ഇന്ത്യന്‍ നാടകങ്ങളുടെ വ്യാകരണം തിരുത്തിക്കുറിച്ച മഹാപ്രതിഭയാണ് അറബ് വംശജന്‍ കൂടിയായ ഇബ്രാഹിം അല്‍ഖാസി. സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് കലയും സംസ്‌കാരവുമായി കുടിയേറിയ കുടുംബത്തിന്റെ അത്യുദാത്തമാതൃക. ഇബ്രാഹിം അല്‍ഖാസിമി തുടക്കമിട്ട ഡല്‍ഹിയിലെ നാടകപഠനകേന്ദ്രമാണ് പിന്നീട് പ്രശസ്തമായ നാഷനല്‍ ഡ്രാമാ കോളജും സ്‌കൂള്‍ ഓഫ് ഡ്രാമയുമായി മാറി. ഇന്ത്യന്‍ നാടകരംഗത്തിന് ഇബ്രാഹിം അല്‍ഖാസി നല്‍കിയ സംഭാവനകള്‍ ഓര്‍ക്കുകയാണ് ലേഖകൻ
9 Aug 2020, 11:45 AM
ആധുനിക ഹിന്ദി നാടകവേദിയുടെ സാമ്പ്രദായിക സങ്കല്പനങ്ങളെ അടിമുടി പൊളിച്ചെഴുതിയ തികവാര്‍ന്ന അഭിനയശില്പമായാണ് മോഹന്‍ രാകേഷ് എഴുതിയ (1958) ആഷാഢത്തിലെ ഒരു ദിവസം ഗണിക്കപ്പെട്ടുപോരുന്നത്. മഹാകവി കാളിദാസന്റെ ജീവിതം ആധാരമാക്കി രചിച്ച ഈ നാടകം സംവിധാനം ചെയ്ത, അറബ് വംശജനും ഇത:പര്യന്തമുള്ള ഇന്ത്യന്‍ നാടകങ്ങളുടെ വ്യാകരണം തിരുത്തിക്കുറിച്ച മഹാപ്രതിഭയുമായ ഇബ്രാഹിം അല്‍ഖാസി, ഇക്കഴിഞ്ഞ ആഗസ്ത് നാലിന് വൈകിട്ട് ഇഹലോകം വെടിഞ്ഞു. അവസാനനാളുകളിലും പുതിയ തിയേറ്റര്‍ സ്വപ്നങ്ങളുമായി ന്യൂഡല്‍ഹി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ നടുമുറ്റത്ത് ഓടിക്കളിച്ച, തൊണ്ണൂറ്റഞ്ചുകാരന്‍ ഏതാനും ദിവസമായി രോഗബാധിതനായിരുന്നു. കോവിഡ് കാലത്ത്, അല്‍ഖാസി ജീവിതത്തിന്റെ അരങ്ങൊഴിയുമ്പോള്‍ ആ പൈതൃകമുയര്‍ത്തിപ്പിടിക്കാന്‍ പത്‌നി റോഷനും മക്കളായ അമല്‍ അല്ലാനയും ഫൈസല്‍ ഖാസിയും ഇന്ത്യന്‍ നാടകരംഗത്ത് സജീവമായുണ്ട്.

ആഷാഢത്തില്‍ ഒരു ദിവസത്തിനു ശേഷം ( 1971ല്‍ മണികൗള്‍ ഇത് സിനിമയാക്കി), തുഗ്ലക്, അന്ധാ യുഗ് എന്നിവയുള്‍പ്പെടെ അമ്പതോളം നാടകങ്ങള്‍ ഇബ്രാഹിം അല്‍ഖാസി സംവിധാനം ചെയ്തു. നിരവധി ഗ്രീക്ക് നാടകങ്ങളും അദ്ദേഹത്തിന്റെ ക്രെഡിറ്റിലുണ്ട്, രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ച അല്‍ഖാസി മുന്‍കൈയെടുത്ത് സ്ഥാപിച്ചതാണ് ഡല്‍ഹി ആര്‍ട്ട് ഹെറിറ്റേജ് വില്ലേജ്.
അഞ്ചു വര്‍ഷം മുമ്പൊരു ഫെബ്രുവരിയിലാണ് ലോകപ്രശസ്ത നാടക പ്രവര്‍ത്തകന്‍ ഇന്ത്യയുടെ സ്വന്തം ഇബ്രാഹിം അല്‍ഖാസി, ജന്മദേശമായ സൗദിയുടെ മധ്യപ്രവിശ്യയിലെ ഉനൈസയിലെത്തിയത്. രണ്ടാമത് സൗദി ആര്‍ട്ട് ഫെസ്റ്റിവല്‍ ദമാമില്‍ കൊടിയേറുന്നുണ്ടായിരുന്നു. ആ ചടങ്ങിലെ മുഖ്യാതിഥിയായി പൂനെയില്‍ നിന്നെത്തിയ ആ വലിയ കലാകാരന് കുടുംബവേരുകള്‍ ആഴത്തില്‍ പതിഞ്ഞ സൗദി അറേബ്യന്‍ ഗ്രാമത്തില്‍ ബാപ്പയുടെ ബന്ധത്തില്‍ അവശേഷിക്കുന്ന ചിലരെ കാണുകയെന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു, ഈ ക്ഷണം സ്വീകരിക്കുമ്പോള്‍. അന്ന് പ്രായം തൊണ്ണൂറ് പിന്നിട്ടിരുന്നു. എന്നിട്ടും ഈന്തപ്പനകള്‍ കുലച്ചു നില്‍ക്കുന്ന അല്‍ഖസീമിലെ ഉനൈസയിലെ തോട്ടങ്ങളിലൂടെ, ഒരു കലാകാരന്റെ ഗൃഹാതുരമനസ്സോടെ അലഞ്ഞു. കുട്ടിക്കാലം ചെലവിട്ട മരുഭൂമിയിലൂടെ നടക്കവെ അദ്ദേഹം അറബ്ഗാനങ്ങള്‍ ആലപിച്ചു. സൗദി മാധ്യമങ്ങള്‍ അത് വലിയ വാര്‍ത്തയാക്കി. പുതുതലമുറയിലെ സൗദി സിനിമാ-നാടക പ്രവര്‍ത്തകരില്‍ വലിയ ആവേശമാണ് ഇബ്രാഹിം അല്‍ഖാസിയുടെ സാന്നിധ്യവും അഭിനയപാഠങ്ങളും അന്ന് സൃഷ്ടിച്ചത്. ഫെസ്റ്റിവല്‍ ഡയറക്ടര്‍ അഹമ്മദ് അല്‍ മുല്ല പറഞ്ഞു: സൗദി കലയേയും സംസ്‌കാരത്തേയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് പറിച്ചു നട്ട ഈ നാടിന്റെ പുത്രനായ മഹാപ്രതിഭയെ ആദരിക്കാന്‍ ഞങ്ങള്‍ക്കേറെ സന്തോഷമുണ്ട്. (ഇബ്രാഹിം അല്‍ഖാസിയുടെ സംഭാവനകളെക്കുറിച്ചുള്ള ഡോക്യുമെന്ററിയും അന്ന് ദമാം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു).

പില്‍ക്കാലത്ത് സൗദിയില്‍ ഏറെ പ്രശസ്തമായ തേയില, തുണിത്തരങ്ങള്‍ എന്നിവയുടെ ഇറക്കുമതിക്കാരായ ബസാം ഗ്രൂപ്പിന്റെ മേധാവിയായിരുന്നു ഇബ്രാഹിമിന്റെ പിതാവ്. ഉമ്മ കുവൈത്തിയായിരുന്നു. വ്യാപാരത്തില്‍ ബാപ്പയെ സഹായിക്കാന്‍ മുംബൈയിലെത്തിയ ഇബ്രാഹിമിനെ ഹിന്ദി സിനിമയും നാടകങ്ങളുമാണ് ഏറെ സ്വാധീനിച്ചത്. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളോടൊപ്പം ഗ്രീക്ക് ഭാഷയും പഠിച്ചു.
പ്രധാനമന്ത്രി നെഹ്‌റുവുമായി നടത്തിയ അപൂര്‍വമായ കൂടിക്കാഴ്ചയാണ് അദ്ദേഹത്തെ ഇന്ത്യന്‍ പൗരത്വം നേടി, ഇന്ത്യയുടെ വലിയ കലാപ്രതിഭയായി വളരാന്‍ നിമിത്തമാക്കിയ സംഭവം
ഇന്ത്യന്‍ തിയേറ്റര്‍ സങ്കല്‍പങ്ങളില്‍ പൊളിച്ചെഴുത്ത് നടത്താനും ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്ന ആശയം ആദ്യമായി ഇന്ത്യന്‍ നാടകലോകത്തിന് പരിചയപ്പെടുത്താനും ഇബ്രാഹിം അല്‍ഖാസിയും സുഹൃത്തുക്കളും പരിശ്രമം നടത്തി. ഇതിനിടെ ലണ്ടനിലെത്തിയ ഇബ്രാഹിം, പ്രധാനമന്ത്രി നെഹ്‌റുവുമായി നടത്തിയ അപൂര്‍വമായ കൂടിക്കാഴ്ചയാണ് അദ്ദേഹത്തെ ഇന്ത്യന്‍ പൗരത്വം നേടി, ഇന്ത്യയുടെ വലിയ കലാപ്രതിഭയായി വളരാന്‍ നിമിത്തമാക്കിയ സംഭവം. ഇത് ഇബ്രാഹിം അല്‍ഖാസിയും എഴുതിയിട്ടുണ്ട്. നെഹ്‌റുവിന്റെ കൂടി നിര്‍ദേശമായിരുന്നു ഡല്‍ഹി കേന്ദ്രമായി ഒരു തിയേറ്റര്‍ ലൈബ്രറിയും നാടകപഠനകേന്ദ്രവും തുടങ്ങുകയെന്നത്. ഇതിനായി കച്ചവടത്തിന്റെ മേഖലയില്‍ നിന്ന് വഴുതിമാറിയ, അടിമുടി നാടകം തന്നെ ജീവിതമെന്ന് കരുതി മുന്നോട്ട് നീങ്ങിയ ഇബ്രാഹിം അല്‍ഖാസിയുടെ ശിഷ്യന്മാരില്‍ പ്രമുഖരാണ് നസീറുദ്ദീന്‍ഷാ, ഓംപുരി, രോഹിണി ഹട്ടംഗടി തുടങ്ങിയവര്‍. ഡല്‍ഹിയിലെ നാടകപഠനകേന്ദ്രമാണ് പിന്നീട് പ്രശസ്തമായ നാഷനല്‍ ഡ്രാമാ കോളേജും നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുമായി മാറിയത്. നൂറുക്കണക്കിന് അഭിനയപ്രതിഭകളെയാണ് ഈ സ്ഥാപനം പുറത്ത് വിട്ടത്.
തലസ്ഥാനത്തെ നാടകപ്രവര്‍ത്തനങ്ങള്‍ക്ക് സമാന്തരമായി മുംബൈയിലെ പുരോഗമന കലാകാരന്മാരുടെ കൂട്ടായ്മയായ ബോംബെ ആര്‍ടിസ്റ്റ്‌സ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. ലണ്ടന്‍ തിയേറ്റര്‍ കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനം വഹിക്കണമെന്ന ആവശ്യം ഇബ്രാഹിം അല്‍ഖാസി നിരസിച്ചു. ബോംബെയില്‍ എം.എഫ് ഹുസൈന്‍, അക്ബര്‍ പദംസി എന്നിവരുമായുള്ള അടുപ്പമാണ് അദ്ദേഹത്തെ ഇന്ത്യയില്‍ തന്നെ ഉറപ്പിച്ച് നിര്‍ത്തിയത്. നാടകരചന, സംവിധാനം, അഭിനയം എന്നിവയോടൊപ്പം ചിത്രരചനയുടെ ആധുനിക സങ്കേതങ്ങളും ഇബ്രാഹിം അല്‍ഖാസി സ്വന്തമാക്കി.

പദ്മവിഭൂഷണ്‍ നല്‍കി ആദരിക്കുന്നു
ബ്രിട്ടനിലേക്ക് പോകാതിരിക്കാന്‍ മറ്റൊരു കാരണം നിരവധി നാടകവിദ്യാര്‍ഥികള്‍ ഇതിനകം അദ്ദേഹത്തില്‍ നിന്ന് ഗുരുത്വം സ്വീകരിച്ച് ഇന്ത്യയിലെമ്പാടുമുണ്ടായിരുന്നു. ദേവ് പട്ടേല്‍, ഫിറോസ് കൂപ്പര്‍, മനോഹര്‍ പട്ടേല്‍ തുടങ്ങിയ അക്കാലത്തെ ഈ രംഗത്തെ പ്രതിഭകളുടെ പിറവിക്ക് പിന്നില്‍ ഇബ്രാഹിം അല്‍ഖാസിയുടെ ശിക്ഷണമുണ്ടായിരുന്നു. മികച്ച കലാകാരിയായ ഭാര്യ റോഷന്‍ അല്‍ഖാസിയോടൊപ്പം ചേര്‍ന്ന് ഡല്‍ഹി ത്രിവേണി കലാസംഘം ആര്‍ട്ട് ഗ്യാലറിയും സ്ഥാപിച്ചു. ലോകചിത്രകലയുടെ പുതുസങ്കേതങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത്. മക്കളായ അമല്‍ അല്ലാന, ഫൈസല്‍ അല്‍ഖാസി എന്നിവരും നാടക പ്രവര്‍ത്തകര്‍ തന്നെ. സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് കലയും സംസ്‌കാരവുമായി കുടിയേറിയ കുടുംബത്തിന്റെ അത്യുദാത്തമാതൃക. അതിന്റെ മുഖ്യകണ്ണിയാണ് അറ്റുപോയത്.
സുല്‍ത്താന്‍ പദംസി തിയേറ്ററിന്റെ ബാനറില്‍ ഇബ്രാഹിം അല്‍ഖാസിയുടെ തിയേറ്റര്‍ പ്രതിഭകള്‍, ഫാസിസ്റ്റ്- സാമ്രാജ്യത്വ വിരുദ്ധനാടകങ്ങള്‍ ഏറെ അരങ്ങേറി. "എ ബ്ലൈന്റ് ഐ' ഏറെ പ്രശസ്തമാണ്. അമ്പതിലധികം നാടകങ്ങളില്‍ വേഷമിട്ട ഇബ്രാഹം അല്‍ഖാസിയുടെ അഭിയനപാടവവും കലാപ്രവര്‍ത്തനവും ആദരിച്ച് കേന്ദ്ര ഗവണ്‍മെന്റ് പദ്മശ്രീ, പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് നല്‍കി. കൊല്‍ക്കത്ത രബീന്ദ്രഭാരതി യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റും ഡല്‍ഹി സര്‍ക്കാര്‍ ആജീവനാന്ത പുരസ്‌കാരവും കാളിദാസസമ്മാനവും നല്‍കി ബഹുമാനിച്ചു. ഇന്ത്യയേയും സൗദിയേയും സാംസ്‌കാരിക മേഖലയില്‍ ഐക്യപ്പെടുത്തിയ ബൃഹത്തായ ഒരു പൈതൃകമാണ് ഓര്‍മയായത്.
PJJ
15 Aug 2020, 07:44 PM
Apt tribute to one of our greatest theater genius. Interesting to read about his Saudi connections.
Venu Edakkazhiyur
11 Aug 2020, 08:37 AM
തിലോദകം നന്നായി, മുസാഫിർ. അഭിവാദ്യങ്ങൾ...
നജീബ് വെഞ്ഞാറമൂട്, ജിദ്ദ
10 Aug 2020, 11:28 AM
ഇന്ത്യൻ കലാസങ്കേതത്തിലേക്ക് അറേബ്യൻ സംസ്കാരത്തിന്റെ പ്രൗഢ ഭാവങ്ങളെ വിളക്കിച്ചേർത്ത് ഇന്ത്യകാരനായ കലാകാരനായി ലോക നാടക തട്ടകത്തിന് അമൂല്യ സമ്മാനങ്ങൾ നൽകിയ ആ മഹാപ്രതിഭക്ക് പ്രണാമം.... വായനയുടെ എല്ലാ സുഖവും നിറച്ച്, ഈ കലാകാരന്റെ എല്ലാമേഖലയെയും ചോർന്നു പോകാതെ അടയാളപ്പെടുത്തിയ ശ്രീ മുസാഫിർ അദ്ദേഹത്തിന്റെ രചനാ സൗകുമാര്യം വീണ്ടും തെളിയിച്ചിരിക്കുന്നു.... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
KNA KHADER MLA
9 Aug 2020, 07:28 PM
ഇബ്രാഹിം അൽഖാസി എന്ന മഹാ പ്രതിഭാശാലിയെക്കുറിച്ച് മുസാഫിർ എഴുതിയ ലേഖനം പഠനാർഹമാണ്..അദ്ദേഹം അഭിനന്ദനങ്ങൾ അർഹിക്കുന്നു..സംഭവ ബഹുലമായ ഇബ്രാഹിം അൽഖാസിയുടെ ഏറെക്കുറെ അടഞ്ഞു കിടന്ന നാടക ജീവിത വാതായനങ്ങൾ മുസാഫിർ തന്റെ ലേഖനത്തിലൂടെ അദ്ദേഹത്തെ അറിയാത്തവർക്കായി തുറന്നു തന്നു. കലയും സംസ്കാരവും പൂത്തുലഞ്ഞ് സുഗന്ധം പരത്തി കടന്നു പോയ ഒരായുഷ്കാലം മുഴുവൻ ഭാരതീയ കലാ പാരമ്പര്യത്തെ പുഷ്കലമാക്കി കടന്നു പോയി. ധന്യമായ ആ ജീവിതത്തിലേക്ക് ഇനിയും വെളിച്ചം വീശുവാൻ മുസാഫിറിനു കഴിയും. ഈ വിഷയത്തിൽ ഒരു കൊച്ചു പുസ്തകമെങ്കിലും പ്രതീക്ഷിക്കുന്നു......കെഎൻഎ ഖാദർ എംഎൽഎ
Mujeeb Rahman ck
9 Aug 2020, 07:19 PM
സൂപ്പർ write up.. അനന്യമായ അവതരണം.... refferance ന്ന് ഉപയോഗിക്കാനുതകുന്ന എഴുത്ത്.. 👍👍♥️
AMANULLA VADAKKANGARA
9 Aug 2020, 06:55 PM
Wonderful feature
K U IQBAL
9 Aug 2020, 06:52 PM
Informative and timely article
അഭിലാഷ് പിള്ള/എസ്. ഗോപാലകൃഷ്ണൻ
Aug 09, 2020
5 Minutes
Narayana Prasad
29 Aug 2020, 05:03 PM
Nice reading