കഥാ വായനയില്‍ ട്രൂ കോപ്പി വെബ്‌സീനിന്റെ
പേര് വെട്ടിമാറ്റി മനോരമ
കഥാ വായനയില്‍ ട്രൂ കോപ്പി വെബ്‌സീനിന്റെ പേര് വെട്ടിമാറ്റി മനോരമ
ഒരു ആനുകാലിക പ്രസിദ്ധീകരണത്തില്‍ വരുന്ന രചനയെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, ആ പ്രസിദ്ധീകരണത്തിന്റെ പേര് നല്‍കുക എന്ന ഏറ്റവും പ്രാഥമികമായ മര്യാദയാണ് ‘മനോരമ’യുടെ കടുംവെട്ടില്‍ ഇല്ലാതായത്.
19 Aug 2021, 02:42 PM
ട്രൂ കോപ്പി വെബ്‌സീന്‍ പാക്കറ്റ് 38ല്‍ സായ്‌റ എഴുതിയ ‘തൈമൂര്‍' എന്ന കഥയെക്കുറിച്ച് മുഹമ്മദ് അബ്ബാസ് എഴുതിയ ലേഖനം ആഗസ്റ്റ് 19ലെ മനോരമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘വായനാവസന്തം- വായന തന്നെ ജീവിതം' എന്ന പംക്തിയില്‍ അബ്ബാസ് എഴുതിയ ലേഖനത്തില്‍ പക്ഷേ, ഈ കഥ എവിടെയാണ് പ്രസിദ്ധീകരിച്ചത് എന്ന ഭാഗം എഡിറ്റുചെയ്ത് ഒഴിവാക്കി.
‘‘ഓണപ്പതിപ്പുകളിലോ മറ്റ് അച്ചടി മാധ്യമങ്ങളിലോ അല്ല ഈ കഥ വന്നത്. മലയാളത്തിലെ ആദ്യത്തെ വെബ്‌സിനായ, ട്രൂകോപ്പി വെബ്സീനിന്റെ 38ാം പാക്കറ്റിലാണ്, ദേവപ്രകാശിന്റെ നാനാര്‍ത്ഥങ്ങള്‍ ഉള്ള ചിത്രണവുമായി തൈമൂര്‍ വായനക്കാരിലേക്ക് എത്തിയത്. ഇതേ ട്രൂ കോപ്പി വെബ്‌സിനില്‍ തന്നെയാണ് മുന്‍പ്, ഇ. സന്തോഷ് കുമാറിന്റെ ഊഴവും, അജിജേഷ് പച്ചാട്ടിന്റെ കൈപ്പല രഹസ്യവും, പി .വി. ഷാജികുമാറിന്റെ ചായയും വന്നത്. മൂന്നും മികച്ച കഥകളായിരുന്നു'' എന്ന അബ്ബാസിന്റെ ലേഖനത്തിലെ ഭാഗമാണ്, ട്രൂ കോപ്പി വെബ്‌സീനിന്റെ പേര് ഒഴിവാക്കാനായി മനോരമ വെട്ടിമാറ്റിയത്.
ഒരു ആനുകാലിക പ്രസിദ്ധീകരണത്തില്‍ വരുന്ന രചനയെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, ആ പ്രസിദ്ധീകരണത്തിന്റെ പേര് നല്‍കുക എന്ന ഏറ്റവും പ്രാഥമികമായ മര്യാദയാണ് മനോരമയുടെ കടുംവെട്ടില്‍ ഇല്ലാതായത്. മാത്രമല്ല, മനോരമയുടെയോ മറ്റോ ഓണപ്പതിപ്പിലാണ് കഥ വന്നത് എന്ന തെറ്റിധാരണയും ഈ എഡിറ്റിംഗിലൂടെ സൃഷ്ടിക്കുന്നു.
(ട്രൂ കോപ്പി വെബ്‌സീന്‍ പാക്കറ്റ് 38ല്‍ സായ്‌റ എഴുതിയ തൈമൂര്‍ എന്ന കഥ വായിക്കാം, കേള്‍ക്കാം.)
ലേഖനത്തിന്റെ പൂര്‍ണരൂപം മുഹമ്മദ് അബ്ബാസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അബ്ബാസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഇന്നത്തെ മനോരമ ഓണ്‍ലൈനില്‍ വന്ന കുറിപ്പിന്റെ പൂര്‍ണരൂപം:
പറയാന്‍ എന്തെങ്കിലുമൊക്കെ ഉണ്ടാവുക അത് പറയേണ്ട വിധത്തില്‍ പറയുക. ഇത്രയുമായാല്‍ ഒരു കഥാകൃത്ത് വിജയിച്ചു എന്ന് പറയാം. പറയുന്നതില്‍ മറ്റാരും പറയാത്ത എന്തെങ്കിലും ഉണ്ടാവുക, അത് മറ്റാരും പറയാത്ത വിധത്തില്‍ പറയുക എന്നത് എല്ലാ എഴുത്തുകാരുടെയും സ്വപ്നമാണ്. അതിനാണ് അവര്‍ ആശയങ്ങളെയും വാക്കുകളെയും ഉള്ളിലിട്ട് ഉരുക്കിയെടുക്കുന്നത്.
ഓണപ്പതിപ്പുകളുടെ ഘോഷയാത്രകള്‍ കഴിഞ്ഞു. ഒരുപാട് നല്ല കഥകള്‍ വന്നു .പക്ഷേ ഇക്കണ്ട കഥകളില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തമാണ് അധികമൊന്നും അറിയപ്പെടാത്ത സായ്‌റ എന്ന കഥാകൃത്തിന്റെ തൈമൂര്‍ എന്ന കഥ.

ഓണപ്പതിപ്പുകളിലോ മറ്റ് അച്ചടി മാധ്യമങ്ങളിലോ അല്ല ഈ കഥ വന്നത്. മലയാളത്തിലെ ആദ്യത്തെ വെബ്‌സിനായ, ട്രൂകോപ്പി വെബ് സിനിന്റെ 38 ആം പാക്കിലാണ്, ദേവ പ്രകാശിന്റെ നാനാര്‍ത്ഥങ്ങള്‍ ഉള്ള ചിത്രണവുമായി തൈമൂര്‍ വായനക്കാരിലേക്ക് എത്തിയത്. ഇതേ ട്രൂ കോപ്പി വെബ്‌സിനില്‍ തന്നെയാണ് മുന്‍പ് ,ഇ. സന്തോഷ് കുമാറിന്റെ ഊഴവും ,അജിജേഷ് പച്ചാട്ടിന്റെ കൈപ്പല രഹസ്യവും, പി .വി. ഷാജികുമാറിന്റെ ചായയും, വന്നത്, മൂന്നും മികച്ച കഥകളായിരുന്നു.
സായ്‌റയുടെ തൈമൂര്‍ എന്ന കഥ ഞാന്‍ വായിക്കുകയായിരുന്നോ അതോ സായ്‌റയുടെ തൈമൂര്‍ എന്നെ വായിക്കുകയായിരുന്നോ എന്നത് ഇപ്പോഴും പിടികിട്ടാത്ത കാര്യമാണ്.
രാത്രിയായിരുന്നു... കോര്‍ട്ടേഴ്‌സിലെ അപ്പുറത്തെ മുറിയില്‍ നിന്ന് മദ്യ ബഹളങ്ങളും ഇപ്പുറത്തെ റോഡിലൂടെ വാഹനങ്ങളും ഉച്ചത്തില്‍ അലറി വിളിച്ചു കൊണ്ടിരുന്നു. അതൊക്കെ എന്റെ ശ്രദ്ധയില്‍ നിന്ന് പാടെ അപ്രത്യക്ഷമായി. സായ്റ കഥ തുടങ്ങുന്നത് ഇങ്ങനെയാണ്.
‘തൈമൂറിന് ഈയിടയായി തലയെടുപ്പ് കൂടിയിട്ടുണ്ടെന്നു ചിത്ര ശ്രദ്ധിച്ചു. കണ്ണുകള്‍ക്ക് ചുറ്റുമുള്ള ചുവപ്പ് കടുത്തിരിക്കുന്നു. സാധാരണ അസീല്‍ കോഴികള്‍ക്കു ഉണ്ടാവാറുള്ള വലിപ്പത്തെക്കാള്‍ കൂടുതലുണ്ട് അവന് . കറുപ്പും തവിട്ടും കലര്‍ന്ന തൂവലുകള്‍ .സമൃദ്ധമായി തഴച്ചു വളര്‍ന്ന അങ്കവാല്. തല ഉയര്‍ത്തി ചിറകുംവിരിച്ച് ശൗര്യത്തോടെ അങ്ങനെ നില്‍ക്കുമ്പോള്‍ നാട്ടില്‍ ഉത്സവങ്ങള്‍ക്ക് തിടമ്പെടുത്തു നില്‍ക്കുന്ന ആനകളെ ആണ് അവള്‍ക്ക് ഓര്‍മ്മ വന്നത് . '

തികച്ചും സാധാരണമായ ഈ തുടക്കത്തില്‍ നിന്ന് കഥാകാരി നമ്മെ നയിക്കുന്നത് വര്‍ത്തമാനകാല ദാമ്പത്യങ്ങളും, ആണഹന്തകളും ചേര്‍ന്ന് മനുഷ്യജീവിതത്തെ കൊണ്ടെത്തിച്ചിരിക്കുന്ന കോഴിപ്പോരോളം അക്രമാസക്തമായ ക്രൂരതകളിലാണ്. നൊന്ത് പിടയുന്ന പെണ്‍ മനസ്സുകളുടെ ഉള്‍ത്തടങ്ങളിലേക്കാണ്.
പ്രണയം അസ്ഥികള്‍ക്കും തലച്ചോറിനും പിടിച്ചപ്പോഴാണ് പഠിത്തം മുഴുമിപ്പിക്കാതെ ചിത്ര ഗിരീഷിന് ഒപ്പം ജീവിക്കാന്‍ ഇറങ്ങുന്നത്. ഒരു പുഴയോളം ജലമുണ്ടായിരുന്ന അവന്റെ പ്രണയം കുറഞ്ഞ കാലം കൊണ്ട് വറ്റിവരണ്ട് പുഴയുടെ ഓര്‍മ്മ പോലും അവശേഷിപ്പിക്കാത്ത വിധം, ദിനചര്യയിലെ അവസാന ചടങ്ങിലേക്ക് ഒതുങ്ങി കിതപ്പാറ്റുമ്പോള്‍ ചിത്ര സ്വയം ചോദിക്കുന്നുണ്ട്. ‘ഇവനെയാണോ താന്‍ പ്രണയിച്ചത് എന്ന് '
തൃശൂരിലെ സ്വന്തം വീടിനടുത്ത് കോഴിഫാം നടത്തി പൊളിഞ്ഞ ഗിരീഷ് തമിഴ്‌നാട്ടിലെ വേലന്താവളത്തിന് അടുത്തുള്ള ഒഴലപ്പതിയില്‍ ചിത്ര യോടൊപ്പം താമസിക്കുന്ന കാലത്താണ് പോരു കോഴികളെ വാങ്ങി, വളര്‍ത്തി, വില്‍ക്കാന്‍ തുടങ്ങിയത്.
മനുഷ്യന്റെ വെറും വിനോദത്തിനായി സ്വന്തം വര്‍ഗ്ഗത്തിനെ കൊത്തിപ്പറിച്ച് കൊലപ്പെടുത്തുന്ന പോരു കോഴികളുടെ വിജയപരാജയങ്ങളുടെ, ആ ക്രൂരമായ നിരര്‍ത്ഥകഥ ചിത്രയെ വല്ലാതെ പൊള്ളിക്കുന്നുണ്ട്. മനുഷ്യന്‍ തന്നെ പരസ്പരം പോരുകോഴി കളായി പലതിനും വേണ്ടി പലതരം കത്തികള്‍ സ്വന്തം കാലുകളില്‍ കെട്ടിവെച്ച് തമ്മില്‍ പോരടിക്കുന്ന ഈ അസുര കാലത്തില്‍ പോരുകോഴികളുടെ പശ്ചാത്തലവും പ്രതീകവും ഈ കഥയ്ക്ക് ആഴവും പരപ്പും നല്‍കുന്നുണ്ട്.
ദേഹ കോഴികളുടെ കണ്ണുകളിലെ മരവിപ്പ് സ്വന്തം കണ്ണുകളില്‍ കാണുന്ന ചിത്ര നമ്മുടെ ദാമ്പത്യ കെട്ടുപാടുകളിലെ മരവിപ്പിനെ തന്നെയാണ് കാണിക്കുന്നത്. നമുക്കുവേണ്ടി കൂടിയാണ് ആ കണ്ണാടി കാഴ്ചകളെ ഇത്രമേല്‍ തെളിച്ചത്തില്‍ കഥാകാരി വിവരിക്കുന്നത്.
ഗിരിയുടെ പതിവ് യാത്രകളിലൊന്നിലെ, പതിവില്ലാത്ത പെട്ടെന്നുള്ള മടക്കത്തില്‍ ചിത്ര പ്രത്യേകിച്ചൊന്നും കാണുന്നില്ല .പക്ഷേ പിറ്റേന്ന് പുലര്‍ച്ചെ പോലീസ് വന്ന് ഗിരിയെ അറസ്റ്റ് ചെയ്യുമ്പോള്‍ ഒഴലപ്പതിയിലെ വീട്ടുമുറ്റത്ത് ചിത്ര അന്തിച്ചു നില്‍ക്കുന്നു. തന്റെ ചെറിയ ലോകത്തിലേക്ക് വന്നു വീഴുന്ന ആ ഇരുട്ടിലാണ് അവള്‍ ഗിരി ചെയ്ത കുറ്റത്തിന്റെ പത്ര വാര്‍ത്ത വായിക്കുന്നത്.
13 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു ബോധംകെടുത്തി മൃതപ്രായയാക്കി തൊട്ടടുത്ത കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച കുറ്റത്തിനാണ് ഗിരീഷ് അറസ്റ്റ് ചെയ്യപ്പെടുന്നത്.
അത് അവനായിരിക്കില്ല എന്ന വെറും വാചകം ഉരുവിട്ട് സമാധാനിക്കാന്‍ അവള്‍ക്കാവുന്നില്ല. കഥയുടെ തുടക്കത്തില്‍ ഗിരിയെ കോടതി വെറുതെ വിട്ട വാര്‍ത്ത വന്ന് പറയുന്ന അയല്‍വാസിയായ കമറുതാത്തയാണ് അവളുടെ ഏക കൂട്ട്. പരദൂഷണം പറയുന്ന അവരെ ചിത്ര ഒരേപോലെ ചേര്‍ത്തു നിര്‍ത്തുകയും അകറ്റി നിര്‍ത്തുകയും ചെയ്യുന്നു.
ഭര്‍ത്താവ് കുറ്റവാളിയായാലും, നിരപരാധിയയാലും കേസ് നടത്താന്‍ പണം വേണമായിരുന്നു. വല്ലാതെ തനിച്ചായി പോയ അവള്‍ക്ക് ജീവിക്കാനും പണം വേണമായിരുന്നു. കൂട്ടിലെ പോരു കോഴികളിലാണ് അവള്‍ അതിജീവനം കണ്ടെത്തുന്നത്.ഗിരി ചെയ്തപോലെ പോരുകോഴികളെ പരിപാലിച്ച് വില്‍ക്കുക മാത്രമല്ല ,അവയുമായി ആന്ധ്രയോളം അവള്‍ കോഴിപ്പോരിന് പോവുന്നുമുണ്ട്. പെണ്‍നില്‍പ്പിന്റെ ജീവിത തറയെ കഥാകാരിയുടെ വാക്കുകളില്‍ തന്നെ വായിക്കണം .
‘പെണ്ണ് പോരിന് കൊണ്ടുവന്ന കോഴികളെ കാണാന്‍ സാധാരണയിലും കൂടുതല്‍ ആളെത്തി. ആര്‍ത്തുവിളിക്കുന്ന ജനക്കൂട്ടത്തിനിടയില്‍ ചുരിദാറിന്റെ ഷാള്‍ അരയില്‍ ഉറപ്പിച്ചു കെട്ടി, പൊടിപാറുന്ന മൈതാനത്തില്‍ പരസ്പരം ചീറി കൊത്തുകയും മുറിവേല്‍പ്പിക്കുകയും ചെയ്യുന്ന കില്ലാടി കോഴികളെയും പോരടിപ്പിച്ച് ഒരു കൂസലുമില്ലാതെ നില്‍ക്കുമ്പോഴാണ് ഈ ഇരുപത്തിമൂന്നാം വയസില്‍ താന്‍ ജീവിതത്തിന്റെ പാതിയിലുമധികം പിന്നിട്ടു ഒന്നിലും സങ്കോചം തോന്നാത്ത വാര്‍ദ്ധക്യത്തിലെത്തി എന്ന വിചിത്രമായ തോന്നല്‍ അവള്‍ക്കുണ്ടായത്. കഴിഞ്ഞ ഒരു വര്‍ഷം അതിന്റെ കാലടി വെപ്പില്‍ അളന്നെടുത്തത് യൗവനത്തെ മുഴുവനുമായിരുന്നു . '
ഇടയ്ക്ക് പത്ത് ദിവസത്തെ പരോളില്‍ ഗിരി ഇറങ്ങിയെങ്കിലും അവളുടെ അടുത്തേക്ക് വന്നില്ല .ഇപ്പോള്‍ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ട ഗിരി മടങ്ങിവരികയാണ്.
തന്റെ കയ്യിലേക്ക് മുട്ട വിരിഞ്ഞ് വീണ് ഉണ്ടായ തൈമൂറിനെ പോരിനിറക്കാതെ അവള്‍ സൂക്ഷിച്ചത് മനുഷ്യന് ദാഹജലം പോലെ അത്യാവശ്യമായ സ്‌നേഹമെന്ന വാക്കിന്റെ പൊരുളിനു വേണ്ടിയാണ്.
മടങ്ങിവരുന്ന ഗിരീഷിനെ അവതരിപ്പിക്കുന്നിടത്ത് കഥാകാരി പ്രകടിപ്പിക്കുന്ന കൈയടക്കം ഏറ്റവും പ്രസംശനീയമാണ്. അതിഭാവുകത്വത്തിലേക്കോ ,ക്ലീഷേ സിനിമാ രംഗങ്ങളിലേക്കോ പകര്‍ന്നേക്കാവുന്ന മനുഷ്യ ഭാവങ്ങളെ ഈ എഴുത്തുകാരി ആരെയും അതിശയിപ്പിക്കും വിധം ഏറ്റവും മനോഹരമായി എഴുതി ഫലിപ്പിച്ചിരിക്കുന്നു.
അക്കാലമത്രയും അവള്‍ അവനോടു ചോദിക്കാന്‍ കരുതി വെച്ച ചോദ്യമായിരുന്നു.
‘‘നീയാണോ അത് ചെയ്തത്’’ എന്ന് ആണഹന്തയുടെ ആ നീതിയാല്‍ നിര്‍മ്മിതമായ അധികാര ഭാവത്തോടെ അവളുടെ ഉടലിനെ തൊടുന്ന ഗിരിയെ അവള്‍ തടയുന്നുണ്ടെങ്കിലും, കയ്യൂക്കിന്റെ അധികാരഘടന തന്നെ വിജയിക്കുന്നു.
‘അടങ്ങി കിടക്ക്.നീയേ പെണ്ണാ . വെറും പെണ്ണ് അതിതുവരെ മനസ്സിലായില്ലേ? '
എന്ന ഗിരിയുടെ ചോദ്യം ഞാനടക്കമുള്ള ആണ്‍ വര്‍ഗ്ഗത്തിന്റെ എക്കാലത്തെയും ചോദ്യമാണ്. സമൂഹം ഓമനിക്കുന്ന ചോദ്യമാണ് .നമ്മുടെ കിടപ്പറകളില്‍ പോലും മുഴങ്ങുന്ന ചോദ്യമാണ്.
സായ്‌റ എഴുതുന്നു:
‘‘വേദനയുടെ പാരമ്യതയില്‍ അക്കണ്ട കാലമത്രയും കൊണ്ടുനടന്ന ചോദ്യത്തിന് അവള്‍ക്ക് ഉത്തരം കിട്ടി .അപ്പോള്‍ ആദ്യമായി അവള്‍ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴക്കപ്പെട്ട ഒരു കിളുന്തു ശരീരത്തെ പറ്റി ഓര്‍മ്മിച്ചു .ദുര്‍ബലമായ കാലുകള്‍ക്കിടയിലൂടെ ഒഴുകിയ ചോരപ്പാടുകള്‍ സങ്കല്‍പ്പിച്ചു .ഇനിയുള്ള ജീവിതം മുഴുവന്‍ ദുസ്വപ്നങ്ങള്‍ കാണാന്‍ വിധിക്കപ്പെട്ട നിഷ്‌കളങ്കമായ ഒരു മനസ്സിന്റെ നിസ്സഹായതയോര്‍മിച്ചു. ആരും കേട്ടതായി തെളിവുകള്‍ ഇല്ലാതെ പോയ നിര്‍ത്താത്ത ഒരു തേങ്ങല്‍ അവളുടെ ചെവിയില്‍ വന്നലച്ചു. ’’
ഇത്രയും വായിച്ചെത്തിയപ്പോള്‍ എനിക്ക് ചുറ്റും ഉയരുന്ന അലമുറകള്‍ ഞാന്‍ കേട്ടു. സായ്‌റ കൊളുത്തിയ തീപ്പെട്ടിക്കൊള്ളി കാട്ടുതീയായി എനിക്ക് ചുറ്റും പടര്‍ന്നു. ആ തീയില്‍ ഒരു പുരുഷനായി പിറന്നതില്‍ ഞാന്‍ സ്വയം ലജ്ജിച്ചു തലതാഴ്ത്തി .ആണധികാരത്തിന്റെ തീനാളങ്ങള്‍ എരിച്ചു കളഞ്ഞ അനേകം പെണ്‍ ജന്മങ്ങള്‍ എന്റെ ചുറ്റും നിന്ന് അലറി കരയുന്നതായി എനിക്ക് തോന്നി .
വാക്കുകള്‍ കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന പ്രതിഭകള്‍ നമുക്ക് ചുറ്റുമുണ്ട് .ഒരുപക്ഷേ അവര്‍ വേണ്ടപോലെ വായിക്കപ്പെടുന്നില്ലായിരിക്കാം ...പക്ഷേ അവര്‍ ഉണ്ട് .വാക്കുകളില്‍ ജീവവിയര്‍പ്പ് പുരട്ടി അവര്‍ എഴുതുന്നുണ്ട്. സമകാലിക മനുഷ്യാവസ്ഥകളെ ഉള്ള് പൊള്ളിക്കും വിധം സായ്‌റ ഈ കഥയില്‍ ഒതുക്കി വെച്ചിരിക്കുന്നു. ഈ കഥ വായിക്കുന്നവര്‍ സ്വന്തം പരിതസ്ഥിതികളെ കുറിച്ച് പലവട്ടം ചിന്തിക്കാന്‍ നിര്‍ബന്ധിതരാവുന്നു.
കഥ മുഴുവന്‍ ഇവിടെ പകര്‍ത്തി എഴുതുന്നത് ഉചിതമല്ലാത്തതുകൊണ്ട് മാത്രം അത് ചെയ്യുന്നില്ല .കഥ ഒരു പഠന വിഷയമല്ലാത്തതുകൊണ്ട് അതും ചെയ്യുന്നില്ല. ഒരു ചുംബനം പോലെ ആസ്വദിക്കേണ്ട ഒന്നാണ് കഥ എന്ന ധാരണയാണ് ഈയുള്ളവന് ഉള്ളത് .ഈ ചുംബനമേറ്റ് പൊള്ളിയ എന്റെ തലച്ചോറിനെ കുറിച്ച് പറയാനേ എനിക്കറിയൂ ...
തന്നെ ആക്രമിച്ച് കീഴ്‌പ്പെടുത്തി ഒരു പോരുകോഴിയെ പോലെ കിടന്നുറങ്ങുന്ന ഗിരീഷിന്റെ ആ വിയര്‍ത്ത ദേഹത്തിനരികില്‍ കിടന്ന് , മേല്‍ക്കൂരയിലെ ചില്ല് ഓടിലൂടെ ഏറെക്കാലത്തിനുശേഷം ചിത്ര ആകാശം കാണുന്നു. ചന്ദ്രന്റെ ഒരു പൊട്ട് കാണുന്നു. മറ്റൊരു പുലരിയിലേക്ക് തൈമൂറിന്റെ കാതടപ്പിക്കുന്ന കൂവല്‍ കേട്ട് ദേഹം മുഴുവന്‍ വേദനിച്ചുകൊണ്ട് അവള്‍ എഴുന്നേല്‍ക്കുന്നു.
അടുക്കളയില്‍ ചെന്ന് തൈമൂറിനുള്ള തീറ്റ തയ്യാറാക്കി ,കുറച്ച് മുളകുപൊടിയുമായി പേനാക്കത്തിയും ചരടും എടുത്ത് അവള്‍ പുറത്തേക്കിറങ്ങുന്നു. മുന്‍പേ തന്നെ നഖം വെട്ടി ഒരുക്കിയിരുന്ന തൈമൂറിന്റെ കാലുകളില്‍ കത്തി വെച്ച് കെട്ടുന്നു. അവനെ കൂട്ടി നിന്നിറക്കി ഓമനിച്ചു കൊണ്ട് പറയുന്നു. ‘എന്തൊരു ഭാരം ചെക്കന് '
ഇനി കഥാകാരിയുടെ വാക്കുകള്‍ ...
പിന്നെ അവന്റെ തീറ്റയുമെടുത്തു കിടപ്പുമുറിയിലേക്ക് ചെന്നു. തീറ്റ മുഴുവന്‍ ഗിരിയുടെ മേലേക്ക് വലിച്ചെറിഞ്ഞു .ഗിരി ഞെട്ടിപ്പിടഞ്ഞുണര്‍ന്ന് ഒന്നും മനസ്സിലാവാതെ, ഉറക്കം മാറാത്ത കണ്ണുകളോടെ അന്തംവിട്ടു നോക്കുമ്പോള്‍ തൈമൂറിന്റെ പിറകിലെ ചിറകുകള്‍ മാറ്റി അവിടെ മുളകുപൊടി തേച്ചു പിടിപ്പിച്ച് , അവനെ ഗിരിയുടെ നേരെ പറത്തി വിട്ട് അവള്‍ അലറി.
‘തൈമൂ...'
കാലിലെ ആയുധവും വച്ച് തൈമൂര്‍ തന്റെ ജീവിതത്തിലെ കന്നി അങ്കം മനുഷ്യനുമായി നടത്തുമ്പോള്‍ , മനുഷ്യന്റെ കഴുത്തില്‍ നിന്ന് ചീറ്റിയ ചോരയില്‍ തൈമൂറിന്റെ ചിറകും തൂവലുകളും കുതിരുമ്പോള്‍ ചിത്ര കമറുതാത്തയുടെ വീട്ടിലേക്ക് നടന്നു. വാതിലില്‍ മുട്ടി വിളിച്ചു;
‘ഇത്താത്ത നിങ്ങക്ക് പോരു കാണണ്ടേ ? തൈമൂറിന്റെ പോര് ? '
എന്നെഴുതി സായ്‌റ കഥ അവസാനിപ്പിക്കുമ്പോള്‍ ഒരു കഥയ്ക്ക് സാധിക്കാവുന്നതിന്റെ പരമാവധി, എഴുത്തുകാരി സാധിച്ചെടുത്തിരിക്കുന്നു. ചോരയുടെ ചുവപ്പ് നമ്മുടെ മുമ്പില്‍ തെളിയുന്നു.
ഗിരി തിരികെ വന്നാല്‍ അവനോടു തൈമൂറിനെ പോരിന് കൊണ്ടുപോവാന്‍ പറയുമെന്ന് പറഞ്ഞ, കമറുതാത്തയും ചിത്രയും, തൈമൂര്‍ എന്ന പോരുകോഴിയും നമ്മുടെ ഉള്ളില്‍ എക്കാലത്തേക്കുമായി അടയാളപ്പെടുന്നു.
മനുഷ്യരെ ഭ്രാന്തെടുപ്പിച്ച് പരസ്പരം പോരടിക്കാനും, ചുറ്റും കൂടി നിന്ന് അത് കണ്ട് ആര്‍ത്തു വിളിക്കാനും നമ്മള്‍ മനുഷ്യര്‍ തന്നെ ഒരുങ്ങി ഇറങ്ങിയ വര്‍ത്തമാനകാലത്തില്‍ തൈമൂര്‍ എന്ന ഈ കഥയ്ക്ക് പല അര്‍ത്ഥ തലങ്ങളുമുണ്ട് .
ഇനിയുമേറെ നല്ല കഥകള്‍ എഴുതാന്‍ സായ്‌റക്ക് കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട്, ഈ എഴുത്തിന് മുമ്പില്‍ ഏറ്റവും വിനയത്തോടെ, സ്‌നേഹാദരങ്ങളോടെ...
കഥ വായിക്കുക മാത്രമല്ല വിനീത സുമത്തിന്റെ മനോഹരമായ ശബ്ദത്തിന്റെ കയറ്റിറക്കങ്ങളിലൂടെ രണ്ട് വട്ടം ഞാന്‍ തൈമൂര്‍ കേള്‍ക്കുകയും ചെയ്തു എന്ന് പറഞ്ഞാലേ ഈ കുറിപ്പിന് എന്തെങ്കിലും പൂര്‍ണ്ണത വരൂ ...

Truecopy Webzine
Jun 25, 2022
2 minutes read
വിജു വി. നായര്‍
Jun 23, 2022
40 Minutes Read
Truecopy Webzine
Jun 12, 2022
4 Minutes Read
Think
Jun 10, 2022
2 Minutes Read