2002-ലാരംഭിച്ച ‘റെസിഡന്റ് ഈവിൾ’ (ResidentEvil) സിനിമാപരമ്പരയിലെ എട്ടാമത്തെ അധ്യായമാണ് സാക്ക് ക്രെഗർ സംവിധാനം ചെയ്ത പുതിയ ചിത്രം. നന്നായി പേടിപ്പിക്കുന്ന നല്ല എൻ്റർടെയ്നർ മാത്രമല്ല, കഴിഞ്ഞ 25 വർഷങ്ങൾക്കിടയിലെ 'റെസിഡൻ്റ് ഈവിൾ' സീരീസിലെ ഏറ്റവും മികച്ച ചിത്രവും കൂടിയാണിത്.
'റെസിഡൻ്റ് ഈവിൾ’ സീരീസിന്റെ രണ്ടാമത്തെ റീബൂട്ടാണ് പുതിയ ചിത്രം. അതുകൊണ്ടുതന്നെ മുൻപടങ്ങളൊന്നും കാണാത്ത ഓഡിയൻസിനും ഈ അധ്യായം പൂർണമായും ആസ്വദിക്കാനാകും. തീർത്തും പുതിയ കഥയാണെന്ന് മാത്രമല്ല, ഇത്തരം ചിത്രങ്ങൾ കണ്ട് പരിചയമില്ലാത്തവർക്കുപോലും എളുപ്പം മനസ്സിലാക്കാൻ സാധിക്കുന്നത്ര ലളിതവുമാണ് ‘റെസിഡൻ്റ് ഈവിൾ’ (2026).
ഒരൊറ്റ രാത്രിയിലാണ് കഥ നടക്കുന്നത്. ബ്രയാൻ (ഓസ്റ്റിൻ അബ്രാംസ്) എന്ന മെഡിക്കൽ കുറിയറാണ് കേന്ദ്ര കഥാപാത്രം. ‘റെസിഡെൻ്റ് ഈവിൾ’ പരമ്പരയിലെ സാങ്കൽപിക നഗരമായ ‘റാക്കൂൺ സിറ്റി’യിൽ പ്രവർത്തിക്കുന്ന 'അംബ്രല്ലാ കോർപറേഷൻ’, മ്യൂട്ടജെനിക് വൈറസുകളുടെയും ബയോ ഓർഗാനിക് ആയുധങ്ങളുടെയും ഗൂഢപരീക്ഷണ- നിർമാണ ശാലയാണ്. അംബ്രല്ലാ ലാബിൽനിന്ന് ലീക്കായ വൈറസുകളുടെ ഇൻഫെക്ഷൻ നിമിത്തം മനുഷ്യർ സോമ്പികളായി മാറിയ ഒരു അപ്പോകാലിപ്റ്റിക് നഗരമാണ് റാക്കൂൺ സിറ്റി. ഈ വിവരമൊന്നുമറിയാതെ അങ്ങോട്ടേക്ക് മെഡിക്കൽ പാക്കേജുമായി യാത്ര തിരിക്കുന്ന ബ്രയാൻ, സോംബികളുമായി നടത്തേണ്ടിവരുന്ന ജീവൻ മരണപ്പോരാട്ടങ്ങളും അതിന്റെ ഭീകരമായ പര്യവസാനവുമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു ദുസ്വപ്നത്തിലകപ്പെട്ട മനുഷ്യന്റെ നിദ്രാടനം പോലെയാണ് ബ്രയാന്റെ യാത്ര ക്രാഫ്റ്റ് ചെയ്തിരിക്കുന്നത്.
സൂപ്പർ മെഗാഹിറ്റ് സീരീസ് ‘ജോൺ വിക്കി’ന്റെ മൂന്ന് സീക്വലുകളുടെയടക്കം രചയിതാവായ ഷേ ഹട്ടനും സംവിധായകൻ സാക്ക് ക്രെഗറും ചേർന്നാണ് പടത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. രചനയിലും സംവിധാനത്തിലുമുള്ള മിടുക്ക് തന്നെയാണ് പടത്തിന്റെ ക്രിട്ടിക്കലും കൊമേർസ്യലുമായ വിജയങ്ങളുടെ ആധാരം. 'കാപ്കോം' എന്ന ജാപ്പനീസ് വിഡിയോ ഗെയിം കമ്പനിയുടെ വിഡിയോ ഗെയിം സീരീസായ 'റെസിഡൻ്റ് ഈവിളി'നെ ആസ്പദമാക്കിയാണ് ഈ ചലച്ചിത്ര പരമ്പര വിരചിതമായത്. ഒരു വിഡിയോ ഗെയിമിലേർപ്പെടുന്നതിന്റെ പ്രതീതി പ്രേക്ഷകരിൽ സൃഷ്‌ടിക്കുന്ന രീതിയിലാണ് പുതിയ ചിത്രത്തിന്റെ ക്രാഫ്റ്റ് ആസൂത്രണം ചെയ്തിട്ടുള്ളത്.

സിനിമ എത്രമാത്രം ദൃശ്യപ്രധാനമായ കലയാണെന്ന് സാക്ക് ക്രെഗർ ‘റെസിഡൻ്റ് ഈവിളി’ൽ അടിവരയിട്ട് പറയുന്നു. പടത്തിന്റെ ദൃശ്യ-ശ്രാവ്യ രൂപകൽപന ഒന്നാന്തരമാണ്. ബ്രയാന് പുറമേയുള്ള കഥാപാത്രങ്ങളെ മുഴുവൻ സൈഡ് ലൈനിൽ കണിശമായി ഒതുക്കിയിട്ട്, മുഖ്യ കഥാപാത്രത്തിന്റെ യാത്രയിൽ ആവശ്യമായ സപ്ലിമെൻ്ററി റോൾ സമയാസമയം നിർവഹിച്ച് പിന്മാറുന്ന പാർശ്വവർത്തികളായാണ് അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ സംഭാഷണങ്ങൾ ഏറ്റവും കുറച്ച് മാത്രമേയുള്ളൂ. അതിൽത്തന്നെ നല്ലൊരു പങ്കും ബ്രയാന്റെ ആത്മഭാഷണങ്ങളുമാണ്. പ്രഡിക്റ്റബിലിറ്റി, ലോജിക്സ് തുടങ്ങിയ കാര്യങ്ങൾ ഇത്തരം ചിത്രങ്ങൾക്ക് വലിയൊരളവിൽ ബാധകമല്ലല്ലോ. ഭീതിയുടെയും നടുക്കത്തിന്റെയും ബീഭത്സതയുടെയും രംഗഭാഷ സാക്ക് ക്രെഗർ മനോഹരമായവതരിപ്പിക്കുന്നു.
സുന്ദരമാണ് 'റെസിഡൻ്റ് ഈവിളി’ന്റെ വിഷ്വൽ ലാംഗ്വേജ്. ‘പൈറേറ്റ്സ് ഓഫ് ദി കരീബിയൻ’ അടക്കമുള്ള അനവധി ബ്രഹ്‌മാണ്ഡ സിനിമകളുടെ ക്യാമറ ചലിപ്പിച്ച ഹോളിവുഡിലെ അതികായനായ പോളിഷ് സിനിമട്ടോഗ്രാഫർ ഡാരിയസ് വോൾസ്കിയാണ് ‘റെഡിഡെൻ്റ് ഈവിളി’ന്റെ ഛായാഗ്രഹണം നിർവഹിച്ചത്. ഓവർ ദി ഷോൾഡർ - തേഡ് പേഴ്സൺ പിഒവിയ്ക്ക് അടുത്തുനിൽക്കുന്ന തരത്തിലുള്ള ടൈറ്റ് ഫോളോ ഷോട്ടുകളിലാണ് പടം ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. ക്ലോസ്ട്രോഫോബിക് കോറിഡോറുകളും മഞ്ഞുവീണ തെരുവുകളുമടക്കമുള്ള ലൊക്കേഷനുകൾ ലോ-കീ ലൈറ്റിംഗിലും പ്രാക്ടിക്കൽ ലൈറ്റുകളിലും ചിത്രീകരിച്ചതിനാൽ ഭയത്തിന്റെ അന്തരീക്ഷം അനായാസം സൃഷ്ടിക്കപ്പെടുന്നു. പഴയ ‘റെഡിഡെൻ്റ് ഈവിൾ’ ഗെയിമുകളിലെ ഫിക്സഡ് ക്യാമറ ആംഗിളിനെ ഓർമിപ്പിക്കും വിധം വൈഡ് ആംഗിൾ ലെൻസിൽ കഥാപാത്രം ചെറുതായി, ചുറ്റുപാട് വലുതായി കാണിക്കുന്ന നിരവധി ദൃശ്യങ്ങളുണ്ട് പടത്തിൽ. ഇതും ഭീതി ഇരട്ടിയാക്കുന്നു.
ഹെയ്സ്- റയാൻ ഹോളഡേയുടെ സ്കോറും സൗണ്ട് ഡിസൈനും പടത്തിന്റെ വിജയത്തിൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഹൃദയമിടിപ്പ് പോലുള്ള പെർക്കഷൻ. ജംപ് സ്കെയർ വരുന്നതിന് മുൻപ് നിലനിൽക്കുന്ന പൂർണ നിശ്ശബ്ദത, പിന്നെ പൊട്ടിത്തെറിക്കുന്ന ബാസ് - പ്രേക്ഷകനെ പിടിച്ചിരുത്തുന്നു പടത്തിന്റെ സ്കോർ. അകലെയും അടുത്തും നിന്നുള്ള സോംബികളുടെ മുരൾച്ച ലെയർ ചെയ്ത് മിക്സ് ചെയ്തിരിക്കുന്നത്, ആ ഭീകരരൂപികൾ തൊട്ടടുത്തുണ്ടോ അതോ അകലെയാണോ എന്ന ആധിയും ആശയക്കുഴപ്പവും പ്രേക്ഷകനിൽ നിക്ഷേപിക്കുവാൻ സംവിധായകനെ പ്രാപ്തനാക്കുന്നു.
ഫസ്റ്റ് ഹാഫ്, സ്ലോ- ബേൺ സർവൈവൽ ഹൊററായും സെക്കൻഡ് ഹാഫ് നോൺ-സ്റ്റോപ്പ് ചെയ്സായുമാണ് സാക്ക് ക്രെഗർ പടം ഡിസൈൻ ചെയ്തിരിക്കുന്നത്. ജോ മർഫിയുടെ എഡിറ്റിംഗും പേയ്സിംഗും ഗെയിംപ്ലേയുടെ റിഥം സിനിമയിലേക്ക് കൊണ്ടുവരുവാനും ഭയമുളമാക്കുവാനും സംവിധായകനെ നന്നായി സഹായിക്കുന്നു.

‘ഗാർഡിയൻസ് ഓഫ് ദി ഗാലക്‌സി’ പോലുള്ള വൻ പടങ്ങൾക്ക് സെറ്റിട്ട ടോം ഹമ്മോക്കിന്റെ പ്രൊഡക്ഷൻ ഡിസൈനിൽ റാക്കൂൺ സിറ്റി 1998-ലെ മിഡ്‌വെസ്റ്റ് ടൗൺ ആയി അത്ഭുതകരമായി പുനർജനിക്കുന്നു. വിഎഫ്എക്സിനേക്കാൾ ബോഡി ഹൊററും പ്രാക്ടിക്കൽ മേയ്ക്കപ്പും പ്രോസ്തെറ്റിക്സുമാണ് സോംബികളെ അവതരിപ്പിക്കുവാൻ ഏറിയകൂറും ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സോംബി ട്രാൻസ്ഫർമേഷൻ സീനുകൾക്ക് ഒട്ടിപ്പിടിക്കുന്ന മാംസളതയുടെ ഓക്കാനം തോന്നുന്ന റിയലിസ്റ്റിക് ഫീലുണ്ട്.
പടത്തിലെ നായകൻ ബ്രയാൻ ഒരതിമാനുഷ വീരനായകനല്ല. കഥാഭൂമികയിൽ അയാളൊരു സാധാരണക്കാരൻ, നിസ്സാരൻ, നോബഡി ആണ്. അയാൾക്ക് കഥാപരിസരം പൂർണമായും അപരിചിതമാണ്. സോംബികളെ നേരിടാനുള്ള റീസോഴ്സുകളുടെ ദൗർലഭ്യം, ഒരു സമയത്ത് ഒരെതിരാളി എന്ന ക്രമം, കണ്ണ് തള്ളിക്കുന്ന പസിലുകൾ, ഉൽക്കടഭീതി തുടങ്ങിയ ഗെയിം മെക്കാനിസങ്ങൾ പടത്തിന്റെ ട്രാവലിൽ ഉടനീളം കാണാം. നിർണായകമായ ഒരു ഘട്ടത്തിൽ ബ്രയാൻ തനി ഗെയിമറുടെ സ്വത്വം പരസ്യമായി എടുത്തണിയുന്നത് പോലും കാണാം.
ജംപ് സ്കെയറുകളുടെ സമർത്ഥമായ പ്രയോഗമാണ് പടത്തിന്റെ മറ്റൊരാകർഷണം. സ്കെയറുണ്ടാകുമെന്ന് കൃത്യമായ ബോധ്യമുള്ള ഘട്ടങ്ങളിൽപ്പോലും വളരെ ശക്തമായ അവതരണത്തിലൂടെ പ്രേക്ഷകനെ പേടിപ്പിക്കുന്ന ദൃശ്യ-ശബ്ദ വിന്യാസങ്ങൾ ചിത്രത്തിൽ, പ്രത്യേകിച്ച് ആദ്യ പകുതിയിൽ, ഒരുപാടുണ്ട്. ബോഡി ഹൊററിന്റെ സാധ്യതകളും സാക്ക് ക്രെഗർ നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട്. പതിയെ വളർന്ന് ഉടനീളം ചൂഴുന്ന പേടിയുടെ നിഴലിനെയല്ല, മറിച്ച് നൊടിയിടയിൽ നടുക്കമുളവാക്കി കടന്നുപോകുന്ന ഭീതിയുടെ വിസ്ഫോടക ശൈലിയാണ് ക്രെഗർ പിന്തുടരുന്നത്.

മരണവാഹകരുടെ മധ്യത്തിൽ പ്രാണനും കൊണ്ട് കുതിച്ചോടുമ്പോഴും ബ്രയാന്റെ സ്വതസിദ്ധമായ ആകാംക്ഷയും വിപത്ധൈര്യവും നർമബോധവും നിർമമത്വവും കൂൾ കസ്റ്റമർ വ്യക്തിത്വവും നഷ്ടപ്പെടുത്താതെ നിലനിർത്താൻ ‘റെസിഡൻ്റ് ഈവ്ളി’ന്റെ തിരക്കഥ ശ്രദ്ധിക്കുന്നുണ്ട്. അങ്ങേയറ്റം ഭയാനകമായ കാഴ്ചകൾക്കും കൽപനകൾക്കുമിടയിലും ബ്ലാക്ക് കോമഡിയുടെ ഇടങ്ങൾ നിർമിച്ചു കൊണ്ട് പടത്തെ പൂർണമായും ലൈവാക്കി നിർത്താൻ ഇത് സഹായിക്കുന്നു. ബ്രയാന്റെ റോളിൽ ഓസ്റ്റിൻ അബ്രാംസ് തിളക്കമാർന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അയാളുടെ ചടുലതയും അതിസാധാരണത്വവും പകപ്പും നർമബോധവും ഓസ്റ്റിൻ ഭംഗിയായി പകർത്തുന്നു. സാക്ക് ചെറിയാണ് മറ്റൊരു പരിചിത മുഖം.
ലാസ്റ്റ് വേഡ്: ഒന്നര മണിക്കൂർ മാത്രമാണ് ദൈർഘ്യം; 18+ ആണ് സർട്ടിഫിക്കറ്റ്. പേടിക്കാൻ തയാറുള്ളവർക്ക്, ഗെയിമിങ്ങിന്റെ ട്രാക്കിൽ ഒരു ചലച്ചിത്രാനുഭവത്തിലൂടെ കടന്നുപോകാൻ ആഗ്രഹമുള്ളവർക്ക്, ഇഷ്ടമാകുമെന്നുറപ്പുള്ള സ്റ്റൈലിഷ് ഹൊറർ മൂവിയാണ് ‘റെസിഡെൻ്റ് ഈവിൾ’.
