ഫെബ്രുവരി 25; മലയാള സിനിമാചരിത്രത്തിലെ ഒരു പ്രധാന ദിവസം.
1948 ഫെബ്രുവരി 25 നാണ് പിന്നണിഗാനങ്ങളുടെ അകമ്പടിയോടെ നിർമ്മല എന്ന മലയാളചിത്രം ഇറങ്ങുന്നത്. അപ്പോൾ 2023 മലയാള ചലച്ചിത്രഗാനങ്ങളുടെ എഴുപത്തഞ്ചാം വർഷമാകുന്നു. ഈ വജ്രജൂബിലി വർഷത്തിൽ ആ ചരിത്രനിമിഷത്തിൽ ഭാഗഭാക്കായ ഗായികയും അഭിനേത്രിയുമായ വിമല ബി. വർമ തന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നു. നിർമ്മല എന്ന ചിത്രത്തിൽ ഇരട്ടറോളിൽ അഭിനയിക്കുകയും മൂന്നു ഗാനങ്ങൾ പാടുകയും ചെയ്തിട്ടുണ്ട് വിമല. ആ ഗാനങ്ങൾ രചിച്ചത് മഹാകവി ജി. ശങ്കരക്കുറുപ്പ്. സംഗീതം പകർന്നത് ഇ.ഐ. വാര്യർ. പി. എസ്. ദിവാകർ എന്ന ഒരു സംഗീതസംവിധായകൻ കൂടി ഉണ്ടായിരുന്നു.
മലയാളീസാന്നിധ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ട നിർമ്മല സംവിധാനം ചെയ്തത് പി. വി. കൃഷ്ണയ്യർ ആണ്. പ്രശസ്ത സാഹിത്യകാരൻ പുത്തേഴത്ത് രാമൻ മേനോനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ചിത്രീകരണവും സംഗീതാലേഖനവും സേലം മോഡേൺ തീയറ്റേഴ്‌സ് സ്റ്റുഡിയോവിൽ വെച്ചായിരുന്നു. മാസങ്ങളോളം നീണ്ട റിഹേഴ്‌സലിനെക്കുറിച്ചൊക്കെ വിമല ബി. വർമ ഓർത്തെടുക്കുന്നുണ്ട്. സാങ്കേതികവിദ്യ ഇത്ര വികസിച്ചിട്ടില്ലാത്ത അന്നത്തെ കാലത്ത് അവസാന ടേക്കിനുമുൻപ് ഗായകരും അകമ്പടിവാദകരും ഒരു തെറ്റും വരുത്താതെ ഒഴുക്കോടെ പാടാൻ പരിശീലിക്കേണ്ടതുണ്ടായിരുന്നു.
പിന്നീട് സിനിമയിൽ തുടർന്നില്ലെങ്കിലും സംഗീതവുമായി ബന്ധപ്പെട്ട് തന്നെയാണ് വിമല ബി. വർമ ഇക്കഴിഞ്ഞ വർഷങ്ങൾ ചെലവഴിച്ചത്. മുപ്പതു കൊല്ലം ആകാശവാണിയിൽ ജോലി ചെയ്തു. ഒരുപാട് വേദികളിൽ കർണാടക സംഗീതക്കച്ചേരികൾ നടത്തി. മഹാകവി വള്ളത്തോൾ തന്റെ അച്ഛനും മകളും എന്ന കവിത ആസ്പദമാക്കി കഥകളി അവതരിപ്പിച്ചപ്പോൾ അതിനുവേണ്ടി പാടിയതും വിമല ബി. വർമ തന്നെ. ആകാശവാണിക്കാലത്ത് നിരവധി ലളിതഗാനങ്ങൾക്ക് ഈണം നൽകി. വിശേഷാവസരങ്ങളിൽ സംഗീതശിൽപ്പങ്ങൾ സംവിധാനം ചെയ്തു. രാഘവന്മാഷുടെ അരുമശിഷ്യയായിരുന്നു വിമല.
ഇക്കാലത്തിനിടയിൽ സിനിമാഗാനങ്ങളുടെ രചനയിലും സംവിധാനത്തിലും ആലാപനത്തിലും ആലേഖനത്തിലും പ്രമേയപരവും ഭാവുകത്വപരവും സാങ്കേതികവുമായ ഒരു പാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്, സംഭവിച്ചുകൊണ്ടിരിക്കുന്നു. ഒരുപാട് മലയാളപിന്നണിഗാനചരിത്രം വജ്രജൂബിലി ആഘോഷിക്കുന്ന ഈ വേളയിൽ ഇരുപതിനായിരത്തിപ്പരം ഗാനങ്ങൾ പിറന്നു കഴിഞ്ഞിരിക്കുന്നു. എന്നാൽ ആദ്യത്തേത് എന്ന സവിശേഷസ്ഥാനം എന്നും നമുക്കെല്ലാം പ്രിയപ്പെട്ടതാണ്. അതിനവസരം ലഭിച്ച വിമല ബി വർമ്മ ഇപ്പോൾ സ്വസ്ഥമായി തൃപ്പൂണിത്തുറയിൽ മകളുടെ കുടുംബത്തോടൊപ്പം ജീവിക്കുന്നു.