റഷീദോ, എല്ലാതരത്തിലും വഴിവിട്ട ജീവിതം നയിക്കുന്ന ശ്രീകൃഷ്ണപ്പരുന്തിലെ മാന്ത്രികസിദ്ധിയുള്ള കുമാരനോ, പണത്തിനുവേണ്ടി താൽക്കാലിമായി ഭർത്യപദവി ഏറ്റെടുക്കുന്ന ചിത്രത്തിലെ കുറ്റവാളിയായ വിഷ്ണുവോ, യാതൊരു ലക്ഷ്യവുമില്ലാതെ ജീവിക്കുന്ന സമ്പന്നനും ധിക്കാരിയും മദ്യപാനിയുമായ ദശരഥത്തിലെ രാജീവ് മേനോനോ, രണ്ടാനച്ഛനാൽ ബലാൽസംഗം ചെയ്യപ്പെട്ട സോഫിയയെയും കൊണ്ട് മുന്തിരിത്തോപ്പുകളിലേക്ക് രാപ്പാർക്കാൻ പോകുന്ന സോളമനോ, ബോംബെത്തെരുവിലെ ലൈംഗികത്തൊഴിലാളിയെ പ്രണയിക്കുന്ന അഭിമന്യുവിലെ ഹരികൃഷ്ണനോ, നാട്ടിൻപുറത്തും നഗരത്തിലുമായി ഇരട്ട ജീവിതം നയിക്കുന്ന തൂവാനത്തുമ്പികളിലെ ജയകൃഷ്ണനോ, പത്തായപ്പുരകളിൽ പെണ്ണുങ്ങളെ നിറയ്ക്കുന്ന നീലകണ്ഠനോ ഒരിക്കലുമൊരിക്കലും മലയാളിയുടെ നന്മനിറഞ്ഞ കുടുംബങ്ങളാഗ്രഹിച്ച നായകബിംബങ്ങളായിരുന്നില്ല. പകരം വില്ലൻമാരായിരുന്നു. പ്രേക്ഷകരുടെ യഥാർത്ഥ ജീവിതത്തിലെ അപമാനത്തിൻ്റെയും ലജ്ജയുടെയും സൂചകങ്ങളെക്കൂടി ഉൾവഹിച്ച വില്ലൻമാർ.

തിയറ്ററിലിരുന്ന് കയ്യടിച്ചപ്പോഴും മോഹൻലാൽ സ്ക്രീനിൽ ആവിഷ്കരിച്ച ഈ മനുഷ്യരെയൊന്നും തങ്ങളുടെ ജീവിതത്തിലെ ആദർശപുരുഷനാകാൻ മലയാളി അനുവദിച്ചിരുന്നില്ല. എന്നാൽ പതിയെപ്പതിയെ തങ്ങളുടെ ഉള്ളിലെ ആണെന്തായിരുന്നു എന്ന ചോദ്യത്തിനുള്ള രഹസ്യമായ ഉത്തരങ്ങളായിരുന്നു ഈ ലാൽക്കഥാപാത്രങ്ങളെല്ലാം. 2024- ൽ ലാലിൻ്റേതായിറങ്ങിയ മലൈക്കോട്ടൈ വാലിബനും ഈ ഏകാകിയുടെ എതിർപാരമ്പര്യങ്ങളുടെ കണ്ണികളിൽ ഇങ്ങേയറ്റമാണെന്നു കാണാം. നമ്മുടെ സിനിമയിൽ ഒരാളിൽ മാത്രം കാണാവുന്ന തുടർച്ചയാണിത്. ഒരുപക്ഷെ ലോകസിനിമയിൽ മോഹൻലാലിനുമാത്രം സാധിച്ചത്. ഏതു ജീവിതഭാവത്തെയും ഉദാത്തമാക്കിത്തീർക്കുന്ന നടനവൈഭവം കൊണ്ട് ഒറ്റയ്ക്കൊരാൾ സാധിച്ചെടുത്തത്.

തങ്ങളുടെ ഉള്ളിലെ ആണെന്തായിരുന്നു എന്ന ചോദ്യത്തിനുള്ള രഹസ്യമായ ഉത്തരങ്ങളായിരുന്നു പല ലാൽ കഥാപാത്രങ്ങളും.

സിനിമയിൽ മാത്രമല്ല, ജീവിതത്തിലും മോഹൻലാൽ ഒരിക്കലും നമ്മുടെ ശാഠ്യങ്ങൾക്കും ശീലങ്ങൾക്കും നിന്നുതരാത്ത നായകനായിരുന്നു. ഒരുപക്ഷെ ‘ലാലിസം’ എന്ന വാക്കുപോലും ഉൾക്കൊള്ളുന്ന അർത്ഥം ഒരേസമയം വിരുദ്ധങ്ങളായ പല പ്രതലങ്ങളിൽച്ചവുട്ടി നമ്മെ അഭിസംബോധന ചെയ്യുന്നൊരാൾ എന്നാവാം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പാത്രം മുട്ടി നിൽക്കുന്ന ആൾ തൊട്ടടുത്ത ദിവസം പിണറായി വിജയന് ആശംസയർപ്പിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്നത് മലയാളി കണ്ടതാണ്. ദേശാഭിമാനിയുടെ അക്ഷരമുറ്റത്തു നിന്ന് കുട്ടികളോട് ശാസ്ത്രത്തെക്കുറിച്ച് പറഞ്ഞ് തൊട്ടടുത്ത മണിക്കൂറിൽ ശത്രുദോഷ പൂജയ്ക്കായി അമ്പലനടയിൽ തേങ്ങയുടച്ചതും നാം കണ്ടതാണ്.

മോഹൻലാലിനെ ഒരഭിമുഖത്തിനിരുന്നു കിട്ടുമ്പോൾ പോലും ലാലുണ്ടാക്കിയ വിപരീതങ്ങളുടെ പ്രതിച്ഛായയുടെ വാതിൽ തുറക്കുന്ന മാധ്യമപ്രവർത്തകരെയാണ് നാം കണ്ടിട്ടുള്ളത്.

ഈ ഘട്ടങ്ങളിലെല്ലാം വലിയ വിമർശനങ്ങൾ നിറയുമ്പോഴും അത് അദ്ദേഹത്തെ സ്പർശിക്കുന്നേയില്ല. അതുകൊണ്ടുതന്നെ പൊളിറ്റിക്കൽ കറക്ട്നെസ്സിൻ്റെ സ്കെയിലുകൾ കൊണ്ടളന്നതൊന്നും ആ താരപരിവേഷത്തിന് മങ്ങലേൽപ്പിച്ചിട്ടില്ല. കാരണം പല കൈവഴികളിലായൊഴുകുന്ന നദി പോലെയായി ഇക്കാലത്തിനുള്ളിൽ നാമയാളെ ശീലിച്ചുതുടങ്ങി. എഴുത്തുകാരിൽ പുനത്തിൽ കുഞ്ഞബ്ദുള്ളയാണ് ഇതുപോലൊരു എതിർജീവിതം ജീവിച്ചതിൻ്റെ സ്മാരകശിലയായി നമുക്കു മുന്നിലുള്ളത്. പക്ഷെ അദ്ദേഹം ഇതുപോലെ ആഘോഷിക്കപ്പെട്ടിരുന്നില്ല. കലാകാരൻമാരെന്ന അസ്തിത്വം പേറുന്ന അവർക്കുമുന്നിൽ ഒരതിർത്തികൾക്കും ഇടമില്ല.

മോഹൻലാലിനെ ഒരഭിമുഖത്തിനിരുന്നു കിട്ടുമ്പോൾ പോലും ലാലുണ്ടാക്കിയ ഈ വിപരീതങ്ങളുടെ പ്രതിച്ഛായയുടെ വാതിൽ തുറക്കുന്ന മാധ്യമപ്രവർത്തകരെയാണ് നാം കണ്ടിട്ടുള്ളത്. മനോരമ ചാനലിൽ ജോണി ലൂക്കോസ് നടത്തിയ അഭിമുഖത്തിൽ ഒന്നോ രണ്ടോ ചോദ്യം കഴിഞ്ഞ് നേരെ ചോദിക്കുന്ന ചോദ്യം ലാലിന്റെ കയ്യക്ഷരം നല്ലതാണ് എന്ന് കേട്ടിട്ടുണ്ട്, നല്ല കയ്യക്ഷരം ഉള്ളവരുടെ സ്വഭാവം നല്ലതായിരിക്കും എന്ന് പറയാറുണ്ട്, കയ്യക്ഷരം പോലെ ലാലിൻ്റെ സ്വഭാവം നല്ലതാണോ എന്നാണ് ചോദ്യം.

ഒരു കാലത്തും നമ്മുടെ സമൂഹം ശീലിച്ചുത്പ്പാദിപ്പിക്കുന്ന നടപ്പുമാതൃകകളുടെ പ്രതിനിധിയല്ല മോഹൻലാൽ. ‘കാസനോവ’ എന്ന സിനിമയിൽനിന്ന്.

ഒരുപക്ഷേ മലയാളത്തിലെ മറ്റൊരു നടനോടും ഈ ചോദ്യം ചോദിക്കാൻ ആരും ധൈര്യം കാണിക്കില്ല. തുടർചോദ്യം മോഹൻലാൽ നല്ല ഭർത്താവാണോ നല്ല മകനാണോ നല്ല അച്ഛനാണോ എന്നാണ്. അതിനദ്ദേഹത്തിൻ്റെ മറുപടി തിരിച്ചൊരു ചോദ്യമാണ്. ഒരു നല്ല ഭർത്താവ് എങ്ങനെയാകണം എന്നതിന് ലിഖിത നിയമങ്ങൾ എന്തെങ്കിലുമുണ്ടോ. അങ്ങനെയെന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കിൽ ആ നിയമങ്ങളിലൊന്നും ഞാൻ വിശ്വസിക്കുന്നില്ല എന്നുകൂടി അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

അതെ; ഒരു കാലത്തും നമ്മുടെ സമൂഹം ശീലിച്ചുത്പ്പാദിപ്പിക്കുന്ന നടപ്പുമാതൃകകളുടെ പ്രതിനിധിയല്ല അദ്ദേഹം. എന്നിട്ടും നാമയാളോട് പഴയ ചോദ്യങ്ങൾ തന്നെ ചോദിച്ചു കൊണ്ടേയിരിക്കുന്നു.

മലയാളി പ്രേക്ഷകർ ഉള്ളിലടക്കിയ ഈ വിപരീതങ്ങൾക്കെല്ലാം ചൊടിയും ചുണയും നൽകി തൻ്റെ പകർന്നാട്ടങ്ങളെ അനായാസമാക്കിയതുകൊണ്ടുമാത്രം കയറിപ്പോയ പടവുകളുടെ സ്വാതന്ത്ര്യത്തിൽ നിന്നാണ് ഈ എതിരിടങ്ങൾ അദ്ദേഹം സാധ്യമാക്കുന്നത്.

46 വർഷത്തെ അഭിനയാവിഷ്കാരങ്ങളിൽ നൂറാവർത്തി കണ്ടാലും പുതുമ കുറയാത്ത അംഗചലനങ്ങളും ഭാവഗരിമയും മലയാളത്തിൽ മോഹൻലാലുണ്ടാക്കിയിട്ടുണ്ട്. കലാസിനിമയെന്നോ കച്ചവട സിനിമയെന്നോ ഇല്ലാതെ മോഹൻലാലുണ്ടാക്കിയ അനന്യത മറ്റൊരാളിലേക്ക് പകരാനാവാതെ കാവൽ നിൽക്കുന്ന കാലം. കഥാപാത്രങ്ങൾ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ പോലെ ലാലിൻ്റെ കാല്പാടുകളേറ്റ് കഥാപാത്രങ്ങൾ കടലാസിൽ നിന്നിറങ്ങി തിരശ്ശീലയിലെത്തിയപ്പോൾ എഴുത്തുകാരെ അത്ഭുതപ്പെടുത്തിയതിനുംഎത്രയോ സാക്ഷ്യങ്ങളുണ്ട്.

നായകകഥാപാത്രങ്ങൾ നിർവ്വഹിച്ച കുടുംബ മാഹാത്മ്യത്തിൻ്റെ എതിരിടമായിരുന്നു ലാൽക്കഥാപാത്രങ്ങൾ. മലയാളി പുറത്തുകാണിക്കാൻ ആഗ്രഹിക്കാത്ത കാമനകളുടെ പ്രതിബിംബം.

സിബി മലയിലിൻ്റെ സംവിധാനത്തിൽ1993- ലിറങ്ങിയ സദയം എന്ന സിനിമ കണ്ടപ്പോൾ അതിന്റെ തിരക്കഥയ്ക്ക് ദേശീയ അവാർഡ് കിട്ടിയ എം.ടി.വാസുദേവൻ നായർ ഇങ്ങനെ പറഞ്ഞിരുന്നു; ''ഞാൻ വിചാരിച്ചിരുന്നത് എന്റെ പേനയേക്കാൾ നന്നായി സത്യനാഥന്റെ വികാരങ്ങളെ പ്രകടിപ്പിക്കാൻ ആർക്കും കഴിയില്ലെന്നായിരുന്നു. അയാൾ (മോഹൻലാൽ ) എന്റെ തോന്നലുകൾ തെറ്റാണെന്നു തെളിയിച്ചു. അയാൾ ചിരിക്കുകയായിരുന്നോ അതോ കരയുകയായിരുന്നോ. അതോ അതിനിടയിലെ വേദനകളിലായിരുന്നോ? അയാൾക്കുമാത്രം അറിയാവുന്ന കാര്യമാണത് ''

മോഹൻലാലിന്റെ ചലനങ്ങളിലും ഭാവങ്ങളിലും എം.ടി എന്ന എഴുത്തുകാരൻ മാത്രമായിരിക്കില്ല ഇങ്ങനെ അത്ഭുതപ്പെട്ടിട്ടുണ്ടാവുക. എഴുത്തുകാരെപ്പോലെ, അഭിനേതാക്കളും തങ്ങളുടെ വേഷങ്ങൾക്കായി സാങ്കൽപ്പികമായ ജീവിതം വികസിപ്പിച്ചുകൊണ്ട് ഒന്നുമില്ലായ്മയിൽ നിന്ന് യാഥാർത്ഥ്യം സൃഷ്ടിക്കണം. അത് സൃഷ്ടിക്കാനുള്ള മിടുക്കാണ് മോഹൻലാലിനെ അനന്യമാക്കുന്നത്. അൻപതിലേറെ ചിത്രങ്ങൾക്കുവേണ്ടി എഴുതിയിട്ടും എം.ടി ഒരു നടനെക്കുറിച്ചും ഇങ്ങനെ പറഞ്ഞതായറിവില്ല.

‘‘ഞാൻ വിചാരിച്ചിരുന്നത് എന്റെ പേനയേക്കാൾ നന്നായി സത്യനാഥന്റെ വികാരങ്ങളെ പ്രകടിപ്പിക്കാൻ ആർക്കും കഴിയില്ലെന്നായിരുന്നു. അയാൾ (മോഹൻലാൽ ) എന്റെ തോന്നലുകൾ തെറ്റാണെന്നു തെളിയിച്ചു’’- എം.ടി. വാസുദേവൻ നായർ.

മോഹൻലാൽ അദ്ദേഹത്തിന്റെ മുപ്പത്തിരണ്ടാം വയസിൽ ചെയ്ത കഥാപാത്രമാണ് സദയത്തിലേത്. ഇന്നിപ്പോൾ അതിൻ്റെ ഇരട്ടിപ്രായത്തിൽ അറുപത്തിനാലിലാണ് നടനുളളത്. പക്ഷെ ഇതുപോലെ വലിയ എഴുത്തുകാർക്കോ സംവിധായകൻമാർക്കോ വിസ്മയപ്പെടാനുള്ളതിലേക്കൊന്നും ലാലിപ്പോഴുണ്ടോ എന്നാണ് കലാസ്വാദകരുടെ ചോദ്യം. കാരണം ഇക്കാലം കൊണ്ട് കച്ചവടക്കാർ നിധി തേടാനുപയോഗിക്കുന്ന നൂറ്റാണ്ടിലെ പവർഫുൾ ബ്രാൻഡായി മോഹൻലാൽ മാറിക്കഴിഞ്ഞു. ലാലിലെ പഴയ നടനവൈഭവത്തെക്കുറിച്ചോർക്കുന്നവർക്കെല്ലാം ഒരു നെടുവീർപ്പെങ്കിലും ബാക്കിയുണ്ടാകും. കാരണം തിയറ്ററിനെയും ഭേദിച്ച് ആ ബ്രാൻഡ് വളർന്നുകഴിഞ്ഞു. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ലോകത്തിലേറ്റവുമധികം സെർച്ച് ചെയ്യപ്പെട്ട ഇന്ത്യൻ താരങ്ങളിലൊരാൾ മോഹൻലാലാണ്. സമീപകാലം മലയാള സിനിമ ലാലിൻ്റെ താരപരിവേഷത്തിലൂടെ പാൻ ഇന്ത്യൻ സിനിമകളായി മേൽവിലാസമറിയിച്ചു തുടങ്ങി. കഴിഞ്ഞ ഒരു പതിറ്റാണ്ടുകൊണ്ട് കോടികളുടെ കണക്കെടുപ്പുകൾക്കുള്ള താരം മാത്രമായി നടൻ ചെറുതായിത്തുടങ്ങി. താരപരിവേഷത്തിൻ്റെ കൂട്ടിൽക്കിടന്ന് ചെറുതായിപ്പോയ ഈ നടനജീവിതത്തിൽ ഇപ്പോളയാൾ ഒറ്റയ്ക്കാണ്. പഴയ കഥയിലെ പൊൻമുട്ടയിടുന്ന താറാവിനോട് കാണിച്ച ആർത്തിയാണ് ചുറ്റിലുമുള്ള വിപണി ലാലിനോട് കാണിക്കുന്നത്.

ലാലറിയാതെ ലാൽ പണിതുയർത്തപ്പെടുകയാണ്. തൻ്റെ ഉടലും മനസും കൊടുത്ത് പരകായപ്രവേശം നടത്തിയ കലയിൽ നിന്ന് ബഹുദൂരം പിന്നിലായിപ്പോയ ബഹുരൂപിയുടെ പ്രതിബിംബം പക്ഷെ അയാൾ മാത്രം കാണുന്നില്ല. കലയിൽ നിന്ന് കച്ചവടത്തിലേക്കു മാത്രമായി ചരിഞ്ഞുതുടങ്ങിയ ആ നിൽപ്പ് നടനത്തിലെ എത്രയെത്ര വിസ്മയങ്ങളെയാവും കഴിഞ്ഞ പതിറ്റാണ്ടിൽ ഇല്ലാതാക്കിയിട്ടുണ്ടാവുക. ലോകം കണ്ടറിയേണ്ട കലാജ്യോതിസ്സ് വെറും കച്ചവട ജ്യോതിസ്സായി പരിണമിച്ചതിൻ്റെ ചരിത്രമായി നടൻ ഇപ്പോൾ ആസ്വാദകരുടെ മുന്നിലുണ്ട്. അവരുടെ വിചാരണകൊണ്ടല്ല തൻ്റെ വിചാരം കൊണ്ട് കലയിലെ പഴയ പകർന്നാട്ടങ്ങളിലേക്ക് ഇടയ്ക്കെങ്കിലും ലാൽ തിരിച്ചു നടന്നെങ്കിൽ!

കഴിഞ്ഞ ഒരു പതിറ്റാണ്ടുകൊണ്ട് കോടികളുടെ കണക്കെടുപ്പുകൾക്കുള്ള താരം മാത്രമായി മോഹന്‍ലാല്‍ ചെറുതായിത്തുടങ്ങി.

കലയുടെ പേരിൽ എത്രയെത്ര അംഗീകാരങ്ങൾ, എത്രയെത്ര ഉയരങ്ങൾ. പക്ഷെ കച്ചവടത്തിൽ മാത്രമായ സമീപകാലം തൻ്റെ പകർന്നാട്ടത്തിന് ലാലിന് കിട്ടിയ ദേശീയപുരസ്കാരം പോലും കലാസ്വാദകരെ ചിരിപ്പിക്കും. അറുപത്തിനാലാമത് ദേശീയ പുരസ്കാരങ്ങളിലൊന്ന് പുലി മുരുകനിലൂടെയാണ് ലാലിലേക്കെത്തിയത്. ഷെൽഫിൽ ഭരതവും വാനപ്രസ്ഥവും പുലിമുരുകനും ഒപ്പം കഴിയുന്ന ഐറണി!

കഴിഞ്ഞ പതിറ്റാണ്ടിൽ ലാൽ തൻ്റെ ആർട്ടിസ്റ്റിക് വാല്യുവിനെ എങ്ങനെയാണ് അടയാളപ്പെടുത്താൻ ശ്രമിച്ചതെന്നന്വേഷിച്ചാൽ ഏതൊരാസ്വാദകനിലും നിരാശയുണ്ടാക്കും. തുടക്കം മുതൽ സിനിമയിൽ ഒപ്പമുള്ള മമ്മൂട്ടി കലയും കച്ചവടവും മാറിമാറി പരീക്ഷിക്കുമ്പോൾ ലാൽ തൻ്റെ വിപണിമൂല്യത്തിൽ മാത്രം ഉറച്ചുനിൽക്കുകയാണ്. ഒരാൾ തൻ്റെ ആത്മാന്വേഷണത്തിനു കൂടിയുള്ള മാധ്യമമായി സിനിമയെ കാണുമ്പോൾ ഒരാൾ അപരർക്ക് നിധി തേടാനുള്ള വിധിക്കു മാത്രമായി തന്നെ വിട്ടു നൽകുന്നു. അല്ലെങ്കിൽ ഫാൻസ് അസോസിയേഷനുകൾ ലാലിനെ കേവലം അമ്യൂസ്മെൻ്റ് പാർക്കാക്കി മാറ്റിക്കഴിഞ്ഞതിൻ്റെ വൈപരീത്യത്തിലാണ് അറുപത്തിനാലിൽ ഈ കലാകാരനുള്ളത്.

കഴിഞ്ഞ പതിറ്റാണ്ടിൽ ലാൽ തൻ്റെ ആർട്ടിസ്റ്റിക് വാല്യുവിനെ എങ്ങനെയാണ് അടയാളപ്പെടുത്താൻ ശ്രമിച്ചതെന്നന്വേഷിച്ചാൽ ഏതൊരാസ്വാദകനിലും നിരാശയുണ്ടാക്കും. പുലിമുരുകന്‍ എന്ന സിനിമയില്‍ നിന്ന്.

മോഹൻലാലെന്ന നടനെ ഉപേക്ഷിച്ച് മോഹൻലാൽ എന്ന താരത്തിൽ മാത്രം കണ്ണയക്കുന്ന കാണികൾ. അവർ മാത്രമാണ് മോഹൻലാലിനെ ഇപ്പോൾ കൊണ്ടാടുന്നത്. 'കണ്ടാ'ടുന്നത്! അവരിൽപ്പലരെയും ലാൽച്ചുമലുകളായും ലാൽച്ചുമരുകളായും ലാൽമീശകളായും കേരളത്തിന്റെ ഗ്രാമങ്ങളിലും നഗരങ്ങളിലും കാണാം. ലാലിന്റെ കഥാപാത്രങ്ങളിൽ ലാൽ ഏറ്റവും സൂക്ഷ്മമായപ്പോഴൊക്കെ ഈ ആൾക്കൂട്ടം അദ്ദേഹത്തെ കയ്യൊഴിഞ്ഞിട്ടുണ്ട്. സംശയമുള്ളവർ 'വാസ്തുഹാര'യിലേക്കും 'ഇരുവറി'ലേക്കും 'വാനപ്രസ്ഥ'ത്തിലേക്കുമൊക്കെ നോക്കിയാൽ മതി. വിപണിക്കാവശ്യമായ വലിയ ആരവങ്ങൾക്കിടയിൽ നിൽക്കുമ്പോൾത്തന്നെയാണ് ഇത്തരം സിനിമകൾക്കുവേണ്ടി നിശ്ശബ്ദമായി കാമ്പുള്ള കഥാപാത്രങ്ങളായി മോഹൻലാൽ പകർന്നാടിയത്. പക്ഷെ ഇപ്പോൾ ഈ നടനും കാണികളും അങ്ങനെയൊരിടവേളയെ സ്വപ്നം കാണുന്നുപോലുമില്ലെന്നു തോന്നുന്നു.

കഥാപാത്രങ്ങളിൽ മോഹൻലാൽ ഏറ്റവും സൂക്ഷ്മമായപ്പോഴൊക്കെ ആൾക്കൂട്ടം അദ്ദേഹത്തെ കയ്യൊഴിഞ്ഞിട്ടുണ്ട്. 'ഇരുവറി' -ൽ നിന്ന്.

ചരിത്രം മോഹൻലാലിനെ പലനിലയിൽ രേഖപ്പെടുത്തിയേക്കാം. പക്ഷെ ചരിത്രം കൊതിയോടെ നോക്കുക അദ്ദേഹം ഇപ്പോൾ ആവർത്തിച്ചുകൊണ്ടിരിക്കുന്ന അമാനുഷിക കഥാപാത്രങ്ങളിലേക്കാവില്ല. മോഹൻലാൽ എന്ന നടന് ഈ വലുപ്പമുണ്ടാക്കിയതും ഈ അമാനുഷിക കഥാപാത്രങ്ങളല്ല. അദ്ദേഹത്തിന്റെ തിരയാട്ടത്തിന്റെ പകുതിയും മനുഷ്യനായി ജീവിച്ച കഥാപാത്രകാലം കൂടിയാണ്. എന്നാൽ പിൽക്കാലം ലാലെന്ന മനുഷ്യനെ ലാലെന്ന അമാനുഷികൻ തിരശീലയിൽ പരാജയപ്പെടുത്തിക്കൊണ്ടിരിക്കുന്നതിൻ്റെ സാക്ഷികളാണ് നമ്മൾ. വില്ലനായിത്തുടങ്ങി നായകനായി ഇപ്പോൾ നായകവില്ലത്തരത്തിന്റെ സമ്മിശ്രഭാവത്തിൽ നിറഞ്ഞാടുകയാണ് അയാൾ. അതെ; അമാനുഷികഭാവമുള്ള ഊക്കൻ ലുക്കിൽ നിന്ന് ഇറങ്ങിപ്പോകുന്നത് അനന്യമായ നടനവൈഭവത്തിന്റെ ഒരു ചരിത്രം കൂടിയാണ്. ആ നിറഞ്ഞാടലിൽ ഇപ്പോൾ മനുഷ്യഉടലില്ല.

മോഹന്‍ലാലിന്റെ തിരയാട്ടത്തിന്റെ പകുതിയും മനുഷ്യനായി ജീവിച്ച കഥാപാത്രകാലം കൂടിയാണ്. ‘താഴ്‌വാരം’ എന്ന സിനിമയില്‍ നിന്ന്

ഒരുനിലയിലും മോഹൻലാൽ രജനീകാന്തിനോ പ്രഭാസിനോ അജിത്തിനോ ഒന്നും പഠിക്കാനുള്ള നടനല്ല. അത്തരം കഥാപാത്രങ്ങളാകരുത് മോഹൻലാൽ എന്ന അഭിനയത്തിന്റെ ഭാവി റഫറൻസ്. ചുരുക്കത്തിൽ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ജീവിതം അദ്ദേഹത്തിന്റെ തന്നെ ഒരു കഥാപാത്രത്തോടു ചേർത്തുവായിക്കാം. അത് 'ദേവാസുര'മാണ്.

‘ദേവാസുരം' എന്ന ചിത്രത്തിൽ മീശ പിരിച്ചും പേടിപ്പിച്ചും തെരുവിൽത്തല്ലിയും നിൽക്കുന്ന നീലകണ്ഠനോടൊപ്പം ശിങ്കിടികളായി എപ്പോഴും ഒരു ചെറിയ സംഘവുമുണ്ട്. നീലകണ്ഠന്റെ എല്ലാത്തരം വീരത്വത്തിനും കയ്യടിച്ച് താളം തുള്ളുന്നവർ. നിവർന്നുകിടക്കാൻ ആറടി മണ്ണുമതി എന്ന് കരുതി തനിക്കുള്ളതെല്ലാം വിറ്റുതുലച്ച് മാടമ്പിത്തരം കാണിക്കുന്നവൻ. രണ്ടാം പകുതിയിൽ അയാൾ വീണതിനുശേഷം ഒപ്പമുണ്ടായിരുന്നവരെയൊന്നും കാണാതായപ്പോൾ വാര്യർ നീലകണ്ഠനോട് ഇങ്ങനെ ചോദിക്കുന്നുണ്ട്, ‘എവിടെപ്പോയി വാനരപ്പട’ എന്ന്. അതെ; ആ വാനരപ്പട മോഹൻലാൽ എന്ന 'താര'ത്തിനു ചുറ്റുമുണ്ട്. തീർച്ചയായും അവർ മോഹൻലാൽ എന്ന അഭിനേതാവിനൊപ്പമല്ല.

വീണതിനുശേഷമാണ് നീലകണ്ഠൻ മനുഷ്യനാകുന്നത്. അതിനുശേഷമാണ് എല്ലാറ്റിനോടും അയാൾക്ക് അതിനുമുമ്പില്ലാതിരുന്ന ബഹുമാനമുണ്ടാകുന്നത്.
ഓർക്കുക; വീണതിനുശേഷം മാത്രം.

വീണതിനുശേഷമാണ് നീലകണ്ഠൻ മനുഷ്യനാകുന്നത്. അതിനുശേഷമാണ് എല്ലാറ്റിനോടും അയാൾക്ക് അതിനുമുമ്പില്ലാതിരുന്ന ബഹുമാനമുണ്ടാകുന്നത്.
ഓർക്കുക; വീണതിനുശേഷം മാത്രം.

മോഹൻലാലെന്ന അഭിനയപ്രതിഭയോടും മനുഷ്യജീവിതത്തിലെ വിവിധ സംഘർഷങ്ങൾ നിറഞ്ഞ കഥാപാത്രങ്ങളോടുമുള്ള ബഹുമാനം തിരയരങ്ങിൽനിന്ന് പിൻവാങ്ങുമ്പോൾ മാത്രം തോന്നേണ്ടതല്ല. ഇപ്പോൾ ഒപ്പം കയ്യടിക്കുന്നവരെ സൂക്ഷിക്കുക. ഇപ്പോൾ തനിക്കു ചുറ്റുമുള്ള കാണികൾ ആഘോഷിക്കുന്നതൊക്കെ ചരിത്രം പിന്നിലാക്കുന്ന കാലം വിദൂരമല്ല. കാലം അവരിലേക്ക് വെളിച്ചം പായിക്കുമായിരിക്കും

സമീപകാലം ഒരഭിനയകാലമേയല്ല മോഹൻലാലിന്. ഇനി കാണികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാനാണ്. ഒരുപക്ഷെ തമ്പുരാൻ കഥാപാത്രങ്ങളിൽ നിന്ന് മാറി ഇനി അധോലോക രാജാക്കൻമാരായ എമ്പുരാക്കൻമാരുടെ തുടർച്ചയായിരിക്കും ലാലിൻ്റെ ഭാവിബാധ്യതകൾ. പ്രതിഭാധനനായ അഭിനേതാവിൽ അമാനുഷികകഥാപാത്രങ്ങൾ തുടർച്ചയായിറക്കി വെക്കുന്നതിലൂടെ അത്തരം ആഘോഷങ്ങളിലൂടെ അദ്ദേഹവും കാണികളും ഈ അറുപതിൻ്റെ പകുതിയിൽ നടനത്തിന്റെ 'മരണ'ത്തെത്തക്കൂടിയാവും ആഘോഷിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഈ അറുപത്തിനാലിൽ നിൽക്കുമ്പോൾ തന്റെ മുപ്പതുകളിലേക്ക് തിരിഞ്ഞുനോക്കാനുള്ള അവസരം കൂടിയാവട്ടെ മോഹൻലാലിന്.

തമ്പുരാൻ കഥാപാത്രങ്ങളിൽ നിന്ന് മാറി ഇനി അധോലോക രാജാക്കൻമാരായ എമ്പുരാക്കൻമാരുടെ തുടർച്ചയായിരിക്കും ലാലിൻ്റെ ഭാവിബാധ്യതകൾ

ഒരർത്ഥത്തിൽ അയാൾ 'സദയ'ത്തിലെ സത്യനാഥനാണ്. തടവറയിലാണയാൾ. ആ തടവറയിലേക്ക്, ലാലിലേക്ക് ഭാവന ചെയ്താൽ ഇങ്ങനെയുമെഴുതാമെന്ന് വിചാരിക്കുന്നു.
നാല് കൊലപാതകം ചെയ്തതിന്റെ പേരിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട സത്യനാഥനോട് നടൻ മുരളി ചെയ്ത പോലീസ് ഓഫീസർ മാധവൻ വന്ന് ശിക്ഷയിൽ നിന്ന് ഇളവ് കിട്ടാൻ ഒടുവിലെ ശ്രമം എന്ന നിലയിൽ, ‘നമുക്കൊരു ദയാഹർജി അയച്ചു നോക്കാം, അതൊരു പതിവാണ്’ എന്ന് പറയുന്നുണ്ട്. പക്ഷെ സത്യനാഥൻ ‘ആവശ്യമില്ല സർ’ എന്നാണ് മറുപടി പറയുന്നത്.

ഈ അറുപത്തിനാലാം പിറന്നാളിൽ ഈ നടനവൈഭവത്തെ, മോഹൻലാലിനെ സത്യനാഥനെപ്പോലുള്ള സേതുമാധവനെപ്പോലുള്ള കഥാപാത്രങ്ങളിലേക്ക് തിരികെക്കൊണ്ടുവരാൻ അമാനുഷിക കഥാപാത്രശിക്ഷകളിൽ നിന്ന് ഇളവ് ചെയ്തുതരാൻ കാണികൾ എന്ന നിലയിൽ അദ്ദേഹത്തിനൊപ്പം കൂടിയ നിർമ്മാതാക്കളോടും എഴുത്തുകാരോടും സംവിധായകരോടും നാമപേക്ഷിക്കേണ്ടതുണ്ട്.
സദയത്തിൽ സത്യനാഥന് ശിക്ഷ ഇളവ് ചെയ്ത് കിട്ടുന്നില്ല. പക്ഷെ മാധവനിൽ നിന്ന് തുടങ്ങിയ ദയാഹർജി എന്ന സാധ്യത ഒടുവിൽ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അങ്ങനെയൊരാഗ്രഹത്തിന്റെ പുറത്താണ് ഈ ദയാഹർജി. തീർച്ചയായും താര പ്രതീതിയുടെ തടവറയിൽക്കുരുങ്ങിപ്പോയ മോഹൻലാൽ എന്ന നടന് ഇങ്ങനെയൊരു ദയാഹർജി ഇപ്പോൾ ആവശ്യമുണ്ട്. കാരണം ഇനിയൊരു മോഹൻലാൽ ചരിത്രത്തിൽ ഉണ്ടാവില്ല. ചരിത്രം ഒരാളെയും മോഹൻലാലായി ജീവിക്കാൻ വിടില്ല. ഇയാൾ ആദ്യത്തെയും അവസാനത്തെയും ലാലാണ്.

മോഹൻലാൽ ജീവിച്ചിരുന്ന കാലത്തുതന്നെ ആഘോഷിക്കപ്പെട്ടു. എന്നാൽ, ആ ആഘോഷം നടനത്തിൻ്റെ ആഘോഷമല്ല.

പി.കുഞ്ഞിരാമൻ നായരിൽ നിന്നാണ് നാം തുടങ്ങിയത്. ജീവിച്ചകാലമായിരുന്നില്ല പി.യെ ആഘോഷിച്ചത്. മരിച്ചതിനുശേഷമാണ്. മോഹൻലാൽ ജീവിച്ചിരുന്ന കാലത്തുതന്നെ ആഘോഷിക്കപ്പെട്ടു. എന്നാൽ, ആ ആഘോഷം നടനത്തിൻ്റെ ആഘോഷമല്ല. ഭൗതിക ജീവിതം വിട്ടു പോവുമ്പോഴാണ് കലാകാരരിലേക്ക് ലോകം ശരിക്കും തിരിഞ്ഞുനോക്കിയിട്ടുള്ളത്. അപ്പോൾ ആഘേഷിക്കപ്പെടുന്നതാണ് അനശ്വരമായിത്തീരാറുള്ളത്.

കഴിഞ്ഞ പതിറ്റാണ്ടിൽ ലാൽ കലയിലെന്തുചെയ്തു എന്ന ചോദ്യത്തിനുള്ള ഉത്തരം ഇനിയുള്ള കാലത്തിനാവശ്യമുണ്ട്. ഇങ്ങനെ തുടർന്നാൽ ഭാവിയുടെ കണ്ണാടിയിൽ മോഹൻലാലിൻ്റെ ഏത് പ്രതിബിംബമാകും തെളിയുകയെന്നറിയില്ല. ഉറപ്പായും ഇന്നത്തെ താരമായിരിക്കില്ല അത്, ഇന്നലെയിലെ നടനായിരിക്കും.

Comments