‘അജിത ഹരേ’ക്ക് നിക്കറിട്ടുകൊടുത്ത്
ഗൗരി ലക്ഷ്മി നടത്തുന്ന ഉടൽ സമരം, പാട്ടുസമരം

വിഷ്വൽ മീഡിയക്കാലം കളർഫുള്ളായ ദൃശ്യാനുഭവ ഉന്മാദമാക്കി പാട്ടിനെ മാറ്റിയതിന്റെ, അതിസമർത്ഥമായി വേഷവിധാനത്തിൻ്റെയും നൃത്തചലനങ്ങളുടെയും നിറത്തിൻ്റെയും ബിംബങ്ങൾ കൊണ്ട് അർത്ഥസാന്ദ്രമായ കലാപമാക്കുന്നതിൻ്റെ പ്രതിവിപ്ലവം ഗൗരി ലക്ഷ്മിയുടെ ‘അജിത ഹരേ’യിലുണ്ട്.

ഗൗരി ലക്ഷ്മി അജിത ഹരേ...പാടുമ്പോൾ ആ ശബ്ദാനുഭൂതിപ്രവാഹത്തിൽ ഭക്തിയുടെ ചിരകാല യാഥാസ്ഥിതികത കുതിർന്നുപോകുന്നു. അപ്പോൾ കേരള കലാചരിത്രത്തിൽ കഥകളിപ്പദം ഇടുങ്ങിയ മതാനുഷ്ഠാനപരതയുടെ ഉറച്ച പുറന്തോട് പൊട്ടിച്ച് യൗവ്വന -ബഹുജന സാഗരത്തിൽ അലയടിക്കുന്നു. ദ്വാരകയിലെത്തിയ കുചേലൻ കൃഷ്ണനെ അഭിസംബോധന ചെയ്യുന്ന, കുചേലവൃത്തം ആട്ടക്കഥയിലെ അജിത ഹരേ… എന്ന പദത്തെ അടിമുടി മതേതരവൽക്കരിക്കുകയാണ് ഗായിക വേദിയിൽ.

കുചേലകഥയെ ചോദ്യം ചെയ്ത് ടി. എസ്. ശ്യാം കുമാർ ചോദിക്കുകയുണ്ടായി, ബ്രാഹ്മണ്യത്തിൻ്റെ മഹിമയുടെ വാഴ്ത്തുപാട്ടല്ലാതെ മറ്റെന്താണ് കുചേലവൃത്തം എന്ന്. കുചേലൻ കൃഷ്ണൻ്റെ പള്ളിമഞ്ചത്തിൽ സ്വീകരിക്കപ്പെട്ടതും കുചേലൻ്റെ പാദം കഴുകുന്നതുമെല്ലാം സതീർത്ഥ്യസ്നേഹത്തിലുപരി ബ്രാഹ്മണപൂജയെ പ്രഘോഷണം ചെയ്യുന്നുവെന്നു സാരം. ബ്രാഹ്മണ്യത്തിൻ്റെ അവസാനത്തെ ഐഡിയോളജിയെയും അരിച്ചുമാറ്റി കുചേലവൃത്തത്തെ, ഈ പദം പാടി 21-ാം നൂറ്റാണ്ടിലേക്കു പുതുക്കിപ്പണിതിരിക്കുന്നു ഗായിക. കലയിലൂടെ പ്രത്യക്ഷപ്പെടുന്ന വരേണ്യതയുടെ സർവ്വവിധ അഹംഭാവങ്ങളെയും ആശയസംഹിതകളെയും സ്റ്റേജിൽ മാനം പറപ്പിക്കുകയാണവൾ. അതോടൊപ്പം, കലയിൽ അന്തര്യാമിയായി കുടികൊള്ളുന്ന സാർവ്വ മാനുഷികതയെ, അതിനെ തളച്ചിട്ടിരിക്കുന്ന സാമൂഹ്യ മതിഭ്രമങ്ങളിൽനിന്ന് മോചിപ്പിക്കുന്നു, ഈ തകർപ്പൻ പെർഫോമൻസ്.

ഇക്കാലത്ത് കേരള പെൺകൊടികൾ അന്തസ്സോടെ ധരിക്കുന്ന മുട്ടോളമെത്താത്ത നിക്കറിട്ടുകൊണ്ടാണിവൾ "മാധവാ..... വിഷ്ണോ .... " എന്നു പാടുന്നത്

മതപരതയിൽ കെട്ടിപ്പൊക്കി ഭക്തിയുമായി മിശ്രണം ചെയ്ത ഒരു പാട്ടിനെ സ്റ്റേജ് പെർഫോമൻസിലേക്ക് കൊണ്ടുവന്ന്, നിക്കറുമിട്ട്, ഒരു പെണ്ണ് പാടുമ്പോൾ, പാട്ടിൻ്റെ പരമ്പരാഗത ഭക്തിമൂല്യത്തിനപ്പാടെ കളങ്കം വരുത്തുകയല്ലേ നിങ്ങൾ ചെയ്യുന്നത് എന്ന് അഭിമുഖകാരൻ സംശയം പ്രകടിപ്പിച്ചപ്പോൾ ഗൗരിയുടെ മറുപടി നോക്കുക: "ബോംബേ ജയശ്രീ പറഞ്ഞ മറുപടിയാണ് എനിക്കും പറയാനുള്ളത്. ‘കൃഷ്ണാ നീ ബേഗനേ ബാരോ’ കീർത്തനമാലപിക്കുമ്പോൾ നിങ്ങൾ ഭക്തിയിൽ ലയിച്ചുചേർന്ന് ആ ദൈവത്തെ കാണുന്നില്ലേ എന്ന് അവരോട് ചോദിച്ചപ്പോൾ ബോംബേ ജയശ്രീ പറഞ്ഞ മറുപടി ഇതാണ്; ‘ഞാൻ കീർത്തനം പാടുമ്പോൾ ദൈവത്തെ കാണാറില്ല, ഞാൻ കാണുന്നത് രാഗത്തിൻ്റെ ഭംഗിയും, ആ സംഗീതം എങ്ങനെയാണ് പോകുന്നത്, അതിൻ്റെ സൗന്ദര്യമെന്താണ്, അതിലെ ഈണത്തിൻ്റെ പ്രത്യേകതയെന്താണ്, ആ സൗന്ദര്യത്തെയാണ് ഞാൻ ആരാധിക്കുന്നത്.’ അതുപോലെയാണ് ഞാനും ‘അജിത ഹരേ’ പാടുന്നത്. എനിക്ക് ഏറെ നൊസ്റ്റാൾജിയയുള്ള പാട്ടാണത്. ഞാൻ വളരെ ചെറുപ്പം മുതലേ കർണാടക സംഗീതം പഠിക്കുന്ന ഒരാളാണ്. എൻ്റെ കോളേജിൽ വെച്ച് ടീച്ചറെന്നെ പഠിപ്പിച്ചതാണീ പാട്ട്, എനിക്കീ പാട്ട് അത്ര ഇഷ്ടമാണ്."

വരേണ്യ സാമൂഹ്യാനുഷ്ഠാന - ആസ്വാദനങ്ങളാൽ നിബന്ധിതമായ കഥകളിപ്പദത്തെ, കലയുടെ ആത്മാംശത്തിന് പോറലേല്പിക്കാതെ ഫ്യൂഡൽ ഉടലുകളിൽ നിന്ന് സർവ്വത്ര ഊരിയെടുക്കുക എന്ന സാംസ്കാരിക രാഷ്ട്രീയം ഇവൾ കൂസലെന്യേ നിർവ്വഹിച്ചിരിക്കുന്നു. പരമ്പരാഗത ആസ്വാദകവൃന്ദത്തെക്കൊണ്ട് ‘കമ’ എന്നൊരക്ഷരം എതിർത്തുപറയിക്കാൻ പറ്റാത്ത നിലയിൽ, അവരെയും അനുഭൂതിയിൽ വിലയിക്കുന്നു ഇവൾ.

ചേങ്ങിലയും ഇലത്താളവും ഒഴിവാക്കി തൽസ്ഥാനത്ത് പുതിയ കൊട്ടുവാദ്യങ്ങൾ മുഴക്കി അജിത ഹരേയുടെ സർഗ്ഗസൗന്ദര്യത്തിലേയ്ക്ക് നമ്മുടെ ചിറകുയർത്തുന്നു ഈ പ്രകടനം എന്നതു മാത്രമല്ല ഇവിടെ പ്രധാനം. ഇക്കാലത്ത് കേരള പെൺകൊടികൾ അന്തസ്സോടെ ധരിക്കുന്ന മുട്ടോളമെത്താത്ത നിക്കറിട്ടുകൊണ്ടാണിവൾ "മാധവാ..... വിഷ്ണോ .... " എന്നു പാടുന്നത്. പെൺ രാഷ്ട്രീയശരീരത്തിലിരുന്നുകൊണ്ട് എത്ര അഭിമാന നിർവൃതിയോടെയാണീ പെണ്ണ് "നീല നീരദ വർണ്ണാ മൃദുല കമല രുചിര നയന നൃഹരേ.." എന്നു കൃഷ്ണനെ വിളിക്കുന്നത്. താൻ ഒരു പദം പാടാൻ വന്നവൾ മാത്രമല്ല എന്ന പ്രഖ്യാപനമാണ് അവളിട്ടിരിക്കുന്ന ചെറിയ നിക്കർ. ഇന്ന് കേരളീയ പുതുതലമുറ പെൺകുട്ടി സ്വയം ആയുധമാക്കുന്ന ഉടൽസമരത്തിലിരുന്നു കൊണ്ട് ഇവൾ കഥകളിപ്പദം നീട്ടിപ്പാടുന്നു. അവൾ കാച്ചെണ്ണ തേച്ച കാർകൂന്തലം കെട്ടിവെച്ചിട്ടില്ല. പകരം അവൾ പാടുമ്പോൾ പാതി മുറിച്ച മുടിയിഴകൾ മുഖത്തേക്കു വീണുലയുന്നു. നോട്ടങ്ങളുടെയോ ശാസനങ്ങളുടെയോ നിഷ്ക്കർഷകളുടെയോ ശാലീനമായ സ്വയംതടവറയിൽ നിന്നല്ല ഇവൾ "പല ദിനമായി ഞാനും ബലഭദ്രനുജാ.." എന്നു പാടുന്നത്.

ഗൗരി ലക്ഷ്മി

വിഷ്വൽ മീഡിയ കാലം കളർഫുള്ളായ ദൃശ്യാനുഭവ ഉന്മാദമാക്കി പാട്ടിനെ മാറ്റിയതിനെ, അതിസമർത്ഥമായി വേഷവിധാനത്തിൻ്റെയും നൃത്തചലനങ്ങളുടെയും നിറത്തിൻ്റെയും ബിംബങ്ങൾ കൊണ്ട് അർത്ഥസാന്ദ്രമായ കലാപമാക്കുന്നതിൻ്റെ പ്രതിവിപ്ലവം ഈ പെർഫോമൻസിലുണ്ട്. അവളുടെ ഗാനത്തിൻ്റെ അകമ്പടിക്കാരായി നൃത്തം ചെയ്യുന്ന പെൺകുട്ടികളെ നോക്കുക. അവർ നീല - കറുപ്പുവർണ്ണക്കുപ്പായമണിഞ്ഞവരും ഇരുണ്ട നിറക്കാരുമത്രേ. കൃഷ്ണനെ സംബോധന ചെയ്യുന്ന ഈ പാട്ടിലേക്ക് കറുപ്പും നീലയും തുണികളണിഞ്ഞ ഇരുണ്ട ശരീരങ്ങൾ വരുമ്പോൾ ബ്രാഹ്മണ പിടിച്ചെടുക്കലുകളുടെ ചരിത്രപദ്ധതികളിൽ നിന്നും കൃഷ്ണൻ രക്ഷപ്പെടുന്നുണ്ട്. ഈ ഉടലുകളും നിറങ്ങളും പാരമ്പര്യത്തെ നിരസിക്കുന്ന വസ്ത്രവിധാനവും ചേർന്ന് പെൺ - ദലിത് - സെക്യുലർ സാംസ്കാരിക അട്ടിമറി വേദിയിലെ അനുഭവമാക്കി മാറ്റുന്നു, അജിത ഹരേ.

വർഷങ്ങൾക്കുമുമ്പ് കലാമണ്ഡലം ഹൈദരലിയെ കണ്ടുമുട്ടിയപ്പോഴാണ്, കസവുകരയുള്ള വെള്ളവസ്ത്രമണിഞ്ഞ ആസ്വാദകസമൂഹത്തിൽ നിന്ന് കഥകളിപ്പാട്ട് കള്ളിമുണ്ടുടുക്കുന്നവരിലേക്കും വന്നുചേർന്നത്. ഹൈദരലി തുടങ്ങിവെച്ചിടത്തു നിന്ന് അരങ്ങിലും സദസ്സിലും നിലനിൽക്കുന്ന എല്ലാ ജീണ്ണാനുശീലനങ്ങളെയും അതിലംഘിച്ചിരിക്കുന്നു ഈ പെൺകുട്ടിയുടെ അജിത ഹരേ....

Comments