സഹൃദയനായ കലാകാരന്‍,
മർമ്മമറിഞ്ഞ കച്ചവടക്കാരന്‍
സഹൃദയനായ കലാകാരന്‍, മർമ്മമറിഞ്ഞ കച്ചവടക്കാരന്‍
രണ്ടു സ്വകാര്യമോഹങ്ങള്‍ രാമചന്ദ്രനോടൊപ്പം, ചിതയിലലിഞ്ഞു. ഒന്ന്- അറ്റ്‌ലസ് ജ്വല്ലറിയുടെ ഒരു ബ്രാഞ്ചിന്റെ പുന:സ്ഥാപനം. രണ്ട്- എഴുതിത്തുടങ്ങിയ തന്റെ ആത്മകഥ പൂര്‍ത്തിയാക്കി, അതിന്റെ പ്രസാധനം കേമമായി നടത്തുകയെന്നത്. എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ മുസാഫിര്‍ അറ്റ്‌ലസ് രാമചന്ദ്രനെ ഓര്‍മ്മിക്കുന്നു...
4 Oct 2022, 11:49 AM
ദുബായ് ജബലലിയിലെ ന്യൂ സോനാപൂര്‍ ക്രിമറ്റോറിയത്തില്‍ ഇന്നലെ വൈകിട്ട് അഞ്ചരയ്ക്ക് അറ്റ്‌ലസ് രാമചന്ദ്രന്‍ അസ്തമിച്ചു. ഞായറാഴ്ച രാത്രി പതിനൊന്നിന് ദുബായ് മന്‍ഖൂല്‍ ആസ്റ്റര്‍ ആശുപത്രിയില്‍ എട്ടു പതിറ്റാണ്ടു നീണ്ട ജീവിതത്തിനു മുമ്പില്‍ മരണം വല വിരിച്ചതറിഞ്ഞ് നാട്ടിലേയും മറുനാട്ടിലേയും മലയാളികളുടെ പ്രതികരണങ്ങളില്‍ നിഷ്‌കളങ്കനായ ആ മനുഷ്യസ്നേഹിയോടുള്ള സ്നേഹവികാരങ്ങളത്രയും പ്രതിഫലിച്ചു. ലോകമെങ്ങുമുള്ള മലയാളികളുടെ മനസ്സില്‍, അറ്റ്‌ലസ് ഒരു ദുരൂഹസമസ്യയായി ബാക്കി നിന്നുവെന്നതിന് സോഷ്യല്‍ മീഡിയാ പ്രതികരണങ്ങള്‍ തെളിവായി. അല്‍ഭുതഭരിതവും അതേ സമയം ദൂരൂഹത ചൂഴ്ന്നുനിന്നതുമായ ഒരറബിക്കഥയിലെ ഉദ്വേഗപൂര്‍ണമായ അധ്യായം പോലെയുള്ള ഒരവസാനമായിരുന്നു, അത്.
തൃശൂര്‍ മതുക്കര മൂത്തേടത്ത് രാമചന്ദ്രന്‍, അറ്റ്‌ലസ് രാമചന്ദ്രനാകുന്നതിനു മുമ്പേ മലപ്പുറം കോട്ടപ്പടി മൈതാനത്തിനടുത്ത സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ മാനേജറുടെ ചില്ലുക്യാബിനിലിരുന്ന് ചിരിച്ചതും ഉള്ളംകൈയില്‍ അമര്‍ത്തിപ്പിടിച്ചതും എനിക്കോര്‍മയുണ്ട്. അതേ ബാങ്കില്‍ രാമചന്ദ്രന്റെ സഹപ്രവര്‍ത്തകനായ, എന്റെ അളിയന്‍ മുഹമ്മദലിയാണ് അദ്ദേഹത്തെ, വിദ്യാര്‍ഥിയായിരുന്ന എനിക്ക് പരിചയപ്പെടുത്തിത്തന്നത്. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ പല തവണ കണ്ടു. മലപ്പുറം കഥകള്‍ അയവിറക്കി. സഹപ്രവര്‍ത്തകന്റെ ബന്ധുവെന്ന നിലയിലുള്ള പരിഗണനയും എനിക്ക് കിട്ടി. കച്ചവടത്തിന്റെ ചരിത്രത്തിനും കഥയ്ക്കുമൊപ്പം സാഹിത്യവും സിനിമയും നര്‍മോക്തികളും പത്തരമാറ്റിന്റെ തിളക്കത്തില്‍ ഞങ്ങളുടെ സംഭാഷണങ്ങളിലത്രയും നിറഞ്ഞുനിന്നു. അപ്പോഴൊക്കെ മലപ്പുറത്തെ ഞങ്ങളുടെ ആദ്യകൂടിക്കാഴ്ചയെക്കുറിച്ച് അദ്ദേഹം കൂടെയുള്ളവരോട് പറയും. ഗൃഹാതുരമായ ഓര്‍മകളില്‍ നിറഞ്ഞ് അദ്ദേഹം ചിരിക്കും. സൗദിയിലെ ജിദ്ദയില്‍ ആദ്യത്തെ അറ്റ്‌ലസ് ഷോറൂം തുറക്കുന്നതിനു മുന്നോടിയായി പല തവണ വരുമ്പോഴും ഈ കടയിലേക്ക് നടക്കാനുള്ള ദൂരത്തില്‍ മാത്രം താമസിച്ചിരുന്ന എന്നെ അദ്ദേഹം വിളിക്കുകയും ഏറെ നേരം സംസാരിക്കുകയും ചെയ്യുമായിരുന്നു. മലയാളം ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് ഫാറൂഖ് ലുഖ്മാനെ ഞാന്‍ പരിചയപ്പെടുത്തിക്കൊടുത്തതോടെ രാമചന്ദ്രന് വലിയ സന്തോഷമായി. ആ സൗഹൃദത്തിന്റേയും ആതിഥ്യത്തിന്റേയും മധുരം, ദുബായിയില്‍ ചെല്ലുമ്പോഴൊക്കെ പല തവണ ആസ്വദിച്ചിരുന്നതായി ലുഖ്മാന്‍ പറയുകയും എഴുതുകയും ചെയ്തിരുന്നു. (ഇക്കാലത്താണ് യൂസഫലി കേച്ചേരിയെക്കൊണ്ട് അറ്റ്ലസിന്‍ സ്വര്‍ണം നിന്നെ സുന്ദരിയാക്കും... എന്ന വരികളളെഴുതിക്കുന്നതും ബാബു പിഷാരടിയുടെ സംഗീതത്തില്‍ അത് പരസ്യവാക്കുകളാകുന്നതും. അതിനു ശേഷമാണ് ജനകോടികളുടെ വിശ്വസ്തസ്ഥാപനം എന്ന പ്രസിദ്ധമായ ടാഗ് ലൈന്‍ വരുന്നത്).
യു.എ.ഇയില്‍ ഇരുപത് ഔട്ട്‌ലെറ്റുകളുള്‍പ്പെടെ വിവിധ രാജ്യങ്ങളിലായി അമ്പത് ഷോറൂമുകളുമായി അറ്റ്‌ലസ് പടര്‍ന്നതിനു പിന്നില്‍ സ്ഥിരോല്‍സാഹിയായ രാമചന്ദ്രന്റെ ഇച്ഛാശക്തിയും ഉപഭോക്താക്കളോടുള്ള ഉദാരതയുമായിരുന്നു കാരണമായത്. കനത്ത വെല്ലുവിളികളും കടുത്ത മല്‍സരവും നിറഞ്ഞ സ്വര്‍ണക്കച്ചവടം. എല്ലാം അതിജീവിച്ച് കോടികളുടെ ആസ്തിയിലേക്ക്, ബിസിനസ് തഴച്ചുവളര്‍ന്നു. സ്വര്‍ണവ്യാപാരത്തോടൊപ്പം, ആതുരാലയമുള്‍പ്പെടെയുള്ള മേഖലകളിലേക്ക് വ്യാപാരം വ്യാപിച്ചു. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ അറ്റ്‌ലസ് അപ്രമാദിത്തം നേടി. സ്വര്‍ണസമ്മാനങ്ങള്‍ അറ്റ്‌ലസ് വാരി വിതറി. അക്ഷരാര്‍ഥത്തില്‍ ജനകോടികളുടെ വിശ്വസ്ത സ്ഥാപനമായി അറ്റ്‌ലസ് മാറിയത്, രാമചന്ദ്രന്‍ തന്നെ പലപ്പോഴായി പറയാറുള്ള തന്റെ നസീബ് അഥവാ ഭാഗ്യം കൊണ്ടുതന്നെയായിരുന്നു. കലയും കവിതയും സിനിമയും കൈവിടാതെ, അവയ്ക്കൊപ്പം സഞ്ചരിച്ചു, സഹൃദയനായ ഈ കച്ചവടക്കാരന്‍. നിരവധി കലാകാരേയും കലാകാരികളേയും പ്രവാസലോകത്തെത്തിക്കുകയും മെഗാഷോകള്‍ സംഘടിപ്പിക്കുകയും ചെയ്തു. സംസ്ഥാന - കേന്ദ്ര രാഷ്ട്രീയ നേതാക്കളില്‍ ഏറെപ്പേരും അറ്റ്ലസിന്റെ 'അരുമ' -കളായി. രാമചന്ദ്രന്റെ ആതിഥ്യം സ്വീകരിക്കാത്ത നേതാക്കള്‍ കുറവായിരിക്കും. മാധ്യമപ്രവര്‍ത്തകരില്‍ പലരും രാമചന്ദ്രന്റെ ഇഷ്ടക്കാരായി.
ബിസിനസ് തീരുമാനങ്ങളെടുക്കുന്നതും അവ നടപ്പാക്കുന്നതും ഒറ്റയ്ക്ക് തന്നെയായിരുന്നു. ഇക്കാര്യത്തില്‍ കുടുംബത്തിനകത്ത് നിന്നോ പുറത്ത് നിന്നോ ഉള്ള നിര്‍ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും അദ്ദേഹം വില കല്‍പിച്ചില്ല. ബിസിനസ് സാമ്രാജ്യത്തില്‍ സുല്‍ത്താനായി വാഴുമ്പോള്‍ 2015 എന്ന വര്‍ഷം ആ ജീവിതത്തില്‍ ഇരുള്‍ വീഴ്ത്തി. നിബിഡാന്ധകാരത്തിലേക്കുള്ള പൊടുന്നനെയുള്ള വീഴ്ചയായിരുന്നു അത്. ഉദിച്ചുയര്‍ന്നിരുന്ന 920 ഹാള്‍മാര്‍ക്കിന്റെ തങ്കസൂര്യന്‍, ജീവിതത്തിലെ കരിക്കട്ടയായി മാറുന്നതിന്റെ അനിവാര്യ പരിണതിയായിരുന്നു പിന്നീട്. പല തീരുമാനങ്ങളും പരമാബദ്ധമായിരുന്നുവെന്ന് അറിയുമ്പോഴേക്കും കാര്യങ്ങളെല്ലാം കൈവിട്ടു. ഒപ്പം നിന്നവര്‍ കൈയൊഴിഞ്ഞതും നന്ദികേടിന്റെ കയ്പറിഞ്ഞതും ഇക്കാലത്താണ്. സ്ഥാവരജംഗമ സ്വത്തുക്കളത്രയും നഷ്ടപ്പെടുകയായിരുന്നു. ഹീറോ പരിവേഷത്തില്‍ നിന്ന് സീറോയിലേക്കുള്ള കൊടുംവീഴ്ച.

കോടികളുടെ ബാങ്ക് വായ്പയും സമയത്ത് തിരിച്ചടക്കാത്തതിനെത്തുടര്‍ന്നുള്ള നിയമ നടപടികളും, മൂന്നര പതിറ്റാണ്ടിലധികം നീണ്ട, അസൂയാര്‍ഹവും വിജയകരവുമായ ആ യാത്രയുടെ മുമ്പില്‍ കടുത്ത ദുര്‍ഘടം നിറച്ചു. ജയില്‍ ജീവിതമായിരുന്നു പിന്നീടുള്ള വിധി. 1004 ദിവസങ്ങള്‍ - 2015 മുതല്‍ 2018 വരെ- രാമചന്ദ്രന്‍ അഴികള്‍ക്കകത്തായി. മരിക്കുന്നതിനു രണ്ടാഴ്ച മുമ്പ് ജയില്‍ ജീവിതത്തെക്കുറിച്ച് സംസാരിച്ച, ആത്മസുഹൃത്ത് ഗായകന്‍ കൂടിയായ തിരൂരങ്ങാടിയിലെ അബ്ദുല്‍ഹഖിനോട് രാമചന്ദ്രന്‍ പറഞ്ഞു: ജയിലിനകത്തെ സെന്‍ട്രല്‍ എസിയുടെ തണുപ്പായിരുന്നു എന്റെ പ്രശ്നം. ജയില്‍ ജീവനക്കാരുമായി ഞാന്‍ നല്ല ചങ്ങാത്തത്തിലായിരുന്നു. അവര്‍ എന്നെ നല്ല പോലെ സഹായിച്ചു. ജയിലില്‍ കാര്യമായി ആരുമെന്നെ കാണാന്‍ വന്നില്ല. ആരെങ്കിലുമൊക്കെ വന്നെങ്കില്‍ എന്ന് എല്ലാ ദിവസവും ആശിച്ചു. ആളുകളെ കാണാനും അല്‍പനേരം സംസാരിക്കാനും മാത്രമല്ല, പുറത്തെ ചൂടും വെളിച്ചവും കാണണമെന്നും ഞാന്‍ മോഹിച്ചിരുന്നു. അവയ്ക്കൊക്കെ എന്ത് ഭംഗിയായിരിക്കുമെന്ന് അപ്പോഴാണ് ഞാന്‍ ചിന്തിച്ചിരുന്നത്. വല്ലപ്പോഴും ആശുപത്രിയിലേക്ക് ചെക്കപ്പിനു കൊണ്ടു പോകുമ്പോഴോ കോടതിയിലേക്ക് പോകുമ്പോഴോ ഒക്കെ മാത്രമായിരുന്നു ഞാന്‍ പുറംലോകം കണ്ടിരുന്നത്. ജയിലിലേക്ക് കാണാന്‍ വരേണ്ടെന്ന് ഞാന്‍ ഭാര്യ ഇന്ദുവിനോട് പറഞ്ഞിരുന്നു... (ദുബായിലെ വീട്ടില്‍ ഒറ്റയ്ക്ക് കഴിയുമ്പോഴും ഭര്‍ത്താവ് പുറത്ത് വരുന്ന ദിവസത്തിനായി കാത്തിരുന്ന ഈ അറുപത്തെട്ടുകാരിക്ക്, കടബാധ്യതകളുടെ വലിയ കുരുക്കുകളില്‍ നിന്ന് രക്ഷപ്പെടാന്‍ കണ്ണീരും പ്രാര്‍ഥനയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.)
ഇക്കഴിഞ്ഞ ജൂലൈ 31 ന് രാമചന്ദ്രന്റെ പിറന്നാള്‍ ദിനത്തില്‍ മകള്‍ മഞ്ജു കേക്കുമായി വന്നു. അധികമാരും ഉണ്ടായിരുന്നില്ല. അന്ന് രാമചന്ദ്രന്‍ ഒരു ഹിന്ദി ഗാനം ആലപിച്ചു- ബഡി ദൂര്‍ സേ ആയേ, തോഫാ ലായേ... അതിഥിയായെത്തിയ അബ്ദുല്‍ഹക്കാണ് ആ ഗാനം മുഴുമിക്കാന്‍ രാമചന്ദ്രനെ സഹായിച്ചത്.
"ഞാന്‍ തിരിച്ചുവരും. അറ്റ്‌ലസ് ജ്വല്ലറിയുടെ ഒരു ശാഖയെങ്കിലും ദുബായിയില്‍ തുറക്കും. അതിനുള്ള നിക്ഷേപകരെ ഞാന്‍ കണ്ടെത്തും. സഹസ്രകോടികളുടെ സൗഭാഗ്യവും സൗവര്‍ണക്കുതിപ്പും അവസാനിച്ച്, കുവൈത്തിലെ സുഹൃത്തുക്കളുടെ കരുണയില്‍ ജീവിക്കേണ്ടി വന്ന മഹാപതനത്തിന്റെ കഥയിലെ ഈ ദുരന്ത നായകന്റെ അവസാനത്തെ സ്വപ്നമായിരുന്നു ഇത്. ആര്‍ക്കും തന്നെ വേണ്ടാതായി എന്ന് മനസ്താപം കൊള്ളുമ്പോള്‍ ആത്മാര്‍ഥതയോടെ താന്‍ പരിപാലിച്ച നൂറുക്കണക്കിന് ജീവനക്കാരില്‍ ചിലരെങ്കിലും കൊലച്ചിരി ചിരിക്കുന്നുണ്ടാവുമെന്ന് രാമചന്ദ്രനറിയാമായിരുന്നു.
വഞ്ചന നിറഞ്ഞ ലോകത്തിന്റെ നന്ദികേടില്‍ പക്ഷേ അദ്ദേഹം ആരേയും വെറുത്തില്ല. കബളിപ്പിച്ചു കടന്നു കളഞ്ഞ സഹപ്രവര്‍ത്തകരെ പഴിച്ചില്ല.
രണ്ടു സ്വകാര്യമോഹങ്ങള്‍ രാമചന്ദ്രനോടൊപ്പം, ചിതയിലലിഞ്ഞു.
ഒന്ന്- അറ്റ്‌ലസ് ജ്വല്ലറിയുടെ ഒരു ബ്രാഞ്ചിന്റെ പുന:സ്ഥാപനം.
രണ്ട്- എഴുതിത്തുടങ്ങിയ തന്റെ ആത്മകഥ പൂര്‍ത്തിയാക്കി, അതിന്റെ പ്രസാധനം കേമമായി നടത്തുകയെന്നത്.
അരുണ്‍ പ്രസാദ്
Jan 03, 2023
5 Minutes Read
ഒ.കെ. ജോണി
Dec 25, 2022
3 Minutes Read
മുസാഫിര്‍
Nov 21, 2022
6 Minutes Read
സുധീഷ് കോട്ടേമ്പ്രം
Nov 02, 2022
8 Minutes Read