ഞാനൊരു ‘നയന്റീസ് കിഡ്' ആണ്, ഞാൻ എന്നെ ഒരു പൊളിറ്റിക്കൽ ടെക്‌സ്റ്റ് ആയാണ് കാണുന്നത്

ഞാനൊരു "നെയന്റീസ് കിഡ്' ആണ്. അതുകൊണ്ടുതന്നെ, സിനിമ ഒരു പുതിയ മാധ്യമമാണ് എന്ന തരത്തിലല്ല, വളർന്നുവരുമ്പോൾ ഞാനുമായി ആദ്യമായി സംവദിക്കുന്ന ഒരു മാധ്യമം എന്ന നിലയ്ക്കാണ് സിനിമയുമായി ബന്ധപ്പെടുന്നത്. നാടകമൊക്കെ വിദ്യാഭ്യാസത്തിന്റെ ഭാഗമായിട്ടാണ് എന്നിലേക്ക് കടന്നുവന്നത്. ഒരു കലാവിഷ്‌കാരം എന്ന നിലയ്ക്ക് ആദ്യം പങ്കാളിയാകാൻ കഴിഞ്ഞത് സ്‌കൂളിലും മറ്റുമുണ്ടായിരുന്ന അമച്വർ നാടകങ്ങളിലാണെന്നുമാത്രം. സംഗീതം അടക്കമുള്ള മാധ്യമങ്ങൾ ഞാൻ സിനിമയിലൂടെയാണ് അനുഭവിക്കുന്നത്.

സിനിമയുടെ സാമൂഹികദൗത്യത്തെക്കുറിച്ച് പറയുക എന്നത് കൺഫ്യൂസിങ്ങായ ഒരു കാര്യമാണ്. സിനിമക്ക്, അതായത്, ഒരു കലാരൂപത്തിനുമാത്രമായി സാമൂഹികദൗത്യമുണ്ടോ? വ്യക്തിപരമായി, സ്പിരിച്വലായി, അതായത്, പ്രപഞ്ചത്തെക്കുറിച്ചുള്ള എന്റെ അണ്ടർസ്റ്റാൻഡിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഞാൻ ഇക്കാര്യത്തെ കാണുന്നത്. സഹമനുഷ്യരോടും ഇതര സൃഷ്ടിജാലങ്ങളോടും ഒരു മനുഷ്യജീവി എന്ന നിലക്ക് എനിക്ക് ഉത്തരവാദിത്തമുണ്ട്, അതായത്, എല്ലാവരുടെയും അവകാശത്തെയും അഭിമാനത്തെയും തുല്യമായി മാനിക്കുക തുടങ്ങിയ കാര്യങ്ങൾ. ഏത് ആവിഷ്‌കാരങ്ങളിൽ ഏർപ്പെടുന്നവർക്കും- സൗന്ദര്യാത്മകമായതും അല്ലാത്തതും- ഈ ബാധ്യതയുണ്ട്. കുറച്ചുകൂടി മൂർത്തമായും പ്രായോഗികമായും ഈ ഉത്തരവാദിത്തത്തെ ഇങ്ങനെ വിശദീകരിക്കാം: നിലവിലെ സാഹചര്യത്തിൽ വെറുപ്പ് ഉൽപ്പാദിപ്പിക്കാൻ ഈ മാധ്യമങ്ങളെ നന്നായി ഉപയോഗപ്പെടുത്തുന്ന സാഹചര്യത്തിൽ, വെറുപ്പിനെതിരെയുള്ള കൂടുതൽ ആഖ്യാനങ്ങൾ ഉൽപാദിപ്പിക്കാനുള്ള ശ്രമം സജീവമാക്കുക എന്നത് ഒരു രാഷ്ട്രീയദൗത്യമായി ഞാൻ മനസ്സിലാക്കുന്നു. പരസ്പരം വെറുക്കാൻ ആഹ്വാനം ചെയ്യുന്ന ആഖ്യാനങ്ങൾ കൂടുതലുള്ള സമയത്ത്, അപരവൽക്കരണത്തിനെതിരെ നിൽക്കുന്ന ആഖ്യാനങ്ങൾ കൂടുതൽ സജീവമായി ഉൽപാദിപ്പിക്കപ്പെടേണ്ടതുണ്ട് എന്ന വിശ്വാസം ഞാൻ പുലർത്തുന്നു.

പാർശ്വവൽകൃതരുടെയും വ്യവസ്ഥാപിതമായി അപരവൽക്കരിക്കപ്പെട്ടിരുന്നവരുടെയും ആഖ്യാനങ്ങൾ ശക്തമായ രീതിയിൽ ഉൽപാദിപ്പിക്കാൻ കഴിയുന്ന ഒരു കാലഘട്ടമായി ഇക്കാലം മാറിയിട്ടുണ്ട്. അത് മലയാളസിനിമയിലും പ്രതിഫലിക്കുന്നു. വിമർശനമടക്കം, സിനിമയോടുള്ള ഫീഡ്ബാക്കിലും ഈ റവല്യൂഷൻ സ്വാധീനം ചെലുത്തുന്നു. സിനിമ ഉൽപാദിപ്പിക്കുക എന്നതുപോലെ തന്നെ, ചലച്ചിത്രങ്ങളുമായി ബന്ധപ്പെട്ട വിമർശന പഠനങ്ങൾക്കും സാംസ്‌കാരിക പഠനങ്ങൾക്കുള്ള സാധ്യതകൾ കൂടുതൽ വിപുലമായിട്ടുണ്ട്. പുതിയൊരു പൊതുമണ്ഡലം രൂപീകരിക്കാനുള്ള കലക്ടീവ് പരിശ്രമം കാണാനാകുന്നു, ഒരുപക്ഷെ, എല്ലാവരും അത് തിരിച്ചറിയുന്നില്ലെങ്കിൽ പോലും. പരസ്പരം ശത്രുവാക്കിക്കൊണ്ടും, നിരന്തര സംവാദത്തിലേർപ്പെട്ടും ഒരു പുതിയ പൊതുമണ്ഡലം രൂപപ്പെട്ടുവരുന്നതിന് നമുക്ക് സാക്ഷ്യം വഹിക്കാൻ കഴിയുന്നുണ്ട്.

രാഷ്ട്രീയം എന്നത് നീതിയെ സംബന്ധിച്ച സംവാദങ്ങളാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതായത്, നീതിയെക്കുറിച്ചുള്ള ഏത് ആഖ്യാനവും രാഷ്ട്രീയ ആഖ്യാനമാകുന്നു. നീതിയെക്കുറിച്ച് ചോദ്യമുന്നയിക്കപ്പെടുന്ന എന്തും ഒരു രാഷ്ട്രീയ ആഖ്യാനമാണ്. അതിൽനിന്ന് ഒരാഖ്യാനവും മുക്തമല്ല എന്നാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. അതുകൊണ്ട്, ഒരാളുടെ നീതിബോധം അയാളുടെ ആവിഷ്‌കാരങ്ങളിൽ പ്രതിഫലിക്കും. ഏന്ത് തമാശക്ക് ചിരിക്കണം, ഏത് തമാശക്ക് വേദനിക്കണം എന്നത് തങ്ങളുടെ നീതിബോധത്തിനനുസരിച്ചായിരിക്കും. ഇതൊരു ശരിയുടെ പ്രശ്നമല്ല, ലേണിങ്ങിന്റെയും അൺലേണിങ്ങിന്റെയും കാര്യമായിട്ടാണ് തോന്നുന്നത്. നമ്മളെല്ലാം ജനിച്ചുവീഴുന്നത് ഒരു കണ്ടീഷനിങ്ങിലേക്കാണല്ലോ. അതിൽനിന്ന് സ്വയം വിമോചിപ്പിക്കുക എന്നതാണല്ലോ നമ്മുടെ ജീവിതത്തിന്റെ ഒരു ലക്ഷ്യം. അത് നിരന്തരമായ ആവിഷ്‌കാരങ്ങളിലൂടെയും ആത്മവിമർശനങ്ങളിലൂടെയും മാത്രമേ സാധ്യമാകൂ. അതിലേക്കുള്ള യാത്രയിലാണ് എല്ലാ കലാകാരരും. അതിനുള്ള ഒരു വിദ്യാർഥിമനസ്സ് സൂക്ഷിക്കാനുള്ള വിനയമുണ്ടാകുക എന്നത് ഉറപ്പുവരുത്താൻ മാത്രമേ നമുക്ക് കഴിയൂ. അല്ലാതെ, പൂർണമായും എല്ലായ്പ്പോഴും ശരിയായിരിക്കാൻ, പ്രവാചകന്മാരെപ്പോലെ ശരിയായിരിക്കാൻ, നമുക്ക് സാധിക്കില്ല എന്നൊരു യാഥാർഥ്യവുമുണ്ട്.
ട്രോകോപ്പി വെബ്സീനിൽ വന്ന അഭിമുഖത്തിൽ നിന്ന്

ഞാൻ എന്നെ കാണുന്നത് പൊളിറ്റിക്കൽ ടെക്‌സ്റ്റ് ആയി, പൊളിറ്റിക്കൽ വോയ്‌സ് ആയല്ല | മുഹ്​സിൻ പരാരി


മുഹ്‌സിൻ പരാരി

തിരക്കഥാകൃത്ത്, ഗാനരചയിതാവ്, സംവിധായകൻ. KL10 പത്ത്​ എന്ന സിനിമ സംവിധാനം ചെയ്​തു. സുഡാനി ഫ്രം നൈജീരിയ, വൈറസ്, ഹലാൽ ലൗ സ്റ്റോറി, തല്ലുമാല എന്നി സിനിമകളുടെ സഹതിരക്കഥാകൃത്ത്​.

Comments