അംഗീകരിക്കപ്പെട്ടു കഴിഞ്ഞാല്‍
അവിചാരിതം എന്നതൊരു
അലങ്കാര പദം മാത്രമാണ്
അംഗീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ അവിചാരിതം എന്നതൊരു അലങ്കാര പദം മാത്രമാണ്
ഈ വര്‍ഷം സാഹിത്യ നോബേല്‍ ഒരു ആഫ്രിക്കന്‍ എഴുത്തുകാരനായിരിക്കുമെന്ന് തുടക്കം മുതല്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഗുര്‍ണയുടെ പേര് എവിടേയും കാര്യമായി കേട്ടിരുന്നില്ല. ഗുര്‍ണയുടെ ഒരു കഥാപാത്രം അവിചാരിതയെക്കുറിച്ച് ഇങ്ങനെ പറയുന്നു: അംഗീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ അവിചാരിതം എന്നതൊരു അലങ്കാര പദം മാത്രമാണ്.
7 Oct 2021, 06:57 PM
അബ്ദുറസാഖ് ഗുര്‍ണയുടെ "ആഫ്റ്റര്‍ ലൈവ്‌സ്' എന്ന നോവല്‍ സാന്‍സിബാറില്‍ "ബ്ലേഡ് കമ്പനി' നടത്തുന്ന രണ്ട് ഗുജറാത്തി സഹോദരന്‍മാരെക്കുറിച്ച് പറഞ്ഞാണ് തുടങ്ങുന്നത്. ഈ വര്‍ഷത്തെ സാഹിത്യ നോബല്‍ സമ്മാന ജേതാവിന്റെ നോവലില്‍ ഇന്ത്യയുടെ കടന്നു വരവ് ഈ കഥാപാത്രങ്ങളിലൂടെയാണ്. നോവലിലെ ഖാലിഫ അമുര്‍ ബിയാസ്ഹാരയെ കണ്ടുമുട്ടുമ്പോഴാണ് ഈ പരാമര്‍ശം. ബിയാസ്ഹാര ഗുജറാത്തി സഹോദരന്‍മാരുടെ സ്വകാര്യ പണം കടം കൊടുപ്പ് സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.
ആഫ്രിക്കയിലെ നിരവധി രാജ്യങ്ങളില്‍ ടാന്‍സാനിയയും ഉഗാണ്ടയുമുള്‍പ്പെടെ, ഒരു കാലത്ത് ചെറുകിട കച്ചവടക്കാര്‍ക്കും ഇട നില ദല്ലാളുമാര്‍ക്കും പലിശക്ക് പണം കടം കൊടുക്കുന്ന നിരവധി ഗുജറാത്തി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. (മഹാത്മാഗാന്ധിയുടെ അഫ്രിക്കന്‍ ജീവിത കാലത്തെ ഓര്‍മ്മകളിലും എസ്.കെ.പൊറ്റെക്കാട്ടിന്റെ ആഫ്രിക്കന്‍ യാത്രാവിവരണളിലും ഇങ്ങിനെയുള്ള ഗുജറാത്തികള്‍ കടന്നു വരുന്നത് കാണാം). 1948ല്‍ ടാന്‍സാനിയയിലെ സാന്‍സിബാറില്‍ ജനിച്ച ഗുര്‍ണ തന്നെ പിന്നീടിത് നേരിട്ടു കാണുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ആഖ്യാന ലോകത്ത് ഈ ഗുജറാത്തി കടം കൊടുപ്പുകാര്‍ ആഖ്യാനത്തിന്റെ ചെറിയ അംശമായി മാത്രമേ വരുന്നുള്ളൂ. അദ്ദേഹം ആഫ്രിക്കയെ വലയം ചെയ്ത കൊളോണിയലിസത്തിന്റെ നിരവധി അടരുകളെയാണ് തന്റെ രചനകളിലൂടെ നിരന്തരമായി പരിശോധിക്കുന്നത്. സാന്‍സിബാറിലെ ഒരു ചെറുദ്വീപില്‍ ജനിച്ച് വിദ്യാഭ്യാസത്തിന്റേയും ജോലിയുടേയും ഭാഗമായി യു.കെയില്‍ പ്രവാസ ജീവിതം നയിക്കുന്ന ടാന്‍സാനിയന്‍ എഴുത്തുകാരനാണ് ഗുര്‍ണ. എല്ലാ പ്രവാസി എഴുത്തുകാരേയും പോലെ നാടുവിട്ടു പോയപ്പോള്‍ ഗുര്‍ണയും ഏറ്റവും കൂടുതലായി ആലോചിച്ചതും കണ്ടെത്താന്‍ ശ്രമിച്ചതും തന്റെ നാടിന്റെ ചരിത്രവും സംസ്‌ക്കാരവുമായിരുന്നു. ആ അന്വേഷണം അദ്ദേഹത്തെ എല്ലായ്പ്പോഴുമെത്തിച്ചത് ആഫ്രിക്കയെ വരിഞ്ഞുമുറുക്കിയ കൊളോണിയല്‍ ശക്തികളെക്കുറിച്ചുള്ള ആഖ്യാനങ്ങളിലാണ്.
1994ല്‍ ബുക്കര്‍ സമ്മാനത്തിന് പരിഗണിക്കപ്പെട്ട അദ്ദേഹത്തിന്റെ "പാരഡൈസ്' എന്ന നോവലിലും ഏറ്റവു പുതിയ നോവലായ "ആഫ്റ്റര്‍ ലൈവ്സി'ലും പിതാവ് വാങ്ങിയ കടം വീട്ടാന്‍ ജോലി ചെയ്യുന്ന മകനെ കാണാം. ആദ്യ നോവലില്‍ അത് യൂസുഫാണെങ്കില്‍ പുതിയതില്‍ ഹംസയാണ് കഥാപാത്രം. വായ്പ വാങ്ങുന്ന മനുഷ്യരിലേക്ക് സാന്‍സിബാറിലും ടാന്‍സാനിയയിലും ആഫ്രിക്കയുടെ വിവിധ പ്രദേശങ്ങളിലും സജീവമായിരുന്ന അടിമത്തത്തിന്റെ അംശങ്ങള്‍, ഇന്നും, ഈ ആധുനിക കാലത്തും എങ്ങിനെ വരുന്നുവെന്നതിനെക്കുറിച്ച് ഗുര്‍ണ തന്റെ ആഖ്യാനങ്ങളില്‍ സൂക്ഷ്മമായ ആഖ്യാനം നടത്തുന്നു. ആ സൂക്ഷ്മതക്കാണ് ഈ നോബല്‍ സമ്മാനം എന്നതില്‍ സംശയമില്ല.
ആഫ്റ്റര്‍ ലൈവ്‌സ് ഒന്നാം ലോക മഹായുദ്ധകാലത്ത് കിഴക്കനാഫ്രിക്കന്‍ തീരത്തെ മനുഷ്യ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതാണ്. കൊളോണിയല്‍ ശക്തികളിലൊന്ന് അധികാരത്തില്‍ തിരിച്ചെത്തിയ രാജ്യത്തെ സൈനികരിലൊരാളും പുതിയൊരു ജോലി തന്നെ അടിമുടി പരിഷ്‌ക്കരിക്കുകയും മാറ്റിമറിക്കുകയും ചെയ്യുമെന്ന് കരുതുന്ന മറ്റൊരാളും- ഇവരുടെ ജീവിതങ്ങളിലെ സമാന്തരതകളിലൂടെ വായനക്കാര്‍ക്കു മുന്നില്‍ ആഫ്രിക്കന്‍ കോളോണിയല്‍ ചരിത്രം തന്നെ വെളിപ്പെടുന്നതാണ് കാണാന്‍ കഴിയുക. ചരിത്ര സത്യങ്ങളെ കഥാപാത്രത്തിന്റെ അനുഭവങ്ങളാക്കി (വ്യക്തി അനുഭവങ്ങള്‍) അവതരിപ്പിക്കുകയാണ് ഒരു നോവലിസ്റ്റ് എന്ന നിലക്ക് ഗുര്‍ണ ചെയ്യുന്നത്. വ്യക്തി അനുഭവം സാമൂഹികാനുഭവമാകുന്നതും തിരിച്ചും എങ്ങിനെയാണെന്നറിയാന്‍ സമകാലിക സാഹിത്യത്തിലെ ഏറ്റവും വലിയ മാതൃകകളിലൊന്ന് ഗുര്‍ണയാണെന്ന് നിസ്സംശയം പറയാം. സാന്‍സിബാറില്‍ അറബികളുള്‍പ്പെടയുള്ളവര്‍ നടത്തിപ്പോന്ന അടിമക്കച്ചവടം മുതല്‍ വിവിധ തരത്തിലുള്ള കൊളോണിയല്‍ ശക്തികളുടെ ആസുരത വരെയുള്ള സന്ദര്‍ഭങ്ങള്‍ അദ്ദേഹം തന്റെ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്നു.
1960ല്‍ സാന്‍സിബാറില്‍ നിലവില്‍ വന്ന ഏകാധിപത്യ സര്‍ക്കാര്‍ നീണ്ട കാലം ആ രാജ്യത്തെ സ്വതന്ത്ര ചിന്തകന്‍മാരേയും എഴുത്തുകാരേയും കശക്കിക്കളഞ്ഞു. 1968ല്‍ ഗുര്‍ണ സ്വരാജ്യം വിട്ട് ബ്രിട്ടനില്‍ വിദ്യാര്‍ഥിയായി. പിന്നീട് കെന്റ് യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് സാഹിത്യ അധ്യാപകനായി.
ആഫ്രിക്കന്‍ രാജ്യങ്ങളിലെ എഴുത്തുകാര്‍ എങ്ങിനെ പോസ്റ്റ് കൊളോണിയല്‍ എഴുത്തിന്റേയും അതു വഴി ചരിത്ര നിര്‍മ്മിതിയുടേയും ഭാഗമായി മാറുന്നുവെന്ന് തന്റെ അക്കാദമിക പഠനങ്ങളില്‍ നിരന്തരമായി അന്വേഷിക്കുന്നുമുണ്ട് ഗുര്‍ണ. കെനിയന്‍ എഴുത്തുകാരന്‍ ഗുഗി വാ തിയോങ്ങോയുടെ രചനകളെക്കുറിച്ചെഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ പ്രബന്ധം പോസ്റ്റ് കൊളോണിയല്‍ പഠനങ്ങള്‍ക്ക് ഏറ്റവും മികച്ച ഉദാഹരണമായി അക്കാദമിക ലോകം ഉയര്‍ത്തിക്കാട്ടുന്നു. അച്ചാബെ, സോയിങ്ക, ഗുഗി എന്നിവരുടെ ആദ്യകാല രചനകളില്‍ ആഫ്രിക്കക്കാര്‍ അനുഭവിച്ച വംശീയത, കൊളോണിയല്‍ പീഡ എന്നിവയെക്കുറിച്ച് വേണ്ട വിധത്തില്‍ പറയാന്‍ മടിച്ചെന്നും ഡീ കൊളനൈസേഷന്റെ ആദ്യ കാലത്തുള്ള ഇവരുടെ എഴുത്തുകളില്‍ നിന്നും അത് മറച്ചുവെക്കപ്പെട്ടത് വരുന്ന കാലത്തെക്കുറിച്ചുള്ള ശുഭപ്രതീക്ഷയാല്‍ ആയിരുന്നുവെന്നും ഗുര്‍ണ പറഞ്ഞു. എന്നാല്‍ തങ്ങളുടെ പ്രതീക്ഷ തെറ്റിപ്പോയെന്ന് പില്‍ക്കാലം ഈ എഴുത്തുകാരേയും പഠിപ്പിച്ചുവെന്നും അതിന്റെ മാറ്റം അവരുടെ തുടര്‍ന്നുള്ള രചനകളില്‍ പ്രത്യക്ഷപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു. (സപ്തംബര്‍ 28ന് പ്രസിദ്ധീകരിക്കപ്പെട്ട സോയിങ്കയുടെ പുതിയ നോവല്‍ - 48 വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് അദ്ദേഹം നോവല്‍ എഴുതുന്നത്- chronicles from the land of the happiest people on earth ആഫ്രിക്കയെ വരിഞ്ഞു മുറുക്കിയ അഴിമതിയെക്കുറിച്ചാണ്. ആഫ്രിക്കയുടെ ഗള്‍ഫ് ബന്ധത്തെ വിമര്‍ശനാത്മകമായി ഈ നോവല്‍ കാണുന്നു. ഒപ്പം അഴിമതി ഒരു കോളോണിയല്‍ അവശിഷ്ടമാണെന്നും സ്ഥാപിക്കുന്നു).

വംശീയവും കോളനിവല്‍ക്കൃതവുമായ മുറിവുകള്‍ എളുപ്പത്തില്‍ ഉണങ്ങുന്നതല്ലെന്ന ഗുര്‍ണയുടെ നിലപാട് അദ്ദേഹത്തിന്റെ നോവലുകളിലും മറ്റു രചനകളിലും വ്യത്യസ്തമായ തലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് കാണാം. ഒരു നോവല്‍ തൊട്ടടുത്ത നോവലുമായി പുലര്‍ത്തുന്ന സാമ്യമല്ല വിഭിന്നതയാണ് അതിന്റെ ആയുസ്സ് നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനമെന്നും നിരൂപകന്‍മാര്‍, പ്രത്യേകിച്ചും താരതമ്യ സാഹിത്യ പഠിതാക്കള്‍ സാമ്യങ്ങള്‍ തേടി നടക്കുന്നവരാണെന്നും ഗുര്‍ണ വിമര്‍ശിച്ചിട്ടുണ്ട്. പരുപരുത്ത യാഥാര്‍ഥ്യങ്ങളെ മനസ്സിലാക്കുന്നതില്‍ നിന്നും നമ്മെ അകറ്റുന്ന സങ്കീര്‍ണ്ണതകളെ കീഴ്പ്പെടുത്തുകയാണ് യഥാര്‍ഥ എഴുത്തുകാരന്റെ ജോലിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഗുര്‍ണയുടെ രചനാലോകത്തിലൂടെ കടന്നു പോകുമ്പോള്‍ അദ്ദേഹം വായനക്കാര്‍ക്കു വേണ്ടി കീഴ്‌പ്പെടുത്തിയ നിരവധിയായ സങ്കീര്‍ണ്ണതകളെ മുഖാമുഖം കാണാം. എഴുത്തിലെ ഈ മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ ഷിപ്പ് തീര്‍ച്ചയായും അദ്ദേഹത്തെ നോബല്‍ സമ്മാനത്തിലേക്കടുപ്പിച്ചു.
1873വരെ സാന്‍സിബാറിലെ സ്റ്റോണ്‍ ടൗണ്‍ അടിമക്കച്ചവടത്തിന്റെ കേന്ദ്രമായിരുന്നു. പ്രധാനമായും ഒമാനില്‍ നിന്നുള്ള അറബികളാണ് ഇവിടെ നിന്നും അടിമകളെ വാങ്ങിക്കൊണ്ടു പോയിരുന്നത്. അധികം അകലെയല്ലാതെ വര്‍ണവിവേചനത്തിന്റെ ഭാഗമായി ആയിരക്കണക്കിനാളുകളെ പീഡിപ്പിച്ചിരുന്ന ജയിലുമുണ്ട്. ഗുര്‍ണയുടെ നോവലുകളില്‍ ഈ അനുഭവങ്ങള്‍ കടന്നു വരുന്നത് പലപ്പോഴും നിശ്ശബ്ദമായാണ്. എന്നാല്‍ അവ പൊട്ടിത്തെറിക്കുന്ന മുഹൂര്‍ത്തങ്ങളില്‍ ആ ഭീകര ആസുരതകളെ കുടഞ്ഞു കളയാന്‍ താനും പ്രാപ്തി നേടുന്നുവെന്ന് വായനക്കാര്‍ക്ക് തോന്നും. അതാണ് ഈ എഴുത്തുകാരന്റെ പ്രതിഭ. അത് ഉറപ്പു നല്‍കുന്നു അബ്ദുറസാഖ് ഗുര്‍ണ.
അഭയാര്‍ഥികളും അടിമകളും കൊളോണിയല്‍ പീഡകളും ഈ രചനകളിലൂടെ വായനക്കാര്‍ തന്റെ സ്വന്തം അനുഭവം പോലെ അടുത്തറിയുന്നു. അങ്ങിനെ അടുത്തറിയിക്കാന്‍ ഈ മഹാനായ എഴുത്തുകാരന് സാധിക്കുന്നു.
നോബല്‍ സമ്മാന സമിതി പറഞ്ഞു അവാര്‍ഡ് പ്രഖ്യാപിച്ചു കൊണ്ട് അദ്ദേഹത്തിന്റെ രചനകളെ ഇങ്ങിനെ വിലയിരുത്തി. "for his uncompromising and compassionate penetration of the effects of colonialism and the fate of the refugee in the gulf between cultures and continents.' ഈ വര്‍ഷം സാഹിത്യ നോബേല്‍ ഒരു ആഫ്രിക്കന്‍ എഴുത്തുകാരനായിരിക്കുമെന്ന് തുടക്കം മുതല്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. സൊമാലിയന്‍ എഴുത്തുകാരന്‍ നൂറുദ്ദീന്‍ ഫറയുടെ പേരാണ് അഭ്യൂഹങ്ങളില്‍ ഏറ്റവും ഉയര്‍ന്നു കേട്ടത്. ഗുര്‍ണയുടെ പേര് എവിടേയും കാര്യമായി കേട്ടിരുന്നില്ല. ഗുര്‍ണയുടെ ഒരു കഥാപാത്രം അവിചാരിതയെക്കുറിച്ച് ഇങ്ങിനെ പറയുന്നു: അംഗീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ അവിചാരിതം എന്നതൊരു അലങ്കാര പദം മാത്രമാണ്.
എഴുത്തുകാരന്, ജേണലിസ്റ്റ്
ഇ.എ. സലീം
Jan 12, 2023
9 Minutes Watch
ടി.ഡി രാമകൃഷ്ണന്‍
Jan 07, 2023
27 Minutes Watch
എം. ജയരാജ്
Jan 06, 2023
12 Minutes Read
മധുപാൽ
Jan 05, 2023
5 Minutes Read
സതീശ് ഓവ്വാട്ട്
9 Oct 2021, 11:10 AM
അഭിനന്ദനങ്ങൾ.. ഗുർണയെ പറ്റി കൂടുതൽ അറിയാൻ കാത്തിരിക്കുകയായിരുന്നു ... അദ്ദേഹത്തിലേക്ക് പ്രവേശിക്കാനുള്ള ഒരു ജാലകമായി തീരുന്നു ഈ കുറിപ്പ്.. ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ..