അല്ലാഹിൻ തിരുനാമം
ചൊല്ലിത്തുടങ്ങുന്നേ
അല്ലലതില്ലാതീ
കാവ്യമൊരുക്കുവാൻ.
മുത്തായ ബേദാമ്പർ
കാട്ടിക്കൊടുത്തതാം
മുത്തായൊരായത്ത-
തിക്കവിയോതുന്നേ.
മുഹ് യിദ്ദീൻശൈഖോരേ
പോരിശപാടിയ
മുഹ് യിദ്ദീൻമാലയെ
മുന്നേനിവർത്തുന്നേ.
മാലപ്പാട്ടിശലിൽ
മലയാളം പോറ്റിയ
ഖാസിമുഹമ്മദോ-
രെന്നശായിർകളേ,
ഖൽബിലിന്നുസ്താദായ്-
കണ്ടു മടിയാതെ
ആദരവായിരം
ഓതിത്തുടങ്ങുന്നേ.
ആദിമനിതർതൻ
നീതിതൻ തേട്ടത്താൽ
ആദിമ കേരളം
നേരംവെളുത്തിട്ടേ.
അയ്യവര് തന്നുടെ
ഹുഖ് വത്തതിനാലേ
അന്നത്തെസ്സമാനിൻ
കോട്ടം കുറഞ്ഞിട്ടേ.
അക്കാലം തന്നിലീ
നാടിന്നു വെട്ടമായ്
അത്തലതിൻമീതേ
നജ്മായി നിന്നോവർ
അയ്യനും മാലക്കും
മകനായിട്ടുള്ളോവർ
അയ്യങ്കാളിയെന്ന
പേരിലറിഞ്ഞോവർ.
അകമിൽ കരുത്തുമായ്
കാലത്തിന്നാജലം
മാറ്റിത്തിരിക്കാനായ്
വന്നുപിറന്നോവർ.
ജാതിയിരുട്ടിനെ
വെക്കമായ് നീക്കുവാൻ
ജാതമാം വീരത്തം
തന്നാലേയുള്ളോവർ.
വെങ്ങാനൂരിലങ്ങ-
പ്ലാവത്തറവീട്ടിൽ
മിന്നും ചരിതമായ്
പോറ്റി വളർന്നോവർ.
ആ മഹാത്മാവിന്റെ
ഒളിയേറും സീറ ഞാൻ
ഇശലിനാൽ കോർത്തൊരു
മാലകൊരുക്കുന്നേ.
രണ്ടായിരമാണ്ടും
പിന്നെയിരുപതും
കൊല്ലത്തിലിക്കവി
കോർവയൊരുക്കുന്നേ.
മേപ്പയ്യൂരത്തുറ
തന്നിൽപിറന്നോവർ
അനസെന്നൊരിസ്മിൻ
വിലാസമതുള്ളോവർ.
ജന്മി ഭരണത്തിൻ
ജാതീയക്കോട്ടെയിൽ
ആദിമനിതരന്നാ-
കെവലഞ്ഞാരേ.
മുമ്പൻമാരായുള്ളോർ
നാടുവാഴുന്നേരം
കീഴാളർക്കൊന്നുമേ-
യില്ലൊരവകാശം.
നാലായ്ത്തിരിഞ്ഞൊരാ-
ജ്ജാതിക്കാർക്കപ്പുറം
നിലയൊന്നുമില്ലാതേ
അൽഫുബഷറ്കളും.
ഹുഫ്‌റയതിനുള്ളിൽ
ഇലയൊന്നു പാകീട്ട്
സുപ്രയായ് കാണേണ്ട
ഗതികെട്ട വാഴ് വാമേ.
കൊട്ടകക്കോരിയിൽ
തണ്ണിയെടുക്കാനായ്
കിണറിനെച്ചെന്നന്ന്
തൊട്ടാലയിത്തമേ.
ജദീദാമാടൈകൾ
വാങ്ങിയെന്നാകിലും
ചേറിനെച്ചേർത്തു
ധരിക്കേണ്ടും നായമേ.
കൽബുമപ്പൂച്ചയും
നടയാകുമ്മൂലമിൽ
കീളേപിറന്നോർക്ക്
തീണ്ടലതുണ്ടാമേ.
മേൽജാതിക്കായന്ന്
തീർത്തൊരുപാതതൻ
മേലേനടക്കുവാൻ
അന്നില്ലതക്കുമേ.
കച്ചേരി കൂടുന്ന
അങ്കണമൊന്നതിൽ
പുക്കകം കൊള്ളാനും
ആദലത്തില്ലാമേ.
ഒന്നിച്ചിരിക്കാനും
ഒന്നിച്ചൊന്നുണ്ണാനും
ഒന്നിച്ചു നിൽക്കാനും
ഒക്കാത്തക്കാലമേ.
കൺമുന്നിൽ പെട്ടെന്നാൽ
വംശം കുറഞ്ഞോർക്ക്
ക്രൂരമാം മർദ്ദനം
കിട്ടുമുറപ്പാമേ.
ഇങ്ങനെ കൂട്ടിയാൽ
കൂടാത്തൊരായിരം
ജാതിത്തരങ്ങൾ
പലതുണ്ടക്കാലമേ.
കിലുകിലെ മണിയുള്ള
കാളയെക്കെട്ടിയ
വില്ലുവണ്ടിതന്നി-
ലേറിനിറഞ്ഞോവർ.
ഇരട്ടയാം കാളയെ
പ്പൂട്ടിയലങ്കാരം
ഇരവു പകലിലും
മോടിയായ് കണ്ടോവർ.
തമ്പ്രാക്കളോടുന്ന
രാജവഴികളിൽ
തന്മതദ്ധൈര്യത്തോ-
ടോടിനടന്നോവർ.
നാടിന്റെമുതലിനാൽ
തീർത്തൊരുപാതയിൽ
നാട്ടുകാർക്കാകെയും
പോകാമെന്നായോവർ.
ആരുംനടക്കാനൊരു-
ങ്ങാത്തചാലൈയിൽ
ആഫിയത്തോടേ
നടത്തം തുടർന്നോവർ.
പൊതുവഴി തന്നിലെ
വേലികളെല്ലാമേ
അവധിയതില്ലാതെ
നീക്കിക്കളഞ്ഞോവർ.
പലമട്ടിലന്യായം
മുറിയാതതുണ്ടായേ
പതറാതെ ന്യായമ-
ണൈത്തു പിടിച്ചോവർ.
വെള്ളത്തലപ്പാവിൽ
അഭിമാനം കൊണ്ടോവർ
മേലേക്കുയർത്തിയ
ശീർഷമതുമുള്ളോവർ.
മേൽമീശതന്നുടെ
പൗരുഷ കാന്തിയും
മേലിട്ട കോട്ടിന്റെ
ചേലുമതുള്ളോവർ.
കാണ്മാൻ പോയ് ദിവാനെ
കാവൽതടഞ്ഞാറേ
കമ്പിയടിച്ചന്ന്
കണ്ടിട്ടു പോന്നോവർ.
മതമ്മാറിച്ചെന്നെന്നാൽ
തോൽക്കുന്ന ജാതിയെ
മാറാമതത്താലേ-
അമ്പിക്കാൻനിന്നോവർ.
പൊതുജീവിതത്താലേ
വേർജാതിച്ചിന്തയെ
പൊതുവേ കുറയ്ക്കാമെ-
ന്നോർത്തു നടന്നോവർ.
പൊതുവെന്നൊരിൽഹാമിൻ
മേന്മയറിഞ്ഞോവർ.
പൊതുവിടം തീർക്കുവാൻ
മുന്നണി ചേർന്നോവർ.
മനുഷ്യരെന്നാരുമേ
മിണ്ടാത്തൊരക്കാലം
മാനുഷരാകാനായ്
ചൊല്ലിക്കൊടുത്തോവർ.
നാടിത് യേവർക്കും
തുല്യമേയെന്നോതി
സമത തൻ വിത്തന്ന്
നട്ടുനനച്ചോവർ.
പൊതുമണ്ഡലമെന്ന
സംസ്‌ക്കാരപ്പുതുമയെ
മലയാള മണ്ണിലും
വിളയിച്ചുവെച്ചോവർ.
അവരെ കയറ്റാത്ത
ചന്തയിൽ കേറീട്ട്
അച്ചന്ത നാടിന്ന്
പൊതുവാക്കിവെച്ചോവർ.
ചന്തയിലാകെ
മനുഷ്യരും കൂടീട്ട്
ലങ്കുന്ന ചന്തയെ
കണ്ടു മുതിർന്നോവർ.
വെങ്ങാനൂരിൽനിന്നും
പതിനെട്ട് തൊണ്ണൂറ്റി
മൂന്നാകുംകൊല്ലത്തിൽ
യാത്രതുടങ്ങിയോർ.
കുലുങ്ങുംസഫറതു
കണ്ടൊരാമുമ്പന്മാർ
കാട്ടിയൊരക്രമം
കൂസാതെ നേരിട്ടോർ.
സാധുജനവർഗ്ഗ
പരിപാലനമാലേ
സാധ്യമായൊരു കൂട്ടം
നോക്കിയെടുത്തോവർ.
അധികാരം പങ്കിടാനു -
ള്ളൊരവകാശം
ജനതയ്ക്കതൊക്കെയു-
മുണ്ടെന്നുറച്ചോവർ.
തിരുവിതാങ്കൂറില -
ക്കുടിമകസ്സഭയിലെ
തിരുമെമ്പറായന്ന്
ഹാലത്തതുള്ളോവർ
തൊണ്ണൂറാമാണ്ടില്
മലയാളവർഷത്തിൽ
ഉണ്ടായസമരത്തിൽ
വീര്യം വിളിച്ചോവർ.
മാടമ്പിമാരവർ
മൊടയുമായ് വന്നാരേ
വാട്ടമതില്ലാതെ
തങ്കാലില്‌നിന്നോവർ.
വേലയിൽ വാടിയ
ബാലമുഖം കണ്ട്
വേവലതിനാലേ
ഉള്ളം പിടഞ്ഞോവർ.
ബാലകരൊക്കെയും
വേലയെ വിട്ടിട്ട്
പാഠം പഠിക്കേണമെ-
ന്നതുരത്തോവർ.
പലജാതി മക്കളായ്
വളരും കിടാങ്ങളെ
ഒരുമയിലൊന്നാകെ
ചേർക്കുവാൻ ചെന്നോവർ.
തയ്യലാം പഞ്ചമി-
തന്നെയും കൊണ്ടന്ന്
പളളിക്കൂടമൊന്നിൽ
പടിയേറിച്ചെന്നോവർ.
പെൺകിടാവുതന്റെ
പേടിവിറ കണ്ട്
പുഞ്ചിരിതൂകിയൊ -
ന്നതിനെക്കുറച്ചോവർ
അതിനാലരിശമിൽ
ജന്മിമാർ കത്തിച്ച
പാഠശാലയ്ക്കാ-
യന്നൂക്കോടെ നിന്നോവർ.
പളളിക്കൂടം തന്നിൽ
പണമൊന്നും നൽകാതെ
വിജ്ഞാനം നൽകുവാൻ
ഭാഷണം ചെയ്‌തോവർ.
അർഭകർക്കെല്ലാമേ
ഉച്ചവിശപ്പിന്നായ്
കഞ്ഞി കൊടുക്കാനും
സഭയിൽ പറഞ്ഞോവർ.
പഠിപ്പ് തുടരുവാൻ
നിസ്വരായുള്ളോർക്ക്
സർക്കാരിൻ പിന്തുണ
വേണമെന്നായുള്ളോർ.
മറ്റാരും കാണാത്ത
നൊമ്പരം കാണുവാൻ
ദീർഘമാം ദർശനം
അത്രമേലുള്ളോവർ.
പത്തോളം ബിരുദക്കാർ
സ്വന്തസമുദായ.
പത്തരമാറ്റാകാൻ
സ്വപ്നത്തെകണ്ടോവർ.
അക്കിനാവന്നാളിൽ
ദേശപിതാവോട്
കൺമുന്നിൽ കാണുവാൻ
വെളിവായിട്ടോതിയോർ.
നാളെയിക്കേരളം
പണിയുമറിവിനെ
ഉൾക്കണ്ണുകൊണ്ടന്ന്
മുന്നാലെകണ്ടോവർ.
അറിവിൽനിറയുവാൻ
ആദിമനുജർക്ക്
അതിനായ് ത്വരീഖത്ത്
കാട്ടിക്കൊടുത്തോവർ.
സാർവത്രികമാകും
വിജ്ഞാനം നേടുവാൻ
സർവ ജനത്തോടും
മുന്നേ പറഞ്ഞോവർ.
ഇൽമതുതടയുവാൻ
ജന്മി തുനിഞ്ഞാറേ
പാടത്തിലധ്വാനം
നിർത്തീട്ടു പോന്നോവർ.
പൊതു പളളിക്കൂടത്തിൻ
സംസ്‌ക്കാരം നാടാകെ
പെരുമയിൽ തീർക്കുവാൻ
സമരം തുടങ്ങിയോർ.
ആണ്ടൊന്ന് കൂടുമ-
ത്തൊഴിലുമുടക്കിനായ്
ആകെ ജനത്തെയും
പിന്നാലെ കൂട്ടിയോർ.
മട്ടിപ്പുല്ലാകെ വളർ-
ന്നൊരു പാടങ്ങൾ
ജന്മിമാർക്കൊക്കെയും
കാട്ടിക്കൊടുത്തോവർ.
വേലയതില്ലാത്ത
കർഷകർ തന്നുടെ
വേവലതൊക്കെയും
തീർക്കും നനവായോർ.
പട്ടിണിയാണ്ടൊരാ
കർഷകർക്കാകെയും
പഞ്ഞമൊതുക്കാനായ്
അന്നം കൊടുത്തോവർ
വഞ്ചിചരിതത്തിൽ
ഒന്നാമതുണ്ടായ-
ക്കർഷകസമരത്തിൽ
മുമ്പരവരായോർ.
തൊഴിലുമുടക്കിന്റെ
ഫിക്‌റത്ത് ലോകർക്കായ്
ആരുമേയോർക്കാത്ത
കാലമിലോർത്തോവർ.
സാധുജനങ്ങൾതൻ
പുലയക്കരുത്തിനാൽ
ജാതിയനീതിയെ
തോൽപ്പിച്ചുവെച്ചോവർ.
പ്രതിരോധ സമരത്തിൻ
ഒന്നാമതധ്യായം
അവരുടെ കൈകളാൽ
ലോകത്തിന്നേകിയോർ.
പെരിനാടകമിലായ്
വീരരാം പെണ്ണുങ്ങൾ
ചരിതം രചിക്കുവാൻ
ഹേതുവതായോവർ
തന്നുടെ തടി നേരെ
അന്നാളിലുണ്ടായ
ലഗളയതിലെല്ലാം
അഞ്ചാതെ നിന്നോവർ
പലരുമേ പകയോടെ
ലഗളക്കായ് വന്നാലും
ആദലത്തുന്നൂറിൻ
തെളിമയതുള്ളോവർ.
എല്ലാമിടമിലും
പെണ്ണിന്നുമാണിന്നും
ലേശവും മാറ്റത്തെ
കാണാതെ കണ്ടോവർ.
മാറുമറച്ചു നടക്കുവാൻ
ചൊന്നാരേ
മാറുമറച്ചോർക്ക്
കാവലായ് നിന്നോവർ.
കേമൻമാരായുള്ളോർ
അഭ്യാസം കാട്ടുവാൻ
പലവട്ടം ചെന്നപ്പോള-
തിനെത്തടഞ്ഞോവർ.
മേൽമുണ്ടണിയാനായ്
പലരും കൊതിച്ചാരേ
അക്കൊതി തീർക്കുവാൻ
അവരെ തുണച്ചോവർ.
കല്ലിനാൽതീർത്തൊരു
മാലയറുത്താരേ
കല്ലയും മാലയും
വേണ്ടായെന്നോതിയോർ.
താന്താൻനിരന്തരം
ചെയ്യുന്ന വേലയിൽ
തന്റെയവകാശം
കാട്ടിക്കൊടുത്തോവർ.
ഏനുടെവേർപ്പിനാലൂര്
വളരുമ്പോൾ
ഏനുമേകൂടിയാണൂര-
തെന്നോതിയോർ.
മണ്ണിലിളവില്ലാ
വേലചെയ്യുന്നോർക്ക്
മണ്ണതുനൽകുവാൻ
സഭയോടുണർത്തിയോർ.
മന്നിൽ പിറന്നോർക്ക്
മണ്ണിന്നവകാശം
തുല്യമായെങ്ങുമേ
വേണമെന്നുള്ളോവർ.
ഹഖായചോദ്യത്താൽ
സഭയിൽനിന്നക്കാലം
പുതുവൽനിലമേറെ
വാങ്ങിക്കൊടുത്തോവർ.
ചരിതത്തിലന്നോളം
ഇല്ലാചരിതത്തെ
ചേറിൽനടുന്നോർക്ക്
പെരുമയായ് ചേർത്തോവർ.
പൊതുനീതി വിടരുന്ന
പുതുലോകം തീർക്കുവാൻ
പുതുമയിലുള്ളൊരു
നിലമന്നൊരുക്കിയോർ.
ആ നിലം തന്നിലായ്
തന്നുടെനാടിനെ
മാറ്റിപ്പണിയുവാൻ
മേന്മയതുണ്ടായോർ.
കേരളമാകെയി-
ന്നോടും വഴികളിൽ
വീര വില്ലു വണ്ടി-
യോർമ്മനിറച്ചോവർ.
സഞ്ചാരസ്വാതന്ത്ര്യ
മെന്നുള്ള ഹുൽമിനെ
ജനതയ്ക്കകമിലാ-
യിട്ടുകൊടുത്തോവർ.
ആധുനികമായൊരീ-
മട്ടിൽ കേരളം
ആയുസ്സതിനാലെ
തോറ്റിയെടുത്തോവർ.
പലരുമേ കണ്ണിനാൽ
കാണാത്തക്കാഴ്ചകൾ
തന്നുടെകണ്ണാലേ
കണ്ടിട്ടു ചൊന്നോവർ.
നീതിയതില്ലാതെ -
ഇരുളാണ്ടമയമിൽ
നീതിയാം താരകം
പോലെ തെളിഞ്ഞോവർ
ഉദ്യോഗമേവർക്കും
വീതിച്ചു നൽകുവാൻ
വേണ്ടാ മടിയെന്നും
എഴുതിക്കൊടുത്തോവർ.
സമതയതില്ലാത്ത
ചട്ടമൊതുക്കാനായ്
ജന്മി-ഭരണത്തെ
ചൂണ്ടിപ്പറഞ്ഞോവർ.
യോഗ്യരായുള്ളൊരു
സാധുജനത്തിന്നും
സർക്കാരുദ്യോഗമേ
നേടിക്കൊടുത്തോവർ.
എണ്ണിയാൽ തീരാത്ത
കേളിയതുള്ളോവർ
മലയാള രാജ്യത്തിൻ
നായകരായോവർ.
സ്വച്ഛന്ദമായി നാം
പാർക്കുന്ന നാടകം
അവരുടെയധ്വാന
മിച്ചമതോർക്കേണം.
അവരുടെ ദറജയെ
ഭാഷയിൽ ചേർക്കുവാൻ
ശായിർകളേറേയും
കോർവയൊരുക്കേണം.
പൊലിമയതേറിയ
സീറയിൽ നിന്നൽപ്പം
ഇശലിനാലോതി
ഞാനിവിടെചുരുക്കുന്നേ.
........ ...... .....
കുറിപ്പുകൾ
ബേദാമ്പർ- മുഹമ്മദ്‌നബി
ശൈഖ്- ഗുരുക്കന്മാരിൽ പ്രമുഖർ
ശായിർ-കവി
ഖൽബ് - മനസ്
ഉസ്താദ് - ഗുരു
ഹുഖ് വത്ത്- സാഹോദര്യം
സമാൻ - കാലം
നജ്മ് - നക്ഷത്രം.
ആജലത്ത് - ചക്രം
സീറ-ചരിത്രം
കോർവ - രചന
ഇസ്മ് - പേര്
അൽഫുബഷർകൾ - ആയിരക്കണക്കിന് മനുഷ്യർ
ഹുഫ്ര- കുഴി
സുപ്ര -ഭക്ഷണം കഴിക്കാനിടുന്നവിരി
ജദീദ് - പുതിയ
കൽബ് - നായ
ഹക്കു- അവകാശം
ആദലത്ത് - നീതി
ആഫിയത്ത് - ആരോഗ്യം, കരുത്ത്
ഇൽഹാം - ബോധം
സഫർ - യാത്ര
ഹാലത്ത്- ഉന്നതസ്ഥാനം
കുടിമകൻ - പ്രജ
ത്വരീഖത്ത് - മാർഗ്ഗം
ഫിക്രത്ത്- ആശയം
ആദലത്തുൻ നൂർ- നീതിതൻ വെളിച്ചം
ഹഖായ - സത്യമായ, യഥാർത്ഥത്തിലുള്ള
ഹുൽമ് - സ്വപ്നം
ദറജ പദവി