എന്തുകൊണ്ടാണ് സിനിമാ ഷൂട്ടിങ് ഏതെങ്കിലും മൗലവിയെ കൊണ്ട് ദുആ ചെയ്തു തുടങ്ങാത്തത്?

സിനിമ വമ്പിച്ച മുതൽ മുടക്കുള്ള കലയായതു കൊണ്ട്, അന്ധവിശ്വാസങ്ങളുടെ ധാരാളം കണക്കുകൂട്ടലുകളും അതോടൊപ്പം സന്നിഹിതമാണ്. തിരശ്ശീലയിൽ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുമ്പോഴും, അതിന്റെ ആരംഭങ്ങൾ, സവർണതയുടെ ദൃശ്യമായ പൊലിമകളിൽ നിന്നാണ് തുടങ്ങുന്നത്. സവർണ്ണതയുടെ ദൃശ്യവും അദൃശ്യവുമായ കൊടിയടയാളങ്ങൾ പേറുന്ന മേഖലയാണ് സിനിമ.

മ്മൂട്ടിയുടെ താര ജീവിതത്തിൽ രണ്ടു കാര്യങ്ങൾ ഏതാണ്ട് ഒരു പോലെ നടന്നു വരുന്നുണ്ട്.

ഒന്ന്:അഭിനയം. അതുല്യമായ വേഷപ്പകർച്ചകൾ. ഒരു സംവിധായകൻ സിനിമയിൽ മമ്മൂട്ടി എന്തായിത്തീരുവാൻ ആഗ്രഹിക്കുന്നുവോ, അതായിത്തീരുന്നു മമ്മൂട്ടി. അഭിനയം അത്രമേൽ ഉള്ളറിഞ്ഞ ആത്മപ്രകാശനമായി മാറുന്നു. എൺപതുകളിലെ ആവർത്തന വിരസമായ കഥാപാത്രത്തുടർച്ചകൾ, ഓർക്കാൻ പോലും കഴിയാത്ത വിധം വിദൂര വിസ്മൃതപാത്രങ്ങളായി മാറി. പുതിയ മമ്മൂട്ടി, തിളയ്ക്കുന്ന മമ്മൂട്ടി, വിസ്മയ മമ്മൂട്ടി.

രണ്ട്:മതവുമായി ബന്ധപ്പെട്ട പ്രകാശനങ്ങൾ. മമ്മൂട്ടിയുടെ പെരുന്നാൾ നമസ്കാരത്തിനും പാണക്കാട് തങ്ങന്മാരുടെ പെരുന്നാൾ നമസ്കാരത്തിനും തുല്യമായ പ്രാധാന്യവും കവറേജും മാധ്യമങ്ങളിൽ കിട്ടുന്നു. എം.എൻ. കാരശ്ശേരിയും പെരുന്നാൾ ദിനത്തിൽ പള്ളിയിൽ പോകാറുണ്ട്. എന്നാൽ, കാരശ്ശേരിക്ക് കിട്ടാത്ത മൈലേജ് മമ്മൂട്ടിക്ക് കിട്ടുന്നു. മമ്മൂട്ടിയുടെ ചലച്ചിത്രാനുഭവത്തിന് മറയിടുന്നതല്ല, പള്ളിയനുഭവം. ആത്മീയത സ്വകാര്യമായ പിൻമടങ്ങലുകളാണ്. കാരശ്ശേരിക്കും മമ്മൂട്ടിക്കും അവരുടേതായ ദൈവസ്മരണകളുണ്ട്. ഇസ്‍ലാം മതമൗലികവാദ വിമർശകനായ കാരശ്ശേരിയാണ്, മുഹമ്മദ് അസദിന്റെ "മക്കയിലേക്കുള്ള പാത'യുടെ വിവർത്തനവും തെരഞ്ഞെടുത്ത നബി വചനങ്ങളുടെ സമാഹാരമായ "തിരുമൊഴി'കളുടെ പുനരാഖ്യാനവും നടത്തിയത്. നമ്മുടെ വായനയെ വിശാലമാക്കുന്ന രണ്ടു കൃതികൾ. എന്നാൽ, കാരശ്ശേരി പെരുന്നാൾ ദിനത്തിൽ പള്ളിയിൽ പോകുന്നത് ഒരു വാർത്തയല്ല. മമ്മൂട്ടി താരശരീരമായതുകൊണ്ട്, മാധ്യമങ്ങൾക്കും മാപ്പിളമാർക്കും അതൊരു വാർത്തയാണ്. താരമാകുമ്പോഴും ഒരു കൾച്ചറൽ ഐഡന്റിറ്റിയുടെ പ്രകാശനമാണ് അത്തരം സന്ദർഭങ്ങളിൽ സംഭവിക്കുന്നത്. "ഹറാമായ കല'യായ സിനിമയിൽ അഭിനയിക്കുമ്പോഴും മമ്മൂട്ടി, മുസ്‍ലിം വിശ്വാസികളെ സംബന്ധിച്ചിടത്തോളം "in' ആണ്. തിരുമൊഴികളുടെ പുനരാഖ്യാനം ചെയ്തിട്ടും എം.എൻ. കാരശ്ശേരി മുസ്‍ലിങ്ങൾക്ക് ആ നിലയിൽ "ഇൻ സൈഡറല്ല.'

എന്തു കൊണ്ട്?

മതത്തെ വിമർശിക്കുന്നതു വരെ, നിങ്ങൾ സുരക്ഷിതമാണ്. വിമർശിച്ചു പോയാൽ, എയറിൽ നിർത്തും. സാരോപദേശങ്ങളും പൊങ്കാലകളുമായി ഒട്ടകങ്ങൾ വരി വരിയായി വരും. മമ്മൂട്ടി, താരമായതു കൊണ്ട് ആ ആപത്ത് അഭിമുഖീകരിക്കുന്നേയില്ല.

മമ്മൂട്ടി പള്ളിയിൽ പോവുന്നതു പോലെ തന്നെ സിനിമാ ഷൂട്ടിങ് തുടങ്ങുമ്പോഴുള്ള പൂജകളിലും പങ്കെടുക്കാറുണ്ട്. മതമൗലികവാദവും വർഗ്ഗീയ വാദവും കൊടുമ്പിരികൊണ്ട നാളുകളിൽ മമ്മൂട്ടി പങ്കെടുക്കുന്ന സിനിമാരംഭ പൂജകൾ മാതൃകാപരമാണ്. കല അത്തരം കൾച്ചറൽ ഫ്രീഡം മമ്മൂട്ടിക്ക് നൽകുന്നു, പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നൽകുന്നുമില്ല. അദ്ദേഹം കലാകാരനല്ല. കുഞ്ഞാലിക്കുട്ടി മാറി നിൽക്കുന്നു, മമ്മൂട്ടി ചേർന്നു നിൽക്കുന്നു. മതം കുഞ്ഞാലിക്കുട്ടിക്ക് പ്രിയപ്പെട്ട, കലർപ്പില്ലാത്ത സ്വകാര്യ മണ്ഡലമാണ്. എന്നാൽ, സംസ്കാരം ബഹുസ്വരമായ കലർപ്പുകളുടെ സമാഹാരമാണ്. ആഘോഷങ്ങളുടെയും ഉറൂസുകളുടെയും പൂജകളുടെയും കലർപ്പുകൾ. അത് മൈത്രിയെ പ്രചോദിപ്പിക്കുന്നു.

എന്നാൽ, ചോദ്യം വളരെ ലളിതമാണ്. എന്തുകൊണ്ടാണ് സിനിമാ ഷൂട്ടിങ് ഏതെങ്കിലും മൗലവിയെ കൊണ്ട് ദുആ ചെയ്തു തുടങ്ങാത്തത്? സ്വാതന്ത്ര്യത്തെ കുറിച്ച് വാചാലമായി സംസാരിക്കുന്ന സംവിധായകരും അത്തരം ഒരു സാംസ്കാരിക സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കാറില്ല. സിനിമ വമ്പിച്ച മുതൽ മുടക്കുള്ള കലയായതു കൊണ്ട്, അന്ധവിശ്വാസങ്ങളുടെ ധാരാളം കണക്കുകൂട്ടലുകളും അതോടൊപ്പം സന്നിഹിതമാണ്. തിരശ്ശീലയിൽ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുമ്പോഴും, അതിന്റെ
ആരംഭങ്ങൾ, സവർണതയുടെ ദൃശ്യമായ പൊലിമകളിൽ നിന്നാണ് തുടങ്ങുന്നത്. സവർണ്ണതയുടെ ദൃശ്യവും അദൃശ്യവുമായ കൊടിയടയാളങ്ങൾ പേറുന്ന മേഖലയാണ് സിനിമ. ഒരു സിനിമയുടെ ഷൂട്ടിങ്ങ് ദുആ ചെയ്തു തുടങ്ങുമ്പോൾ, സർഗാത്മക സമൂഹം എന്ന നിലയിൽ നാം പ്രായപൂർത്തിയായി എന്നു പറയാം. പക്ഷേ, നാം ഇപ്പോഴും സവർണതയുടെ മുട്ടയിൽ നിന്ന് വിരിയുന്ന കുഞ്ഞുങ്ങളാണ്.

എന്നാൽ, നാട്ടിൻ പുറങ്ങളിൽ ഈ മൈത്രിയുടെ തിരിനാളങ്ങൾ ധാരാളമുണ്ട്. ഞങ്ങളുടെ നാട്ടിൽ കർക്കടകത്തെയ്യങ്ങൾ കെട്ടിയാടുമ്പോൾ പഴയ കാലത്ത് മുസ്‍ലിം വീടുകളിൽ പോകാറുണ്ട്. "ജിന്നു ശൈത്താന്മാരെ ' ആട്ടിയോടിക്കാൻ പുരക്കു ചുറ്റും ഓടിപ്പിക്കാറുണ്ട്. അങ്ങനെ മുമ്പൊരിക്കൽ തെയ്യം, പുരയ്ക്കു ചുറ്റും വട്ടം ചുറ്റി ആധി വ്യാധികളും ജിന്നു ശൈത്താന്മാരെയും ഒഴിപ്പിച്ചു മടങ്ങുമ്പോൾ ഞങ്ങളുടെ നാട്ടിലെ കയ്ച്ചൂമ്മ എന്ന വയോധിക ഒരു കോഴിയെ പിടിച്ച് തെയ്യത്തിന് നൽകി പറഞ്ഞു: "അൽഹംദുലില്ലാഹ്! ജിന്ന് ശൈത്താന്മാരെ ഒയിപ്പിച്ചതിന് പടച്ചോൻ ങ്ങളെ തൊണക്കട്ടെ.'

കയ്ച്ചുമ്മ സ്വന്തം പടച്ചോനെ ആണയിട്ടു കൊണ്ട് തെയ്യത്തിന് നൽകുന്ന അനുഗ്രഹമാണ്, ആത്മീയത. നമ്മുടെ സംവിധായകർ മൈത്രിയുടെ ആ ഗ്രൗണ്ടിലേക്ക് എത്താൻ ഇനിയും എത്രയോ ദൂരം നടക്കേണ്ടതുണ്ട്. സവർണതയുടെ കോയ്മക്കെതിരെയുള്ള സിനിമകളും സവർണ മുദ്രകൾ കൊണ്ടു തുടങ്ങും. സവർണതയാണ് ലാഭം കൊണ്ടു വരുന്നതെന്ന അന്ധവിശ്വാസം കൊണ്ടാണ് അത് സംഭവിക്കുന്നത്.

ഈയിടെ ആദരണീയനായ ഒരു മുതിർന്ന സുഹൃത്തിനോടൊപ്പം റെഡ് വൈൻ കുടിക്കാനിരുന്നപ്പോൾ അദ്ദേഹം ഒമർ ഖയ്യാമിന്റെ "റുബാ ഇയാത്തി'ലെ രണ്ടു വരികൾ ചൊല്ലിയാണ് തുടങ്ങിയത്:

"ഭൂതകാലത്തെയോർത്തുള്ള താപവും

ഭാവിയെക്കുറിച്ചേലുമാശങ്കയും

മാറ്റിയിന്നിനെ സ്വച്ഛന്ദമാക്കുമി -

പ്പാനപാത്രം നിറയ്ക്ക നീയോമനേ!"

തിരുനല്ലൂർ കരുണാകരൻ ചെയ്ത മനോഹരമായ വിവർത്തനം. റൂമിയും ഒമർ ഖയ്യാമും തുല്യമായി പങ്കിടാവുന്ന പാടുന്ന വരികൾ നമുക്ക് തന്നു. എന്തുകൊണ്ട് ചുരുങ്ങിയത്, ഒമർ ഖയ്യാമിന്റെ വരികൾ പാടി സിനിമാ പൂജകൾ തുടങ്ങിക്കൂടാ?


താഹ മാടായി

എഴുത്തുകാരൻ, സ്വതന്ത്ര മാധ്യമപ്രവർത്തകൻ, ജീവചരിത്രകാരൻ. കണ്ടൽ പൊക്കുടൻ, മാമുക്കോയ ജീവിതം, സത്യൻ അന്തിക്കാടിന്റെ ഗ്രാമീണർ, കാരി, പുനത്തിലിന്റെ ബദൽജീവിതം തുടങ്ങിയ പ്രധാന പുസ്​തകങ്ങൾ.

Comments