എമ്പുരാന്റെ
പൊളിറ്റിക്കൽ ഡിസൈൻ
മലയാള സിനിമ ഏറ്റെടുക്കുമോ?

ഭരണകൂട രാഷ്ട്രീയത്തെയും വർഗീയ രാഷ്ട്രീയത്തെയും തുറന്നെതിർക്കാനുള്ള ധൈര്യം എമ്പുരാൻ മലയാളികളായ ചലച്ചിത്ര പ്രവർത്തകർക്ക് കൊടുക്കുമോ? മോഹൻലാലിനെ സവർണ ശരീരമായി മാത്രം കണ്ട പോസ്റ്റ്മോഡേൺ നിരൂപകർ എമ്പുരാനുമായി പൊരുത്തപ്പെടാൻ എന്തു സമയമെടുക്കും?- രസകരമാണ്, എമ്പുരാൻ ഉയർത്തുന്ന ചോദ്യങ്ങൾ. രാപ്രസാദ് എഴുതുന്നു.

ദ്യത്തിലെ പോഷകങ്ങളും ജീവകവും അന്വേഷിക്കുന്നതു പോലെയാണ് കൊമേഴ്സ്യൽ സിനിമയിലെ രാഷ്ട്രീയ- കലാദർശനങ്ങൾ അന്വേഷിക്കുന്നത്. എങ്കിലും കച്ചവടസിനിമാ പാഠങ്ങൾ രണ്ടു ദശാബ്ദത്തിലേറെയായി മലയാളത്തിൽ സജീവമാണ്. ഇപ്പോൾ എമ്പുരാനെപ്പറ്റിയും ചിലത് പറയാനുണ്ട്.

ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, സഞ്ജയ് ഗാന്ധി എന്നിവരുടെ പ്രതിരൂപം പോലെയാണ് പി.കെ.രാംദാസ്, പ്രിയദർശിനി, ജതിൻ എന്നിവരുടെ കഥാപാത്രനിർമിതി. ധീരേന്ദ്ര ബ്രഹ്മചാരിയെ പോലുള്ള ഇന്ദിരാഗാന്ധിയുടെ ആത്മീയ ഉപദേശകരെ മാതൃകയാക്കിയാവാം സ്റ്റീഫൻ നെടുമ്പള്ളി എന്ന 'ഇലുമിനാറ്റി'യെ മുരളി ഗോപി സൃഷ്ടിച്ചെടുത്തത് എന്നൂഹിക്കാം. ഇത് ഇന്ത്യൻ രാഷ്ട്രീയത്തിലെ, കുടുംബവാഴ്ച എന്ന ഘടകത്തെ ഉപജീവിച്ചെഴുതിയ കഥയാണെങ്കിലും കേരളത്തിൻ്റെ അധികാര- സാമൂഹ്യ പശ്ചാത്തലത്തിലാണ് അവതരിപ്പിക്കപ്പെടുന്നത്. മലയാളത്തിൽ എങ്ങനെ ഒരു കച്ചവട സിനിമ ഉണ്ടാക്കി വിജയിപ്പിക്കാം എന്ന ചോദ്യത്തിന്റെ ഉത്തരമായിട്ടാകാം ഇത്തരത്തിൽ ഒരു പ്ലോട്ട് രൂപപ്പെട്ടത്.

ധീരേന്ദ്ര ബ്രഹ്മചാരിയെ പോലുള്ള ഇന്ദിരാഗാന്ധിയുടെ  ആത്മീയ ഉപദേശകരെ മാതൃകയാക്കിയാവാം സ്റ്റീഫൻ നെടുമ്പള്ളി എന്ന 'ഇലുമിനാറ്റി'യെ മുരളി ഗോപി സൃഷ്ടിച്ചെടുത്തത് എന്നൂഹിക്കാം
ധീരേന്ദ്ര ബ്രഹ്മചാരിയെ പോലുള്ള ഇന്ദിരാഗാന്ധിയുടെ ആത്മീയ ഉപദേശകരെ മാതൃകയാക്കിയാവാം സ്റ്റീഫൻ നെടുമ്പള്ളി എന്ന 'ഇലുമിനാറ്റി'യെ മുരളി ഗോപി സൃഷ്ടിച്ചെടുത്തത് എന്നൂഹിക്കാം

വലതുപക്ഷം ഭരണത്തിലും ഇടതുപക്ഷം പ്രതിപക്ഷത്തും ഇരിക്കുന്ന ഒരു സന്ദർഭത്തിലാണ് സ്റ്റീഫൻ എന്ന സങ്കൽപ്പിക കഥാപാത്രത്തെ സംവിധായകനും തിരക്കഥാകൃത്തും ചേർന്ന് രംഗത്തിറക്കുന്നത്. മലയാള സിനിമ കണ്ടുമടുത്ത പശ്ചാത്തലങ്ങളിൽ നിന്ന് വിഭിന്നമായി ഒരു സങ്കൽപ്പിക രാഷ്ട്രീയ കുടുംബത്തിന്റെ ചുറ്റുവട്ടത്തിലാണ് ലൂസിഫറിൻ്റെ കഥ ഇതൾ വിരിയുന്നത്.

കമൽഹാസൻ വിശ്വരൂപത്തിലും മറ്റും പരീക്ഷിച്ച ഒരു ഹോളിവുഡ് സ്റ്റൈൽ നിർമാണരീതിയിൽ പൃഥ്വിരാജ് വിജയം കാണുന്നുണ്ട്. വിദേശ ആക്ഷൻ സിനിമകളോട് കിടപിടിക്കത്തക്ക വിധത്തിലുള്ള ചിത്രീകരണഭംഗിയും ശബ്ദലേഖനവും സിനിമയ്ക്കുണ്ടെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വെപ്പൺ -മയക്കുമരുന്ന് - കള്ളക്കടത്ത് ബിസിനസ്സുകളുടെയും രാഷ്ട്രീയ മതബന്ധങ്ങളുടെയും പശ്ചാത്തലത്തിലാണ് ചിത്രത്തിൻ്റെ ഡിസൈൻ.

ഇടതു- വലതു മുന്നണികളെ പരിഹസിക്കുകയും മൂന്നാമൻ്റെ സാന്നിദ്ധ്യത്തെ പുകഴ്ത്തുകയും ചെയ്യുന്ന രീതിയാണ് നമ്മുടെ കൊമേഴ്സ്യൽ സിനിമ പിന്തുടർന്നു പോന്നത്. പതിവുപോലെ നായകന്റെയും പ്രതിനായകന്മാരുടെയും നിർമിതി, ഏക രക്ഷകനും ശത്രുക്കളും എന്ന ഫോർമുലയിൽ തന്നെ ചുറ്റുന്നു. പക്ഷേ എമ്പുരാൻ്റെ പ്രത്യേകത, ഇന്ത്യൻ രാഷ്ട്രീയത്തിലെ ഫാഷിസ്റ്റ് വൽക്കരണത്തിനെതിരെ അത് ആഞ്ഞടിക്കുന്നു എന്നുള്ളതാണ്.

സീരിയസായി ചെയ്യുന്ന ഒരു സിനിമയ്ക്ക് ഒരു പക്ഷേ പ്രദർശനാനുമതി പോലും നിഷേധിക്കപ്പെട്ടേക്കാവുന്ന സാഹചര്യത്തിലാണ് എമ്പുരാൻ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. തമിഴിൽ രജനിയും ഹിന്ദിയിൽ ഷാരൂഖ് ഖാനും മറ്റും കച്ചവട സിനിമയിൽ കൈകാര്യം ചെയ്തിട്ടുള്ള ഈ വിഷയത്തെ കേരളത്തിലേക്ക് കൊണ്ടുവരാൻ ചലച്ചിത്രകാരർക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. കാരണം, പ്രകടമായും ഒരു ദേശീയ ഭരണകക്ഷിയെ എതിർക്കേണ്ടിവരുമ്പോൾ നേരിടാവുന്ന ഭവിഷ്യത്തുകൾ, സെൻസറിങ് പോലുള്ള കടമ്പകൾ, ചിത്രം പുറത്തിറങ്ങിയാൽ നേരിടാവുന്ന പ്രതിബന്ധങ്ങൾ, എതിർപ്പുകൾ ഇതൊക്കെയും ചലച്ചിത്രപ്രവർത്തകരെ ഭയപ്പെടുത്തുന്നുണ്ടാവാം.

തമിഴിൽ രജനിയും ഹിന്ദിയിൽ ഷാരൂഖ് ഖാനും മറ്റും  കച്ചവട സിനിമയിൽ കൈകാര്യം ചെയ്തിട്ടുള്ള ഈ വിഷയത്തെ കേരളത്തിലേക്ക് കൊണ്ടുവരാൻ ചലച്ചിത്രകാരർക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്.
തമിഴിൽ രജനിയും ഹിന്ദിയിൽ ഷാരൂഖ് ഖാനും മറ്റും കച്ചവട സിനിമയിൽ കൈകാര്യം ചെയ്തിട്ടുള്ള ഈ വിഷയത്തെ കേരളത്തിലേക്ക് കൊണ്ടുവരാൻ ചലച്ചിത്രകാരർക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്.

ചുരുക്കത്തിൽ സ്വയം നിർമ്മിതമായ ഒരു സെൻസർഷിപ്പ് കച്ചവട സിനിമാനിർമ്മാണ മേഖലയിൽ നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് ഒരു കച്ചവട / പോപ്പുലർ സിനിമ രാഷ്ട്രീയവിമർശനങ്ങൾ സാധ്യമാക്കുന്നതിനെപ്പറ്റി നമുക്ക് ചിന്തിക്കേണ്ടിവരുന്നത്. അതുകൊണ്ടുതന്നെ, മുരളി ഗോപി- പൃഥ്വിരാജ്- മോഹൻലാൽ ടീം അഭിനന്ദനം അർഹിക്കുന്നു. സിനിമയിൽ ഒരേപോലെ കോൺഗ്രസിനെയും ഇടതുപക്ഷ കക്ഷികളെയും എതിർക്കുന്നുണ്ടെങ്കിൽ പോലും അതിനെ അല്പം സറ്റയറായാണ് കൈകാര്യം ചെയ്യുന്നത്. പക്ഷേ വർഗീയ ഫാഷിസം ഭരണത്തിലേറിയാലുള്ള വിപത്തുകളും ഭരണത്തിലേറാൻ അത് തെരഞ്ഞെടുക്കുന്ന വഴികളും സിനിമയിൽ വ്യക്തമാക്കപ്പെടുന്നുണ്ട്.

കമൽഹാസൻ വിശ്വരൂപത്തിലും മറ്റും പരീക്ഷിച്ച ഒരു ഹോളിവുഡ് സ്റ്റൈൽ  നിർമാണരീതിയിൽ പൃഥ്വിരാജ് വിജയം കാണുന്നുണ്ട്.
കമൽഹാസൻ വിശ്വരൂപത്തിലും മറ്റും പരീക്ഷിച്ച ഒരു ഹോളിവുഡ് സ്റ്റൈൽ നിർമാണരീതിയിൽ പൃഥ്വിരാജ് വിജയം കാണുന്നുണ്ട്.

കേരള സ്റ്റോറി പോലെ ഒന്നിനെ ഒരു ഫാന്റസി സിനിമയായി തള്ളിക്കളയാൻ മലയാളിക്ക് കഴിയുന്നുണ്ട്. പക്ഷേ, മലയാളിയെ അറിയാത്ത ജനങ്ങൾക്കിടയിൽ അത് പ്രൊപ്പഗാൻഡയാവുകയും ചെയ്യുന്നുണ്ട്. അതുപോലുള്ളവ നമ്മുടെ ഇൻ്റർനാഷണൽ ഫെസ്റ്റിവലുകളിൽ എൻട്രി നേടുന്നു. മറിച്ചൊരു രാഷ്ട്രീയം പറയുന്ന സിനിമ ഒരു ഫെസ്റ്റിവലിൽ കയറിപ്പറ്റുമോ? (IFFK ഒഴിവാക്കാം). അതിന് മലയാളികൾ കൊടുത്ത ഒരു മറുപടിയായി ഈ സിനിമയെ നിങ്ങൾ വായിച്ചെടുക്കുമോ?

ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിൽ മുന്നണി ചേരുന്ന തമിഴ്നാട് പോലെയുള്ള പ്രദേശത്തെ പ്രേക്ഷകർ, ജാതിരാഷ്ട്രീയവും മറ്റും ഉന്നയിക്കുന്ന സിനിമാ പ്രവർത്തകരെ പിന്തുണയ്ക്കുന്നവരാണ്. രാഷ്ട്രീയ പിന്തുണ കൊടുക്കാത്ത സവർണ മാധ്യമങ്ങൾ മാത്രമുള്ള, പൊതുബോധത്തെ വിദഗ്ദ്ധമായി മറച്ചു വച്ച കേരളത്തിൽ സിനിമാക്കാർ എങ്ങനെയായിരിക്കും ഈ സിനിമയുടെ ചങ്കൂറ്റത്തെ കാണുക? ഏതു രാഷ്ട്രീയത്തെയും തുറന്നെതിർക്കാനുള്ള ഒരു ധൈര്യം, (അത് ഭരണകൂട രാഷ്ട്രീയമോ വർഗീയ രാഷ്ട്രീയമോ ആവട്ടെ) ഈ സിനിമ മലയാളികളായ ചലച്ചിത്ര പ്രവർത്തകർക്ക് കൊടുക്കുമോ?
ചിന്തിക്കുക രസകരമാണ്.

കേരള സ്റ്റോറി പോലെ ഒന്നിനെ ഒരു ഫാന്റസി സിനിമയായി തള്ളിക്കളയാൻ മലയാളിക്ക് കഴിയുന്നുണ്ട്.പക്ഷേ, മലയാളിയെ അറിയാത്ത ജനങ്ങൾക്കിടയിൽ അത് പ്രൊപ്പഗാൻഡയാവുകയും ചെയ്യുന്നുണ്ട്.
കേരള സ്റ്റോറി പോലെ ഒന്നിനെ ഒരു ഫാന്റസി സിനിമയായി തള്ളിക്കളയാൻ മലയാളിക്ക് കഴിയുന്നുണ്ട്.പക്ഷേ, മലയാളിയെ അറിയാത്ത ജനങ്ങൾക്കിടയിൽ അത് പ്രൊപ്പഗാൻഡയാവുകയും ചെയ്യുന്നുണ്ട്.

മമ്മൂട്ടിയെ സുഡാപ്പിയും മോഹൻലാലിനെ സംഘിയുമാക്കാൻ പാടുപെടുന്ന പ്രൊഫൈൽ വൈകൃതങ്ങൾക്ക്, അവരെ ഏതെങ്കിലും കള്ളിയിലൊതുക്കിക്കൊണ്ട് വേട്ടയാടാൻ ഇനി സാധിക്കുമോ? മോഹൻലാലിൻ്റെയും മമ്മൂട്ടിയുടെയും മതവും വിശ്വാസവുമല്ല, മറിച്ച് സൗഹൃദമാണ് മാതൃകയാക്കേണ്ടത് എന്ന ചിന്തയിലേക്ക് കേരളത്തെ ഉയർത്താൻ ഇനി എത്ര എമ്പുരാന്മാർ വരേണ്ടിവരും? മോഹൻലാലിനെ സവർണ ശരീരമായി മാത്രം കണ്ട പോസ്റ്റ്മോഡേൺ നിരൂപകർ എമ്പുരാനുമായി പൊരുത്തപ്പെടാൻ എന്തു സമയമെടുക്കും?
ഇത്തരം ചോദ്യങ്ങൾ കൂടി എമ്പുരാൻ ഉയർത്തുന്നുണ്ട്.


Summary: L2: Empuraan Film Review


രാപ്രസാദ്

കവി, സിനിമാ സംവിധായകൻ. ഇല, കടൽ ഒരു കുമിള, പ്രേമത്തിന്റെ സുവിശേഷം എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്നു രാവും പകലും, അരണി, കാവതിക്കാക്കകൾ തുടങ്ങിയ സിനിമകളും ആവാർഗി, പടുക്ക എന്നീ ഡോക്യുമെൻ്ററികളും സംവിധാനം ചെയ്തു.

Comments