'വയലാര്‍ സ്റ്റാലിന്റെ' മകന്‍
സി.കെ. ചന്ദ്രപ്പന്റെ
ഓര്‍മദിനം
'വയലാര്‍ സ്റ്റാലിന്റെ' മകന്‍ സി.കെ. ചന്ദ്രപ്പന്റെ ഓര്‍മദിനം
22 Mar 2021, 11:15 AM
സര്‍ സി.പിയുടെ അമേരിക്കന്‍ മോഡല്‍ അറബിക്കടലിലെറിഞ്ഞരണബലിയുടെ അരുണാഭമായ സ്മൃതികുടീരത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയശാപത്തിന്റെ പാപക്കറ മണപ്പിച്ച വാചസ്പതിമാരുടെ വേതാളനൃത്തം അരങ്ങ് തകര്‍ക്കുമ്പോള്‍ പുന്നപ്രയുടേയും വയലാറിന്റെയും മണ്ണ് രക്തസ്തമാക്കി കടന്നുപോയ നൂറുക്കണക്കിന് അജ്ഞാതപോരാളികളുടേയും ടി.കെ വര്‍ഗീസ് വൈദ്യന്‍, കെ.സി ജോര്‍ജ്, ടി.വി തോമസ്, കുന്തക്കാരന്‍ പത്രോസ്, സി.കെ കുമാരപ്പണിക്കര്‍, ടി.കെ ദിവാകരന്‍ തുടങ്ങിയവരുടേയും ഉള്ള് കിടുങ്ങിയിട്ടുണ്ടാവണം. വയലാര്‍ സ്റ്റാലിന്‍ എന്നറിയപ്പെടുന്ന സി.കെ കുമാരപ്പണിക്കരുടെ മകനും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കേരളം നല്‍കിയ അമൂല്യസംഭാവനയുമായ സി.കെ ചന്ദ്രപ്പന്‍ കാലത്തിന്റെ മറുതീരത്തേക്ക് മറഞ്ഞുപോയിട്ട് ഇന്നേക്ക് (മാര്‍ച്ച് 22) ഒമ്പത് വര്‍ഷം തികയുന്നുവെന്നതും രക്തസാക്ഷികളുടെ ഭൂമിയില്‍ സാമ്രാജ്യത്വത്തിനും നിയോ ഫാഷിസത്തിനും പാദപൂജ ചെയ്യുന്നവരുടെ അതിക്രമം നടന്നതിന്റെ അതേ സമയത്ത് തന്നെയായി എന്നതും ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളുടേയും ചരിത്രത്തില്‍ ചില കറുത്ത പുള്ളികളെങ്കിലും വീഴ്ത്തിയിട്ടുണ്ടെന്ന് തോന്നുന്നു.

സി.കെ കുമാരപ്പണിക്കരും ബന്ധുവായ സുശീലാ ഗോപാലനുമൊക്കെ പുന്നപ്ര-വയലാറിന്റെ പ്രക്ഷോഭ ഭൂമികയില്‍, വാരിക്കുന്തം കൊണ്ട് തോക്കേന്തിയ ബ്രിട്ടീഷ് വൈതാളികരെ എങ്ങനെ നേരിടാമെന്ന് കാണിച്ചുകൊടുത്ത നേതാക്കളില്‍ പ്രമുഖരാണ്. ഗൗരിയമ്മ, എന്‍.പി തണ്ടാര്‍ എന്നിവരൊക്കെ പോരാട്ടഭൂമിയെ രക്തതിലകമണിയിച്ചവരാണ്. ബ്രിട്ടീഷുകാര്‍ക്കും അവരുടെ വൈതാളികനായ ദിവാനും സ്തുതി പാടിയവരുടെ പിന്‍ഗാമികള്‍, ബലികുടീരങ്ങളെ അപമാനിക്കുന്നുവെന്നതും ത്യാഗസുരഭിലമായൊരു ചരിത്രത്തിന് നാണക്കേടായി ബാക്കി നില്‍ക്കുന്നു. ജനദ്രോഹിയായ ദിവാന്റെ മൂക്ക് മുറിച്ച കെ.സി.എസ് മണിയുടെ ധീരചരിതത്തിനു മുമ്പില്‍ പോലും പരിവാറുകാരന്റെ പൂമൂടല്‍ നാടകം അസംബന്ധത്തിന്റെ എപ്പിസോഡായി മാറുന്നു.
ഇടതുപക്ഷം വീണ്ടും കേരളത്തെ ചുവപ്പിക്കാനൊരുങ്ങുന്ന നിര്‍ണായകസന്ധിയില്‍ ചന്ദ്രപ്പനെപ്പോലുള്ള ആദര്‍ശധീരരായ നായകരുടെ അഭാവം പുരോഗമന രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് കനത്ത ശൂന്യതയാണ് സൃഷ്ടിച്ചിട്ടുള്ളത്. ചില മണ്ഡലങ്ങളിലെങ്കിലും അറിഞ്ഞോ അറിയാതെയോ ഇടതുപക്ഷം സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതില്‍ വരുത്തിയ നോട്ടപ്പിശകും രാഷ്ട്രീയമായ വ്യാകരണപ്പിശകുകളും തിരുത്താന്‍ സഖാവ് ചന്ദ്രപ്പനുണ്ടായിരുന്നുവെങ്കില്‍ സി.പി.ഐയിലെ ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാകണം.
മലപ്പുറത്തെ സി.പി.ഐ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അദ്ദേഹവും മുന്‍ഗാമി വെളിയം ഭാര്‍ഗവനും പുലര്‍ത്തിയ സത്യസന്ധമായ കാര്‍ക്കശ്യം, ഈ തെരഞ്ഞെടുപ്പിലും സി.പി.ഐയും സി.പി.എമ്മും പാലിച്ചിരുന്നുവെങ്കില്‍ സ്ഥാനാര്‍ഥി നിര്‍ണയസമയത്ത് സംഭവിച്ച പല കല്ലുകടികളും ഒഴിവാക്കാമായിരുന്നു. ജീര്‍ണതയോട് സന്ധി ചെയ്യാത്ത നിലപാടിന് തന്നെയായിരിക്കും എക്കാലത്തും വന്‍സ്വീകാര്യത ലഭിക്കുകയെന്ന കാര്യത്തിലും സംശയമില്ല.

സി.കെ ചന്ദ്രപ്പന്റെ ആദര്‍ശവിശുദ്ധി പുതുതലമുറ കമ്യൂണിസ്റ്റുകാര്‍ക്ക് എന്നുമൊരു പാഠാവലിയാണ്. വ്യക്തിപരമായി ഏറെ അടുപ്പമുള്ള നേതാവും സഖാവുമായിരുന്നു ഈ ലേഖകനെ സംബന്ധിച്ചേടത്തോളം ചന്ദ്രപ്പനും പത്നി സ: ബുലുറോയ് ചൗധരിയും. ആദ്യമായി ചന്ദ്രപ്പനെ കണ്ട ഓര്‍മയിലേക്ക്:
ഡല്‍ഹി വിജ്ഞാന്‍ഭവന്‍. എഴുപതുകളുടെ അന്ത്യപാതി. സമൃദ്ധമായി വളര്‍ത്തിയ തലമുടി ഹിപ്പി സ്റ്റൈലില്‍ പിന്നിലേക്കു ചീകിയൊതുക്കി ഊര്‍ജ്ജസ്വലനായി ഓടി നടക്കുന്ന ചന്ദ്രപ്പന്‍. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ യുവജനഫെഡറേഷന്‍ നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. ലോകജനാധിപത്യ യുവജനസംഘടനയുടെ (ഡബ്ല്യു.എഫ്.ഡി.വൈ) ഒരു സ്‌പെഷ്യല്‍ മീറ്റിനുള്ള ഒരുക്കമായിരുന്നു അവിടെ. അന്ന് എ.ഐ.വൈ.എഫ് അഖിലേന്ത്യാ പ്രസിഡന്റും തലശ്ശേരിയില്‍ നിന്നുള്ള പാര്‍ലമെന്റംഗവുമായിരുന്നു ചന്ദ്രപ്പന്‍. സി.പി.ഐ സെന്‍ട്രല്‍ പാര്‍ട്ടി സ്‌കൂള്‍ വിദ്യാര്‍ഥിയായി ഒന്നര മാസത്തെ പഠനത്തിനായി എത്തിയതായിരുന്നു എ.ഐ.എസ്.എഫുകാരായിരുന്ന ഞാനും കോഴിക്കോട്ടെ വി.എം. ഉണ്ണിക്കൃഷ്ണനും (ഫെഡറല്‍ ബാങ്ക് ബാംഗ്ലൂര്‍ ഏരിയാ മാനേജരായി റിട്ടയര്‍ ചെയ്ത ഉണ്ണിക്കൃഷ്ണന്‍ പഴയ തലമുറയിലെ പ്രസിദ്ധ ഫോട്ടോഗ്രാഫറും പാര്‍ട്ടി സഖാവുമായിരുന്ന സി.എം.വി നമ്പീശന്റെ പുത്രനാണ്. കാലം മായ്ക്കാത്ത പുഞ്ചിരി തൂകി നില്‍ക്കുന്ന സഖാവ് കൃഷ്ണപിള്ളയുടെ പ്രസിദ്ധമായ ഫോട്ടോ എടുത്തത് നമ്പീശനായിരുന്നു. കൃഷ്ണപിള്ളയുടെ ആ ഒരൊറ്റ പോസിലുള്ള പടം മാത്രമേ ഇന്ന് ലഭ്യമായുള്ളൂ).
കോളേജ് വിദ്യാര്‍ഥികളായിരുന്ന എന്നേയും ഉണ്ണിക്കൃഷ്ണനേയും ചന്ദ്രപ്പന്റെ ചടുലമായ നീക്കങ്ങള്‍ ഏറെ ആകര്‍ഷിച്ചു. മനോഹരമായ ആ ഹെയര്‍സ്റ്റൈലിനും വേഷവിധാനത്തിനും പുറമെ ഉജ്ജ്വലമായ അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പ്രസംഗവും ഞങ്ങളുടെ ആദരവ് ഇരട്ടിപ്പിച്ചു. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ലിയോനിഡ് ബ്രഷ്‌നേവിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി വിജ്ഞാന്‍ ഭവനില്‍ തന്നെ നടന്ന ഇസ്‌കസ് ഇന്‍ഡോ-സോവ്യറ്റ് സാംസ്‌കാരിക സമിതി) സെമിനാറില്‍ ലിറ്റോ ഘോഷിന്റേയും (അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അജോയ്‌ഘോഷിന്റെ വിധവ) മെയിന്‍സ്ട്രീം എഡിറ്റര്‍ നിഖില്‍ ചക്രവര്‍ത്തിയുടെ പത്‌നി രേണു ചക്രവര്‍ത്തിയുടേയും കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ മോഹിത്സെന്നിന്റേയും മറ്റും സാന്നിദ്ധ്യത്തില്‍ ചന്ദ്രപ്പന്‍ നടത്തിയ ആ പ്രസംഗം ഏറെക്കാലം ഞങ്ങള്‍ പാര്‍ട്ടി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മനസ്സില്‍ ആവേശത്തിന്റെ അടങ്ങാത്ത അനുരണനങ്ങള്‍ സൃഷ്ടിച്ചു.
"ഹിപ്പിമുടി'യുമായി ചന്ദ്രപ്പന്‍ ഇടയ്‌ക്കൊക്കെ കേരളത്തില്‍ വരുമായിരുന്നു. അങ്ങനെയൊരു ദിവസം തിരുവനന്തപുരത്ത് പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗം നടക്കുന്നതിനിടെ, സഖാവ് എം.എന്‍. ഗോവിന്ദന്‍നായര്‍ ചന്ദ്രപ്പനെ അടുത്ത് വിളിക്കുകയും തന്റെ നീളന്‍ ജുബ്ബയുടെ കീശയില്‍ നിന്ന് കുറച്ച് രൂപയെടുത്ത് "താന്‍ പോയി ഈ മുടിയൊക്കെ ഒന്ന് മുറിച്ച് വൃത്തിയായി വാ' എന്ന് സ്വതസ്സിദ്ധമായ മന്ദഹാസത്തോടെ ആജ്ഞാപിക്കുകയും കൗണ്‍സില്‍ യോഗം പൊട്ടിച്ചിരിയില്‍ മുങ്ങുകയും ചെയ്തതായി അന്നത്തെ സംസ്ഥാന കൗണ്‍സിലിലുണ്ടായിരുന്ന മലപ്പുറത്തെ സഖാവ് ഗംഗാധരേട്ടന്‍ പറഞ്ഞതോര്‍ക്കുന്നു. (അന്ന് സംസ്ഥാന കൗണ്‍സിലില്ലാത്ത പന്ന്യന്‍ രവീന്ദ്രന്‍ മുടി വളര്‍ത്തിത്തുടങ്ങിയിട്ടില്ല എന്നു തോന്നുന്നു).
ക്ഷുഭിതയൗവ്വനത്തിന് ഗ്ലാമര്‍ പരിവേഷം പകര്‍ന്ന് ഡല്‍ഹിയില്‍ വിലസുന്ന അക്കാലത്താണ് ചന്ദ്രപ്പന്റെ ജീവിതത്തിലേക്ക് ബംഗാളിലെ സി.പി.ഐക്കാരി ബുലുറോയ് ചൗധരി കടന്നു വന്നത്. ആ കഥ ചന്ദ്രപ്പന്‍ തന്നെ പലപ്പോഴായി അനുസ്മരിച്ചിട്ടുണ്ട്. സി.പി.ഐ പാര്‍ലമെന്ററി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ബുലുറോയിയുടെ പ്രവര്‍ത്തനം. പാര്‍ട്ടി എം.പിമാര്‍ക്കാവശ്യമായ വിഷയങ്ങളെക്കുറിച്ച് റിസര്‍ച്ച് ചെയ്യുക, പാര്‍ട്ടി കാഴ്ചപ്പാടുകള്‍ക്ക് വിധേയമായി ഓരോ കാര്യങ്ങളും പഠനം നടത്തുക, പാര്‍ലമെന്റില്‍ യഥാസമയം അവതരിപ്പിക്കുന്നതിനുള്ള ചോദ്യങ്ങളും രൂപരേഖകളും തയാറാക്കുക- സി.പി.ഐ പാര്‍ലമെന്ററി പാര്‍ട്ടിയുടെ കീഴില്‍ ഇത്തരമൊരു ഗവേഷണവിഭാഗമുണ്ടായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ ബിരുദമുള്ള ബുലുറോയ് ചൗധരി ഈ ഗവേഷണവിഭാഗത്തിലായിരുന്നു. മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരം ലഭിച്ച ചന്ദ്രപ്പനുമായി ബലുറോയ് അടുത്തത് അക്കാലത്താണ്.
ബുലുവിന്റെ പിതാവ് പ്രൊഫുല്‍ ബന്ദുറോയ് എന്ന പി.ബി. റോയ് ചൗധരി ഒരു ഗവണ്‍മെന്റ് കോണ്‍ട്രാക്ടറായിരുന്നു. വിഭജനത്തിനു മുമ്പ് ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയതാണ് ബുലുവിന്റെ കുടുംബം. സത്യജിത്‌റേയുടെ സിനിമകള്‍ വിതരണം ചെയ്ത കമ്പനിയിലായിരുന്നു ബുലുവിന്റെ പിതാവ്. പഥേര്‍ പാഞ്ചാലിയ്ക്ക് രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിച്ചപ്പോള്‍ അത് സ്വീകരിച്ചതും ബുലുവിന്റെ അച്ഛന്‍ പി.ബി. റോയിരുന്നുവത്രേ. ചന്ദ്രപ്പന്റെ വിയോഗത്തിനു ശേഷം ബുലുറോയിയും 2016 ഫെബ്രുവരി 16 ന് തിരുവനന്തപുരത്ത് അന്തരിച്ചു.
ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്ററിന്റെ (ഇപ്റ്റ) പ്രവര്‍ത്തകയായിരുന്ന ബുലുറോയ് ചൗധരി മികച്ച നാടക നടിയായിരുന്നുവെന്ന കാര്യം അധികമാര്‍ക്കുമറിയില്ല. സി.പി.ഐ അനുകൂല പ്രസിദ്ധീകരണങ്ങളായിരുന്ന ലിങ്ക്, പേട്രിയറ്റ് എന്നിവയില്‍ വാര്‍ത്തകളും ലേഖനങ്ങളുമെഴുതിയിരുന്നു അവര്‍. ബയോഗ്രാഫി ഓഫ് മാഡം കാമ എന്നൊരു പുസ്തകവും ബുലു രചിച്ചിട്ടുണ്ട്.

പ്രണയത്തിനു പതിനാലു വര്‍ഷം പൂര്‍ത്തിയായപ്പോഴാണ് ചന്ദ്രപ്പനും ബുലുവും വിവാഹിതരായത്. ഡല്‍ഹി എസ്.വി.ഘാട്ടെ ഹാളില്‍ നടന്ന കല്യാണത്തിനു പാര്‍ട്ടി ജനറല്‍ സെക്രട്ടറി സി. രാജേശ്വരറാവു കാര്‍മ്മികത്വം വഹിച്ചു. കേരളത്തില്‍ നിന്ന് എം.എന്‍, അച്യുതമേനോന്‍, എന്‍.ഇ. ബലറാം, പി.കെ.വി തുടങ്ങിയവരും വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്നതായി ചന്ദ്രപ്പന്‍ എഴുതിയിട്ടുണ്ട്.
സര്‍ സി.പിയുടെ ചോറ്റുപട്ടാളം വയലാറില്‍ താന്‍ പിറന്ന കുന്തിരിശ്ശേരി വീട് അഗ്നിക്കിരയാക്കുന്നത് കാണേണ്ടി വന്ന ഹതാശനായ ബാലനാണ് ചന്ദ്രപ്പന്‍. കേറിക്കിടക്കാനിടമില്ലാതെ അമ്മയുടെ നാടായ തൃപ്പൂണിത്തുറയിലേക്കു മാറിയ ഈ വിപ്ലവകാരി മഹാരാജാസ് കോളേജില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതിനാല്‍ ചിറ്റൂര്‍ ഗവ. കോളേജില്‍ ചേര്‍ന്നു. ഗോവാ വിമോചന പ്രസ്ഥാനത്തില്‍ പങ്കെടുത്ത് പഠനം മുടങ്ങി. വീണ്ടും യൂണിവേഴ്‌സിറ്റി കോളേജില്‍. പറങ്കിപ്പടയോട് പോരാടിയ പാരമ്പര്യം സിരകളില്‍. തുടര്‍ന്ന് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ഥി-യുവജനപ്രസ്ഥാനത്തിലെ മുന്‍നിര നേതാവായി ഉയര്‍ന്നു. സ്മരണകളിരമ്പുന്ന രണസ്മാരകത്തില്‍ തുടിച്ചുണരുന്ന ചന്ദ്രപ്പന്റെ ഓര്‍മയ്ക്ക് മുമ്പില്‍, ഒരു ചുവന്ന സല്യൂട്ട്.

Haridasan M P
22 Mar 2021, 07:39 PM
ആേവേശഭരിതമായ ഓർമക്കുറിപ്പ്..സഖാവ് മുസാഫിറിന് അഭിവാദ്യങ്ങൾ !
ബിനോയ് വിശ്വം
Dec 02, 2022
49 Minutes Watch
മുസാഫിര്‍
Oct 17, 2022
6 Minutes Read
പി.എന്‍.ഗോപീകൃഷ്ണന്‍
Mar 23, 2021
2 Minutes Read
സുനില്‍ പി. ഇളയിടം
Feb 16, 2021
62 Minutes Watch
സി.പി. അബൂബക്കർ
Dec 30, 2020
7 Minutes Read
എം.എ. ബേബി
Dec 30, 2020
7 Minutes Read
പ്രസന്‍ജീത് ബോസ്/ എന്‍. കെ. ഭൂപേഷ്
Dec 29, 2020
10 Minutes Read
Vinod chandran
23 Mar 2021, 11:48 AM
Good Article