ആദ്യം കണ്ട ഹൊറർ സിനിമയെക്കുറിച്ച് ഓർക്കുകയായിരുന്നു. 1978- ൽ മലയാളത്തിലിറങ്ങിയ ലിസ. അന്ന് കൊച്ചു കുഞ്ഞായിരുന്നു. സൂപ്പർമാനും ഡിങ്കനും ആയിട്ടില്ല. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് അടുത്തുള്ള ഗോൾഡൻ ടാക്കീസിലാണ് സിനിമാകളി. ബി ക്ലാസ് തിയേറ്റർ. മുന്നിൽ ബഞ്ച്, പിറകിൽ കസേര. ഓലമേഞ്ഞ കൊട്ടക വീടിനടുത്താണ്. അമ്മയുടെ കൂടെയാണ് സിനിമ കാണാൻ പോകുന്നത്. പേടിച്ച് കണ്ണടച്ച് ബഞ്ചിനടിയിൽ ഒളിച്ചിരുന്ന് കൈപ്പൊത്തിലൂടെ കണ്ട സിനിമയുടെ ഒരു സീൻ ഓർമ്മയുണ്ട്. നടൻ പപ്പു വാതിലിൽ തട്ടി ആരാ അകത്ത് എന്ന് ചോദിക്കുമ്പോൾ വാതിലിൽ കൊത്തി എഴുതി കാണിക്കും, ‘ലിസ’. ആ രംഗം ഓർക്കുമ്പോൾ ഇന്നും നേരിയ പേടി കയറുന്നുണ്ട്. വയസ്സ് അപ്പോൾ അഞ്ചോ ആറോ കാണും. യക്ഷികളെക്കുറിച്ചുള്ള മിത്തും വിശ്വാസവും നാട്ടിലെങ്ങും പാട്ടാണ്. പാലപോയ / പനപോയ യക്ഷിയെപ്പോലെ എന്ന പ്രയോഗം തന്നെ പ്രചാരത്തിലുണ്ട്. യക്ഷികൾക്ക് ചോരയാണ് ഇഷ്ടഭോജനം. പാലയിലോ പനയിലോ ഇരുന്നാണ് കഴിപ്പ്. ബാക്കിയായാലും രക്ഷയില്ല. ഇങ്ങനെ പേടിക്കാതെടാ എന്ന് ഇപ്പോൾ പറയാനാകും.
ഹൈസ്കൂളിലൊക്കെ പഠിക്കുന്ന കാലത്താണ് സ്കൂൾ ലൈബ്രറിയിൽ നിന്ന് ബ്രാം സ്റ്റോക്കർ- ഡ്രാക്കുള ഗോതിക് നോവൽ മലയാളം വേർഷൻ എടുത്ത് ജനാലക്കീഴിലെ തിണ്ണയിലിരുന്ന് വായിക്കുന്നത്. കുതിരവണ്ടി മഞ്ഞുവീണ ചെങ്കുത്തായ വഴിയിലൂടെ കുതിച്ചുപായുന്ന ഡയറിക്കുറിപ്പ് വായിച്ചപ്പോഴേക്കും കൗമാരരക്തം തണുത്തുതുടങ്ങി. കാറ്റുമില്ല, ഇലയനക്കവുമില്ല. അപ്രതീക്ഷതമായി പിന്നിൽ വലിയ ശബ്ദത്തോടെ ജനൽ അടിച്ച് അടഞ്ഞു. എന്റെ പ്രാണനും ശരീരവും രണ്ട് ദിശകളിലേക്ക് ഇറങ്ങി ഓടി. എന്നിട്ടും പുസ്തകം താഴെവക്കാൻ തോന്നിയില്ല.

ഡ്രാക്കുള സിനിമയായതും കണ്ടതും യുട്യൂബിലൊക്കെ വന്നതിനുശേഷമാണ്. 1931- ൽ ഡ്രാക്കുള ഇറങ്ങിയതിനു ശേഷമാണ് ഹൊറർ സിനിമകളെ ഒരു കോഡിഫൈഡ് (ലക്ഷണങ്ങളുള്ള) ഴോണറായി ആദരിച്ചത്.
പിന്നീട് ഫ്രാൻസിസ് ഫോർഡ് കൊപ്പോള നിർമ്മിച്ച് സംവിധാനം ചെയ്ത് 1992-ലും വെർണർ ഹെർസോഗ് 1979- ൽ നോസ്ഫെറാതു ദ വാമ്പയർ എന്നപേരിലും സ്റ്റാക്കറുടെ ഡ്രാക്കുള പുനർനിർമ്മിച്ചിട്ടുണ്ട്.
ഒരു അമേരിക്കൻ ഗോതിക് ഹൊറർ ചിത്രമാണ് ബ്രാം സ്റ്റോക്കേഴ്‌സ് ഡ്രാക്കുള. പിന്നീട് ഒരു പത്തു വർഷത്തിനുള്ളിൽ സബ്ഴോണറുകളുടെ ശരവർഷമായിരുന്നു. ബോഡി ഹൊറർ, കോമഡി ഹൊറർ, ഇറോട്ടിക് ഹൊറർ, സ്ലാഷർ ഫിലിംസ്, സ്പ്ലാറ്റർ ഫിലിംസ്, സൂപ്പർ നാച്ചുറൽ ഹൊറർ, സൈക്കോളജിക്കൽ ഹൊറർ തുടങ്ങി കുത്തൊഴുക്ക്.
ഡ്രാക്കുളയുടെ പ്രദർശനം ഹൊറർ എന്ന പദത്തിന് അലങ്കാരങ്ങൾ ഏറെ ചാർത്തികൊടുത്തു. (Horror and terror / horror film / horror movie). അതിനുമുമ്പ് Gothic classic സിനിമകളുടെ കാലമായിരുന്നല്ലോ.
യൂട്യൂബിൽ കണ്ട, 1944- ൽ ഇറങ്ങിയ ഗ്യാസ് ലൈറ്റ് (Gaslight) ഗംഭീര ഹൊറർ മൂവിയാണ്. ഫേസ്ബുക്കിലെ ഗ്യാസ് ലൈറ്റിംഗ് പൊളിറ്റിക്കൽ കറക്ടനസ് സ്റ്റഡി ക്ലാസുകാർക്കുള്ള ഒരു റഫറൻസ് ഹൊറർ മൂവി കൂടിയാണത്.
ഴോണർ ഫാൻസസിന്റെ ഹൊറർ ഓട്ടർ മാസ്റ്റർ (auteur master) / മാസ്റ്റർ ഓഫ് ത്രില്ലർ എന്നുവിശേഷിപ്പിക്കുന്നത് ഡാരിയോ അർജന്റോ എന്ന ഇറ്റാലിയൻ ഫിലിം ഡയറക്ടറാണ്.

നെഗറ്റീവ് സ്പെയിസ്, മ്യൂസിക്, ക്യാമറാ ആങ്കിൾ തുടങ്ങി എല്ലാം ഹൊറർ സിനിമകളുടെ ഭീതിജനക സാങ്കേതിക രഹസ്യങ്ങളുടെ മുഖ്യഘടകങ്ങളാണ്. ആൽഫ്രഡ് ഹിച്ച്കോക്കിന്റെ സൈക്കോ എന്ന സിനിമയിലെ കൊലപാതകരംഗം ഏറെ ഘോഷിക്കപ്പെട്ടിട്ടുണ്ട്.
ഇങ്ങനെ എടുക്കുന്ന ഹൊറർ സിനിമകൾക്ക് ചരിത്രത്തിൽ നടന്ന അതിഭീകരമായ വിയറ്റ്നാം വാർ, ഹോളോകോസ്റ്റ് തുടങ്ങിയ മനുഷ്യഹത്യകളുടെ ഭീകരാവസ്ഥ കാണിയെ അനുഭവിപ്പിക്കാനുള്ള ശേഷിയുണ്ടത്രേ. ടോർച്ചർ പോൺ (torture porn), ഫൗണ്ട് ഫൂട്ടേജ് (found footage) തുടങ്ങിയ നവ ട്രെൻഡുകളായ ഴോണറുകൾ കണ്ടു നോക്കുക.
1970- കളിൽ ഇറങ്ങിയ ജോ (Jaw and Jaw 2) ഏതോ TV ചാനലിലാണ് കണ്ടത്, 1984- നു ശേഷമായിരിക്കണം. നാച്ച്വുറൽ ഹൊറർ (horror) ഴോണറിൽ ഇറങ്ങിയ സിനിമ അന്ന് 1970- ലും 1980- തിലും ശക്തമായിരുന്ന പ്രകൃതിവാദികളായ വെജിറ്റേറിയനിസം, വന്യജീവി റൈറ്റ്സ് മൂവ്മെന്റ്, ഗ്രീൻപീസ് (Greenpeace) തുടങ്ങിയ പ്രസ്ഥാനങ്ങൾ സിനിമയെ ലിങ്ക് ചെയ്തു. സിനിമാ സ്രാവുകളുടെ കൂട്ടക്കുരുതിക്ക് (decimation) കാരണമായതിനെതുടർന്ന് സംവിധായകൻ സ്പീൽബർഗ് പരസ്യമായി ഖേദം പ്രകടിപ്പിച്ചു. നാച്ച്വറൽ ഹൊറർ സിനിമകളുടെ ധാര പിന്നീട് ദുർബ്ബലമായി തീർന്നു.
1990- ൽ ഹൊറർ സിനിമയിലേക്ക് പോസ്റ്റ്മോഡേണിസത്തിന്റെ രംഗപ്രവേശമായി. ബ്ലേഡ് റണ്ണർ(Blade Runner) ജപ്പാനിൽ നിന്നുള്ള റിംഗ് (Ring) തുടങ്ങിയ സിനിമകൾ സൂപ്പറാണ്.
എക്സ്ട്രീം ഹൊറർ ഴോണർ സിനിമയായ ഐ സ്പിറ്റ് ഓൺ യുവർ ഗ്രേവ് ഒറ്റയിരുപ്പിന് കണ്ടു തീർക്കാനായില്ല. കാണ്ഡം കാണ്ഡമായാണ് കണ്ടുതീർത്തത്.

കൊറിയൻ ഫിലിം ഡയറക്ടർ പാർക് ചാൻ വൂക്കിന്റെ സിനിമയും (old boy) അദ്ദേഹത്തിന്റെ ഇതര സിനിമകളും ഹോളിവുഡിൽ റീമേക്ക് ചെയ്തിട്ടുണ്ട്. ഓൾഡ് ബോയ് ഇപ്പോഴും കിടുവാണ്. കിം കി യങ്ങ് സംവിധാനം ചെയ്ത ദ ഹൗസ്മെയ്ഡ് കണ്ടതിൽ മികച്ച ഹൊറർ സിനിമയാണ്. കിം കി ഡുക്ക് ചുളുവിൽ കേരളത്തിൽ മലയാളി ഫാൻസ് അസോസിയേഷൻ തന്നെയുണ്ടാക്കിക്കളഞ്ഞു.
ഏഷ്യൻ സിനിമകളിലും ഇന്ത്യൻ സിനിമയിലും കണ്ടു വരുന്ന ഹൊറർ സിനിമകളുടെ പ്ലോട്ടുകൾ പ്രേതപിശാച്, അലയുന്ന പ്രതികാരരൂപമായ ആത്മാവ്, കുട്ടിച്ചാത്തൻ തുടങ്ങി ദേശീയ, സാംസ്കാരിക അല്ലെങ്കിൽ മത, ഫോക് ലോർ കഥകളുടെ രൂപാന്തരത്തിലായിരിക്കും. പലപ്പോഴും അതിന്ദ്രീയശക്തികളുടെ ബാലെ നാടകങ്ങൾ. സർവ്വ ജീവത്വവാദി (animist), അദ്വൈതവാദി (panthiest) കർമ്മ ( karmic ) ബുദ്ധിസം ഷിന്റോയിസം പോലെ ഏതെങ്കിലുമായിരിക്കും കഥാംശം. ചൈന, ജപ്പാൻ, തായ്, കൊറിയൻ സിനിമകളുടെ ലോകസ്വീകാര്യത മലയാളികളായ നമ്മളെ ആരും പഠിപ്പിക്കേണ്ടതില്ല. അവ ലോകം മുഴുവൻ വൻ മാർക്കറ്റ് പിടിച്ചു കഴിഞ്ഞു.
നമുക്ക് അടുത്തകാലത്തിറങ്ങിയ ലോക - ചാപ്റ്റർ വൺ ചന്ദ്രയും, ഡിയസ് ഈറെയും, ഭ്രമയുഗവും തുംബാഡും ഒരു പ്രത്യാശയാണ്.
എന്തിനാണ് മനുഷ്യൻ പേടിക്കാനായി ചുമ്മാ പണം കൊടുത്ത് തീയേറ്ററിൽ കയറുന്നത്. വെറുതെ ഒരു ഹരമല്ല. അമാനുഷികവും, അജ്ഞാതവും, ഭീതിജനകവുമായ വിഷയങ്ങളിലുള്ള താത്പര്യം. സൂപ്പർനാച്ച്വറൽ & എക്സോട്ടിക്; അതായത് അതിമാനുഷികവും നിഗൂഢവും ഭീതിയുമുണ്ടാക്കുന്ന, അസാധാരണമായ അജ്ഞാത അധോലോകങ്ങളിലേക്ക് ഭാവനയെ അഴിച്ചുവിട്ട് ഒരു പാക്ക് പോപ്കോൺ വാങ്ങി കൊറിച്ച് വിറച്ച് സീറ്റിന്റെ അറ്റത്ത് പേടിയുടെ തുമ്പിൽ ഇരുന്ന് ക്രിയേറ്റീവ് ഫോഴ്സ് ഉണ്ടാക്കാനുള്ള സൈക്കോ എയറോബിക്സ് ആണെന്നുകൂടി പറയാം. ഒരു ഹൊറർ മനസ്സുഖം.

ദ എക്സോർസിസ്റ്റ് 1971-ലെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി വില്യം പീറ്റർ ബ്ലാറ്റി രചിച്ച തിരക്കഥയിൽ നിന്ന് വില്യം ഫ്രീഡ്കിൻ സംവിധാനം ചെയ്ത് 1973- ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ അമാനുഷിക ഹൊറർ ചിത്രമാണ്. ഈ ചിത്രത്തിന്റെ സംവിധാന കാലഘട്ടത്തിൽ തടസ്സങ്ങൾ നേരിട്ടു.അഭിനയിച്ചവരും, ക്രൂസും അപകടത്തിൽ പെട്ടു. ചിലർ മരിച്ചു. അസാധാരണമായ അപകടങ്ങളുണ്ടായി. ബഡ്ജറ്റ് തീരുമാനിച്ചതിലും മൂന്നിരട്ടിയായി. 1971- ൽ സിനിമ പുറത്തിറങ്ങുമ്പോഴേക്കും ‘നശിച്ച ചിത്രം’ എന്ന അപശാപം സിനിമക്കുണ്ടായി. സിനിമ ബോക്സ് ഓഫീസ് സർവ്വകാല റിക്കോഡിട്ടു. ഹൊറർ സിനിമ കാണുമ്പോഴുള്ള സമാനമായ അനുഭവം സിനിമ നിർമ്മിക്കുമ്പോൾ കാസ്റ്റ് & ക്രൂവിന് ഉണ്ടാകാം. സിനിമ കാണുന്ന കാണിയ്ക്കും ഉണ്ടാകാം.
1978- ൽ ഇറങ്ങിയ ലിസയും നൂറുദിവസം തിയറ്ററിൽ സക്സസായിരുന്നു. ഭാർഗവീനിലയവും വൻ വിജയം ആഘോഷിച്ചു. ഭാർഗവീനിലയം ഭൂരിഭാഗവും നീല വെളിച്ചം എന്ന ചെറുകഥയിൽനിന്ന് ബഷീർ തയ്യാറാക്കിയ സ്ക്രിപ്റ്റാണ്. നീലവെളിച്ചം കടപ്പുറത്ത് നിലാവിൽ ബഷീർ കണ്ടെത്തിയ സ്ത്രീയെക്കുറിച്ചുള്ള കഥയാണ്. ആ സ്ത്രീപെട്ടന്ന് മാഞ്ഞില്ലാതായ ഇല്യൂഷൻ ബഷീർ പറയുന്നുണ്ട്.
രോഗം, ലൈംഗികത സൃഷ്ടിക്കുന്ന ഭയം, സങ്കീർണതകൾ, അപമൃത്യു, മരണപ്പെട്ട വ്യക്തിയുമായി ജീവിച്ചിരിക്കുന്ന വ്യക്തികൾക്കുള്ള ബന്ധം, കുറ്റബോധം, മനസ്സിൻറെ അപഭ്രംശങ്ങൾ, വ്യത്യസ്തമായ വിചിത്രാചാരങ്ങൾ, വിചാരങ്ങൾ occult / Black Magic, മരണഭയം, മരണം നിമിത്തം പൂർത്തിയാക്കാതെ ശേഷിച്ചവ- ഇങ്ങനെ മനുഷ്യനെ ഭീകരമായ വേട്ടയാടുന്ന യാഥാർത്ഥ്യങ്ങൾ നേരിടാൻ മനുഷ്യന് ഭാവനയുടെ ആവശ്യമുണ്ട്. ജീവിതയാഥാർത്ഥ്യങ്ങൾ തത്ക്കാലം തിയറ്ററിനു പുറത്തുനിർത്തി സിനിമ കാണുന്ന കാണി തീയറ്ററിനകത്ത് സിനിമക്കും അയാൾ / അവൾക്കുമിടയിൽ ഒരു catharsis പരിവർത്തനം സംഭവിക്കും എന്നാണ് വിദഗ്ദർ പറയുന്നത്.
ഹോജോ ബോഡിനെ ചുറ്റിപ്പറ്റി ഹോസ്റ്റലിലും, പെയിംഗ് ഗസ്റ്റ് കേന്ദ്രങ്ങളിലും എത്രയെത്ര കഥകൾ സൗഹൃദങ്ങൾക്കിടയിലുണ്ട്. സ്ക്രിപ്റ്റുകൾ ഉണ്ട്. അത്തരം ഹൊറർ സിനിമകൾക്ക് ഇപ്പോഴും വലിയ സ്വീകാര്യതയുണ്ട്.

ഇതൊക്കെയാണെങ്കിലും അക്കാദമിക് ചന്തയിൽ ഹൊറർ സിനിമകൾക്ക് തൃപ്തികരമായ പ്രവേശനമായിട്ടില്ല, ഭ്രമയുഗം ബ്രിട്ടീഷ് ആർക്കൈവിലേക്ക് എടുത്തെന്നെല്ലാം വീമ്പു പറയാമെന്നല്ലാതെ. സ്ത്രീകൾ- ട്രാൻസ്ജെൻഡേഴ്സ്- ജൻഡർ വിരുദ്ധത, വംശീയതയുടെ പ്രചാരണം തുടങ്ങിയ കുത്സിത ആഗോള പ്രവണതകളുടെ അതിപ്രസരണം ഹൊറർ സിനിമകളിൽ നിലനിൽക്കുന്നതായി നിരീക്ഷണങ്ങളുണ്ട്. പുറമെ ഹൊറർ സിനിമകൾ ഒരു ഇന്റലക്റ്റ് പദ്ധതിയായി അംഗീകരിച്ചിട്ടില്ല. 2025 വരെയുള്ള കണക്കനുസരിച്ച് ഏഴ് (The Silence of the Lambs, The Exorcist, Jaws, Get Out, Black Swan, and The Sixth Sense) ഹൊറർ സിനിമകളാണ് അക്കാദമിക് അവാർഡിന് നോമിനേറ്റ് ചെയ്തിട്ടുള്ളത്. അതിൽ ദ സൈലൻസ് ഓഫ് ദ ലാംബ്സാണ് വിജയിച്ച ഏക സിനിമ എന്നത് ഹൊറർ ആന്റ് ടെറർ അല്ലേ? ഗറ്റ് ഔട്ടിന് (Get out) സ്ക്രീൻപ്ലേക്കുള്ള അവാഡ് ലഭിച്ചിട്ടുണ്ട്.
എങ്കിലും ജീസസിന്റെയോ, മഹാഭാരതമോ, മുഹമ്മദിന്റെയോ സിനിമകൾ ഹൊറർ സിനിമകൾപോലെ വിജയിക്കുമെന്ന് ഗ്യാരണ്ടി കൊടുക്കാനാകുമോ സക്കീർ ഭായിക്ക്.
