പ്രകൃതിനിയമം എന്ന നോവല്‍ ആഴ്ചകള്‍ തോറും ഒരു ആനുകാലികത്തില്‍ തുടര്‍ച്ചയായി വന്നിരുന്ന കാലത്ത് വായിക്കാന്‍ ശ്രമിച്ചെങ്കിലും ചെറിയ പ്രായമായിരുന്നതിനാല്‍ ഒന്നും മനസ്സിലാകാതെ ഒഴിവാക്കുകയായിരുന്നു. അക്കാലത്ത് എനിക്ക് മനസ്സിലാകാത്ത തരം കാര്യങ്ങളായിരുന്നു ആ നോവലിലുടനീളമുള്ളതായി തോന്നിയിരുന്നത്. രോഗാവസ്ഥക്കാലത്തെ കുറിച്ച് എഴുതിയ നോവലാണ് എന്നൊക്കെ വായിച്ച് പുസ്തക രൂപത്തില്‍ ഇറങ്ങിയപ്പോള്‍ ചെന്ന് വാങ്ങിക്കുകയായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സി.ആര്‍.പരമേശ്വരന്‍ പങ്കെടുത്ത ഒരു പരിപാടി കാണാനും പറ്റിയിരുന്നു. പി. സുരേന്ദ്രന്‍, കെ. വേണു, സി.ആര്‍. നീലകണ്ഠന്‍, സെബാസ്റ്റന്‍ അങ്ങനെ പലരും ആ പരിപാടിയിലുണ്ടായിരുന്നു. അവരൊക്കെ വരുന്നതിനാല്‍ തന്നെ സദസ്സിലും ഇ. സന്തോഷ് കുമാര്‍, പി.എന്‍. ഗോപീകൃഷ്ണന്‍, ജെ.ആര്‍. പ്രസാദ്, ജി. ഉഷാകുമാരി, കെ.ആര്‍. ടോണി പോലുള്ള പലരും ഉണ്ടായിരുന്നു. അവരൊക്കെ വരാനിടയാക്കിയത് സി.ആര്‍. പരമേശ്വരനും മറ്റും വരുന്നത് കൊണ്ടു തന്നെയാകും. അവരൊക്കെയുള്ളതിനാല്‍ ഒരിടത്ത് നിന്ന് നോക്കുമ്പോള്‍ കവര് പൂത്തതുപോലെ ഉണ്ടായിരുന്നു. ആ ഒരു ഓര്‍മ്മയൊക്കെ മനസ്സിലുണ്ട്.
പ്രകൃതിനിയമം എന്ന പുസ്തകമെടുത്ത് പുസ്തകശാലയില്‍ കറങ്ങിനടക്കുമ്പോള്‍ ഉന്മാദം എന്ന പ്രണത ബുക്‌സിന്റെ പുസ്തകവും കിട്ടുകയുണ്ടായി. തലശ്ശേരി ആസാദ് ലൈബ്രറിയില്‍ അംഗത്വമുള്ളപ്പോള്‍ വായിച്ച പുസ്തകമാണ്. എങ്കിലും ആ പുസ്തകം സ്വന്തമായി വേണമായിരുന്നു. പ്രകൃതിനിയമത്തില്‍ പറയുന്ന രോഗവും മറ്റൊന്നല്ല തന്നെ. പ്രകൃതിനിയമം ഒരു ഭര്‍ത്താവും ഭാര്യയും പ്രധാന കഥാപാത്രങ്ങളായി വരുന്ന നോവലാണ്. അമ്പതുകളും അറുപതുകളും കഴിഞ്ഞുള്ള ദശാബ്ദങ്ങള്‍ നിറയെ ചിന്തിക്കുന്ന കഥാനായകന്റെ ചിന്തകളിലൂടെയും സ്വപ്നങ്ങളിലൂടെയുമൊക്കെ കടന്നുപോകുന്നു. നിറയെ പലതും ചിന്തിക്കുക എന്നത് ഉന്മാദത്തിന്റെ അവസ്ഥാവിശേഷമായി കണക്കാക്കപ്പെടുന്നത് സാമാന്യജനങ്ങള്‍ അത്തരത്തില്‍ ചിന്തിക്കാറില്ല എന്നതുകൊണ്ടു കൂടിയാണ്. ഉന്മാദം നേരുകളുടെ ലോകം കൂടിയാണ്. പക്ഷേ ആ നേരുകള്‍ സമൂഹത്തിന് ആവശ്യം വരാത്തവയായിരിക്കും എന്ന പ്രതിസന്ധികളാണ് ഉന്മാദികള്‍ നേരിടാറുള്ളത്.
രവിമേനോന്റെ സിനിമാഗാനങ്ങളെ പറ്റി എഴുതിയ പുസ്തകങ്ങളില്‍ ഏതെങ്കിലും കൂടെ കൊണ്ടുപോന്നാലോ എന്നുതോന്നി ചിലത് എടുത്തുനോക്കിയെങ്കിലും പിന്നീട് ഒരിക്കലാകട്ടെ എന്ന ചിന്തയോടെ റാക്കിലേക്ക് തന്നെ തിരിച്ചുവെച്ചു. എന്താണ് പുസ്തകത്തെ പറ്റിയുള്ള അറിയിപ്പുകളില്‍ പറഞ്ഞുകണ്ട രോഗം എന്നറിയാന്‍പ്രകൃതിനിയമം എന്ന പുസ്തകം ഓടിച്ചു നോക്കിയപ്പോള്‍ തന്നെ ഉന്മാദമാണത് എന്ന് മനസ്സിലായിരുന്നു. പ്രകൃതിനിയമത്തിന് കൂട്ട് ഉന്മാദം എന്ന രീതിയില്‍ ആ രണ്ട് പുസ്തകങ്ങളുമായി പുറത്തേക്ക് പോരുകയായിരുന്നു.
രവിമേനോന്റെ പാട്ടുപുസ്തകങ്ങള്‍ തിരിച്ചു വെച്ചപ്പോള്‍ തോന്നിയിരുന്നത്, സിനിമാപ്പാട്ടുകളെ പറ്റി വായിക്കുന്നത് പിന്നീടൊരിക്കലാകട്ടെ എന്ന ചിന്തയായിരുന്നെങ്കില്‍ പ്രകൃതിനിയമം വായിച്ചു കൊണ്ടിരിക്കെ ഒരു സിനിമാഗാനത്തിന്റെ വരികള്‍ സി.ആര്‍. പരമേശ്വരന്‍ ഒരിടത്ത് ചേര്‍ത്തിരിക്കുന്നു. അക്കൊച്ചുകള്ളന്റെ പുഞ്ചിരി കാണുമ്പോള്‍ ഇക്കിളിക്കൊള്ളുന്നതെന്തേ എന്ന വരിയായിരുന്നു അത്.
ആ പാട്ട് കേട്ടതിന്റെ ഓര്‍മ്മയില്‍ ആ വരി ഈണത്തോടെ പാടാന്‍ പറ്റുന്നുണ്ടായിരുന്നു. പക്ഷേ പല്ലവി ഓര്‍മ്മയില്‍ എത്തുന്നതേയില്ല. എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല. ആ വരി മാത്രം ഗൂഗിള്‍ ചെയ്തു നോക്കിയെങ്കിലും പാട്ട് ഏതാണെന്ന് കിട്ടുന്നുണ്ടായിയിരുന്നില്ല. പാട്ടുകള്‍ പലതും പാടിയും മൂളിയും നടക്കുന്നത് കാണാറുള്ള പരിചയക്കാരില്‍ പലരോടും ചോദിച്ചെങ്കിലും അവര്‍ക്കും ആ പാട്ടിന്റെ തുടക്കം കണ്ടെത്താന്‍ പറ്റുന്നുണ്ടായിരുന്നില്ല. പാട്ട് ഏതെന്ന് പറഞ്ഞു കൊടുക്കാന്‍ അക്കൊച്ചുകള്ളന്റെ എന്നതിലെ ‘അ’ എന്ന ശബ്ദം പൊടുന്നനെ വരുന്ന വിധത്തിലുള്ള ഈരടിയുടെ ട്യൂണ്‍ വരെ പാടി കേള്‍പ്പിച്ചു കൊടുത്തു. പക്ഷേ ആര്‍ക്കും പറ്റുന്നുണ്ടായിരുന്നില്ല. അതേതാണ് പാട്ട് എന്ന് അറിയാന്‍ ചെറുതല്ലാത്ത ആഗ്രഹം വായിച്ചപ്പോള്‍ തന്നെ തോന്നിയിരുന്നു. പ്രകൃതിനിയമത്തിന് പകരം രവി മേനോന്റെ ഏതെങ്കിലും പുസ്തകം വാങ്ങിയിരുന്നെങ്കില്‍ ഈ വക കാര്യങ്ങള്‍ യാതൊന്നും ഉണ്ടാകില്ലായിരുന്നല്ലോ എന്ന് പോലും ചിന്തിച്ചുപോയി. ആ ഗാനം ഏതെന്ന് വരികളില്‍ ദുരൂഹത വരുത്താതെ പല്ലവി തന്നെ പറഞ്ഞു വെച്ചിട്ടുണ്ടാകുമായിരുന്നു. കുട്ടിക്കാലത്ത് ആ പാട്ട് നോവലിലെ മുഖ്യകഥാപാത്രവും പാടി നടന്നിരുന്നു എന്ന രീതിയിലാണ് ആ വരികള്‍ ചേര്‍ത്തിരിക്കുന്നത്. സി.ആര്‍. പരമേശ്വരന്‍ ആ വരി വെറുതെ ചേര്‍ത്തതായിരിക്കില്ല എന്ന തോന്നിച്ചയും പാട്ടിന്റെ പല്ലവി തേടാന്‍ പ്രേരിപ്പിക്കുകയുണ്ടായി.
ആ പാട്ട് വീണ്ടും കേള്‍ക്കാന്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞപ്പോള്‍, കെ.പി.എ.സി സുലോചനയും കെ.എസ്. ജോര്‍ജ്ജും പാടിയ, ദേവരാജന്‍ ഈണമിട്ട് ഒ.എന്‍.വി.കുറുപ്പ് എഴുതിയ ഗാനത്തോടൊപ്പം സിതാര കൃഷ്ണകുമാര്‍ കാലത്തിനൊത്ത് മാറ്റം വരുത്തിയ ഗാനം വരെ ഓടിയെത്തി.
ആ പാട്ട് നാവറ്റത്തോളം വരുന്നുണ്ട്, പക്ഷേ ഏതായിരുന്നു ആ പാട്ട് എന്ന ആശയക്കുഴപ്പത്തോടെ നില്‍ക്കുമ്പോള്‍ കണ്ട ഒരു സുഹൃത്തിനോട് ആ പാട്ടിനെ പറ്റി തിരക്കി. തൃശ്ശൂര്‍ ആകാശവാണിയില്‍ ആ സുഹൃത്ത് വനിത അനൗണ്‍സറായി മുമ്പ് ജോലി ചെയ്തിട്ടുണ്ട്. പഴയ പാട്ടുകളെ പറ്റിയൊക്കെ ഏകദേശ ധാരണ കാണും എന്ന ചിന്തയുടെ പുറത്ത് പറഞ്ഞു നല്‍കിയ ആ വരി ശകലമൊന്ന് മൂളിയശേഷം പൊടുന്നനെ ആ മലര്‍പൊയ്കയില്‍ എന്ന പാട്ട് പറഞ്ഞു തന്നു. ഓര്‍മ്മയിലുണ്ടായിരുന്ന പാട്ട് തന്നെ. ആ പാട്ടിനെ പറ്റിയുള്ള അന്വേഷണത്തില്‍ പി. ലീല പാടിയ പാട്ടായിരിക്കും എന്നൊക്കെ ഊഹം പറഞ്ഞിട്ടും ആകാശവാണിയുമായുള്ള പഴയ ബന്ധം സുഹൃത്തിനെ ആശയക്കുഴപ്പത്തില്‍ എത്തിച്ചതേയില്ല. ആ പാട്ട് വീണ്ടും കേള്‍ക്കാന്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞപ്പോള്‍, കെ.പി.എ.സി സുലോചനയും കെ.എസ്. ജോര്‍ജ്ജും പാടിയ, ദേവരാജന്‍ ഈണമിട്ട് ഒ.എന്‍.വി.കുറുപ്പ് എഴുതിയ ഗാനത്തോടൊപ്പം സിതാര കൃഷ്ണകുമാര്‍ കാലത്തിനൊത്ത് മാറ്റം വരുത്തിയ ഗാനം വരെ ഓടിയെത്തി. മാറിലേക്കാരേ എറിഞ്ഞു എന്ന ഭാഗമൊക്കെ കേട്ടതോടെ ചെസ് കളിയിലെ പിന്നിംഗ് എന്ന തന്ത്രം പോലെയാണ് പ്രകൃതിനിയമം എന്ന നോവലില്‍ ആ പാട്ടുശകലം സി.ആര്‍. പരമേശ്വരന്‍ ചേര്‍ത്തിരിക്കുന്നത് എന്ന് മനസ്സിലായി.
ഉന്മാദം എന്ന പുസ്തകം താല്പര്യത്തോടെ വായിച്ചെങ്കിലും പ്രകൃതിനിയമം യാതൊന്നും മനസ്സിലാകുന്നില്ല എന്ന് സഹയാത്രിക പറഞ്ഞു. ഏതാണ്ടൊരു രത്‌നച്ചുരുക്കം പറഞ്ഞു കൊടുത്തെങ്കിലും അത്ര എളുപ്പം മനസ്സിലാകുന്ന പുസ്തകമല്ല എന്ന ചിന്തയോടെ മാറ്റിവെക്കുന്നത് കണ്ടു. നേരത്തിന് ഉറങ്ങാതെ പ്രകൃതിനിയമം വായിക്കുന്നത് കണ്ട് കണ്ണട അഴിച്ചെടുക്കാന്‍ നോക്കി കൊണ്ട് സഹയാത്രിക പറഞ്ഞു, നേരം പതിനൊന്നരയൊക്കെ ആയി.
കൈ കൊണ്ട് തടഞ്ഞുകൊണ്ട് എതിര്‍ത്തു, കണ്ണട അഴിക്കരുത്.
നേരത്തിന് ഉറങ്ങാതെ വായിക്കുന്നു, അതും പ്രകൃതിനിയമം.
കണ്ണട ബലമായി അഴിച്ചെടുത്ത് പുസ്തകം പിടിച്ചു വാങ്ങി സഹയാത്രിക മാറ്റിവെച്ചുകളഞ്ഞു. അതും പ്രകൃതിനിയമം എന്നു പറഞ്ഞതും ആ ടോണും തീര്‍ച്ചയായും രസകരമായി തോന്നി.
പ്രകൃതിനിയമം എന്ന പുസ്തകത്തിന് അത്തരത്തില്‍വായിക്കാത്ത തരത്തിലുള്ള വായനയുമുണ്ട്. ആനുകാലികത്തില്‍ പ്രസിദ്ധീകരിച്ചു വരുന്ന കാലത്ത് മനസ്സില്‍ തോന്നിയിരുന്ന തരം വായന. വായിച്ചാല്‍ മനസ്സിലാകില്ല എന്ന തോന്നല്‍ ഉണ്ടാക്കുന്ന തരം പ്രതീതി. അതിനാലാകാം കുറെ വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം ആ പുസ്തകം വീണ്ടും ഇറങ്ങുന്നത്. എന്തൊക്കെ ആയാലും അതൊരു മികച്ച പുസ്തകമാണ്. മനസ്സിരുത്തി വായിക്കാവുന്ന പുസ്തകം തന്നെയാണ് പ്രകൃതി നിയമം. ആ മലര്‍ പൊയ്കയില്‍ എന്നൊക്കെ നേരെ ചൊവ്വേ പഴയൊരു പാട്ട് പറഞ്ഞു തരുന്നതിന് പകരം അക്കൊച്ചുകള്ളന്റെ എന്ന് തുടങ്ങുന്ന ഇടയിലുള്ള വരിയൊക്കെ പറഞ്ഞുവെക്കുന്നു എന്നു മാത്രം.
ആ പാട്ടിന്റെ പിന്നാലെയുള്ള തിരച്ചിലിനുശേഷം കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ മറ്റൊരു പാട്ടും തെല്ലൊരു തിരയലിന് കാരണമായി. തലശ്ശേരി റെയിവേസ്റ്റേഷനിലെ ഹിഗിന്‍ ബോതംസ് ന്യൂസ് സ്റ്റാളില്‍ തുളു ഭാഷാസഹായി ചിലപ്പോഴൊക്കെ ഉണ്ടാകുമായിരുന്നു. തലശ്ശേരി റെയില്‍വേ സ്റ്റേഷനിലെത്തുമ്പോള്‍ എന്നും പോകാറുള്ള ഇടമായിരുന്നു ആ ന്യൂസ് സ്റ്റാൻറ്. അത്തരമൊരു ഭാഷാ സഹായി ഒരിക്കല്‍ വാങ്ങുന്നുണ്ട്. തമിഴ്, കന്നഡ, ബംഗാളി പോലുള്ള പല ഭാഷാസഹായികളും വിവിധ ഹിഗിന്‍ ബോത്തംസ് ന്യൂസ് സ്റ്റാളുകളില്‍ നിന്നും വാങ്ങിയിട്ടുണ്ട്. അവയൊക്കെ പക്ഷേ ബിബ്ലിയോഗ്രാഫിയുടെ പുറത്ത് വാങ്ങിയതിനാല്‍ ആ ഭാഷകള്‍ എഴുതാനും വായിക്കാനുമൊക്കെ അറിയാമെന്ന് പറയാന്‍ പറ്റില്ല. മറ്റ് ചില ഭാഷകളിലെ പാട്ടുകളും സിനിമകളുമൊക്കെ ഇന്റര്‍നെറ്റില്‍ നിന്നും കണ്ടെത്തി ഇടയ്ക്ക് കാണാറുണ്ടെങ്കിലും തുളു ഭാഷയിലെ പാട്ടുകളോ സിനിമകളോ ഇതുവരെ തേടിയിട്ടില്ല. ദൈവക്കോലവും മറ്റും വരുന്ന കാന്താര എന്ന സിനിമ ഒരു കന്നഡ സിനിമയാണല്ലോ എന്ന ചിന്തയില്‍ കഴിയുകയായിരുന്നു. അതിനാല്‍ തന്നെ ഉത്തര കേരളത്തിലെ ചിലയിടങ്ങളിലും ഉഡുപ്പി ഭാഗത്തുമൊക്കെ വരുന്ന തുളു ഭാഷയിലെ നടീനടന്‍മാരെയോ ഗായകരെയോ ഒന്നും തന്നെ ശ്രദ്ധിച്ചിരുന്നില്ല.
ഡിസ്‌കവര്‍ അഗ്രികള്‍ച്ചര്‍ എന്ന വെബ്‌സൈറ്റിന്റെ യുട്യൂബ് ചാനലില്‍ നിന്ന് പുറത്തേക്ക് എത്തിയ വീഡിയോ, പിന്നണിയില്‍ തുളു ഗാനമൊക്കെ ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചാരം നേടിയതാണെന്ന് കാണുകയുണ്ടായി.
ഒരു വീഡിയോക്കൊപ്പം ചേര്‍ത്ത രീതിയില്‍ തുളുനാടിനെ പറ്റി വിവരിക്കുന്ന വളരെ ആകര്‍ഷകമായ ഒരു തുളു പാട്ട് സമൂഹമാധ്യമങ്ങളില്‍ നിന്ന് കേള്‍ക്കാനിടയായി. ഒരു സുഹൃത്ത് ഒരു സമൂഹമാദ്ധ്യമ കൂട്ടായ്മയിലേക്ക് പങ്കുവെച്ച വീഡിയോയുടെ കൂടെയായിരുന്നു ആ പാട്ട് ഉണ്ടായിരുന്നത്. ഇന്‍സ്റ്റഗ്രാമിലൊക്കെ വീഡിയോ ചേര്‍ക്കുമ്പോള്‍ കൂടെ ഏതെങ്കിലുമൊക്കെ പാട്ടുകള്‍ ചേര്‍ക്കുന്ന തരത്തില്‍ ചേര്‍ത്തതായിരുന്നു അത്. പല കൈകള്‍ മറിഞ്ഞ് എത്തിയ വീഡിയോ ആയിരുന്നു അത്. നെല്ല് കേടുവരാതെ വൈക്കോലൊക്കെ ഉപയോഗിച്ച് സൂക്ഷിക്കുന്ന പ്രത്യേക തരം രീതി കണ്ട് കൗതുകം തോന്നി സുഹൃത്ത് സൗഹൃദകൂട്ടായ്മയിലേക്ക് ആ വീഡിയോ പങ്കുവെക്കുകയായിരുന്നു. നെല്ല് സൂക്ഷിക്കുന്ന വ്യത്യസ്തമായ രീതി എല്ലാവരും കണ്ടുകൊള്ളട്ടെ എന്ന ചിന്തയോടെ പങ്കുവെച്ച വീഡിയോയുടെ കൂടെയുള്ള പാട്ട് പക്ഷേ അതുവരെ കേള്‍ക്കാത്ത ഒന്നായിരുന്നു. എന്താണ് വരികള്‍ എന്നൊന്നും ആദ്യം മനസ്സിലാകുന്നുണ്ടായിരുന്നില്ല. തുളു എന്ന് തുടക്കത്തില്‍ കേള്‍ക്കുന്നതിനാല്‍ കന്നഡയല്ല എന്ന അറിവോടെ തന്നെ വരികള്‍ക്കായി കന്നഡ അറിയുന്ന അടുത്ത ബന്ധുവിന്റെ സഹായം തേടി. കന്നഡയല്ല, തുളുവാണ് എന്ന മറുപടിയോടെ വരികള്‍ പെട്ടെന്ന് പറഞ്ഞുതന്നു.
പൂക്കോത്തെ കനാല്‍ റോഡിലൂടെ എണ്‍പതുകളിലൊക്കെ പുല്ലുലോറി ഏറെ നേരം നീണ്ടു നില്‍ക്കുന്ന ഹോണടികളോടെ പോകുന്ന കാഴ്ചകളുടെ ഓര്‍മ്മയും ആ വീഡിയോ തീര്‍ക്കുകയുണ്ടായി. ശരീരം മുഴുവന്‍ വിതറിക്കിടക്കുന്ന രീതിയിലുള്ള രോമങ്ങളാല്‍ പൊതിഞ്ഞ് കണ്ണുകളും മൂക്കും മാത്രം കാണുന്ന കോമണ്ടോര്‍ നായകളെ പോലെയായിരുന്നു കാഴ്ചയില്‍ ആ പുല്ലുലോറികള്‍. വളരെ ഉയരത്തിലും വശങ്ങളിലേക്കുമൊക്കെ വൈക്കോല്‍ നിറഞ്ഞു നില്‍പ്പുണ്ടാകും. ലോറിയുടെ നെറ്റിയിലേക്ക് പോലും വൈക്കോല്‍ താഴ്ന്ന് കിടപ്പുണ്ടാകും. റോഡിലൂടെയുമൊക്കെ അത്തരം പുല്ലുലോറികള്‍ മുമ്പൊക്കെ ഏത് സമയത്തും വൈക്കോലിന്റെ ഹൃദ്യമായ മണത്തോടെ പോകുമായിരുന്നു. മറികടന്നു പോകുന്ന ബസിലേക്ക് ആ വൈക്കോല്‍ മണം വരുന്ന ഓര്‍മ്മയുണ്ട്. ഗതാഗത തടസ്സങ്ങള്‍ സൃഷ്ടിക്കാറുള്ളതിനാല്‍ റോഡില്‍ തിരക്കേറുന്ന സമയത്ത് പുല്ലുലോറികള്‍ വരാന്‍ പാടില്ല എന്ന നിയന്ത്രണങ്ങള്‍ പിന്നീട് വരികയുണ്ടായി. ചെറിയ വാഹനങ്ങളിലൊക്കെ വാങ്ങിക്കൊണ്ടു വരാം എന്ന അവസ്ഥയും കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ പശുക്കളെ വളര്‍ത്തുന്നത് കുറഞ്ഞതുമൊക്കെ പുല്ലുലോറികളുടെ ഹോണടികള്‍ കേള്‍ക്കുന്നത് ഇല്ലാതാക്കുകയായിരുന്നു.
പട്ടാളസേവനത്തിനുശേഷം മറ്റൊരു ഉറച്ച ജോലിയില്‍ കയറുന്നതിനിടയില്‍ പല ജോലികള്‍ ചെയ്യുന്ന കൂട്ടത്തില്‍, പൂക്കോത്തെ കനാല്‍ റോഡിലൂടെയൊക്കെ പുല്ലുലോറി ഡ്രൈവറുടെ സഹായിയായി വന്നിട്ടുണ്ടായിരുന്നു എന്ന കാര്യം കൂത്തുപറമ്പിലുള്ള ഒരു മുതിര്‍ന്ന സുഹൃത്ത് പറഞ്ഞിട്ടുണ്ട്. കൂര്‍ഗ് ഭാഗത്തുനിന്ന് വൈക്കോലുമായി വരുന്ന പുല്ലുലോറി ആയിരുന്നത്രെ അത്. അദ്ദേഹം അത്യന്തം രസകരമായ അനുഭവകഥകള്‍ പറയുന്ന കൂട്ടത്തിലായിരുന്നു. ജീവിതത്തില്‍ അത്രമേല്‍ വേറിട്ട അനുഭവങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു താനും. ലോറിയുമായി കൂത്തുപറമ്പില്‍ നിന്ന് കൂര്‍ഗിലേക്ക് പോയിരുന്നതും വലിയ വൈക്കോല്‍ കൂമ്പാരത്തില്‍ നിന്ന് വൈക്കോല്‍ ലോറിയിലേക്ക് കറ്റകളായി കയറ്റുന്നതുമൊക്കെ പറഞ്ഞു തന്നപ്പോള്‍ പുല്ലുലോറി കാണാന്‍ ചെറുഇടവഴികള്‍ താണ്ടി പൂക്കോത്തെ കനാല്‍ക്കരയിലേക്ക് ഓടി ചെല്ലാറുണ്ടായിരുന്ന ഓര്‍മ്മ വന്നു തൊടുകയുണ്ടായി. ലോറിയിലെ വൈക്കോല്‍ കൂമ്പാരത്തിന് മുകളില്‍ കയറി അദ്ദേഹം വൈക്കോല്‍ കറ്റകള്‍ ആവശ്യക്കാര്‍ക്ക് മുന്നിലേക്ക് താഴേക്കിടുന്നത് സങ്കല്പിച്ചു. വീട്ടില്‍ കന്നുകാലികള്‍ ഒരിക്കലും ഉണ്ടായിരുന്നില്ല. എങ്കിലും തൊട്ടടുത്ത പല വീട്ടുകാര്‍ക്കും പശുക്കളും തൊഴുത്തും അക്കാലത്ത് ഉണ്ടായിരുന്നു. പുല്ലുലോറിയുടെ ഹോണ്‍ കേള്‍ക്കുമ്പോഴേക്കും ആ വീടുകളില്‍ നിന്ന് കനാല്‍ ഭാഗത്തേക്ക് അയല്‍ക്കാര്‍ ഓടിച്ചെല്ലും. കൂട്ടത്തില്‍ ചില ദിവസങ്ങളില്‍ കനാല്‍ക്കരയിലേക്ക് ഇടവഴികള്‍ താണ്ടി ഓടിച്ചെല്ലാറുണ്ട്.
ഡിസ്‌കവര്‍ അഗ്രികള്‍ച്ചര്‍ എന്ന വെബ്‌സൈറ്റിന്റെ യുട്യൂബ് ചാനലില്‍ നിന്ന് പുറത്തേക്ക് എത്തിയ വീഡിയോ, പിന്നണിയില്‍ തുളു ഗാനമൊക്കെ ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചാരം നേടിയതാണെന്ന് കാണുകയുണ്ടായി. കൊയ്‌തെടുത്ത നെല്ല് സംരക്ഷിക്കുന്ന രീതിയെ പറ്റി ഇംഗ്ലീഷില്‍ വിവരണങ്ങള്‍ പറയുന്ന രീതിയില്‍ ഡിസ്‌കവര്‍ അഗ്രി കള്‍ച്ചര്‍ എന്ന യുട്യൂബ് ചാനലിലുണ്ടായിരുന്ന ആ വീഡിയോ കൗതുകകരമായ കാഴ്ചയാകയാല്‍ പിന്നണിയില്‍ ആ നാടിനെ പറ്റിയുള്ള ഗാനമൊക്കെ ചേര്‍ത്ത് ഒരു പക്ഷേ മാറ്റിപ്പണിതതായിരിക്കാം. മാറ്റിപ്പണിത ആ വീഡിയോയുടെ കൂടെ തുളുവപ്പെ മാട്ടെല്‍ എന്ന ഒരു തുളു ആല്‍ബം പാട്ടിന്റെ ഭാഗമായിരുന്നു ഉണ്ടായിരുന്നത്. സന്ദേശ് ബാബന്ന സംഗീത സംവിധാനം ചെയ്ത് ദേവി കിരണ്‍ ഗണേശ് പുര, വിശ്വാസ് ഗുരുപുര, യശ്വന്ത് ഉഡുപ്പി, മല്ലിക മട്ടി, വിജയശ്രീ മുലിയ എന്നിവര്‍ പാടിയ ഗാനമായിരുന്നു അത്.
തുളുവര്‍ എന്‍കുലു എന്ന് തുടങ്ങുന്ന തുളുവപ്പെ മാട്ടല്‍ എന്ന തുളു ആല്‍ബം ഗാനത്തില്‍ ഒരിടത്ത് കുട്ടികള്‍ ഡപ്പ കളിക്കുന്ന ഭാഗമുണ്ട്. ചെറിയ ഓട്ടിന്‍ കഷ്ണങ്ങളും മറ്റും ഒന്നിന് മുകളില്‍ മറ്റൊന്നായി വെച്ച് പന്ത് കൊണ്ട് എറിഞ്ഞുവീഴ്ത്തി എതിര്‍ഭാഗത്തിന്റെ പന്തേറ് കൊള്ളാതെ ശ്രദ്ധിച്ച് തിരിച്ചു വെക്കുന്ന കളിയായിരുന്നു അത്
ആ ആല്‍ബം ഗാനം മനോഹരമായ ദൃശ്യങ്ങള്‍ അടങ്ങിയതായിരുന്നു. തുളുനാട്ടിലെ പ്രാദേശിക കലകളും പ്രകൃതിദൃശ്യങ്ങളും മറ്റും വരുന്നത് പോലെ തന്നെ വയലില്‍ ഞാറ് നടുന്ന ദൃശ്യങ്ങളും കൂട്ടത്തിലുണ്ടായിരുന്നു. പൊയിലൂരിലെ അമ്മവീടിന്റെ മുമ്പിലെ വയലുകളില്‍ കൃഷിക്കാര്‍ കാളകളെ കൊണ്ട് നിലമുഴുതുന്നതും ഞാറ് നടുന്നതും കൂടെ പാടുന്ന നാട്ടിപ്പാട്ടിന്റെ ഓര്‍മ്മകളുമൊക്കെ ആ മ്യൂസിക് ആല്‍ബം കണ്ടപ്പോള്‍ ഉണ്ടായി. അമ്മയുടെ അമ്മയെ കുറ്റ്യാടിയിലെ ഒരു വയല്‍ക്കര വീട്ടില്‍ നിന്നും പൊയിലൂരിലെ ഒരു വയല്‍ക്കര വീട്ടിലേക്കായിരുന്നു കല്യാണം കഴിച്ച് കൊണ്ടുവന്നതുതന്നെ. പുഴയില്‍ നിന്നും തോടുകളില്‍ നിന്നുമൊക്കെ വയലുകളിലേക്ക് വെള്ളമൊഴുകുന്ന നീര്‍ച്ചാലുകള്‍ പരിസരത്തുള്ള വീടുകള്‍. ഓല മെടയുന്ന ദൃശ്യങ്ങളും ആ ആല്‍ബം ഗാനത്തിലുണ്ടായിരുന്നു. മുറ്റത്തിരുന്ന് ഓല മെടയുന്ന പഴയ ദൃശ്യങ്ങളുടെ ഓര്‍മ്മകളും കൂട്ടത്തിലുണ്ടായി. കുന്നംകുളത്ത് ഒന്നുരണ്ട് ചെറിയ ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ ഓല മേഞ്ഞ് തീര്‍ത്തതായി ഇക്കാലവും കണ്ടു. കൗതുകത്തിന്റെ പുറത്ത് അവയുടെ മേല്‍ക്കൂരയുടെ ഫോട്ടോകള്‍ വെറുതെ മൊബൈല്‍ ഫോണ്‍ ക്യാമറ കൊണ്ട് എടുത്തു വെച്ചു.
തുളുവര്‍ എന്‍കുലു എന്ന് തുടങ്ങുന്ന തുളുവപ്പെ മാട്ടല്‍ എന്ന തുളു ആല്‍ബം ഗാനത്തില്‍ ഒരിടത്ത് കുട്ടികള്‍ ഡപ്പ കളിക്കുന്ന ഭാഗമുണ്ട്. ചെറിയ ഓട്ടിന്‍ കഷ്ണങ്ങളും മറ്റും ഒന്നിന് മുകളില്‍ മറ്റൊന്നായി വെച്ച് പന്ത് കൊണ്ട് എറിഞ്ഞുവീഴ്ത്തി എതിര്‍ഭാഗത്തിന്റെ പന്തേറ് കൊള്ളാതെ ശ്രദ്ധിച്ച് തിരിച്ചു വെക്കുന്ന കളിയായിരുന്നു അത്. കുട്ടിക്കാലത്ത് സ്‌ക്കൂളിലൊക്കെ വെച്ച് കളിച്ച കളി. ലോവര്‍ പ്രൈമറി സ്‌ക്കൂളിലെ ഒന്നിച്ചു പഠിച്ച കൂട്ടുകാരില്‍ പലരെയും ഓര്‍മ്മ വരികയുണ്ടായി. പന്തിനായുള്ള ഓട്ടവും പന്ത് കൊണ്ട് സഹകളിക്കാരെ എറിയുന്നതും ഡപ്പ വെക്കുന്ന ഭാഗത്താകുമ്പോള്‍ പന്തേറ് കൊള്ളാതിരിക്കാനുള്ള ബദ്ധപ്പാടുകളും ഓട്ടിന്‍ കഷ്ണങ്ങള്‍ ഓടിയെത്തി അടുക്കി പെറുക്കി വെക്കാന്‍ ശ്രമിക്കുന്നതുമൊക്കെ അന്നത്തെ കൂട്ടുകാരും ഇടക്കൊക്കെ ഓര്‍ക്കുന്നുണ്ടാകും. പൊയിലൂര്‍ ഭാഗത്തൊക്കെ ഉണ്ടായിരുന്ന തലമ എന്ന നിലത്ത് കുത്തി നിര്‍ത്തിയ ചെറുകമ്പ് പന്ത് കൊണ്ട് എറിഞ്ഞു വീഴ്ത്തിയുള്ള കളിയും കൂട്ടത്തില്‍ ഓര്‍മ്മ വന്നു. ചുള്ളിയും കോലും പോലെ പല രീതികള്‍ അടങ്ങുന്ന ഘട്ടങ്ങള്‍ ഉണ്ടായിരുന്ന ആ കളി ചെറുപ്പക്കാരായ മറ്റുള്ളവര്‍ കളിക്കുന്നത് കണ്ടതല്ലാതെ ഒരിക്കലും കളിച്ചിട്ടുണ്ടായിരുന്നില്ല. അപ്പോഴേക്കും 1983-ല്‍ കപില്‍ദേവും സംഘവും ക്രിക്കറ്റ് ലോകകപ്പ് നേടിക്കഴിഞ്ഞിരുന്നു. ചിലരുടെ ഓര്‍മ്മകള്‍ മാത്രമാകും വിധം ഡപ്പയെയും തലമയെയുമൊക്കെ ഉള്‍നാടുകളില്‍ പോലും ക്രിക്കറ്റ് ഇല്ലാതാക്കിയിരുന്നു. ആ പാട്ടിന്റെ ദൃശ്യങ്ങള്‍ക്കിടയില്‍ ആ കളി കണ്ടപ്പോള്‍ അത്ഭുതം തോന്നി.
അക്കൊച്ചുകള്ളന്റെ എന്ന് തുടങ്ങുന്ന വരിയുള്ള പാട്ടിന്റെ തുടക്കം അന്വേഷിച്ച് സമീപിച്ചവര്‍ക്ക് ഒക്കെയും ആ പാട്ട് കിട്ടിയോ എന്ന് പിന്നീട് അവരില്‍പലരും അന്വേഷിച്ചതിനാല്‍ ആ ഗാനത്തിന്റെ ലിങ്ക് അയച്ചു കൊടുത്തു. പാട്ടുവരികള്‍ എപ്പോഴും അങ്ങനെയാണ്. ഏതാണെന്ന് അറിഞ്ഞാല്‍ മാത്രമേ മനസ്സ് അടങ്ങുകയുള്ളൂ. പിന്നീട് കണ്ടപ്പോള്‍അവരില്‍ ചിലര്‍ ആ മലര്‍പൊയ്കയില്‍ എന്ന് തുടങ്ങുന്ന ഗാനം എന്തൊരു നല്ല പാട്ട്, അല്ലേ എന്ന് തിരക്കി. അതെ എന്ന് തലയാട്ടുമ്പോഴും സി.ആര്‍. പരമേശ്വരന്‍ പ്രകൃതിനിയമം എന്ന നോവലില്‍ ആ ഗാനത്തില്‍ നിന്ന് എടുത്ത ശകലം ചെസ്സിലെ പിന്നിംഗ് തന്ത്രം പോലെ ഉപയോഗിച്ച കാര്യം മനസ്സില്‍ തെളിയുന്നുണ്ടായിരുന്നു. തേരിനെയോ ആനയെയോ കുതിരയെയോ മന്ത്രിയെ തന്നെയോ രാജാവിന് മുന്നില്‍ കുരുക്കിയത് പോലുള്ള സമര്‍ത്ഥമായൊരു പിന്നിംഗ് ആയിരുന്നു അത്. മലയാള സിനിമാഗാനങ്ങളിലെ ജനകീയ സാദ്ധ്യതകള്‍ തേടിത്തുടങ്ങുന്ന കാലത്തെ പാട്ട്. അതേപോലെ തുളുനാട്ടിലെ ഡപ്പയൊക്കെ ചുരമിറങ്ങി വന്നതിനാല്‍ കളിച്ചിട്ടുണ്ടെങ്കിലും തുളു ഭാഷയില്‍ ഒരു പാട്ട് കേള്‍ക്കുന്നത് ആദ്യമായിരുന്നു. അതാകട്ടെ തുളുനാടിന്റെ സ്പന്ദനങ്ങള്‍ തേടുന്ന ഒരു പാട്ട്. പരശുരാമന്‍ തീര്‍ത്ത സ്ഥലമാണ് എന്നൊക്കെ ആ പാട്ടില്‍ ഒരിടത്ത് വരുന്നുമുണ്ട്. ആ ഗാനവും ആ മലര്‍പൊയ്കയില്‍ എന്ന പാട്ട് തിരഞ്ഞ അതേ കൗതുകത്തോടെ തിരയുകയുണ്ടായി.
കേള്‍ക്കാത്ത എത്രയോ ഗാനങ്ങള്‍ ഉണ്ടെന്ന് ആ തുളു ഗാനം ഓര്‍മ്മിപ്പിച്ചു. കേട്ടിട്ടുണ്ടെങ്കിലും എന്തായിരുന്നു ആ പാട്ടിന്റെ തുടക്കം എന്ന് ഓര്‍ത്തെടുക്കാന്‍ പറ്റാത്ത തരം ഗാനങ്ങള്‍ വേറെയും എത്രയോ ഉണ്ടെന്നും തിരിച്ചറിയുന്നു. സത്യത്തില്‍ ചില ഗാനങ്ങള്‍ എന്തെന്ത് അത്ഭുതങ്ങളാണ് തീര്‍ക്കുന്നത്. എന്തെന്ത് അത്ഭുതങ്ങള്‍. അവയ്‌ക്കൊപ്പം മനസ്സ് കൊണ്ട് നീന്താന്‍ പറ്റുക എന്നത് തന്നെ രസകരമായ കളികള്‍ പോലുള്ള കാര്യങ്ങളാണ്.