ലോകകപ്പു കാലം ഓർമയിൽ കൊണ്ടുവരുന്നു, ഇരുമ്പൻ മൊയ്​തീൻ കുട്ടിയെ

1926 ജനുവരി രണ്ടിന് മലപ്പുറം മേൽമുറിയിൽ ജനിക്കുകയും 2005 ഡിസംബർ 20 ന് പാകിസ്ഥാനിലെ കറാച്ചിയിൽ അന്തരിക്കുകയും ചെയ്ത "ഇരുമ്പൻ മൊയ്തീൻകുട്ടി' യുടെ ഫുട്ബോളിനു പിറകെയുള്ള ഇതിഹാസതുല്യമായ ഗോളാന്തര യാത്ര പുതിയ തലമുറയ്ക്കാകെ ആവേശം പകരുന്നതാണ്. പാകിസ്ഥാൻ ദേശീയ ഫുട്ബോൾ ടീം ക്യാപ്റ്റനായി മാറിയ വിസ്മയകരമായ ചരിത്രമാണ് കുഴിമാട്ടക്കളത്തിൽ മൊയ്തീൻകുട്ടിയെന്ന "ഇരുമ്പൻ മൊയ്തീൻകുട്ടി' യുടേത്.

ബ്രിട്ടീഷ് പട്ടാളത്തിന്റെ പരിശീലനത്തിന്​ പണ്ട് പണിതുവെച്ച മലപ്പുറം കോട്ടപ്പടിയിലെ കവാത്ത് പറമ്പിൽ പന്ത് തട്ടിക്കളിച്ച് രാജ്യാന്തര പ്രശസതിയിലേക്കുയർന്ന എത്രയോ മികവുറ്റ താരങ്ങളുടെ കോരിത്തരിപ്പിക്കുന്ന ചരിത്രമാണ് ഫുട്ബോൾ ഭ്രാന്തന്മാരുടെ ഈ നഗരത്തിന് പറയാനുള്ളത്. കോട്ടയും പടിയുമില്ലാത്ത കോട്ടപ്പടിയിൽ നിന്ന് മൂന്നു കിലോമീറ്ററകലെ മേൽമുറി കോണാംപാറയിൽ വീട്ടുകാരറിയാതെ എന്നും വൈകുന്നേരങ്ങളിൽ നടന്നുവന്ന് കവാത്ത് പറമ്പിൽ നഗ്‌നപാദനായി പന്ത് കളിച്ച ഒരു ബാലൻ പിൽക്കാലത്ത് പാകിസ്ഥാൻ ദേശീയ ഫുട്ബോൾ ടീം ക്യാപ്റ്റനായി മാറിയ വിസ്മയകരമായ ചരിത്രമാണ് കുഴിമാട്ടക്കളത്തിൽ മൊയ്തീൻകുട്ടിയെന്ന "ഇരുമ്പൻ മൊയ്തീൻകുട്ടി' യുടേത്.

മൂന്നു മൊയ്തീൻകുട്ടിമാർ മലപ്പുറം ഫുട്ബോളിന്റെ ഇതിഹാസത്തിൽ ശിരസ്സുയർത്തി നിൽപ്പുണ്ട്. അതിലാദ്യത്തെയാൾ ഇരുമ്പൻ മൊയ്തീൻകുട്ടി തന്നെ. അലിൻഡ് കുണ്ടറയിലൂടെ കളിച്ചുതുടങ്ങി, സ്റ്റേറ്റ് ബാങ്ക് വഴി ഇന്ത്യൻ ഇന്റർനാഷനൽ താരമായി മാറിയ ചെറിയാപ്പു എന്ന മലപ്പുറം മൊയ്തീൻകുട്ടി, ഇന്ത്യൻ നാവികസേനയുടെ ഗോൾകീപ്പർ മൈലപ്പുറത്തെ മങ്കരത്തൊടി മൊയ്തീൻകുട്ടി എന്നിവരാണ് മറ്റുരണ്ടു പേർ.

കോട്ടക്കലിനടുത്ത കോഴിച്ചെനയിൽ ഒരു സൈനിക ഹെലികോപ്റ്റർ തകർന്നുവീണതറിഞ്ഞ് അത് കാണാൻ 24 കിലോമീറ്റർ സൈക്കിൾ ചവിട്ടിപ്പോയി അവശനായി തിരിച്ചെത്തിയതും വീട്ടുകാരുടെ ശകാരമേറ്റ് കൂടുതൽ പരിക്ഷീണനാവുകയും ചെയ്ത പതിനാറുകാരനായ കുഴിമാട്ടക്കളത്തിൽ മൊയ്തീൻകുട്ടി, പിൽക്കാലത്ത് ഇന്ത്യൻ വ്യോമസേനാംഗമായി. 1944 ലായിരുന്നു അത്. മലപ്പുറം ഗവ. മുസ്​ലിം ഹൈസ്‌കൂളിലെ മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റും കളിക്കമ്പവുമായിരുന്നു വ്യോമസേനയിലേക്കുള്ള എൻട്രി സുഗമമാക്കിയത്. ബാംഗ്ലൂർ ജലഹല്ലിയിലെ ഐ.എ.എഫ് ക്യാമ്പിൽ രണ്ടു വർഷം. ആ മനസ്സിൽ വിമാനങ്ങൾ ചിറകടിച്ചു. എയർഫോഴ്സ് ക്യാമ്പുകളിലെ ഫുട്ബോൾ ടീമിന്റേയും മൽസരങ്ങളുടേയും ആധികാരികവാക്ക് മൊയ്തീൻകുട്ടിയുടേതായിരുന്നു.

ഇരുമ്പൻ മൊയ്തീൻകുട്ടി പഠനകാലത്ത്​

ഇന്ത്യ വിഭജനത്തിന്റെ അവസാനമാസങ്ങളിൽ വ്യോമസേനയിൽ നിന്ന് രാജി വെച്ച് പാകിസ്ഥാനിലേക്ക് കുടിയേറി. വൈകാതെ പാക് വ്യോമസേനയിൽ അംഗമായി. 1948 മുതൽ "56 വരെ പാക് സർവീസസ് ടീമിനുവേണ്ടി ബൂട്ട് കെട്ടി. അതേ വർഷം (1956) പാക് സർവീസസ് ടീം ക്യാപ്റ്റനും 1960 ൽ പാക് ദേശീയ ഫുട്ബോൾ ടീമിന്റെ നായകനുമായി. ഇരുരാജ്യങ്ങളായി മുഖാമുഖം നിന്ന മൽസരങ്ങളിൽ ഇന്ത്യൻ ടീമിനെതിരെ നിലയുറപ്പിച്ചപ്പോഴും ആകാശത്തിന്റെ അതിരുഭേദിച്ച് അയൽനാടായ പാകിസ്ഥാനിലെത്തി അവിടത്തെ എയർഫോഴ്സിൽ ചേർന്ന് അവരുടെ ടീമംഗങ്ങളിൽ ആവേശം കുത്തിവെച്ചപ്പോഴും പക്ഷേ നഗ്‌നപാദനായി മലപ്പുറത്ത് കാൽപന്ത് കളിച്ച ആ ചെറുപ്പക്കാരനെ ജന്മനാടിന്റെ സഹജമായ ഫുട്ബോൾ ശൈലി വിട്ടൊഴിയാതെ നിന്നിരുന്നു. അന്നത്തെ അടിയുടെ ഊക്ക് കണ്ട് മലപ്പുറത്തെ കളിക്കമ്പക്കാർ പണ്ട് അദ്ദേഹത്തിന് നൽകിയ മറുപേരാണ് ‘ഇരുമ്പൻ മൊയ്തീൻകുട്ടി’. ഇരുമ്പിന്റെ കരുത്തുള്ള ഷോട്ടുകൾ. ഏതോ ഒരു മൽസരത്തിനിടെ മൊയ്തീൻ കുട്ടിയുടെ ഉഗ്രൻ ഷോട്ടിൽ ഇരുമ്പ് ഗോൾപോസ്റ്റ് പൊളിഞ്ഞുവീണെന്നും അതാകാം ഇരുമ്പൻ എന്ന പേര് കിട്ടിയതെന്നും മറ്റൊരു കഥയുമുണ്ട്. ഒരു വേള ഇതെല്ലാം അതിശയോക്തിയാവാം. പക്ഷേ മിന്നൽവേഗത്തിൽ വന്ന തന്റെ ഷോട്ട് പിടിക്കാനാഞ്ഞ ഗോൾ കീപ്പറും പന്തും കൂടി ഗോളായ സംഭവവുമുണ്ടായിട്ടുണ്ട്. ഏതായാലും കാലമേറെ പിന്നിട്ടപ്പോൾ, പാക് ദേശീയ ഫുട്ബോൾ ടീമിനു വേണ്ടി ബൂട്ട് കെട്ടിയ കുട്ടിയുടെ കാരിരുമ്പിന്റെ കരുത്തുള്ള അടിയേറ്റ് പല രാജ്യങ്ങളുടേയും ഗോൾമുഖങ്ങൾ വിറച്ചിട്ടുണ്ട് എന്നത് സത്യമാണ്.

മധ്യനിരയാണ് കുട്ടിയുടെ പൊസിഷൻ. ലാഹോർ സ്റ്റേഡിയത്തിന്റെ മധ്യത്തിൽ നിന്നുള്ള അസ്ത്രവേഗമുള്ള അടി ഗോളാക്കി മാറ്റിയ, ഇന്നോളം പാക് ചരിത്രത്തിൽ തകർക്കാനാവാത്ത ഒരു റെക്കാർഡും കുട്ടിയുടെ കേളീചരിത്രത്തിലുണ്ട്. 1952 ൽ പാക് എയർഫോഴ്സ് ടീം ക്യാപ്റ്റനായിരുന്ന കാലത്താണത്. ഓൾ പാകിസ്ഥാൻ ഇന്റർസർവീസസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് മൽസരത്തിൽ ബർമയ്ക്കെതിരെ സെന്റർഫോർവേഡ് കുട്ടി ഉതിർത്ത നിരവധി ഷോട്ടുകളും പലതും ഗോളായി മാറിയതും പാക് ഫുട്ബോളിലെ എണ്ണം പറഞ്ഞ സംഭവങ്ങളാണ്. പഴയ തലമുറയിലെ കളിക്കമ്പക്കാർക്ക് മറക്കാനാവില്ല, ഇരുമ്പൻ കുട്ടിയുടെ ചേതോഹരമായ പാസുകളും ഡ്രിബ്ലിംഗുകളും ഫിനിഷിംഗുകളും.

പാക് ദേശീയ ഫുട്ബോൾ ടീം

കൊളംബോയിൽ നടന്ന ഏഷ്യൻ ക്വാഡ്രാങ്കുലറിൽ പാക് ടീമിനെ നയിച്ച മൊയ്തീൻകുട്ടി, ആദ്യം വൈസ് ക്യാപ്റ്റനും പിന്നീട് ക്യാപ്റ്റനുമായി. കൊളംബോ കപ്പ് എന്നാണ് ഈ മൽസരം അറിയപ്പെട്ടിരുന്നത്. ഏറെക്കാലം പാക് നാഷനൽ ഫുട്ബോൾ ടീമിന്റെ അമരക്കാരനായ കുട്ടി, ആ രാജ്യത്തിന്റെ കായികഭൂമികയും പുതുതലമുറയും ക്രിക്കറ്റിലേക്ക് വഴിമാറുന്നത് വരെ ഫുട്ബോളിന്റെ "അടിയും തട' യും പാകിസ്ഥാനി യുവാക്കളെ പരിശീലിപ്പിച്ചു. നാലു ക്യാഡ്രാങ്കുലറുകളിലും കുട്ടിയുടെ സാന്നിധ്യം പാക് ഫുട്ബോളിലെ റെക്കാർഡ് നേട്ടങ്ങൾക്ക് നിമിത്തമായി.

കൊളംബോ കപ്പിൽ റംഗൂൺ, കൊൽക്കത്ത, ഡാക്ക ടീമുകൾക്കെതിരെ ഇരുമ്പൻ മൊയ്തീൻകുട്ടി ജഴ്സിയണിഞ്ഞു. അന്നത്തെ സിലോണിനെതിരായ മൽസരത്തിൽ രണ്ടാം പാതിയുടെ ആദ്യരണ്ടു നിമിഷങ്ങളിൽ രണ്ടു ഗോളുകൾ സ്‌കോർ ചെയ്ത് ഏഷ്യൻ ഫുട്ബോളിന്റെ ചരിത്രത്തിൽ പുതിയ അധ്യായമെഴുതിച്ചേർത്തു, കുട്ടി. ആതിഥേയരായ സിലോണിനെ അവരുടെ നാട്ടിൽ അരഡസൻ ഗോളുകൾക്ക് കശക്കിയെറിയാൻ പാക് ടീമിനു കഴിഞ്ഞതിന്റെ പ്രധാന ക്രെഡിറ്റ് ഈ മലപ്പുറത്തുകാരനുള്ളതാണ്. മലപ്പുറത്തുകാരൻ എന്ന് സ്വയം വിളിക്കപ്പെടാനും മലയാളിയായതിൽ അഭിമാനം കൊള്ളാനും തന്റെ മലപ്പുറത്തുകാരി ഭാര്യയായ കിളിയണ്ണി സൈനബയോടും മക്കളായ സുഹൈൽ, ഇക്ബാൽ, റുക്സാന എന്നിവരോടും മലയാളം പറയാനും മടിയില്ലായിരുന്നു കുട്ടിയ്ക്ക്. ഇളയ രണ്ടു കുട്ടികളുമായി ഉർദുവിലായിരുന്നു വിനിമയം.

ഇരുമ്പൻ മൊയ്തീൻ കുട്ടിയുടെ ഭാര്യ കിളിയണ്ണി സൈനബ

വൈസ് ക്യാപ്റ്റൻസിയിൽ നിന്ന് ക്യാപ്റ്റൻസിയിലേക്കുള്ള കുട്ടിയുടെ പ്രമോഷനുകൂടി ഉതകുന്നതായി ഏഷ്യൻ ക്വാഡ്രാങ്കുലറിലെ ഈ ഐതിഹാസിക വിജയം. ഉസ്മാൻ ജാൻ, അബ്ദുൽ വാഹിദ് ദുറാനി, മുഹമ്മദ് ഷെരീഫ് എന്നിവർക്ക് ശേഷം പാകിസ്ഥാൻ ടീമിന്റെ നാലാമത്തെ നായകനായി മാറി, മൊയ്തീൻകുട്ടി. മനിലയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ പാക് ഫുട്ബോൾ ടീമിനെ നയിച്ചതും കുട്ടിയായിരുന്നു. 1955 ൽ ഇറാനിൽ നടന്ന ആർമി ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യ, ഇറാഖ്, സിറിയ എന്നീ ടീമുകളോടെല്ലാം മാറ്റുരച്ച് ഫൈനലിലെത്തിയ കുട്ടിയുടെ പട പക്ഷേ തുർക്കിയോട് അടിയറവ് പറഞ്ഞു. പാക് ഫുട്ബോളിന്റെ ചരിത്രത്തിൽ ഇടം നേടിയ മുഹമ്മദ് ഷെരീഫ്, മുഹമ്മദ് ഗാസി, ആബിദ് ഗാസി തുടങ്ങിയ എക്കാലത്തേയും ഇന്റർനാഷനൽ താരങ്ങളുടെ നിരയിലാണ് മലപ്പുറം മൊയ്തീൻകുട്ടിയുടെ സ്ഥാനം. പാകിസ്ഥാൻ സന്ദർശിച്ച ഇറാൻ ടീമുമായുള്ള സൗഹൃദമൽസരത്തിൽ പരാജയത്തിന്റെ കയ്പറിഞ്ഞ കുട്ടിയുടെ ടീം, മുപ്പത് നാൾക്കകം തന്നെ ഇറാൻ പര്യടനത്തിൽ ടെഹ്റാനിൽ വെച്ച് ആതിഥേയരെ രണ്ടുഗോളുകൾക്ക് കീഴടക്കി മധുരമായി പക വീട്ടിയ ചരിത്രവുമുണ്ട്.

മൊയ്തീൻ കുട്ടിയും മകൻ സുഹൈലും കറാച്ചിയിൽ / ചിത്രം : ജയൻ മേനോൻ

പാകിസ്ഥാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രൈഡ് ഓഫ് പെർഫോമൻസ് പുരസ്‌കാരം കുട്ടിയെത്തേടിയെത്തി. 1969 ൽ പ്രസിഡന്റ് യാഹ്യാഖാനിൽ നിന്നാണ് കുട്ടി ഈ അവാർഡ് സ്വീകരിച്ചത്. പതിനായിരം രൂപയും സ്വർണപ്പതക്കവുമായിരുന്നു ഉപഹാരം. അർഹതയുള്ളവർക്ക് മാത്രം നൽകുന്ന പ്രൈഡ് ഓഫ് പെർമോഫൻസ് പൂർണമായ അർഥത്തിൽ യോഗ്യതയുള്ളവരെ ലഭിക്കാത്തതിന്റെ പേരിൽ പല വർഷങ്ങളിലും റദ്ദാക്കപ്പെടുന്ന, അത്യന്തം അമൂല്യമായ ബഹുമതിയാണ്.

1926 ജനുവരി രണ്ടിന് മലപ്പുറം മേൽമുറിയിൽ ജനിക്കുകയും 2005 ഡിസംബർ 20 ന് പാകിസ്ഥാനിലെ കറാച്ചിയിൽ അന്തരിക്കുകയും ചെയ്ത "ഇരുമ്പൻ മൊയ്തീൻകുട്ടി' യുടെ ഫുട്ബോളിനു പിറകെയുള്ള ഇതിഹാസതുല്യമായ ഗോളാന്തര യാത്ര പുതിയ തലമുറയ്ക്കാകെ ആവേശം പകരുന്നതാണ്. മലബാറുകാർക്ക് മറക്കാനാവില്ല, മലപ്പുറത്തിന്റെ ഫുട്ബോൾ നായകരെ. അവരിൽ നമ്പർ വൺ ഇരുമ്പൻ മൊയ്തീൻകുട്ടി തന്നെ. ലോകം ഖത്തറിലേക്ക് വികസിക്കുന്ന ഈ ലോകകപ്പുകാലത്ത്​, മലപ്പുറത്തുകാർക്ക് മറക്കാനാവില്ല, ഇരുമ്പന്റെ ഓർമകൾ.

ഖത്തർ ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന്

Comments