നോക്കിനോക്കിയിരുന്നിട്ടും മതിയാകാത്ത വിജയശ്രീ…

‘മലയാള സിനിമയിലെ മറിലിൻ മൺറോ’ എന്നാണ് വിജയശ്രീ അറിയപ്പെട്ടിരുന്നത്. മലയാള സിനിമയിൽ അന്ന് അത്രക്ക് അഴകുള്ള മറ്റൊരു മുഖം ഇല്ലായിരുന്നു എന്നു തന്നെ പറയാം. വിജയശ്രീ അഭിനയിച്ചതുകൊണ്ടു മാത്രം നോക്കി നോക്കിയിരുന്നു മതിയാകാത്ത ചില പാട്ടുകളെ കുറിച്ചാണ് ഇത്തവണയെഴുതുന്നത്- എസ്. ശാരദക്കുട്ടി എഴുതുന്ന ​പാട്ടുകോളം- പടംപാട്ടുകൾ- തുടരുന്നു. വിജയശ്രീയുടെ ദുരൂഹമരണത്തിന് അര നൂറ്റാണ്ട് തികഞ്ഞ വർഷം കൂടിയാണ് 2024.

പടംപാട്ടുകൾ- നാല്

1959-ൽ ബില്ലി വൈൽഡർ സംവിധാനം ചെയ്ത സം ലൈക്ക് ഇറ്റ് ഹോട്ട് എന്ന സിനിമ കണ്ടശേഷം മറിലിൻ മൺറോ തന്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടതിനെ കുറിച്ച് സിൽവിയ പ്ലാത്ത് സ്വന്തം ഡയറിയിൽ എഴുതുന്നുണ്ട്. അഴകുള്ള ഒരു മാലാഖയെ പോലെ അടുത്തിരുന്ന് മറിലിൻ അവളുടെ നഖങ്ങളെല്ലാം വൃത്തിയാക്കി മിനുക്കം വരുത്തിക്കൊടുത്തു. സിൽവിയയാകട്ടെ തന്റെ മുടി കഴുകിയിട്ടുപോലുമുണ്ടായിരുന്നില്ല. ക്രിസ്മസ് അവധിക്ക് തന്റെ കൂടെ വന്നു നില്ക്കാൻ മറിലിൻ സിൽവിയയെ ക്ഷണിച്ചു. എത്രയാഹ്ലാദകരമായ സ്വപ്നം!

പൂത്തുലയുന്ന ഒരു പുതിയ ജീവിതത്തിനായി, ഞാനും ഇതുപോലെ എന്റെ പ്രിയനടിമാരെ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്, അവരൊക്കെ അടുത്ത് വന്നിരുന്ന് എന്നോട് അനുഭവങ്ങൾ പങ്കുവെക്കുന്നതായി. അകാലത്തിൽ ജീവിതമവസാനിപ്പിച്ച വിജയശ്രീയും ശോഭയും സിൽക്ക് സ്മിതയും ഒക്കെ ഒരിക്കലെന്നോട് അവരുടെ ജീവിതസത്യങ്ങൾ പറയാനായി വന്നെങ്കിൽ എന്ന് ഞാനാഗ്രഹിക്കാറുണ്ട്. ഒരു വേനൽക്കാലവസതിയിൽ എന്റെ കൈ പിടിച്ചിരുന്ന് അവർ പറയും, എന്തായിരുന്നു അവരുടെ സങ്കടങ്ങളെന്ന്. അവിടെ ദുഃഖങ്ങൾ മറന്ന് ഞങ്ങൾ പുഞ്ചിരിക്കുകയും പലപല ഭാവങ്ങളിൽ അവർ പാടിയ പാട്ടുകൾ ഒരുമിച്ച് പാടുകയും ചെയ്യും. ഞങ്ങൾ ഒരുമിച്ച് ഒരേ മരത്തിനടിയിലെ തണൽ കൊള്ളുകയും ഒരേ നദിയിൽ നിന്ന് ദാഹം തീർക്കുകയും ചെയ്യും. അത്തരം സാന്ത്വനങ്ങളിൽ ഞാൻ സമാധാനം കണ്ടെത്താറുണ്ട്.

മറിലിൻ മൺറോ
മറിലിൻ മൺറോ

മലയാളസിനിമയിലെ മറിലിൻ മൺറോ എന്നാണ് വിജയശ്രീ അറിയപ്പെട്ടിരുന്നത്. മലയാള സിനിമയിൽ അന്ന് അത്രക്ക് അഴകുള്ള മറ്റൊരു മുഖം ഇല്ലായിരുന്നു എന്നു തന്നെ പറയാം. വിജയശ്രീ അഭിനയിച്ചതുകൊണ്ടു മാത്രം നോക്കി നോക്കിയിരുന്നു മതിയാകാത്ത ചില പാട്ടുകളെ കുറിച്ചാണ് ഇന്നെഴുതുന്നത്.

പ്രസാദകളഭം വാരിത്തൂവും
പ്രകാശചന്ദ്രിക പോൽ ചിരി തൂകി
ഒരു സ്വപ്നത്തിൻ പനിനീർ കാറ്റിൽ
ഒഴുകി വരുന്നവളേ
ഒരു പൂവിതൾ തരുമോ തിരുമധുരം തരുമോ…’’

അശോകപൂർണിമ വിടർന്നുനിൽക്കുന്ന ഒരു സുരഭീയാമത്തിൽ മറ്റൊരു നിലാവു പോലെ വലിയ വീടിന്റെ മട്ടുപ്പാവിൽ നിൽക്കുകയാണ് വിജയശ്രീ. അനുരാഗവിലോലനും അതിലേറെ മോഹിതനുമായി അപ്പുറത്തൊരു വീട്ടിലെ മുറിയിൽ ഉറക്കം നഷ്ടപ്പെട്ട പ്രേംനസീറും. ശ്രീകുമാരൻ തമ്പി, വിജയശ്രീയെത്തന്നെ സങ്കൽപിച്ച് എഴുതിയതോ എന്ന് സംശയം തോന്നുന്നത്ര സാദൃശ്യമുണ്ട് ഈ പാട്ടിലെ കൽപനകൾക്ക്.

വിഷാദവിപിനം വാടിക്കരിയാൻ
വികാരമന്ദിരവാടി തളിർക്കാൻ
ഒരു മോഹത്തിൻ ഋതുകന്യകയായ്‌
പിറവിയെടുത്തവളേ
ഒരു തേന്മൊഴി തരുമോ
തിരുവായ് മൊഴി തരുമോ

മായ എന്ന ചിത്രത്തിൽ വിജയശ്രീയുടെ ഒരു മനോഹര നൃത്തമുണ്ട്.

“വലംപിരി ശംഖിൽ
തീർഥവുമായി വന്നൂ ദ്വാദശിപുലരി
വാരണ വിടുവാൻ വരിനെല്ലുമായി വന്നൂ വണ്ണാത്തിക്കുരുവീ”

വിജയശ്രീയുടേത് എത്ര ചടുലമായ അംഗചലനങ്ങൾ, എന്തൊരു ആഹാര്യശോഭ.  നൃത്തരംഗങ്ങളിൽ വിജയശ്രീ എപ്പോഴും തിളങ്ങുകയായിരുന്നു.
വിജയശ്രീയുടേത് എത്ര ചടുലമായ അംഗചലനങ്ങൾ, എന്തൊരു ആഹാര്യശോഭ. നൃത്തരംഗങ്ങളിൽ വിജയശ്രീ എപ്പോഴും തിളങ്ങുകയായിരുന്നു.

മുഖാരി രാഗത്തിൽ ദക്ഷിണാമൂർത്തി ചിട്ടപ്പെടുത്തിയ ഈ ഗാനത്തിന്റെ വരികളും ശ്രീകുമാരൻ തമ്പിയുടേതാണ്. രംഗത്ത് വിജയശ്രീയുടേത് എത്ര ചടുലമായ അംഗചലനങ്ങൾ, എന്തൊരു ആഹാര്യശോഭ. നൃത്തരംഗങ്ങളിൽ വിജയശ്രീ എപ്പോഴും തിളങ്ങുകയായിരുന്നു. ഒരു ഗൃഹസദസ്സിലെ അനാർഭാടവേഷങ്ങളിലുള്ള നൃത്തമായിട്ടുപോലും വിജയശ്രീ പകർന്ന രംഗശോഭ ആ പാട്ടിനെ ഇന്നും ഒരു കാഴ്ചോത്സവമാക്കുന്നു. പുള്ളിപ്പാവാടയും ഹാഫ് സാരിയുമാണ് വേഷം.

കുരുത്തോലത്തോരണം
ചാർത്തിയ കാവിന്റെ
കുറുമൊഴിമുല്ലത്തറയിൽ
ഒളികണ്ണാൽ എന്നെ കളിയാക്കാൻ നിന്നൂ
ഒളികണ്ണാൽ എന്നേ കളിയാക്കാൻ നിന്നൂ
ഒരു കൊച്ചു പൂവാലനണ്ണാൻ”

പൂവാലനണ്ണാനെന്നു പറയുമ്പോൾ ഒരു കൈമുദ്രയാൽ അണ്ണാനെയും മറുകൈയാൽ അതിന്റെ മുതുകിൽ തലോടുന്നതുമായി അവർ അഭിനയിക്കുമ്പോൾ മുഖത്ത് പടരുന്നത് അനന്യമായ ഒരു കൗതുകഭാവമാണ്. നർത്തകി എന്ന നിലയിൽ അവർ സിനിമകളിൽ പൂർണ്ണമായും സ്വയം സമർപ്പിക്കുന്നത് കണ്ടിട്ടുള്ളതുകൊണ്ടാണ് അവരെ നേരിൽ കാണാൻ ഞാനാഗ്രഹിച്ചത്. അവരുടെ നൃത്തങ്ങളിലൂടെ കണ്ട മലയാളത്തിലെ അതിപ്രശസ്തങ്ങളായ മനോഹരഗാനങ്ങൾ അവരെ കാണണമെന്നുള്ള വലിയ പ്രേരണയായി. അങ്കത്തട്ടും ആരോമലുണ്ണിയും ഒതേനന്റെ മകനും പൊന്നാപുരം കോട്ടയും പത്മവ്യൂഹവും ലങ്കാദഹനവും പോസ്റ്റുമാനെ കാണാനില്ലയും സംഭവാമി യുഗേ യുഗേയും ജീവിക്കാൻ മറന്നുപോയ സ്ത്രീയും യൗവ്വനവും വണ്ടിക്കാരിയും വരെ എത്ര ചിത്രങ്ങൾ, എത്ര ഗാനങ്ങൾ.

ലങ്കാദഹനം എന്ന സിനിമയിലെ ‘സ്വർഗ്ഗനന്ദിനീ സ്വപ്ന വിഹാരിണീ ഇഷ്ടദേവതേ സരസ്വതീ’ എന്ന ഗാനരംഗം
ലങ്കാദഹനം എന്ന സിനിമയിലെ സ്വർഗ്ഗനന്ദിനീ സ്വപ്ന വിഹാരിണീ ഇഷ്ടദേവതേ സരസ്വതീ’ എന്ന ഗാനരംഗം

ഒരിക്കൽ തിരുനക്കര ക്ഷേത്രോത്സവത്തിന് വിജയശ്രീയുടെ നൃത്തമുണ്ടായിരുന്നു. ലങ്കാദഹനമെന്ന ചിത്രത്തിലെ പ്രസിദ്ധമായ

സ്വർഗ്ഗനന്ദിനീ സ്വപ്ന വിഹാരിണീ
ഇഷ്ടദേവതേ സരസ്വതീ’’
എന്ന നൃത്തത്തോടെയാണ് അന്നവർ പരിപാടി ആരംഭിച്ചത്.

“രാഗവും നീയേ താളവും നീയേ
ഭാവവും ലയവും ശ്രുതിയും നീയേ
കാലം നമിക്കും കേളീകലയിൽ
കണികയായ് ഞാനാം സ്വരമലിയേണം
വാണീമണീ വരദായിനീ
വാണീമണീ വരദായിനീ”

എന്ന രണ്ടാമത്തെ ചരണത്തിനൊടുവിൽ അവർ ദേവീഭാവത്തിൽ വീണ മീട്ടി രാഗതാളശ്രുതിലയത്തിൽ ഇരുന്ന ആ ഭാവം കണ്ട ജനങ്ങൾ നിലയ്ക്കാത്ത കയ്യടിയാണ് നൽകിയത്. ശാസ്ത്രീയനൃത്താഭ്യസനം എന്റെ നടക്കാതെ പോയ ഒരു സ്വപ്നമാണ്. വിജയശ്രീയുടെ നൃത്തരംഗങ്ങൾ അന്നൊക്കെ എന്റെ കുളിമുറിയെ നൃത്തമണ്ഡപമാക്കിയിരുന്നു. ചലച്ചിത്രത്തിലെ ഗാനരംഗങ്ങൾ തീയേറ്ററിൽ കാണുന്നതല്ലാതെ ഇന്നത്തേതുപോലെ കൊതിതീരെ കാണാനുള്ള സൗകര്യങ്ങളൊന്നും അന്നുണ്ടായിരുന്നില്ലല്ലോ. ഇപ്പോഴും യൂട്യൂബിൽ ഞാനേറ്റവുമധികം കാണാനിഷ്ടപ്പെടുന്ന ഗാനങ്ങളിലൊന്ന് വിജയശ്രിയുടെ ‘സ്വർഗ്ഗനന്ദിനീ’ തന്നെയാണ്. അവർ താരതമ്യേന മികച്ച അഭിനേത്രിയായിരുന്നിട്ടും അഭിനയത്തിന്റെ പേരിലായിരുന്നില്ല സിനിമാലോകം അവരെ ഉപയോഗിച്ചത്. അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ അധികമായി കിട്ടിയില്ലെങ്കിലും അവരുടെ എത്രയെത്ര മികച്ച നൃത്ത- ഗാന രംഗങ്ങളാണ് ഇന്നും മനസ്സിൽ തിളങ്ങി നിൽക്കുന്നത്.

മറുനാട്ടിൽ ഒരു മലയാളി എന്ന സിനിമയിൽ, വിജയശ്രീയും പ്രേംനസീറും ചേർന്ന് പാടിയഭിനയിക്കുന്ന,

മനസ്സിലുണരൂ ഉഷസ്സന്ധ്യയായ്
മായാമോഹിനി സരസ്വതീ
നാദസരസ്സിലെ നവരത്ന വീണയിൽ
നാദം തുളുമ്പുമീ നവരാത്രിയിൽ”

എന്ന ദേവീസ്തുതിയുടെ ഭക്തിഭാവത്തിന് അവർ ദൃശ്യശോഭ നൽകി. ഈ ഗാനം കേൾക്കാതെ ഒരു നവരാത്രികാലവും കടന്നുപോകാറില്ല. ദക്ഷിണാമൂർത്തി ഈണം നൽകിയ അനശ്വരമായ ഒട്ടേറെ ക്ലാസിക്കൽ ഗാനങ്ങൾക്കനുസരിച്ച് പാടിയഭിനയിക്കാൻ ഭാഗ്യം ലഭിച്ചു വിജയശ്രീക്ക്.

നവനവ മോഹങ്ങൾ നർത്തനം ചെയ്യുന്ന
നാദമനോഹര ലയരാവിൽ
നിൻ മന്ദഹാസമാം ബോധനിലാവിൽ
എൻ മനക്കണ്ണുകൾ വിടരട്ടെ

ഈ സരസ്വതീസ്തുതി കേൾക്കുമ്പോൾ എന്റെ കണ്മുന്നിൽ തെളിയുന്ന ഭഗവതീരൂപം വിജയശ്രീയുടേതുതന്നെയാണ്. മദാലസയും മഞ്ജുള വാഗ് വിലാസയുമായ ത്രിപുരസുന്ദരി. അവർ,

“അഴകായ് വീര്യമായ്
ആത്മസംതൃപ്തിയായ്’’ എന്നിൽ നിറയുന്നു.

അക്കാലത്ത്, സിനിമാതാരങ്ങളൊക്കെ കോട്ടയത്തു വന്നാൽ അന്നത്തെ സിനിമാമാസികയായ ചിത്രരമയുടെ ഉടമയായ ആസാദ് ശങ്കരൻ നായരുടെ വീട്ടിൽ വരാതിരിക്കില്ല. തിരുനക്കരയിലെ ഞങ്ങളുടെ വീടിന്റെ തൊട്ടുപിറകിലാണ് അനിയൻ ചേട്ടൻ എന്ന് കോട്ടയത്തുകാർ വിളിക്കുന്ന ആസാദ് ശങ്കരൻ നായരുടെ വീടും സിനിമാമാസിക പ്രസും. സിനിമാമാസിക പ്രസിൽ നിന്ന് രാപകൽ നിലയ്ക്കാതെയുള്ള ടകടക ശബ്ദം ഞങ്ങളുടെ ജീവിതത്തിന്റെ താളം തന്നെയായിരുന്നു. ഓരോ സിനിമാതാരത്തിന്റെയും ജീവിതവും പ്രണയങ്ങളും പ്രണയഭംഗങ്ങളും രഹസ്യങ്ങളും സിനിമാക്കാർക്കിടയിലെ ഗോസിപ്പുകളും ആത്മഹത്യകളും എല്ലാം കടലാസിൽ പതിയുന്ന ആ താളം കേട്ടാണ്, അതു വായിച്ചാണ് ഞാൻ ഒരു ചലച്ചിത്രസദൃശമായ ജീവിതം മോഹിച്ചതും പാട്ടുപാടി ആട്ടമാടി നടന്നതും.

“നക്ഷത്രകിന്നരന്മാർ വിരുന്നുവന്നു” എന്ന ഗാനരംഗം
“നക്ഷത്രകിന്നരന്മാർ വിരുന്നുവന്നു” എന്ന ഗാനരംഗം

അന്ന് സിനിമാമാസിക ഓഫീസിന്റെ മുന്നിലെ വഴിയിൽ ഞാനവരെ നേരിൽ കണ്ടു. സ്വപ്നസുന്ദരിയെ കണ്ടിട്ട് അക്ഷരാർഥത്തിൽ ഞാൻ കണ്ണുതള്ളി നിന്നു പോയി. വിശ്വസിക്കാനാകാത്ത ലാളിത്യമായിരുന്നു അവരുടെ വേഷത്തിൽ. ഇളംനീല നിറമുള്ള ജോർജറ്റ് സാരിയും വെള്ളയിൽ നീലപ്പൊട്ടുകളുള്ള കൈ നീളമുള്ള ബ്ലൗസും.

നക്ഷത്ര കിന്നരന്മാർ വിരുന്നുവന്നു
നവരത്ന ചിത്രവേദി ഒരുങ്ങിനിന്നൂ
യാമിനീ കന്യക തൻ മാനസവീണയിൽ
സ്വാഗതഗാനം തുളുമ്പിനിന്നൂ”

എന്ന ഗാനരംഗത്തിലാണ് ഞാനവരെ അത്രക്ക് സുന്ദരിയായും ഇത്രക്ക് ലാളിത്യത്തിലും കണ്ടിട്ടുള്ളത്. നീണ്ടമുടി പിന്നി മുന്നോട്ട് ഇട്ട്, മുല്ലപ്പൂ ചൂടി പിയാനോ വായിക്കുന്ന വിജയശ്രീ.

മലർവന സ്വപ്നങ്ങൾ തേങ്ങീ
മണ്ണിന്റെ പ്രതീക്ഷകൾ മിന്നീ
കരിമേഘലഹരിയിൽ അലിഞ്ഞൂ
കനകപ്പൂന്തിങ്കൾ മറഞ്ഞൂ
കാത്തിരിപ്പൂ രജനീ കാത്തിരിപ്പൂ”

ഞാനവരെ കണ്ണിമക്കാതെ നോക്കിനിന്നു. സിനിമക്കുള്ളിൽ കാണുന്നത്ര മുഴുത്ത വെച്ചുകെട്ടലുകളൊന്നും അവരുടെ ശരീരത്തിലില്ലായിരുന്നു. അസാധാരണ അഴകുള്ള ഒരു സാധാരണ ശരീരം. നീണ്ട വിരലുകൾ, ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴി, കൺപോളകൾക്കു മുകളിലൂടെ ചെറുതായി നീട്ടിയെഴുതിയ മഷിപ്പാട്. ഹൃദയങ്ങളെ ചൂടുപിടിപ്പിക്കുന്നതോ ആളിക്കത്തിക്കുന്നതോ ആയ ഒരു ഭാവവും ആ മുഖത്തുണ്ടായിരുന്നില്ല. ഒരസ്വാഭാവിക ദീപ്തി ആ മുഖത്തു നിന്ന് പ്രസരിച്ചിരുന്നു. അതാണ് ഞാൻ കണ്ട വിജയശ്രീ.

ഒതേനന്റെ മകനിൽ അവർ ഒതേനന്റെ പ്രണയിനിയായ ചാത്തോത്തെ കുങ്കിയാണ്. കിളിമകളുടെ കയ്യിൽ കാമുകന് സന്ദേശം കൊടുത്തയക്കുകയാണ് കുങ്കി.

“കദളീവനങ്ങൾക്കരികിലല്ലോ
കടത്തനാടൻ കളരി
കളരി മുറ്റം വരെ പോയി വരാമോ
കളമൊഴിയേ കിളിയേ”

വടക്കൻ പാട്ട് സിനിമകളിൽ രാഗിണിക്കുശേഷം ഇത്ര തിളങ്ങിയ മറ്റൊരു നായികയില്ല. രാഗിണിയോട് ചെയ്യാത്ത ക്രൂരതയാണ് ചമയങ്ങളിൽ സംവിധായകൻ വിജയശ്രീയോട് ചെയ്തത്. വളരെ കൃത്രിമത്വം തോന്നിക്കുന്ന അസ്വാഭാവിക വലുപ്പവുമുള്ള ഉടുത്തുകെട്ടലുകളോടെയാണ് വിജയശ്രീ ആ രംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. മണിക്കൂറുകളോളം അവർ ഷൂട്ടിങ് സെറ്റിലെ ചൂടിൽ കഷ്ടപ്പെട്ടിരിക്കും. കൂടുതൽ കൂടുതൽ സെക്സി ആയി പ്രത്യക്ഷപ്പെടാത്തതിൽ കുപിതനായ സംവിധായകൻ വിജയശ്രീയോട് സെറ്റുകളിൽ അപമര്യാദയായി ദേഷ്യപ്പെട്ടിട്ടുണ്ടെന്നൊക്കെ പിന്നീട് വായിച്ചപ്പോഴും കണ്ണുനിറഞ്ഞപ്പോഴും ഞാൻ ഈ രംഗത്തെ അവരുടെ നൃത്തം കണ്ണിമക്കാതെ നോക്കിയിരിക്കുകയാണ്. അവർ കരയുമോ പതറുമോ? ഇല്ല.

“തളിരിട്ടു നിൽക്കും തൈമാവിൻ കൊമ്പിൽ താണിരുന്നാടുമ്പോൾ
തട്ടും കാണാം പയറ്റും കാണാം
തച്ചോളിഓതിരം അടുത്തു കാണാം’’

എന്നു പാടുമ്പോൾ അവർ പ്രസാദവതിയാണ്. സ്വയം മറന്ന് അവർ ഊഞ്ഞാലിലെന്നതു പോലെ മുന്നോട്ടും പിന്നോട്ടും ആടുന്നുണ്ട്. തട്ടും പയറ്റും തച്ചോളി ഒതിരവും അഭിനിയിച്ചു കാണിക്കുന്നുണ്ട്. വിജയശ്രീയുടെ നൃത്തം ഓരോ തവണ കാണുമ്പോഴും എന്റെ നൃത്താഭിരതി വർദ്ധിച്ചു വന്നു. കുളിമുറിയിൽ ഞാൻ ചെലവഴിക്കുന്ന സമയവും ഏറി വന്നു. ഷവറിനടിയിൽ കുഞ്ഞിക്കുങ്കിയും വയനാടൻ കന്നിയുമായി മാറി ഞാൻ. മഞ്ഞളും ചന്ദനവുമരച്ച് ദേഹത്തു പുരട്ടിയും എണ്ണയും ഇലത്താളിയുമൊരുക്കിയും മുലക്കച്ചകെട്ടിയും, ഈ അശിക്ഷിത നർത്തകിയെ കൊണ്ട് അവർ നൃത്തമാടിച്ചു.

നാഗപുരം പട്ടെടുത്തുവെച്ചോ
നാഭിപ്പൂമാല പൊതിഞ്ഞുവെച്ചോ
കുളികഴിഞ്ഞേഴിലക്കുറികൾ ചാർത്താൻ
കതിർമുഖകണ്ണാടിക്കൂടെടുത്തോ
പട്ടുണ്ടലങ്കാരച്ചെപ്പുമുണ്ട്
മുത്തുക്കണ്ണാടിയലുക്കുമുണ്ട്’’

ഇക്കാലത്ത് അമ്മ എന്നെ വല്ലാതെ ഭയന്നുതുടങ്ങി. കുളിമുറിയിൽ ഈ പെണ്ണെന്തെടുക്കുകയാണെന്ന അമ്മയുടെ ആത്മഗതങ്ങൾ ഉറക്കെയായി. ആൺ സൗന്ദര്യത്തെ വർണ്ണിച്ച് പെണ്ണ് പാടുന്ന പാട്ടുകൾ അക്കാലത്ത് വടക്കൻ പാട്ടു സിനിമകളിൽ മാത്രമേയുള്ളു. അതൊക്കെ ഞാൻ ഉറക്കെ പാടുമായിരുന്നു.

വടക്കൻ പാട്ടിലെ നായികമാരോടുള്ള ഇഷ്ടത്തിന്റെ ഒരു കാരണം, അവർക്ക് അഭിലാഷങ്ങൾ പാടി നടക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു എന്നതാണ്. അഭിനിവേശങ്ങളെ വിരൽതൊട്ടുണർത്തിയ കാമുകനോട്, സദാചാരവിലക്കുകളെ ഭയക്കാതെ അവർ അഭിലാഷങ്ങൾ തുറന്നു പറയുകയും അറ തുറന്ന് അവനെ സ്വീകരിക്കുകയും ചെയ്തു.
വടക്കൻ പാട്ടിലെ നായികമാരോടുള്ള ഇഷ്ടത്തിന്റെ ഒരു കാരണം, അവർക്ക് അഭിലാഷങ്ങൾ പാടി നടക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു എന്നതാണ്. അഭിനിവേശങ്ങളെ വിരൽതൊട്ടുണർത്തിയ കാമുകനോട്, സദാചാരവിലക്കുകളെ ഭയക്കാതെ അവർ അഭിലാഷങ്ങൾ തുറന്നു പറയുകയും അറ തുറന്ന് അവനെ സ്വീകരിക്കുകയും ചെയ്തു.

നളചരിതത്തിലെ നായകനോ
നന്ദനവനത്തിലെ ഗായകനോ
അഞ്ചിതൾപ്പൂക്കൾ കൊണ്ടമ്പുകൾ തീർത്തവൻ
ആവനാഴി നിറയ്ക്കുന്ന കാമദേവനോ

വടക്കൻ പാട്ടിലെ നായികമാരോടുള്ള ഇഷ്ടത്തിന്റെ ഒരു കാരണം, അവർക്ക് അഭിലാഷങ്ങൾ പാടി നടക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു എന്നതാണ്. അഭിനിവേശങ്ങളെ വിരൽതൊട്ടുണർത്തിയ കാമുകനോട്, സദാചാരവിലക്കുകളെ ഭയക്കാതെ അവർ അഭിലാഷങ്ങൾ തുറന്നു പറയുകയും അറ തുറന്ന് അവനെ സ്വീകരിക്കുകയും ചെയ്തു.

“അങ്കണപ്പൂമുഖക്കളരികളിൽ പൂഴി-
യങ്കം പയറ്റിയ ചേകവനോ
കച്ചകൾ മുറുക്കിയ കോമപ്പനോ
തച്ചോളിവീട്ടിലെ ഉദയനനോ
രണവീരനോ അവൻ യുവധീരനോ എന്റെ
രഹസ്യമോഹങ്ങളെ കുളിർകൊണ്ടു മൂടിയ
കാമുകനോ - കാമുകനോ”

കാമുകനുവേണ്ടി അങ്കം വെട്ടുകയും തീയിൽ ചാടുകയും വേഷപ്രഛന്നരായി കോട്ടമതിലുകൾ ചാടിക്കടക്കുകയും ചെയ്ത പ്രണയിനിമാർ. അവരുടെ ശാരീരികക്ഷമതയും വീര്യവും സാഹിത്യത്തിൽ വായിച്ചതിന്റെ ഇരട്ടിയാക്കി പ്രദർശിപ്പിച്ച് കുഞ്ചാക്കോ നേട്ടങ്ങൾ കൊയ്തു.

അങ്കത്തട്ട് എന്ന സിനിമയിലെ ഗാനരംഗം
അങ്കത്തട്ട് എന്ന സിനിമയിലെ ഗാനരംഗം

സ്വപ്നലേഖേ നിന്റെ സ്വയംവരപ്പന്തലിൽ ഞാൻ
പുഷ്പകപ്പല്ലക്കിൽ പറന്നുവന്നു
എന്റെ മംഗലശ്രീദല മാല ചാർത്താൻ
ഭവാൻ മത്സരക്കളരിയിൽ ജയിച്ചു വന്നു“

ഈ ഗാനരംഗത്ത് ജ്വലിക്കുന്ന സൗന്ദര്യമാണ് നായികക്ക്. അങ്കത്തട്ട് എന്ന ചിത്രത്തിന്റെ നിർമ്മാതാവുമായി വിജയശ്രീ പ്രണയത്തിലായിരുന്നുവെന്നും അവർ ഉടനെ വിവാഹിതരാകുമെന്നുമെല്ലാം ആയിടെ വാർത്തകളുണ്ടായിരുന്നു. എത്രയെത്ര സ്വപ്നങ്ങളോടെയാകും ഈ രംഗത്ത് സ്വന്തം കാമുകന്റെ സവിധത്തിൽ അവർ അഭിനയിച്ചിരിക്കുക.

മേലാകെ പൂത്തുപൂത്ത് ഞാൻ തന്നെ
ഒരു വനമാലയായ് മാറിയാലോ
താമരമാലയായ് മാറിയാലോ‘

ഒരുമിച്ചൊരു ഭാവിയെ കുറിച്ചുള്ള പ്രതീക്ഷ എപ്പോഴാകും വിജയശ്രീ കൈവിട്ടു കളഞ്ഞത്? ജീവിതത്തിലെ അവസാനത്തെ ചുവടുകൾ വെക്കാൻ എന്തിനാകും അവർ തീരുമാനമെടുത്തത്?

വയലാറിന്റെ മനോഹര വരികളുള്ള മറ്റൊരു സുന്ദര ഗാനം കൂടിയുണ്ട് ഈ ചിത്രത്തിൽ.

“അംഗനമാർ മൗലേ അംശുമതിബാലേ
അനംഗകാവ്യകലേ ഇതിലേ ഇതിലേ ഇതിലേ“

അനംഗകാവ്യകല, അവർ മലയാള സിനിമക്ക് അതു മാത്രമായിരുന്നു. വയലാർ വിജയശ്രീയെ മനസ്സിൽ കണ്ടെഴുതിയതു പോലെ തോന്നിക്കുന്ന മറ്റു ചില വരികളുമുണ്ട് ഈ ഗാനത്തിൽ.

“നിൻ പാദം ചുംബിച്ചൊരുന്മാദം കൊള്ളുമീ
ചെമ്പകപ്പൂവായ് ജനിച്ചിരുന്നെങ്കിൽ ഞാൻ
നിന്നംഗസൗഭഗം വാരിപ്പുണരുമീ
മന്ദസമീരനായ് ജനിച്ചിരുന്നെങ്കിൽ ഞാൻ
എങ്കിൽ ഞാൻ ചക്രവർത്തി - ഒരു പ്രേമചക്രവർത്തീ“

ഇപ്പോൾ അവരെ കുറിച്ചോർക്കുമ്പോൾ സന്തോഷത്തേക്കാൾ വേദനയാണ് തോന്നുന്നത്. തുടകളും മുലകളും മാത്രമുള്ള ഒരു മാംസള ശരീരമായി അവരെ അവതരിപ്പിക്കാൻ സംവിധായകർ എത്രമാത്രം മത്സരിച്ചിരുന്നു.

സിനിമയെന്ന വ്യവസായത്തിന്റെ അണിയറ ഒരുക്കങ്ങൾ പെൺശരീരങ്ങളോട് ചെയ്ത ചതികൾ പുറത്തറിഞ്ഞു തുടങ്ങിയത് കാലം പിന്നീടെത്രയോ കഴിഞ്ഞാണ്. സിനിമയിലെത്തുന്ന സാധാരണ പെൺശരീരങ്ങളെ എത്രയധികം നോവിച്ചിട്ടായിരുന്നിരിക്കും അവയെ സിലിക്കൺനിർമ്മിത ശിൽപങ്ങളാക്കി മാറ്റിയിരിക്കുക. കോസ്റ്റ്യൂം ഡിസൈനർമാരെക്കൊണ്ട് ഏതെല്ലാം തരത്തിലായിരിക്കും പെൺശരീരങ്ങളെ തങ്ങളുടെ ഭാവനക്കൊത്തവണ്ണം സംവിധായകർ കൊത്തിപ്പണിയിച്ചത്. കടുത്ത വേനലിലും ചൂടിലും പൊള്ളിയും വിയർത്തും നൊന്തും അവർ ആടിയതും പാടിയതും കണ്ടാണ് ഒരു കാലത്തെ യൗവനങ്ങൾ വികാരഭരിതരായത്. വെച്ചു കെട്ടെല്ലാം അഴിക്കുമ്പോൾ ദീർഘനേരത്തേക്ക് അനുഭവപ്പെടുന്ന ശരീരവേദനയെ കുറിച്ച് അക്കാലത്തെ നടികൾ പിന്നീടു നടത്തിയ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. സിലിക്കൺ മുലക്കച്ചകളും പുറത്തുതെളിയുന്ന തരത്തിൽ മുഴച്ചു നിൽക്കുന്ന കൃത്രിമ മുലക്കണ്ണുകളും ശരീരത്തിനുണ്ടാക്കിയ ക്ഷതങ്ങളെക്കുറിച്ച്. 70- കളിൽ ആ തരത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ട ശരീരം ഒരു പക്ഷേ വിജയശ്രീയുടേതായിരിക്കാം.

അഭിനയസാധ്യതയുള്ള വേഷത്തിനുവേണ്ടി വിജയശ്രീ കൊതിച്ചിരുന്നു. ആ ആഗ്രഹം സഹപ്രവർത്തകരോട് പങ്കുവെക്കുകയും ചെയ്തിരുന്നു. പക്ഷേ സിനിമയുടെ വാണിജ്യക്കണ്ണുകൾക്ക്,

“കാമിനിപാടുന്ന രാഗമെല്ലാം
കാമന്റെ വില്ലിലെ ഞാണൊലികൾ
ഓരോ സ്വരവും മധുരതരം
ഓരോ വർണ്ണവും പ്രണയമയം
പ്രണയമയം സ്വപ്നലഹരിമയം”

വിജയശ്രീയുടെ അവസാന ചിത്രമായ യൗവ്വനത്തിലെ ഗാനങ്ങളും ക്ലാസിക്കൽ ശൈലിയിലുള്ളതാണ്.

സ്വർണ്ണപ്പൂഞ്ചോല ചോലയിൽ
വർണ്ണത്തിരമാല
സ്വർണ്ണപ്പൂഞ്ചോല ചോലയിൽ
വർണ്ണത്തിരമാല
എന്റെ മനസ്സാം പൂഞ്ചോല
എന്റെ മനസ്സാം പൂഞ്ചോല
എന്നും പാടും പൂഞ്ചോലാ“

രാഘവന്റെ മുന്നിൽ പാട്ട് അഭ്യസിക്കാനിരിക്കുന്ന പെൺകുട്ടി. വിട്ടുമാറാത്ത കൗതുകമാണ് വിജയശ്രീയുടെ മുഖത്തിന്റെ സ്ഥായീഭാവം. അവിടെ മഷിയിട്ടു നോക്കിയാൽ പോലും രതിഭാവം കണ്ടെടുക്കാനാവില്ല. രതിഭാവം മാംസളശരീരത്തിൽ മാത്രം തേടുന്നവർക്ക് അത് മനസ്സിലാക്കാൻ പ്രയാസമാണ്. ആ നടിയുടെ കണ്ണുകളിൽ നിറഞ്ഞ ഭാവമെന്തെന്ന് ഗാനത്തിന്റെ രണ്ടാം ചരണത്തിലുണ്ട്.

‘‘സ്നേഹത്തിൻ ദാഹം
ആ ഗാനത്തിൻ രാഗം
ആ ഗാനത്തിൻ രാഗം
രാഗധാരയിൽ നീന്തിയാടും
ദേവഹംസങ്ങൾ
ഭാവനതൻ...ഭാവനതൻ
ഭാവനതൻ വെണ്ണോടങ്ങൾ”

ഭാവവൈവിധ്യങ്ങൾ അനായാസമായി മിന്നിമറയുന്ന ആ മുഖത്ത്, നൃത്തരംഗങ്ങളിൽ ആകർഷകമായ ഒരാത്മവിശ്വാസം തിളങ്ങിനിന്നു. സിനിമയിലെ നൃത്തരംഗങ്ങളിൽ അവർ തനിക്കാകാവുന്നത്ര സ്വയം സമർപ്പിച്ചു. അത് മാത്രമായിരുന്നു സിനിമകളിൽ അവർക്ക് ആത്മസംതൃപ്തിക്കുവേണ്ടി ചെയ്യാൻ കഴിയുമായിരുന്നത്.

മറുനാട്ടിൽ ഒരു മലയാളിയിലെ,

“ഗോവർദ്ധനഗിരി കൈയിലുയർത്തിയ
ഗോപകുമാരൻ വരുമോ തോഴി
കാളിയമർദ്ദന നർത്തനമാടിയ
കമനീയാംഗൻ വരുമോ തോഴി“

നായകനു നേർക്കുള്ള അനുരാഗപാരവശ്യം സിനിമയിലെ ക്ലാസിക്കൽ നൃത്തങ്ങളിൽ അവർ മിഴിവോടെ അവതരിപ്പിച്ചതിന് ഉദാഹരണങ്ങൾ ഇനിയുമേറെയുണ്ട്.

അൽപവസ്ത്രവേഷങ്ങളിൽ നിന്നു മാറി, അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെ, 'ജീവിക്കാൻ മറന്നുപോയ സ്ത്രീ ' എന്ന ചിത്രത്തിൽ അവതരിപ്പിച്ചത് അവരുടെ ജീവിതത്തിലെ വലിയ സംതൃപ്തിയായിരുന്നു എന്ന് അന്ന് കേട്ടിരുന്നു. പിന്നീടെത്രയോ കാലത്തിനുശേഷം ആ ചിത്രം യൂട്യൂബിൽ കണ്ടപ്പോൾ ഒരു മികച്ച അഭിനേത്രിയോട് മലയാള സിനിമാലോകം ചെയ്ത നീതികേട് ബോധ്യപ്പെട്ടു. വളരെ ഗൗരവസ്വഭാവമുള്ള കഥാപാത്രമായി, ജീവിതത്തിന്റെ സന്തോഷങ്ങളും സങ്കടങ്ങളും അവഗണനകളും അവർ അഭിനയിച്ചു. ചിത്രത്തിലെ മറ്റൊരു നായികയായ ഷീലയുടേതിനേക്കാൾ മിതത്വവും ഒതുക്കവുമുള്ളതായിരുന്നു വിജയശ്രീയുടെ പ്രകടനം.

അഭിനയിക്കാനെത്തുന്ന നടിമാരുടെ ശരീരം എത്രമാത്രം വിപണിസാധ്യതയുള്ളതാണെന്ന് തെളിയിക്കാൻ സിനിമാമുതലാളിമാർ മത്സരിച്ചു. എങ്ങനെയും കുടുംബം സംരക്ഷിക്കാനെത്തുന്ന പാവം സുന്ദരിമാർ ജീവിതം മടുത്തിട്ടും പിടിച്ചു നിന്നു. ചിലർ ഇടക്ക് വെച്ച് തകർന്ന് ഇല്ലാതെയായി.

വിജയശ്രീയുടേത് ആത്മഹത്യയായിരുന്നുവോ? അതെ എന്ന് വിശ്വസിപ്പിക്കാനെളുപ്പമായിരുന്നു. ആത്മഹത്യയുടെ കാരണങ്ങളെ കുറിച്ചല്ലാതെ കൊലപാതകത്തിന്റെ സാധ്യതകളെ കുറിച്ചാലോചിക്കാനുള്ള അറിവൊന്നും സിനിമാലോകത്തിനുപുറത്ത് അന്നുണ്ടായിരുന്നില്ല. പൊന്നാപുരം കോട്ടകൾക്കകത്തെ വാർത്തകൾ പിടിക്കാൻ മാധ്യമങ്ങൾക്ക് ഇന്നത്തെയത്ര ഘ്രാണശേഷി അന്നുണ്ടായിരുന്നില്ല. ദീദി ദാമോദരന്റെ ‘നായിക’ എന്ന ചലച്ചിത്രം വിജയശ്രീയുടെ ജീവിതത്തെ അധികരിച്ചെടുത്തതാണ്. അന്ന് അടക്കിപ്പറഞ്ഞിരുന്ന പല സംശയങ്ങളും ആ ചിത്രം ഉറക്കെപ്പറയുന്നുണ്ട്.

അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെ, 'ജീവിക്കാൻ മറന്നുപോയ സ്ത്രീ ' എന്ന ചിത്രത്തിൽ അവതരിപ്പിച്ചത് അവരുടെ ജീവിതത്തിലെ വലിയ സംതൃപ്തിയായിരുന്നു എന്ന് അന്ന് കേട്ടിരുന്നു.
അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെ, 'ജീവിക്കാൻ മറന്നുപോയ സ്ത്രീ ' എന്ന ചിത്രത്തിൽ അവതരിപ്പിച്ചത് അവരുടെ ജീവിതത്തിലെ വലിയ സംതൃപ്തിയായിരുന്നു എന്ന് അന്ന് കേട്ടിരുന്നു.

കേവലം ഇരുപത്തിയൊന്നു വയസ്സുള്ളപ്പോൾ വിജയശ്രീ സ്വപ്നങ്ങളും അലങ്കാരങ്ങളും കണ്ണുനീരുമുപേക്ഷിച്ച് യാത്ര പറഞ്ഞു. അവരുടെ മൃതദേഹം തമിഴ്നാട്ടിലെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞ് കിടക്കുമ്പോഴോ പിന്നീട് മരണാനന്തര ചടങ്ങുകളിലോ മലയാള ചലച്ചിത്രമേഖലയിൽ നിന്ന് രാഘവനൊഴികെ സഹപ്രവർത്തകരായ ആരും തന്നെ ചെന്നിരുന്നില്ല എന്നത് വാർത്തകളിൽ കേട്ടു. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അവരുടെ നായകനായിരുന്ന പ്രേംനസീർ പോലും. അവർക്കൊക്കെ മുതലാളിമാരിൽ നിന്ന് അദൃശ്യമായ, അലിഖിതമായ വിലക്കുകൾ ഉണ്ടായിരുന്നുവത്രേ.

വിജയശ്രീയുടെ മൃതദേഹം തമിഴ്നാട്ടിലെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞ് കിടക്കുമ്പോഴോ പിന്നീട് മരണാനന്തര ചടങ്ങുകളിലോ മലയാള ചലച്ചിത്രമേഖലയിൽ നിന്ന് രാഘവനൊഴികെ സഹപ്രവർത്തകരായ ആരും തന്നെ ചെന്നിരുന്നില്ല എന്നത് വാർത്തകളിൽ കേട്ടു. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അവരുടെ നായകനായിരുന്ന പ്രേംനസീർ പോലും.

ഇന്നാണെങ്കിൽ ആ നടിക്ക് ഈ ഗതി വരില്ലായിരുന്നു എന്ന് ഒരു തോന്നലുണ്ടാകാറുണ്ട്. കുറെ കാലം കൂടി തങ്ങളുടെ അഭിമാനം സംരക്ഷിച്ച് തങ്ങളുടെ കലാജീവിതത്തിൽ സംതൃപ്തിയോടെ ജീവിച്ചിരിക്കാൻ ഒരുപക്ഷേ കഴിഞ്ഞേനെ. ഇന്ന് സിനിമക്കു പുറത്തെ സമൂഹം സിനിമക്കകത്തെ നീതികേടുകളെ നിരീക്ഷിക്കുന്നുണ്ട്, പ്രതികരിക്കുന്നുമുണ്ട്.

ആരും അവരെ കാണാൻ ചെന്നില്ലെങ്കിലെന്ത്, അവരുടെ ചിത്രങ്ങളും വാർത്തകളും നിറഞ്ഞ ചലച്ചിത്ര പ്രസിദ്ധീകരണങ്ങൾ ചുടു ചുടാന്ന് വിറ്റഴിഞ്ഞു. ഒരു പുഷ്പം ചോദിച്ചവർക്ക് അവർ ഒരു വസന്തം നൽകി. ആർക്കും ജീവിതം കൊണ്ടും മരണം കൊണ്ടും അവർ നഷ്ടമുണ്ടാക്കിയില്ല. എല്ലാവർക്കും ലാഭങ്ങൾ മാത്രം.

വിജയശ്രീയുടെ, ഓജസ്സും ചൈതന്യവും നിറഞ്ഞ രണ്ടു കണ്ണുകൾക്കായി, ആരാധ്യമായ ആ സത്തക്കു ചുറ്റും അലഞ്ഞുനടക്കുന്നതിൽ നിന്ന് എന്നെ തടയാൻ കാലത്തിനുമാകുന്നില്ല.
വിജയശ്രീയുടെ, ഓജസ്സും ചൈതന്യവും നിറഞ്ഞ രണ്ടു കണ്ണുകൾക്കായി, ആരാധ്യമായ ആ സത്തക്കു ചുറ്റും അലഞ്ഞുനടക്കുന്നതിൽ നിന്ന് എന്നെ തടയാൻ കാലത്തിനുമാകുന്നില്ല.

50 വർഷമായി വിജയശ്രീ മരിച്ചിട്ട്. വിജയശ്രീയുടെ അഴകുള്ള ഓർമ്മകളിൽ കണ്ണീരും നനവും പുരളുന്നു.

കുറുമൊഴി മുല്ലപ്പൂങ്കാറ്റിൽ
രണ്ടു കുവലയപ്പൂക്കൾ വിരിഞ്ഞു…
വിജയശ്രീയുടെ, ഓജസ്സും ചൈതന്യവും നിറഞ്ഞ രണ്ടു കണ്ണുകൾക്കായി, ആരാധ്യമായ ആ സത്തക്കു ചുറ്റും അലഞ്ഞുനടക്കുന്നതിൽ നിന്ന് എന്നെ തടയാൻ കാലത്തിനുമാകുന്നില്ല.


Summary: S.Saradakutty writes about songs in Malayalam movies starring actress Vijayasree, padam pattu series


എസ്​. ശാരദക്കുട്ടി

എഴുത്തുകാരി. സാഹിത്യ, സാംസ്​കാരിക, രാഷ്​ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു. പരുമല ദേവസ്വം ബോർഡ്​ കോളജിൽ മലയാളം അധ്യാപികയായിരുന്നു. പെൺവിനിമയങ്ങൾ, പെണ്ണ്​ കൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു, വിചാരം വിമർശം വിശ്വാസം, ഇവിടെ ഞാൻ എന്നെക്കാണുന്നു തുടങ്ങിയവ പ്രധാന കൃതികൾ.

Comments